പൂമുഖം LITERATUREലേഖനം താപനം: മാറ്റിവരയ്ക്കപ്പെടുമോ ഹിമജലപാതകൾ ?

താപനം: മാറ്റിവരയ്ക്കപ്പെടുമോ ഹിമജലപാതകൾ ?

കാലാവസ്ഥാവ്യതിയാന സാഹചര്യങ്ങളിൽ ഭൂമിയിലെ മറ്റിടങ്ങളിലെന്നപോലെ സമുദ്രമേഖലകളും ദ്രുതതാപനത്തിന് അടിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതര സമുദ്രമേഖലകളെ അപേക്ഷിച്ച് താപനപ്രത്യാഘാതങ്ങൾ പ്രകടമായി ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്നത് ആർട്ടിക്സമുദ്രമേഖലയിലാണ്. ആണ്ടു മുഴുവനും പൂർണ്ണമായി മഞ്ഞ് മൂടിക്കിടക്കുന്ന അവസ്ഥയിലാണ് നിലവിൽ ആർട്ടിക് സമുദ്രഭാഗങ്ങൾ സ്ഥിതിചെയ്യുന്നത്. എന്നാൽ, ചൂടേറുന്ന ഭാവിസാഹചര്യങ്ങളിൽ അടുത്ത രണ്ട് ദശകങ്ങൾക്കകം വർഷത്തിലെ ഭൂരിഭാഗവും ഉറഞ്ഞ മഞ്ഞ് തീരെയില്ലാത്ത അവസ്ഥയിലേക്ക് ഈ മേഖല ചുവട് മാറുന്ന സ്ഥിതി വിശേഷം പ്രതീക്ഷിക്കാം.

ആർട്ടിക് സമുദ്രത്തിന്റെ ഈ പ്രകൃതമാറ്റം, പൂജ്യം ഡിഗ്രി സെന്റിഗ്രേഡിനേക്കാൾ താഴ്ന്ന ഊഷ്മാവിൽ മാത്രം അതിജീവിക്കാനാവുന്ന എണ്ണമറ്റ ജന്തുവിഭാഗങ്ങളുടെ വംശനാശത്തിലേക്കു കൂടിയായിരിക്കും വഴിതുറക്കുന്നത്. ഇതിനുപുറമെ, ആർട്ടിക് സമുദ്രത്തിലൂടെയുള്ള റഷ്യൻ-നിയന്ത്രിത പരമ്പരാഗത വാണിജ്യഇടനാഴികളിൽ അഴിച്ചുപണി ഉണ്ടാവുമെന്നതാണ് ഈ മേഖലയിലെ മഞ്ഞുരുക്കം മൂലം ഉണ്ടാകാനിടയുള്ള മറ്റൊരു സ്ഥിതിവിശേഷം. ആർട്ടിക്മേഖലയിൽ വ്യാപകമഞ്ഞുരുക്കം സംഭവിച്ചാൽ അത് എപ്രകാരമാണ് നിലവിലെ സമുദ്രജലപാതകളെ തിരുത്തിവരയ്ക്കുകയെന്നത് വളരെയേറെ പ്രാധാന്യത്തോടെ പരിശോധിക്കപ്പെട്ട് വരുകയാണ്.

വലിയ ഹിമാനികളുടെ സാന്നിധ്യം മൂലം പ്രായേണ ദുർഗമമായ ഈ മേഖലയിലെ കപ്പൽ ഗതാഗതം, ചൂടേറുന്നതുമൂലം ഹിമാനികൾ ഉരുകിയൊലിക്കുന്നതോടെ കൂടുതൽ സുഗമമാകുമെന്നും, അതുവഴി ഇപ്പോഴുള്ള അന്താരാഷ്ട്ര നാവികഗതാഗത മേഖലകളെ പൊളിച്ചെഴുതുന്ന പുതിയ വാണിജ്യപാതകൾ രൂപം കൊള്ളൂമെന്നും വിലയിരുത്തപ്പെടുന്നു. അങ്ങനെ സംഭവിക്കുന്നപക്ഷം നിലവിലുള്ള സുദീർഘമായ വിവിധ കപ്പൽ ചാനലുകൾ വഴിയുള്ള സഞ്ചാരദൂരവും സമയവും അത്യധികം കുറയും; എന്നുമാത്രമല്ല കപ്പൽ ഗതാഗതം വഴിയുള്ള കാർബൺ പുറംതള്ളലിലും വളരെയേറെ കുറവുണ്ടാകും. അന്താരാഷ്ട്ര ജലപാതകളുമായി ബന്ധമുള്ള ആർട്ടിക് മേഖലയിലെ ജലപാത കടന്നുപോകുന്നത് റഷ്യയുടെ സമുദ്രമേഖലയിലൂടെയാണ്.

