പൂമുഖം LITERATUREലേഖനം രാഷ്‌ട്രപതി തെരഞ്ഞെടുപ്പിലെ പ്രതീതി രാഷ്‌ട്രീയം

രാഷ്‌ട്രപതി തെരഞ്ഞെടുപ്പിലെ പ്രതീതി രാഷ്‌ട്രീയം

അഭൂതപൂർവമായ ആഘോഷാരവങ്ങളോടെയാണ് ദ്രൗപതി മുർമു എന്ന ആദിവാസി ദളിത് വനിതയുടെ സത്യപ്രതിജ്ഞയും രാഷ്‌ട്രപതി പദവിയിലേക്കുള്ള ആരോഹണവും നടന്നത്. മാദ്ധ്യമങ്ങൾ പതിവിൽ കൂടുതൽ പ്രാധാന്യത്തോടെ കവർ ചെയ്തതും ഇതിനു അനുകൂലമായി. ഒരു മേൽവിലാസത്തിനു വേണ്ടിമാത്രം പാർശ്വവത്കൃത വിഭാഗത്തിൽ നിന്ന് ഒരാളെ പൊക്കിയെടുത്ത് അവരോധിക്കുകയായിരുന്നില്ല കേന്ദ്രസർക്കാറും ബി ജെ പിയും. കോളേജ് വിദ്യാഭ്യാസം നേടുകയും അദ്ധ്യാപികയായും ഒഡീസയിൽ തദ്ദേശ സ്വയംഭരണ കൗൺസിലർ ആയും രണ്ടു തവണ എം എൽ എ ആയും മന്ത്രിയായും ജാർഖണ്ഡ് ഗവർണറായും സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുള്ള ആളാണ് ഇന്നത്തെ പ്രഥമ വനിത.

പിന്നോക്ക ജനതയുടെ വിജയമായും ഇന്ത്യൻ ജനാധിപത്യത്തിന്‍റെ മാറ്റുരയ്ക്കുന്ന മഹാ സംഭവമായും ആണ് രാഷ്‌ട്രപതി തിരഞ്ഞടുപ്പ് വാഴ്ത്തപ്പെടുന്നത് ‘ഓലമേഞ്ഞ മൺകുടിലിൽ നിന്ന്, വെളിച്ചം കാണാത്ത ഗോത്ര ഭൂമിയിൽ നിന്ന് ഒരാൾ അതും ഒരു വനിത, ജനാധിപത്യത്തിൻ്റെ മാതൃ ഭവനമായ ഭാരതത്തിന്‍റെ ഏറ്റവും ഉന്നതമായ പദവിയിലേക്ക് പദമൂന്നുന്ന ചരിത്ര മുഹൂർത്തം…..’ഇതാണ് ഇന്നലെ കേന്ദ്രസർക്കാരും എൻ ഡി എയും പ്രധാനമന്ത്രിയും അനേകായിരം ഔദ്യോഗിക ജിഹ്വകളും ചേർന്ന് ലോകത്തിനു മുൻപിൽ അവതരിപ്പിച്ചത്. എങ്ങിനെ ഇത്‌ പ്രതിപക്ഷത്തിനോ വിമർശകർക്കോ ഒരു പഴുതും നല്കാതെയുള്ള സമർത്ഥമായ രാഷ്ട്രീയനീക്കം കൂടിയാവുന്നു എന്ന് പരിശോധിക്കുകയാണ്.

പരിമിത സാഹചര്യങ്ങളിൽ നിന്ന് അമേരിക്കയുടെ പ്രസിഡണ്ട് സ്ഥാനത്തേക്കുയർന്ന ബരാക് ഒബാമയുടെ സ്ഥാനാരോഹണത്തെ ലോകമാധ്യമങ്ങൾ ഏതാണ്ട് ഇതേപോലെയാണ് അവതരിപ്പിച്ചത്. തുടർന്നുവന്ന രണ്ടു ഭരണകാലങ്ങളിൽ രാജ്യത്തിനകത്തും പുറത്തും ദൂരവ്യാപകമായ നിരവധി ഫലങ്ങളുളവാക്കുന്നതായിരുന്നു അമേരിക്കൻ പ്രസിഡൻ്റിൻ്റെ വാഴ്ച. ഭരണ ഘടനയുടെ സവിശേഷതകൊണ്ട് അധികാരത്തിലും നയ രൂപീകരണത്തിലും പ്രയോഗത്തിലും ഇതിന്‍റെ ഒരു ചെറിയ അംശം പോലും കയ്യാളുന്നില്ല ഇന്ത്യയിലെ രാഷ്‌ട്രപതി. അവർ ഉൾപ്പെട്ട ഗോത്രത്തിനോ പ്രദേശത്തിനോ വർഗത്തിനോ ലിംഗത്തിനോ ഗുണകരമായ ഒരു പുതിയ നയം കൊണ്ടുവരുന്നതിനും, അവർക്കു ഹാനികരമായേക്കാവുന്ന നയങ്ങൾ തടയുന്നതിനും പ്രസിഡണ്ട്‌ പദവി അവരുടെ കരങ്ങളെ ശക്തിപ്പെടുത്തുകയില്ല.

