പൂമുഖം LITERATUREകഥ വിഭൂതി

വിഭൂതി

കാനഡയിലെ നയാഗ്ര സ്റ്റേറ്റ് മഞ്ഞുകാലം കൊണ്ടാടുകയാണ്. കാലാവസ്ഥക്കനുസരിച്ചുള്ള ഔദ്യോഗിക സമയമാറ്റം ഗവണ്മെന്റ് പ്രഖ്യാാപിച്ചത് ഇന്നലെ. സമയത്തിൽ വീണുകിട്ടിയ ലാഭം ഇന്നുമാത്രം ഉറക്കത്തിനായി വിനിയോഗിക്കാമല്ലോ. രാമു കാനഡക്കാരി ഭാര്യയോടും കുഞ്ഞിനോടും ഒപ്പം കമ്പിളിക്കുള്ളിലെ നീണ്ട സുഖനിദ്ര അവിഘ്നം തുടർന്നു.

അപ്പോഴാണ് കിളിക്കൊഞ്ചൽ പോലെ മധുരതരായ ഒരു വാട്ട്സാപ്പ് സന്ദേശത്തിന്റെ ശബ്ദം. രാമുവിനോടൊപ്പം ജേണലിസ്റ്റായി ഒരു രാജ്യാന്തര മഗസീനിൽ ജോലി ചെയ്യുന്ന സാറയുമായി വർഷങ്ങൾനീണ്ട പ്രണയത്തിനൊടുവിൽ വിവാഹം നടന്നത് അഞ്ചുവർഷം മുൻപ്. ഇപ്പോൾ ഇവർ മൂന്ന് വയസ്സ് പ്രായമുള്ള ഒരു പെണ്കുട്ടിയുടെ മാതാപിതാക്കൾ. കല്യാണത്തിനു ശേഷം ഇരുവരും ഇന്ത്യയിലേക്ക് യാത്ര ചെയ്തിട്ടില്ലെങ്കിലും, സാറ കാനഡയിൽ നിന്നുള്ള ഒരു പഠനസംഘത്തോടൊപ്പം വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ വന്നിട്ടുണ്ട്. കാശ്മീരും, ഡൽഹിയും, രാജസ്ഥാനും,​ തമിഴ്‌നാടും സന്ദർശിച്ചു മടങ്ങുമ്പോൾ ഇന്ത്യയെക്കുറിച്ചുള്ള ആകാംക്ഷ അവളിൽ തുലോം വർദ്ധിച്ചിരുന്നു. ബ്ലാക്ക്‌ മാജിക്കുകാരുടെയും, പാമ്പാട്ടികളുടെയും, ആൾ ദൈവങ്ങളുടെയും, തട്ട് ചായ്ക്കടകളുടെയും രാഷ്ട്രീയകോമരങ്ങളുടെയും അത്ഭുത നാടായിരുന്നു അവൾക്ക് എന്നും ഇന്ത്യ. ഇന്ത്യക്കാരനെ പ്രണയിക്കുമ്പോഴും, ആ പ്രണയം വിവാഹത്തിന്റെ നിർവചനത്തിലേക്കു നിയമംവഴി തുഴഞ്ഞ് എത്തുമ്പോഴും സാറയ്ക്ക് രാമു അനിർവ്വചനീയമായ ഒരു അത്ഭുത രാജ്യത്ത് തനിക്കുമാത്രമായി ജനിച്ചുവളർന്ന ഒരു വിശിഷ്ട പുരുഷൻ ആണെന്ന ആവേശമായിരുന്നു. ഡേറ്റിങിന്റെ പല ദിവസങ്ങളിലും, കല്യാണശേഷമുള്ള പ്രണയ രാവുകളിലും അവൾ വാതോരാതെ പറഞ്ഞിരുന്നത് അവളുടെ മനസ്സിലെ അത്ഭുത രാജ്യമായ ഇന്ത്യയെ കുറിച്ചാണ്. എന്നെങ്കിലും ഇരുവർക്കും കൂടി ഇന്ത്യയെപ്പറ്റിയുള്ള അതിശയരഹസ്യങ്ങൾ അനാവരണം ചെയ്യുന്ന, ക്ലാസിക് ഫീച്ചർ ചെയ്യണം എന്നായിരുന്നു അവൾ ഉരുവിട്ടുകൊണ്ടിരുന്ന ചിരകാല സ്വപ്നം.

