പൂമുഖം LITERATUREകഥ പ്രളയം

പ്രളയം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ജെന്നി ഫെരിയർ എന്ന അവളുടെ പ്രിയ ജെന്നിക്ക് വാട്സാപ്പിൽ മറുകുറി എഴുതുമ്പോൾ ന്യൂസിലാന്റിലെ ഹിമപാതത്തിന്‍റെ കുളിരോർമ്മകൾ അവളുടെ മനതാരിൽ കവിതയായി നിറയുകയായിരുന്നു.

അവൾക്കും പങ്കെടുക്കാനായ മൂന്നു ദിവസത്തെ കാവ്യാത്മക സെമിനാറിൽ സർവ്വകലാശാലയിലെ ഇംഗ്ലീഷ്‌ മേധാവി ജെന്നിയായിരുന്നു വിഷയാവതാരക.വിവിധ രാജ്യങ്ങളിലെ കവയിത്രികളുടെ സമ്മേളനമായിരുന്നെങ്കിലും, ജെന്നിയുടെ ആമുഖ പ്രഭാഷണം അവളുടെ മന:സ്സിൽ നിരന്തരം പ്രതിധ്വനികൾ സൃഷ്ടിച്ചുകൊണ്ടേയിരുന്നു.

കാമത്തിനപ്പുറം ഉത്തമ പുരുഷന്മാർ ഏർപ്പെടുന്ന പ്രണയം അതിനായുള്ള അവരുടെ ജീവത്യാഗത്തെപ്പോലും തൃണവൽഗണിച്ചുകൊണ്ടായിരിക്കും എന്നും സ്ത്രീ അതിന്‍റെ മൂക സാക്ഷിത്വത്താൽ എന്നും പുരുഷന്റെ ആരാധിക മാത്രമാണെന്നുമായിരുന്നു ജെന്നിയുടെ ലോക ക്ലാസ്സിക്കുകൾ ഉദാഹരിച്ചുകൊണ്ടുള്ള പ്രഭാഷണത്തിന്റെ സംഗ്രഹം.

വര: സുനിൽ കുറ്റിപ്പുഴ

ചില ലോക രാജ്യങ്ങളിൽ സഞ്ചരിച്ചെത്തുകയാണ് ജെന്നി.ശ്രീലങ്കയിലേക്ക് പറക്കുന്നതിന് മുൻപായി ആറു മണിക്കൂറോളം അവളുടെ വീട്ടിൽ നിന്നും പത്തുകിലോമീറ്റർ മാത്രം അകലെയുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജെന്നി ഉണ്ടാകും.അതുകൊണ്ട്, വിമാനത്താവളത്തിനരുകിലെ ഏതെങ്കിലും പ്രകൃതി രമണീയമായ സ്ഥലം ജെന്നിക്ക് അവളെ അനുഗമിച്ചുപോയി കാണാനാകുമോ എന്നതായിരുന്നു അവൾക്ക് ജെന്നിയോട് ഉത്തരം നല്കുവാനുള്ള ചോദ്യം.

സമയം കളയാതെ അവൾ ജെന്നിയെ കൂട്ടിക്കൊണ്ട് പോയത് വിമാനത്താവളത്തിൽ നിന്നും കേവലം അരമണിക്കൂർ മാത്രം കാറിൽ ഓടിയെത്താവുന്ന പ്രകൃതിയോടിണങ്ങിയ എക്കോ ടൂറിസ്റ്റ് കേന്ദ്രമായ കാട്ടാറൊഴുകുന്ന കുഗ്രാമത്തിലേക്കാണ്.പെരിയാറിന്‍റെ കൈവഴിയായ നദി പാറക്കെട്ടുകളിലൂടെ, കളകളാരാവത്തോടെ, കായലിനെ ലക്ഷ്യമാക്കി, കാട്ടാറായി കുത്തിയൊഴുകുന്നു.നീലാകാശവും, കുളിർതെന്നലും അനാദികാലത്തിന്‍റെ നിർവൃതി പ്രദാനം ചെയ്യുന്നു.ഇതുതന്നെയാണ് അവൾ അത്തരത്തിൽ ഒരു ഭൂമിക പരസ്പരം ഒത്തുകൂടാനായി തെരഞ്ഞെടുത്തത്.

