പൂമുഖം LITERATUREനിരൂപണം എം ടി വിമർശിക്കപ്പെടുന്നു

എം ടി വിമർശിക്കപ്പെടുന്നു

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ഭാഗം 1

നാലുകെട്ടിന്റെ ദാരിദ്ര്യം വർഗപ്രശ്നമല്ല

മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനും വായനക്കാരനുമായ എംടി എന്ന അതികായന്റെ രചനാലോകത്തെ നവ ജനാധിപത്യ, സാമൂഹ്യ നീതി സങ്കല്പങ്ങളിലൂടെ പുനര്‍വായിക്കുകയാണ് ഇവിടെ. ഏത് സാഹിത്യവും സിനിമയും പല നിലകളിൽ വായിക്കാം. എം ടി യിലും അത്തരം വായനകള്‍ സാദ്ധ്യമാണ്. എം ടി കൃതികളിൽ കേരളത്തിൽ നില നിന്നിരുന്ന സാമൂഹ്യ പെരുമാറ്റ ശീലങ്ങളുടെ ചരിത്ര പരമായ അടയാളപ്പെടുത്തലുകൾ കാണാം. സ്ത്രീ പുരുഷബന്ധങ്ങളുടെ പാരസ്പര്യവും കലഹവുമുണ്ട്. വിപ്ലവവും പ്രണയവും തുറന്ന ലൈംഗികതയും കാണാം. ഈ നിലക്ക്, പൊതുവിൽ പുരോഗമനം എന്ന് കരുതാവുന്ന ഒരു വായന എം ടി തുറന്നു വെയ്ക്കുന്നുണ്ട് . അത്തരം വായന സാദ്ധ്യ മാവുന്നത് പോലെ വ്യക്തിപരമായ ആസ്വാദനവും ഉണ്ടാവാറുണ്ട്. അല്ലെങ്കിൽ വ്യക്തിപരമായ ആസ്വാദനത്തിന്റയോ അനുഭൂതിയുടെയോ കേവലാനന്ദവായനക്കാണ് പ്രാമുഖ്യം. എംടിയുടെ എഴുത്തിന്റെ കാവ്യാത്മകത, നാട്ടിൻപുറ ഗൃഹാതുര കാഴ്ചകൾ..അങ്ങനെ നീളും വെെയക്തിക അനുഭൂതിയുടെ ആസ്വാദന വായനകള്‍.
ഇതിൽ നിന്നും തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു സമീപനം കൂടി നിരൂപണ സാഹിത്യത്തിൽ സജീവം ആണ്. അകാലത്തിൽ അന്തരിച്ച ഡോക്ടർ പ്രദീപന്‍ പാമ്പിരിക്കുന്ന്‌ മലയാള സാഹിത്യത്തില്‍ വിവിധ എഴുത്തുകാരുടെ കൃതികളിലുള്ള തറവാടുകളെ കുറിച്ച് ഒരു പഠനം നടത്തുന്നുണ്ട്. കൃതികളുടെ സാമൂഹ്യ രാഷ്ട്രീയ പരിസരങ്ങളെ നവ ജനാധിപത്യ സാമൂഹ്യനീതി സങ്കല്പങ്ങളുടെ അടിസ്ഥാനത്തിൽ പുന: പരിശോധിക്കുക എന്നതാണ് ഈ പഠനത്തില്‍ ഉള്ളത് . പുരോഗമന വായനയും, വെെകാരിക ആസ്വാദന വായനയും കൊണ്ടുനടക്കുന്ന കേവലാനന്ദ അനുവാചക ലോകത്തിന്‍റെ ഹൃദയം പിളർക്കുന്ന ഒന്നായിരുന്നു ഇത്തരം വിമര്‍ശന സമീപനം. സമൂഹം വൈവിധ്യങ്ങൾ നിറഞ്ഞ ഒന്നാണെന്നതുകൊണ്ടു തന്നെ വിവിധങ്ങളായ ജീവിത പരിസരങ്ങളില്‍ എല്ലാവര്‍ക്കുമുള്ള പൊതു ഇടങ്ങൾ ആവശ്യമാണ്. ഈയൊരു കാഴ്ചപ്പാടാണ്‌ ഇത്തരം വായനകളുടെ അടിസ്ഥാനമായിരിക്കുന്നത്.
