പൂമുഖം LITERATUREനിരൂപണം കഥാവാരം – 26

കഥാവാരം – 26

സർഗ്ഗപരമായ കഴിവ് ഉയർന്നുനിൽക്കുമ്പോൾ മാത്രമാണ് നല്ല കഥാരചന സംഭവിക്കുന്നത്. സർഗ രചന സൃഷ്ടിപരവും വിമർശനം സംഹാരാത്മകവുമാണ് എന്ന് പറയാം. അതിനാൽ തന്നെ സൃഷ്ടി എളുപ്പമുള്ള പണിയല്ല. ഏതെങ്കിലും ഒരു ആശയം മനസ്സിൽ രൂപപ്പെട്ടു വരികയും തന്റെ ഭാവനകൊണ്ട് അതിനെ കഥയുടെ രൂപത്തിലേക്ക് പരിവർത്തിപ്പിക്കുകയും ചെയ്യുന്നതിന് ഒരു കഥാകൃത്ത് അനുഭവിക്കുന്ന സംഘർഷം ചെറുതല്ല. പൂർണ്ണമായ ഒരു ആശയം ഉണ്ടാവുകയും ഭാവന കൊണ്ടും വാക്കുകൾ കൊണ്ടും അതിനെ ചലനാത്മകമാക്കുകയും ചെയ്യുമ്പോൾ നല്ല കഥയുണ്ടാകുന്നു. ആശയത്തെ ചലിപ്പിക്കുന്നതാണ് പറച്ചിൽ. വെറും പറച്ചിൽ മാത്രമാകുമ്പോൾ അത് പ്രസ്താവനകൾ ആകുന്നു. പ്രസ്താവനകൾ ഒരിക്കലും കഥകൾ ആകുന്നില്ലല്ലോ. ഇമ്പമുള്ള പാട്ടുപോലെ നല്ല പറച്ചിലും നമ്മൾ ആസ്വദിക്കും. അത് പക്ഷേ ആ നിമിഷത്തേക്ക് മാത്രമാണ്. അതിനപ്പുറമുള്ള ആയുസ്സ് അവയ്ക്ക് ഉണ്ടാകണമെങ്കിൽ വായനക്കാരന്റെ മനസ്സിനെ ചലിപ്പിക്കുന്ന തരത്തിൽ എന്തെങ്കിലും ഒരു ആശയം അതിനകത്ത് വേണം. ഹൃദയത്തിനോ ചിന്തയ്ക്കോ ഏതെങ്കിലും തരത്തിലുള്ള ഒരു സ്പർശം നൽകാൻ പറ്റിയെങ്കിൽ മാത്രമേ വായിച്ച കഥയെ കുറിച്ച് അയാൾ പിന്നീട് ഓർക്കുകയുള്ളൂ. കഥയെ പാരായണക്ഷമം ആക്കുന്നത് അതിന്റെ ആശയമല്ല; കഥനം എന്ന് വിളിക്കുന്ന ആഖ്യാന രീതിയാണ്. കഥയുടെ പല ഘടകങ്ങളിൽ ഒന്നുമാത്രമായ ഈ ആഖ്യാനത്തെ പൂർണ്ണമായ കഥ എന്ന് തെറ്റിദ്ധരിക്കുന്നിടത്താണ് ആയുസ്സില്ലാത്ത കഥകൾ രൂപം കൊള്ളുന്നത്. ആദ്യം ഒരു ആശയം ഉണ്ടാവുക. പിന്നീട് ഭാവന കൊണ്ട് അതിനു ചലനം നൽകുക. അതിനായി ഏറ്റവും അനുയോജ്യമായ ആഖ്യാന രീതി കണ്ടെത്തുക. ഇങ്ങനെയാണ് ഒരു കഥയുടെ ഗതി പുരോഗമിക്കുന്നത്. മറിച്ച്, ആദ്യം ഒരു ആഖ്യാന രീതി ഉണ്ടാക്കുക, അതിനുശേഷം ആശയം അതിലേക്ക് ചേർക്കുക എന്നതാകുമ്പോൾ കഥ അസംബന്ധമായി മാറുന്നു.

