ഇതൾ 8
കഴിഞ്ഞ നാലുവർഷങ്ങളിൽ ജീവിച്ച ജീവിതത്തിന്റെ വിളവെടുപ്പ് കാലത്തിലൂടെയാണ് ഈ യാത്ര. ഒട്ടുമേ ആവതില്ലെന്ന് വല്ലാതെ മടുത്തുപോകുമ്പോഴും തോറ്റു പോകരുതെന്ന് മനസ്സ് വാശിപിടിക്കുന്നു.
ആ വൈരലോക്കറ്റിന്റെ വിഷയത്തിന് ശേഷം പലതരം അപമാനങ്ങളാണ് ഏൽക്കേണ്ടിവരുന്നത്. അമ്മവീട്ടിൽ പോയ് കുറച്ചുദിവസം നിൽക്കണമെന്നുണ്ട്, പക്ഷേ അനുവാദം ചോദിക്കാൻ വയ്യ. വിട്ടിൽ നിന്നും ആരെങ്കിലും ഇങ്ങോട്ട് വന്നിട്ടും മാസങ്ങളായി. കഥയൊന്നുമറിയാതെ അവർ… സരസ്വതിയും ഇന്ദിരയും അക്കായോട് പിണക്കമായിരിക്കും. അവസാനം ചെന്നപ്പോൾ രണ്ടാൾക്കും ദാവണിവാങ്ങി നല്കാമെന്ന് വാക്കുകൊടുത്തിരുന്നു. ശേഖറിന് അനന്തിരവനൊപ്പം കളിച്ച് കൊതിമാറിയിരുന്നില്ല…
ഇവിടെ സദാ ചാരന്മാരുടെ കണ്ണുകൾ… ഒരു കത്തെഴുതാൻ പോലും സാധിക്കുന്നില്ല. പ്രസവം ഇവിടെയാണെന്ന് അമ്മവീട്ടില്‍ അറിയിച്ചിട്ടുണ്ട് പോലും.
എല്ലാം ഇവിടുന്ന് കടത്തി അമ്മവീട്ടിൽ കൊടുക്കുകയായിരുന്നുവത്രേ താൻ..
സാവിത്രിയുടെ വാല്യക്കാരികൾ മറ്റ് വാല്യക്കാരികൾക്കിടയിൽ പടർത്തിവിടുകയാണ് കഥകൾ. ഇതിന്റെ പിന്നിൽ എന്തെന്ന് അറിയാത്തവളല്ല താൻ.
എല്ലാം അറിയുന്ന അത്തയുടെ മൗനം! സാവിത്രിയുടെ നിസംഗത!
കാക്കയ്ക്കും തൻ കുഞ്ഞ് പൊൻകുഞ്ഞെന്ന ചൊല്ല് എത്ര ശരിയാണ് .
അദ്ദേഹത്തിന്റെ ഭീരുത്വമാണ് തന്നെ എല്ലാത്തിലുമധികം സങ്കടപ്പെടുത്തുന്നതും, പരാജയപ്പെടുത്തുന്നതും.
ഭർത്താവ് എത്ര നല്ലവൻ എന്നതല്ല, അവന്റെ മനോവീര്യം അതാണവൾക്ക് ബലമാകുന്നത്. അല്ലാത്തപക്ഷം അവൾ സ്വയം അവളെ കാത്തല്ലേ മതിയാകൂ… എന്തൊക്കെ അപവാദപ്രചരണങ്ങൾ ഉണ്ടായാലും നിവർന്നുനിന്നല്ലേ പറ്റു…
രാജപുത്രിയായ് ജനിച്ച് വീരനൊരുവന്റെ പത്നിയായ് ജീവിതം തുടങ്ങിയ ദ്രൗപദിയോട്
ആ കുന്തി കാട്ടിയ അനീതി..
വില്ലാളിവീരൻ അർജ്ജുനൻ കാട്ടിയ അനീതി….
സ്ത്രീ പുതയ്ക്കേണ്ടിവരുന്ന അനീതിയുടെ ചാരനിറമുള്ള കുപ്പായത്തിന് ഇതിഹാസങ്ങളോളം പഴക്കം.
ആശിച്ചുപോയതിനെയൊക്കെയും സ്വന്തമാക്കിയിട്ടുണ്ട് പോലും. ഇവിടെയും അത് സംഭവിക്കുംപോലും.
