ആരും പറയാത്ത ഒരു ആശയത്തെ, ആരും അവതരിപ്പിക്കാത്ത വ്യത്യസ്തമായ ഭാഷണശൈലി കൊണ്ട് കഥയാക്കുകയാണെങ്കിൽ അതിന് കിട്ടുന്ന സ്വീകാര്യത വളരെ ഉയർന്നതാകും. അത്തരം കഥകളിൽ ആശയവും ആവിഷ്കാരവും മാത്രമല്ല ഭാഷയും പ്രയോഗങ്ങളും നാടകീയതയും വളരെ ഉയർന്നുനിൽക്കും. ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ആയിരിക്കും അതിന്റെ അവതരണം. കഥാപാത്രങ്ങൾ വായനക്കാരൻ തന്നെയാകും. വായിച്ചു തീർന്നതിനു ശേഷം നിഷ്പ്രഭം ആകുന്നതാവുകയില്ല അതിൽനിന്നും കിട്ടുന്ന അനുഭൂതി. ചിലപ്പോൾ കഥ തീരുന്നിടത്ത് വായനക്കാരുടെ ഭാവനയാകും പ്രവർത്തിക്കുക. ചിന്തക്കും വികാരങ്ങൾക്കും സാരമായ ഒരു ചലനം ആ കഥ നൽകിയിരിക്കും. എല്ലാ കഥകളും ഇത്തരത്തിലുള്ളതായിരിക്കണം എന്ന് വാശിപിടിക്കുന്നതിൽ ഒരു അർത്ഥവുമില്ല. പക്ഷേ മേൽപ്പറഞ്ഞ ഗുണങ്ങൾ ഒന്നുമില്ലാത്ത, ഒരായിരം തവണ വായിച്ച കഥയുടെ ആശയം അത്രയും വട്ടം തന്നെ കേട്ട് പരിചയമുള്ള ആഖ്യാന ശൈലിയിൽ വായനക്കാർക്ക് മുമ്പിൽ വിളമ്പി വെക്കുന്ന കഥാകൃത്തുക്കളും, ഇതാ നിങ്ങൾക്ക് പുതുമയുള്ള കഥ തന്നിരിക്കുന്നു എന്ന് പ്രഖ്യാപിക്കുന്ന എഡിറ്റർമാരും ഉള്ള കാലത്തോളം കഥ ഐസിയുവിൽ തന്നെയാകും. ദൗർഭാഗ്യവശാൽ ഇന്നത്തെ പല കഥകളും വെറും ദൃശ്യങ്ങൾ മാത്രമാണ്. അല്ലെങ്കിൽ വെറും സംഭാഷണങ്ങൾ മാത്രം. അധികം ആരും അറിയാത്ത ഏതെങ്കിലും ഒരു ചെറുദേശത്തെ സംഭാഷണ ശൈലി കഥയിൽ ചേർത്തുവച്ചാൽ അതാണ് നൂതനത്വം എന്ന് വിചാരിക്കുന്നത് പരിപൂർണ്ണമായ കഥാസ്വാദനത്തിന് വിഘാതമാണ് സൃഷ്ടിക്കുക.
