പൂമുഖം LITERATUREകവിത വേഷങ്ങൾ

വേഷങ്ങൾ

കാലത്തിൻ
അവിശ്രാന്ത യാത്രയ്ക്കിടയിൽ
പ്രാണൻ പിടഞ്ഞ
അനാഥരാത്രികളുടെ
ശവക്കോട്ടയിൽ
പിറക്കാതെ പോയവരുടെ
സ്വപ്നങ്ങളുടെ
ശവമഞ്ചങ്ങൾ നിരന്നിരിക്കുന്നുണ്ട്.

എണ്ണമറ്റ
ജനിക്കാത്ത പുരുഷായുസ്സുകൾ വെണ്ണീറാക്കിയ
ശവപ്പറമ്പുകളിൽ
നിശ്ശബ്ദ
വിലാപങ്ങളുടെ
പ്രതിദ്ധ്വനികൾ കേൾക്കുന്നുണ്ട്.

കിനാവുകൾ കരിവാളിക്കെ പുതുശബ്ദങ്ങളിൽ
പുതുവേഷങ്ങളിൽ
പുതുഭാവങ്ങളിൽ
കനൽക്കട്ടകൾ
പുനർജ്ജനിക്കുന്നുണ്ട്.

വിശ്വാസത്തിന്റെ
മഴനൂലിൽ കോർത്തെടുത്ത
പ്രണയത്തുടിപ്പുകൾ
പ്രളയപ്രവാഹമായ്
പല ഈണപ്പകർച്ചയിൽ
പഴമ്പാട്ടുപോലെ
ഒഴുകുന്നുണ്ട്.

ചിലരുടെ വാക്കിൻ
കൊടുങ്കാറ്റുകൾ
ഭാവം പകരുന്ന
മുറിവുകൾ പുകച്ച്
കരളിലെ വെളിപാടു തറയിൽ തട്ടിത്തെറിക്കുന്നുണ്ട്.

നിറച്ചിരുന്ന
അരിച്ചാക്ക് പിഞ്ഞി
നിലത്തു വീണ
അരിമണികളിൽ
നിലയുറപ്പിച്ചവർ
വിശന്നവയറുകളോട്
കണ്ണുരുട്ടുന്നുണ്ട്.

വേദനയുടെ
ചില്ലുകൾ ആഴ്ത്തിയ
തനിയാവർത്തനങ്ങളടയിരിക്കുന്ന പാതകളെ
സ്വയം മറന്നവർ
അറിയാതെ
എത്തിപ്പിടിക്കുന്നുണ്ട്.

ഇടവഴികളിൽ
നാട്യതയുടെ
പൊയ്മുഖങ്ങൾ
സ്നേഹച്ചൂടാൽ ചമയമിട്ട്
നിഴൽക്കൂത്ത്‌
ആടിത്തിമിർക്കുന്നുണ്ട്.

ഒരിടത്ത് കടൽത്തിരമാലകൾ
പ്രണയികൾക്കായി
മരണതീരത്തെ
നൂൽപ്പാലത്തിൽ
നഷ്ടപ്രണയത്തിന് കുരിശു വരയ്ക്കുന്നുണ്ട്.

ആശകളുടെ
പൂങ്കാവനത്തിൽ പൂത്തുലഞ്ഞ
ചില പ്രണയങ്ങൾ
അതിജീവനത്തിന്റെ
ഗാനമാലപിച്ച്
അലോസരപ്പെടുന്നുണ്ട്.

മനസ്സിൻ
തമോഗർത്തഭൂമികയിൽ
ആവോളം വിളയാടി
മായാമരീചികയിലെ
അപഥസഞ്ചാരികൾ
വിതുമ്പുന്നുണ്ട്.

അവസരങ്ങൾ ആവർത്തിക്കുമ്പോഴും
ആവർത്തനങ്ങളുടെ
നിഴൽപ്പാടുകളെ
സമാഹരിച്ചും ജീർണ്ണിച്ചും
പരിപോഷിക്കുന്ന ജന്മങ്ങൾ
ചിരിച്ചുകൊണ്ട് കരയുകയും
കരഞ്ഞുകൊണ്ട് ചിരിക്കുകയും ചെയ്യുന്നുണ്ട്

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like