ജാർഖണ്ഡിൽ ഗവർണർ ആയിരിക്കുമ്പോൾ ഗോത്രഭൂമിയുടെ അവകാശം തിരുത്തി പുറത്തുനിന്നുള്ള നിക്ഷേപകർക്ക് കൈവശപ്പെടുത്താൻ സഹായകമായ ഭേദഗതി കൊണ്ടുവന്നപ്പോൾ അതിനോടൊപ്പമായിരുന്നു ദ്രൗപതി മുർമു നിലകൊണ്ടത് .പിന്നീട് സമരക്കാരിൽനിന്ന് കടുത്ത സമ്മർദ്ദമുണ്ടായപ്പോൾ ബിൽ തിരിച്ചയക്കാൻ നിർബന്ധിതയായി. അത് അവർക്ക് താനുൾപ്പെടുന്ന സമൂഹത്തോട് പ്രതിബദ്ധത ഇല്ലാത്തത് കൊണ്ടല്ല ഗവർണർ പദവിയുടെ ആലങ്കാരികതയിൽ ചേർത്തുകെട്ടിയിരിക്കുന്ന കാണാച്ചരടുകൾ മൂലമാണ്. അന്ന് പഥൽഗഡി സമരത്തിന് മുന്നിൽ ഉറച്ചുനിന്ന സ്റ്റാൻ സ്വാമിക്ക് പിന്നീടെന്തു സംഭവിച്ചു എന്നതും ഈ അവസരത്തിൽ ഓർക്കണം.

ബിജെപിയുടെ രാഷ്ട്രീയ നയചാതുരിയുടെ മകുടോദാഹരണമാണ് ദ്രൗപതി മുർമുവിന്‍റെ പ്രസിഡണ്ട് പദവി. വലിയ കാര്യങ്ങളും ചരിത്രം കുറിക്കുന്ന നയ വ്യതിയാനങ്ങളും നടന്നു എന്ന തോന്നലുളവാക്കുക. അതേസമയം ഫലത്തിൽ കാര്യമായ ഒരു പരിവർത്തനവും സംഭവിക്കാനുള്ള സാധ്യത ഉണ്ടാവാതിരിക്കുക. വനഭൂമി ഖനനത്തിന് ലഭ്യമാക്കുക എന്നത് എൻ ഡി എ യുടെ മുഖ്യ അജണ്ടയാണ്. പാർലമെന്റ് കാലയളവ് അന്ത്യപാദത്തിലേക്കു നീങ്ങുമ്പോൾ ആ ദിശയിലുള്ള ഭരണ നീക്കങ്ങൾക്കു വേഗതയേറും. അപ്പോൾ പുതിയ രാഷ്ട്രപതി വിയോജിക്കുമോ? നിയമപരമായനടപടിയല്ല ഇച്ഛാശക്തിയുടെ കാര്യമാണ് ഇവിടെ ഉദ്ദേശിക്കുക. ഇപ്പോൾ രാജ്യത്തെ ഗോത്രജനതക്കുണ്ടായതായി പറയപ്പെടുന്ന ആഹ്ളാദാഭിമാനങ്ങൾ സാധൂകരിക്കപ്പെടുമോ ? കാത്തിരുന്നു കാണാം. കഴിഞ്ഞ ദിവസത്തെ ലേഖനത്തിൽ ശ്രീ കുഞ്ഞാമൻ പ്രസ്തുത നയത്തെ ഇങ്ങനെ നിർവചിച്ചു ‘വ്യക്തികളെ ഉൾക്കൊള്ളിച്ചുകൊണ്ട് സമൂഹങ്ങളെ ഒഴിവാക്കുക’.

ഉന്നം തെറ്റാത്ത ഉണ്ടയില്ലാ വെടിക്കുമുന്പിൽ പ്രതിപക്ഷത്തിന് ജയ് വിളിക്കുകയല്ലാതെ നിവൃത്തി ഇല്ലായിരുന്നു. എങ്കിലും ഒരു സംശയം : പോലീസിന്‍റെ അടിയേറ്റു വീർത്ത സി കെ ജാനുവിന്‍റെ മുഖം അവരെ വേട്ടയാടുന്നുണ്ടാവില്ലേ!

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like