ഇ. സന്തോഷ് കുമാർ

മലയാളത്തിൽ ഇന്നുള്ളതിൽ ഏറ്റവും മികച്ച ചെറുകഥാകൃത്തുക്കളിൽ ഒരാളാണ് ഇ. സന്തോഷ് കുമാർ. മാതൃഭൂമി പോലുള്ള ഒരു പ്രസിദ്ധീകരണത്തിൽ അദ്ദേഹത്തിന്റെ കഥ വന്നാൽ അതിലൊരു മിനിമം ഗ്യാരണ്ടി പ്രതീക്ഷിക്കും വായനക്കാരൻ. ഒഴുക്കോടെ വായിച്ചു പോകാൻ പറ്റും എന്ന ആ മിനിമം ഗ്യാരണ്ടി, ഇപ്രാവശ്യത്തെ അദ്ദേഹത്തിന്റെ ‘ജ്ഞാഞാനോദയം’ എന്ന കഥയിലും ഉണ്ട്. ഒന്നുകൂടി അമർത്തി പറയുകയാണെങ്കിൽ അതുമാത്രമേയുള്ളൂ. മരണക്കുറി എന്ന, തൊട്ട് മുൻപ് പ്രസിദ്ധീകരിക്കപ്പെട്ട മാതൃഭൂമിക്കഥയുടെ അതേ അന്തരീക്ഷത്തിലാണ് ഈ സൃഷ്ടിയും രൂപം കൊള്ളുന്നത്. ഇപ്രാവശ്യം ഒരു ആക്ഷേപഹാസ്യ രീതിയിലാണ് കഥ എഴുതപ്പെട്ടിട്ടുള്ളത്. അന്ധവിശ്വാസത്തെയും ആൾദൈവങ്ങളെയും, കൂടെ ലഘുവായി യുക്തിവാദത്തെയും കളിയാക്കുന്നുണ്ട് ജ്ഞാനോദയം. അനുഭവസമ്പനായ കഥാകൃത്തിന്റെ ക്രാഫ്റ്റും എഡിറ്റിങ്ങും ഒരിക്കലും മോശമാകില്ല. പക്ഷേ, വായിച്ച് കഴിഞ്ഞതിനു ശേഷവും അനുഭൂതി നിലനിർത്തുന്ന തരത്തിൽ ഉജ്ജ്വലമല്ല ഈ കഥ. ശരാശരി കഥയാണിത് എന്നതിലപ്പുറം യാതൊന്നും പറയാനില്ല. ഇത്, ഇ. സന്തോഷ് കുമാറിൽ നിന്നും വായനക്കാർ കാത്തിരിക്കുന്ന ഒന്നല്ല തന്നെ!

വിനോദ് ഇളകൊള്ളൂർ

സമകാലിക മലയാളം വാരികയിൽ വിനോദ് ഇളകൊള്ളൂർ എഴുതിയ ‘രണ്ടു മാന്യന്മാർ’ എന്ന കഥയുണ്ട്. പൊതുജനമധ്യത്തിൽ ഏറ്റവും മാന്യരും കുലീനരും ആയിരുന്ന റിട്ടയേഡ് കോളേജ് പ്രിൻസിപ്പളിന്റെയും വിമുക്തഭടന്റെയും കഥയാണിത്. ഇവർക്ക് രണ്ടുപേർക്കും ആകപ്പാടെയുള്ള ദുശ്ശീലം ആരുമറിയാതെയുള്ള മദ്യപാനം മാത്രമായിരുന്നു. ലോക്ക്ഡൗൺ കാലത്ത് മദ്യം ലഭിക്കാൻ പ്രയാസമായതിനാൽ, അതിനായി ചാരായംവാറ്റുന്ന ഒരു സ്ത്രീയുടെ വീട്ടിലേക്ക് പ്രഫസർ എത്തിപ്പെടുന്നതാണ് കഥ. മാസ്കഴിച്ച് തന്റെ മുന്നിൽ നിൽക്കുന്നയാളെ ആ സ്ത്രീ തിരിച്ചറിയുന്നു. ഒരുകാലത്ത് തന്റെ വിദ്യാർത്ഥിനിയായിരുന്നു ഈ സ്ത്രീ എന്ന ഞെട്ടിപ്പിക്കുന്ന സത്യം മനസ്സിലാക്കുന്നു റിട്ടയേർഡ് പ്രിൻസിപ്പാൾ.

