പൂമുഖം LITERATUREലേഖനം പൊന്നാടകൾ കൊണ്ട് മറയ്ക്കാനാവില്ല കുഞ്ഞാമന്റെ ചോദ്യങ്ങളെ

പൊന്നാടകൾ കൊണ്ട് മറയ്ക്കാനാവില്ല കുഞ്ഞാമന്റെ ചോദ്യങ്ങളെ

ചെറോണയുടെയും അയ്യപ്പന്റേയും മകൻ പ്രൊഫ എം കുഞ്ഞാമന്റെ ജീവിത സമരം ” എതിര്” കേരള സാഹിത്യ അക്കാദമിയുടെ ആത്മ കഥയ്ക്കുള്ള പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെടുകയും അദ്ദേഹം ആ പുരസ്‌കാരം നിരസിച്ചിരിക്കുകയും ചെയ്തിരിക്കുകയാണല്ലോ. 5 പതിപ്പുകൾ ഇറങ്ങിയെങ്കിലും മലയാള ധൈഷണിക മണ്ഡലം ഗൗരവമായി ചർച്ചയ്‌ക്കെടുക്കാതെ പോയ പുസ്തകമാണ് എതിര്. അത് അറിയാതെ സംഭവിച്ചു പോയ ഒന്നല്ല നൂറ്റാണ്ടുകളായി നമ്മൾ കണ്ടില്ലെന്നു നടിച്ച, ചരിത്രത്തിന്റെ അരികുകളിലേക്കു ബോധപൂർവ്വം മാറ്റി നിർത്തിയ, ദളിത് സമൂഹം മുന്നോട്ട് വെക്കുന്ന അടിസ്ഥാനപരമായ പ്രശ്നങ്ങൾ സ്വാതന്ത്ര്യ ലബ്ധിക്കു 75 വർഷങ്ങൾക്കു ശേഷവും അതേ പടി നില നിൽക്കുന്നുവെന്നും തുല്യത എന്നത് ഒരു ഒരു ഉട്ടോപ്യൻ ആശയമായി മാത്രമേ നമ്മൾ ഇപ്പോഴും സ്വീകരിച്ചിട്ടുള്ളുവെന്നും ഒരു സ്വതന്ത്ര സമൂഹമെന്ന നിലയിൽ നാം മുന്നോട്ട് വെക്കുന്ന, നേടിയെടുത്തു എന്ന് കരുതുന്ന ഇടതു പുരോഗമന മൂല്യങ്ങൾ, സ്വതന്ത്ര സോഷ്യലിസ്റ് ജനാധിപത്യ സങ്കൽപ്പങ്ങൾ, വലിയൊരു കാപട്യത്തിന്റെ പുറത്തിരുന്നു കൊണ്ടുളള കേവല ഗ്വാഗ്വാ വിളികൾ മാത്രമാണെന്നും ഈ പുസ്തകം നമ്മോട് വിളിച്ചു പറയുന്നു. സ്വതന്ത്ര പുരോഗമന ബുജികളായ നമുക്ക് അത് കൊണ്ട് തന്നെ ഈ പുസ്തകം ചർച്ചക്കെടുക്കുക സാധ്യമല്ലല്ലോ. നമ്മൾ ഇത് വരെ പറഞ്ഞു നടന്ന മുഴുവൻ മനുഷ്യാവകാശ പ്രശ്നങ്ങളും അടിസ്ഥാന വിഷയങ്ങളുടെ അരികിനെ പോലും സ്പർശിക്കുന്നില്ലെന്നു നമുക്ക് അംഗീകരിക്കാൻ കഴിയില്ലല്ലോ. നമ്മുടെ എല്ലാ പുരോഗമന ചിന്തകളും നാം സ്വയം ഇന്നും അസ്പൃശ്യരാക്കി നിർത്തുന്ന ഒരു സമൂഹത്തിന്റെ സാമ്പത്തിക – രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ മേൽ കസേര വലിച്ചിട്ട് അതിന്മേൽ കയറിയിരുന്നു നടത്തുന്ന വാചാടോപങ്ങൾ മാത്രമാണെന്ന് ഏതു മലയാളി അക്കാദമിക്കിനാണ്, രാഷ്ട്രീയക്കാരനാണ്, ബുദ്ധിജീവിക്കാണ്, സ്വതന്ത്ര ചിന്തകനാണ് അംഗീകരിക്കാൻ കഴിയുക.
കുഞ്ഞാമൻ മുന്നോട്ട് വെച്ച ചാട്ടുളി പോലെ ഉള്ള ചോദ്യങ്ങളെ കണ്ടില്ലെയില്ലെന്നു നടിച്ചു നാം നമ്മുടെ ബുദ്ധി ജീവിതം തുടരുകയായിരുന്നു. അതിനുള്ള മറുപടി കൂടിയാണ് കുഞ്ഞാമന്റെ ഈ പുരസ്‌കാര നിരാസം. നെഞ്ചു പിളർക്കുന്ന ചോദ്യങ്ങളോട് നിങ്ങൾക്ക് രണ്ടു തരം സമീപനങ്ങൾ എടുക്കാൻ കഴിയും ഒന്ന് ആ ചോദ്യം കേട്ടില്ലെന്നു നടിക്കുക രണ്ടു ചോദ്യകർത്താവിനു പൊന്നാട നൽകി ആദരിച്ചു ചോദ്യത്തെ അവഗണിക്കുക. ഇത് കൃത്യമായി തിരിച്ചറിഞ്ഞത് കൊണ്ടാണ് കുഞ്ഞാമൻ ഈ അവാർഡ് നിരസിച്ചത് എന്നാണു ഞാൻ കരുതുന്നത്