ഉറക്കച്ചടവോടെ രാമു വാട്ട്സാപ്പ് സന്ദേശം വായിച്ചു. അതിങ്ങനെയായിരുന്നു.

“തേജോമയി ദേവി സമാധിയായി, അതായത് നമ്മുടെ പത്മിനിച്ചേച്ചി മരിച്ചു”

തേജോമയിദേവി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന രാമുവിന്റെ അയൽവാസിയും, ഇപ്പോൾ ആൾ ദൈവവുമായ പത്മിനിച്ചേച്ചിയുടെ മരണം അറിയിച്ചുകൊണ്ട് നാട്ടിലെ ഒരു പഴയ സഹപാഠി അയച്ചതായിരുന്നു ആ സന്ദേശം. മരണം വാർദ്ധക്യ സഹജം. തേജോമയി ദേവിയുടെ സമാധിയിൽ പലയിടത്തും ദുഃഖാചരണം നടക്കുകയാണ്.

രാമു ഗതകാല സ്മരണകളിൽ മുഴുകി. തന്റെ അയൽപക്കമായിരുന്നു പത്മിനിച്ചേച്ചിയും അവരുടെ അച്ഛനും അമ്മയും ചേർന്ന കുടുംബം. ബിസിനസ്സിൽ എട്ടുനിലയിൽ തകർന്ന്, വലിയ കടക്കെണികളിൽ പെട്ട് അച്ഛനും അമ്മയും ജീവിക്കുമ്പോഴായിരുന്നു വിവാഹ ജീവിതത്തിന്റെ ആരംഭ ദശയിൽ തന്നെ ഭർത്താവ് മരിച്ച് പത്മിനിച്ചേച്ചി വീട്ടിലേക്ക് മടങ്ങിയെത്തിയത്. വൈധവ്യ ദു:ഖം മറക്കാൻ പത്മിനിച്ചേച്ചിക്കും, കടക്കെണിയിൽ നിന്നും കരകയറാൻ അച്ഛനുമമ്മക്കും, വിശ്വാസങ്ങളെ മുറുകെ പിടിക്കേണ്ടി വന്നു.അങ്ങിനെ വീട്ടിലെ പ്രാർത്ഥനാ മുറിയിലെ ദൈവങ്ങളോടൊപ്പം ആ കാലത്ത് രാജ്യമാകെ നിറഞ്ഞു നിന്ന, ഉദ്ദിഷ്ടകാര്യം നടത്തിത്തരും എന്ന് പ്രചരിപ്പിക്കപ്പെട്ട ഒരു ബാബയുടെ ചിത്രവും കയറിക്കൂടി. എല്ലാ സായന്തനങ്ങളിലും ബാബയെ പ്രകീർത്തിക്കുന്ന ഭജനകൾ പത്മിനിച്ചേച്ചിയുടെ നേതൃത്വത്തിൽ പാടുമായിരുന്നു.

​ താനും, സഹോദരങ്ങളും അയൽ വീട്ടിലെ പുതുക്കിയ പ്രാർത്ഥനാമുറി കാണാനായി മറ്റ് അയൽവാസികളെപ്പോലെ എത്തി. കുട്ടികൾ ഭസ്മവും, കളഭവും വാങ്ങി നെറ്റിയിൽ തൊടുന്ന തിരക്കിനിടയിൽ തന്റെ കയ്യിൽ കുറച്ചധികം ഭസ്മവും, കളഭവും ബാക്കിയായി. താനത് ശക്തിയായി കുടഞ്ഞുകളായാൻ നോക്കിയപ്പോൾ എങ്ങിനെയോ, കൈപൊക്കി അനുഗ്രഹിച്ച് ചിരിക്കുന്ന ബാബയുടെ ഫോട്ടോയിൽ, നെറ്റിയുടെ മദ്ധ്യത്തിൽത്തന്നെ പോയി ഒട്ടിയിരുന്നു. തനിക്കുപറ്റിയ കൈയബദ്ധം ആരും അറിഞ്ഞിരുന്നില്ല. ബാബക്ക് സൗന്ദര്യം കൂട്ടിയ ഭസ്മക്കുറി തുടച്ചുമാറ്റാൻ താനും തുനിഞ്ഞില്ല.

