പൂമുഖം LITERATUREനിരൂപണം സൗന്ദര്യത്തിന്റെ വരേണ്യ പൊതുബോധം എം ടി കൃതികളിൽ

സൗന്ദര്യത്തിന്റെ വരേണ്യ പൊതുബോധം എം ടി കൃതികളിൽ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

എം ടി വിമർശിക്കപ്പെടുന്നു : ഭാഗം 2

മനുഷ്യ സൗന്ദര്യത്തെ കറുപ്പും വെളുപ്പുമെന്നു രണ്ടായി പകുത്തു കൊണ്ട് ആവിഷ്ക്കരിക്കുന്നത് പൊതുവിൽ ‍ എല്ലാ സിനിമയിലും സാഹിത്യത്തിലും കാണാൻ കഴിയും .വെളുത്ത ശരീരങ്ങൾ ‍ ഉദാത്തവും മാതൃകാസൗന്ദര്യത്തിന്റെ പ്രതീകവും ആയാണ് കടന്നു വരാറുള്ളത്. കറുത്ത മനുഷ്യശരീരങ്ങൾ എല്ലായ്‌പ്പോഴും വൃത്തിഹീനവും അവഹേളനാർഹവും ആയി വെളുത്ത ശരീരത്തിൻ്റെ എതിർ‍വശത്ത് അടയാളപ്പെടുത്തപ്പെടുന്നത് ഒരു സാമ്പ്രദായിക രീതിയാണ്. ഈ വിധത്തിൽ സൗന്ദര്യസങ്കല്പത്തെ പിൻപറ്റുന്ന രീതീ എം ടിയുടെ പലകൃതികളിലും കാണാൻ കഴിയും
നാലുകെട്ടിലെ അമ്മിണിയേടത്തിയെ കുറിച്ച് എംടി എഴുതുന്നുണ്ട്: “അമ്മിണിയേടത്തി നല്ല വാഴക്കൂമ്പിൻ്റെ നിറമാണ്. കഴുത്തിൽ നീല ഞെരമ്പുകൾ ‍ തെളിഞ്ഞു കാണാം.” ഞൊറിഞ്ഞുടുപ്പു മാത്രമായി പാമ്പിൻ കളത്തിൽ കവുങ്ങിൻ ‍ പൂക്കുലയുടെ നിറമുള്ള ശരീരവുമായി തുള്ളാനിരിക്കുന്ന അമ്മിണിയേടത്തിയെന്ന പെൺകിടാവിനെ കണ്ടുകൊണ്ടിരിക്കുമ്പോൾ, മാന്നിയുടെ പോളക്കകത്ത് മറഞ്ഞിരിക്കുന്ന മിനുത്ത ഉണ്ണിയെടുത്ത് നോക്കുന്ന രസമാണ് അപ്പുണ്ണിക്ക്‌ തോന്നുന്നത്. മറ്റൊരു സന്ദർഭത്തിൽ ‍ അമ്മിണിയേടത്തിയുടെ സാമീപ്യം അപ്പുണ്ണിക്ക് അനുഭവപ്പെടുന്നത് വിവരിക്കുന്നതിങ്ങനെ . ” അവർ ‍ അരികത്തു കൂടെ കടന്ന് പോകുമ്പോൾ ‍ കാച്ചിയ എണ്ണയുടെ, ചന്ദനത്തിൻ്റെ ,മട്ടിപ്പശയുടെ ,കെെതപ്പൂവിൻ്റെ മണമാണ്‌.” വെളുത്ത അമ്മിണിയേടത്തിയുടെ സൗന്ദര്യം എത്ര വിശദീകരിച്ചാലും തീരാതെ തുടരുന്നത് കാണാം . “മൂക്കിന് താഴെ കുരുത്തുനിൽക്കുന്ന നീലച്ഛായയുള്ള നനുത്ത രോമങ്ങൾ, കുടമുല്ല പൂക്കളുടെ മണമുളള മുടി, പട്ടു ജാക്കറ്റിൻ്റെ പിന്നു കുത്താത്ത താഴത്തെ പൊളിയിലൂടെ കാണുന്ന കൂമ്പാളയുടെ നിറമുള്ള വയർ…”വെളുത്ത ശരീരത്തിലെ മാതൃകാസൗന്ദര്യത്തിൻ്റെ പ്രതീകമായ അമ്മിണിയേടത്തി അപ്പുണ്ണിയെ തേടി ഇരുട്ട് നിറഞ്ഞ കോണിച്ചോട്ടിലെ മുറിയിലേക്ക് എത്തുന്നത് മുടിയിലെ മന്ദാരപ്പൂവിൻ്റെ മണവുമായാണ്. പൊതുബോധ സൗന്ദര്യാഭിരുചിയെ ഉത്തേജിപ്പിക്കുന്ന കാവ്യാത്മകഭാഷയിലൂടേയും ശെെലിയിലൂടേയും വരേണ്യമായ സൗന്ദര്യഭാവുകത്വത്തെ അവതരിപ്പിക്കുന്നത് എം ടി യുടെ പല കൃതികളിലും കാണാൻ ‍ കഴിയും.

