പൂമുഖം LITERATUREനിരൂപണം കഥാവാരം – 25

കഥാവാരം – 25

കോളേജ് ഡേയിലെ അവസാന ഐറ്റം ആയിരുന്നു മാന്ത്രികന്‍റെ ഹിപ്നോട്ടിസം. അതിനുവേണ്ടി ബിരുദ വിദ്യാർത്ഥികളായ ഞങ്ങൾ കുറച്ചു പേരെ സ്റ്റേജിലേക്ക് വിളിപ്പിച്ചു. പിന്നീട് അദ്ദേഹത്തിന്‍റെ ആജ്ഞാനുവർത്തികളായ പാവകൾ മാത്രമായി ഏവരും മാറി. ഓരോന്ന് പറയുമ്പോഴും അതേ കാര്യം ഞങ്ങൾ അനുഭവിച്ചു. ആ മാന്ത്രികന്‍റെ വാക്കുകളായി ലോകം. “ഇപ്പോൾ നിങ്ങൾ കാശ്മീരിൽ ആണ്. ആ തണുപ്പ് നിങ്ങൾക്ക് കിട്ടുന്നില്ലേ?’ എന്ന ചോദ്യത്തോടെ ഞങ്ങളിൽ അനല്പമായ ശീതം പെരുത്തുവന്നു. ”അതിർത്തിയിലെ ശത്രു രാജ്യത്തെ പട്ടാളക്കാരെ കാണുമ്പോൾ നിങ്ങൾ എന്താണ് മിണ്ടാതിരിക്കുന്നത്? ”എന്ന് അദ്ദേഹം ചോദിച്ചു. ഞങ്ങൾ ആക്രമിക്കാൻ തുടങ്ങി. ഒരു സമയം കഴിഞ്ഞപ്പോൾ, മാന്ത്രികന്‍റെ നിർദ്ദേശത്തോടെ എല്ലാവരും കണ്ണുകൾ തുറന്നു. വീണ്ടും യഥാർത്ഥ ലോകത്തിലെ യഥാർത്ഥ ഞങ്ങളായി. കൺമുന്നിൽ ദാൽ തടാകമോ സിരകളെ മരവിപ്പിക്കുന്ന തണുപ്പോ ശത്രു രാജ്യത്തെ പട്ടാളക്കാരോ ഒന്നുമില്ല! ആ വികാരം തന്നെ വെറും ഓർമ്മ മാത്രമായി.

ഇതുപോലെയാണ് ഇന്നത്തെ മിക്ക കഥകളും. അവ വികാരജന്യങ്ങൾ തന്നെയാണ്. മാന്ത്രികന്‍റെ നിർദേശങ്ങൾപോലെ, സമർത്ഥമായ വിവരണങ്ങൾ കൊണ്ട് കഥാകൃത്ത് ഉദ്ദേശിക്കുന്ന രംഗം നാം മുന്നിൽ കാണുന്നു. അതിൽ ജീവിക്കുന്നു. അദ്ദേഹം ഉദ്ദേശിക്കുന്നപോലെ ചൂടും തണുപ്പും അനുഭവിക്കുന്നു. അയാൾ കഥ പറച്ചിൽ നിർത്തുമ്പോൾ നമ്മുടെ വികാരങ്ങളും തീരുന്നു.

കാണുക അഥവാ കാഴ്ച എന്നത് കഥയുടെ പ്രധാന ഘടകം തന്നെ. പക്ഷേ, രംഗനിർമിതിയിലും, സംഭാഷണത്തിലും സംഭവസന്നിവേശത്തിലും ന്യൂനതകളില്ലാ എന്നത് കൊണ്ട് മാത്രം അതൊരു ഉദാത്ത സൃഷ്ടിയാവുന്നില്ല. ദൃശ്യം അഥവാ കാഴ്ച എന്നത് സിനിമയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നു തന്നെ. പക്ഷേ കാഴ്ചയ്ക്കപ്പുറം, ഉൾക്കാഴ്ച നൽകാത്ത സാഹിത്യസൃഷ്ടിയുടെ ആയുസ്സ് പരിമിതമാവും. ദൃശ്യപരതയിലും കേവല വൈകാരികതയിലും അഭിരമിച്ചു പോകുന്നത് കൊണ്ട്, സാർവകാലികമായ ഒരു സർഗ സൃഷ്ടി നമുക്ക് വളരെ വിരളമാവുന്നു.

