പൂമുഖം LITERATUREകഥ പറപ്പള്ളിക്കണ്ടത്തിൻ്റെ ഭാണ്ഡം

പറപ്പള്ളിക്കണ്ടത്തിൻ്റെ ഭാണ്ഡം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.


അത്യാഹിത വിഭാഗത്തിൽ നിന്നും വിളി വന്നു. ചെല്ലുമ്പോൾ സ്‌ട്രെച്ചറിൽ വീർത്ത വയറുമായി ഒരു സ്ത്രീ കിടക്കുന്നു. അടുത്തു നിന്ന രണ്ട് വനിതാ പോലീസുകാർ സല്യൂട്ട് അടിച്ചു. പേപ്പറുകൾ തന്നു.
“മാഡം വനിതാ ജയിലിൽ നിന്നുമാണ്. രണ്ടു മൂന്ന് ദിവസമായി ഇവർ വലിയ ബഹളമായിരുന്നു. വയറു വേദനയാണെന്നും പറഞ്ഞു പല അഭ്യാസങ്ങളും
എടുത്തു.”
“അഭ്യാസങ്ങളെടുത്തെന്നോ? സുഖമില്ലാത്ത ആളെ വേഗം ആശുപത്രിയിലെത്തിക്കുകയല്ലേ വേണ്ടത്? അല്ലാതെ ക്രിട്ടിക്കലായിട്ടാണോ കൊണ്ടുവരുക?”
“കൊലപ്പുള്ളിയാണ്. പലരും വെളിയിൽ ചാടാൻ ഇത്തരം അടവുകളൊക്കെ കാട്ടും മാഡം. അതു കൊണ്ട് അത്ര വില കൊടുത്തില്ല. ജയിലിലെ ഡോക്ടർ മരുന്നൊക്കെ കൊടുത്തു. ഇന്ന് രാവിലെ നോക്കുമ്പോൾ സെല്ലിൽ ബോധമില്ലാതെ കിടക്കുന്നു.”

പരിശോധിക്കുമ്പോഴേ മനസ്സിലായി. എമർജൻസി ഓപ്പറേഷൻ വേണം. ചീഫിൻ്റെ പെർമിഷൻ എടുക്കണം. സാധാരണ അദ്ദേഹമാണ് ഓപ്പറേഷൻ ചെയ്യുക. മറ്റുള്ളവർക്ക് അങ്ങനെ കേസ് കൊടുക്കില്ല. അതിൻ്റെ നേട്ടം വീട്ടിൽ കിട്ടും എന്നാണ് അറ്റൻഡർമാർ പോലും കുശുകുശുക്കുന്നത്. സാമൂഹ്യസേവകൻ. വന്നുനോക്കിയിട്ട് അദ്ദേഹം ഉപദേശ രൂപേണ പറഞ്ഞു.

“ഈ കേസെടുക്കണോ? പ്രശ്നമാണ്. മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്താൽ പോരെ? പോലീസ് കേസാണ്. വല്ലോം പറ്റിയാൽ സ്റ്റേഷനും കോടതിയുമായി കേറി ഇറങ്ങണം.”

അയലത്തു കൂടി പോയാൽ പിടിച്ചു കത്തിവെക്കുന്ന ആളാണ്. ഇവിടെ നേട്ടം ഇല്ലെന്ന് ഡോക്ടർക്ക് നന്നായി അറിയാം.
“അതു വേണ്ട സാർ. ഉടനെ വേണ്ട ഓപ്പറേഷനാണ്. ഞാൻ ചെയ്യാം.”
പറയുമ്പോൾ ഡോക്ടർ ജയന്തിക്ക് ഒരു സംശയവുമുണ്ടായിരുന്നില്ല.
“ശരി ചെയ്തോളു. ബട്ട് ബീ കേർഫുൾ.”
തിയേറ്ററിനുള്ളിൽ വച്ചാണ് ശരിക്കും മുഖം കാണുന്നത്. ഈശ്വരാ! ഇത് പറപ്പള്ളിക്കണ്ടമല്ലേ? മുടി ഏതാണ്ടെല്ലാം നരച്ചിട്ടുണ്ട്. മുഖത്തൊക്കെ ചുളിവുകൾ വീണിട്ടുണ്ട്. കൂടാതെ കറുത്തു കരുവാളിച്ചിട്ടുണ്ട്. എന്നാലും അവരുടെ കത്തുന്ന സൗന്ദര്യം ഒരു മിന്നായം പോലെ മുഖത്തുണ്ട്. വറ്റിവരണ്ടെങ്കിലും ചുണ്ടിൻ്റെ തുടിപ്പ് പിന്നെയും ബാക്കി. എത്ര പേരുടെ ഉറക്കം കെടുത്തിയ സുന്ദരിയാണ്.
ഉറപ്പ്. അവർ തന്നെ.

എന്താണിവരുടെ ശരിയായ പേര്? പെട്ടെന്ന് അതൊരു കൗതുകമായി ഡോക്ടർ ജയന്തിയുടെ മനസ്സിലേക്ക് വന്നു. സിസ്റ്ററിനോട് പറഞ്ഞാൽ ഫയൽ നോക്കി ശരിയായ പേര് പറഞ്ഞു തരും. അഡ്മിറ്റ് ചെയ്തപ്പോൾ പോലും പേര് ശരിക്കും ശ്രദ്ധിച്ചില്ല.
അല്ലേൽ വേണ്ട. ഇനി ഇത് കഴിയട്ടെ.

“അല്ലെങ്കിൽ തന്നെ ഒരു പേരിൽ എന്തിരിക്കുന്നു? നമ്മുടെ മുൻപിൽ വരുന്ന രോഗികളെല്ലാം നമ്മളെ ദൈവമായി കാണുന്നു. അവരുടെ അസുഖങ്ങൾ മാറ്റിക്കൊടുക്കലാണ് നമ്മുടെ ധർമ്മം. സുഖമായി കഴിയുമ്പോൾ അവർ നമ്മെ നോക്കി മൗനമായി ഒന്ന് ചിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം അതാണെൻ്റെ ഫീസ്.”

പി ജിക്ക് തൻ്റെ കൂടെയുണ്ടായിരുന്ന അശോക് പറയുമായിരുന്നു. അന്നത് കേട്ട് പലരും ചിരിച്ചു. രാമനും അബൂബക്കറും കോശിയുമൊക്കെ. കോടികൾ കൊടുത്തു സീറ്റ് വാങ്ങുമ്പോൾ അവർക്ക് ചിരിക്കാതിരിക്കാൻ പറ്റുമോ? എന്നിട്ട് പാവം അവനിപ്പോൾ എവിടെ? ലുക്കേമിയ ലാസ്റ്റ് സ്റ്റേജിലാണ് അറിയുന്നത് തന്നെ.

