പൂമുഖം LITERATUREലേഖനം യുഎപിഎ: ഹിന്ദുത്വ ഫാസിസ്റ്റ് ആയുധങ്ങൾക്കു മൂർച്ച കൂട്ടുന്ന ഇടതു ബദൽ

യുഎപിഎ: ഹിന്ദുത്വ ഫാസിസ്റ്റ് ആയുധങ്ങൾക്കു മൂർച്ച കൂട്ടുന്ന ഇടതു ബദൽ

നാലര വർഷത്തെ തടവിന് ശേഷം ഡാനിഷ് ജയിൽ മോചിതനായത് കഴിഞ്ഞ ആഗസ്റ്റ് 5 നാണ്. ഡാനിഷിനെ ഏറെപേർക്കു പരിചയം കാണില്ല. കോയമ്പത്തൂരുകാരനായ ഡാനിഷിനെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അഗളി പോലീസ് അറസ്റ്റ് ചെയ്യുന്നത് 2018 ഒക്ടോബർ 5 നാണ്. റിമാൻഡിൽ കഴിയവേ ഒന്നിന് പുറകെ ഒന്നായി പത്തു യുഎപിഎ കേസ്സുകളിൽ ഡാനിഷ് പ്രതിയാക്കപ്പെട്ടു. രണ്ടു വർഷത്തിനിടക്ക് ഈ കേസ്സുകളിൽ എല്ലാം ഒന്നിന് പുറകെ ഒന്നായി ഡാനിഷിനു ജാമ്യം ലഭിച്ചു. അങ്ങനെ 2020 സെപ്റ്റംബർ മാസം 8 നു അവസാന കേസിലും ജാമ്യം ലഭിച്ചു വിയ്യൂരുള്ള അതീവ സുരക്ഷാ ജയിലിൽ നിന്നും പുറത്തിറങ്ങാനിരിക്കുകയായിരുന്നു ഡാനിഷ്. ജയിലിനു പുറത്ത് അദ്ദേഹത്തിൻറെ മോചനത്തിന് വേണ്ടി ശ്രമിച്ച മനുഷ്യാവകാശ പ്രവർത്തകർ കാത്തു നിന്നിരുന്നു. ഡാനിഷ് അതീവ സുരക്ഷാ ജയിലിനു പുറത്തേക്കു ഇറങ്ങിയ ഉടൻ ജയിൽ മുറ്റത്ത് കാത്തിരുന്ന പോലീസുകാർ ഇരപിടിക്കുന്ന ചെന്നായ്ക്കളെ പോലെ ഡാനിഷിനെ വളഞ്ഞു പിടിച്ചു. ഭീകരപ്രവർത്തനം നേരിടാൻ കേരളസർക്കാർ അടുത്തിടെ രൂപീകരിച്ച തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അവിടെ വച്ച് തന്നെ ഡാനിഷിനെ അറസ്റ്റ് ചെയ്തു . ഏതാനും ദിവസങ്ങൾക്കു മുൻപ് 2020 ആഗസ്റ്റ് 29 നു വിശ്വസനീയമായ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് പിന്നീട് അറിയിപ്പ് കിട്ടി. അങ്ങനെ ആ കേസിൽ ഡാനിഷിനെ കോഴിക്കോട് സെഷൻസ് കോടതിയിൽ ഹാജരാക്കി വീണ്ടും റിമാൻഡ് ചെയ്തു. അങ്ങനെ രണ്ടു വർഷത്തോളം ജയിലിൽ കിടന്ന ഡാനിഷ് വീണ്ടും ജയിലിനകത്തേക്കു തിരിച്ചു പോയി. 2018 ൽ അതായത് കേസ് രജിസ്റ്റർ ചെയ്യുന്നതിന് രണ്ടു വർഷം മുൻപ് ഒരുദിവസം രാത്രി ഡാനിഷും മറ്റും വനത്തോട് ചേർന്നുള്ള രണ്ടു വീടുകളിൽ ചെല്ലുകയും അവിടെ നിന്നും ഭക്ഷണം വാങ്ങി കഴിക്കുകയും അരിയും കുരുമുളകും സാവാളയും ശേഖരിക്കുകയും ചെയ്തു എന്നതായിരുന്നു ATS നു ലഭിച്ച രഹസ്യ വിവരം. അതായിരുന്നു കേസ്. വീണ്ടും രണ്ടു വർഷം ഈ കേസിൽ തടവിൽ കിടന്ന ശേഷമാണ് ഡാനിഷ് ജയിൽ മോചിതനായത്. ഡാനിഷിനെതിരെ യുഎപിഎ പ്രകാരം വിചാരണ നടത്താനുള്ള അനുമതി സർക്കാർ നിഷേധിച്ചതാണ് ഡാനിഷിന്റെ മോചനം സാധ്യമാക്കിയത്.