കഥയുടെ സാരാംശം പറയുമ്പോൾ എന്തൊരു ക്ലീഷേ ആണിത് എന്നാണ് നമ്മൾ പറയുക. താരതമ്യേന ദുർബലമായ ഒരു കഥാതന്തുവിനെ ആഖ്യാനശൈലി കൊണ്ട് മാത്രം വായനാ സുഖമുള്ള ഒരു സൃഷ്ടിയാക്കി മാറ്റിയിരിക്കുന്നു എഴുത്തുകാരൻ. എഡിറ്റിംഗ്, രചനാശൈലി എന്നിവ നല്ലത്. വായനക്കാരൻ പലയാവർത്തി കണ്ടും കേട്ടും പരിചിതമായ കഥ പറച്ചിൽ രീതിയിൽ നിന്നും വ്യത്യസ്തമായി ഒരു കാര്യം അവതരിപ്പിക്കുമ്പോഴും, രസകരമായ രീതിയിലുള്ള പ്രയോഗങ്ങളും ഘടനയും സംഭാഷണത്തിൽ ഉൾച്ചേർക്കുമ്പോഴും ആശയം പുതുമയുള്ളതല്ല എന്ന കാരണം കൊണ്ട് കഥയെ വായനക്കാരൻ തിരസ്കരിക്കുകയില്ല.
കഥയുടെ അന്തർഭാഗത്ത് വേണമെങ്കിൽ കണ്ടുകൊള്ളൂ എന്ന രീതിയിൽ കഥാകൃത്ത് വയ്ക്കുന്ന സുശക്തമായ രാഷ്ട്രീയവുമുണ്ട്. വെറുമൊരു പറച്ചിൽ എന്ന രീതിയിൽ മാത്രമാകും ചിലപ്പോൾ അവ വായിക്കപ്പെടുക. ദന്തഗോപുരവാസികളായ മാന്യന്മാർക്കിടയിൽ മാന്യത ഇല്ലാത്ത സാധാരണക്കാരുടെ അല്ലെങ്കിൽ കീഴാളരുടെ എല്ലാ സന്തോഷവും അളക്കപ്പെടുന്നത് വളരെ താഴ്ന്ന മാനകങ്ങളിലാണ്.

”അവർക്ക് വാറ്റുചാരായമുണ്ടല്ലോ”- കുര്യാക്കോസ് പറഞ്ഞു.
“അവർക്കൊക്കെ ബോധം കെടാൻ എന്തെങ്കിലും മതിയല്ലോ” – മേനോനും പറഞ്ഞു.
അധകൃതവും അവർണ്ണവുമായ വാറ്റുചാരായം ആദ്യമായാണ് തങ്ങളുടെ സംഭാഷണത്തിൽ ഇടം പിടിച്ചതെന്നും നിവൃത്തികേടിന്റെ പാരമ്യത കൊണ്ടാണ് അത് സംഭവിച്ചതെന്നും ഇരുവരും ഒരേസമയം ഓർത്തുപോയി. ‘

അതുകൊണ്ടുതന്നെ ഭേദപ്പെട്ട ഒരു കഥയാണിത് എന്ന് പറയുന്നു.