പക്ഷേ ഇവിടെ അവന് തെറ്റും.
അമ്മയുടെ പ്രസവവാതിലേതെന്നറിയാത്ത, അമ്മമുലയെയറിയാത്ത ഒരുവന്റെ കാമം!
വീട്ടുകാരെയൊളിച്ച് ജോലിക്കാരികളുടെ കൈവശം പലപ്പോഴായ് ആ വിടൻ കൊടുത്തുവിട്ട സമ്മാനങ്ങൾ വലിച്ചെറിഞ്ഞ്, അവരെ ആട്ടിപ്പായിച്ചത് അവനൊരടിയായി…… അതാണ് അവൻ ചുവട് മാറ്റിക്കളിക്കുന്നത്…
കള്ളിയെന്ന് അപമാനപ്പെടുത്തിയും ഭയപ്പെടുത്തിയും വരുതി യിലാക്കാമെന്നാവും..
ത്ഫൂ..
അടിവയർ കൊളുത്തിപ്പിടിച്ച് പുറപ്പെട്ടുവരുന്ന വേദന….
“അമ്മാ…. “
“അത്തേ…”
“അമ്മാ അവിടെ ചിന്നമ്മാക്ക് നോവുതുടങ്ങി, ഓടി വായോ”
വാല്യക്കാരികളിലാരോ വിളിച്ച് പറയുന്ന ശബ്ദം…..
അടുത്തുവരുന്ന കാലടിശബ്ദങ്ങൾ….
പെരിയ അണ്ണാ ആയിരിക്കുന്നു എന്റെ കണ്ണാ. അതും അഴകാന ഒരു തങ്കത്തിന്റെ..
അവൾക്ക് മുലകൊടുക്കുന്നത് ആശയോടെ നോക്കിനിൽക്കുകയാണ് തെമ്മാടി..
അവളെ ഊട്ടിയശേഷം അൽപ്പം അമൃത് അവനും നൽകി..
എന്റെ മക്കൾ!
ഈ ജന്മം ഏത് അഗ്നിപരീക്ഷയും താണ്ടാൻ ഇവർമതി തനിക്ക്.
എന്റെ …. എന്റെ തങ്കങ്ങൾ!
ഇന്നലെ കുഞ്ഞിനെ കാണാൻ ശേഖർ വന്നിരുന്നു. വെറും കയ്യോടെയാണ് അവൻ വന്നത്.
” അവര് തനിയെ പോകവേണ്ടാ, ചിന്നപൊണ്ണുക്ക് നഖൈയ് വാങ്കിനത്ക്ക് അപ്പറമാ, പോലാംടാ ന്ന് നെറയെവാട്ടി ശൊന്നോം.. ആനാ എന്നാലെ മുടിയലെയ് അക്കാ… കണ്ണാവെയും പാത്ത് എവളവ് നാളാച്ച്”
പാവം അപ്പ… ചെറുമകൾക്ക് അണിയിക്കേണ്ട സ്വർണ്ണത്തിനായുള്ള നെട്ടോട്ടത്തിലാവും…
“അപ്പാവോടെ ഒടമ്പ് എപ്പിടിയിരുക്കെടാ?”
അമ്മാ എപ്പിടിയിരുക്കോം?”
എന്റെ എല്ലാ ചോദ്യങ്ങൾക്കും
“എല്ലാമേ സൂപ്പറായിരുക്കക്കാ” എന്ന് വീട്ടിൽനിന്ന് പഠിപ്പിച്ച് വിട്ട ഒരേ മറുപടിയായിരുന്നു അവന്.
അദ്ദേഹവും ഇവിടുള്ളവരും അവനോട് നന്നായാണ് പെരുമാറിയത്. അവന്റെ കയ്യിൽ അത്തയൊരു വാച്ചും കെട്ടിക്കൊടുത്തു. അടുത്തവർഷം മുതൽ ഇവിടെനിന്നും പഠിക്കാൻ പറഞ്ഞിരിക്കുന്നു അവനോട്…
ഇത്ര ദിവസം അനുഭവിച്ച വേനലിന് അയവ്…
എങ്കിലും ആ വൈരലോക്കറ്റിനെ ഞാൻ കണ്ടെത്തുകതന്നെ ചെയ്യും.