1980 കളുടെ തുടക്കം മുതലേ സമുദ്രനിയമങ്ങൾ കൈകാര്യം ചെയ്യുന്ന ഐക്യരാഷ്ട്ര സഭയുടെ കൺവെൻഷൻ, ആർട്ടിക് മേഖലയിലെ തീരരാഷ്ട്രങ്ങൾക്ക് അവയുടെ സമുദ്രമേഖലയിലൂടെയുള്ള കപ്പൽ ചാനലുകളുടെ നിയന്ത്രണത്തിനുമേൽ വിപുലമായ അധികാരം നൽകിയിരുന്നു. കൺവെൻഷനിലെ ആർട്ടിക്കിൾ 234 പ്രകാരമായിരുന്നു ആർട്ടിക്സമുദ്രത്തിന്റെ തീരമേഖലയിൽ സ്ഥിതിചെയ്യുന്ന രാഷ്ട്രങ്ങൾക്ക് തങ്ങളുടെ സമുദ്രാതിർത്തിക്കുള്ളിൽ ജലയാനകളിൽ നിന്നുള്ള മലിനീകരണം തടയുകയോ ലഘൂകരിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിന്റെ ഭാഗമായി പ്രസ്തുത സവിശേഷ അധികാരം അനുവദിക്കപ്പെട്ടിരുന്നത്. ആണ്ടിൽ അധികഭാഗവും ഈ മേഖല മഞ്ഞ് മൂടിക്കിടക്കുന്ന പക്ഷം നിലവിൽ തീരരാഷ്ട്രങ്ങളുടെ സമുദ്രാതിർത്തിക്കുള്ളിലൂടെ കടന്നുപോകുന്ന കപ്പൽചാലുകളിൽ ഇത്തരം നിയന്ത്രണാധികാരം പ്രബലമായി തുടരുകതന്നെ ചെയ്യും. റഷ്യയാകട്ടെ, ആർട്ടിക്കിൾ 234 ന്റെ ആനുകൂല്യം സ്വന്തം സാമ്പത്തിക രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി വിദഗ്ധമായി ഉപയോഗിച്ച് വരികയും ചെയ്യുന്നു. ഈ അധികാരത്തിന്റെ പിൻബലത്തിൽ റഷ്യ രൂപകൽപന ചെയ്ത ഒരു നിയമപ്രകാരം, ഒരു റഷ്യൻ ജലയാനത്തെ പിൻതുടർന്നായിരിക്കണം ഈ ജലമാർഗം ഉപയോഗപ്പെടുത്തുന്ന ഇതരരാജ്യങ്ങളുടെ ജലയാനങ്ങൾ സഞ്ചരിക്കേണ്ടത്. കനത്തചുങ്കവും ജലമാർഗം ഉപയോഗിക്കുന്നതുസംബന്ധിച്ച വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന മുൻ‌കൂർ നോട്ടീസും നൽകിയിരിക്കണം. ഇത്തരം കടുത്തനടപടികളെ ഒഴിവാക്കാനാവാം, താരതമ്യേന