ഈ പുസ്തകത്തോട് ഏറ്റവും ആദ്യം കടുത്ത അവഗണന കാട്ടിയതു പുസ്തകത്തിന് അവതാരിക എഴുതിയ സ്വതന്ത്ര ബുദ്ധിജീവി കെ വേണു തന്നെയാണ്. നമ്മുടെ സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യമില്ലായ്മയെ, ഭൂഅവകാശങ്ങളോ വിദ്യാഭ്യാസ തുല്യാവകാശമോ ഇല്ലാത്ത ഒരു സമൂഹത്തിന്റെ നേർ പ്രതിനിധി ഉയർത്തിയ അടിസ്ഥാന ചോദ്യങ്ങളെയെല്ലാം അവഗണിച്ചു ഈ പുസ്തകത്തെ കേവലം ഒരുമോട്ടിവേഷണൽ ഗ്രന്ഥമായി, കുട്ടികൾ വായിച്ചു ഊർജ്ജം നേടേണ്ട “പ്രതിസന്ധികളെ എങ്ങിനെ തരണം ചെയ്യാം ” എന്ന തരത്തിലുള്ള കേവലപ്രസംഗമായി ചുരുക്കുകയായിരുന്നു വേണു. ആദ്യ രണ്ടോ മൂന്നോ ചാപ്റ്ററിൽ മാത്രമൊതുങ്ങുന്ന കുഞ്ഞാമന്റെ ജീവൽ സമരങ്ങളെ മാത്രം തൊട്ടു കുഞ്ഞാമൻ ഉയര്ത്തിയ നൈതിക ചോദ്യങ്ങളെ തൊടാതെ പോയ അഴകൊഴമ്പൻ അവതാരിക

കേരള സമൂഹം ഈ പുസ്തകത്തെ സ്വീകരിച്ചതും നിസംഗതയോടെയാണ്. തങ്ങളുടെ ഇരിപ്പിടങ്ങൾ അനീതിക്കു മേൽ പടുത്തുയർത്തിയതാണ് എന്ന സത്യത്തെ അവഗണനയോടെയല്ലേ നേരിടാനാകൂ

നമുക്ക് പുസ്തകത്തിലേക്ക് വരാം. പതിനാലാം വയസ്സിൽ ജന്മിയുടെ വീട്ടിൽ കഞ്ഞിക്കു ചെന്നതും മണ്ണിൽ കുഴിയിൽ ഒഴിച്ചു കൊടുക്കപ്പെട്ട കഞ്ഞി ആ വീട്ടിലെ പട്ടിയുമൊത്തു കടി പിടി കൂടി കഴിക്കേണ്ടി വന്നതും, എന്നെ ജാതിപ്പേര് വിളിക്കരുത് എന്ന് പറയുമ്പോൾ ” എന്താടാ നിന്നെ ജാതിപ്പേര് വിളിച്ചാൽ ” എന്ന് ചോദിച്ചു കരണത്തടിക്കുന്ന അധ്യാപകനും, ഒക്കെ നമ്മൾ വായിച്ചു “ഹയ്യോ പഴയ കാലം” എന്ന് അനുതാപം രേഖപ്പെടുത്തി വിട്ടു കളഞ്ഞ ജീവിതാനുഭവങ്ങളാണ്