ഡോക്ടർ ജയന്തി ജില്ലാ ആശുപത്രിയിലേക്ക് വേഗം തിരിച്ചു വന്നു. മനസ്സിനെ നേരെ നിർത്തി. കത്തിയെടുത്തു.
വനിതാ പോലീസുകാർ തിയേറ്ററിനു പുറത്തുണ്ടായിരുന്നു. സംശയിച്ചത് ശരിയായിരുന്നു. ശരിക്കുള്ള പേരവർക്കും അറിയില്ല. സ്വന്ത സ്ഥലവും അഡ്രസ്സും പോലും അറിയില്ല. പറപ്പള്ളിക്കണ്ടം അടൂർ ബസ് സ്റ്റാൻഡ് എന്നാണ് റെക്കോർഡിലുള്ളത്.
“ആരെ കൊന്നെന്നാണ് കേസ്?”
“മകളെ. സ്വന്തം മകളെ.” ഞെട്ടിപ്പോയി.
“ഇല്ല. ഒരിക്കലും അങ്ങനെ വരില്ല. എനിക്കുറപ്പാണ്. ആ കൊച്ചിനെ നിലത്തും താഴത്തും വയ്ക്കാതെ കൊണ്ട് നടന്നതാണ്.”
“അതൊക്കെ ശരിയാണ്. പതിനൊന്ന് വയസുള്ളപ്പോഴും അതിനെ ഒക്കത്ത് താങ്ങിപ്പിടിച്ച് കഷ്ടപ്പെട്ടായിരുന്നു അവർ നടന്നിരുന്നത്. അതെല്ലാം റെക്കോർഡിലുണ്ട്.
മാഡത്തിനറിയുമോ ഇവരെ?”
“കൂടുതലറിയില്ല. കുറെ കൊല്ലങ്ങൾക്ക് മുൻപ് മിക്കവാറും കാണുമായിരുന്നു.”
“എന്തായാലും റെക്കോർഡ് പ്രകാരം സംശയാതീതമായി തെളിഞ്ഞ കേസാണ്.കഴുത്ത് മുറുക്കിയ തോർത്തും കുത്തിയ കത്തിയും ഇവരുടെ ഭാണ്ഡത്തിൽ തന്നെയുണ്ടായിരുന്നു.”

കല്യാണം കഴിഞ്ഞു ജയന്തൻ്റെ വീട്ടിൽ വന്ന് രണ്ടാം പക്കം. കുളിയും കഴിഞ്ഞു പടിഞ്ഞാറേ മുറ്റത്ത് മുടിയുടെ ഉടക്ക് കളഞ്ഞു നിൽക്കുകയായിരുന്നു. നേരം പരപരാ വെളുത്തതേയുള്ളു. എരുത്തിലിൻ്റെ മുകളിലേക്ക് പടർന്നു കിടക്കുന്ന കുമ്പളം. ഓരോ പൂക്കളിലായി മാറി മാറി കറങ്ങുന്ന കരിവണ്ട്. അതിനെയും നോക്കി നിൽക്കുമ്പോൾ എന്തോ അനക്കം കേട്ട് തിരിഞ്ഞതാണ്. തുറിച്ച കണ്ണുകളുമായി ഭ്രാന്തിയെ പോലെ ഒരു സ്ത്രീ തൊട്ടു പുറകിൽ. ഒറ്റ അലർച്ചയായിരുന്നു. താൻ പേടിച്ചതു കണ്ട്‌ ഇളിച്ചോണ്ട് നിൽക്കുന്നു. ദേഷ്യമാണ് വന്നത്. ചെളിയും അഴുക്കും നിറഞ്ഞ മുഖവും ശരീരവും. വലത്തെ തോളത്ത് അതുമിതുമൊക്കെ കുത്തിനിറച്ച ഒരു തുണി ഭാണ്ഡം. ഇടത്തെ ഇടുപ്പിൽ മറ്റൊരു ഭാണ്ഡം. അതിലൊരു കുട്ടി. രണ്ട് കൈകളിലും കൈമുട്ടിന് അല്പം മുകളിൽ വരെനിറയെ പലവർണ്ണങ്ങളിലും രൂപങ്ങളിലുമുള്ള കുപ്പിവളകൾ. നെറ്റിയിൽ മുകളിലും താഴെയുമായി പല നിറത്തിലും വലുപ്പത്തിലുമുള്ള മൂന്നു നാല് പൊട്ടുകൾ.

മുറുക്കി ചുവപ്പിച്ച ചുണ്ടുകൾ. മുഷിഞ്ഞതാണെങ്കിലും നല്ല നിലവാരമുള്ള സാരിയും ബ്ലൗസും. ഒരൊറ്റ കാഴ്ച മതി തലയ്ക്കു നല്ല സുഖമില്ലെന്നു മനസ്സിലാക്കാൻ. എങ്കിലും അവൾക്ക് ഒടുക്കത്തെ സൗന്ദര്യമായിരുന്നു. വലിയ വിടർന്ന കണ്ണുകളും വാഴക്കൂമ്പ് പോളക്കുള്ളിലെ നിറം കടം വാങ്ങിയ നനവാർന്ന ചുണ്ടുകളും.
പിന്നെ പലപ്പോഴും ആലോചിച്ചിട്ടുണ്ട്, എന്താണിവരുടെ കണ്ണുകൾക്കിത്ര വശീകരണ ശക്തി? സെക്സിലുക്ക്? ഒരുനാൾ പെട്ടെന്ന് ഉത്തരം കിട്ടി
പണ്ട് കോളേജ് കാന്റീനിൽ പുറത്തെ ചാറ്റലും നോക്കിയിരുന്ന ഒരു സായാഹ്നം. ചൂട് കട്ടൻ കുടിച്ചുകൊണ്ട് കസേര അരികിലേക്ക് വലിച്ചിട്ട് അശോകൻ പറഞ്ഞു.
“വലിയ കണ്ണുകൾ. പിന്നെ കൃഷ്ണമണിക്ക് താഴെ വലിയ വെളുത്ത ഭാഗം. അതാണ് നിനക്കിത്ര സെക്സിലുക്ക് തരുന്നത്. പ്രമീള, സിൽക്ക് സ്മിത എന്നീ നടികളൊക്കെ
ഉദാഹരണം.”

അലറി വിളിച്ചത് കേട്ട് ജയന്തൻ ഓടി വന്നു.
“ഓ, ഇത് നമ്മുടെ പറപ്പളളികണ്ടം. നീ പേടിച്ചു പോയോ? പാവം. ആരെയും ഒന്നും ചെയ്യില്ല. ഇടക്കൊക്കെ ഇങ്ങനെ വന്നു നിൽക്കും. ആഹാരമോഎന്തെങ്കിലുമോ കൊടുത്താൽ വാങ്ങിപ്പോകും. കൊടുത്തില്ലേലും അല്പംകഴിയുമ്പോൾ മിണ്ടാതെ ഇറങ്ങിപ്പോകും.
“പെട്ടെന്ന് പുറകിൽ കണ്ടപ്പോൾ ഞാൻ പേടിച്ചു പോയി.”
“അവർക്ക് കൂടുതൽ ഇഷ്ടപ്പെട്ട വീടാണെങ്കിൽ പുറകിൽ കൂടി അടുക്കള ഭാഗത്തേക്ക് പോകും. അല്ലേൽ മുൻവശത്തു നിൽക്കത്തേയുള്ളൂ. കല്യാണമാണെന്നൊക്കെ അറിഞ്ഞു കാണും. നിന്നെ കാണാനാകും അരികെ വന്നത്.”
“അതിന് ഇങ്ങനെയാണോ വരുന്നത്?”
“അത് പോട്ടെ, സാരമില്ല. നോക്കിയേ എന്തൊരു സൗന്ദര്യമാണ് അവൾക്ക്.”
“ങേ?”
“അല്ല, ഞാൻ പറയുകയായിരുന്നു. ഭ്രാന്തി അല്ലായിരുന്നെങ്കിൽ ഇവളെ എന്നേ വല്ലവനും അടിച്ചോണ്ടു പോയേനെ.” ജയന്തിക്ക് അത് ഇഷ്ടപ്പെട്ടില്ലെന്നു മനസ്സിലാക്കി അയാളത് വേഗം തമാശയാക്കി ചിരിച്ചു.അവർ ജയന്തിയെ നോക്കി പുഞ്ചിരിച്ചിട്ട്‌ അടുക്കള ഭാഗത്തേക്ക് പോയി. അവളുംഒരു ആകർഷണ വലയത്തിൽ പെട്ടപോലെ അടുക്കളയിലേക്ക് പോയി. അവർ ജയന്തൻ്റെ അമ്മയെ മുഖം കാണിച്ചിട്ട് അല്പം മാറി ശീമപ്ലാവിൻ്റെ മൂട്ടിൽ പോയി ഇരുന്നു. പിന്നെ ഇടറോഡിനപ്പുറം പായൽ കേറി പരന്നു കിടക്കുന്ന പുഞ്ചപാടത്തിനു നേരെ നോക്കി. കാഴ്ചകൾ തീരുന്നിടത്ത് പുഞ്ചപ്പെണ്ണ് നാണമില്ലാതെ നരച്ച ആകാശത്തിനെ ഉമ്മ വയ്ക്കുന്നു. പറന്നു പൊങ്ങുന്ന വെള്ള കൊറ്റികൾ. നൃത്തം ചെയ്യുന്ന വേനൽ തുമ്പികൾ. അവയൊക്കെ അവർ കുട്ടിക്ക് കാട്ടിക്കൊടുക്കുന്നുണ്ട്. തുറന്നു കിടക്കുന്ന അടുക്കള വാതിലിൽ കൂടി അവർ തൻ്റെ നേരെ നോക്കും എന്ന് കരുതി ജയന്തി അവിടെത്തന്നെ നിന്നു. എന്നാൽ ജയന്തൻ്റെ അമ്മ ഇലയിൽ ഇഡ്ഡലിയും സാമ്പാറും കൊണ്ടു കൊടുക്കുന്നതു വരെ അവർ തിരിഞ്ഞു നോക്കിയില്ല. ജയന്തിയെ കണ്ടതും വീണ്ടും നിശബ്ദമായി പുഞ്ചിരിച്ചു.