ദശാബ്ദങ്ങളായി മലയാളത്തിൽ കഥയെഴുതുന്നുണ്ട് ശ്രീ. വത്സലൻ വാതുശ്ശേരി. ഇപ്രാവശ്യം മാതൃഭൂമിയിലെ കഥ അദ്ദേഹത്തിന്റെതാണ്- സമാന്തരം. ഒരു കഥാകൃത്തിനെ കുറിച്ചുള്ള കഥയാണത്രേ ഇത്. ഇരുപത് വർഷങ്ങളുടെ ഇടവേളക്കു ശേഷം വീണ്ടും കഥയെഴുതാൻ തയ്യാറെടുത്തിരിക്കുന്ന അയാളുടെ മുൻപിൽ വീണുകിട്ടുന്ന ആശയം കൊണ്ട് ഒരു കഥയുണ്ടാക്കുന്നു. ഇത് സുഹൃത്തിനെ കാണിച്ചപ്പോൾ അതിരൂക്ഷമായ രീതിയിൽ അദ്ദേഹം വിമർശിക്കുന്നു. പക്ഷേ വത്സലൻ വാതുശ്ശേരിയുടെ കഥ വായിച്ചു കഴിയുമ്പോൾ നമുക്ക് തോന്നുക, എത്ര കണ്ട് കാലഹരണപ്പെട്ടതാണോ ഇതിന്റെ വിഷയം, അത്രതന്നെ കാലഹരണപ്പെട്ടതാണ് ഇതിന്റെ അവതരണവും എന്നതാണ്. തുടക്കത്തിൽ ലോട്ടറി വില്പനക്കാരിയായ വൃദ്ധയെക്കുറിച്ചാണ് പറയുന്നത്. ഈ കഥാപാത്രത്തിന്റെ സാംഗത്യം കഥയിൽ എന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. കഥാകൃത്ത് ട്രെയിൻ കയറി പോകുന്നതിനെ കുറിച്ച് പിന്നീട് വർണിക്കുന്നു. യാത്രയിൽ ഭൂതകാലവും വർത്തമാനകാലവും ഓർമ്മിക്കുന്നു. എ സി കോച്ചിന് ടിക്കറ്റ് എടുത്ത് ജനറൽ കമ്പാർട്മെന്റിൽ യാത്രചെയ്യുന്നു ഇയാൾ. വായനക്കാർ മറക്കരുതെന്ന് കരുതിയാവണം, ലോട്ടറി ടിക്കറ്റ് വില്പനക്കാരിയെ ഒന്നുകൂടി പറയുന്നുണ്ട് കഥാകൃത്ത്. ഇടയ്ക്ക് എവിടെയോ വച്ച് ട്രെയിൻ നിൽക്കുന്നു. ആരോ വണ്ടിക്ക് കുറുകെ ചാടിയതാണത്രേ. അരക്ക് കീഴ്പോട്ടും മേലോട്ടുമെന്ന് രണ്ട് ഭാഗമായി ഛേദിക്കപ്പെട്ട ശരീരം.
ഇതാണ് കഥ.
ഏതെങ്കിലും തരത്തിൽ പുതുമ തോന്നിക്കുന്ന ആശയം?
വേണ്ട, പഴയ ആശയത്തിൽ തന്നെ പുതുമയുള്ള രീതിയിലുള്ള അവതരണം?
അതും വേണ്ട പഴയ ആശയവും പഴയ രീതിയിലുള്ള അവതരണവുമാണെങ്കിലും അതിനിടക്ക് പുതുമയുള്ള എന്തെങ്കിലും പ്രയോഗമോ വാക്യമോ?
അങ്ങനെയുള്ള യാതൊന്നും കണ്ടെത്താൻ പറ്റാത്ത വളരെ വിരസമായ കഥയാണിത്. തികഞ്ഞ ശൂന്യത മാത്രം ബാക്കി വെക്കുന്ന, ഒന്നുമില്ലാത്ത ഒരു കുമിള.