സലീം ഷെരീഫ്

മാധ്യമം വാരികയിൽ സലിം ശരീഫ് എഴുതിയ കഥയാണ് ‘ഒരു മഹാവൃക്ഷത്തിന്റെ ഹൃദയത്തിൽ ധ്യാനം പോലൊരു കോഴി’. തലക്കെട്ടിലെ നീളം കഥയിലും കൊണ്ടുവരുന്നതിൽ കഥാകൃത്ത് വിജയിച്ചിട്ടുണ്ട്. പന്ത്രണ്ട് പേജുകളിലായി നിറഞ്ഞു നിൽക്കുന്ന കഥയിൽ പല കാര്യങ്ങളും പറയുന്നുണ്ട്.

കോളേജ് അധ്യാപകനായ അലിയാണ് ആഖ്യാതാവ്. തുടക്കത്തിൽ ഓർമഭ്രംശം സംഭവിച്ച ഉമ്മയെയാണ് നമ്മൾ കാണുന്നത്. ആ തുടക്കത്തിലെ ഖണ്ഡിക തന്നെ അവിദഗ്ദ്ധമായ എഡിറ്റിങ്ങിനുള്ള ഏറ്റവും നല്ല ഉദാഹരണമാണെന്നേ പറയാനുള്ളൂ.

കഥ തുടരവേ, ഓർമ്മഭ്രംശം സംഭവിച്ചതോ മാനസികനില തകരാറിലായതോ ഉമ്മയ്ക്ക് അല്ലെന്നും അലിക്കാണെന്നും നാം മനസ്സിലാക്കുന്നു. കഥയുടെ അവസാനത്തിൽ ഒരു പാരഗ്രാഫ് ഉണ്ട്; തുടക്കത്തിൽ പറഞ്ഞ അതേയൊന്ന്. വായിച്ചു കഴിഞ്ഞപ്പോൾ പിഎഫ് മാത്യൂസിന്റെ ‘കടലിന്റെ മണത്തെ’ അനുകരിച്ചതാണോ എന്ന് തോന്നിപ്പോയി. ഒരൊറ്റ കാൻവാസിൽ ഒരുപാട് കാര്യങ്ങൾ തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നു കഥാകൃത്ത്. എന്തിനാണ് ഇത്രയും വിശദമായി പരത്തി പരത്തി പറഞ്ഞുകൊണ്ടിരിക്കുന്നത് എന്നു മനസ്സിലാക്കാൻ പറ്റാത്ത ചില സന്ദർഭങ്ങൾ കഥയിൽ കാണാം- എന്റെ അവിദഗ്ധമായ വായനയ്ക്ക് മനസ്സിലാക്കാൻ പറ്റാത്തത്.

കഥാനായകൻ കൊമേഴ്സ് ക്ലാസ് എടുക്കുന്നതിനെ കുറിച്ചുള്ള രംഗമുണ്ട്. സുദീർഘ പ്രഭാഷണം. അഥവാ കോഴിക്കഥ. ഇവിടെ ആരെങ്കിലും പിഎഫ് മാത്യൂസിന്റെ ‘പരിഭാഷകൻ’ എന്ന കഥയെ ഓർത്താൽ തെറ്റ് പറയാൻ പാടില്ല. (അതി മനോഹരമായ ‘പരിഭാഷകനെ’ ഇക്കഥയുമായി സമീകരിക്കുന്നോ എന്ന് പ്രിയ വായനക്കാർ ദേഷ്യപ്പെടരുത്). കൗമാരത്തിന്റെ ഏതോ ഒരു ചാപല്യം അമ്മ കാണാൻ ഇടയായതിനാൽ അതിന്റെ ട്രോമയിൽ ജീവിച്ചുപോകുന്ന കഥാനായകൻ അവസാനം മാനസികനില തകരാറിലായിപ്പോകുന്നതാകാം ഈ കഥ.