എത്രവർണിച്ചാലും മതിവരാത്ത അമ്മിണിയേടത്തിയുള്ള അതേ നാലുകെട്ടിലെ കറുത്ത നിറമുള്ള മാളു നേർ വിപരീതത്തിൽ ‍ ചുരുക്കം വാക്കുകളിൽ ഒടുങ്ങി പോകുന്നു . മുഷിഞ്ഞ മുണ്ടും ബ്ലൗസും ധരിച്ച, കൂർ‍ത്ത മൂഖവും കറുത്ത നിറവുമുള്ള മാളു അടുത്തുകൂടെ പോകുമ്പോൾ ‍ നനച്ചു നിവർത്താതെയിട്ട തുണിയുടെ ദുഷിച്ച മണമാണ്. ഒരിക്കൽ ‍ മാളു അരികത്ത് വന്നു നിൽക്കുമ്പോൾ ഈറൻ മുടിയുടെ മണം മൂക്കിൽ വന്നു തട്ടുന്നത് അപ്പുണ്ണിയെ മടുപ്പിക്കുന്നു. തറവാട്ടിൽ ‍ വിശന്ന വയറുമായി കയറി വന്ന കുട്ടിയായ അപ്പുണ്ണിയെ ഭക്ഷണം കഴിക്കാൻ വിളിക്കുന്നതും, ആരും ശ്രദ്ധിക്കാത്ത അവൻ്റെ ജീവിതത്തെ അനുകമ്പയോടെയും കരുതലോടെയും എന്നും സമീപിക്കുന്നതും ആ തറവാട്ടിൽ മാളു മാത്രമായിരുന്നു. ആ മാളുവിന് സഹതാപമല്ലാതെ മറ്റൊന്നും ജീവിതത്തിൽ മെച്ചപ്പെട്ട ഘട്ടത്തിൽ പോലും‍ അപ്പുണ്ണിക്ക് മാറ്റി വെക്കാനുണ്ടായിരുന്നില്ല. കാരണം വെളുത്ത ശരീരങ്ങളുടെ അധീശലോകത്തിൽ ‍ കറുത്ത ശരീരമുള്ള മാളുവിൻ്റെ ജീവിതം ആവശ്യമില്ലാത്ത ഒന്നായി മാറ്റപ്പെടുന്നു.

കർക്കിടകം എന്ന ചെറുകഥയിലും പൊതുബോധസൗന്ദര്യസങ്കല്പങ്ങൾക്ക് സ്വീകാര്യമല്ലാത്ത സ്ത്രീശരീരത്തെ പ്രാകൃതവൽ‍കരിച്ച് അവതരിപ്പിക്കുന്നത് കാണാം. കർക്കിടകത്തിലെ മീനാക്ഷിയെ എം ടി വിവരിക്കുന്നത് ഇങ്ങനെ “തടിച്ച് പൊക്കത്തിലുള്ള സ്ത്രീ. പല്ല് പൊന്തിയിട്ടാണ്. നാലാൾക്ക് തിന്നാനുള്ളത് ആ ജന്തുവിന് ഒറ്റക്ക് വേണം .അവർ ‍ ബ്ലൗസിടില്ല, ബോഡിയും ഇടില്ല. പുറത്ത് പോകുമ്പോൾ ഒരു തോർത്തെടുത്ത് ചുമലിൽ ‍ ഇടും. ഇവർ ‍ അടുത്തു വരുമ്പോൾ അടച്ചിടാറുള്ള ശാക്തേയം കഴിക്കുന്ന കൊട്ടിയറയുടെ വാതിൽ ‍ തുറന്നപോലുള്ള മണമാണ്.” സൗന്ദര്യത്തിൻ്റെ വരേണ്യ രൂപങ്ങളായ, വെളുത്ത് മെലിഞ്ഞ വാഴക്കൂമ്പു നിവർത്തിയതുപോലുള്ള ശരീരങ്ങൾ ചന്ദനം മണക്കുമ്പോൾ ‍ സാമ്പ്രദായികസൗന്ദര്യത്തിനു പുറത്താകുന്ന തടിച്ച മീനാക്ഷിയുടെ ശരീരം ദുഷിച്ച ഗന്ധമുള്ളതാവുന്നു.

