ലോകസാംസ്കാരിക സമ്മേളനമെന്ന ആ മഹാമഹത്തിന്റെ പ്രഭാപൂരത്തില്‍ അതിനെതിരെ ഉയര്‍ന്നുവന്ന എല്ലാ വിമര്‍ശനങ്ങളും കുഴിച്ചുമൂടപ്പെട്ടു. ദേശീയ ഹരിത ട്രൈബ്യൂണല്‍ ശ്രീ ശ്രീക്കെതിരെ പരിസരമലിനീകരണത്തിന് അഞ്ച് കോടി രൂപ ചുമത്തിയത് സമ്മേളനത്തിന് മുന്നത്തെ ദിവസമായിരുന്നു. എന്നാല്‍ ആ ഉത്തരവിനെ ധിക്കരിക്കുകയും, വേണ്ടി വന്നാല്‍ ജയിലില്‍ പോവാന്‍ തയ്യാറാണെന്നുമുള്ള വിവാദ നിലപാടുമായി ആ ആത്മീയനേതാവ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത് നാം കണ്ടു. എന്നാൽ അതൊന്നും അദ്ദേഹത്തിന്റെ ഉത്സവവേദിയിൽ രണ്ടു മണിക്കൂറോളം ചിലവഴിക്കുന്നതിൽ നിന്നോ ശ്രീ ശ്രീയുടെ അപദാനങ്ങൾ വാഴ്ത്തിപ്പാടുന്നതിൽ നിന്നോ പ്രധാനമന്ത്രിയെ തെല്ലുമേ നിരുത്സാഹപ്പെടുത്തിയില്ല എന്നത് കാണാതിരിക്കരുത്. നമ്മളിലൊരാൾ ട്രാഫിക് ലൈറ്റ് തകര്‍ക്കുകയും, അതിന്റെ പിഴയടക്കാൻ വിസമ്മതിച്ച്, അറസ്റ്റ് ചെയ്യുവാൻ പോലീസുകാരനെ വെല്ലുവിളിക്കുക കൂടി ചെയ്ത ശേഷം പോലീസ് കമ്മീഷണർ നമ്മളെ മാതൃകാപൗരനെന്നു വാഴ്ത്തുന്നത് ഒന്ന് സങ്കല്പ്പിച്ചു നോക്കൂ. വിചിത്രമായി തോന്നാം. രാജ്യത്ത് നിയമം പക്ഷപാതപരമായി നടപ്പിലാക്കപ്പെടുന്നതിന്റെ തെളിവായ ഈ സംഭവത്തിൽ നിന്ന് നിരൂപിക്കാവുന്ന വസ്തുത മറ്റൊന്നല്ല. പാവപ്പെട്ടവന്റെ കൂര അനുമതി ഇല്ലെന്ന പേരിൽ തണുപ്പുകാലത്ത് പാതിരാത്രിയിൽ പൊളിച്ചു മാറ്റും; അതേ സമയം പ്രബലനായ ആത്മീയനേതാവ് പ്രധാനമന്ത്രിയുടെ അനുഗ്രഹാശിസ്സുകളോടെ നിയമ ലംഘനം നടത്തും. അത്ര തന്നെ.
എന്തിന് മോഡിയെ മാത്രം ഒറ്റപ്പെടുത്തണം? ശ്രീ ശ്രീയുടെ മികവുറ്റ സംഘാടനരീതി എല്ലാവരെയും ഉൾക്കൊള്ളുന്നതും വിവേചന രഹിതവുമാണ്. സൈന്യത്തെ തൂക്കുപാലം നിർമ്മിക്കാൻ നിയോഗിച്ചു. നഗരവികസന മന്ത്രാലയത്തെ താൽക്കാലിക ശുചിമുറികൾ പണിയാൻ ഏല്പ്പിച്ചു. ദില്ലി സര്‍ക്കാരും പൊതുമേഖലയിലെ നവരത്നങ്ങളും തികച്ചും സ്വകാര്യമായ ഈ സംരംഭത്തിന്റെ പ്രായോജകന്മാരായി. കേജ്രിവാൾ ആം ആദ്മിക്ക് വേണ്ടി നിലകൊള്ളുമായിരിക്കും, പ്രമുഖ വ്യക്തികളുടെ പ്രത്യേകാനുകൂല്യങ്ങൾക്കെതിരെ ആഞ്ഞടിക്കുമായിരിക്കും. പക്ഷെ, അദ്ദേഹവും ഇവിടെ ‘ഖാസ്’ ആദ്മികളുടെ കൂടെ വേദി പങ്കിടാൻ അതീവ തല്പരനായി എന്നത് നാം കാണാതെ പോവരുത്.
