പൂമുഖം POLITICS എങ്ങനെയാണ് ഭാരത് മാത ഹൈന്ദവദേശീയതയുടെ അടയാളമായത്?

എങ്ങനെയാണ് ഭാരത് മാത ഹൈന്ദവദേശീയതയുടെ അടയാളമായത്?

ങ്ങനെയാണ് ഒരാള്‍ക്ക് ദേശഭക്തനാവാന്‍ കഴിയുക?”- 1905ല്‍ ഗുജറാത്തിലെ രാഷ്ട്രീയനേതാവും, എഴുത്തുകാരനുമായ കെ.എം. മുന്‍ഷി അരവിന്ദഘോഷിനോട് ചോദിച്ച ചോദ്യം ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും പ്രസക്തമാവുകയാണ്.

ഹൈന്ദവ ദേശീയതയുടെ സ്ഥാപകരിലൊരാളാണ് അരവിന്ദഘോഷ്. ചുവരില്‍ തൂങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് ഇന്ത്യയുടെ ഭൂപടത്തിലേക്ക് വിരല്‍ ചൂണ്ടി അദ്ദേഹം ആ ചോദ്യത്തിന് അന്ന് നല്കിയ മറുപടി ഇന്നത്തെ സാഹചര്യത്തില്‍ തീര്‍ത്തും ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്.

“നിങ്ങളാ ഭൂപടം കണ്ടോ? അതൊരു ഭൂപടമല്ല. ഭാരത മാതയുടെ പോര്‍ട്രൈറ്റാണത്. അതിലെ നഗരങ്ങളും, കുന്നുകളും, പുഴകളും, കാടുകളുമെല്ലാം ആ അമ്മയുടെ ശരീരമാണ്. എല്ലാവരും അവരുടെ മക്കളും, വലുതും ചെറുതുമായ നാഡീവ്യൂഹങ്ങളുമാണ്. ഭാരതത്തെ ഒരു ജീവനുള്ള അമ്മയായി കാണണം. അവരെ ഒന്‍പതിരട്ടി ഭക്തിയോടെ ആരാധിക്കണം”.

മഹാരാഷ്ട്ര അസംബ്ലിയില്‍

2016. ഒരു ബുധനാഴ്ച, മഹാരാഷ്ട്ര അസംബ്ലിയില്‍ മുസ്ലീം വോട്ട് ബേസിന്റെ അടിസ്ഥാനത്തിലുള്ള ഹൈദരാബാദ് കേന്ദ്ര ആസ്ഥാനമായ മജ്ലിസ് ഇ ഇത്തിഹാദ് അല്‍ മുസ്ലിമീന്‍ എന്ന പാര്‍ട്ടിയിലെ വാരിസ് പത്താനെ ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം മുഴക്കാന് ബി.ജെ.പി എം.എല്‍.എ ആയ റാം കദം ഒരു ചൂടേറിയ സംവാദത്തിനിടെ ഉപദേശിച്ചു. ഒരുപാട് മുസ്ലീം വിശ്വാസികള്‍ കരുതുന്നത് ഭാരത് മാത എന്ന ദേവിയെ സ്തുതിക്കുന്നത് ഏകദൈവാധിഷ്ഠിതമായ ഇസ്ലാം വിശ്വാസത്തിന് എതിരാണെന്നാണ്. അതുകൊണ്ട് തന്നെ അന്ന് പത്താന്‍ ആ മുദ്രാവാക്യം വിളിക്കാന്‍ വിസമ്മതിച്ചു.

അതിനെ തുടര്‍ന്നുണ്ടായ ഒച്ചപ്പാടുകളില്‍ മഹാരാഷ്ട്ര അസംബ്ലി ഒരുമിച്ച് നിന്നു. ഭാരതീയ ജനതാ പാര്‍ട്ടിയും ശിവസേനയും കോണ്‍ഗ്രസ്സും, എന്‍.സി.പിയും തുടങ്ങി ഭൂരിപക്ഷവും വാരിസ് പത്താനോട് ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ആവശ്യപ്പെടുകയും, അതിന് വിസമ്മതിച്ച വാരിസ് പത്താനെ എല്ലാവരും ഒറ്റക്കെട്ടായി അസംബ്ലിയില്‍ നിന്ന് സസ്പെന്റ് ചെയ്യുകയും ചെയ്തു.