ഡാനിഷ്

യുഎപിഎ നിയമത്തിൽ കുറ്റാരോപിതരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ള ഒരേയൊരു വകുപ്പാണ് 45 ആം വകുപ്പ്. ഇതനുസരിച്ച് യുഎപിഎ യുടെ നാലും ആറും അധ്യായങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള കുറ്റങ്ങൾ ആരോപിക്കപ്പെടുന്ന കേസ്സുകളിൽ സർക്കാരിന്റെ മുൻ‌കൂർ വിചാരണാനുമതി ഇല്ലാതെ വിചാരണാനടപടികൾ ആരംഭിക്കരുത്. ഭീകര പ്രവർത്തനം, ഭീകര സംഘടനയിൽ അംഗമായി പ്രവർത്തിക്കൽ, ഭീകര പ്രവർത്തനങ്ങൾക്കായുള്ള ഗൂഡാലോചന, ഭീകരപ്രവർത്തകർക്കായി പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കൽ,പങ്കെടുക്കൽ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് നാലാം അധ്യായത്തിൽ പറയുന്നത്. ഭീകര സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ട് പോകാൻ ഉദ്ദേശിച്ചു കൊണ്ട് പ്രവർത്തിക്കുക, ഭീകര സംഘടനയ്ക്ക് വേണ്ടി സഹായവും പിന്തുണയും അഭ്യര്ഥിക്കുക തുടങ്ങിയവയാണ് അദ്ധ്യായം ആറിൽ കുറ്റകരമാക്കിയിരിക്കുന്നത്. ഇത്തരം കുറ്റങ്ങൾ ആരോപിച്ചിട്ടുള്ള കേസ്സുകളിൽ മുൻ‌കൂർ വിചാരണാനുമതി ഇല്ലാതെ വിചാരണാനടപടികൾ ആരംഭിച്ചാൽ ആ നടപടിയുടെ ഭാഗമായുണ്ടാകുന്ന ഏതൊരു ഉത്തരവും നിയമപ്രകാരം നിലനിൽക്കാത്തതാണ്. അതായത് മുൻ‌കൂർ വിചാരണാനുമതി ഇല്ലാതെ വിചാരണാ നടപടികൾ ആരംഭിക്കുകയും വിചാരണക്കൊടുവിൽ കോടതി പ്രതിയെ കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷിച്ചു എന്നുമിരിക്കട്ടെ, മുൻ‌കൂർ വിചാരണാനുമതി ഇല്ലെന്ന ഒറ്റ കാരണത്താൽ ആ വിധി നിയമപരമായി നിലനിൽക്കാത്തതാകും. വിചാരണാനുമതി നൽകുക എന്ന പ്രക്രിയ അനുമതി നൽകുന്ന അധികാരി യാന്ത്രികമായി ചെയ്യേണ്ടതല്ല. കേസിന്റെ എല്ലാ രേഖകളും സ്വതന്ത്രമായ പരിശോധനക്ക് വിധേയമാക്കി എടുക്കേണ്ട തീരുമാനമാണ്. യാന്ത്രികമായിട്ടാണ് വിചാരണാനുമതി നൽകിയിരിക്കുന്നത് എന്ന് വിചാരണയിൽ തെളിയിക്കാൻ കഴിഞ്ഞാൽ അതും പ്രതിയെ വെറുതെ വിടാനുള്ള ഒരു കാരണമായി മാറും. ടാഡ, പോട്ട നിയമങ്ങൾ പ്രകാരമുള്ള നിരവധി കേസ്സുകളിൽ വിചാരണാനുമതി നിയമപരമായി നിലനിൽക്കത്തക്കതല്ല എന്ന കാരണത്താൽ വിചാരണക്കോടതിയുടെ ശിക്ഷാ വിധി സുപ്രീം കോടതി തള്ളി കളഞ്ഞിട്ടുണ്ട്. പോലീസ് തയ്യാറാക്കി കൊടുക്കുന്ന വിചാരണാനുമതി ഉത്തരവിൽ ഒപ്പിടുക എന്നതാണ് സാധാരണ നടക്കുന്നതെങ്കിലും യുഎപിഎ പോലുള്ള കർക്കശമായ അടിച്ചമർത്തൽ നിയമത്തിൽ കുറ്റാരോപിതരായവർക്കു ലഭ്യമായ ദുർബ്ബലമായ ഒരു വിമോചന സാധ്യതയാണ് വിചാരണാനുമതി നിയമം.