കുട്ടിയെ അരുമയോടെ ഊട്ടി. തൻ്റെ പങ്കിൽ നിന്നും അല്പം കാക്കക്കും പൂച്ചക്കും ഇട്ടു കൊടുത്തു.പിന്നീട് പലപ്പോഴായി ജയന്തനും ജയന്തൻ്റെ അമ്മയും അയൽക്കാരും നാട്ടുകാരും പറഞ്ഞു ഒരുപാടു കഥകൾ കേട്ടു.
“ഏതോ വലിയ വീട്ടിലെ പെണ്ണാണ്. ഇവിടെങ്ങും ഉള്ളതല്ല. കോഴിക്കോടോ കണ്ണൂരോ കാസർകോടൊ ഉള്ളതാണ്. പ്രേമിച്ചു ഒളിച്ചോടിയതാണ്. ബോംബയിലോ മറ്റോ ആയിരുന്നു. കാമുകൻ ചതിച്ചതാണ്. ആദ്യമൊക്കെ ഹിന്ദിയിൽ ചീത്തവിളിച്ചു നടക്കുമായിരുന്നു. കുറച്ചു നാൾ കഴിഞ്ഞു ഒന്നും സംസാരിക്കാതായി.”

“ഒരു നിവർത്തിയുമില്ലാത്ത വീട്ടിലെ കൊച്ചാണ്. താഴെ മൂന്ന് പെൺപിള്ളേർ വേറെയും. വയറ്റിലുണ്ടായി ഏഴാം മാസമാണ് വീട്ടുകാരറിഞ്ഞത്. ശാപവും വഴക്കുമായപ്പോൾ മറ്റുപിള്ളാരുടെ ഭാവിയോർത്തു അവളുതന്നെ ഇറങ്ങി പോന്നതാണ്.”

“വലിയ തറവാട്ടിലെ കൊച്ചാ. അവരുടെ പുരയിടത്തിൽ കിളക്കാൻ വന്നവൻ പറ്റിച്ച പണിയാണ്. അബോർട് ചെയ്യണമെന്ന് കാർന്നോന്മാരെല്ലാം കൂടി പറഞ്ഞപ്പോൾ ആരും അറിയാതെ വീട് വിട്ടതാണ്.”

“പൊടികുഞ്ഞുമായാണ് ഇവിടെയൊക്കെ കണ്ടുതുടങ്ങിയത്. വന്നു മുഖം കാണിച്ചിട്ട്
എവിടെയെങ്കിലും മാറിയിരിക്കും. അടുക്കള ഭാഗത്തേക്ക് പിന്നെ നോക്കത്തു പോലുമില്ല. കഴിക്കാൻ കൊടുത്താൽ വാങ്ങിക്കഴിച്ചിട്ടു പോകും. അന്തസുള്ള രീതിയാണ്.”

പണിക്കാരി നാണിത്തള്ള പറഞ്ഞത്. “അവർക്ക് ആണുങ്ങളെ വെറുപ്പാണ്.ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ആദ്യമൊക്കെ കല്ലെടുത്തെറിയുമായിരുന്നു. കൊണ്ടു പോയവൻ അവളെ വിറ്റു. യാതനയും കഷ്ടപ്പാടും ഏറെ അനുഭവിച്ചു. എങ്ങനെയോ അവിടെ നിന്നും രക്ഷപെട്ട് അവളുടെ വീട്ടിൽ പോയതാണ്. അവർഅടിച്ചിറക്കിയപ്പോൾ ഇവിടെ വന്നു പെട്ടതാണ്.”

അങ്ങനെ മനോധർമ്മം പോലെ ഓരോ കഥകൾ മെനഞ്ഞു നാട്ടുകാർ സംതൃപ്തിയടഞ്ഞു. ആഹാരം കഴിക്കാത്ത, പാഠങ്ങൾ പഠിക്കാത്ത, ഉറങ്ങാത്ത കുഞ്ഞുങ്ങളെ അമ്മമാർ പേടിപ്പിക്കും.
“;വേഗം കഴിച്ചോ. അല്ലേൽ പറപ്പള്ളിക്കണ്ടം വന്നു പിടിച്ചോണ്ട് പോകും. ഭാണ്ഡം നിറയെ പറഞ്ഞാൽ കേൾക്കാത്ത പിള്ളേരാണ്. പിള്ളേരെ പറപ്പള്ളിക്കണ്ടം കറിവച്ച് തിന്നും”

കുട്ടിയേയും എടുത്തു കൊണ്ടു ഏന്തിവലിഞ്ഞാണ് അവർ നടക്കുക. അതിനെ നടത്തിക്കുകയില്ല. താഴെ നിർത്തിയിട്ടു വേണ്ടേ? കാണുമ്പോൾ സങ്കടം തോന്നും. കുട്ടിക്ക് ഏഴുവയസ്സെങ്കിലും കാണും. കൊച്ചിനെ നടക്കാൻ വിട് എന്നാരെങ്കിലും പറഞ്ഞാൽ അതിനെ കൂടുതൽ ചേർത്ത് പിടിക്കും. മാത്രമല്ല വളർത്തുന്നത് ആൺകുട്ടിയെപ്പോലെയാണ്. വേഷം കെട്ടിക്കുന്നതും കൊണ്ടുനടക്കുന്നതും. കുട്ടിയുടെ മുടി കഴുത്തിൻ്റെ നിരപ്പിൽ മുറിച്ചിട്ടിരിക്കും. കടിച്ചു പറിച്ചപോലെ. പിച്ചാത്തിയോ മറ്റോ വച്ച് അവർ തന്നെ മുറിക്കുന്നതാകാനെ തരമുള്ളു. അയഞ്ഞ ഫുൾ കയ്യ് ഷർട്ടും കൈലിയുമാണ് വേഷം. ആണുങ്ങൾ ചെയ്യും പോലെ കൈലി മടക്കിക്കുത്തിവയ്ക്കും. നേരിട്ട് അറിയാത്തവർക്ക് അത് ആൺകുട്ടിയാണന്നെ തോന്നു. തോളത്തു രണ്ട് ഭാണ്ഡങ്ങളില്ലാതെ പറപ്പള്ളിക്കണ്ടത്തിനെ കാണാനെ സാധിക്കില്ല. ഒരു ഭാണ്ഡത്തിൽ കാലുകൾ പുറത്തേക്കിട്ട് വയറു ചുറ്റിപ്പിടിച്ചിരിക്കുന്ന കൊച്ച്. അതാണ് ട്രേഡ് മാർക്ക്.