എംടിയുടെ കൃതികളിലെ പുരോഗമന ആശയങ്ങളെ മുന്‍ നിര്‍ത്തിയോ വെെയക്തിക അനുഭൂതികളെ അടിസ്ഥാനപ്പെടുത്തിയോ ഒരു വായന സാദ്ധ്യമാണ് എന്നത് നേരത്തെ പറഞ്ഞതാണ്. അതുപോലെത്തന്നെ ജനാധിപത്യ സാമൂഹ്യ നീതി സങ്കല്പങ്ങളുടെ അടിസ്ഥാനത്തിലും എം ടിയുടെ സാഹിത്യ ലോകത്ത് ഒരു സൂക്ഷ്മ പരിശോധന നടത്താവുന്നതാണ്. അതിലേയ്ക്ക് കടക്കുന്നതിന് മുന്‍പ് ആമുഖമായി ഒരു കാര്യം പറയേണ്ടതുണ്ട്. അത് കഥകളുടെ ഉള്ളടക്കത്തിലെ ആശയപരമായ രാഷ്ട്രിയ ചായ് വിനെ കുറിച്ചാണ്. ഏത് കൃതിക്കും ഒരു രാഷ്ട്രീയമുണ്ടാവും. രാഷ്ട്രീയം ഇല്ലാത്ത സാഹിത്യമോ സിനിമയോ സാദ്ധ്യമല്ല. ആ രാഷ്ട്രീയമെന്നത് വ്യവസ്ഥയെ നിലനിർത്തുന്ന ആശയങ്ങളെ പുനരുത്പാദിപ്പിക്കാൻ ശ്രമിക്കുന്നതോ അതല്ലെങ്കില്‍ വ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുന്നതോ ആയിരിക്കും. കല കലക്ക് വേണ്ടിയോ ജീവിതത്തിനു വേണ്ടിയോ എന്ന തർക്കത്തിലേയ്ക്കല്ല കടക്കുന്നത്. ഏതു തരം ആവശ്യത്തെ മുൻനിർത്തി നടത്തിയ സർഗാത്മക ചോദനയുടെ ആത്മാവിഷ്ക്കാരമായാലും ശരി, അതിലെ ആശയങ്ങൾ ജനങ്ങളുടെ ബോധത്തെ സ്വാധീനിക്കുന്നുണ്ട് എന്നതാണ് പ്രധാനം. വെറും ആസ്വാദനപരമായി മാത്രമാവും സാഹിത്യം വായിക്കുകയോ സിനിമ കാണുകയോ ചെയ്യുന്നത്. പക്ഷെ അതിന്‍റെ ഉള്ളടക്കത്തിലെ ആശയങ്ങൾ അറിഞ്ഞും അറിയാതെയും ജനങ്ങളുടെ സാമൂഹ്യ പെരുമാറ്റ ശീലങ്ങളെ രൂപപെടുത്തുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ് .അത് കൊണ്ട് എഴുത്തുകാരൻ/എഴുത്തുകാരി ഒരു സാമൂഹ്യ പരിഷ്‌കർത്താവ് ആവണോ എന്ന ചോദ്യം എഴുത്തുകാരന്റെ /എഴുത്തുകാരിയുടെ സാമൂഹ്യ രാഷ്ട്രീയബോധവുമായി ബന്ധപ്പെട്ട കാര്യം മാത്രമാണ്. ഈ സന്ദര്‍ഭത്തിലാണ് എഴുത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് ചർച്ച ചെയ്യുന്ന, വിമര്‍ശനപരമായി പരിശോധിക്കുന്ന നിരൂപണ സാഹിത്യത്തിനു കൂടി നമ്മുടെ സാഹിത്യ ശാഖയിൽ ഇടം ഉണ്ടാകുന്നത്.