നമ്മൾ അനുതപിക്കാതെ പോയ, ഗൗരവത്തിലെടുക്കാതെ പോയ, തുടർ അധ്യായങ്ങളിൽ വരുന്ന ഇക്കാലത്തെ അനീതികളെ കുറിച്ചുള്ള, അതിന്റെ അടിസ്ഥാന കാരണങ്ങളെ കുറിച്ചുള്ള രാഷ്‌ട്രീയ, സാമ്പത്തിക, നൈതിക ചോദ്യങ്ങളാണ് ഈ പുസ്തകത്തിന്റെ സത്ത

അത് നിലനിൽക്കുന്ന എല്ലാ സാമൂഹ്യ തുല്യതാ സങ്കല്പങ്ങളെയും തകിടം മറിക്കുന്നു, ചോദ്യം ചെയ്യുന്നു

നമ്മുടെ സർവ്വ കലാശാലകളിൽ ഇന്നും ജാതി നിറഞ്ഞാടുകയാണെന്നു കുഞ്ഞാമൻ ഈ പുസ്തകത്തിൽ അടിവരയിട്ടു വ്യക്തമാക്കുന്നു, നിരവധി ഉദാഹരണങ്ങളിലൂടെ. റിസർച്ച് ഗൈഡാവാൻ സന്നദ്ധത അറിയിച്ചു അധ്യാപകൻ ഗവേഷണ വിദ്യാർത്ഥിക്ക് സമ്മത പത്രം നൽകണം. വിദ്യാർത്ഥി ദളിതൻ ആണെന്നറിഞ്ഞാൽ പലരും കത്തു കൊടുക്കാറില്ലെന്നു കുഞ്ഞാമൻ എന്ന അക്കാദമീഷ്യൻ എഴുതുന്നു, വിദ്യാർത്ഥി പ്രവേശവും അധ്യാപക നിയമനവും മുതൽക്കു നമ്മുടെ സർവ കലാ ശാലകളിൽ ജാതി പ്രവർത്തിച്ചു തുടങ്ങുന്നുവെന്നും. ‘സർവ്വ കലാശാലയുടെ ജാതി’ എന്നാണു ഒരധ്യായത്തിന്റെ തലക്കെട്ട് തന്നെ.

‘ജാതിയില്ലാത്ത ക്‌ളാസ് റൂം’ എന്ന മറ്റൊരധ്യായത്തിൽ നമ്മുടെ സർവ്വ കലാശാലകൾ ഇപ്പോഴും ഫ്യുഡൽ സ്ഥാപനങ്ങൾ ആണെന്നും ഫ്യുഡൽ മൂല്യങ്ങളായ അച്ചടക്കം, അനുസരണം, വിധേയത്വം ഇവയാണ് നിഷ്കര്ഷിക്കുന്നതെന്നും പാശ്ചാത്യ സർവ്വ കലാശാലകൾ ഉയർത്തി പിടിക്കുന്ന തുല്യത, വിയോജിപ്പ്, ആത്മാഭിമാനം എന്നീ മൂല്യങ്ങളിലേക്കു ഇനിയും ഒരുപാടു ദൂരമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. കേരളത്തിന്റെ ധിഷണാ ലോകം എടുത്താൽ ദളിത് അധ്യാപകരുടെ സാന്നിധ്യം വിരലിൽ എണ്ണാവുന്നവരിൽ ഒതുക്കാമെന്നും ധൈഷണിക ലോകത്തു ദളിത് ചിന്താ ധാര ഇടതുപക്ഷം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു വെക്കുന്നു. ഒരു ദളിതന് വിസിയുടെ കസേരയിൽ ഇരിക്കണമെങ്കിൽ അയാൾക്ക് മൂട്ടയായി പുനർജനിക്കേണ്ടി വരും എന്നദ്ദേഹം പരിഹസിക്കുന്നു