എന്നാൽ പാറപ്പള്ളിക്കണ്ടത്തിൻ്റെ കഥ ഇതൊന്നുമല്ല എന്ന് ജയന്തി ഉറപ്പിച്ചു. ആയിടക്കൊക്കെ ആഴ്ചയിലൊരിക്കലെങ്കിലും അവർ കൊച്ചിനെയും എടുത്തുവരുമായിരുന്നു. ജയന്തൻ്റെ അമ്മ പറയും
“ഇവരൊക്കെ ദേശാടനപ്പക്ഷികളെപ്പോലെയാണ്. സീസണുകളിൽ വന്നാൽ വന്നു. നീ അവളോട്‌ ചിരിക്കുന്നതും സംസാരിക്കുന്നതും കൊണ്ടാകാം ഇപ്പോൾ വരവ് കൂടിയത്.”
“എനിക്കവരെ ഇഷ്ടമൊന്നുമല്ല. കൊച്ചിനെ ഓർത്തു സംസാരിക്കുന്നേയുള്ളു. അതിന് ഒരു ഉടുപ്പ് വാങ്ങികൊടുത്താലോ?”
“കൊച്ചിന് ആരും നേരിട്ട് ഒന്നും കൊടുക്കുന്നത് അവർക്കിഷ്ടമല്ല. അവളുടെ കയ്യിൽ കൊടുത്താൽ വാങ്ങും. പക്ഷേ പുതിയത് മാത്രമേ വാങ്ങു. അതും ആൺകുട്ടികളുടെ ഷർട്ടോ കൈലിയോ മാത്രം.”
ഇഷ്ടമല്ലെന്നറിഞ്ഞു കൊണ്ടുതന്നെയാണ് ഒരുനാൾ കൊച്ചിൻ്റെ നേരെ കൈ നീട്ടിയത്. കൈക്കിട്ട് ആഞ്ഞൊരടി കിട്ടി. ആരോടും പറഞ്ഞില്ല. പറഞ്ഞാൽ പിന്നെ ആരും അവളെ വീട്ടിൽ കയറ്റില്ല. കുറെ നാളത്തേക്ക് പിന്നവർ വന്നില്ല. അവസാനം വരുമ്പോൾ കണ്ടു, കരി കൊണ്ട് കുട്ടിക്ക് മീശ വരച്ചു വച്ചിരിക്കുന്നു. ചിരിച്ചെങ്കിലും അവർ നേരെ നോക്കുക പോലും ചെയ്തില്ല. ആരും കാണാതെ അരികെ ചെന്ന് പറഞ്ഞു.
“സോറി.”
ഉടനെ തുറിച്ചു നോക്കി. ലേസർ കണ്ണുകൾ വച്ച് ഉള്ള് പഠിക്കുന്നപോലെ. പിന്നെ പുഞ്ചിരിച്ചു. അന്നുറപ്പായി. എത്ര ഭ്രാന്തുണ്ടെങ്കിലും ചിലപ്പോഴെങ്കിലും ഇവർക്ക്എല്ലാം മനസ്സിലാകുന്നുണ്ട്. കരുതലോടെ നിന്ന്‌ ഒരു പരീക്ഷണമെന്നപോലെ വീണ്ടും കുഞ്ഞിനെ വിളിച്ചു. അവർ വെട്ടിത്തിരിഞ്ഞു നടന്നു. പിന്നെ കുറേനാളത്തേക്ക് കണ്ടില്ല.
“ജയന്തീ നിനക്കറിയുമോ? കൊച്ച് ആൺപിള്ളേരുടെ ശബ്ദത്തിലാണ് സംസാരിക്കുന്നത് പോലും. തള്ള പഠിപ്പിച്ചതാകണം. മറ്റു ആൺപിള്ളേർ കളിക്കുന്നത് കാണുമ്പോൾ കൂടെക്കളിക്കാൻ അത് ഏണിൽ നിന്നും കുതറി ഇറങ്ങി ഓടിപ്പോകും. അപ്പോൾ ഇവരുടെ വെപ്രാളം കാണണം. പിള്ളേർ കളിക്കുന്നതിനു ചുറ്റും കിടന്നു കയറു പറിക്കും. തിരികെ കൊച്ചിനെ ഏണിൽ കയറ്റിയാലേ അവർക്ക് സമാധാനമാകു.”
തെക്കേലെ ശ്യാമളച്ചേച്ചി പറഞ്ഞു.
രഹസ്യങ്ങൾ തേടിപ്പിടിക്കുക എന്നത് കുട്ടിക്കാലത്തെ തൻ്റെയൊരു ഹരമായിരുന്നു. അങ്ങനെയാണ് പറപ്പള്ളിക്കണ്ടത്തിൻ്റെ രഹസ്യം കണ്ടുപിടിക്കാൻ അവരുടെ വിഹാര കേന്ദ്രങ്ങളായ അടൂർ, കോഴഞ്ചേരി, തുമ്പമൺ മാവേലിക്കര, നൂറനാട് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ജയന്തൻ പോലുമറിയാതെ അവരെത്തേടി നടന്നത്.
സ്വന്തമായി വണ്ടിയുള്ളതു കൊണ്ട് അത് നടന്നു. ഡോക്ടറമ്മയുടെ ഭ്രാന്തിന് നഴ്സിംഗ് ട്രെയിനി ജാസ്മിനും കൂട്ടു വന്നു. ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും ചന്തയിലുമൊക്കെ അലഞ്ഞു നടന്നത് മിച്ചം. കണ്ടവരുണ്ട്. എന്നാൽ താനെവിടെയും പറപ്പള്ളിക്കണ്ടത്തെ കണ്ടില്ല. ജയന്തിക്ക് സങ്കടമായി.അശോകനുണ്ടായിരുന്നെങ്കിൽ തൻ്റെ സങ്കടം അവനോടെങ്കിലും പറയാമായിരുന്നു.വേറെയാർക്കും ഇതിനൊന്നും നേരമില്ല. ലാഭനഷ്ടങ്ങൾ കൂട്ടിക്കിഴിക്കുന്ന തിനിടയിൽകൊച്ചുകൊച്ച് നൊമ്പരങ്ങൾക്ക് ചെവികൊടുക്കാൻ ജയന്തിനിഷ്ടമല്ല. പക്ഷെ താൻആരെയോ തേടി ഊര് ചുറ്റുന്നത് കൃത്യമായി അറിഞ്ഞു വന്നു ചോദിച്ചു.
പറപ്പള്ളിക്കണ്ടത്തെയാണ് തേടി നടന്നെതെന്നത് ആശാന് ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല. വിശ്വാസവുമായില്ല.