ചുറ്റിവളഞ്ഞതെങ്കിലും ചിലവ് കുറഞ്ഞതും നിബന്ധനകളുടെ കടുത്ത നൂലാമാലകൾ ഇല്ലാത്തതുമായ സൂയസ് കനാൽ, പനാമ കനാൽ എന്നിവിടങ്ങളിലൂടെ ജലപാതകൾ തിരഞ്ഞെടുക്കുവാൻ പ്രധാനപ്പെട്ട ഷിപ്പിംഗ് കമ്പനികൾ തീരുമാനമെടുക്കാൻ നിർബന്ധിതമായത്. എന്നാൽ, ആർട്ടിക്സമുദ്രത്തിൽ റഷ്യയുടെ വടക്കൻ സമുദ്രമേഖലയിലെ മഞ്ഞ് ഉരുകി ഒലിക്കുന്നതോടെ ആ മേഖലയിലൂടെയുള്ള ജലഗതാഗതത്തിന്മേൽ റഷ്യയുടെ പിടി അയയുകതന്നെ ചെയ്യും. എന്നാൽ, വ്യാപകമായി മഞ്ഞുരുക്കം തുടർന്നാൽ പോലും ആർട്ടിക്കിൾ 234 വച്ച് നീട്ടുന്ന ആനുകൂല്യങ്ങൾ റഷ്യ എളുപ്പം ഉപേക്ഷിക്കണമെന്നില്ല. ആണ്ടിൽ ഏറിയ പങ്കും മഞ്ഞുറഞ്ഞ് കിടക്കുന്ന ഒരു അവസ്ഥ ഇല്ലാതാകുന്ന സാഹചര്യത്തിൽ ആർട്ടിക്കിൾ 234 തുടർന്നും മുറുകെപിടിക്കുവാൻ അന്താരാഷ്ട്രസമൂഹം റഷ്യയെ അനുവദിച്ചുകൊള്ളണമെന്നുമില്ല. മാത്രമല്ല, വ്യാപകമായി മഞ്ഞുരുക്കം സംഭവിക്കുമ്പോൾ ആർട്ടിക് സമുദ്രത്തിൽ റഷ്യയുടെ നിയന്ത്രണ പരിധിയിലൂടെയുള്ള ജലപാതകൾ ഉപേക്ഷിച്ച് പകരം പുതിയ ജലപാതകൾ കണ്ടെത്തി അവയിലൂടെ അന്താരാഷ്ട്രജലഗതാഗതശൃംഖല ബന്ധിപ്പിക്കപ്പെടുവാനും സാധ്യതയുണ്ട്. അത്തരമൊരുസാഹചര്യത്തിൽ ആർട്ടിക്കിൾ 234ലെ ആനുകൂല്യങ്ങൾ നിലനിൽക്കുന്നതുമല്ല. ആ സ്ഥിതിയിൽ ജലപാതകളുടെ നിയന്ത്രണമെന്നത് കാലാവസ്ഥാ വ്യതിയാനവും, ജലഗതാഗതത്തിന്റെ നിയന്ത്രണ ചുമതല വഹിക്കുന്ന അന്താരാഷ്ട്ര ഭരണ വിഭാഗങ്ങളും മാത്രം ചേർന്ന് തീരുമാനിക്കപ്പെടുന്ന ഒന്നായിമാറുമെന്നതിനാൽ റഷ്യക്ക് അക്കാര്യത്തിൽ കൂടുതലായൊന്നും ചെയ്യാനാവുകയുമില്ല.