എംടിയുടെ കൃതികളിൽ ‍ പ്രധാനപ്പെട്ട ഒന്നാണ് കുട്ട്യേടത്തി. കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും വ്യവസ്ഥാപിത അച്ചടക്കത്തെ ചോദ്യം ചെയ്യുകയും ധിക്കരിക്കുകയും ചെയ്യുന്ന സ്ത്രിയാണ് കുട്ട്യേടത്തി . സ്ത്രീപക്ഷ വായനകൾ ‍ ആവശ്യപ്പെടുന്ന ഒന്നാണ് കൂട്ട്യേടത്തിയിലെ ആഖ്യാനരീതി. വ്യവസ്ഥാപിത അച്ചടക്കങ്ങൾക്ക്‍ എതിരായി ഒരുതരം പ്രതികാരജീവിതം നയിക്കാൻ ‍ കുട്ട്യേടത്തിയെ പ്രേരിപ്പിക്കുന്ന ഘടകം കറുത്ത ശരീരം മൂലം അനുഭവിക്കുന്ന തിരസ്ക്കരണമാണ്.

കുട്ട്യേടത്തി കറുത്തിട്ടാണ്.

ജാനകിയേടത്തിയുടെ വാക്കുകളിൽ ‘തൊട്ട് കണ്ണെഴുതാം’.

ചിരിക്കാതിരിക്കുമ്പോഴും വലിയ രണ്ട് പല്ലുകളുടെ അറ്റം വെളിയിൽ കാണാം.

ഉണങ്ങിയ വിറകുകൊള്ളി പോലെ പരുപരുത്ത കെെകൾ. ‍

അടുത്ത് വരുമ്പോൾ വിയർപ്പിൻ്റെയും എണ്ണയുടെയും നനച്ചു നിവർത്താതെയിട്ട ഈറൻ തുണിയുടേയും ഓക്കാനം വരുന്ന മണമുണ്ട്.

ഇടത്തെ കാതിൽ അറപ്പ് തോന്നുന്ന വിധത്തിൽ ‍ തുങ്ങിക്കിടക്കുന്ന മണിയുണ്ട്.

ജാനകിയേടത്തിയിൽ ‍ എത്തുമ്പോൾ കാണാൻ ചന്തമുള്ള വെളുത്ത ശരീരമാണ്.

നീലച്ച ഞെരമ്പുകൾ ‍ തെളിഞ്ഞു നിൽക്കുന്ന കെെത്തണ്ടകൾ‍ക്ക് വാഴക്കൂമ്പിൻ്റെ മിനുപ്പാണ്.

അവർ ‍ അടുത്തു വരുമ്പോൾ ‍ ചന്ദന സോപ്പിൻ്റെ മണമുണ്ട്.