എം ടി യുടെ സാഹിത്യ ലോകത്തെ കുറിച്ചുള്ള ഈ പഠനം മൂന്ന് വിഷയങ്ങളെ അധികരിച്ചിട്ടുള്ളതാണ്. എം ടി യുടെ പ്രധാനപ്പെട്ട കൃതികള്‍ പ്രമേയപരമായി കെെകാര്യം ചെയ്യുന്ന ദാരിദ്ര്യം, എംടി തന്‍റെ കൃതികളില്‍ ഉയര്‍ത്തിപ്പിടിച്ച ഭാവുകത്വപരമായ സൗന്ദര്യ സങ്കൽപം, അതുപോലെ എം ടി യുടെ രചനാ ലോകത്തിലെ കഥാപാത്ര പരിസരങ്ങളും, സാമൂഹ്യ സന്ദർഭങ്ങളും. ഇവ മൂന്ന് ഭാഗങ്ങളായാണ് ചര്‍ച്ച ചെയ്യുന്നത്.

ദാരിദ്ര്യം

എം ടി തന്‍റെ കൃതികളില്‍ ആവിഷ്കരിക്കുന്ന ദാരിദ്ര്യം, ഏതെങ്കിലും വിധത്തിൽ അദ്ധ്വാനത്തിൽ ഏർപ്പെടുകയോ അതിലൂടെ മിച്ചമൂല്യം ചൂഷണം ചെയ്യപ്പെടുകയോ ചെയ്യുന്ന തൊഴിലാളി വര്‍ഗത്തിന്‍റെ പട്ടിണിയോ വിശപ്പോ അല്ല .ഒരു പണിക്കും പോകാതിരിക്കുകയും വെറുതെയിരുന്നു സമയം കളയുകയും ചെയ്യുന്ന മനുഷ്യരുടെ ദാരിദ്ര്യത്തെ കേരളിയ പൊതു സമൂഹത്തിന്റെ വേദന ആക്കിത്തീർക്കാൻ കാവ്യാത്മകമായ ഭാഷകൊണ്ടും കാല്പനിക സങ്കല്‍പനങ്ങള്‍ കൊണ്ടും എം ടിക്കു കഴിയുന്നുണ്ട്. ഒരു തൊഴിലും എടുക്കാത്തവരുടെ ദാരിദ്ര്യം കേരളത്തിലെ സാമൂഹ്യ അനുഭവത്തെയല്ല അടയാളപ്പെടുത്തുന്നത്. പലപ്പോഴും എം ടി അവതരിപ്പിക്കുന്നത് നായർ ദാരിദ്ര്യം ആണ് എന്നാണ് പൊതുവില്‍ പറയാറുള്ളത്. ഇത് കേരളത്തിലെ നായർ സമുദായം മൊത്തത്തില്‍ അനുഭവിച്ച പട്ടിണിയും വിശപ്പും ആയി തെററിദ്ധരിക്കപ്പെടാറുമുണ്ട് . എന്നാൽ കേരളത്തിലെ നായർ വിഭാഗങ്ങൾ, സമുദായം എന്ന നിലയ്ക്ക് അങ്ങനെ ഒരു അനുഭവം പങ്കിട്ടവർ അല്ല എന്ന് എം ടി തന്നെ വസ്തുതാപരമായി തന്‍റെ കൃതികളില്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. സമ്പത്തും ഭൂസ്വത്തുള്ള നായര്‍ സമുദായത്തിന് ഉള്ളിലെ ചില തറവാടുകളില്‍ ഉണ്ടാവുന്ന തകര്‍ച്ചയും പ്രതിസന്ധിയുമാണ് എം ടി തന്‍റെ കൃതികളില്‍ പറയുന്നത്. ഈ പ്രതിസന്ധി ഒരു സമുദായം എന്ന നിലയ്ക്ക് ഏതെങ്കിലും വിധത്തിലുള്ള സാമൂഹിക കാരണങ്ങളുടെ സൃഷ്ടിയല്ല. എം ടിയുടെ സാഹിത്യലോകത്തെ നാലുകെട്ടുകളുടേയും നായർ തറവാടുകളുടേയും ദാരിദ്ര്യത്തിനു കാരണം അമ്മാവനും മരുമകനും തമ്മിലുള്ള സ്വത്തു കൈകാര്യം ചെയ്യുന്നതിനെ കുറിച്ചുള്ള തർക്കവും, പരസ്പരവിശ്വാസമില്ലായ്മയും ആണ്. അല്ലെങ്കിൽ അത് മിഥുനം കര്‍ക്കിടകത്തിലെ താത്ക്കാലിക പ്രതിസന്ധിയാണ്.

നാലുകെട്ട് എന്ന നോവലിൽ തറവാട് പട്ടിണിയിലേക്കും തകർച്ചയിലേക്കും പോകുന്നത് പത്തായത്തിൽ നെല്ല് ഇല്ലാത്തതു കൊണ്ടല്ല, മറിച്ച് പത്തായത്തിലെ നെല്ല് വല്യമ്മാവൻ പൂട്ടി വെയ്ക്കുന്നത് കൊണ്ടാണ്. വടക്കേ പാടം കൊയ്തു കഴിഞ്ഞാൽ നെല്ല് വല്യമ്മാവൻ ഭാര്യ വീടായ പൂന്തോട്ടത്തിലേക്കു കടത്തുന്നത് കുട്ടൻ മാമ ചോദ്യം ചെയ്യുന്നുണ്ട്‌. പറമ്പിലെ തേങ്ങ വല്യമ്മാവൻ മാപ്പിളയ്ക്ക് ചാർത്തിക്കൊടുത്തു പൈസ വാങ്ങുമ്പോൾ കുട്ടൻ മാമ പറമ്പിലെ മരങ്ങൾ മുറിച്ചു വിറ്റാണ് പ്രതികരിക്കുന്നത് . ഈ വിധം തറവാട്ടിലെ കുടുംബങ്ങൾ തമ്മിൽ നിലനിൽക്കുന്ന ആഭ്യന്തരമായ ശത്രുതയും വിദ്വേഷവുമാണ് യഥാർത്ഥത്തിൽ നാലുകെട്ടിനെ തകർച്ചയിലും പട്ടിണിയിലും ആക്കുന്നത് . മരുമക്കത്തായത്തിൽ നിന്നും മക്കത്തായത്തിലേക്കു കടക്കുമ്പോൾ, നായർ തറവാട്ടിൽ സ്വത്ത് ഭാഗം വെയ്ക്കുമ്പോൾ തറവാട്ട് കാരണവർക്ക് രണ്ടവകാശം കൊടുക്കേണ്ടി വരുന്നതും ഒരു പ്രശ്നമായി മാറുന്നുണ്ട്. വടക്കേ പാടം വല്യമ്മാവന്റെ സ്വകാര്യ സ്വത്താണ് എന്ന വാദം കുട്ടൻ മാമ എതിർക്കുന്നുണ്ട്. സ്വത്ത് ഇല്ലാത്തതല്ല സ്വത്തു കൈകാര്യം ചെയ്യുന്നതിലെ തർക്കമാണ് ദാരിദ്ര്യത്തിന്റെ കേന്ദ്ര പ്രമേയമായി നാലുകെട്ടിൽ അവതരിപ്പിക്കുന്നത്.