ഇത് ഒട്ടും അപ്രതീക്ഷിതമല്ല. തുടക്കത്തിൽ തന്നെ ശ്രീ ശ്രീ താൻ വർഷങ്ങളായി രാഷ്ട്രീയരംഗത്ത് പടുത്തുയർത്തിയ കടപ്പാടുകളെ പ്രയോജനപ്പെടുത്തുക മാത്രമായിരിക്കും ചെയ്തിട്ടുണ്ടാവുക. ഒരു സാംസ്കാരിക സംരംഭത്തെ രാഷ്ട്രീയവത്കരിക്കരുതെന്നു അദ്ദേഹം അപേക്ഷിച്ചിച്ചിരുന്നുവെങ്കിലും രാഷ്ട്രീയവുമായി അടുപ്പം പുലർത്തുന്നതിൽ അദ്ദേഹം എന്നും തത്പരനായിരുന്നു. 2001ലെ ലോക കുംഭമേളയിൽ വിശ്വഹിന്ദു പരിഷത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന, അയോധ്യയിൽ രാമക്ഷേത്രത്തിന് വേണ്ടി മുറവിളി കൂട്ടിയ സാധു സന്ത് സമാജിന്റെ ഭാഗമായിരുന്നു ശ്രീ ശ്രീ രവിശങ്കര്‍. കെജ്രിവാൾ സ്വന്തമായി വേറിട്ടൊരു വേദി പണിയാനൊരുങ്ങുന്നു എന്ന് തിരിച്ചറിയുന്നത് വരെ അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധപ്രസ്ഥാനത്തിൽ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. 2014ലെ പൊതുതിരഞ്ഞെടുപ്പിൽ ആർട്ട് ഓഫ് ലിവിംഗ് വളണ്ടിയർമാരാണ് മോഡിക്ക് പിന്തുണ തേടി പരസ്യമായി രംഗത്തെത്തിയത് എന്നതും ഈ സമയത്ത് ഓര്‍ക്കാതിരുന്നു കൂടാ.
ലോക സാംസ്കാരികോത്സവം 150 രാജ്യങ്ങളിൽ തത്സമയം പ്രക്ഷേപണം ചെയ്തു എന്നത് ഇന്ത്യയുടെ സോഫ്റ്റ് പവർ വികസിക്കുന്നതിന്റെ തെളിവാണെന്ന് ശ്രീ ശ്രീയെ പിന്തുണക്കുന്ന ആര്‍ക്കും ന്യായമായും അവകാശപ്പെടാം. അത്, ഉയരുന്ന ഹിന്ദു മൃദു ശക്തിയുടെയും അടയാളമാണ്. ചില മൗലവിമാരും ഗൾഫ് ഷേക്കുമാരും ആർട്ട് ഓഫ് ലിവിങ്ങിന്റെ ആഗോള അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നെങ്കിലും ശ്രീ ശ്രീയുടെ മണ്ഡലം വ്യാപിച്ചു കിടക്കുന്നത് ഇന്ത്യൻ നഗരങ്ങളിലെ മധ്യവർഗത്തില്‍ തന്നെയാണ്. അങ്ങനെ നിലകൊള്ളുന്ന അദ്ദേഹത്തിന്റെ പ്രസ്ഥാനത്തോട് ചേർന്ന് നില്ക്കുന്നത് വഴി രാഷ്ട്രീയ വിഭാഗങ്ങൾ ശ്രമിക്കുന്നത് കാര്യമായ പ്രതിരോധമൊന്നുമില്ലതെ ഒരു ഹിന്ദു വോട്ടുബാങ്കിനു നിലമൊരുക്കുവാ തന്നെയാണ്.
സാധാരണക്കാരുടെ ഭക്തിവിശ്വാസങ്ങൾ ചേർത്ത് പിടിക്കുന്നതോടൊപ്പം സമ്പന്നരെയും പ്രബലന്മാരായ വിശ്വാസികളെയും തന്നിലേക്കടുപ്പിക്കുന്നതിലും ശ്രീ ശ്രീ സമർത്ഥനാണ്. ഇല്ലായ്മയിൽ ഒതുങ്ങുന്ന ഒരു ഗുരുവല്ല അദ്ദേഹം. ഉയർന്ന ക്ലാസ്സിൽ സഞ്ചരിക്കുകയും, ആഡംബര വാഹനത്തിൽ അഭിമുഖത്തിനെത്തുകയും, ബംഗളൂരുവിലെ ആഡംബര ആശ്രമത്തിൽ വസിക്കുകയും, തലസ്ഥാനത്ത് ചിലവേറിയ ഗോൾഫ് ലിങ്ക് മേൽവിലാസത്തിൽ തങ്ങുകയും, സാഹസികരുടെയും സൗന്ദര്യമുള്ളവരുടെയും കൂടെ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് അദ്ദേഹം.
പിഴയടക്കുവാൻ ആർട്ട് ഓഫ് ലിവിങ്ങിന്റെ പക്കൽ 5 കോടി ഇല്ലെന്ന് അദ്ദേഹത്തിന്റെ വക്കീൽ കോടതിയിൽ ബോധിപ്പിച്ചുവെങ്കിലും, തന്റെ ഉന്നത ബന്ധങ്ങളും സ്വാധീനവും ഉപയോഗിച്ച് ദില്ലി സാക്ഷ്യം വഹിച്ച ഈ കാഴ്ച വിസ്മയം സംഘടിപ്പിക്കുക ശ്രീ ശ്രീക്ക് സുസാധ്യമാണെന്നു തന്നെ തെളിഞ്ഞു.