എംടിയുടെ സൗന്ദര്യ സങ്കല്പത്തിൽ കറുത്ത സ്ത്രീകൾ ‍ മാത്രമാണ് വിയർക്കുന്നത്. വെറുതെ വിയർക്കുകയല്ല , അവർ ഓക്കാനം വരുന്ന ദുഷിച്ച ഗന്ധം പരത്തുകയാണ്. വെളുത്ത സ്ത്രികളാരും വിയർക്കുന്നില്ല. അഥവാ വിയർത്താൽ തന്നെ ആ വിയർപ്പ് സുഖകരമായ മണമായാണ് അനുഭവപ്പെടുന്നത്. എംടി ആവിഷ്കരിക്കുന്ന, കയ്യിൽ ‍ നീല ഞെരമ്പുകൾ തെളിയുന്ന, കെെതപ്പൂവിൻ്റെയും ചന്ദനത്തിൻ്റെയും സുഗന്ധമുള്ള ,കൂമ്പാളയുടെ നിറത്തിൽ അടിവയറുള്ള അമ്മിണിയേട്ടത്തിമാരെ കുറിച്ചുള്ള വരേണ്യസൗന്ദര്യസങ്കല്പത്തിൻ്റെ കഴുക്കോലിലാണ് സത്യത്തിൽ കറുത്ത നായർസ്ത്രീയായ കുട്ട്യേടത്തി കെട്ടിത്തൂങ്ങി ചാവേണ്ടി വന്നതെന്നത് ശ്രദ്ധേയമാണ്. ചുരുക്കി പറഞ്ഞാൽ ‍ എംടി ഉൾപ്പെടെയുള്ളവർ മതിവരാതെ വിശദീകരിച്ച വെളുപ്പിൻ്റെ ലാവണ്യബോധം കറുത്ത കുട്ട്യേടത്തിമാരെ വിവാഹത്തിനും ലെെംഗികതക്കും, എന്തിന്, സ്വകാര്യജീവിതത്തിനു പോലൂം അനർഹരാക്കി മാറ്റി. അതേസമയം അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന പൊതു സമൂഹത്തെ മാറ്റമില്ലാതെ നിലനിർത്തുന്നുമുണ്ട്.

അങ്ങേയറ്റം ജനാധിപത്യ /മനുഷ്യത്വ വിരുദ്ധവും വംശീയവുമായ സൗന്ദര്യലോകം എംടിസാഹിത്യത്തിലും ഉണ്ടെന്ന് പറയാതിരിക്കാനാവില്ല. ഇത് എംടിക്ക് മാത്രം ബാധകമാവുന്ന ഒന്നല്ല. മലയാള സാഹിത്യ- സിനിമാ ലോകം തന്നെ കറുത്ത ശരീരങ്ങളേയും, പൊതുസൗന്ദര്യസങ്കല്പത്തിനു പുറത്തുള്ളവരേയും നിരന്തരം അധിക്ഷേപിക്കുകയും സാമൂഹ്യ ജീവിതത്തിൽ നിന്നുതന്നെ പുറത്താക്കുകയും ചെയ്യുന്ന വിധത്തിലുള്ള ആവിഷ്ക്കാരങ്ങൾ നടത്താറുണ്ട്. ഇതേ ആശയലോകം എംടിയും പങ്കിടുന്നുണ്ടെന്ന് ഓർമ്മിക്കപ്പെടേണ്ടതാണ്.സിനിമയും സാഹിത്യവും കേവലാനന്ദത്തിന് കാണുകയോ വായിക്കുകയോ ചെയ്യുമ്പോൾ ‍ പോലും അത് കാഴ്ചക്കാരന്റേയും വായനക്കാരന്റേയും സാമൂഹ്യപെരുമാറ്റങ്ങളെ രൂപപ്പെടുത്തുന്നുണ്ട്. കറുത്ത ശരീരങ്ങളെ ഓക്കാനം വരുന്ന ദുർഗന്ധമുള്ളവരായി ആവിഷ്ക്കരിക്കുന്ന എംടി കൃതികൾ ‍ പഠിപ്പിക്കുന്ന ക്ലാസ് മുറികളിലെ കറുത്ത ശരീരമുള്ള കുട്ടികളെ ലാക്കാക്കി വെളുത്ത ശരീരങ്ങളുടെ സൗന്ദര്യലോകം ഊറിച്ചിരിക്കുക സ്വാഭാവികമാണ്.

വെെവിദ്ധ്യങ്ങളെ ഉൾക്കൊള്ളാത്ത, ജനാധിപത്യവിരുദ്ധമായ, വരേണ്യമായ ഒരു സൗന്ദര്യഭാവുകത്വം എംടി കൃതികളിൽ ‍ ഉണ്ടെന്നത് വിസ്മരിക്കപ്പെട്ടുകൂടാ.