1905ല്‍ നവവിധ ഭക്തിയോടെ അല്ലെങ്കില്‍ ഒന്‍പതിരട്ടി ഭക്തിയോടെ ഇന്ത്യയെ എങ്ങനെ ഒരു ദേവീസങ്കല്പമാക്കി മാറ്റാം എന്ന് നോക്കുകയായിരുന്നു അരവിന്ദഘോഷ് ചെയ്തത്. എന്നാല്‍ ഈ 2016ല്‍ ഒരു മുസ്ലീം എം.എല്‍.എ ശിക്ഷിക്കപ്പെടുന്നത് ഭാരത് മാത കീ ജയ് എന്ന് വിളിക്കാന്‍ വിസമ്മതിച്ചതിനാലാണ് എന്ന് കാണുമ്പോഴാണ് ഇന്ന് ഹിന്ദു ദേശീയത എവിടെയെത്തി നില്ക്കുന്നു എന്ന് നമുക്ക് കാണാനാവുന്നത്.

ബംഗാളിലെ ഉത്ഭവം

അനുഗ്രഹം ചൊരിയുന്ന ഭൂമി എന്ന ആശയം നീണ്ട കാലമായി ഹൈന്ദവതയുടെ ഒരു ഭാഗമാണ്. എന്തൊക്കെയായാലും ഒരു രാജ്യത്തെ അമ്മയായി പരിഗണിക്കുന്നതിന്റെ ആധുനിക രൂപത്തിന് തുടക്കം കുറിച്ചത് ബംഗാളിലാണ്. കാളി, ദുര്‍ഗ്ഗ, മാനസ, ചാന്ദി തുടങ്ങിയ അമ്മദൈവങ്ങളുടെ വിശ്വാസത്താല്‍ പ്രബലമായ പ്രദേശമാണ് ബംഗാള്‍. ഒരു ദേശത്തെ ദേവിയായി സങ്കല്പിക്കുന്നതിന്റെ ആദ്യത്തെ ശക്തമായ ആവിഷ്കരണം എന്ന നിലയില്‍ കാണാവുന്നത് ബംഗാളി സാഹിത്യത്തിലെ ഇറങ്ങിയ ബങ്കിംചന്ദ്ര ചതോപാദ്ധ്യായയുടെ ‘ആനന്ദമഠ’ എന്ന കൃതിയാണ്.

സാമൂഹ്യശാസ്ത്രജ്ഞന്‍ കാള്‍ ഓള്‍സന്‍ ഇങ്ങനെയാണ് ആ കൃതിയെപ്പറ്റി എഴുതിയത്;
എങ്കിലും രാഷ്ട്രീയ ഉദ്ദേശത്തിനായി അമ്മ സങ്കല്പത്തെ പ്രതിപാദിച്ച ആദ്യത്തെ എഴുത്തുകാരനല്ല ബങ്കിംചന്ദ്ര ചതോപാദ്ധ്യായ. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇന്ത്യയുടെ അവസ്ഥ മനസ്സിലാക്കിക്കൊടുക്കാനും, അതില്‍ നിന്ന് മുക്തിനേടാന്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം പകരാനുമാണ് ബങ്കിം ചന്ദ്ര ചതോപാദ്ധ്യായ ഇന്ത്യയെ ഭാരത് മാത എന്ന ദേവീസങ്കല്പത്തിലേക്ക് പ്രതിഷ്ഠിച്ചത്. അതുപോലെ 1875ല്‍ ബങ്കിംചന്ദ്ര ചാറ്റര്‍ജി പവിത്രമായ ദേവീസങ്കല്പത്തോടെ എഴുതിയ വന്ദേമാതരം അക്കാലത്ത് ബ്രിട്ടീഷ് അധികാരവ്യവസ്ഥയോട് പൊരുതുന്ന ഇന്ത്യന്‍ ദേശീയവാദികള്‍ തങ്ങളുടെ ദേശീയഗാനമായാണ് കരുതിപ്പോന്നത്.

