പൂമുഖം LITERATUREകഥ ദ്വന്ദ്വം

ദ്വന്ദ്വം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

“ഒരു പേരിൽ എന്തിരിക്കുന്നു…?”

കഴിഞ്ഞ രണ്ട് വ്യാഴവട്ടമായി അയാൾ സ്വയം സമാധാനിപ്പിക്കാറുള്ളത് ഈ ഒരൊറ്റ ചോദ്യം അടിക്കടി തന്നോട്‌ സ്വയം ചോദിച്ചു കൊണ്ടാണ്. അന്ന് രാവിലെ ശക്തൻ സ്ക്വയറിലുള്ള ട്രാഫിക് ഐലന്റിൽ അയാൾ എത്തി. ട്രാഫിക് പൊലീസ് ആയുള്ള നിയമനത്തിന് ശേഷം, തന്റെ കന്നി ഡ്യൂട്ടിക്കായിട്ടായിരുന്നു അയാളുടെ വരവ്. അപ്പോഴും സാന്ത്വന ഭാവത്തിൽ അയാളുടെ മനസ്സ് ഉരുവിട്ടത് ഇതേ ചോദ്യം.

രാജകുടുംബത്തിൽ ജനനം. സിരകളിൽ ക്ഷത്രീയരക്തം. പക്ഷെ, കാലം മാറിയപ്പോൾ സമൂഹത്തിൽ ഈ വിവരണങ്ങൾക്ക് വെറും പഴങ്കഥയുടെ പ്രസക്തി മാത്രം. എന്നാലും കുടുംബത്തിലെ കാർന്നോന്മാരെ സാക്ഷിനിർത്തി മടിയിൽ കിടത്തി ഒരു ചെവി തളിർ വെറ്റിലകൊണ്ടു ഭദ്രമായി മൂടി, മറു ചെവിയിൽ അച്ഛൻ വാത്സല്യത്തോടെയും, അഭിമാനത്തോടെയും കുലത്തിലെ പേരുകേട്ട തമ്പുരാന്റെ വിളിപ്പേരുതന്നെ നീട്ടി വിളിച്ചു, “ശക്തൻ”.

സാക്ഷാൽ ശക്തൻ തമ്പുരാന്റെ കാലം തികച്ചും പ്രജാക്ഷേമത്തിന്റേതായിരുന്നു എന്ന് ചരിത്രം. അത് സമഭാവനയോടെ പ്രജകളുടെ പങ്കാളിത്തം ആഘോഷമാക്കിയ പൂരപ്പെരുമയുടെ സുവർണ്ണകാലം. കല്ലിനെപ്പോലും പിളർക്കുന്ന കല്പനകൾ ജീവവായുപോലെ പ്രജകൾ ഉൾക്കൊണ്ടപ്പോൾ, ഉല്ലംഘനങ്ങൾ ചുരികത്തലപ്പുകൾ തീർപ്പാക്കി.

അഞ്ചാം വയസ്സിൽ കൊക്കാലയിലെ സർക്കാർ വിദ്യാലയത്തിൽ ഒന്നാം ക്‌ളാസ് വിദ്യാർത്ഥിയായപ്പോഴാണ് കുലപ്പേരിന്റെ അകമ്പടിയോടെ പാവം ശക്തൻ, ശക്തൻ തമ്പുരാനായത്. പേരിലെ രാജയോഗം പുറം ലോകം അവഹേളനങ്ങളുടെ കൂട്ടച്ചിരിയോടെ ഒരു പരിഹാസ്യ നാമമാക്കി മാറ്റിയെഴുതിയതായിരുന്നു, തുടർന്ന് അന്നുവരെയുള്ള അയാളുടെ നാൾവഴി ചരിതം.