കാഴ്ച്ചക്കാരിൽ ‍ ചിരി ഉണർത്താനും, വെളുത്ത ശരീരസൗന്ദര്യത്തെ മഹത്വവൽ‍ക്കരിക്കാനും വേണ്ടി കറുത്ത മനുഷ്യരെ പരിഹാസ്യരായി ചിത്രീകരിക്കുന്ന രീതി കാലങ്ങളായി മലയാള സിനിമയ്ക്കും സാഹിത്യത്തിനുമുണ്ട്. എത്രയോ കാലങ്ങളായി മലയാള പ്രേക്ഷക/വായനാ സമൂഹവും ഇത് അനുവദിച്ച് കൊടുക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. കറുത്ത ശരീരങ്ങളെ അവഹേളനപരമായി ചിത്രികരിക്കുന്നത് അത്തരം വികൃത ആവിഷ്ക്കാരങ്ങൾ ആസ്വദിക്കുന്ന ഒരു വലിയ പൊതുസമൂഹം ഉണ്ടിവിടെ എന്ന കാരണത്താലാണ്. പരിണാമപ്രക്രിയയിൽ മനുഷ്യരൂപം ആയിത്തീരുകയും, ആധുനിക ഭൗതികജീവിതസാഹചര്യങ്ങൾ ‍ അനുഭവിക്കുകയും ചെയ്യുന്ന കേവലാനന്ദ അനുവാചക- ആസ്വാദക സമൂഹങ്ങൾ ‍ പ്രാകൃതാവസ്ഥയിലുള്ള മനോനിലയിൽ നിന്നും ആധുനിക സാമൂഹ്യ /ജനാധിപത്യ ബോധത്തിലേക്ക് വളരേണ്ടതുണ്ട്‌. സിനിമയിലും ടിവി കോമഡി പരിപാടികളിലും കറുത്ത ശരീരങ്ങളെ അവഹേളനപരമായി ചിത്രികരിക്കുന്ന രംഗങ്ങൾ ‍ കണ്ട് ആർത്ത് ചിരിക്കുന്ന ആസ്വാദക സമൂഹം ആധുനിക സമൂഹത്തിലെ വികൃത കാഴ്ചയാണ്‌ .എന്തു കൊണ്ടായിരിക്കും കറുത്ത ശരീരങ്ങൾ ‍ ചിരിയുണർത്തുന്ന ഒന്നായി സമൂഹ മനസ്സിൽ എന്നും നിലനിൽക്കുന്നത്? തീർ‍ച്ചയായും അതിന് കാരണം തമാശയല്ല. ഒരു തമാശയിലെ ആശയം ഒന്നിൽകൂടുതൽ ‍ തവണ ആവർത്തിച്ചാൽ ആസ്വദിക്കാൻ ഒരു പ്രേക്ഷകനും ഉണ്ടാവില്ല . ആവർത്തന വിരസതയുള്ള തമാശയ്ക്ക് അതിജീവിക്കാൻ ആവില്ല. എത്രയോ കാലങ്ങളായി കറുത്ത ശരീരങ്ങൾ ‍ തമാശയുടെ കേന്ദ്ര ആശയമായി പ്രേക്ഷകർക്ക് മുന്നിൽ ‍വരുന്നത് കണ്ട് ഒരു മടുപ്പം കൂടാതെ പൊതുസമൂഹം ആർത്തു ചിരിക്കുകയാണ്. ആ ചിരിക്കുന്നത് അവരുടെ ഉള്ളിലെ കേവലഫലിതബോധമല്ല ,അതിനും മുകളിൽ ഉള്ളിൽ പേറുന്ന ജാതിയവും വംശീയവുമായ ബോധമാണ്‌. അതിന് ഉത്തരം തേടേണ്ടത് പുരോഗമന മലയാളി കൊണ്ടുനടക്കുന്ന ജാതീയ/ വംശീയബോധങ്ങളിൽ ‍ ആണ്.