കർക്കിടകം എന്ന കഥയിലും വിശപ്പാണ് കേന്ദ്ര പ്രശ്നം. നാലുകെട്ട് നോവലിലെ തറവാട്ടിലെ വല്യമ്മാവന്‍ – മരുമകൻ തർക്കം പോലെ ഒന്നല്ല കർക്കിടകത്തിലെ ദാരിദ്ര്യത്തിന്റെ കാരണം. അച്ഛൻ മാസം അയക്കുന്ന നാൽപതു രൂപയും ചേട്ടൻ അയക്കുന്ന പത്തു രൂപയും വരുമാനമുണ്ട്. കൊയ്യാൻ പാടവും, പറമ്പിൽ തെങ്ങും, മരങ്ങളും ഉണ്ട്. ഇവിടെ ദാരിദ്ര്യത്തിന് കാരണം മിഥുനം കർക്കിടകത്തിലെ താത്കാലിക പ്രതിസന്ധിയാണ്. ഈ താത്കാലിക പ്രതിസന്ധിയെ മറികടക്കാൻ സാധ്യമാകുന്ന സാമൂഹ്യ ബന്ധങ്ങൾ ഉള്ള ഒരു നായർ വീടാണ് കഥയുടെ കേന്ദ്രം എന്ന് വിസ്മരിച്ചുകൂടാ. വടക്കേതിലെ കല്യാണിയുടെ വീട്ടിൽ ചെന്നു ചോദിച്ചാൽ ഒരു ചാക്ക് നെല്ല് അവർ തരും എന്ന് ഉണ്ണിയുടെ അമ്മ പറയുന്നുണ്ട്. പക്ഷെ ചോദിക്കാൻ വയ്യ, കാരണം ‘നാലാളുടെ മുന്നിൽ എന്റെ കുട്ടികൾക്ക് തലയുയർത്തിപ്പിടിച്ചു നടക്കാൻ ഉള്ളതാണ്. ‘ഗോപാലന്റെ വീട്ടിൽ നിന്നും അരി വാങ്ങാം എന്ന് പറയുമ്പോഴും അമ്മ ഒരു ആട്ടാണ് കൊടുക്കുന്നത്. ‘മേനോന്‍മാരുടെ വീട്ടിൽ വിഴുപ്പലക്കി നടന്നിരുന്ന ഗോപാലൻ എന്നാ ഇത്ര വലുതായത് ‘ എന്ന ചോദ്യത്തിൽ ഉള്ളത് വിശപ്പിനേക്കാൾ മുകളിൽ ജാതി ഒരു പ്രശ്നമായി മാറുന്നതാണ്. അലക്കു പണിയെടുക്കുന്ന വെളുത്തേടത്ത് നായർ, ജാതിയിൽ കുറഞ്ഞ നായരാണ് എന്ന നായർ സമുദായത്തിനുള്ളിലെ ജാതിബോധം വിശപ്പിനെ തോല്പിക്കുകയാണ്. അച്ഛന്റെ പൈസ വന്നാൽ തിരിച്ചു കൊടുക്കാവുന്നത് കൊണ്ട് ആരോട് ചോദിച്ചാലും അരി കിട്ടാന്‍ സാധ്യതയുള്ളതോ, മിഥുനം കർക്കിടകത്തിലെ മഴ കഴിഞ്ഞാൽ തീരാവുന്നതോ ആയ താത്കാലിക സാമ്പത്തിക പ്രതിസന്ധിയിൽ ആണ് കർക്കിടകത്തിലെ വിശപ്പിനെ എം ടി അടയാളപ്പെടുത്തുന്നത്. കേരളീയ സമൂഹത്തിലെ പണിയെടുക്കുന്ന മനുഷ്യരുടെ വിശപ്പ് ഇതുപോലെ ഒരു താത്ക്കാലിക പ്രതിസന്ധിയായിരുന്നില്ല. പുത്തരിച്ചോർ മാത്രം ഉണ്ട് ശീലിച്ച വീട്ടിൽ ഒരു ദിവസം കടം വാങ്ങിയ ചാക്കരിയുടെ കഞ്ഞി വെള്ളം കുടിക്കുമ്പോൾ ഓക്കാനമാണ്‌ വരുന്നത്. പുത്തരിച്ചോറ് പോയിട്ട് ചാക്കരിക്കു പോലും വകയില്ലാതെ പട്ടിണിയാവുന്ന സാമൂഹിക വിഭാഗങ്ങളായിരുന്നു കേരളത്തിലെ സാമൂഹ്യ യാഥാർത്ഥ്യം. അച്ഛന്‍റെ വീട്ടുകാരനായ അണ്ടത്തോടുകാരൻ ശങ്കുണ്ണി നായർ വിരുന്നു വന്നത് കൊണ്ട് ഭക്ഷണം കഴിക്കാതെ ഉറങ്ങേണ്ടി വരുന്ന ഉണ്ണിക്ക് സ്വന്തം പറമ്പിലെ തെങ്ങിൽ നിന്നും രണ്ടു ഇളനീര് വെട്ടി കൊടുക്കാന്‍ പോലും ആ കുടുംബം ശ്രമിക്കുന്നില്ല എന്ന് ഓര്‍ക്കുമ്പോള്‍ വായനക്കാരന് വിശപ്പ് ഒരു കൗതുക അനുഭവമായാണ് മാറുന്നത്. “വയറ് വിശക്കുന്നവന്‌ അഭിമാനമില്ല. ദരിദ്രര്‍ക്ക് അഭിമാനമില്ല. ഉണ്ടെങ്കില്‍ തന്നെ അത് ദുരഭിമാനമാണ്‌. ഭക്ഷണം കഴിച്ചാലേ അഭിമാനം വരൂ. തലച്ചോറല്ല, ശരീരത്തിന്റെ പ്രധാന അവയവം വയറാണ്‌” – എന്ന ഡോക്ടർ കുഞ്ഞാമന്റെ ആത്മകഥയിലെ വരികളാണ് ഇവിടെ ഓര്‍ക്കാവുന്നത്. ഡോക്ടർ കുഞ്ഞാമന്റേത് ആത്മകഥയായിരുന്നു. കഥ ആയിരുന്നില്ല. ആ വിശപ്പ് കേരളത്തിന്റെ സാമൂഹ്യ അനുഭവം കൂടിയായിരുന്നു.

