എന്‍റെ മനസ്സിൽ ചില്ലിട്ടു സൂക്ഷിച്ച അനേകം
മോഹചിത്രങ്ങളിലൊന്നാണിത്…
തെങ്ങോലകളും കവുങ്ങിൻതലപ്പുകളും ചേർന്നു
ചുംബിക്കുന്ന, കതിരോൻ കണ്ണുപൊത്തിക്കളിക്കുന്ന
വഴിയിലൂടെ ഞാൻ നടക്കുകയാണ്.
ഹൃദ്യമായ അനേകം പൂക്കളുടെ നറുമണം ഇടകലർന്ന
ഇളങ്കാറ്റെന്നെ മത്തുപിടിപ്പിക്കുന്നു.
വർണ്ണങ്ങൾ വാരിവിതറിയ പൂക്കൾ നിറഞ്ഞ
ഉദ്യാനത്തിലെത്തിയപ്പോൾ വരവേൽക്കാൻ പൂമ്പാറ്റകളുടെ ഒരു
സമുദ്രം തന്നെ ഉണ്ടായിരുന്നു..
അളവറ്റ അവയുടെ ചിറകുകളിലെ ചിത്ര പണികൾ കണ്ട് എന്‍റെ
കൺപീലികൾ നനഞ്ഞു കുതിർന്നു
പൂക്കളിൽ നിന്ന് പൂക്കളിലേക്ക്
ചാഞ്ചാടിയവർ എൻ കണ്ണുകളെ വിസ്മയിപ്പിച്ചു. പിന്നീടവ കൂട്ടമായ്
വന്നെൻ ശിരസ്സിൽ പൂമ്പൊടികൾ വാരിവിതറി……
ഉൻമത്തയായവിടുന്നിറങ്ങി പല വഴികളിലൂടെ
നടന്ന് കാടിന്നോരമെത്തിയ വേള കാട്ടരുവികളും,
എണ്ണിയാലൊടുങ്ങാത്ത പക്ഷിക്കൂട്ടങ്ങളുമെന്നെ കലപില കൂട്ടി
കൈമാടി വിളിച്ചു….
ചേലൊത്ത വൻമരങ്ങളുടെ വന്യത
കണ്ട് പേരറിയാത്ത മധുരക്കായ്കൾ ഭക്ഷിച്ച് ദിക്കറിയാതെ ഞാൻ
കാട്ടിലൂടലഞ്ഞു.
എന്‍റെ ശിരസ്സിലെ പൂമ്പൊടികൾ മഞ്ഞിൽ നനഞ്ഞ് കുതിർന്നു.
പതിയെ ചുറ്റുമുള്ള മണ്ണിലലിഞ്ഞവ പുതിയ വേരുകൾ തേടി ….
എന്‍റെ കൈയോരത്ത് ഭിക്ഷുവിനെപ്പോലെ ആരോ അദൃശ്യയായി
ഉണ്ടെന്ന് സ്പഷ്ടം. അങ്ങ് ദൂരെ പൂന്തോട്ടത്തിൽ വെച്ചാകാം എന്റൊപ്പം
കൂടിയത്…..
നനുത്ത എന്‍റെ കാൽപാദങ്ങളിൽ
അനേകം ഇഴജീവികൾ സാന്നിധ്യമറിയിക്കുന്നുണ്ടായിരുന്നു…..
ആ അദൃശ്യകരങ്ങൾ എന്നെ ഒരു കുന്നിൻ
നെറുകയിലെത്തിച്ചു. അവിടെ തിങ്ങിനിറഞ്ഞ
ഇലപ്പടർപ്പിലൂടെ ചെങ്കതിർ കിരണങ്ങൾ എൻ നെറുകയിൽ സിന്ദൂരം വിതറി.
പിന്നെപ്പോഴോ തപസ്സിൽ ഉറഞ്ഞു പോയ ഞാൻ അവിടന്നിറങ്ങി
ദിക്കറിയാതെ നടക്കാൻ തുടങ്ങി.
ഇപ്പോൾ ഞാൻ അളവറ്റ പൊൻ സൂര്യകിരണങ്ങൾ കൺ പൊത്തി
കളിക്കുന്ന സമുദ്രതീരത്താണ്.
ചന്ദ്രബിംബത്തിൽത്തട്ടി വെള്ളി നൂലിഴകളായി പരിണമിച്ച
സൂര്യകിരണങ്ങൾ മനസ്സിനെ
മോഹിപ്പിച്ചതെന്താണ്?
നിറഞ്ഞു കവിഞ്ഞ തേൻങ്കുടംപോൽ മനസ്സ് തുള്ളി തുളുമ്പുന്നു.
എൻ ചിത്തമിപ്പോൾ ശാന്തമാണ്…… വന്യമായ ശാന്തതയിൽ……..
കവര്‍ ഡിസൈന്‍ : മനു