ഹൈന്ദവ ദേശീയതയെ പിന്താങ്ങുന്ന ഒരു വിഭാഗത്തിന് നിര്‍ണ്ണായകമായ സംഭാവനയാണ് ‘ആനന്ദമഠം’ നല്കിയത്. ആ നോവലില്‍ പ്രധാന ശത്രുവായി ചിത്രീകരിച്ചിരുന്നത് ഇന്ത്യ ഭരിച്ചിരുന്ന മുസ്ലീമുകളെയായിരുന്നു. ഒരു മാര്‍ബിള്‍ ക്ഷേത്രത്തില്‍ ആയുധധാരിയായ ഒരു ദേവീപ്രതിഷ്ഠയായാണ് ഈ പുസ്തകത്തില്ല്‍ ഭാരത് മാത പ്രത്യക്ഷപ്പെടുന്നത്. ദുര്‍ഗ്ഗാദേവീ സ്തുതിയായി വന്ദേമാതരവും ഈ നോവലില്‍ തന്നെ കടന്നുവരുന്നുണ്ട്.

പൊതുമണ്ഡലത്തിലേക്ക് പ്രവേശിക്കുന്നു

സ്വദേശീ പ്രസ്ഥാനത്തിന്റെ സമയത്തും, 1905ലെ ബംഗാള്‍ വിഭജന പ്രക്ഷോഭത്തിന്റെ സമയത്തുമെല്ലാം ഇന്ത്യയിലും ബംഗാളിലുമെല്ലാം ഈ അമ്മ സങ്കല്പം നല്ലപോലെ പ്രചരിക്കപ്പെട്ട് കഴിഞ്ഞിരുന്നു. ആ അമ്മയെ പുകഴ്ത്തുന്ന വന്ദേമാതരം അന്നത്തെ കാലത്ത് വളരെ പ്രശസ്തമാവുകയും ചെയ്തു. ഇന്ത്യന് മോഡേണ്‍ പെയിന്റിങിന്റെ പിതാവും, രവീന്ദ്രനാഥ ടാഗോറിന്റെ മരുമകനുമായ അബീന്ദ്രനാഥ ടാഗോറാണ് 1905ല്‍ ആദ്യമായി ഭാരത് മാതായുടെ ചിത്രീകരണം നടത്തുന്നത്. സ്വദേശീ പ്രസ്ഥാനത്തിന്റെ പ്രക്ഷോഭങ്ങളിലെല്ലാം ആ ചിത്രം വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്തു.

1966ലെ ഒരു ചിത്രം. തന്റെ അറുത്തെടുത്ത ശിരസ്സ് ഭാരത് മാതയ്ക്ക് സമര്‍പ്പിക്കുന്ന ഭഗത് സിങ്ങ്. ഭാരത് മാതയെ അഭിവാദ്യം ചെയ്യുന്ന സുഭാഷ് ചന്ദ്രബോസ്. ആയുധമേന്തിയ വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്.

1966ലെ ഒരു ചിത്രം. തന്റെ അറുത്തെടുത്ത ശിരസ്സ് ഭാരത് മാതയ്ക്ക് സമര്‍പ്പിക്കുന്ന ഭഗത് സിങ്ങ്. ഭാരത് മാതയെ അഭിവാദ്യം ചെയ്യുന്ന സുഭാഷ് ചന്ദ്രബോസ്. ആയുധമേന്തിയ വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്.

സ്വാതന്ത്ര്യസമരസമയത്ത് ചില മിലിറ്റന്റ് സംഘടനകളില്‍ ദേശീയതയും ദിവ്യത്വവും ഒരുപോലെ കൂടിച്ചേര്‍ന്നു. കോളനിവാഴ്ചയ്ക്കെതിരെയുള്ള ആക്രമണങ്ങളെ ന്യായീകരിച്ചിരുന്ന അനുശീലന്‍ സമിതി ആവേശമുള്‍ക്കൊണ്ടത് ‘ആനന്ദമഠ’ത്തില്‍ നിന്നായിരുന്നു. ദുര്‍ഗ്ഗാദേവിയുടെ പ്രതിമയ്ക്ക് മുന്നില്‍ ആയുധങ്ങള്‍ പൂജിച്ചും, അനുഗ്രഹം നേടിയുമായിരുന്നു ആ സംഘടന പ്രവര്‍ത്തനം ആരംഭിച്ചത്. മുസ്ലീങ്ങളെ അംഗമാക്കുന്നതിനെ സംഘടനയിലെ വലിയൊരു വിഭാഗം എതിര്‍ത്തു. അരവിന്ദോ ഘോഷായിരുന്നു ആ സംഘടനയുടെ സ്ഥപകരില്‍ ഒരാള്‍. 1908ല്‍ അദ്ദേഹം രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെടുകയും ജയിലില്‍ വച്ച് ഘോഷിന് മനം മാറ്റം സംഭവിക്കുകയും, ആധ്യാത്മികവാദത്തിലേക്ക് മാറുകയും ചെയ്തു. തുടര്‍ന്ന് ജയില്‍ മോചിതനായ അദ്ദേഹം പോണ്ടിച്ചേരിയിലേക്ക് പോവുകയും അവിടെ ഒരു ആശ്രമം തുടങ്ങുകയുമാണ് ഉണ്ടായത്.

