പൂമുഖം LITERATUREകവിത ജന്മ ദിനം

ജന്മ ദിനം

ജന്മദിനത്തിന്റന്ന്‌ രാത്രിയിൽ
അവൾ
അടുക്കളയിലായിരുന്നു.
വയസ്സ് അറുപത്
ആരും സഹായിക്കാനില്ല.
ഹോം നഴ്സിന് ഇരുപതിനായിരം
കൊടുക്കണ്ട, അത് തനിക്കു
തന്നാൽ മതി എന്ന്
കിട്ടില്ലെന്നറിഞ്ഞിട്ടും
അവൾ തന്നെയാണ് തമാശയായി
പറഞ്ഞത്.
തമാശകളിലൂടെ ഏതു
നിസ്സഹായാവസ്ഥയെയും
തരണം ചെയ്യാൻ
അവൾക്കാകുന്നു.
‘നിനക്കൊട്ടും ഇംഗ്ലീഷ് അറിയില്ലല്ലേ’
എന്ന ചോദ്യത്തിന്
‘എന്നാ ഒരു മദാമ്മയെ ആലോചിച്ചൂടെ ‘
എന്ന് ചിരിച്ചാർത്തു ചോദിക്കും
ആകൃതി നഷ്ടപ്പെട്ട ഉടൽ
അവൾക്കൊരു വിഷയമേയല്ല.
അടുക്കളയിൽ പണിയെടുക്കുമ്പോൾ
ഓരോ മുഖങ്ങൾ
ഓർമ്മയിൽ വരും
അപ്പോൾ അവൾ ചിരിക്കുകയും
കരയുകയും
നാണിക്കുകയും ചെയ്യും
ഒരു റേഡിയോയും ചെടിച്ചട്ടിയും
തന്റെ സാമ്രാജ്യത്തിൽ
വേണമെന്ന് അവൾ ഓർക്കും
ഇരിക്കാനൊരു കസേരയും
വേണം. അധികമായി
ഇപ്പോഴുള്ളത് ഗുളികപ്പെട്ടി മാത്രം.
ഒരു ദിവസം എത്ര ചായ
തിളപ്പിക്കുമെന്നൊന്നും
ഓർക്കേണ്ട ആവശ്യമില്ല
തമാശക്കാരി ആയതുകൊണ്ട്
ചിരിച്ചു തള്ളാം.
തനിക്കാണിപ്പോൾ ഏറ്റവും
മറവി എന്നവൾക്കറിയാം
അപ്പോൾ തന്റെ ജന്മദിനം
മറ്റുള്ളവർ മറക്കുന്നതിൽ
പരിഭവിക്കാമോ?
വിളക്കുകൾ അണച്ച്
കിടക്കുമ്പോൾ
മഴ കനത്തു.
അടുത്ത കൊല്ലവും
ജന്മദിനം
ആഘോഷിക്കാമല്ലോ.
അവൾ ചിരിച്ചുകൊണ്ട്
ഇരുട്ടിലേക്ക്
കൺതുറന്നു കിടന്നു.

കവർ ഡിസൈൻ : മനു പുതുമന

Comments
Print Friendly, PDF & Email

You may also like