വിചാരണാനുമതി എന്ന നിയമസാങ്കേതികത യുഎപിഎ നിയമത്തിന്റെ മാത്രം ഒരു പ്രത്യേകതയല്ല. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ചില കുറ്റകൃത്യങ്ങൾക്കും അഴിമതി നിരോധന നിയമം പോലുള്ളവയിലും വിചാരണാനുമതി എന്ന നിയമം നിലവിലുണ്ട്. അത് പോലെ തന്നെ യുഎപിഎ ക്കു മുൻപുള്ള ഭീകര വിരുദ്ധ നിയമമായ ടാഡ, അതിനു ശേഷം വന്ന പോട്ട എന്നീ നിയമങ്ങളിലും വിചാരണാനുമതി വേണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നു. ടാഡയിൽ പോലീസ് ഇൻസ്‌പെക്ടർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു വിചാരണാനുമതി നൽകേണ്ടിയിരുന്നത്. പൊലീസിലെ തന്നെ ഉയർന്ന ഉദ്യോഗസ്ഥനാണ് എന്നതിനാൽ വിചാരണാനുമതി നൽകാനായി സ്വതന്ത്രമായ പരിശോധന നടത്തുക എന്നത് ഏറെക്കുറെ അസാധ്യമായിരുന്നു. ടാഡ കേസ്സുകളിൽ വിചാരണാനുമതി നിയമപരമല്ലെന്നും യാന്ത്രികമായ പരിശോധന നടത്തിയാണ് വിചാരണാനുമതി നൽകിയതെന്നും കാണിച്ചു നിരവധി കേസ്സുകളിൽ കോടതികൾ പ്രതികളെ വെറുതെ വിടുകയുണ്ടായി. കോടതികളിൽ നിന്നും ഉണ്ടായ ഈ വിധികളുടെയും ടാഡക്കെതിരെ ഉയർന്ന വിമർശനങ്ങളുടെയും പശ്ചാത്തലത്തിലാണ് ടാഡാക്ക് ശേഷം പോട്ട വന്നപ്പോൾ വിചാരണാനുമതി നൽകാനുള്ള ഉത്തരവാദിത്തം പോലീസിൽ നിന്നും എടുത്തു മാറ്റി അത് സർക്കാരിന്റെ മറ്റൊരു ശാഖയിൽ നിക്ഷിപ്തമാക്കിയത്. സർക്കാരിന് വേണ്ടി ആഭ്യന്തരവകുപ്പ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഈ നിയമമനുസരിച്ച് വിചാരണാനുമതി നൽകേണ്ടത്. പക്ഷെ പോട്ടയുടെ ദുരുപയോഗവും മനുഷ്യാവകാശ ലംഘനങ്ങളും തടയാൻ ഈ മാറ്റവും സഹായകമായില്ല.