വര്‍ഗ്ഗീയവിസ്ഫോടനങ്ങള്‍

ചരിത്രകാരനായ എറിക് ഹോബ്സ്വണ് രാഷ്ട്രങ്ങളുടെ ദേവീസങ്കല്പങ്ങള്ക്ക് മറ്റുദാഹരണങ്ങളും പറയുന്നുണ്ട്. മെക്സിക്കോയിലെ ഗ്വാഡലൂപ്പിലെ കന്യകയും, കാറ്റലോണിയയിലെ മോണ്‍സരാറ്റിന്റെ കന്യകയുമൊക്കെ അത്തരത്തിലുള്ള ചിലതാണ്. ചില തരത്തില്‍ ഐക്യം രൂപപ്പെടുത്താന് ഇത്തരം ‘വിശുദ്ധ അടയാളങ്ങള്‍’ ദൃശ്യപരമായും, വൈകാരികമായും സഹായിക്കുന്നു എന്ന് ഹോബ്സ്വണ്‍ നിരീക്ഷിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ ദൈവീകമായ ഭാരത് മാതയുടെ സങ്കല്പവും, ചിത്രീകരണവും ഇന്ത്യക്കാര്‍ക്കിടയില്‍ ഐക്യമല്ല ഉണ്ടാക്കിയത്. മറിച്ച് വര്‍ഗ്ഗീയമായ ചേരിതിരിവായിരുന്നു. അതിന്റെ ഫലമായി രാഷ്ട്രീയത്തിലെ പല വിചാരധാരകളും ഭാരത് മാതയെ ഒരു മൂര്‍ത്തിരൂപമായി കാണുകയും, ആരാധിച്ച് പോരുകയും ചെയ്തു. 1937ല്‍ ആ കാലത്തെ കോണ്‍ഗ്രസ് പ്രസിഡന്റിന് വന്ദേമാതരം ഇന്ത്യന്‍ ദേശീയഗാനമാക്കാന്‍ കഴിയില്ലെന്ന് അതിന്റെ മതപരമായ പ്രകൃതത്തെ ചൂണ്ടിക്കാണിച്ച് വാദിച്ചുകൊണ്ട് രവീന്ദ്രനാഥ ടാഗോര്‍ ഇങ്ങനെ എഴുതി.

വന്ദേമാതരത്തിന്റെ അടിസ്ഥാനം ദുര്‍ഗ്ഗാദേവിയുടെ സ്തുതിഗീതമാണ്. അത് സ്പഷ്ടമാണ്. അതിനാല്‍ തന്നെ അതിന്റെ പേരില്‍ ഒരു ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഇടമില്ല. ഒരു മുസല്‍മാനും ദേശഭക്തിയുടെ പേരില്‍ പത്ത് കൈകളുള്ള ദുര്‍ഗ്ഗാദേവിയെ സ്തുതിച്ച് സ്വദേശസ്നേഹം കാണിക്കാനാവില്ല. ‘ആനന്ദമഠം’ എന്ന നോവല്‍ ഒരു സാഹിത്യരചനയാണ്. അതുകൊണ്ട് ഈ ഗാനം അതിന് മാത്രമേ യോജിക്കുകയുള്ളൂ. എന്നാല്‍, പാര്‍ലിമെന്റ് എന്ന് പറയുന്നത് എല്ലാ മതവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരിടമാണ്. അതിനാല്‍ അവിടെ ഈ ഗാനം ഒരിക്കലും യോജിക്കുകയില്ല.