അസുരവിത്ത് എന്ന നോവലും ദാരിദ്ര്യത്തെ പ്രമേയപരമായി കൈകാര്യം ചെയ്യുന്നുണ്ട്. പറമ്പും അത്യാവശ്യം കൃഷിയും ഉള്ള തറവാട്ടിൽ മഴക്കാലമായ മിഥുനം കർക്കിടകത്തിലെ പ്രതിസന്ധിയാണ് ദാരിദ്ര്യത്തിനു കാരണം. തൊട്ടു തേയ്ക്കാൻ എണ്ണയില്ലാത്ത വിധം കഷ്ടപ്പാടാണ്. ചോറിനേക്കാൾ കൂടുതൽ എരിവില്ലാത്ത കമ്മട്ടികായയുടെ കൂട്ടാൻ ഉള്ള കിണ്ണത്തിന് മുന്നിൽ ഇരിക്കുമ്പോൾ ഗോവിന്ദൻ കുട്ടിക്ക് പുത്തരി സദ്യ ഒരു സ്വപ്നം പോലെ ഓർമകളിൽ തങ്ങി നിൽക്കുന്നുണ്ട് . ഈ വിധം ദാരിദ്ര്യം അനുഭവിക്കുമ്പോഴും തറവാട്ടിലെ സ്ത്രീകളോ ഗോവിന്ദൻ കുട്ടിയോ ഏതെങ്കിലും തൊഴിലിൽ ഏർപ്പെടുന്നില്ല. മറ്റൊന്നും ചെയ്യാനില്ലാത്ത ഗോവിന്ദൻ കുട്ടിയുടെ അതിദീർഘമായ ഒരു പകലിനെ കുറിച്ച് എം ടി എഴുതുന്നുണ്ട്. ചാരുപടിയിൽ ഇരുന്നു മടുത്താൽ തട്ടുയരം കുറഞ്ഞ തെക്കേ മുറിയിൽ പോയിരിക്കും. കിളിവാതിലിലൂടെ, ഇറയത്തെ വൈക്കോൽ തുമ്പുകളോ കരുവാളിച്ച കവുങ്ങിൻ തലപ്പുകളോ നോക്കിയിരിക്കും. വൈകുന്നേരം പുറത്തിറങ്ങും . കുഞ്ഞരക്കാരുടെ പുരയിൽ ചെന്നിരുന്നു കുറച്ചു പഞ്ചായത്ത് കേൾക്കും. കുന്നിൻ പുറത്തോ പുഴക്കരയിലെ ഇടത്തിണ്ണയിലോ ചെന്നിരുന്നു ഇരുട്ടായാൽ ഒരു പകൽ കൂടി രക്ഷപ്പെട്ടുവെന്നു കരുതും . ഗോവിന്ദൻ കുട്ടിക്ക് പകലുകൾ ഗതികിട്ടാത്ത പ്രേതങ്ങളെ പോലെ തന്റെ ചുറ്റും വട്ടം കറങ്ങുതായാണ് തോന്നുന്നത്. ചോറിനേക്കാൾ കൂടുതൽ എരിവില്ലാത്ത കമ്മട്ടിക്കായയുടെ കൂട്ടാൻ വിളമ്പുന്ന വീട്ടിലെ മിഥുനം കർക്കിടം പ്രതിസന്ധി മറികടക്കാൻ മറ്റൊന്നും അയാളോ ചേട്ടൻ കുമാരനോ മറ്റു സഹോദരിമാരോ ചെയ്യുന്നില്ല. ഇതേ സമയം തറവാട്ടിലെ, പകലുമുഴുവന്‍ അദ്ധ്വാനിക്കുന്ന, കൃഷിപ്പണിക്കാരനായ അയ്യപ്പന്റെ കരിമ്പന ഓലയിൽ കുത്തി മറച്ച ഒരു ചാള പാടവരമ്പിൽ കാറ്റത്തു വിറച്ചു നിൽക്കുന്നുണ്ട്. പണിയെടുക്കുന്ന അയ്യപ്പന്റെ ദാരിദ്ര്യം വായനക്കാരന്‍ ശ്രദ്ധിച്ചിരിക്കാൻ പോലും വഴിയില്ല. അയ്യപ്പന്‍റെ പട്ടിണിയും വിശപ്പും വിസ്മൃതിയിലാവുകയും, ഗോവിന്ദന്‍ കുട്ടിയുടെ തറവാടിന്‍റെ ദാരിദ്ര്യത്തില്‍ വായനക്കാര്‍ കണ്ണീര്‍ വാര്‍‍ക്കുകയും ചെയ്യും.

