ഹിന്ദി സിനിമാ സംഗീതത്തിന്റെ ഒരേടു കൂടി അവസാനിച്ചു. 1968 ൽ ഹക്കീകത് എന്ന ചിത്രത്തിന് വേണ്ടി മദൻ മോഹൻ സംഗീത ത്തിൽ അതികായരായ മുഹമ്മദ് റഫി, മന്നാഡേ, തലത് മഹമൂദ് എന്നീ ഗായകർക്കൊപ്പം ‘ഹോകെ മജ്ബൂർ ഉസെ’ എന്ന ഗാനം പാടിയാണ് ഭൂപേന്ദ്ര ഹിന്ദി സംഗീതത്തിൽ കാലെടുത്ത് വെക്കുന്നത്. തന്റേതായ ഗാനാലാപനവൈഭവം കൊണ്ട് നൂറ് കണക്കിന് സിനിമാഗാനങ്ങൾക്കും, ഗസൽ ആൽബങ്ങൾക്കും ജീവൻ നൽകിയാണ് ഭുപേന്ദ്ര സിംഗ് യാത്രയായത്.

1940 ഫെബ്രവരി ആറിന് ബ്രിട്ടീഷ് ഇന്ത്യയിൽ അമൃത് സറിലാണ് ജനനം. സംഗീതത്തിൽ ആദ്യഗുരു പിതാവ് പ്രൊഫ. നാഥാ സിംഗ്ജി തന്നെയായിരുന്നു. ജീവിതത്തിലും സംഗീതത്തിലും വളരെ കണിശത പുലർത്തിയിരുന്ന പിതാവിന്റെ സംഗീത വഴി ഭൂപേന്ദ്രയ്ക്ക് ആദ്യ കാലങ്ങളിൽ ഒട്ടുംതന്നെ ഇഷ്ടമായിരുന്നില്ല. 1962 ൽ ഓൾ ഇന്ത്യാ റേഡിയോയിൽ ജോലി ചെയ്യുന്നതിനിടയിൽ ഗിത്താർ, വയലിൻ തുടങ്ങിയ വാദ്യോപകരണങ്ങൾ പഠിച്ചു. പിന്നീട് ദൂരദർശനിൽ ഗിത്താറിസ്റ്റായി സേവനം ചെയ്യുന്നതിനിടെ സംഗീതജ്ഞൻ മദൻ മോഹനെ കണ്ടുമുട്ടുകയും അദ്ദേഹം ബോംബെയിലേക്ക് ക്ഷണിക്കു കയും ചെയ്തു. ആ ഒരു തുടക്കമാണ് ‘ഹക്കിക്കത്തിൽ’ ആദ്യ ഗാനത്തിന് തുടക്കം കുറിച്ചത്. തുടർന്ന് ആഖരി ഖത്ത് എന്ന ചിത്രത്തിന് വേണ്ടി ഖയാമിന്റെ സംഗീതത്തിൽ ഒരു സോളോ പാടി. പിന്നീടുള്ള കാലങ്ങളിൽ നാം കേട്ടാസ്വദിച്ച് കൊണ്ടിരിക്കുന്ന നിരവധി ഗാനങ്ങളാൽ സമ്പന്നം. ഗുൽസാർ ചിത്രമായ ‘മൗസം’ കണ്ടവർ അതിൽ വിഷാദാർ ദ്രമായി ഒഴുകിക്കൊണ്ടിരുന്ന ‘ദിൽ ഡുണ്ട് താ ഹെ ‘എന്ന ഗാനം എങ്ങിനെയാണ് മറക്കുക? ഇതിനിടയിൽ മുഹമ്മദ് റഫി, കിഷോർ കുമാർ എന്നിവർക്കൊപ്പം ധാരാളം ഗാനങ്ങൾ പാടാൻ അവസരം ലഭിച്ചു. ‘മാസൂം’ എന്ന ചിത്രത്തിലെ ‘ഹുസൂർ ഇസ് ഖദർ ബിന’ എന്ന സുരേഷ് വാഡ്കർക്കൊപ്പം പാടിയ ഗാനം കാലം കഴിയും തോറും നിത്യ ഹരിതഗാനമായി കേട്ട് കൊണ്ടിരിക്കുന്നു.