പുതിയ ജലപാതാ സാദ്ധ്യതകൾ

ആർട്ടിക് മേഖലയിൽ പുതിയ ജലപാതകൾ ഉണ്ടായാൽ ആ മേഖലയിലൂടെ നടക്കുന്ന അന്താരാഷ്ട്ര വ്യാപാരഗതാഗതങ്ങളിൽ റഷ്യയുടെ മേൽക്കൈയും, നിയന്ത്രണവും ദുർബലമാവുമെന്നത് സ്വാഭാവികം. ആർട്ടിക്മേഖലയിലെ വൻഹിമാനികൾ ശോഷണപാതയിലാണ് എന്ന യാഥാർഥ്യത്തെ അടിസ്ഥാനമാക്കി ഗതാഗത/ പാരിസ്ഥിതിക/നയതന്ത്ര മേഖലകളിൽ ഉചിതമായ നടപടിക്രമങ്ങൾ വിഭാവനം ചെയ്യേണ്ടതാണ്. ആർട്ടിക് മേഖലയിൽ നടത്തപ്പെട്ട സുദീർഘ പഠനങ്ങൾ പ്രകാരം അടുത്ത 43 വർഷത്തിനുള്ളിൽ ആഗോള താപനവർദ്ധനാ പരിധി 1.5 ഡിഗ്രി സെന്റിഗ്രേഡ് കവിയാതെ നിയന്ത്രിക്കുവാൻ സാധിക്കാത്തപക്ഷം കനത്തതോതിലുള്ള മഞ്ഞുരുക്കം മൂലം ഈ നൂറ്റാണ്ടിൻറെ ഏതാണ്ട് മദ്ധ്യത്തോടെ ഈ മേഖലയിൽ അന്താരാഷ്ട്ര ജലഗതാഗത പാതകളുമായി ബന്ധപ്പെടുത്താനാവുന്ന പുതിയ കപ്പൽ ചാലുകൾക്കുള്ള സാധ്യത തുറക്കും. അതുവഴി നിലവിൽ പുതിയ കപ്പൽ ചാലുകൾക്കുള്ള സാധ്യതപോലും അചിന്തനീയമായ വിധത്തിൽ കനത്ത മഞ്ഞുകട്ടകൾ നിറഞ്ഞ ആർട്ടിക്മേഖലയിൽ കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന പ്രഭാവങ്ങൾക്ക് ആഗോളവ്യാപാരമേഖലയിലും അതിനോടനുബന്ധമായ ആഗോള രാഷ്ട്രീയത്തിലും ഒട്ടും ചെറുതല്ലാത്ത സ്വാധീനം ചെലുത്താനാവും.

ആർട്ടിക്മേഖലയിലൂടെയുള്ള ജലപാതകൾ സൂയസ്-പനാമ കനാൽ എന്നിവിടങ്ങളിലൂടെയുള്ളവയെക്കാൾ 30 ശതമാനം മുതൽ 50 ശതമാനം വരെ ദൂരം കുറഞ്ഞവയാണ്. മാത്രമല്ല, യാത്രകളിൽ 14 മുതൽ 20 ദിവസം വരെ സമയലാഭവും ഉണ്ടാവും. ചൂടേറിവരികയും ആർട്ടിക്കിൽ മഞ്ഞുരുകുകയും ചെയ്യുന്നപക്ഷം പ്രസ്തുത മേഖലയിലൂടെയുള്ള അന്താരാഷ്ട്രജലഗതാഗതം കാര്യക്ഷമമാകുക വഴി ധനലാഭം, സമയലാഭം എന്നിവയോടൊപ്പം കപ്പൽ ഗതാഗതം പുറംതള്ളുന്ന ഹരിതഗൃഹവാതകഉത്സർജനം 24 ശതമാനത്തോളം കണ്ട് കുറക്കാനുമാവും. സൂയസ് കനാൽ പോലുള്ള പ്രായേണ ഇടുങ്ങിയ ജലപാതകളിൽ ഒരു ഗതാഗത തടസ്സം ഉണ്ടാകുകയും അത് നീക്കം ചെയ്യാൻ ആഴ്ചകളോ മാസങ്ങളോ വേണ്ടി വരികയും ചെയ്യുന്ന അവസ്ഥയിലായിരിക്കാം ഒരു പക്ഷെ ആർട്ടിക് സമുദ്രമേഖലയിലൂടെയുള്ള കപ്പൽപാതകളുടെ പ്രസക്തിയും പ്രാധാന്യവും കൂടുതൽ വ്യക്തമാവുക. സമുദ്രങ്ങൾ ഇടുങ്ങിയ കനാലുകളെ പോലെയല്ല. അവിടെ ഒന്നിനും തടസ്സം സൃഷ്ടിക്കുവാൻ സാധ്യവുമല്ല. ഇക്കാരണങ്ങൾ കൊണ്ട് കൂടിയാണ് ഭാവിയിൽ മഞ്ഞുരുക്കം വഴി ആർട്ടിക്മേഖലയിൽ തുറന്ന് കിട്ടാനിടയുള്ള പുതിയ ജലപാതകൾ അന്താരാഷ്ട്ര നാവികഗതാഗത രംഗത്ത് നവോന്മേഷമേകുന്നത്.

