പൂമുഖം Travelയാത്ര ഓടിട്ട നടപ്പാതകൾ

ഓടിട്ട നടപ്പാതകൾ

രാവിലെ ആറര മണി. സിംഗപ്പൂർ ഉണരുന്നേയുള്ളു. തെരുവുവിളക്കുകൾ അണഞ്ഞിട്ടില്ല. ചുറ്റുമുള്ള പാതകളിലെ ഒറ്റപ്പെട്ട വാഹനങ്ങളുടെ ശബ്ദം മാറ്റിനിർത്തിയാൽ ഇപ്പോൾ കേൾക്കുന്നത് കലപില കിളിയൊച്ചകൾ മാത്രം. എയർ പോർട്ടിൽ നിന്നുള്ള യാത്രയിൽ കണ്ട പാതയോര വൃക്ഷങ്ങളെ പോലെ കൂട്ടം ചേർന്നുള്ള ആ ചിലയ്ക്കലുകളും സത്യത്തിൽ അദ്‌ഭുതപ്പെടുത്തി. കഴുകി വെടിപ്പാക്കിയ സമ്പന്നമായ ഒരു കോൺക്രീറ്റ് കാട് മാത്രമായിരുന്നു മനസ്സിൽ ഈ സിറ്റി സ്റ്റേറ്റ് .

ഡയപ്പർ കെട്ടിയാണ് സിംഗപ്പൂരിലെ പക്ഷികൾ ജീവിക്കുന്നതെന്ന് കൊല്ലങ്ങൾ ഇവിടെ ജീവിച്ച ബന്ധു തമാശ പറയുന്നു .
”ശരിയായ ടോയ്ലെറ്റ് ട്രെയ്‌നിംഗ് കിട്ടിയതുപോലെയാണവർ പൊതുസ്ഥലങ്ങളിൽ പെരുമാറുന്നത്!”

സത്യം!

രാവിലെ ഈ സമയത്ത് എന്നോടൊപ്പം ഉണർന്നിരിക്കുന്നത് മകൾ ചാരുവിന്റെ വാലി എന്ന പേരുള്ള ‘പോരാളി’ വളർത്തു മത്സ്യം മാത്രമാണ്.
ചട്ടികളിൽ വളരുന്ന ചെടികൾക്കും പേരുകളുണ്ട്, സിൽവിയ, ന്യൂട്ടൺ, ഓസ്കാർ, ജേക്കബ്, ഒലീവിയ എന്നിങ്ങനെ- കൂട്ടത്തിൽ ക്ഷീണിച്ച ഒരു ദാക്ഷായണിയും ! പോകുന്നതിന് മുൻപ് ഒരു നിസാമുദ്ദീനെ വാങ്ങി സമ്മാനിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അലയടിക്കുന്ന വർണച്ചിറകുകളിളക്കി സ്വന്തം സാമ്രാജ്യത്തിൽ നീന്തിയും കുത്തിമറിഞ്ഞും ഒറ്റയ്ക്കുള്ള ജീവിതം ആഘോഷിക്കുകയാണ് വാലി. ബെങ്ഗളൂരുവിൽ ഏഴ് വയസ്സുകാരൻ ഉണ്ണി, ഇണയെ പോലും പരിധിയിൽ കവിഞ്ഞ് പൊറുപ്പിക്കാത്ത പോരാളിമീനിനെ കാണിച്ചുതന്നതും പരിചയപ്പെടുത്തിയതും ഓർത്തു.
കോഴിപ്പോര് പോലെ വാതുവെച്ച് നടത്താറുണ്ടായിരുന്ന മീൻപോരുകളിലെ ചേകവന്മാരായിരുന്നു പോലും ഇക്കൂട്ടർ.
‘ജീവിതം മറ്റൊരാളുമായി
പങ്കു വെയ്ക്കാൻ കഴിയാതെ ഞാനെന്നെത്തന്നെ
വേളികഴിച്ചു കഴിഞ്ഞീടുന്നു’ എന്ന അർത്ഥത്തിൽ ഒരു കുഞ്ഞുണ്ണിക്കവിതയുണ്ട്.

