പൂമുഖം LITERATUREലേഖനം നിയമം കൈ കഴുകുമ്പോൾ

നിയമം കൈ കഴുകുമ്പോൾ

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ ആയി നിയമിച്ചത് നിയമ വാഴ്ചയെ നിസ്സങ്കോചം വെല്ലുവിളിക്കുന്ന നടപടിയാണ് .ഇതിൽ സംസ്ഥാന സർക്കാർ ,പ്രത്യേകിച്ച് ആഭ്യന്തര വകുപ്പ് , പോലീസ്,കോടതി ,ആശുപത്രികൾ ,ബ്യുറോക്രസി , സിവിൽ സമൂഹം , മാധ്യമങ്ങൾ എന്നിങ്ങനെ എല്ലാ മേഖലകളുടെയും കൈകൾ പങ്കിലമാണെന്നതാണ് സംഭവത്തെ അന്യാദൃശമാക്കുന്നത്

സ്വകാര്യമായ ഒരു വിരുന്നുസൽക്കാരത്തിൽ വെച്ച് മദ്യപിക്കുകയോ സുഹൃത്തിനൊപ്പം സഞ്ചരിക്കുകയോ ചെയ്യുന്നത് നോർമൽ ആയ കാര്യമാണ് പക്ഷെ ,. മദ്യപിച്ച അവസ്ഥയിൽ വാഹനമോടിച്ചതു കുറ്റകൃത്യമാണ്.നിയമം ലംഘിച്ച ആ ഡ്രൈവിൽ ഒരാളെ ഇടിച്ചു അയാൾ മരിക്കുമ്പോൾ അത് കൊലപാതകം എന്ന കുറ്റകൃത്യമായി .താനല്ല വാഹനമോടിച്ചതെന്നു അന്വേഷണോദ്യോഗസ്ഥരോട് കളവു പറഞ്ഞത് മൂന്നാമത്തെ കുറ്റകൃത്യം നിശ്ചിത സമയത്തിനുള്ളിൽ ലഹരി പരിശോധന ഒഴിവാക്കാൻ തന്റെ ഔദ്യോഗികപദവിയും സാമൂഹ്യ ബന്ധങ്ങളും ഉപയോഗിച്ചത് കുറ്റകൃത്യം നമ്പർ നാല് . വൈദ്യ പരിശോധനാവേളയിൽ ഹ്രസ്വകാല സ്മൃതിനാശമുണ്ടെന്നു വരുത്തിത്തീർക്കുവാൻ ശ്രമിച്ചതാണ് അഞ്ചാമത്തെ കുറ്റം.

തലസ്ഥാനത്തെ ഒരു പ്രധാന പാതയിൽ നിരീക്ഷണ ക്യാമറകൾ പ്രവർത്തിക്കാതിരിക്കുകയോ കേടു വരികയോ ചെയ്തതാണ് സർക്കാരിൻറെ ഭാഗത്തു നിന്നുള്ള ആദ്യത്തെ വീഴ്ച .അത് കുറ്റകൃത്യത്തിന്‌ ശേഷമാണ് എങ്കിൽ അധികൃതരുടെ ഭാഗത്തു നിന്ന് കുറ്റകരമായ ഗൂഢാലോചന നടന്നു എന്ന് കരുതാം .തക്ക സമയത്തു സർക്കാർ ആശുപത്രിയിൽ നിന്ന് വൈദ്യ പരിശോധന നടത്തിയില്ല എന്നത് മൂന്നാമത്തെ നടപടി ക്രമക്കേട് . ഇതിൽ പോലീസ് , നിയമജ്ഞർ , ഡോക്ടർമാർ ,ആശുപത്രി അധികൃതർ എന്നിവർ അസാധാരണമായ വിധത്തിൽ ഒത്തുകളിച്ചു. കേസ് യഥാവിധി കോടതിയിലെത്തുകയും വിചാരണയും വിധിയും വരികയും ചെയ്യുന്നതിന് മുൻപ് ധൃതിയിൽ ആശ്രിത നിയമനവും സാമ്പത്തിക നഷ്ടപരിഹാരവും വിതരണം ചെയ്തത് സർക്കാർ ഭാഗത്തു നിന്നുള്ള കുറ്റ സമ്മതമായി .ഇതിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യ മന്ത്രിയും നൂറു ശതമാനവും സഹകരിച്ച സർക്കാർ സംവിധാനങ്ങളും ഒരുപോലെ പങ്കാളികളായി .

കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ സ്പെഷ്യൽ ഡ്യൂട്ടിക്ക് നിയമിച്ചത് കോവിഡ് കൊണ്ടുവന്ന ആരോഗ്യ അടിയന്തിരാവസ്ഥയും ആരോപിതൻറെ വൈദ്യ ശാസ്ത്രഅധിക യോഗ്യതയും സാധൂകരിക്കുമെങ്കിലും പ്രതിസന്ധി തരണം ചെയ്തപ്പോൾ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാതിരുന്നതും ജയിലിലേക്ക് തിരിച്ചയക്കാതിരുന്നതും അതീവഗുരുതരമാണ് .ആവശ്യമെങ്കിൽ അതിവേഗ സ്പെഷ്യൽ കോടതി രുപീകരിച്ചു നടപടികൾ വിധിയാം വണ്ണം പൂർത്തീകരിക്കുകയായിരുന്നു വേണ്ടത് .അപ്പോൾ നഷ്ടപരിഹാരത്തുക വാഹനമോടിച്ച ആളിൽ നിന്ന് ഈടാക്കേണ്ടി വരുമായിരുന്നു . ഇന്നിതാ ആ വ്യക്തി ഒരു ജില്ലാ ഭരണസ്ഥാനത്തേക്കു നിയോഗിക്കപ്പെട്ടിരിക്കുന്നു . അന്വേഷണത്തിൻ്റെയും തെളിവെടുപ്പിൻ്റെയും നാൾ വഴികളിൽ സംഭവിച്ച കൃത്യ വിലോപങ്ങൾക്കൊന്നും ഒരു ഉദ്യോഗസ്ഥനും നടപടി നേരിടേണ്ടി വന്നില്ല എന്നത് എക്സിക്യൂട്ടീവിൻ്റെയും നീതിന്യായ സംവിധാനത്തിൻ്റെയും സമ്പൂർണ പരാജയമാണ് .

സംഭവം നടന്നതുതൊട്ടു ഇന്നുവരെ കോൺഗ്രസോ ,ബി ജെ പി യോ സർക്കാർ നടപടികൾക്കെതിരെ കടുത്ത വിമർശനമുയർത്തുകയോ അന്യ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടുകയോ ചെയ്തതായി അറിവില്ല.മാധ്യമങ്ങൾ അവരുടെ സെലെക്ടിവ് ജാഗ്രത ഇവിടെയും അവലംബിച്ചു .

തങ്ങളുടെ കേഡറിലേക്കു ഒരു കുറ്റവാളി തിരിച്ചെത്തുന്നതിൽ ഐ എ എസ് കാർ പ്രതിഷേധിക്കുമോ ?സാദ്ധ്യത കുറവാണ് . അദ്ദേഹം മെഡിക്കൽ എതിക്‌സ് കാറ്റിൽ പറത്തിയപ്പോൾ ഡോക്ടർമാർ ചെറുവിരലനക്കിയില്ലല്ലോ.

അവസാനമായി സംഭവത്തിൻ്റെ തുടക്കത്തിലേക്കു പോകുമ്പോൾ ദാരുണമായ സംഭവങ്ങളിൽ ചോദിക്കാതെ മൂടിപ്പോകുന്ന ഒരു ചോദ്യം ബാക്കിയുണ്ട്.അത് ഒരു വാഹനാപകടം തന്നെ ആയിരുന്നുവോ? മദ്യപിച്ചുള്ള ഓട്ടം ആദ്യമായിരിക്കയില്ല.എന്തായിരിക്കും ആ മാരക ഓട്ടത്തിലേക്ക് നയിച്ചത് ? അതിദാരുണമായ സംഭവത്തിനുശേഷം ഉത്തരവാദിയായ ആൾ ഗൂഢാലോചന നടത്താൻ സന്നദ്ധനായി. .അയാൾ ഒരു ഡോക്ടറും ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് അംഗവുമാണ്!

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like