സ്‌കൂളിലും, കോളേജിലുമെല്ലാം അദ്ധ്യാപക, വിദ്യാർത്ഥി വ്യത്യാസമില്ലാതെ, എല്ലാവരും ക്ലാസ്സിലെ കോമാളിയാക്കിയത് പാവത്താനായ തനിക്ക് വീട്ടുകാർ ഇട്ടുതന്ന പേരിലെ പ്രകടമായ വൈരുദ്ധ്യം ഒന്നുകൊണ്ടുതന്നെയായിരുന്നു. ശരീര സൗന്ദര്യ മത്സരത്തിലും, പഞ്ചഗുസ്തി മത്സരത്തിലും എല്ലാം കോളേജിലെ സംഘാടകർ കാഴ്ചക്കാർക്ക് തമാശ വിളമ്പിയതും, ഈർക്കിൽ പോലെ കാറ്റിലാടി നടക്കുന്ന തന്റെ പേര് മൈക്കിലൂടെ വെറുതെ വിളിച്ചോതിക്കൊണ്ടായിരുന്നു.

കോളേജ് ഒന്നടങ്കം തന്നെ പേരുവിളിച്ചു കളിയാക്കുന്നു എന്നും ഇത് തന്റെ ആത്മാഭിമാന ത്തെക്കൂടി തല്ലിക്കെടുത്തിയെന്നും, മറ്റും പ്രിൻസിപ്പലിനോട് അയാൾ നേരിൽക്കണ്ട് പരാതിപ്പെട്ടു. ഇത്‌ കേട്ടപാടെ പ്രിൻസിപ്പൽ ശ്വാസമടക്കാൻ പാടുപെട്ട് അയാളുടെ നേർക്ക്‌ കൈചൂണ്ടി നിർത്താനാവാതെ പൊട്ടിച്ചിരിച്ചു. ഇതെല്ലാം മനസ്സിന്റെ തിരശീലയിൽ ആവർത്തിച്ചെത്തുന്ന അയാളുടെ കലാലയ ജീവിതത്തിലെ ദുഃഖ സ്മൃതികൾ ആയിരുന്നു. കോളേജിലെ അവഹേളന പരമ്പര പ്രീഡിഗ്രി പരീക്ഷക്ക് സമ്മാനിച്ചത് വമ്പിച്ച തോൽവിയായിരുന്നു.

അതോടെ വീട്ടുകാരും അയാളെ കൈവിട്ടു.

സാക്ഷാൽ ശക്തൻ തമ്പുരാന് പേരുദോഷം വരുത്താനാണോ ഇവന്റെ പുറപ്പാട് എന്ന് വീട്ടിലെ വളരെ പ്രിയപ്പെട്ടവർ പോലും കയർത്തുചോദിച്ചു.

തോൽവിയുടെ വാർത്ത വീട്ടിലും, കോളേജിലും, നാട്ടിലും വേണ്ടുവോളം കളിയാക്കിച്ചിരിക്ക് വക നല്കി. അവർ പെരുമ്പറ കൊട്ടിയത് “ശക്തൻ തമ്പുരാൻ തോറ്റ് തൊപ്പിയിട്ടു” എന്ന ചരിത്ര ശേഷിപ്പു പോലെയുള്ള ഭാഷാ പ്രയോഗത്തിലൂടെ ആയിരുന്നു. പിന്നീട് പാർട്ടുകൾ എഴുതി സാവധാനം പ്രീ ഡിഗ്രി പാസ്സായി എങ്കിലും ശേഷം തുടർ പഠനത്തിനായി ഡിഗ്രി കോളേജിൽ ചേരാനായില്ല.

അകന്ന ബന്ധു അദ്ധ്യാപകനായ കലാമണ്ഡലത്തിൽ വിദ്യാർത്ഥികൾ തികയാതെ ഡിവിഷൻ ഫാൾ ഉണ്ടാകാതിരിക്കാൻ അദ്ദേഹത്തിന്റെ നിർബന്ധത്തിന് വീട്ടുകാർ വഴങ്ങി.

പഠിക്കുമ്പോൾ സ്റ്റൈപെൻറ് കിട്ടും എന്നതായിരുന്നു വീട്ടുകാരുടെ താൽപര്യത്തിന് നിദാനം.അങ്ങിനെ അയാൾ കഥകളി പഠനത്തിനായി ചേർന്നു.