കോണ്‍ഗ്രസ്സ് ടാഗോറിന്റെ ഈ കാഴ്ചപ്പാടുകളെ തള്ളുകയും, വന്ദേമാതരത്തിലെ ദുര്‍ഗ്ഗാദേവീ സ്തുതികള്‍ വരുന്ന വരികള്‍ ഒഴിവാക്കുകയും, ദുര്‍ഗ്ഗാദേവിയെ രാജ്യത്തോട് ഏകീകരിച്ചുകൊണ്ട് പുന:ക്രമീകരിക്കുകയുമാണ് ചെയ്തത്.

സവര്‍ക്കറുടെ പ്രവേശനം

എന്തൊക്കെയായാലും, ചില പ്രത്യേക രാഷ്ട്രീയധാരകള്‍ ടാഗോറിന്റെ കാഴ്ചപ്പാടിനെ എതിര്‍ക്കുകയും രാഷ്ട്രത്തെ ഹൈന്ദവതയുമായി ചേര്‍ത്ത് നിര്‍ത്തുന്ന നീക്കത്തെ അനുകൂലിക്കുകയും ചെയ്തു. അരവിന്ദോഘോഷിനെ പോലെ മഹാരാഷ്ട്രക്കാരനായിരുന്ന വിനായക് സവര്‍ക്കറായിരുന്നു ആ നീക്കത്തിന്റെ പ്രധാനി. അക്രമത്തിലൂന്നിയ പോരാട്ടത്തിലായിരുന്നു അരവിന്ദോയെപ്പോലെ സവര്‍ക്കറും വിശ്വസിച്ചിരുന്നത്. അതുപോലെത്തന്നെ സവര്‍ക്കറും ബ്രിട്ടീഷ് സര്‍ക്കാരിനാല്‍ ജയിലിലടയ്ക്കപ്പെടുകയും പിന്നീട് ബ്രീട്ടീഷുകാര്‍ക്കെതിരെ പോരാടില്ലെന്ന ഉറപ്പ് നല്‍കി ജയില്‍ മോചിതനാവുകയും ചെയ്യുകയാണൂണ്ടായിട്ടുള്ളത്.

1923ലെ ‘ഹിന്ദുത്വ’ എന്ന സവര്‍ക്കറുടെ പുസ്തകത്തില്‍ ദേശീയത മതപരമായ സ്വത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പറയുന്നുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മതപരമായ സംഘങ്ങള്‍ക്കുള്ള ആരാധനായിടങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സവര്‍ക്കര്‍ ദേശീയതയെ നിര്‍വ്വചിച്ചത്. അതോടൊപ്പം തന്നെ ഇന്ത്യന്‍ മണ്ണിന് പവിത്രതയും ആരോപിച്ച് നല്‍കി. മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ ആവിര്‍ഭവിച്ച മുസ്ലീം, ക്രിസ്ത്യന്‍ മതങ്ങള്‍ ഭാരതീയമല്ലെന്നും അദ്ദേഹം വാദിച്ചു. ഒരു അവിശ്വാസിയായിരുന്നിട്ട് കൂടി ദൈവത്തിന്റെ അനുഗ്രഹീതയായ മകളായാണ് സവര്‍ക്കര്‍ ‘ഹിന്ദ്’ എന്ന സങ്കല്പത്തെ വിഭാവന ചെയ്തതും.

pakhnnizfr-1458176874

അന്ന് മുതല്‍ ബങ്കിം ചന്ദ്രയുടെ ഭാരത് മാത എന്ന ആശയത്തെ ഹിന്ദുത്വവാദികള്‍ ഉയര്‍ത്തിക്കാണിക്കുകയും, വിപുലമായി ഉപയോഗിക്കാന്‍ ആരംഭിക്കുകയും ചെയ്തു. ഭാരത് മാത ത്രിവര്‍ണ്ണ പതാകയ്ക്ക് പകരം കാവി പതാക ഉയര്‍ത്തി നില്‍ക്കുന്ന പോസ്റ്ററുകളും മറ്റും ആര്‍ എസ് എസ് അവരുടെ എല്ലാ പരിപാടികള്‍ക്കും പ്രചരണത്തിനായി ഉപയോഗിച്ച് തുടങ്ങി. ആ ഭാരത് മാത പ്രത്യക്ഷപ്പെട്ടത് ദുര്‍ഗ്ഗാദേവിയുടെ വാഹനമായ സിംഹത്തിന്റെ പുറത്തായതും ഒട്ടും അവിചാരിതാമായിട്ടല്ലായിരുന്നു.