ആത്മസഹർഷത്തോടെ വടവൃക്ഷക്കൊമ്പിൽ സന്ദർശകർക്കായി സ്ഥാപിച്ചിട്ടുള്ള വള്ളിക്കുടിലിലേക്ക് അവർ ഇരുവരും കോണിയിലൂടെ പ്രവേശിച്ചു.അവർക്ക് സഹായ ഹസ്തം നീട്ടാൻ യൂണിഫോം ധാരിയായ ഒരു വനപാലക അവിടെ നിൽക്കുന്നുണ്ടായിരുന്നു.അവളെയും, ജെന്നിയെയും, ചിരകാല പരിചിതയെപ്പോലെ ആ വനപാലക വള്ളിക്കുടിലിലേക്ക് സ്വാഗതം ചെയ്തു.

കരിങ്കല്ലിൽ മെനഞ്ഞെടുത്ത ശിലാരൂപം പോലെ വനപാലക അവരുടെ മുൻപിൽ നിർന്നിമേഷയായി നിന്നു.അവർ ഇരുവരും അവളോട് കുശലം പറഞ്ഞു.നാട്ടിലെ പ്രകൃതിയെ തൊട്ടറിയാനാണ് ജെന്നിയുടെ വരവെന്ന് അവൾ വനപാലകയോട് പറഞ്ഞു.

അപ്പോൾ വനപാലകയുടെ മുഖം കാർമേഘാവൃതമായി.
അവളുടെ കണ്ണുനീർ ധാരധാരയായി കവിൾ തടങ്ങളെ വാചലമാക്കി.പൊടുന്നനെ ഉണ്ടായ ദുഃഖത്തിന് കാരണം അവർ തെല്ലൊരു ആകാംക്ഷയോടെ തേടി.
വനപാലക കണ്ണീർ തുടച്ചുകൊണ്ട് അവരോട്മെല്ലെ പറായാനാരംഭിച്ചു.

അവിചാരിതമായി നാടിനെ നടുക്കിയ പ്രളയം, രണ്ടുവർഷത്തോളം മുമ്പാണ് ഉണ്ടായത്.
ആ മഹാപ്രളയം അവളിൽ നിന്ന്‌ കൊണ്ടുപോയത്, അവിടെ വനപാലകനായിയുന്ന, അവളുടെ പ്രിയതമനെയായിരുന്നു.അന്ന് അവരുടെ പ്രണയ വിവാഹം നടന്നിട്ട് ഏതാനും നാളുകളെ ആയിരുന്നുള്ളൂ.

പ്രണയകാലത്ത് സ്ഥിരം സമ്മേളിക്കുന്ന വള്ളിക്കുടിലിൽ വീണ്ടും രാത്രി ചെലവിടാൻ അവർ ഇരുവരും ഒത്തുകൂടി.ഭർതൃഭവനത്തിൽ നിന്നും വിവാഹവിരുന്നുകഴിഞ്ഞെത്തിയതായിരുന്നു അവർ ഇരുവരും.അവളുടെ വീട്ടിലെ അസൗകര്യങ്ങളിൽ തങ്ങളുടെ സ്വകാര്യത കാക്കാനാവില്ലായിരുന്നു.അതുകൊണ്ടാണ് അവർ ഇരുവരും സന്ദർശകർക്കായി ഡിപ്പാർട്ടമെന്റ് ഒരുക്കിയിട്ടുള്ള ആ വള്ളിക്കുടിലിൽ, അന്ന് രാത്രി, കയറിപ്പറ്റിയത്.

രാത്രിയുടെ മനോഹാരിതയിൽ പെയ്തിറങ്ങിയ മഴക്ക് ആദ്യമൊക്കെ കുളിരായിരുന്നു.ഇരുവരും ഒന്നായിത്തീർന്ന സുഖനിദ്രക്ക് കാട്ടാറും, കുളിർക്കാറ്റും കാവൽ നിൽക്കുമെന്ന് അവർ ഇരുവരും കരുതി.പക്ഷെ, വടവൃക്ഷത്തിന് മുകളിലെ ശിഖരത്തിൽ ഉറപ്പിച്ചിരുന്ന വള്ളിക്കുടിലിൽ രാത്രിയുടെ മൂന്നാം യാമത്തിൽ, പത്താൾ ഉയരത്തിൽ കുതിച്ചെത്തിയ പ്രളയജലപ്രവാഹം സംഹാര താണ്ഡവം തന്നെ നടത്തി.വൃക്ഷശിഖരത്തിൽ നിന്നും വേർപെട്ട് വള്ളിക്കുടിൽ പ്രളയ ജലത്തിൽ മുങ്ങിപ്പൊങ്ങി.