പള്ളിവാളും കാൽചിലമ്പും എന്ന കഥയാണ് പിന്നീട് നിർമാല്യം എന്ന പേരിൽ സിനിമയാകുന്നത്. ദാരിദ്ര്യം തന്നെയാണ് ഇതിലും എം ടി പ്രശ്നവൽക്കരിക്കുന്നത്. ജീവിതം തന്നെ ദേവിക്ക് സമര്‍പ്പിച്ച നാൽപതു വയസ്സുള്ള വെളിച്ചപ്പാടും കുടുംബവും ദാരിദ്ര്യത്തിലാണ്. വെയ്ക്കാന്‍ അരിയില്ലാത്തത് കൊണ്ട് വെളിച്ചപ്പാട് വാളും ചിലമ്പുമായി ഭിക്ഷ തെണ്ടാൻ ഇറങ്ങുന്നുണ്ട്. അയാളുടെ അച്ഛനും മുത്തച്ഛനും ചെയ്തിട്ടില്ലാത്ത കാര്യമാണ് അത്. കടുത്ത ദരിദ്രജീവിതത്തിൽ ഭാര്യ നാരായണി തന്റെ ശരീരം തന്നെ കച്ചവടക്കാരൻ മാപ്പിളയ്ക്ക് വിറ്റ് കുട്ടികൾക്ക് അരിവാങ്ങുന്ന സാഹചര്യത്തില്‍ എത്തുമ്പോഴും വെളിച്ചപ്പാടോ പ്രായ പൂർത്തിയായ മൂത്തമകനോ എന്തെങ്കിലും തൊഴിൽ എടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു പോലും ഇല്ല. സ്വന്തം പുരയിടത്തിൽ രണ്ടു വാഴ കുഴിച്ചിട്ടാൽ കുലച്ചാൽ വെട്ടി കഞ്ഞിക്കു ഉപ്പേരി വെക്കാം എന്ന് പോലും ആലോചിക്കുന്നവർ അല്ല വെളിച്ചപ്പാടും മകനും.

വെളിച്ചപ്പാടിന്റെ വീട്ടിലെ ദാരിദ്ര്യത്തെ ലിബറല്‍ – മാര്‍ക്സിസറ്റ് വർഗ വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കുന്നവർ വരെയുണ്ട്. അവരുടെ അഭിപ്രായത്തിൽ വെളിച്ചപ്പാടിന്റെ ഭാര്യ ഒരു പുതിയ തൊഴിൽ കണ്ടെത്തുന്നതിലൂടെ വർഗത്തിലേക്കും വർഗബോധത്തിലേക്കും പ്രവേശിക്കുകയാണ്. യഥാർത്ഥത്തിൽ ഇത്തരം വര്‍ഗ വിശലകനം, കേരളീയ സമൂഹത്തിലെ ജാതിയെ മാർക്സിസം കൊണ്ട് മറച്ചു പിടിക്കാൻ ശ്രമിക്കുകയാണ്. കായികാദ്ധ്വാനം ഉള്ള തൊഴിൽ ജാതിത്തൊഴിൽ ആയിരുന്ന സമൂഹത്തിലാണ് വെളിച്ചപ്പാടിന്റെ ഭാര്യ നാരായണി ലൈംഗികതൊഴിലാളിയായി മാറുന്നത്. കായികാ ദ്ധ്വാനം നടത്തിയിരുന്നത് തങ്ങളേക്കാൾ ജാതിയിൽ കുറഞ്ഞ മനുഷ്യർ ആയതുകൊണ്ട് ആ പണി തന്റെ ജാതിക്കു ചേർന്നതല്ല എന്നതു കൊണ്ട് കൂടിയാണ് നാരായണിക്ക് കൂലിപ്പണിയെക്കാൾ അന്തസ്സുള്ള തൊഴിലായി ലൈംഗിക തൊഴിൽ തോന്നുന്നത്. മനുഷ്യരുടെ ഗതികേട് കൊണ്ടാണ് ഇത്തരം തൊഴിലിടങ്ങളുണ്ടാവുന്നത്. ലൈംഗിക തൊഴിലിൽ സദാചാര പ്രശ്നത്തെ മാറ്റി നിർത്തിയാൽ മറ്റേതു തൊഴിൽ പോലെയും സാമൂഹ്യ അന്തസ്സുള്ള ഒന്നായി കാല്പനികവത്കരിക്കുന്നവരുടെ വർഗ വിശകലനത്തിനു പിടികിട്ടാതെ പോകുന്ന കാര്യവുമതാണ്. എല്ലാ തൊഴിലിനും മാന്യതയുണ്ടെന്ന ഗാന്ധിയൻ ജാതികാപട്യമാണ് യഥാര്‍ത്ഥത്തില്‍ ഈ വർഗ വീക്ഷണത്തിൽ പതിയിരിക്കുന്നത്. മലം കോരുന്ന തൊഴിലിനും മാന്യതയുണ്ട് എന്ന് ഗാന്ധി പറയുന്നത് ജാതി ത്തൊഴിൽ നില നിൽക്കാൻ വേണ്ടിയാണ്. കായികാദ്ധ്വാനം ജാതി തൊഴിൽ ആയിരിക്കുന്ന സമൂഹത്തിലാണ് നാരായണി ലൈംഗിക തൊഴിൽ സ്വീകരിക്കുന്നത് എന്ന സാമൂഹ്യ യാഥാർത്ഥ്യം മറച്ചു വെയ്ക്കുകയും നാരായണി ഇതാ പുതിയ വർഗ്ഗത്തിലേക്കു പ്രവേശിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നവർ ആത്മപരിശോധന നടത്തുന്നത് നല്ലതായിരിക്കും. നിങ്ങൾ സ്വയം ജീവിക്കാൻ തയ്യാറാവാത്ത ഒരു ജീവിതവും തൊഴിലും മാതൃകാപരമെന്നു മഹത്വവല്‍ക്കരിക്കരുത്. ആരാന്റെ ജീവിതത്തിനും അന്തസ്സുണ്ട്. നാരായണിക്കും അതിനു അവകാശമുണ്ട്. നിങ്ങള്‍ അത് അനുവദിച്ചു കൊടുക്കണം.