ഭാരത് മാതയുടെ ക്ഷേത്രങ്ങള്‍

2013ല്‍ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയം ദുര്‍ഗ്ഗാദേവി തന്റെ ശത്രുവിനെ നിഗ്രഹിച്ച ദിവസമായ വിജയദശമി ദിനത്തില്‍ ഒരു ആയുധപൂജ സംഘടിപ്പിച്ചിരുന്നു. അത് സ്വാതന്ത്ര്യസമരകാലത്തെ അനുശീലന്‍ സമിതിയുമായുള്ള ഒരു ബന്ധമാണ് കാണിക്കുന്നത്.

മതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയത്തിനുമപ്പുറം, ഭാരത് മാത ചില ഹിന്ദു ക്ഷേത്രങ്ങളില്‍ ഒരു പ്രതിഷ്ഠയായും മാറിക്കഴിഞ്ഞിട്ടുണ്ട്. 1936ല്‍ ബനാറസിലെ ഒരു ക്ഷേത്രത്തില്‍ ബ്രിട്ടീഷ് ഇന്ത്യന്‍ സാമ്രാജ്യത്തിന്റെ ഒരു ദേവതയെ പ്രതിഷ്ഠിച്ചു. അത് കൂടാതെ മഹാരാഷ്ട്രയില്‍ ദോലത്താബാദ് കോട്ടയിലും ഒരു ക്ഷേത്രമുണ്ട്. ഹരിദ്വാറിലുള്ള ഭാരത്മാതയുടെ ക്ഷേത്രം 1983ല്‍ ഇന്ദിരാഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്.

ഹിന്ദുരാഷ്ട്രം

സസ്പെന്‍ഷന്‍ ചെയ്യപ്പെട്ടതിന് ശേഷം വാരിസ് പത്താന്‍ എന്ന മഹാരാഷ്ട്ര എം എല്‍ എ പറഞ്ഞത് ഇതാണ്. “ഞാന്‍ ജയ് ഹിന്ദ് എന്ന് പറയാന്‍ തയ്യാറാണ്. ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു. ഞാന്‍ എതിര്‍ത്തത് അവരെന്നെ നിര്‍ബന്ധിച്ച് ഭാരത് മാതാ കീ ജയ് എന്ന് വിളിപ്പിക്കാന്‍ ശ്രമിച്ചതിനെയാണ്.”

തീര്‍ച്ചയായും ഈ മുഴുവന്‍ കോലാഹലങ്ങളും പത്താന്‍ രാജ്യസ്നേഹിയാണൊ അല്ലയോ എന്നതിനെക്കുറിച്ചായിരുന്നില്ല. ദേശീയതയെ വിലയിരുത്തുന്നത് യുക്തിഹീനമായ ഒരു കാര്യമാണെന്നുള്ളത് സത്യമാണ്. എന്നാല്‍ ഹൈന്ദവസംസ്കാര ദേശീയതയില്‍ ഭാരത് മാതായ്ക്കുള്ള ശക്തിയാണ് തന്റെ സഹപ്രവര്‍ത്തകരായ എം എല്‍ എമാര്‍ പത്താന് കാണിച്ചുകൊടുത്തത്. മാത്രമല്ല ഇത് ഇന്ത്യയുടെ ഹിന്ദുത്വ സങ്കല്പത്തെ ഊട്ടിയുറപ്പിക്കുകയും മുസ്ലീം, ക്രിസ്ത്യന്‍ തുടങ്ങിയ വിഭാഗത്തെ ഇത്തരം ദേശഭക്തിയില്‍ നിന്ന് ഇതുപോലെ ബലമായി തള്ളിമാറ്റുകയും ചെയ്യും.

മാര്‍ച്ച് മൂന്നിന് യുവാക്കളായ ഇന്ത്യക്കാരെ മുഴുവന്‍ ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ പഠിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത് രംഗത്ത് വന്നിരുന്നു. അങ്ങനെ ഒരു ദൈവസങ്കല്പ ഹിന്ദുരാഷ്ട്രം ലക്ഷ്യം വയ്ക്കുന്ന ആര്‍ എസ് എസിന് തറക്കല്ല്ലിട്ടു എന്നതാണ് ബങ്കിം ചന്ദ്ര തന്റെ നോവലിലൂടെ ചെയ്തത്.


 

Comments
Print Friendly, PDF & Email

You may also like