വത്സലൻ വാതുശ്ശേരി
സമകാലിക മലയാളം വാരികയിൽ സലിൽ മാങ്കുഴി എഴുതിയ കഥയാണ് ‘അലസിപ്പൂക്കൾ.’ കഥാകാരന്റെ ഭാഷയും അവതരണരീതിയും മെച്ചം. പരമ്പരാഗതമായ ആഖ്യാന ശൈലിയിൽ നിന്നും മാറി തന്റേതായ രീതിയിൽ കഥ പറയാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, നല്ല ഒരു കഥയ്ക്ക് അത് മാത്രം പോരല്ലോ. കേട്ടു തഴമ്പിച്ച ഉപകഥകൾ, രചനകളിൽ ചേർക്കുമ്പോൾ അവ ക്ലിഷേ ആയി മാറുന്നു. കാമുകനൊപ്പം വീടുവിട്ടിറങ്ങിപ്പോയ വിധു അവസാനമായി അച്ഛനെ ഒരു നോക്ക് കാണാനായി വരുന്ന രംഗമുണ്ട് കഥയിൽ. അത്, കഥാകൃത്ത് ഒന്നുകൂടി വായിച്ചിരുന്നെങ്കിൽ പൈങ്കിളിയല്ലേ ഇത് എന്നൊരു സംശയം വന്നേനെ. ചർവിത ചർവണമായ ആശയത്തെ നൂതനത്വമുള്ള കഥയാക്കി മാറ്റുന്നതിലും വിജയിച്ചിട്ടില്ല എഴുത്തുകാരൻ. മകനാണ് അച്ഛനെ കൊന്നത് എന്ന കാര്യം വായനക്കാർക്ക് മനസ്സിലാക്കിക്കൊടുക്കാനുള്ള എല്ലാം തുടക്കത്തിൽ പറഞ്ഞ ശേഷവും, കഥാന്ത്യത്തിൽ അത് വീണ്ടു ഉറപ്പിച്ചു പറയുന്നുണ്ട്. അവിദഗ്ദനായ ഒരു രചയിതാവിനെയാണ് അതെല്ലാം എടുത്തു കാണിക്കുന്നത്.
എഡിറ്റിംഗ് വളരെ നല്ലത് എന്ന് പറഞ്ഞുകൂടാ. രണ്ടു വാക്കുകൾ കൂട്ടിച്ചേർക്കുമ്പോഴാണോ, പിരിച്ചെഴുതുമ്പോഴാണോ പാരായണക്ഷമത ഉണ്ടാവുക എന്ന് വായിച്ചു നോക്കാനുള്ള ക്ഷമ അദ്ദേഹം കാണിച്ചില്ല എന്ന് തോന്നുന്നു.
കഥയിൽ നിന്നും ഒരു ഉദാഹരണം പറയാം: -“ഏകാന്തതപത്തോടെ സ്നേഹ രഹിത ജീവിതത്തിന്റെ കയ്പ്പ് കുടിച്ച് നൊന്ത രാത്രികളിൽ ഒറ്റയ്ക്കിരുന്ന അവൾ പുറത്തേക്കിറങ്ങാനുള്ള വഴിയറിയാതെ ഇരുട്ടിൽ തപ്പി.”
മാത്രവുമല്ല, വെറും ഒരു പ്രണയകഥയായോ പ്രതികാര കഥയായോ വായനക്കാർ ഇതിനെ കാണരുത്. രാഷ്ട്രീയ വായനക്കാർക്ക് വേണ്ടി ഒന്നാന്തരം രാഷ്ട്രീയം ഇതിനകത്തുണ്ട്. അതാണ് കാട് ഇറങ്ങിവരുന്ന നക്സലുകൾ. എങ്കിൽ പിന്നെ ഭരണകൂടം അവരെ വെടിവെച്ചു കൊന്നു കാണുമല്ലോ. അതുമുണ്ട്!!