2004 ൽ ഒന്നാം യുപിഎ സർക്കാർ തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു കൊണ്ട് പോട്ട പിൻവലിച്ചു. പക്ഷെ അതേ സമയം തന്നെ പോട്ടയിലെ ഏതാണ്ടെല്ലാ വകുപ്പുകളും യുഎപിഎ നിയമത്തിൽ ഉൾപ്പെടുത്തി നിയമം ഭേദഗതി ചെയ്യുകയും ചെയ്തു. വ്യാപകമായ മൗനഷ്യാവകാശ ലംഘനങ്ങൾക്കു കാരണമായെന്നു വ്യാപകമായി വിമർശിക്കപ്പെട്ടതിനാൽ പിൻവലിക്കപ്പെട്ട പോട്ട യുഎപിയിലൂടെ പുനഃജനിച്ചു. യുഎപിഎ യുടെ ഈ രൂപാന്തരണത്തിൽ പോട്ടയിലെ വിചാരണാനുമതി വകുപ്പും യുഎപിഎ നിയമത്തിൽ എടുത്തു ചേർത്തിരുന്നു. പിന്നീട് 2008 ൽ മുംബൈ ആക്രമണ പരമ്പരയുടെ പശ്ചാത്തലത്തിൽ പി.ചിദംബരം ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് യുഎപിഎ വീണ്ടും ഭേദഗതി ചെയ്തു. പോട്ടയിൽ നിന്നുമെടുത്തു ചേർത്ത വിചാരണാനുമതി വകുപ്പിലും ഭേദഗതി നിർദ്ദേശിക്കപ്പെട്ടു. അതനുസരിച്ച് വിചാരണാനുമതി നൽകുന്നതിന് മുൻപ് കേസ്സന്വേഷണത്തിലൂടെ ലഭിക്കുന്ന തെളിവുകൾ ഒരു സ്വതന്ത്ര പരിശോധനക്ക് വിധേയമാക്കണം എന്നും അതിനായി ഒരു നിർദ്ദേശക സമിതി (റെക്കമൻഡിങ് അതോറിറ്റി) രൂപീകരിക്കണമെന്നും വ്യവസ്ഥ ചെയ്തു. ഈ നിർദ്ദേശക സമിതിയുടെ നിർദ്ദേശം ലഭിച്ച ശേഷം വിചാരണാനുമതി നൽകുന്ന അധികാരി വീണ്ടും ഒരിക്കൽ കൂടി കേസിലെ തെളിവുകൾ സ്വതന്ത്രമായ പരിശോധനക്ക് വിധേയമാക്കണമെന്നും അതിനു ശേഷം മാത്രമേ വിചാരണാനുമതി നൽകാവൂ എന്നും ഭേദഗതി കൊണ്ട് വന്നു.

അതുവരെയുണ്ടായിരുന്ന വിചാരണാനുമതി നിയമത്തിൽ നിന്നുമുള്ള ഒരു മാറ്റമായിരുന്നു ഈ ഭേദഗതി. യുഎപിഎ നിയമത്തെ ഇന്ന് കാണും വിധത്തിൽ വളരെ കർക്കശമായ ഒരു അടിച്ചമർത്തൽ നിയമമായി മാറ്റിയ ഭേദഗതിയായിരുന്നു 2008 ൽ രണ്ടാം യുപിഎ സർക്കാർ കൊണ്ട് വന്ന രണ്ടാം ഭേദഗതി. നിയമത്തിന്റെ ജനാധിപത്യ വിരുദ്ധതയെയും അമിതാധികാര പ്രവണതയും അധികാര കേന്ദ്രീകരണവും ന്യായീകരിക്കാൻ പാർലമെന്റിൽ ചിദംബരം ഉപയോഗിച്ചത് വിചാരണാനുമതി നൽകുന്നതിനുള്ള ഈ സ്വതന്ത്ര പരിശോധനാ സംവിധാനത്തെ ഉയർത്തിപ്പിടിച്ചായിരുന്നു. യുഎപിഎ കേസ്സുകളിൽ എക്സിക്യൂട്ടീവ് ആണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. എക്സിക്യൂട്ടീവിന്റെ തന്നെ ഒരു ശാഖയാണ് കേസന്വേഷണം നടത്തുന്നത്. വിചാരണാനുമതി നൽകുന്നതും എക്സിക്യൂട്ടീവ് ആണ്. അത് കൊണ്ട് തന്നെ പ്രതികാരപൂർവ്വം പെരുമാറുന്ന ഒരു സർക്കാരിന് വേണമെങ്കിൽ ആർക്കെതിരെയും കേസ്സെടുക്കാനും അന്വേഷണം നടത്താനും വിചാരണാനുമതി നൽകാനും കഴിയും എന്ന ഭയമുണ്ട്. ആ ഭയം ന്യായമാണെന്നല്ല പക്ഷെ അത് പൂർണ്ണമായും അന്യായമാണെന്നും പറയാൻ കഴിയില്ല. അത് കൊണ്ട് വിചാരണാനുമതി നൽകുന്നതിന് മുൻപ് ഒരു സ്വതന്ത്ര സമിതിയുടെ പരിശോധന നിർദ്ദേശിച്ചിരിക്കുന്നതെന്നാണ് ചിദംബരം രാജ്യസഭയിലെ ചർച്ചയിൽ പങ്കെടുത്തു പറഞ്ഞത്. യുഎപിഎ നിയമത്തിന്റെ അമിതാധികാരത്തിനെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധമാണ് ഈ വ്യവസ്ഥ എന്നും അദ്ദേഹം രാജ്യസഭയിൽ പ്രസ്താവിച്ചു.