പ്രളയത്തിന്‍റെ കുത്തൊഴുക്കിൽ അവന്‍റെ കരങ്ങൾ അവൾക്കേകിയ രക്ഷാകവചം നിഷ്പ്രഭമായി.അവൻ അവസരം ഉണ്ടായിട്ടും സ്വയം രക്ഷപ്പെടാൻ ശ്രമിക്കാതെ, അവളുടെ ഇരുകൈകളെയും വടവൃക്ഷത്തിന്‍റെ മറ്റൊരു ശിഖരത്തിൽ ആയാസപ്പെട്ട് ചേർത്ത് പിടിപ്പിച്ചു.

അതിനിടയിൽ വള്ളിക്കുടിലും, അതിനുള്ളിൽ കുടുങ്ങിപ്പോയ അവനും, പ്രളയത്തിന്‍റെ കുത്തൊഴുക്കിൽപ്പെട്ട് ഒഴുകിയകന്നു.ഒഴുകി അകലുന്നതിനിടയിൽ മരത്തിനുമുകളിലേക്ക് കയറി രക്ഷപ്പെടാൻ അവൻ അവളോട് ഉച്ചത്തിൽ പറയുന്നുണ്ടായിരുന്നു.

പ്രളയത്തിന്‍റെ കുത്തൊഴുക്ക് അവനെയടക്കം ഉറങ്ങിക്കിടന്ന നിരവധി നിരപരാധികളെ പിന്നീട് ഉണരാൻ അനുവദിക്കാതെ കായലിലെ നിലയില്ലാകയത്തിലേക്ക് കൂട്ടി കൊണ്ടുപോയി.

ജോലിയിലിരിക്കെയുള്ള അവന്‍റെ മരണമാണ് അവൾക്ക് അതേ ലാവണത്തിൽ ജോലി ലഭിക്കാൻ കാരണമാക്കിയത്.മാത്രമല്ല; അവനിൽ അവൾക്കുണ്ടായ മകന് ഇപ്പോൾ പ്രായം ഒരു വയസ്സ്.ഗർഭം അലസിപ്പിക്കാനും, പുനർവിവാഹത്തിനുമായുള്ള വീട്ടുകാരുടെ നിർബന്ധത്തിന് അവൾ വഴങ്ങിയില്ല.

അവൾക്കവൻ പ്രിയതമൻ മാത്രമായിരുന്നില്ല, അവളുടെ രക്ഷകൻ കൂടിയായിരുന്നു.അവളിലൂടെ ഉണ്ടാകുന്ന അവന്‍റെ ജീവൻ ഏത് വിധേനയും നിലനിർത്തണമെന്നത് തന്‍റെ ജീവിതദൗത്യമായി അവൾ കണ്ടു.തന്നെ വടവൃക്ഷത്തിന്‍റെ സുരക്ഷിത ഹസ്തത്തിൽ ചേർത്തു പിടിപ്പിച്ചിട്ട്, പ്രളയ പ്രവാഹത്തിൽ അകന്നകന്നു പോയ അവന്‍റെ ഓർമ്മകൾ അയവിറക്കിക്കൊണ്ടാണ് ഇപ്പോൾ അവളുടെ നിമിഷങ്ങൾ ഓരോന്നും.

ജീവിതത്തിൽ അവന്‍റെ സജീവ സാന്നിധ്യമായി അവരുടെ മകൻ അവളുടെ കണ്മുന്പിൽ വളരുന്നു.നഷ്ട വസന്തത്തിന്‍റെ സ്മാരകം പോലെയാണ് അവൾക്ക് ഡിപ്പാർട്ട്‌മെന്റ് വീണ്ടും പുന:സ്ഥാപിച്ച ആ വള്ളിക്കുടിൽ.ഓർമ്മകളുടെ അഭയസ്ഥാനമായ അവിടെ ഒറ്റക്കിരിക്കുമ്പോൾ അവൾക്ക് അവനെ പ്രണയപൂർവ്വം കാണാം, സംസാരിക്കാം.

വനപാലകയുടെ കദനകഥ ഒരു ട്രാജിക് കവിതപോലെ പദാനുപദം അവൾ ജെന്നിക്ക് മൊഴിമാറ്റം ചെയ്ത് നൽകി.

തിരിച്ചുള്ള കാർ യാത്രയിൽ അവളോട് പുരുഷ പ്രണയത്തിന്‍റെ നിഷ്ക്കളങ്കതയെക്കുറിച്ചുവീണ്ടും വാചലയാകുമ്പോൾ ജെന്നിയുടെ കണ്ഠം ഇടറി, കണ്ണുകൾ നിറഞ്ഞുതുളുമ്പി.

വര :സുനിൽ കുറ്റിപ്പുഴ

പോസ്റ്റർ : മനു

Comments
Print Friendly, PDF & Email

You may also like