തിരുനൽവേലിയിൽ എരുമമേട് തെരുവ്. കാളിമുത്തുവിൻ്റെ കാലിത്തൊഴുത്ത്. നെറ്റിയിൽ വെളുത്ത ചുട്ടിയുള്ള കറുമ്പിക്കിടാവ്. കട്ടിയുള്ള ചുവന്ന ചരടിൽ കൊരുത്തിട്ടിരിക്കുന്ന കുടമണിക്കിലുക്കം. അവളുടെ തല പിടിച്ചുയർത്തി അരുമയോടെ ഉമ്മ വച്ച് തമിഴഴകി പറഞ്ഞു.
“വേറെ വഴിയില്ലാക്കും. അല്ലാമെ നാൻ ഇവളെ യാർക്കും കൊടുക്കുമാട്ടെ.”
“നാങ്കെ നല്ല പാപ്പോം.” ജാസ്മിൻ്റെ കെട്ടാൻ പോകുന്ന ചെക്കൻ സെബാസ്റ്റ്യൻ അറിയാവുന്ന തമിഴിൽ പറഞ്ഞു.
“കറവയുള്ളതും കിടാക്കളുമായി ഒൻപത് എരുമമാടും മൂന്ന് പൈക്കളും നിന്ത തൊഴുത്താക്കും. ആനാൽ ഇപ്പോ ഇന്ത ഒരു പൈ മാത്രം.”
“എന്നാച്ചെ?”
“നീങ്കെ ഇന്ത ഊരല്ലെ. അനാൽ തെരിയാതെ. റാണിയായിരുന്നവളാക്കും നാൻ. എല്ലാം പോച്ച്. പാപിയാക്കും. കൊടും പാപി.”
“അപ്പടി സൊല്ലാതുങ്കോ?”
തമിഴഴകി മുറുക്കാൻ നീട്ടിത്തുപ്പി. മൂക്ക് പിഴിഞ്ഞു. കൈലിയിൽ വിരലുകൾ തുടച്ചു. ചെഞ്ചോരമാനം നോക്കി പറഞ്ഞു.
“എന്നുടെ കുളന്തെ കുരുതി കൊടുത്ത രാക്ഷസിയാക്കും നാൻ. ഫാക്ടറി വേലക്ക് മധുര പോകുമാട്ടെ എന്ന് അവൾ ചൊല്ലിയതാക്കും. അനാൽ നാൻ താൻ തൂക്കി വിട്ടത്. കാളിമുത്തു മട്ടും തിരുമ്പി വന്താച്ചെ. മധുര സ്റ്റേഷനിൽ അവളെ മിസ് ആയാച്ചെ. എങ്കെ പോയാച്ചെ. തെരിയില്ല?”
“പോലീസിൽ കംപ്ലയിന്റ് കൊടുക്കില്ലയാ?”
“കൊടുത്താച്ചെ. അവരും റൊമ്പ തേടിയാച്ചെ. ആനാൽ അവള് മട്ടും വരല്ല.”
“ആരാക്കും ഇന്ത കാളിമുത്തു?”
“കല്യാണം പണ്ണല്. ആനാൽ എന്നുടെ പുരുഷൻ മാതിരി. പാവം ഇരന്തു പോയാച്ചെ.”
“പൊണ്ണുടെ പേരെന്നാക്കും?”
“സുഗന്ധി.”
“നീങ്കെ പൊണ്ണുക്ക് അമ്മാവല്ലയ?” നയത്തിൽ സെബാസ്റ്റ്യൻ ചോദിച്ചു.
“യാര് സൊന്നത്? അന്ത വീട് തേവിടിശ്ശിയാ? അവൾ അപ്പടി താൻ സൊല്ലും. അവൾക്ക് നാൻ അമ്മാവല്ലേ. ആനാൽ അമ്മാമാതിരി. അച്ഛൻ തങ്കച്ചി. നീങ്കെകന്നുകുട്ടി വാങ്കതുക്കു വന്തതാ? അല്ലാമേ കേസുക്ക് വന്തതാ?”
“കന്നു വാങ്ങൽക്ക് താൻ. അവർ വന്ത് ലോഹ്യം കേട്ടതാക്കും.” ജാസ്മിൻ വേഗം പറഞ്ഞു.
‘ശരി. നാളേക്ക് വണ്ടിയുമായി വരാം’ എന്ന് പറഞ്ഞു എല്ലാവരും തടിതപ്പി.
പറപ്പള്ളിക്കണ്ടത്തിൻ്റെ വീട് തിരുനെൽവേലിയിൽ എരുമമേട് എന്ന സ്ഥലത്താണ്. സെബാസ്റ്റ്യന് കിട്ടിയ അറിവ്. അങ്ങനെ അവരെയും കൂട്ടി പോയതാണ്. ജയന്തൻ ടൂറിലായിരുന്നു. പോയി വന്നിട്ടാണ് പറഞ്ഞത്. കുറെ നാളേക്ക് അതിൻ്റെ പഴി കേട്ടു. പറപ്പള്ളിക്കണ്ടം അപ്പോഴും ഒരു പ്രഹേളികയായി തുടർന്നു. സുഗന്ധി. ഒരു പേര് മാത്രം ബാക്കി. അത് ഇവർ തന്നെയെന്ന് ഒരുറപ്പുമില്ല. പകരം ഇവരല്ല എന്ന് ഉറപ്പായി പറയാം എന്ന അവസ്ഥ.

പിന്നെ എപ്പോഴോ പറപ്പള്ളിക്കണ്ടവും അവരുടെ മോളും വായുവിൽ അലിഞ്ഞുപോയി. ബാൽക്കണിയിൽ നിൽക്കുമ്പോൾ ആകാശത്തു നിന്നും നൃത്തം ചെയ്തിറങ്ങി വന്ന അപ്പൂപ്പൻ താടിയെ പിടിക്കാൻ സ്റ്റെപ്പ് ഓടിയിറങ്ങി വന്ന പെൺകുട്ടിയെ കളിപ്പിച്ചു അത് അപ്രത്യക്ഷമായതുപോലെ..
വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്തായാലും താനും അതെല്ലാം മറന്നു എന്നത് സത്യം. ജയന്തി ഓർത്തു. പറപ്പള്ളിക്കണ്ടം പറന്നകന്ന പോലെ ജയന്തനും തൻ്റെജീവിതത്തിൽ നിന്നും അകന്നകന്നു പോകുകയായിരുന്നില്ലേ? ഒരു അപ്പൂപ്പൻതാടി നിശബ്ദമായി സൗമ്യമായി പറന്നകന്നു പോകും പോലെ. ഒരു ഒച്ചപ്പാടുമില്ലാതെ.

ബിസിനസ് ആവശ്യങ്ങൾക്കാണെന്നു പറഞ്ഞുള്ള യാത്രകളായിരുന്നു തുടക്കം. കൂടെയിരിക്കാൻ ഒട്ടും സമയമില്ല. തൻ്റെ കൊച്ചു കൊച്ചു സങ്കടങ്ങൾ കേൾക്കാനോ ഒരു ആശ്വാസവാക്ക് പറയാനോ നേരമില്ല. തന്നെയും കുഞ്ഞുങ്ങളെയും മറന്ന പോലെ. രണ്ട് കുട്ടികൾ ആകും വരെ ബോധ്യ പ്പെടുത്താനെങ്കിലും കേൾക്കുന്നത് പോലെ നടിക്കുമായിരുന്നു. എന്ത് പറഞ്ഞാലും സ്ഥിരം പല്ലവി.
“എന്താടീ ഇത്? ബിസിനസിൽ എനിക്ക് പിടിപ്പത് തലവേദനയുണ്ട്. ഇതുപോലെയുള്ള കൊച്ചു കൊച്ചു കാര്യങ്ങൾ നീ വിട്ടുകള. വെറുതെ ഉള്ള സമാധാനം കൂടി കെടുത്താതെ. മനുഷ്യന് അല്പം സ്വൈര്യം തരു.”

എല്ലാ ജോലിക്കും അതിൻ്റെതായ ടെൻഷൻ ഉണ്ട്. പ്രൈവറ്റ് ആശുപത്രിയിലെ ഡോക്ടറിൻ്റെ കാര്യം പറയാതിരിക്കുകയാകും ഭേദം. ഒരു ടെൻഷനും വീട്ടിൽ വന്നു പറയാറില്ല. പറഞ്ഞിട്ടും കാര്യമില്ല. ജയന്തന് ഒന്നും കേൾക്കാനും തൻ്റെ സുഖമോ സന്തോഷമോ പ്രശ്നങ്ങളോ തിരക്കാനും നേരമില്ല. രാത്രി വൈകി വന്നാലോ കാര്യം കഴിഞ്ഞു കിടന്നുറങ്ങണമെന്നല്ലാതെ വേറെ ഒരു ഉദ്ദേശവുമില്ല. കിടക്കാൻ വരുമ്പോൾഎന്തൊരു ചക്കര വർത്തമാനമാണ്. അല്ലെങ്കിൽ കണ്ട ഭാവമേയില്ല. പാരലൽപാളങ്ങളിൽ പോകുന്ന ട്രെയിനുകൾ ക്രോസിങ്ങ് സമയത്ത് സ്റ്റേഷനുകളിൽ കണ്ടുമുട്ടുന്ന പോലെയുള്ള ബന്ധം എന്നു വേണമെങ്കിൽ പറയാം.