ഇത്തരം ചോദ്യങ്ങൾക്ക് ഒരു മറുവാദമായ് വരാറുള്ളത് സാമൂഹ്യവിരുദ്ധമനോഭാവ മുള്ളവരും സ്ത്രി വിരുദ്ധരും ജാതിബോധം പേറുന്നവരും ‍കൂടി ഉള്ളതാണ് സമൂഹം എന്നും അതുകൊണ്ട് അത്തരം മനുഷ്യർ കൂടി സാഹിത്യത്തിലും സിനിമയിലും ഉണ്ടാവുന്നത് സ്വാഭാവികമാണെന്നും ആണ്. സമൂഹത്തിലെ നന്മയുള്ളവരെ മാത്രം ആവിഷ്ക്കരിച്ചു കൊണ്ട് സാഹിത്യവും സിനിമയും രചിക്കപ്പെടുകയെന്നത് വിരോധാഭാസം ആയിത്തീരുമെന്ന് ഉറപ്പുള്ള കാര്യമാണ്. പൊളിറ്റിക്കൽ ‍കറക്റ്റ്നെസ്സിൻറെ ജലവിതാനം വച്ച് സിനിമയും സാഹിത്യവും ഉണ്ടാക്കണമെന്ന് വാദിക്കുകയല്ല. മറിച്ച് എതെങ്കിലും ഒരു വിഭാഗത്തെ അവഹേളിക്കുന്നതിനോ സാമൂഹ്യമായ പുറംതള്ളലിന് വിധേയമാക്കുന്നതിനോ കാരണമാകുന്ന, സാംസ്‌കാരിക അധീശത്വമുള്ള ആശയങ്ങളെ സാമൂഹ്യബോധത്തിൽ ‍ ഉറപ്പിച്ചെടുക്കുന്ന വിധത്തിൽ ‍ അവതരിപ്പിക്കുന്നതിലെ ജനാധിപത്യപ്രശ്നം ഉന്നയിക്കുകയാണ്. സാമൂഹ്യവിരുദ്ധ മനോഭാവമുള്ള മനുഷ്യർ സാഹിത്യത്തിലോ സിനിമയിലോ അനിവാര്യമാകുന്ന സന്ദർഭങ്ങളിൽ ‍ അത്തരം മനുഷ്യർ ‍ പങ്കിടുന്ന സാമൂഹ്യവിരുദ്ധബോധത്തെ ചൂണ്ടിക്കാണിക്കുന്നത് കൂടിയാവേണ്ടതുണ്ട് കലാപ്രവർ‍ത്തനങ്ങൾ. അല്ലെങ്കിൽ ജനപ്രിയ കലാവിഷ്‌ക്കാരങ്ങളിലൂടെ സാമൂഹ്യവിരുദ്ധ ബോധങ്ങൾ ‍ പൊതുബോധമായ് തുടരുകയും സമൂഹത്തിൽ ‍ ഒരു വിഭാഗം മനുഷ്യരെ പൊതുഇടങ്ങളിൽ അപരവത്ക്കരിച്ചു കൊണ്ടിരിക്കുകയും ചെയ്യും.

പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് എങ്ങിനെ സർഗാത്മകമായി സിനിമയിൽ ‍ ഉൾപ്പെടുത്താം എന്നത് പുതിയകാലത്ത് ഇറങ്ങുന്ന സിനിമകൾ ‍ കാണിച്ചു തരുന്നുണ്ട്. പൊതുബോധ സ്ത്രിവിരുദ്ധ തമാശക്ക് ഷോക്ക് ട്രീട്മെൻറ് കൊടുക്കുന്ന ഒരു രംഗം ടൊവിനോതോമസും പാർവ്വതിയും അഭിനയിച്ച മലയാള സിനിമയായ ‘ഉയരെ ‘യിൽ ‍ സർഗാത്മകമായി കെെകാര്യം ചെയ്യുന്നുണ്ട്. ‍ഒന്നിൽ ബ്ലാ ബ്ലാ യെന്നും മറ്റതിൽ കുറേ ബ്ലാ..ബ്ലാ കൾ എന്നും എഴുതിയ രണ്ടു ശുചിമുറി ബോർഡുകൾ ‍ കാണുമ്പോൾ ടൊവിനോ തോമസ് അവതരിപ്പിക്കുന്ന നായക കഥാപാത്രം പാർവതിയുടെ കഥാപാത്രത്തോട് ചോദിക്കുന്നുണ്ട് , ഇതിൽ ‍ പുരുഷൻ്റെയും സ്ത്രിയുടെയും ‍ എങ്ങനെ തിരിച്ചറിയാൻ കഴിയുമെന്ന്. അപ്പോൾ നായിക വിശദീകരിക്കുന്നത്, ബ്ലാ ബ്ലാ എന്ന് മാത്രം എഴുതിയത് പുരുഷന്‍റേയും വാതിൽ ‍ നിറയെ ബ്ലാ ബ്ലാ എഴുതി വച്ചിരിക്കുന്നത് സ്ത്രികളുടേയും ശുചിമുറി ആണെന്നാണ്. സ്ത്രികൾ ‍ എപ്പോഴും കലപില സംസാരിക്കുന്നവരും പുരുഷന്മാർ ആവശ്യത്തിനു മിതമായ വാക്കുകൾ സംസാരിക്കുന്നവരും ആണെന്ന പൊതുബോധ യുക്തിയാണ് ബോർഡുകൾ സൂചിപ്പിക്കുന്നത്. സ്ത്രീകൾക്ക് എതിരെയുള്ള പൊതുബോധത്തെ കുടുതൽ ‍ ആഴത്തിൽ ഉറപ്പിച്ചെടുക്കാൻ ‍ കഴിയുന്ന ആശയമാണ് ഇവിടെ പങ്ക് വെക്കപ്പെട്ടത്. എന്നാൽ സിനിമയിൽ ഈ രംഗത്ത് സ്ത്രികൾക്ക് എതിരായുള്ള ഒരു ആശയത്തെ കാഴ്ച്ചക്കാരിൽ ചിരിക്ക് വക നൽകി വെറുതെ വിടുകയല്ല ചെയ്യുന്നത്. നായികയുടെ വിശദീകരണം കേട്ട് , ‘കൊള്ളാമല്ലോ ഐഡിയ’ ഇതിന് പുറകിൽ ‍ ആരുടെ ബൂദ്ധിയാണെ’ന്ന് കൗതുകത്തോടെ നായകകഥാപാത്രം ചോദിക്കുകയും ‘തീർ ച്ചയായും അത് ഒരു പുരുഷൻറെ ബുദ്ധിയാവും, എന്ന് അതിന് മറുപടിയായി നായിക പറയുകയും ചെയ്യുന്നു. ‍ നേരത്തെ ചിരിച്ചുലഞ്ഞ പുരുഷ ബോധത്തിൻറെ തലക്കിട്ട് ഒരു കിഴുക്കായി ആ ഉത്തരം മാറുകയാണ്‌. സ്ത്രികളെ കുറിച്ച് പുരുഷ ലോകത്തിന്‍റെ സങ്കൽപ്പങ്ങളാണ് ഇത്തരം ഫലിതബിന്ദുക്കളായ് മാറിയെതെന്ന് സിനിമ തുറന്ന് കാട്ടുന്നു. സാമൂഹ്യവിരുദ്ധബോധം പേറുന്നവർ ‍ സിനിമയിൽ ‍ ആവിഷ്ക്കരിക്കപ്പെടുന്നതോടൊപ്പം അത്തരം ബോധത്തെ മഹത്വവൽ‍ക്കരിക്കാൻ ‍ ശ്രമിക്കാതെ നായികയുടെ വാക്കുകളിലൂടെ തിരുത്തുകയും ചെയ്യുന്നു. അപ്പോൾ പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് സർഗാത്മകമായി മാറുകയാണ്.

തന്റെ കൃതികളിൽ വാഴക്കൂമ്പുശരീരങ്ങൾ ‍ സുഖകരമായ മണമുള്ളവരായ് പ്രത്യക്ഷപ്പെടുന്ന സൗന്ദര്യ ഭാവുകത്വത്തിൻറെ എതിർ വശത്ത് കറുത്ത ശരീരങ്ങളെ ‍ ഓക്കാനം വരുത്തുന്ന ദുർഗന്ധമുള്ളവരായി എംടി ഭാവനചെയ്യുമ്പോൾ അനുവാചകമനസ്സിലും ആഴത്തിൽ ആ ബോധം ഉറച്ചു പോകും. ഇങ്ങനെ നിർമ്മിച്ചെടുക്കുന്ന പൊതുബോധമാണ് സാമൂഹിക പൊതുയിടങ്ങളിൽ കറുത്ത ശരീരങ്ങളായ കുട്ട്യേടത്തിമാർക്ക് സാമൂഹിക മരണം വിധിക്കുന്ന തുക്കുകയറായി മാറുന്നത്.

കവർ : വിത്സൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like