കഥ സ്വാഭാവികമാകണം, പറച്ചിലും അതുപോലെതന്നെ. അതിനിടയ്ക്ക് എഴുത്തുകാരൻ നിർമ്മിച്ചെടുക്കുന്ന ചില തത്വചിന്തകൾ , രചനയുടെ സൗന്ദര്യം കൂട്ടുകയല്ല ചെയ്യുക- പ്രത്യേകിച്ചും ഒരുപാടുവട്ടം നമ്മൾ കേട്ടതും ചിന്തിച്ചതും ആയിട്ടുള്ള കാര്യങ്ങളാണെങ്കിൽ. താനാണോ, കണ്ണാടിയിൽ കാണുന്ന താനാണോ തന്നെ കണ്ടതെന്നോർത്ത് കഥാനായകൻ ഒരുവേള സന്ദേഹിച്ചു പോലും! ബാലിശമായ ഇത്തരം തത്വചിന്തകൾ ഈ കഥയിൽ എന്തിനാണെന്ന് അറിഞ്ഞുകൂടാ. കഥയുടെ ഗരിമ കൂട്ടാൻ ആണെന്ന് തോന്നുന്നു ഭാഷ കുറച്ച് കടുപ്പിച്ചിട്ടുണ്ട് ചിലയിടങ്ങളിൽ.

“ഒരു സ്വപ്നത്തിൽ സൂര്യകാന്തിപ്പൂവിന്റെ പുഞ്ചിരിക്ക് പിന്നിലെ വിത്തായി ഞാൻ ജീവിച്ചു പോരുകയാണ്. പൊൻകിരണങ്ങളിൽ മദിച്ചും, തണുത്ത കാറ്റേറ്റുലഞ്ഞും മധു കരങ്ങളുടെ പ്രേമപൂർണമായ പീഡകളിൽ സുഗന്ധം വിയർത്തും ഒരു മഞ്ഞ ഇതളിന്റെ തലപ്പത്തു പൊട്ടിവീണു മുളക്കാൻ വെമ്പുന്ന മറ്റനേകം വിത്തുകളിലൊന്നായി വർഷങ്ങളായി ഞാൻ ജീവിച്ചു പോരുന്നു.”

സത്യസന്ധമായി പറയട്ടെ, എനിക്കറിഞ്ഞുകൂടാ ഈ ഭാഷ. എന്നുവച്ച് ഇത് അർത്ഥശൂന്യമെന്ന് ഞാൻ പറയില്ല. വിശാലതലത്തിൽ അർത്ഥമുള്ള സുന്ദരമായ ഗദ്യം തന്നെ. തൊട്ട് ശേഷമുള്ള ഖണ്ഡികയും ഇതുപോലെ.

“കാരണം ഞാൻ അവിടെ കണ്ടുമുട്ടുന്നവരെല്ലാം എന്റെ മറ്റു പല സ്വപ്നങ്ങളിലും ജീവിച്ചുകൊണ്ടിരിക്കുന്ന നിരാശരായ എന്നെത്തന്നെയാണ്. “

വികലം, വളരെ വികലമായ വാക്യവും വാക്യഘടനയും.

അതിനാൽ തന്നെ ഏറെക്കുറെ വായിച്ചു പോകാവുന്ന ഒരു കഥ എന്ന നിലയിൽ നിന്നും ഒരു അസംബന്ധം എന്ന നിലയിലേക്ക് ഇത് കൂപ്പുകുത്തുന്നു.

സച്ചിദാനന്ദൻ

‘ഒരു റോബൊട്ടിന്റെ ആത്മകഥ’ എന്ന പേരിൽ സച്ചിദാനന്ദന്റെ കഥയാണ് ദേശാഭിമാനിയിൽ ആദ്യത്തെത്. മലയാള കവിതാസാഹിത്യത്തിൽ ഏറ്റവും മികച്ച കവികളുടെ കൂട്ടത്തിൽ സച്ചിദാനന്ദനും ഉണ്ടാകും. ഒരു നല്ല കവി, ഒരു നല്ല കഥാകൃത്ത് കൂടി ആകണമെന്നില്ലല്ലോ. വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തെ കുറിച്ച് വല്ലാത്ത ആധിയാണ് കഥാകൃത്തിന്. ആ ആധി പ്രകടമാക്കുന്ന ലേഖനമാണിത്.