മാർക്സിസത്തിനു തീർത്തും അടിച്ചമർത്തപ്പെട്ടവരിലേക്കു,പാർശ്വവൽക്കരിക്കപ്പെട്ടവരിലേക്കു ഇന്ത്യയിൽ മാത്രമല്ല ആഫ്രിക്കൻ രാജ്യങ്ങളിലും എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല എന്ന് നിരീക്ഷിക്കുന്നു കുഞ്ഞാമൻ. പ്രത്യയ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ രണ്ടു ധാരകൾ ആണുണ്ടായിരുന്നത് – അംബേദ്കറിസവും മാർക്സിസവും – ഇവ തമ്മിൽ ഒരിക്കലും ഒന്നിക്കില്ലെന്നും ഡോ ബി ആർ അംബേദ്കറോടുള്ള കമ്മ്യുണിസ്റ്റ് പാർട്ടികളുടെ സമീപനം അംബേദ്കറെ 1952 ലെ ആദ്യ പൊതു തെരഞ്ഞെടുപ്പിൽ കമ്മ്യുണിസ്റ് പാർട്ടിയും സോഷ്യലിസ്റ് പാർട്ടിയും ഒന്നിച്ചു നിന്ന് സർവ്വ ശക്തിയും സംഭരിച്ചു പരാജയപ്പെടുത്തിയതിൽ നിന്ന് ഒട്ടും വിഭിന്നമല്ലെന്നും “ഓപ്പൺ അല്ലാത്ത ശത്രു” എന്ന അദ്ധ്യായം പറഞ്ഞു വെക്കുന്നു. ദളിതരെ ഇടതുപക്ഷത്തേക്ക് കൊണ്ട് വരണമെങ്കിൽ സമൂഹിക പരിണാമ പ്രക്രിയക്ക് ആവശ്യമായ സാമ്പത്തിക പരിപാടി കമ്മ്യുണിസ്റ്റ് പാർട്ടികൾക്ക് ഉണ്ടായിരിക്കണം എന്നും അങ്ങനെയൊന്നു അവർക്കില്ലെന്നും അദ്ദേഹം നമ്മെ ഓർമ്മിപ്പിക്കുന്നു. അധ്വാനിക്കുന്ന ജനതയ്ക്കേ ചരിത്രമുള്ളുവെന്ന തത്വം ശരിയെങ്കിൽ യഥാർത്ഥ കേരള ചരിത്രം ഇനിയും എഴുതപ്പെട്ടിട്ടില്ലെന്നും നിലവിലുള്ള കേരള ചരിത്രം സാമൂഹികോൽപന്നം ഉല്പാദിപ്പിച്ചിരുന്നവരുടെ ചരിത്രമല്ലെന്നും, സമൂഹിക മിച്ചം പങ്കിട്ടവരുടേതാണ് എന്നും വ്യക്തമാക്കുന്നു.
നമ്മുടെ ഇടതു ബുജികൾ ഈ പുസ്തകത്തിന് നേരെ കണ്ണടച്ചതിന്റെ കാരണങ്ങൾ ഇനി വേറെ തിരക്കേണ്ടതില്ലല്ലോ

നീ കഞ്ഞി കുടിക്കാനല്ലേടാ സ്‌കൂളിൽ വരുന്നത് എന്ന അധ്യാപകന്റെ ചോദ്യത്തിൽ പ്രതിഷേധിച്ചു , മുഴുപട്ടിണിയായിട്ടും, ഇനി ഞാൻ ഈ സ്‌കൂളിൽ നിന്ന് കഞ്ഞി കുടിക്കില്ലെന്നു പ്രതിജ്ഞ ചെയ്ത, കൊടും പട്ടിണിയിലും അത് പാലിച്ച കുഞ്ഞാമന് തൻറെ ആത്മ കഥയ്ക്ക് ലഭിച്ച സാഹിത്യ അക്കാദമി പുരസ്കാരത്തെ നിരസിക്കാൻ മാത്രമേ കഴിയൂ. നിലനിൽക്കുന്ന വ്യവസ്ഥിതിക്കെതിരെയുള്ള, നിരന്തരം അവഗണിക്കപ്പെടുന്ന അടിസ്ഥാന ചോദ്യങ്ങളെ വ്യവസ്ഥിതിയുടെ തന്നെ പൊന്നാടകൾ കൊണ്ട് മറച്ചു പിടിക്കാൻ അനുവദിക്കരുതല്ലോ.

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments

You may also like