രണ്ടു ഘട്ടമായുള്ള സ്വതന്ത്രപരിശോധന നിഷ്ക്കർഷിച്ചതിനൊപ്പം ഈ പരിശോധനക്ക് ഒരു സമയക്രമവും 2008 ലെ ഭേദഗതി നിർദ്ദേശിച്ചിരുന്നു. അതനുസരിച്ച് കേസന്വേഷണത്തിലൂടെ ലഭിക്കുന്ന എല്ലാ തെളിവുകളും അന്വേഷണ ഏജൻസി നിർദ്ദേശക സമിതിക്കു അയച്ചു കൊടുക്കണം. അപ്രകാരം രേഖകൾ ലഭിച്ച് ഏഴു പ്രവർത്തി ദിവസത്തിനകം നിർദ്ദേശക സമിതി രേഖകൾ പരിശോധിച്ച് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തണം. അതിനു ശേഷം ഈ അഭിപ്രായം ഉൾപ്പടെ കേസിന്റെ രേഖകൾ വിചാരണാനുമതി നൽകുന്ന അധികാര കേന്ദ്രത്തിലേക്ക് അയക്കണം. രേഖകൾ ലഭിച്ച് ഏഴു ദിവസത്തിനകം സർക്കാർ വിചാരണാനുമതി നൽകണോ വേണ്ടയോ എന്നകാര്യത്തിൽ തീരുമാനമെടുക്കണം. അന്വേഷണത്തിന് ശേഷം വിചാരണാനുമതി ലഭിക്കാനായി കേസ്സുകൾ കെട്ടി കിടക്കുന്ന അവസ്ഥ ഒഴിവാക്കാനും കുറ്റാരോപിതരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനും കൂടി വേണ്ടിയാണ് ഇത്തരം ഒരു സമയക്രമം നിർദ്ദേശിക്കപ്പെട്ടത്.. യുഎപിഎ നിയമ ഭേദഗതി കൊണ്ട് വന്നതിനെ തുടർന്ന് ഉണ്ടായ വ്യാപകമായ വിമർശനങ്ങളുടെ സമ്മർദ്ദ ഫലമായാണ് ഇത്തരം ഒരു സമയക്രമവും പരിശോധനാ നടപടിയും കൊണ്ട് വരാൻ യുപിഎ സർക്കാർ തയ്യാറായത്.

രൂപേഷ്

ഈ സമയക്രമം കൃത്യമായി പാലിച്ചില്ലെന്നും അത് കൊണ്ട് നിയമപരമായി നിലനിൽക്കത്തക്ക വിചാരണാനുമതി ഇല്ലെന്നും ചൂണ്ടി കാണിച്ചു കൊണ്ടാണ് കേരള ഹൈക്കോടതി രൂപേഷ് എന്ന രാഷ്ട്രീയ തടവുകാരനെതിരെ ചുമത്തിയ 3 യുഎപിഎ കേസ്സുകൾ റദ്ദാക്കിയത്. യുഎപിഎ തങ്ങളുടെ നയമല്ലെന്നും ഈ നിയമമനുസരിച്ച് തടവിലടച്ചിരിക്കുന്ന മുഴുവൻ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കണമെന്നും പ്രഖ്യാപിച്ചിട്ടുള്ള സിപിഎം നയിക്കുന്ന എൽഡിഎഫ് സർക്കാർ കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരിക്കുകയാണ്. വിചാരണാനുമതിക്കായി നിഷ്ക്കർഷിച്ചിരിക്കുന്ന സമയക്രമം കേവലം നിർദ്ദേശാത്മകം മാത്രമാണെന്നും നിർബന്ധമായും അത് പാലിക്കേണ്ട നിയമപരമായ ബാധ്യത സർക്കാരിനില്ലെന്നുമാണ് എൽഡിഎഫ് സർക്കാർ സുപ്രീം കോടതിയിൽ ഉയർത്തിയിരിക്കുന്ന വാദം.