കോവിലകത്തെ കൂട്ടുകുടുംബത്തിൽ വല്ലപ്പോഴും നടക്കുന്ന ആഘോഷം, രാത്രിവൈകി നീളുന്ന, കഥകളിയുടെ ചൊല്ലിയാട്ടത്തോടെയാണ് സാധാരണ അവസാനിക്കാറ്. ഇതിന്റെ സ്ഥിരോത്സാഹം കൊണ്ടോ, സ്റ്റൈപെന്റിന്റെ ആകർഷണീയത കൊണ്ടോ, എന്തോ, അയാളുടെ കഥകളി പഠനം ചടുലമായി നീങ്ങി.

പക്ഷെ ശക്തൻ തമ്പുരാനെ കഥകളിക്കളരിയിലെ കൂട്ടുകാരാരും യഥാവിധി അംഗീകരിച്ചിരുന്നില്ല.

“ഇവനും ഇവന്റെ പേരും തമ്മിൽ ഒരുകാലത്തും ചേരില്ല….” കഥകളിയിലെ സഹപാഠികൾ അടക്കം പറഞ്ഞു ചിരിച്ചു.

അപ്പോഴാണ് ട്രാഫിക് പോലീസ് കൊണ്സ്റ്റബിൾ തസ്തികക്കായുള്ള സർക്കാർ വിജ്ഞാപനം.

പ്രീഡിഗ്രിയായിരുന്നു മിനിമം യോഗ്യത.

അങ്ങിനെയാണ് പോലീസുകാരന്റെ കാക്കിക്കുള്ളിലേക്കുള്ള അയാളുടെ സന്നിവേശം. മാസവരുമാനവും, ചെറിയ സാമൂഹ്യ അംഗീകാരവും അയാളിലെ അശക്തനെ തെല്ല് ശക്തനാക്കി എന്നത് നേരാണ്. ശക്തൻ സ്ക്വയറിലെ ട്രാഫിക് ഐലന്റിൽ ശക്തൻ തമ്പുരാൻ കഥകളിയെ ഓർമ്മിപ്പിക്കുന്ന അംഗ ചലനങ്ങളോടെ നിലയുറപ്പിച്ചു.
ആദ്യ ദിവസത്തെ അയാളുടെ രംഗപ്രവേശം ദുര്യോധനവധത്തിലെ ഭീമസേനന്റെ മെയ് വഴക്കത്തോടെ ആണെന്നു ആംഗ്യ ഭാഷയിൽ, റോഡ് അരുകിൽ നിലയുറപ്പിച്ചിരുന്ന കഥകളി ഭ്രാന്തനായ ഹെഡ് കൊണ്സ്റ്റബിൾ ഹാസ്യാത്മകമായി സൂചിപ്പിച്ചു. കാര്യങ്ങൾ ഒരു മേജർ സെറ്റ് കഥകളിയിലെ ഭീമസേനന്റെ ലാവണ്യ ശോഭയോടെ മുന്നേറുമ്പോൾ, അതിനെ പുകഴ്ത്തുന്ന മുഖവുമായി നിരവധി പേർ ട്രാഫിക് ഐലന്റ് ചുറ്റി വാഹനം ഓടിച്ചു പോയ്ക്കൊണ്ടിരുന്നു.

നട്ടുച്ചയോടടുത്തപ്പോൾ സൂര്യതാപം തിളച്ചുമറിയുന്നതായി അയാൾക്ക് തോന്നി.

എങ്കിലും ആട്ടശോഭയോടെ തന്റെ ജോലിയിൽ അയാൾ വ്യാപൃതനായിരുന്നു.

പെട്ടന്നാണ് ആൾക്കൂട്ടത്തിൽ നിന്നും ഒരു അലമുറ ശബ്ദം ദിഗന്തങ്ങൾ നടുക്കി ഉയർന്നുപൊങ്ങിയത്. എങ്ങോടെന്നില്ലാതെ തന്റെ മുന്നിലൂടെ നെട്ടോട്ടം ഓടുന്നവരെ നോക്കി അയാൾ അന്തിച്ചുനിന്നു.