എം ടി യുടെ സാഹ്യത്യ – സിനിമാ ലോകം നിർവഹിച്ച രാഷ്ട്രീയ ദൗത്യം, യാതൊരു അദ്ധ്വാനത്തിലും ഏർപ്പെടാത്ത സവർണ വിഭാഗങ്ങളുടെ ദാരിദ്ര്യംപറച്ചിലിനു സാമൂഹിക മാന്യതയുണ്ടാക്കി ക്കൊടുത്തു എന്നതാണ്. നമ്മുടെ സിനിമയിലും നോവലിലും ധാരാളമായി അവതരിപ്പിക്കപ്പെട്ട ഇത്തരം ദാരിദ്ര്യം പരിഹരിക്കേണ്ടത്, ഒരു സാമൂഹ്യ പ്രശ്നമായി പിന്നീട് മാറുകയായിരുന്നു. ഭൂപരിഷ്ക്കരണത്തിലൂടെ ഭൂമി നഷ്ടപ്പെട്ട് പാപ്പരായി എന്ന തെറ്റിദ്ധാരണകൾക്കും ഇത് ഇടയാക്കിയിരുന്നു. ഒരു ആശയം വെറുമൊരു ആശയമല്ല എന്നും അതിനു സാമൂഹ്യ പിൻബലം ഉണ്ടായാൽ അതൊരു ഭൗതികശക്തിയായി മാറുമെന്നും ഉള്ള മാർക്സിയൻ വിശകലനം യാഥാര്‍ത്ഥ്യമായി മാറുന്നതായിരുന്നു പിന്നീട് കണ്ടത്. എം ടി സാഹിത്യങ്ങളിലും സിനിമയിലും സാമൂഹ്യ വേദനയായി മാറിയ, ഒരു അദ്ധ്വാനത്തിലും ഏർപ്പെടാത്ത ചില മനുഷ്യരുടെ പ്രശ്നം സവർണ സംവരണം കൊടുത്തു പരിഹരിക്കേണ്ട ഒന്നായി പിന്നീട് മാറുകയാണ്. ഒരു പണിയും എടുക്കാത്ത മനുഷ്യരുടെ പട്ടിണിയും വിശപ്പും കണ്ടു കണ്ണീർ വാർത്ത മലയാളി വായനക്കാരനും പ്രേക്ഷകനും എന്തുകൊണ്ടാവും ഇവരൊന്നും ഒരു പണിക്കും പോകാത്തത് എന്ന് ഒരു നിമിഷം പോലും ചിന്തിക്കാൻ സാദ്ധ്യതയില്ല. കാരണം ജാതി ബോധത്തില്‍ ജനിച്ചു ജീവിക്കുന്ന ഇന്ത്യക്കാരന്റെ മനസ്സ് ജാതി ഗ്രേഡ് അനുസരിച്ചാണ് ചിന്തിക്കുന്നത്.