മനോജ്‌ വെള്ളനാട്

നൂറ്റിനാല് വയസ്സുള്ള വല്യപ്പൂപ്പന്‍റെ അസ്വാഭാവിക മരണം കാരണം, മോർച്ചറിയിൽ കാത്തുകെട്ടി കിടക്കേണ്ടിവരുന്ന രതീഷിന്‍റെ കഥയാണ് മനോജ് വെള്ളനാട് മാതൃഭൂമിയിൽ എഴുതിയ ‘വല്യപ്പൂപ്പന്‍റെ പോസ്റ്റ്മോർട്ടം’. ഒരു രചന വായിച്ചു കഴിഞ്ഞാൽ, അതിന്‍റെ ആശയമെന്താണ് എന്നും, അതുവഴി എന്താണ് കഥ നമുക്കായി തന്നത് എന്നുമുള്ള ചിന്ത വരും വായനക്കാർക്ക്. നല്ല ഒഴുക്കോടെ സന്തോഷകരമായി വായിച്ചുതീർത്ത കഥയാണെങ്കിൽ തന്നെയും, കുറച്ചു സമയങ്ങൾക്ക് ശേഷം ആ അനുഭൂതി നമ്മിൽ നിന്നും വിട്ടു പോവുകയാണെങ്കിൽ, സാഹിത്യപരമായ അതിന്‍റെ മേന്മ തുച്ഛമാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഈ മാതൃഭൂമി കഥ വായിച്ചതിനുശേഷം നടേ പറഞ്ഞ കാര്യം ഒന്നുകൂടി ആലോചിച്ചു നോക്കുക. എന്തായിരുന്നു കഥയുടെ ആശയം?

രതീഷ് എന്ന ആഖ്യാതാവിന് പിറ്റേദിവസം വൈകുന്നേരത്തോടുകൂടി തന്‍റെ കാമുകിയെ സ്വന്തമാക്കാൻ പറ്റുമോ എന്ന ആധിയാണ് പ്രധാനമായും കഥാകൃത്ത് നമുക്ക് മുമ്പിൽ കാണിക്കുന്നത്. വളരെ ദുർബലമായ കഥാതന്തു. ഈ ദൗർബല്യത്തെ മറികടക്കണമെങ്കിൽ, കഥാപാത്രങ്ങളെ സുശക്തമാക്കുകയോ, നാടകീയത കൊണ്ടോ വൈകാരികത കൊണ്ടോ, നവ്യാനുഭൂതി നൽകാനുള്ള എന്തെങ്കിലും സൃഷ്ടിക്കേണ്ടി വരികയോ ചെയ്യും. ആയതിനാൽ, കഥയുടെ കേന്ദ്രത്തെ ഇവിടെ വല്യപ്പൂപ്പൻ എന്നതിലേക്ക് പറിച്ചുനടുന്നു കഥാകൃത്ത്. പുറമേക്ക് വളരെ പരുക്കനും, സംസ്കാരശൂന്യനും, പിശുക്കനും നിർദ്ദയനുമായിരുന്ന ഇയാൾക്ക് പേരമകനോട് ഒടുങ്ങാത്ത വാത്സല്യമായിരുന്നു. വല്യപ്പൂപ്പന്‍റെ മനസ്സിന്‍റെ നന്മ കാണിക്കാൻ വേണ്ടി പറഞ്ഞ രണ്ട് സംഭവങ്ങൾ. ഒന്ന്, ആരുമറിയാത്ത കാമുകി കാർത്യായനി. ആ വൃദ്ധയുടെ മരണത്തോട് കൂടി അദ്ദേഹം തകർന്നു പോകുന്ന അവസ്ഥ. അതോടുകൂടി ആ വൃദ്ധനിൽ ഉളവെടുക്കുന്ന മരിക്കാനുള്ള ആഗ്രഹം. രണ്ടാമത്, വണ്ടിക്കാളകളുടെ ആസനത്തിൽ കാന്താരിമുളകരിച്ച തേക്കുന്ന ദുഷ്ടനായ ഈ കഥാപാത്രത്തിന്‍റെ നന്മ കാണിക്കാൻ രതീഷിനെ കൊണ്ട് പറയിപ്പിക്കുന്ന വാചകം ശ്രദ്ധിക്കുക.