“അമുദം .. നാൻ തിരുമ്പി വരതുക്ക് ചാങ്ക്യാലം ആവുംന്നാ….. പാപ്പാവെ നല്ലാ പാത്തുക്കോ…
എതുക്കും എന്തിക്ക വേണ്ടാ… കണ്ണായെ പക്കത്തിലെ പടുക്കവയ്ക്കാതെ, ഏതാവത് വേണംന്നാ രമണിയെ കൂപ്പിട് എന്നാ…. “
അത്ത വൈക്കത്ത് ഒരു കല്യാണത്തിന് പോകുകയാണ്… അതാണീ നിർദ്ദേശങ്ങൾ..
ഇനിയിത് കണ്ണാടെ രാജ്യം!
ഇനി എന്താണ് ഞാൻ നിങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടേണ്ടത്? നിങ്ങൾ ഇത്ര നാൾ കാത്തിരുന്ന ആ ദിവസത്തിലാണ് ഞാനിപ്പോൾ…
കാണുന്നില്ലേ, എന്റെ മകൻ കണ്ണായെ? അവൻ അമ്മവോടെ ചൂടുംപറ്റി ഒരു കാൽ അമ്മാവോടെ വയറ്റിലുംവെച്ച് സുരക്ഷിതത്വത്തിൽ വിരലുണ്ടുറങ്ങുന്നത്….
അവന്റെ ഈ ഭാഗ്യം ഇവിടെ അവസാനിക്കുകയാണ്…
ഇരുപത്ദിവസങ്ങൾക്ക് മുമ്പ് മാത്രം ഈ ഭൂമിയിലേക്ക് വന്ന എന്റെ മകളെ കണ്ടോ? എത്ര ശാന്തമായാണ് അവളുറങ്ങുന്നത്. ഉറക്കത്തിൽ അവളുടെ ചുണ്ടുകൾ വിതുമ്പുന്നത് കാണുന്നില്ലേ…?
ദീർഘദർശനം ചെയ്യുന്ന കുഞ്ഞുങ്ങൾ!
അവസാനത്തെ ചുരത്തലിനാവും മാറ് വല്ലാതെ വിങ്ങുന്നു.
വിതുമ്പുന്ന കുഞ്ഞിന്റെ ചുണ്ടുകൾക്കിടയിൽ മുലഞെട്ട് തിരുകിക്കൊടുത്തു….
വാതിൽക്കൽ ആരുടെയോ കാൽപ്പെരുമാറ്റം.
വാതിൽപ്പാളിയിൽ വിരലുകൾ ..
അവൻ!
മുലഞെട്ട് കുഞ്ഞിന്റെ വായിൽനിന്നും വലിച്ചെടുത്തപ്പോൾ അവളുടെ മുഖമാകെ മുലപ്പാൽ.. അവൾ കരഞ്ഞതേയില്ല.. അതേ ഉറക്കത്തിൽത്തന്നെ…
“എന്ന അമുദം പാപ്പാവുക്ക് പാലൂട്ടറേനോ”
ആസക്തിയോടെ നെഞ്ചിലേക്ക് വീണ അവന്റെ നോട്ടം…

“ഉന്നോടെ തമ്പിക്ക് നാനൊരു വാച്ചൈയ് കൊടുത്തനപ്പിനോം, നീ പാത്തയോ?”
അവൻ മുറിക്കുള്ളിൽ കയറുകയാണ്…
” പെരിയണ്ണാ… വെളിലെ പോ … “
“എന്നാച്ച്, ഭയമാ?”
“നമ്മ മട്ടുംതാൻ ഇങ്കെയിരുക്ക്, ആരുമേ തെരിയാത് മ്മാ.. ധൈര്യമായിരി”
“ച്ചീ… യാർക്കിട്ടെ, എന്ന പേസികിറോം? നാൻ ഉങ്ക്ളോടെ തമ്പിപൊണ്ടാട്ടി, ഉങ്ക പൊണ്ണുക്ക് സമം”
“പെരിയ വാർത്തയെല്ലാം പേസാതെ അമുദം, നീ പഠിച്ചവ, എനക്ക് തെരിയും, നീ എനക്കും മൊറപ്പൊണ്ണ്, എന്ത തപ്പും കിടയാത്. ഉനക്ക് വൈരലാക്കറ്റ് വേണ്ടാമോ? വീട്ട് ചാവി വേണ്ടാമോ? മുന്നമാതിരി ഇങ്കൈയ് വാഴവേണ്ടാമോ?”