ഈ വാദം സുപ്രീം കോടതി അംഗീകരിച്ചാൽ അത് രൂപേഷിനെയോ മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരെയോ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമായിരിക്കില്ല. അന്യായമായി വിചാരണ പോലുമില്ലാതെ ദീർഘകാലം തടവിൽ കഴിയുന്ന നൂറുകണക്കിന് യുഎപിഎ തടവുകാരുടെ മോചനത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നമാണിത്. രാഷ്ട്രീയമായും നിയമപരമായും ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത ഒരു നിലപാടുമായിട്ടാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടു പോകുന്നത്. വിചാരണാനുമതിക്കായി സമയക്രമം നിശ്ചയിക്കുന്ന ചട്ടം തന്നെ ഇതോടെ ഫലത്തിൽ ഇല്ലാതാകും.

എൽഡിഎഫ് സർക്കാരിന്റെ വാദം അംഗീകരിക്കപ്പെട്ടാൽ അതെങ്ങനെയാണ് യുഎപിഎ തടവുകാരെ ബാധിക്കുന്നത് എന്ന് നോക്കാം. ഒന്നാമതായി വിചാരണാ നടപടി തന്നെ ശിക്ഷയായി മാറുന്നു എന്ന കുപ്രസിദ്ധിയുള്ള നിയമമാണ് യുഎപിഎ. ജാമ്യം ഏതാണ്ട് അസാധ്യമായ ഈ നിയമപ്രകാരം വിചാരണ കാത്തു കിടക്കുന്ന നൂറു കണക്കിനാളുകൾ ഇന്ന് തടവറകളിലുണ്ട്. പത്തും പതിനഞ്ചും വർഷം വിചാരണ തടവുകാരായി കഴിഞ്ഞാണ് യുഎപിഎ കേസിലെ പ്രതികൾ ജയിൽ മോചിതരാകുന്നത്. വിചാരണാനുമതി നൽകുന്നതിനുള്ള സമയക്രമം ഇല്ലാതാകുന്നതോടെ സർക്കാരിന് സൗകര്യം പോലെ വിചാരണാനുമതി നൽകാമെന്ന് വരും. ഇത് വിചാരണത്തടവ് വീണ്ടും അനന്തമായി നീളുന്നതിനു കാരണമാകും. കാരണം വിചാരണാനുമതി ഇല്ലാതെ വിചാരണാ നടപടികൾ ആരംഭിക്കാൻ കഴിയില്ല. പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തെന്നു തോന്നാൻ കാരണങ്ങൾ ഉണ്ടെങ്കിൽ കോടതി ജാമ്യവും നൽകില്ല. ഫലത്തിൽ യുഎപിഎ യുടെ അമിതാധികാര പ്രവണതയും അടിച്ചമർത്തൽ ശേഷിയും ജനാധിപത്യ-മനുഷ്യത്വ വിരുദ്ധതയും ഒക്കെ ഇതോടെ ഒന്നുകൂടി തീവ്രമാകും. രണ്ടാമതായി യുഎപിഎ തടവുകാരുടെ മനുഷ്യാവകാശ സംരക്ഷണത്തിനുള്ള ദുർബ്ബലമെങ്കിലും അവശേഷിക്കുന്ന ഒരേയൊരു വ്യവസ്ഥ അട്ടിമറിക്കപ്പെടും. പോലീസുകാരുടെ അമിതാധികാര പ്രയോഗത്തിന്റെ ഫലമായോ, രാഷ്ട്രീയ അടിച്ചമർത്തലിന്റെ ഭാഗമായോ ഒക്കെ അന്യായമായി യുഎപിഎ ചുമത്തുന്ന കേസ്സുകളിൽ സമയബന്ധിതമായി സ്വാതന്ത്ര പരിശോധന നടത്തി എത്രയും പെട്ടെന്ന് ഇരകൾക്കു നീതി ലഭ്യമാക്കാനുള്ള സാധ്യത ഇല്ലാതാകും. തീർത്തും സാധാരണക്കാരായ പ്രതികളുടെ കാര്യത്തിൽ ഇതെത്ര മാത്രം ഭീകരമായ പീഡനമായി മാറുമെന്ന് ഊഹിക്കാവുന്നതേയുള്ളു.