പൂരപ്പറമ്പിലേക്ക് നടത്തിക്കൊണ്ടുപോയിരുന്ന ഒരു ആന ചൂട് സഹിക്കാതെ ഇടഞ്ഞിരിക്കുന്നതാണ് സംഗതി. മുകളിൽ ഇരുന്നിരുന്ന രണ്ടാം പാപ്പാനെ കുടഞ്ഞുതാഴെയിട്ടുകൊണ്ട്, അവൻ ചിന്നം വിളിയുമായി, റോഡിലാകെ പൊടിപടലങ്ങൾ ഉയർത്തിക്കൊണ്ടു പായുകയാണ്. പുറകിൽ ആനയുടെ വാലിൽ പിടിച്ചു തൂങ്ങി ഒന്നാം പാപ്പാൻ പഠിച്ച പണി പതിനെട്ടും പയറ്റിനോക്കുന്നു.

അയാൾ നിലയുറപ്പിച്ചിരുന്ന ട്രാഫിക് ഐലന്റിനെ ഉന്നം വച്ചാണ് ആനയുടെ കുതിപ്പ്.

എവിടെ നിന്നെന്നറിയില്ല അയാളിൽ തെളിഞ്ഞുകണ്ടത് സാക്ഷാൽ ശക്തൻ തമ്പുരാനിൽ രൗദ്രഭീമൻ സന്നിവേശിച്ച പോലുള്ള ഒരു തരം ചങ്കൂറ്റമായിരുന്നു.

അത് അയാളുടെ ജീവിതകാലത്ത് അയാളിൽ ആദ്യമായി കാണുന്ന ഭാവപ്പകർച്ച തന്നെ. ട്രാഫിക് ഐലന്റിൽ ആന കൊമ്പുകൊണ്ടു ആഞ്ഞു കുത്തുമ്പോൾ താഴ്ന്നു വന്ന മസ്തകം ലാക്കാക്കി അയാൾ തനിക്ക് തണലേകി നിന്ന വലിയ കൂടാരക്കുടയുടെ ഊരിയെടുത്ത ഇരുമ്പുദണ്ഡു കൊണ്ട് വെള്ളിടിപോലെ ഒരു ഗദ പ്രയോഗം നടത്തി.

മസ്തകത്തിലേറ്റ ഗദ, കൊലവിളിച്ചെത്തിയ ആനയുടെ സ്വബോധം കെടുത്തി.

ആന മയക്കുവെടിയേറ്റപോലെ റോഡിൽ ബോധമറ്റുവീണു…..

അടിയേറ്റ് നിലംപതിച്ച കൊലയാനയുടെ മുൻപിൽ ഒരു നാടിന്റെ രക്ഷകനെപ്പോലെ, നിമിഷങ്ങളോളം, ശക്തൻ തമ്പുരാൻ രൗദ്ര ഭീമനായി അലറി വിളിച്ചു………

ഫയർ ഫോഴ്‌സുകാരുടെ ശക്തിയായ വെള്ളം ചീറ്റലിൽ ശാന്തനായി ഉയർന്നെഴുന്നേറ്റ ആന വീണ്ടും അനുസരണയോടെ പാപ്പാന്മാർക്ക് വഴങ്ങി…

സർവ്വം സാക്ഷിയായ ദൈവത്തിന്റെ കണ്ണുപോലെ ജങ്‌ഷനിൽ സദാ തുറന്നിരിക്കുന്ന സി സി ടി വി യിൽ പതിഞ്ഞ കൊലയാനയുമായുള്ള ആ ദ്വന്ദ്വം ചാനലുകൾ ആഘോഷമാക്കി.

പിന്നീട് നെടുനാൾ നാടാകെ പാണന്മാർ പാടി നടന്നത് കൊലയാനയോട് ഒറ്റക്ക് പൊരുതി ജയിച്ച പുതിയ ശക്തൻ തമ്പുരാനെക്കുറിച്ചുള്ള വായ്പ്പാട്ടുകളായിരുന്നു…..

വര : പ്രസാദ് കാനത്തുങ്കൽ

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like