കൗരവസഭയിലകപ്പെട്ട ദ്രൗപദിയെന്നോണം പിടഞ്ഞുണർന്നു..
ഞൊടിനേരത്തിൽ
അവനെ തള്ളിമാറ്റി പുറത്തേക്കോടി..
ആരും… ആരുമില്ലേ .. ഇവിടെങ്ങും?
അവന്റെ കൈകൾക്കുള്ളിൽക്കിടന്ന് കുതറുകയാണ്….
മാനത്തിനായ് ഇവനുമുന്നിൽ യാചിക്കുവാനോ?
വയ്യ…
അതിലുമെത്രയോ അന്തസുള്ളതാണ് മരണം…
കുളിപ്പുരയിലേക്കാണ് ഓടിക്കയറിയത്. വെള്ളം വേതിടാൻ വച്ചിരിക്കുന്നു. മണ്ണെണ്ണയാണ് കയ്യിൽ കിട്ടിയത് …
“ഉനക്ക് അമുദത്തെ ഇന്ത ജന്മം മട്ടും ഇല്ലൈയ്, എന്ത ജന്മത്തുക്കും കിടയ്ക്കാത്”
ഏഴ് ജന്മത്ത്ക്ക് നീ നല്ലായിരുക്കമാട്ടാൺടാ… കണ്ടിപ്പാ… മാട്ടോം… എന്നോടെ ഇന്ത വേവ് ഉന്നൈയ് തുരത്തീട്ട് താൻ ഇരുക്കും… പെത്ത വയറ് ടാ… അതോടെ ചൂട്”
അവിടംകൊണ്ടും തീർന്നില്ല…
പൊള്ളിയടർന്ന് പതിനാറ് ദിവസങ്ങൾ! വാഴയിലയിൽ തേനിൽമുങ്ങിക്കിടന്നു..
സംഭവിച്ചതൊന്നും ഞാനായിട്ട് ആരോടും പറഞ്ഞില്ല.. പക്ഷേ എല്ലാവർക്കും എന്തൊക്കെയോ അറിയാമായിരുന്നു…
ആ പതിനാറുദിവസത്തെ കിടപ്പിൽ ഒരിക്കൽപോലും ഞാനെന്റെ ഭർത്താവിനെ കാണാൻ ആഗ്രഹിച്ചില്ല. അദ്ദേഹം അടുത്തുവന്നപ്പോഴൊക്കെയും ഞാൻ കണ്ണുകൾ ഇറുകെയടച്ചു… മനസ്സും!
വിട്ടുപോയ ചിലത് പൂരിപ്പിക്കാൻ മനുഷ്യസഹജമായ ചോദന….
എല്ലാ ഊഹാപോഹങ്ങൾക്കും ഒടുക്കം
കടങ്കഥപോലെ യാത്രയാകുന്നതിന് തൊട്ടുമുമ്പ് അത്ത വന്നു… ഏറെ കരഞ്ഞു…
“ഇപ്പോ അഴ്ത് എന്ത പ്രയോജനം അത്തൈയ്? എനക്ക് തെരിയും നാൻ പോകപ്പോറോംന്ന്… ഉങ്കൾക്കിട്ടൈ എനക്ക് എന്ത കോപവും കിടയാത്… നീങ്കോ സാധാരണമാ ഒരു തായ്…
ആനാ…
ഉങ്ക്ളോടെ പെരിയപയ്യൻ മാതിരി ഏൻ മകൻ വരക്കുടാത്… ചിന്നവൻ മാതിരി ഒരു കോഴൈയും ആകക്കൂടാത്…..
കണ്ണാ ഏൻ ഉയിർ, അമുദത്തോടെ മകൻ! നാൻ അവനെ പാത്ത്ക്കിട്ടേ ഇരുപ്പോം”
ഊർന്നുപോകുമ്പോൾ പ്രാണൻ
പൂവുപോൽ
ശലഭച്ചിറകുപോൽ …
ജീവന്റെ ഉച്ചിയില്‍ ഒരില പാകമെത്താതെ ഉണങ്ങിക്കൊഴിയുന്നു!
വര : പ്രസാദ് കാനത്തുങ്കൽ
കവർ : സി പി ജോൺസൺ