സലിൽ മാങ്കുഴി
മാധ്യമം വാരികയിൽ രണ്ട് കഥകളുണ്ട്. ആദ്യത്തേത് സുരേഷ് കുമാർ എ വി യുടെ ‘ഇരുട്ടിന്റെ വീട്.’ ഇരുട്ടുപോലെ കറുത്ത കുരിയമഹനഗസ്റ്റിനെ നാട്ടുകാർ ‘ഇരുട്ട്’ എന്ന് വിളിച്ചു. കൗമാരം വരെ അച്ഛനമ്മമാരെ പോലെ താൻ കണ്ടിരുന്ന ഇരുട്ടിനെയും ഏല്യയെയും, പിന്നെ ഉപേക്ഷിച്ചുപോയ ആ നാടിനെയും കുറേ കാലങ്ങൾക്കുശേഷം അന്വേഷിച്ച് വരുന്ന ചന്ദ്രികയുടെ കഥയാണ് ഇത്. ഫ്ലാഷ് ബാക്കിലാണ് കഥ പറച്ചിൽ. അതിഭാഷണമാണ് ഇവിടത്തെ മുഖ്യ പ്രശ്നം. തുടക്കം തന്നെ വായനക്കാരനെ കഥയിലേക്ക് ഇറക്കും വിധം കുറുക്കിയ കഥ പറച്ചിൽ അല്ല. ചന്ദ്രികയുടെ ഓർമ്മയിലൂടെ വായനക്കാർ അവളുടെ അന്നത്തെ അയൽക്കാരായ ഇരുട്ടിനെയും ഭാര്യ ഏല്യയെയും കാണുന്നു. ചന്ദ്രികയ്ക്ക് ഒരുപാട് കഥകൾ പറഞ്ഞു കൊടുക്കുന്ന, അവളെ വളരെയേറെ ഇഷ്ടപ്പെടുന്ന ഈ രണ്ടുപേരുടെ നേർ വിപരീതമായിരുന്നു സ്വന്തം വീട്ടിലെ അവസ്ഥ. അച്ഛൻ സോമരാജൻ നായർ മുതലാളിയും ബാക്കിയുള്ളവർ അയാളുടെ തൊഴിലാളികളും. പലപ്പോഴും മദ്യപിച്ച് വീട്ടിലെത്തി അമ്മയെ മർദ്ദിക്കുന്നയാൾ. ആശയവും ആവിഷ്കാരങ്ങളും പഴയത്. മനസ്സിൽ തട്ടുന്ന വാക്യങ്ങളോ ജീവിത മുഹൂർത്തങ്ങളോ ഇല്ല ഇതിൽ. വെറുതെ ഒരു കഥ.

സുരേഷ് കുമാർ എ വി
മാധ്യമം വാരികയിലെ രണ്ടാമത്തെ കഥ എഴുതിയത് സുഭാഷ് ജോൺ ആണ്. ‘അപരജീവിതം’ എന്നാണ് കഥയുടെ പേര്. ഇത്തരം കഥയെഴുത്തുകാർ ഏതു ലോകത്താണ് ജീവിക്കുന്നത് എന്ന് നമുക്ക് ഒരു ധാരണയുമില്ല. കഥ കൊണ്ട് വായനക്കാരെ എന്ത് ധരിപ്പിക്കാനാണ് എഴുത്തുകാർ ശ്രമിക്കുന്നത് എന്നും അറിഞ്ഞുകൂടാ. തുടക്കം, ഒടുക്കം,ഭാഷ, ആശയം, പ്രയോഗങ്ങൾ തുടങ്ങിയവയിൽ എവിടെയാണ് തങ്ങളുടെ മുദ്ര പതിഞ്ഞിരിക്കുന്നത് എന്ന് എഴുത്തുകാർ നോക്കിയാൽ കൊള്ളാം. നൂറുകണക്കിന് കഥകളിൽ നമ്മൾ കണ്ടും കേട്ടും പരിചയിച്ച അതേ കാര്യത്തെ കഥാപാത്രങ്ങളുടെ പേര് മാത്രം മാറ്റിക്കൊണ്ട് നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നതിന് എന്ത് പേരിട്ട് വിളിക്കണം!