ജയന്തി കാർ ഗാരേജിൽ കയറ്റിയിട്ടു. കിളി ഒഴിഞ്ഞ കൂട്. കുഞ്ഞുങ്ങളുടെ കൂകലുകളും കൊഞ്ചലുകളും നിലച്ച കൂട്. കൂടിപ്പോൾ കമ്പുകളുടെ കൂട്ടം.അസ്ഥികൂടം പോലെ. ഇണ ചേർന്ന് കുഞ്ഞുങ്ങളായാൽ ആൺകിളിക്ക് അവയുമായിപറന്നുപോകാമോ? പിന്നെ പെൺകിളി എന്തുചെയ്യും? മരക്കൊമ്പുകളിൽ തലതല്ലി ചാകണോ? അതോ നിഴലനക്കങ്ങൾ ഭയപ്പെടുത്തുന്ന രാവുകളിൽ നെഞ്ചിൻകൂട് കീറും പോൽ പാടണോ? ഉഭയകക്ഷി സമ്മതപ്രകാരം പിരിയുമ്പോൾ ലാഭത്തെപ്പറ്റി ചിന്തിച്ചില്ല. കുട്ടികളെ വീതംവയ്ക്കണ്ട എന്നുറപ്പായിരുന്നു. ജയകാന്തനും ജയസൂര്യക്കും അത് താങ്ങാനാവില്ല എന്നറിയാം. രണ്ടാളെയും വിട്ടുകൊടുക്കുമ്പോൾ വിട്ടുപോകുമെന്നറിഞ്ഞില്ല. വല്ലാതങ്ങു ഒറ്റപ്പെടുമെന്നുമറിഞ്ഞില്ല.

കുളി കഴിഞ്ഞു വന്നു. തലയിണ ചാരി വച്ച് കട്ടിലിലേക്ക് ചാഞ്ഞു. കയ്യെത്തി ഷെൽഫ് തുറന്നു. വിസ്‌കി കുപ്പിയും സോഡയും ഗ്ലാസുമെടുത്തു. നുരഞ്ഞു പൊങ്ങുന്ന ഇളം സ്വർണ്ണവർണ്ണം. നുണഞ്ഞെടുത്തു കവിളുകൾ പൂട്ടി.
“അൽപ്പനേരം നാവിനടിയിൽ ഇടണം. അന്നേരമെ ശരിയായുള്ള രുചിവരൂ. ചെയ്യുന്നതെന്തും ആസ്വദിച്ച് ചെയ്യണം.” ജയന്തൻ പറയും. എല്ലാം പറച്ചിൽ മാത്രം.
“ഒരു പെഗ്ഗ്. വെറും ഒരു പെഗ്ഗ്. കിറുങ്ങത്തൊന്നുമില്ലെടി. ക്ഷീണമെല്ലാം പോകും. ആകെ ഒന്നുഷാറാകും. ഒരു കപ്പു ചൂട് നെസ് കഫെ കുടിക്കും പോലേയുള്ളു.”
കിടക്കയിൽ തനിക്കു പണ്ടത്തെ വീര്യമൊന്നുമില്ലെന്ന് കണ്ടപ്പോൾ പരിഹാരമായി ജയന്തൻ കണ്ടുപിടിച്ച ഔഷധമാണ്.
വേണ്ട, പറ്റില്ല എന്ന് തനിക്കു വേണമെങ്കിൽ പറയാമായിരുന്നു. തീവണ്ടികൾ സ്റ്റേഷനിൽ എങ്കിലും കണ്ടുമുട്ടിയില്ലെങ്കിൽ എങ്ങനെ ശരിയാകും എന്നാണ് ഓർത്തത്. ഒത്തു പോകാൻ പറ്റുമെങ്കിൽ ആയിക്കോട്ടെ എന്നേ കരുതിയുള്ളൂ. എന്നിട്ടവസാനം സ്റ്റേഷനുകളിലും കാണാറില്ല എന്നായി. ഡബിൾ ലൈൻ ആയപ്പോൾ ക്രോസിങ്ങിന് പോലും നിർത്തണമെന്നില്ലല്ലോ. ആ വണ്ടിയിപ്പോൾ എവിടെ എന്ന് പോലും അറിയില്ല. പരശുറാം എക്സ്പ്രസ്സിൻ്റെ എൻജിൻ ബോഗികൾ ഉപേക്ഷിച്ചു പുത്തൻ ബോഗികളുമായി ദേശം ചുറ്റും പോലെയായി. ജയന്തനും ജയന്തിയും.
പേരിൽ തന്നെ എന്തൊരു ചേർച്ചയാണ്. കേട്ടവരൊക്കെ പറയുമായിരുന്നു. റയിലിൻ്റെ രണ്ടു പാളങ്ങൾ പോലെ. സമാന്തരം ആണെന്നേയുള്ളൂ. അശോകൻ പറഞ്ഞതാണ് ശരി.
“ഒരു പേരിലെന്തിരിക്കുന്നു. പെരുമാറ്റമാണ് പ്രധാനം.”
ജയന്തി ഡോക്ടറിനെ ഉറക്കിക്കിടത്താനൊരു ദ്രാവകം. ജയന്തൻ്റെ ഒരേയൊരു തിരുശേഷിപ്പ്. അല്ലാതെ ലഹരിയൊന്നുമല്ല. ലഹരി ജോലി തന്നെ. സർക്കാർ ആശുപത്രിയിൽ വന്ന ശേഷം നിന്ന് തിരിയാൻ നേരമില്ല. ഇവിടെ വേദനകളുടെ ഇടയിൽ. നോവുന്നവൻ്റെ നോവകറ്റും പോലെ മറ്റൊരു ലഹരിയില്ല. അപ്പോൾ കിട്ടുന്ന സന്തോഷം സുഖം ലഹരി അഞ്ചു പെഗ്ഗടിച്ചാലും കിട്ടില്ല. രാവിലെ ചെല്ലുമ്പോൾ ഐസിയു വാർഡ് സിസ്റ്റർ പറഞ്ഞു.
“മാഡം ആ സ്ത്രീക്ക് രാത്രി തന്നെ ബോധം വീണു.”

പറപ്പള്ളിക്കണ്ടം കണ്ണുകൾ തുറന്നു നോക്കി. മനസ്സിലായിക്കാണും. കുനിഞ്ഞു അവരുടെ ചെവിയിൽ പറഞ്ഞു.
“പറപ്പള്ളിക്കണ്ടം എന്നെ ഓർമ്മയുണ്ടോ?”
അവർ ഒന്നും പറഞ്ഞില്ല. തന്നെ നോക്കി അങ്ങനെ കിടന്നു.
“അനങ്ങണ്ട. കുറച്ചു ദിവസം അനങ്ങാതെ കിടക്കണം. എല്ലാം ശരിയാകും.”
“എന്നത്തേക്ക് ഡിസ്ച്ചാർജ് ആകും മാഡം?” കാവൽ നിന്ന പോലീസുകാർ.
“കുറച്ചു ദിവസം ഇവിടെ കിടക്കണം. വലിയൊരു മുഴയായിരുന്നു. ബയോപ്സിക്ക് അയച്ചിട്ടുണ്ട്. റിസൽട് വരട്ടെ. ആട്ടെ, എത്രകാലമാണ് ഇവരുടെ ശിക്ഷ?”
“ജീവപര്യന്തം. തീരാറായി. ഇനി ആറുമാസം കൂടി.”
“ഇവരിപ്പോഴും സംസാരിക്കില്ലേ?”
“ഇല്ല മാഡം.”
“തലയ്ക്കു സുഖമില്ലാത്തവർ ഇതുപോലെയുള്ള കുറ്റങ്ങൾ ചെയ്താൽ ശിക്ഷയുണ്ടോ?”