പിറ്റേന്ന് രാവിലെ പത്മിനിച്ചിയുടെ വീട്ടിൽ പ്രാർത്ഥനയുടെ ബഹളവും, വലിയ ആൾക്കൂട്ടവും. കാര്യമന്വേഷിച്ചപ്പോൾ ബാബയുടെ ചിത്രം വിഭൂതി ചൊരിഞ്ഞു എന്ന് പറഞ്ഞറിഞ്ഞു. രണ്ടു ദിവസങ്ങൾക്കകം ഭക്ത ജനങ്ങളും വാർത്താലേഖകരും ചേച്ചിയുടെ വീടിനെ ഒരു അമ്പലത്തെപ്പോലെ കണക്കാക്കി ഓടിക്കൂടാൻ തുടങ്ങി.പത്മിനിച്ചേച്ചി സ്വയം അറിയാതെ തന്നെ കാര്യസിദ്ധി ബാബയുടെ അനുഗ്രഹമുള്ള യുവതിയായി വാർത്തകളിൽ നിറഞ്ഞു. കാര്യങ്ങൾ രണ്ടു ദിവസങ്ങൾക്കകം മാറി മറിഞ്ഞപ്പോൾ തന്റെ കയ്യിൽ നിന്നും സംഭവിച്ച ഒരു അബദ്ധമായിരുന്നു ബാബയുടെ നെറ്റിയിലെ വിഭൂതിയെന്ന് പറയാനുള്ള ധൈര്യം അന്ന് രണ്ടാം കളാസ്സിൽ പഠിക്കുന്ന തനിക്ക്ഉണ്ടായില്ല. മാത്രമല്ല, അത്തരത്തിലൊരു വെളിപ്പെടുത്തൽ പോലും നിഷ്പ്രഭമായി അവഗണിക്കപ്പെടാനും, ശത്രുതയോടെ നേരിടാനും പോന്ന പോലെ ആയിരുന്നു കണ്ണും കാതും മൂടിയുള്ള ഭക്തരുടെ നിലക്കാത്ത പ്രവാഹവും, ഭക്തി സാന്ദ്രമായ ഭജനകളും. ഭക്തജനത്തിരക്ക് ആ വീട്ടുകാർക്ക് അനുഗ്രഹമായി. അവർ ഒരു ഭണ്ഡാരം കാര്യസിദ്ധി ബാബയുടെ പടത്തിന് മുൻപിൽ സ്ഥിരമായി വച്ചു. ബാബയുടെ ചിത്രത്തിനരികിൽ ബാബയുടെ ഇഹലോകത്തിലെ പ്രതിനിധി എന്ന രീതിയിൽ പത്മിനിച്ചേച്ചിക്ക് ഉപവിഷ്ടയാകാൻ ഒരു സിംഹാസന സമാനമായ ഇരിപ്പിടവും ബന്ധുക്കൾ ഒരുക്കി. കാര്യസിദ്ധിക്കായി എത്തിയവർ ഭണ്ഡാരം നിറയ്ക്കുന്നതിനോടൊപ്പം, ബാബയുടെ അനുഗ്രഹീത ഭക്തയും, പ്രതിനിധിയുമായ പത്മിനിച്ചേച്ചിയുടെ ദർശനവും, ആശീർവാദവും വാങ്ങി സസന്തോഷം മടങ്ങി.അങ്ങിനെ വീട്ടുകാരുടെ സന്ദർഭോചിതമായ ഇടപെടൽ വീടിനെ ഒരു കാര്യസിദ്ധി അമ്പലവും, പത്മിനിച്ചേച്ചിയെ ഒരു കാര്യസിദ്ധി ദേവതയുമാക്കി ദിവസങ്ങൾക്കുള്ളിൽ മാറ്റി. പത്മിനിച്ചേച്ചി ഭക്ത ലക്ഷങ്ങളുടെ തേജോമയി ദേവിയായി മാറി. വീട്ടുകാർ കടമെല്ലാം വീട്ടി. വീടിന്റെ സ്ഥാനത്ത് ഒരു അമ്പലം തന്നെ ഉയർന്നു. വീട്‌ മറ്റൊരിടത്ത് പുതുക്കിപണിതു. പിന്നീട് ഭക്തജന പ്രവാഹം പത്മിനിച്ചേച്ചിയെ പ്രബലയായ വിശിഷ്ട വ്യക്തിയായി വളർത്തി. മന്ത്രിമാരും, ഗവർണറുമെല്ലാം തേജോമയി ദേവിയുടെ അനുഗ്രഹം തേടിയെത്തി.വസ്തുക്കൾ വാങ്ങിക്കൂട്ടാനും, സന്യാസാശ്രമങ്ങൾ തുറക്കാനും, വിദ്യാലയങ്ങൾ ആരംഭിക്കാനും, വിദേശികൾ പോലും ഭക്തരായി മാറാനും, ഒരു ഗ്രാമം തന്നെ തേജോമയി ദേവിയുടെ ഗ്രാമമായി ലോകമെങ്ങും അറിയപ്പെടാനും അങ്ങിനെ ഇടയായി.