സുഭാഷ് ജോൺ
വത്സലൻ വാതുശ്ശേരിയുടെ രണ്ടാമത്തെ കഥ ദേശാഭിമാനിയിൽ ആദ്യത്തേതാണ്. ‘തേവമ്മ’ എന്നാണ് കഥയുടെ പേര്. നന്നായി ഉപയോഗിച്ചതിനു ശേഷം കാമുകൻ തേവമ്മയെ സുഹൃത്തുക്കൾക്ക് കൂട്ടിക്കൊടുക്കുന്നതാണ് കഥ. ആദ്യതവണ, കുറെയേറെ സമയം പ്രതിരോധിച്ചതിനുശേഷം മാത്രം അവർക്ക് വഴങ്ങേണ്ടി വന്ന തേവമ്മ, അതിന് പകരം വീട്ടാൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതോടെ കഥയാരംഭിക്കുന്നു. ഏതു കുട്ടികൾക്കും ക്ലൈമാക്സ് മനസ്സിലാകും വിധം ഈ രചനയെ അവതരിപ്പിക്കുന്നു കഥാകൃത്ത്. ഇതിനിടയിൽ വിശാലമായി പരന്നുകിടക്കുന്ന പറമ്പിന്റെ അറ്റത്തെ കല്ലുവെട്ട് കുഴിയിലെ പ്രതിഷ്ഠ പോലെ കാണപ്പെട്ട കല്ലുകളെ കുറിച്ചുള്ള കഥയും പറയുന്നുണ്ട്. അതിഭീകരമാണ് ഈ ക്ലീഷേ. അതി അതിഭീകരം ആണിത്! അവസാനം വായനക്കാരനെ ആശയക്കുഴപ്പത്തിൽ ആക്കുന്ന രീതിയിൽ എന്തൊക്കെയോ പറഞ്ഞു നിർത്തുന്നു. കൂടുതലൊന്നും എനിക്കും പറയാനില്ല!
ഡോഗ് സ്ക്വാഡിലേക്ക് മാറ്റം കിട്ടിപ്പോയ പോലീസുകാരനാണ് ദേശാഭിമാനിയിലെ കഥാനായകൻ. ശ്യാം കൃഷ്ണൻ ആർ എഴുതിയ കഥയുടെ പേര് ‘ഭൗ.’ ഈയാഴ്ച പ്രസിദ്ധീകരിക്കപ്പെട്ട കഥകളിൽ ഭേദപ്പെട്ടത് എന്ന് പറയാം ഇതിനെ. വ്യക്തിത്വവും വിധേയത്വവും തമ്മിലുള്ള, സ്വാതന്ത്ര്യ-ദാസ്യബോധങ്ങൾ തമ്മിലുള്ള സംഘട്ടനമാണ് കഥയുടെ ആശയം. ഭേദപ്പെട്ട രീതിയിൽ തന്നെ ഈ ഒരു രാഷ്ട്രീയത്തെ കഥയുടെ രൂപത്തിൽ പറയാൻ ശ്രമിച്ചിട്ടുണ്ട് കഥാകാരൻ. എങ്കിലും, ഏറ്റവും അത്യാവശ്യമെന്ന് തോന്നുന്നത് മാത്രമേ കഥയിൽ ഉൾക്കൊള്ളിക്കാവൂ എന്ന കാര്യം ശ്രദ്ധിച്ചിട്ടില്ല എന്ന് തോന്നി വായനയിൽ. പ്രത്യേകിച്ചും കഥയുടെ ആദ്യഭാഗത്ത് കാര്യങ്ങൾ വിവരിക്കുമ്പോഴും, പിന്നീട് കഥാകൃത്ത് ജോലി കിട്ടുന്നതിന് തൊട്ടുമുമ്പുള്ള കാര്യങ്ങൾ പറയുമ്പോഴും. കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ, കഥകൊണ്ട് വായനക്കാരിലേക്ക് എത്തിക്കേണ്ടുന്ന പ്രധാനപ്പെട്ട ആശയത്തെ, വായനക്കാരുടെ ഏകാഗ്രതയെ ഹനിക്കും വിധത്തിൽ അല്ലാതെ, കഥാവസാനം വരെ കൊണ്ടുപോകാമായിരുന്നു. അപ്പോഴും, ഭേദപ്പെട്ട കഥ തന്നെയാണ് ഇത് എന്ന് പറയാം.

ശ്യാം കൃഷ്ണൻ ആർ
കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്