“എന്നാലും… ഞാൻ കേട്ടിട്ടൊണ്ട് പണ്ട് അങ്ങേര് പട്ടിണി കിടന്നാലും തന്‍റെ വണ്ടിക്കാളകളെ തീറ്റിക്കുമായിരുന്നെന്ന്. വണ്ടി വലിക്കാൻ വയ്യാണ്ടായാലും എറച്ചിക്കാർക്ക് വിയര്‍ക്കൂലാർന്നെന്ന്. “പല പല സ്ഥലങ്ങളിൽ നമ്മൾ വായിച്ച ഈ ക്ളീഷേ വാചകം കഥയുടെ സൗന്ദര്യത്തെ ഹനിക്കുകയാണ് ചെയ്യുന്നത്. പുതുമയുള്ള എന്തെങ്കിലും ഒരു കാര്യം പറഞ്ഞുകൊണ്ട് ഈ കഥാപാത്രത്തിന്‍റെ ഹൃദയനിർമലത പ്രകടിപ്പിക്കാൻ എഴുത്തുകാരനുള്ള പ്രാഗത്ഭ്യം ഇവിടെ കാണാൻ കഴിയുന്നില്ല.

അത്രക്ക് കരുത്തുറ്റതും വിശ്വസനീയവുമായ ഒന്നായി മാറുന്നില്ല വല്യപ്പൂപ്പന്‍. കഥാപാത്രം ജീവിച്ച കാലഘട്ടത്തെ വായനക്കാരുടെ മനസ്സിനുള്ളിൽ പതിപ്പിക്കാത്തതിനാൽ തന്നെ, കാളകളെ വിൽക്കാൻ കൂട്ടാക്കാത്തവല്യപ്പൂപ്പനോട് യാതൊരു സെന്റിമെന്റ്സും അനുവാചകന് തോന്നുകയുമില്ല.

മുണ്ടൂർ സേതുമാധവൻ

മാതൃഭൂമിയിലെ രണ്ടാമത്തെ കഥ മുണ്ടൂർ സേതു മാധവന്‍റെ ‘പോയവൾ’. ദാമോദരൻ എന്ന പേര് വായിച്ച് ക്ഷീണിച്ചു കാണും വായനക്കാർ. ഇരുത്തം വന്ന എഴുത്തുകാരന്‍റെ കഥ, ചുരുങ്ങിയത് അഞ്ച് ദശാബ്ദങ്ങൾ മുൻപെങ്കിലും എഴുതപ്പെടേണ്ടതായിരുന്നു. കൂടുതൽ ഒന്നും പറയുന്നത് ശരിയല്ല എന്ന് തോന്നുന്നു.

നാല്പതു വർഷത്തോളം മനസ്സിൽ കൊണ്ടുനടന്ന പക തീർക്കാൻ വേണ്ടി ദുബായിൽ നിന്നും നാട്ടിലേക്ക് എത്തുന്നയാളെ കാണാം എസ് അനിലാൽ സമകാലിക മലയാളം വാരികയിൽ എഴുതിയ ‘ദുഷ്ട വ്രണം’ എന്ന കഥയിൽ.
ദുരിതപൂർണ്ണമായ ബാല്യകാലം. നിസ്സഹായനും കഴിവു കുറഞ്ഞവനുമായ പിതാവ്. ദുർവൃത്തയും അത്തരക്കാരോടൊപ്പം ശയിക്കുകയും ചെയ്യുന്ന മാതാവ്. എങ്കിൽ പിന്നെ അവരുടെ മക്കൾക്ക് സമൂഹത്തിൽ നിന്നും പരിഹാസം കേൾക്കണമല്ലോ. അങ്ങനെയുള്ള കഥകളിൽ കഥാനായകന്‍റെ മനസ്സിൽ പകയും ഉണ്ടായേ തീരൂ. ചെറുപ്പകാലത്ത് തന്നെ ഈ ജാരനെ കൊല്ലാൻ ശ്രമിക്കണം. പക്ഷേ അത് നടന്നു കൂടാ. ആയതിനാൽ പഠിച്ചോ അല്ലെങ്കിൽ വേറെ എന്തെങ്കിലും കാര്യങ്ങൾ ചെയ്തോ ഇയാൾ ഉയർന്ന നിലയിൽ എത്തണം. എന്നിട്ട് നാട്ടിലേക്ക് തിരിച്ചു വരണം. പിന്നീട് പക വീട്ടണം. പക്ഷേ വല്ലതും ഒരു സസ്പെൻസ് പോലെ അവിടെ ഉണ്ടായേതീരൂ. ഒന്നുകിൽ കഥാനായകന്‍റെ പക മാറണം. അല്ലെങ്കിൽ വേറെ എന്തെങ്കിലും കാര്യം കൊണ്ട് ഇയാൾ ചാകണം. ഇതാണ്, ഭാവന തുലോം പരിമിതമാകുമ്പോൾ തുടക്കക്കാർക്ക് എഴുതാൻ പറ്റുന്ന ഏറ്റവും താഴ്ന്ന കഥ. അസൽ പൈങ്കിളിക്കഥ.