ഇതുകൊണ്ടൊന്നും ശ്രീ ശ്രീ പ്രസിദ്ധിയുടെ പ്രഭാപൂരത്തിന് യോഗ്യനല്ലെന്ന് അർത്ഥമാക്കുന്നില്ല. നാം ഇപ്പോൾ അതിശയോക്തികളുടെ കാലത്തിലാണ് ജീവിക്കുന്നത്. ഇത്രയും ബൃഹത്തായ ഒരു പരിപാടി സംവിധാനം ചെയ്യുവാൻ സവിശേഷമായ ഒരു വൈദഗ്ധ്യം തന്നെ ആവശ്യമാണ്. സുഖദായകമായ ആത്മീയത വില്ക്കുന്ന ശ്രീ ശ്രീ, സര്‍ക്കാരിന്റെ മറ്റൊരു പ്രിയപ്പെട്ട ആൾ ദൈവമായ ബാബാ രാം ദേവിനെപ്പോലെ- വിജയം കൊയ്യുന്ന വൻ ആഗോള ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയിരിക്കുന്നു. എന്റെ ചോദ്യങ്ങള്‍ ഇതാണ്: സർക്കാർ ഈ ചങ്ങാത്ത ആത്മീയതയെ പിന്തുണക്കേണ്ടതുണ്ടോ? വൻ ശൃംഖലകൾ ഉള്ള ബാബമാർക്കും ഗുരുക്കന്മാർക്കും (ഇമാമുമാരും മൗലവിമാരും ഉൾപ്പെടെ) പ്രത്യേക ആനുകൂല്യങ്ങൾ നൽകേണ്ടതുണ്ടോ? രാം ദേവിന്റെ യോഗ ക്യാമ്പുകൾക്കോ ഭക്ഷ്യോത്പ്പന്നങ്ങൾക്കോ പ്രോത്സാഹനം നല്കുന്നതും, ശ്രീയുടെ സാംസ്കാരികോത്സവത്താലുണ്ടാവുന്ന പരിരിസ്ഥിതി പ്രശ്നങ്ങളെ അവഗണിക്കുന്നതും സർവ്വോപരി ആത്മപുഷ്ടീകരണത്തിൽ മുഴുകിയിരിക്കുന്ന വ്യക്തികളുമായി യോജിച്ചു പ്രവർത്തിക്കുന്നതും ഒരു ആധുനിക രാഷ്ട്രത്തിന് ചേർന്നതാണോ? അതോ കഴുത്തറപ്പൻ ചങ്ങാത്ത മുതലാളിമാർക്ക് സമന്മാരായി ആത്മീയമേഖലയിൽ വിരാജിക്കുന്നവരാണോ രാംദേവും ശ്രീ ശ്രീയും?
ചില കാര്യങ്ങളിലെങ്കിലും രാഷ്ട്രീയ പ്രമുഖരെക്കാൾ ഒരു പടി മുന്നിലാണ് ശ്രീ ശ്രീ എന്ന നവയുഗഗുരു എന്നത് രസാവഹമാണ്. കഴിഞ്ഞ മാസം അദ്ദേഹം ഭിന്ന ലൈംഗികരുടെ അവകാശങ്ങൾക്കും വൈരുധ്യം നിറഞ്ഞ ആർട്ടിക്കിൾ 377 നീക്കം ചെയ്യുവാനും ശക്തമായ പിന്തുണയുമായി രംഗത്തെത്തി. അദ്ദേഹത്തിനൊപ്പം വേദിയിലിരുന്ന എത്ര പേർ ഇത് പോലെ പുരോഗമനാശയങ്ങൾക്കു വേണ്ടി പരസ്യനിലപാടെടുക്കും?
പോസ്റ്റ് സ്ക്രിപ്റ്റ്: സാംസ്കാരികോത്സവത്തിലെ ഏറ്റവും ഹൃദ്യമായ മുഹൂർത്തം ഒരു പാക് മൗലവി പാക്കിസ്ഥാൻ സിന്ദാബാദ് എന്ന് വിളിച്ചതാണ്. അദ്ദേഹത്തിനെ ജയ് ഹിന്ദ് എന്ന് കൂടി വിളിക്കാൻ ശ്രീ ശ്രീ പ്രോത്സാഹിപ്പിച്ചു. ‘അങ്ങനെ യോജിച്ചൊരു മുദ്രാവാക്യം വിളിച്ചാൽ അത് രാജ്യദ്രോഹമാവുമൊ? സുഹൃത്തിന്റെ ചോദ്യം. ഇല്ല, താങ്കൾക്കു സമാധാന നോബൽ പുരസ്കാരത്തിൽ ഒരു കണ്ണുണ്ടെങ്കിൽ എന്ന് എന്റെ മറുപടി.
കടപ്പാട്: ഹിന്ദുസ്ഥാൻ ടൈംസ്