“അതൊന്നും അറിയില്ല. ഇവരെ പരിശോധിച്ച ഡോക്ടർ പറയുന്നത് ഇവർക്ക് അസുഖമൊന്നുമില്ലെന്നാണ്. അതാണ് കോടതി ശിക്ഷിച്ചത്. അപ്പീൽ പോകാനും കേസ് നടത്താനും ഒന്നും ഇവർക്ക് ആരുമില്ലല്ലോ.”
“;ഇവർക്ക് അസുഖമില്ലെന്നോ? നിങ്ങളുടെ നോട്ടത്തിൽ എന്ത് തോന്നുന്നു?”
“ഞങ്ങളുടെ നോട്ടത്തിൽ ഇവർക്ക് മുഴുവട്ടാണ്. ആണുങ്ങൾ ശല്യം ചെയ്യാതിരിക്കാൻ കൊച്ചിനെ വയറ്റിൽ വച്ച് പൂട്ടിയിരിക്കുകയാണെന്നാണ് പറയുക. എപ്പോഴും വയറിനെ താലോലിക്കും. ഒരു കണക്കിന് കഷ്ടമാണ്.”
“എന്തോ ഇവർ സ്വന്തം മകളെ കൊന്നെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റില്ല.”
“ഒക്കത്തു പയ്യനല്ല പെണ്ണാണ് എന്ന് കണ്ടു പിടിച്ച ആരോ കൊച്ചിനെ നിരന്തരം ശല്യം ചെയ്യുമായിരുന്നു. അപ്പോൾ ഇവർ അടൂർ സ്റ്റാൻഡിൽ നിന്നും മാവേലിക്കരക്ക് ഓടിപ്പോയി. അവന്മാർ അവിടെയും ചെന്ന് ഉപദ്രവിച്ചു. അവരാണ് കൊന്നതെന്നായിരുന്നു ആദ്യമൊക്കെ ഇവർ ആംഗ്യം കാട്ടിയിരുന്നത്. അതിനൊന്നും തെളിവില്ലായിരുന്നു. അവസാനം നല്ല തല്ല് കിട്ടിയപ്പോൾ ശിക്ഷ കിട്ടും എന്ന് ഉറപ്പായപ്പോൾ സത്യം സമ്മതിച്ചു. കൊച്ച് കണ്ണ് തെറ്റിയാൽ ആൺപിള്ളേരുമായി കൊഞ്ചാനും കുഴയാനും തുടങ്ങി. ഇവർ വിലക്കിയാലും കേൾക്കില്ലെന്നായി. ആണുങ്ങൾ ദുഷ്ടന്മാരിൽ നിന്നുമവളെ രക്ഷിക്കാൻ പറ്റില്ല എന്ന്തോന്നിയപ്പോൾ കൊന്നു. പിന്നെ ആത്മഹത്യക്കു ശ്രമിച്ചു.”
സത്യം എന്താകും? ഒരുപക്ഷെ ഈ ഭ്രാന്തി തന്നെ അത് അറിയുന്നുണ്ടാവില്ല. ദൈവത്തിൻ്റെ ഓരോ കളികൾ. തൻ്റെ ജീവിതം തന്നെ ഇങ്ങനെ ആകും എന്ന് ആരെങ്കിലും എന്നെങ്കിലും കരുതിയോ? പഠിപ്പും വിവരവും ഉള്ള ഭർത്താവ്. പേരും പെരുമയും ഉള്ള വീട്ടുകാർ. കാണുന്നവർക്ക് എന്തിൻ്റെ കുറവാണ്?ആത്മാഭിമാനം എന്നാൽ എന്താണ്? എന്താണ് അതിൻ്റെ വില? ആർക്കറിയാം?ആരാണ് അതിന് വിലയിടേണ്ടത്? ശരി. ആത്മനിന്ദ എത്രനാൾ സഹിക്കാം? ജയന്തിഎന്ന ഈ ജീവന്, ആത്മാവിന് ഒരു വിലയുമില്ലേ? മറ്റൊരാളുടെ അടിമ. അയാളുടെ മാത്രം ഇഷ്ടങ്ങൾക്ക് ഒരു ജീവിതം. എങ്കിൽ പിന്നെ ഈ ജന്മത്തിനെന്താണ് ഒരർത്ഥം?എന്തിനിങ്ങനെ ഒരു ജീവിതം? സുഹൃത്തുക്കളായി പിരിയാം എന്നതുപോലും തൻ്റെ ഒരു ഔദാര്യം എന്ന് ചിന്തിക്കുന്ന ഒരാളോട് എന്ത് പറയാൻ? അവൾക്ക് ചിരി വന്നു.
ജയന്തി പറപ്പള്ളിക്കണ്ടത്തിൻ്റെ കട്ടിലിനരികെ ഇരുന്നു. അവരുടെ വയറിന് മുകളിൽ അരുമയോടെ വിരലുകൾ ഓടിച്ചു.
“;ആറുമാസം കഴിയുമ്പോൾ അവർ നിങ്ങളെ ജയിലിൽ നിന്നും ഇറക്കിവിടും. ആൾക്കാർ നിങ്ങളെ പകയോടെ നോക്കും. ചിലപ്പോൾ കല്ലെറിഞ്ഞു കൊല്ലും. ആരുംനിങ്ങളെ വിശ്വസിക്കില്ല. എന്നാൽ എനിക്ക് നിങ്ങളെ മനസ്സിലാകും. എന്നോട് പറ.എന്താണ് നടന്നത്?”
അവർ ഒന്നും പറഞ്ഞില്ല. വെറുതെ തുറിച്ചു നോക്കിയിരുന്നു. പിന്നീട് മുഖം മറുവശത്തേക്കു തിരിച്ചു.
“നിങ്ങളെ ഓപ്പറേറ്റ് ചെയ്തത് ഞാനാണ്. സത്യത്തിൽ മരണത്തിൽ നിന്നും നിങ്ങളെ രക്ഷപെടുത്തിയത് ഞാനാണ്. പറയൂ നിങ്ങൾക്ക് സംസാരിക്കാനാകും.എനിക്കുറപ്പുണ്ട്.” അവർ ജയന്തിയുടെ കൈകൾ എടുത്തുമാറ്റി. കണ്ണുകളടച്ച് തിരിഞ്ഞു കിടന്നു.
“സുഗന്ധി ഇങ്ങോട്ടു നോക്ക്.”
ഒരു നിമിഷം അവർ ഞെട്ടുന്നത് ജയന്തി കണ്ടു. പഴയ അന്വേഷണത്തിലെ പേര് വെറുതെ ഒന്ന് പ്രയോഗിച്ചതാണ്. അവർ പതിയെ തിരിഞ്ഞു കിടന്നു. ജയന്തിയെ തുറിച്ചു നോക്കി.
“;ഞാൻ നിങ്ങളുടെ വീട്ടിൽ പോയിരുന്നു. പേടിക്കണ്ട. അവരോട് ഒന്നും പറഞ്ഞിട്ടില്ല. കാളിമുത്തു മരിച്ചു. നിങ്ങളുടെ നഷ്ടങ്ങൾ എനിക്കറിയാം. എല്ലാം നഷ്ടപ്പെട്ടഒരാൾക്കേ മറ്റൊരാളുടെ നഷ്ടത്തിൻ്റെ വിലയറിയൂ. കൂടുതലൊന്നും പറയുന്നില്ല.
എനിക്കൊരു കൂട്ട് വേണം. ശിക്ഷ കഴിയുമ്പോൾ നിങ്ങൾക്ക് എൻ്റെ കൂടെ വരാമോ? എൻ്റെ വീട്ടിലേക്ക്?”
“എന്തിനാണ് എന്നെ രക്ഷപെടുത്തിയത്? എനിക്ക് ജീവിക്കണ്ട.”
“അതെൻ്റെ ധർമ്മം.”
“ഒളിച്ചും പാത്തും കൊണ്ടുനടന്നിട്ടും എൻ്റെ കുഞ്ഞിനെ പിച്ചിച്ചീന്തി കൊന്നില്ലേ? വായിൽ തുണി തിരുകി എൻ്റെ കൈയും കാലും കെട്ടിയിട്ടില്ലായിരുന്നെങ്കിൽ ഞാനവന്മാരെ കൊന്നേനെ. ചാവാൻ സ്വയം കുത്തിയതാണ്. മരണത്തിനും എന്നെ വേണ്ട. പതിനെട്ടാമത്തെ വയസ്സിൽ തുടങ്ങിയതാണ് ഈ ഭ്രാന്ത്. ആദ്യം സ്വയരക്ഷക്ക്‌. പിന്നെ മോളുടെ രക്ഷക്ക്. അവൾക്ക് വേണ്ടി സംസാരവും നിർത്തി. എല്ലാവരിൽ നിന്നും ഒഴിഞ്ഞും നടന്നു. എന്നിട്ടും.”
“എന്തിനാണ് ഒരു ജന്മം നിങ്ങളിങ്ങനെ ഹോമിച്ചത്?”
“ആർക്കും പെണ്ണിനെ വേണ്ട. പെണ്ണുടൽ മതി. അച്ഛനെപ്പോലെയുള്ള ആൾ ആക്രമിച്ചപ്പോൾ ഭ്രാന്തെടുത്തു. വഴിയടഞ്ഞപ്പോൾ എരുമമാടിനെപ്പോലെ വിറ്റു. വിലക്കുവാങ്ങിയവൻ വിശപ്പുകാട്ടിയപ്പോൾ വീണ്ടും ഭ്രാന്തെടുത്തു. പിന്നത് സ്ഥിരമാക്കി. രക്ഷപെടാൻ മറ്റൊരു വഴിയും തോന്നിയില്ല. അതാണ്.”
“എന്നിട്ട് രക്ഷപെട്ടോ?”