എന്നാൽ വീണ്ടുമൊരു വൈവാഹിക ജീവിതം പത്മിനിച്ചേച്ചിക്ക് തികച്ചും ഒരു മരീചികയായി മാറി. ഭക്തരുടെ മനസ്സിൽ അവർ തേജോമയി ദേവിയായി പ്രതിഷ്ഠിക്കപ്പെട്ടു. വീട്ടുകാർക്കും ബന്ധുക്കൾക്കും അവർ എന്നും ധനം വർഷിക്കുന്ന ലക്ഷ്മി ദേവി തന്നെയായിരുന്നു.പണ്ട് വളരെ അകൽച്ച കാണിച്ചിരുന്ന ബന്ധുക്കൾ കൂടി നല്ല വർത്തമാനങ്ങൾ പറഞ്ഞ് ഭാഗ്യാന്വേഷികളായി അടുത്തുകൂടി. പത്മിനിച്ചേച്ചി ആരെയും നിരാശരാക്കിയില്ല. ഒരു തിരിച്ചുപോക്ക് അവർക്ക് അസാധ്യമായിരുന്നു. ആർഭാടപൂർവ്വമുള്ള പൂജകൾക്കും, കർമ്മങ്ങൾക്കും നടുവിലും ജീവിതകാലം മുഴുവൻ ദേവിയാകാൻ വിധിക്കപ്പെട്ട പത്മിനിച്ചേച്ചിയുടെ മുഖം തികച്ചും മ്ലാനമായിരുന്നു.

വാട്ട്സാപ്പ് മെസേജിൽ വന്ന കാര്യം മനസ്സിൽ വച്ചുകൊണ്ട് രാമു നാട്ടിൽ നിന്നുമുള്ള ചില ദേശീയ ചാനലുകൾ ടെലിവിഷനിൽ പരതി. തേജോമയി ദേവിയുടെ മരണം ഇന്ത്യയിൽ ഒരു പ്രധാന വാർത്ത തന്നെയാണ്. എല്ലാ ദേശീയ ചാനലുകളും പത്മിനിച്ചേച്ചിയുടെ മുഖംകൊണ്ട് നിറയുന്നു. രാമുവിനോടൊപ്പം സാറയും ഇന്ത്യയിലെ പ്രധാന ചാനലുകൾ സാകൂതം നോക്കിയിരുന്നു. തന്റെ മനസ്സിൽ തിരയടിച്ചെത്തിയ ഗതകാല ചിന്തകൾ മുഴുവനും രാമു സാറയോട് സവിസ്തരം പറഞ്ഞു. അപ്പോൾ സാറ അവളുടെ മനസ്സിൽ ‘ ജീവിതം ഹോമിക്കപ്പെടുന്നവരും ഇന്ത്യയിലെ ആൾ ദൈവങ്ങളുടെ കൂട്ടത്തിൽ’ എന്ന വിചിത്രമായ കവർ സ്റ്റോറിക്ക്‌ അന്തിമ രൂപം നല്കിക്കൊണ്ടിരിക്കുകയായിരുന്നു.

വര : മധുസൂദനൻ അപ്പുറത്ത്

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like