സമുദ്രങ്ങൾ വഴിയുള്ള അന്താരാഷ്ട്ര ജലഗതാഗതമേഖല, ലോകവ്യാപാരശൃംഖല എന്നിവയെ സംബന്ധിച്ചിടത്തോളം ആർട്ടിക്മേഖലയിലെ മഞ്ഞുരുക്കം ഗുണകരമായിരിക്കാമെന്ന കാര്യം ശരിതന്നെ. എന്നാൽ, ഈ ആനുകൂല്യം ലഭിക്കാനിടയാവുന്ന സാഹചര്യം എന്താണെന്ന് കൂടി ഗുണഭോക്താക്കളും അന്താരാഷ്ട്ര സമൂഹവും ഒരു നിമിഷം ചിന്തിച്ചാൽ നന്ന്. താപന വർധനവിന്റെ സുരക്ഷാപരിധി എന്നംഗീകരിക്കപ്പെട്ട 1.5 ഡിഗ്രി സെന്റിഗ്രേഡ് അതിക്രമിക്കുമ്പോഴാണ് അതിശൈത്യത്തിൽ ഉറഞ്ഞ് കിടക്കുന്ന ആർട്ടിക് മേഖല പോലും വ്യാപകമായി ഉരുകിയൊലിക്കുന്ന അവസ്ഥയുണ്ടാകുന്നത്. താപനാധിക്യത്താൽ ഇപ്പോൾ തന്നെ ആർട്ടിക്കിൽ മഞ്ഞുരുക്കത്തിന്റെ തോത് മുൻകാലത്തേക്കാൾ വലിയതോതിൽ ഉയർന്നിട്ടുള്ള സാഹചര്യത്തിൽ, അന്തരീക്ഷതാപനിലയിലുണ്ടാകുന്ന നേരിയ വർദ്ധനവിന് പോലും ആർട്ടിക്മേഖലയിൽ മഞ്ഞുരുക്കത്തിന്റെ ആക്കം കൂട്ടാൻ പറ്റും. അങ്ങിനെ ഉരുകിയൊലിച്ച് ആർട്ടിക്സമുദ്രത്തിലെ ഉറഞ്ഞ ഹിമാംശം ദ്രവജലമായി തീരുന്ന അവസ്ഥയിലാണ് അതിലൂടെ പുതിയ അന്താരാഷ്ട്ര ജലപാതകൾ എന്ന ഭാവന യാഥാർത്ഥ്യവുന്നത്. എന്നാൽ, ആ അവസ്ഥയിൽ അത്തരം ഒരു ആനുകൂല്യത്തിന്റെ ഗുണഫലം തീർത്തും മുക്കികളയുന്ന എത്രയോ ദുരന്തങ്ങളായിരിക്കും ലോകത്തിന്റെ ഇതര ഭാഗങ്ങൾ അനുഭവിക്കുവാൻ പോകുന്നത് എന്ന കാര്യം വിസ്മരിക്കരുത്. ഒരു പക്ഷെ, സമുദ്രനിരപ്പുയർന്ന് ഇന്നത്തെ ലോക ഭൂപടം പോലും മറ്റൊന്നായേക്കാം. ചെറുദ്വീപുകളും തീരരാഷ്ട്രങ്ങളും എന്നെന്നേക്കുമായി ജലസമാധിപൂകിയേക്കാം. ഓരുവെള്ളക്കയറ്റം, ശുദ്ധജല ലഭ്യതക്ക് കനത്ത വെല്ലുവിളി ഉയർത്തിയേക്കാം. ചൂടേറുമ്പോൾ ലോകം ഇപ്പോൾ തന്നെ നേരിട്ട് കൊണ്ടിരിക്കുന്ന എല്ലാവിധ തീവ്രകാലാവസ്ഥാ പ്രഭാവങ്ങളും കൂടുതൽ ശക്തിയോടെ ലോകജീവിതത്തെ ഗ്രസിച്ചേക്കാം. ഇത്തരം ദുരവസ്ഥകളിൽ ഒരു പക്ഷെ, ഒന്നുമല്ലാതായിപ്പോയേക്കാവുന്ന ഒരു കാലാവസ്ഥാ ആനുകൂല്യം മാത്രമായേക്കാം ആർട്ടിക് മേഖലയിൽ തുറക്കപ്പെടുന്ന പുതിയ ജലപാതകൾ.

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like