“ആണിന് പെണ്ണിൽ പേടി ഭ്രാന്തിയെ മാത്രമാണ്. എത്ര ശക്തനും, തളർന്നു പോകുന്ന ഒരവയവമുണ്ടല്ലോ? അതെങ്ങാനും മുറിച്ചിട്ടാലോ? ചിരവ അയാളുടെ പള്ളക്ക് കുത്തി കേറ്റിയിട്ട് ഓടിയതാണ് ഭ്രാന്തി. അന്ന് തുടങ്ങിയ ഓട്ടമാണ്. അവിടെയും ഇവിടെയും കറങ്ങി പത്തുനാൾ കഴിഞ്ഞു എറണാകുളം സ്റ്റേഷനിൽ എത്തി. സ്വന്തം വീട്ടിലേക്ക് ഇനിയൊരു തിരിച്ചു പോക്കിന് അർത്ഥമില്ലെന്നറിഞ്ഞു. ചോറ് വാങ്ങി തന്ന സ്റ്റേഷനിലെ പെണ്ണായിരുന്നു ആദ്യത്തെ കൂട്ട്. മറ്റൊന്നും വിൽക്കാനില്ലാത്തതുകൊണ്ട് തനിക്കുള്ളതൊക്കെ വിറ്റു അവൾ എന്നെയും ഊട്ടി.”
“അപ്പോൾ കുഞ്ഞു?”
“ഞരമ്പ് തുടിക്കുമ്പോൾ ആരേലും വരും. കൂടെ പോകുമ്പോൾ കൂട്ടുകാരി കുഞ്ഞിനെ എൻ്റെ കയ്യിൽ തരും. വിശക്കുമ്പോൾ ഞാനവൾക്ക് മുലഞ്ഞെട്ട് കൊടുക്കും അല്ലാതെ ഈ ഭ്രാന്തി എന്താ ചെയ്യുക? അവൾ കുടിച്ചത് എൻ്റെ സ്നേഹമായിരുന്നു. എടുത്തത് എൻ്റെ ഹൃദയമായിരുന്നു. അത് അവൾക്കിരിക്കട്ടെ.
എനിക്കിനി വേണ്ട എന്ന് ഞാനും വിചാരിച്ചു.”
“അപ്പോളത് നിങ്ങളുടെ മോളല്ല.”
പോലീസും അങ്ങനെതന്നെ പറഞ്ഞു. അവളെൻ്റെ മോളല്ലേ? എൻ്റെ സ്വന്തം മോൾ.
ഒരിക്കൽ ആരോ വന്നു വിളിച്ചപ്പോൾ ഇത്തിരി ലേറ്റ് ആയി വരും എന്ന് പറഞ്ഞു. പോയ കൂട്ടുകാരി പിന്നെ വന്നില്ല. മൂന്നു ദിവസം കൂടി ഞാൻ കാത്തിരുന്നു.
രാത്രിയാകുമോൾ ഓരോരുത്തർ വന്നു ശല്യം ചെയ്യാനാരംഭിച്ചപ്പോൾ ഞാൻ അവിടം വിട്ടു.”
വിജനമായ നാട്ടുപാത. റോഡിലെങ്ങും ആരുമില്ല. പാത മുന്നോട്ട് കാതങ്ങളോളം വളഞ്ഞു പുളഞ്ഞു കിടക്കുന്നത് കാണാം. രണ്ടു വശവും പാഴ്‌ച്ചെടികളും മുൾച്ചെടികളുമായി പരന്നു കിടക്കുന്ന ചതുപ്പു നിലങ്ങൾ. ഒരു സ്ത്രീ രണ്ടു തോളിലും ഓരോ ഭാണ്ഡങ്ങളായി നടക്കുകയാണ്. വലത്തേ ഭാണ്ഡം നിറയെ മുഷിഞ്ഞ വസ്ത്രങ്ങളും പിന്നെ ധാരാളം ആക്രി സാധനങ്ങളും. കല്ലും കമ്പും പൊട്ടിയ പ്ലാസ്റ്റിക്കും പാത്രങ്ങളും പിന്നെ ഉടഞ്ഞ കുപ്പിവളകളും. ഇടത്തെ ഭാണ്ഡത്തിൽ ഒരു പൊടിക്കുഞ്ഞു. വെയിലേറ്റു വാടി തളർന്നു വേച്ചുവേച്ചു നടന്നു പോകുന്ന സ്ത്രീ. പിന്നാലെയെത്തുന്ന ആണൊരുത്തൻ. അയാളവളെ ഉച്ചത്തിൽ ശകാരിക്കുന്നുണ്ട്. ജയന്തി വ്യക്തമായി കണ്ടു. അത് ജയന്തനാണ്. സ്ത്രീ ഭയചകിതയായി തിരിഞ്ഞുനോക്കി. അവൾ കണ്ടു. അതവൾ തന്നെയാണ്.പറപ്പള്ളിക്കണ്ടമല്ല. അവളെയാണ് ജയന്തൻ തുരത്തുന്നത്.
“നിങ്ങൾക്കൊന്ന് പൊട്ടിക്കരഞ്ഞുകൂടെ? റിലീസ് തീയതിയിൽ വാതിൽക്കൽ
ഞാനുണ്ടാകും.” ജയന്തി പറപ്പള്ളിക്കണ്ടത്തിൻറെ കരങ്ങൾ കൂട്ടിപ്പിടിച്ചു

വര : പ്രസാദ് കാനത്തുങ്കൽ

കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺ

Comments

You may also like