തങ്ങളുടെ രാഷ്ട്രീയ എതിരാളികളെയും, വിമർശകരെയും അടിച്ചമർത്തുന്നതിനു യുഎപിഎ പോലുള്ള നിയമങ്ങൾ എപ്രകാരമാണ് ബിജെപി നയിക്കുന്ന സർക്കാരുകൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് എന്ന് നമ്മൾ കണ്ടു കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് കൂടിയാണല്ലോ യുഎപിഎ, എൻഎസ്എ തുടങ്ങിയ നിയമങ്ങൾ ഉപയോഗിച്ച് തടവിലടച്ചിരിക്കുന്ന രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് സിപിഎം ദേശീയ തലത്തിൽ രാഷ്ട്രീയ ക്യാമ്പയിനുകൾ സംഘടിപ്പിച്ചത്. എന്നാൽ യുഎപിഎ സംബന്ധിച്ച ഈ രാഷ്ട്രീയ നിലപാടിനെ സ്വയം റദ്ദാക്കുന്ന നടപടിയാണ് ഇപ്പോൾ കേരളത്തിലെ എൽഡിഎഫ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ജനാധിപത്യ മൂല്യങ്ങൾക്ക് നിരന്തരം ഭീഷണി ഉയർത്തി കൊണ്ടിരിക്കുന്ന ഹിന്ദുത്വ ഫാസിസ്റ്റുകളായിരിക്കും എൽഡിഎഫ് സർക്കാരിന്റെ ഈ നടപടിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ എന്ന് മനസ്സിലാക്കാനുള്ള പ്രാഥമിക രാഷ്ട്രീയ പാഠത്തെ പോലും മറക്കുന്ന വിധമുള്ള അവസരവാദ രാഷ്ട്രീയമാണ് സിപിഎം യുഎപിഎ നിയമത്തിന്റെ കാര്യത്തിൽ സ്വീകരിച്ചിട്ടുള്ളത്. ബിജെപി യുടെ ഭരണമാതൃകക്കെതിരെ പിണറായി സർക്കാരിന്റെ കേരളമാതൃക ബദലായി ഉയർത്താൻ ഇക്കഴിഞ്ഞ സിപിഎം പാർട്ടി കോൺഗ്രസ്സിലെ തീരുമാനം യുഎപിഎ കേസിലെ പിണറായി സർക്കാർ നടപടികൾ കൊണ്ട് അപഹാസ്യമായി മാറുകയാണ്.

ഹിന്ദുത്വ ഫാസിസ്റ്റുകൾക്കെതിരെ പൊരുതുന്ന ജനതയ്‌ക്കെതിരെയുള്ള ഭരണകൂട ആയുധങ്ങൾക്ക് മൂർച്ഛ കൂട്ടുന്ന ഇത്തരം നടപടികളുടെ പിന്നിലെ രാഷ്ട്രീയമെന്തെന്ന ചോദ്യം ജനാധിപത്യ സമൂഹം നിരന്തരം ഉയർത്തേണ്ടതുണ്ട്. അല്ലാത്ത പക്ഷം ജനാധിപത്യ സമൂഹ സൃഷ്ടിക്കായുള്ള നമ്മുടെ സമരങ്ങളും പ്രതിരോധങ്ങളും ഉള്ളിൽ നിന്നും അട്ടിമറിക്കപ്പെട്ടു കൊണ്ടിരിക്കും.ഹിന്ദുത്വ ഫാസിസ്റ്റ് ഭീഷണി ഏറ്റവും മൂർദ്ധന്യത്തിൽ എത്തിയ ഒരു ചരിത്ര സന്ദർഭത്തിൽ ഇത്തരം അട്ടിമറികൾക്ക് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതാണെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. ആ ചരിത്ര പാഠത്തെ മറവിയിലേക്കു തള്ളാതിരിക്കുക.

കവർ ഡിസൈൻ : സി പി ജോൺസൺ

Comments
Print Friendly, PDF & Email

You may also like