പൂമുഖം LITERATUREകവിത മാന്ത്രിക കൊട്ടാരത്തിന്റെ സൂക്ഷിപ്പുകാരി

മാന്ത്രിക കൊട്ടാരത്തിന്റെ സൂക്ഷിപ്പുകാരി

മാന്ത്രികക്കല്ലുകൾ കൊണ്ടു മാത്രം
പണിതീർത്തെടുത്ത കൊട്ടാരത്തിന്റെ
നടുത്തളത്തിലൊരു സിംഹാസനമുണ്ട്.

സാലഭഞ്ജികമാർ കഥ പറയുന്ന
ഒമ്പതു പടിക്കെട്ടുകളുള്ളത്.
മയൂരം പോലും മങ്ങിപ്പോകുന്ന
വർണ്ണക്കല്ലുകൾ പതിച്ചത്.

അതിലേക്കൊരു പ്രവേശന ടിക്കറ്റ്
നിനക്കായ് ഞാൻ കാത്തു വെച്ചിട്ടുണ്ട്.

ഓരോ ചവിട്ടുപടിയിലും ഒരു കഥയും
ഒരേ ഒരു ചോദ്യവുമുണ്ടായിരിക്കും
വേതാളത്തെപ്പോലെ നീയെന്നെ
തോളിലെടുത്തിട്ടു വേണം പടികയറുവാൻ.

മനസ്സിന്റെ, പാതി മാത്രം ചാരിയതും
ചേർത്തടച്ചതും മലർക്കെ തുറന്നതുമായ
കൊച്ചു കൊച്ചു കിളിവാതിലുകളിലൂടെയും
പിരിയൻ ഗോവണികളിലൂടെയുമായിരിക്കും
കഥയുടെ തൊട്ടും തൊടാതെയുമുള്ള സഞ്ചാരം
നിനക്കു പരിചയമില്ലാത്ത ഇടങ്ങളാണത്.

എന്റെ കഴുത്തിലെ ചരടിൽ തൂക്കിയ
തുകൽ സഞ്ചി നിറയെ നിനക്കുള്ള
ഉത്തരങ്ങളുടെ മരതകക്കല്ലുകളാണ്.
മാന്ത്രികക്കൊട്ടാരത്തിന്റെ ദ്വാരപാലികയും
സൂക്ഷിപ്പുകാരിയും ഞാൻ തന്നെയാണ്.
അതുകൊണ്ടാണു വീണ്ടുമോർപ്പിക്കുന്നത്
എന്നെ തോളിലെടുത്തിട്ടു വേണം പടികയറുവാൻ.

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like