ദേശാഭിമാനിയിലെ രണ്ടാമത്തെ കഥ അമൽ എഴുതിയ ‘കുഴവി’യാണ്. വർത്തമാനകാല ഇന്ത്യയുടെ രാഷ്ട്രീയം അതിശക്തമായി പറയുന്ന കഥയാണിത് എന്ന് വേണമെങ്കിൽ വ്യാഖ്യാനിക്കാം. പക്ഷേ എനിക്ക് തോന്നിയത്, വെറുതെ വായിച്ചുപോകാൻ പറ്റുന്ന ഒരു കുഞ്ഞു കഥയെന്നാണ്. പത്തഞ്ഞൂറു വർഷങ്ങൾ ജീവിച്ചിരുന്ന ഒരു മോഷ്ടാവിന് പരലോകത്ത് വെച്ച് അധികാരി ശിക്ഷ വിധിക്കുന്നതാണ് കഥയിൽ. മോഷണമെങ്കിൽ ചെറിയ ശിക്ഷയെല്ലേ പാടുള്ളൂ. പക്ഷേ ഇയാൾക്ക് വിധിക്കുന്നത് ഭീകരമായ ശിക്ഷയാണ്. കാരണം അയാൾ മോഷ്ടിക്കാൻ ചെന്ന വീട്ടിൽ ഒന്നും കാണാത്തത് കൊണ്ട് അമ്മിക്കല്ലിന്റെ കുഴവിയെടുത്ത് ദൂരെയെവിടെയോ എറിഞ്ഞുപോലും. ആ സ്ഥലം ഈ വൃദ്ധ ആർക്കോ വിറ്റു. അവർ പിന്നീട് അവിടെ ഒരു പള്ളി പണിയിച്ചു. മതിയല്ലോ. ഇന്ന് ആ പള്ളി ഇരിക്കുന്ന സ്ഥലത്ത് ഭീകരമായ വർഗീയ കലാപം ഉണ്ടാകാൻ വേറെ ഒന്നും വേണ്ടല്ലോ. പള്ളിക്കടിയിൽ നിന്നും ശിവലിംഗം കണ്ടെത്തുന്ന ഇക്കാലത്ത് ഇതൊക്കെ സ്വാഭാവികം. അതിനാൽ ആ മോഷ്ടാവിന് പരമാവധി ശിക്ഷ കിട്ടിയേ തീരൂ. ഭാവനാസമ്പന്നരായ എഴുത്തുകാർ തങ്ങളുടെ പ്രതിഭ കൊണ്ട് ശൂന്യതയിൽ നിന്നും ആശയങ്ങൾ ഉണ്ടാക്കുന്നത് ഇങ്ങനെയാണെന്ന് സമ്മതിക്കാൻ എനിക്ക് വയ്യ. ആകെപ്പാടെയുള്ള മെച്ചം എന്തെന്ന് വെച്ചാൽ ഏറ്റവും ചുരുങ്ങിയ വാചകങ്ങളിൽ ഒരു കഥ പറയാൻ അമൽ ശ്രമിച്ചു എന്ന് മാത്രം. കഥ എന്ന രൂപത്തിൽ അല്ലാതെ സുഹൃത്തുക്കൾ അങ്ങോട്ടുമിങ്ങോട്ടും പറയാൻ സാധ്യതയുള്ള കാലികമായ ഒരു തമാശ. അതിൽ കൂടുതലായി ഒന്നുമില്ല ഇതിൽ.

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like