അങ്ങനെയാകുമ്പോഴും ഭാഷയിലും പ്രയോഗങ്ങളിലും അന്തരീക്ഷ നിർമ്മിതിയിലും എന്തെങ്കിലുമൊരു പുതുമ എഴുത്തുകാരൻ സ്വീകരിക്കുകയാണെങ്കിൽ ഒരു പരിധിവരെ വായനക്കാർ ഇതിന്‍റെ ക്ലീഷേ സ്വഭാവത്തെ കണ്ടില്ലെന്ന് വെക്കും. പക്ഷെ അതിനൊന്നും ശ്രമിക്കാതെ, മേല്പറഞ്ഞ ചട്ടക്കൂടിൽ നിന്നും തരിമ്പും മുന്നോട്ട് പോകാത്ത വെറും പൈങ്കിളിക്കഥയാണ് ദുഷ്ടവ്രണം.

സുനു എ. വി

‘മൈക്കിൾ ലൂയിസിന്‍റെ രണ്ട് അധ്യായങ്ങൾ’ എന്ന കഥയാണ് മാധ്യമം ആഴ്ചപ്പതിപ്പിൽ ഇക്കുറി. എഴുത്തുകാരൻ സുനു എ വി. ഒഴുക്കോടെ വായിച്ചുപോകാൻ പറ്റുന്ന കഥയാണിത്. പക്ഷേ കഥ സിനിമയാക്കണം എന്ന ആഗ്രഹത്തോടെ കൂടി എഴുതപ്പെട്ടതാണ് എന്ന പ്രതീതിയാണ് വായനക്കാർക്ക് ഉണ്ടാവുക. ഏതെങ്കിലും ഒരു പ്രത്യേക സംഭവത്താൽ ഒരു വ്യക്തിയുടെ ജീവിതത്തെയോ ലോകത്തെയോ മനസ്സിനെയോ കാണിച്ചു തരുന്ന സാഹിത്യത്തിന്‍റെ ഉന്നതമായ സ്വഭാവം പുലർത്തുന്നതല്ല ഈ കഥ. എ ഫീൽ ഗുഡ് സ്റ്റോറി. എങ്കിലും നല്ല ഭാഷ, നല്ല പ്രയോഗങ്ങൾ.

മൈന ഉമൈബാൻ

ഈയാഴ്ച ദേശാഭിമാനിയിൽ ഒരു കഥയേയുള്ളൂ. മൈന ഉമൈബാൻ എഴുതിയ ‘നാം വയലിലേക്ക് പോക’. ഇന്നലെയാണ് കഥ വായിച്ചത്. എന്നിട്ടും, ഇന്നെന്‍റെ മനസ്സിൽ വ്യക്തമായ ഒരു ധാരണ ആ കഥയെക്കുറിച്ച് വരുന്നില്ല. ചെറിയച്ഛന്‍റെ വീടിനടുത്ത് നിൽക്കുന്ന ആഖ്യാതാവിൽ കൂടിയാണ് കഥ തുടങ്ങുന്നത്. വീടിനടുത്ത് ഒരു കഞ്ചാവ് ചെടി. പിന്നെ അതിന്‍റെ അല്പം ചരിത്രം. ഈ കഥ കൊണ്ട് എഴുത്തുകാരി പറയാൻ ഉദ്ദേശിക്കുന്നത് എന്താണ് എന്നതിനെക്കുറിച്ച് യാതൊരു രൂപവും എനിക്കില്ല. ചെറുപ്പം മുതലേ ശത്രുക്കളായിരുന്ന രണ്ടുപേർ. അവരിൽ ഒരാൾക്ക് അപരനിൽ നിന്നും അടി കൊള്ളുന്നതാണത്രേ കഥ. അതിന്‍റെ പ്രതികാരമായി അൽപ കാലം കഴിഞ്ഞ് നാട്ടുകാർ മൊത്തം പ്രതികാരം ചെയ്യുന്നുമുണ്ട്. സവിശേഷമായ ഒരു അനുഭൂതിയും പ്രദാനം ചെയ്യാതെ ഒടുങ്ങുന്ന വെറും പരാമർശങ്ങളുടെ സമാഹാരം മാത്രമാണിത്.

അതിനാൽ, ഈ വാരം വന്ന കഥകളിൽ ഭേദപ്പെട്ടത് എന്ന് പറയാം മാധ്യമം കഥയെക്കുറിച്ച്.

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like