1968 ലാണ് ഭുപേന്ദ്ര ജി ആദ്യമായി സ്വതന്ത്ര സംഗീത എൽ.പി. ആൽബത്തിന് തുടക്കം കുറിക്കുന്നത്. അതിലെ മൂന്ന് ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചതും ഭുപേന്ദ്ര തന്നെ. അതിന് ശേഷം 1978 ൽ സ്പാനിഷ് ഗിത്താർ, ബാസ്, ഡ്രം ഇവ ഉപയോഗിച്ചുളള ഗസൽ സ്റ്റൈൽ ആൽബത്തി ന് ആദ്യമായി ഭുപേന്ദ്ര തുടക്കം കുറിച്ചു . മൂന്നാമതായി 1980 ൽ പുറത്തിറക്കിയ ‘വോ ജോ ഷായിർ ഥാ’ എന്ന ആൽബത്തിന് വരികൾ കുറിച്ചത് ഗുൽസാറായിരുന്നു.
പിന്നണി ഗായികയും ഗസൽ ഗായികയുമായ പശ്ചിമ ബംഗാളിൽ നിന്നുള്ള മൈഥിലിയാണ് ജീവിത സഖി. 1980 മുതൽ ഇവരൊന്നിച്ച് വർഷംതോറും നൂറ് കണക്കിന് വേദികളിൽ ഗസൽ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ഒട്ടേറെ ഗസൽ, ഗീത് ആൽബങ്ങൾ സംഗീത ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. പല പാട്ടുകളിലും നാം ഏറെ ഇഷ്ടത്തോടെ കേൾക്കാനാഗ്രഹിക്കുന്ന ഗിത്താറിന്റെ മീട്ടലുകൾക്ക് പിന്നിലും ഭുപേന്ദ്രയുടെ വിരലുകൾ പതിഞ്ഞിട്ടുണ്ട്. (ഉദ: ചുരാലിയ തോ , തും ജോ മിൽ ഗയേ ഹോ) റഫി, കിഷോർ തുടങ്ങിയ ഗായകരുടെ എതയോ ഗാനങ്ങൾക്ക് ഗിത്താറിന്റെ തേൻ പുരട്ടിയത് ഭൂപേന്ദ്ര യായിരുന്നു.

പാടിയ പാട്ടുകളുടെ എണ്ണത്താലല്ല സർഗാത്മകമായി പാടിയ പാട്ടുകളാലാണ് ഒരു ഗായകന്റെ ശബ്ദം സംഗീതാ സ്വാദകർക്കിടയിൽ ചിരപ്രതിഷ്ഠ നേടുന്നത്. വളരെ സൗമ്യനും ഏതൊരാളാടും സമഭാവനയോടെ പെരുമാറുന്നവനും ആയതു ഭുപേന്ദ്രയെന്ന മനുഷ്യനെ ഏറെ മഹത്വമുള്ളവനാക്കി. വർഷങ്ങളായി അദ്ദേഹവുമായി ചെറിയ തോതിൽ സംഗീതത്തെ കുറിച്ച് സംവദിക്കാൻ അവസരം കിട്ടിയത് ഞാൻ വിനയപൂർവ്വം സ്മരിക്കുന്നു. ഒട്ടേറെ പാട്ടിന്റെ പിന്നാമ്പുറ കഥകൾ അദ്ദേഹം പറഞ്ഞു തന്നിട്ടുണ്ട്. അദ്ദേഹത്തെ നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും കാണാമറയത്ത് കിട്ടിയ സൗഹൃദം ഒരു ഭാഗ്യ മായി ഞാൻ കരുതുന്നു.
പ്രിയ ഭൂപേന്ദ്ര ജീ….
എവിടെയായാലും താങ്കൾ പാടി തീർത്ത
ഓരോ ഗാനങ്ങളിലൂടെ സംഗീത ലോകം
താങ്കളെ സ്മരിച്ചു കൊണ്ടേയിരിക്കും …
മേരി ആവാസ് ഭി പെഹചാന്ലേ …
ഘർ യാദ് രഹേ ….
വിട…..
കവർ : വിത്സൺ ശാരദാ ആനന്ദ്