പരിണയം എന്ന സിനിമയിൽ ഭ്രഷ്ട് കല്പിച്ചു പടിയടച്ചു പിണ്ഡം വെയ്ക്കുന്ന താത്രിക്കുട്ടിക്കു വേണ്ടി പടിപ്പുരക്ക് വെളിയിൽ മുസ്ലിം പ്രമാണിമാരും മറ്റും കാത്ത് നിൽക്കുന്നുണ്ട്. ആ സമയത്തു അവരിൽ നിന്നും താത്രിക്കുട്ടിയെ രക്ഷിക്കാൻ മനയ്ക്കലെ പണിക്കാരിയായ നായർ സ്ത്രീ ഓടി വരുന്നുണ്ട്. ആൺകൂട്ടത്തിൽ നിന്നും താത്രിക്കുട്ടിയെ രക്ഷിച്ചുകൊണ്ട് അവർ പറയുന്നത് , ‘അടിയന്റെ കുപ്പാട്ടിലേക്ക് വരാം, മനയ്ക്കലെ പണിയില്ലെങ്കിലും കഴിഞ്ഞ് കൂടാനുള്ളത് അടിയന്‍ നയിച്ചുണ്ടാക്കും’ എന്നാണ്. നായർ എന്ന നിലക്ക് ആ സ്ത്രീയുടെ മനസ്സ് ജാതി ഗ്രേഡിൽ ആണ് ചിന്തിക്കുന്നത്. മനയ്ക്കലില്‍ നിന്നും പുറത്താക്കിയ നമ്പൂതിരി സ്ത്രീക്ക് വീട്ടിൽ താമസിക്കാൻ സൗകര്യം കൊടുക്കാം എന്ന് മാത്രമല്ല, താൻ അദ്ധ്വാനിച്ച് പുലര്‍ത്തിക്കോളാം എന്ന് കൂടിയാണ് അവര്‍ പറയുന്നത്. നമ്പൂതിരിസ്ത്രീ സ്വന്തം നിലയ്ക്ക് ഏതെങ്കിലും ജോലി ചെയ്യേണ്ടവരാണെന്ന് നായര്‍ സ്ത്രീക്ക് ചിന്ത പോകില്ല.കാരണം നമ്പൂതിരിമാരും ജീവിക്കാന്‍ സ്വന്തമായി പണിയെടുക്കണമെന്ന് ജാതിഗ്രേഡില്‍ ജീവിക്കുന്ന ഒരാള്‍ക്ക് തോന്നില്ലയെന്നത് ജാതിഘടനയുടെ സ്വഭാവമാണ്. മനുഷ്യൻ മനുഷ്യനോട് എന്ന രീതിയിലല്ല, മുൻപിൽ വരുന്നവന്റെ ജാതി നോക്കി പെരുമാറാനാണ് ജാതി വ്യവസ്ഥ മനുഷ്യനെ പരീശീലിപ്പിക്കുന്നത്. എംടി സാഹിത്യത്തിലെ ദാരിദ്ര്യം വായിച്ച് കണ്ണീര്‍ വാര്‍ത്തത് മഹാഭൂരിപക്ഷം നായര്‍ സമുദായക്കാര്‍ മാത്രമല്ല, നായരേക്കാള്‍ കുറഞ്ഞ സാമൂഹ്യ പദവിയുള്ളവര്‍ കൂടിയാണ്‌. അവരും മറിച്ച് ചിന്തിക്കാതിരുന്നതിന് കാരണം, നമ്പൂതിരി സ്ത്രിയോട് മനയ്ക്കലെ പണിക്കാരിയായ നായര്‍ സ്ത്രീക്ക് തോന്നുന്ന അതേ ജാതി വിധേയത്വബോധം തന്നെയാണ്‌. നമ്പൂതിരി സ്ത്രി പണിയെടുക്കണമെന്ന് സ്വപനത്തില്‍ പോലും അവര്‍ക്ക് തോന്നാത്തത് പോലെ ,ഒരു പണിയുമെടുക്കാതെ വെറുതെ ഇരുന്ന് ദാരിദ്ര്യം പറയുന്ന നായര്‍ തറവാട്ടിലെ ചെറുപ്പക്കാർക്കും സ്ത്രികള്‍ക്കും എന്ത് കൊണ്ട് പണിക്ക് പോയിക്കൂടാ എന്ന് കീഴ്ത്തട്ട് സമൂഹത്തിലെ വായനക്കാരും ആലോചിക്കില്ല. നോവല്‍ വായിക്കുന്നവന്റെയും സിനിമ കാണുന്നവന്‍റെയും ചിന്തകളില്‍ ഉള്ളത് സവര്‍ണ വിഭാഗങ്ങള്‍ പണിയെടുക്കേണ്ടവര്‍ അല്ല എന്ന ഉറച്ചു പോയ ജാതി വിധേയത്വബോധമാണ്. കേരളത്തില്‍ ഇത്രയേറെ മാര്‍ക്സിസ്റ്റ് ബുദ്ധിജീവികളും, വര്‍ഗ വിശകലന വിദഗ്ദ്ധരും ഉണ്ടായിട്ടും എന്ത് കൊണ്ടാണ് എംടി പറയുന്ന ദാരിദ്ര്യം വര്‍ഗ പ്രശ്നമല്ല എന്നവര്‍ പറയാതിരുന്നത്? ഒറ്റകാരണമേയുള്ളു. ഒന്നുകിൽ അവര്‍ സവര്‍ണര്‍ ആയിരിക്കും ,അല്ലങ്കില്‍ പിന്നോക്ക സമുദായങ്ങളില്‍ നിന്നുള്ളവര്‍ ആയിരിക്കുമ്പോഴും മനയ്ക്കലെ നമ്പൂതിരി സ്ത്രിയോട് നായര്‍ പണിക്കാരിക്ക് തോന്നുന്ന അതേ ജാതിവിധേയത്വ ബോധം പേറുന്നവര്‍ ആയിരിക്കും.

തുടരും…

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like