ഇവിടെ എത്തിയിട്ട് ഒരാഴ്ച പിന്നിടുന്നു.
പറക്കമുറ്റാത്ത ഞങ്ങൾ രണ്ടുപേരെ വീട്ടിലാക്കി മൂന്നാം ദിവസം, കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ചാരു ഓഫിസിൽ പോയിത്തുടങ്ങി.

ഏഷ്യൻ രാജ്യമായതുകൊണ്ടാവാം ഈ അന്തരീക്ഷത്തിൽ കാര്യമായ അപരിചിതത്വം അനുഭവപ്പെടുന്നില്ല. കാർഡ് ടാപ് ചെയ്ത് ഗേറ്റ് തുറക്കാനേ പരിശീലനം വേണ്ടിയിരുന്നുള്ളു.

വെയിൽ ഉറയ്ക്കുന്നതിന് മുൻപ് ആദ്യമായി ഒറ്റയ്ക്ക് പുറത്തിറങ്ങിയ ദിവസം പാതയോരത്ത് ഇൻസ്റ്റന്റ് മരം നടൽ നടക്കുകയായിരുന്നു . ഏറെക്കുറെ വളർച്ചയെത്തിയ മരങ്ങളുമായി എത്തിയ ട്രക്കിൽ നിന്ന് മണ്ണിൽ പുതഞ്ഞ വേരുകളോടെ പുതിയ താമസസ്ഥലത്തേയ്ക്ക് അഞ്ചു മിനുട്ടിൽ ഒരു പറിച്ചുനടൽ !

വെയിലാറിക്കഴിഞ്ഞ് കൈയിൽ സിംഗപ്പൂർ ഡോളർ നോട്ടുകളും ഫോണിൽ ജി പി എസ്സുമായി പ്രവർത്തി ദിവസങ്ങളിൽ സുശീലയും ഞാനും പുറത്തിറങ്ങും നഗരത്തെ നേരിൽ കാണാനും പരിചയപ്പെടാനും.
മുപ്പത് ഡിഗ്രിക്ക് മേൽ നിൽക്കുന്ന ശരാശരി ഊഷ്മാവിൽ എ സി യുള്ള മുറികളിൽ നിന്ന് എ സി യുള്ള വാഹനങ്ങളിൽ എ സി യുള്ള ഓഫീസുകളിലോ കച്ചവടസ്ഥാപനങ്ങളിലോ എത്തി സമയം ചെലവഴിക്കുന്നതിൽ കവിഞ്ഞ സാഹസങ്ങൾ പകൽവേളകളിൽ ആശാസ്യമല്ല എന്ന് സന്ദർശകർക്കും അറിയാം. എല്ലാ ദിവസവും തുടങ്ങുന്നതും അവസാനിക്കുന്നതും ശാന്തമായി പെയ്തൊഴിയുന്ന മഴയോടെയാണ്. വൈകുന്നേരങ്ങളിലും രാത്രിയും ചിലപ്പോൾ ഇടി-മിന്നലുകളുടെ അകമ്പടിയുണ്ടാവും .

ബെങ്ഗളൂരുവിൽ നിന്ന് നാല്-നാലര മണിക്കൂർ നേരത്തെ കുഞ്ഞിയാത്ര – ഒരേയൊരു മാസത്തെ ദൈർഘ്യം മാത്രമുള്ള കുഞ്ഞിത്താമസം – കുഞ്ഞിയുടുപ്പിട്ട കുഞ്ഞി ശരീരങ്ങളുടെ ഈ കുഞ്ഞിനാടിനെ അടുത്തറിയാൻ ‘ഒരു വരവ് കൂടി വരേണ്ടിവരും – തീർച്ച !’

എമറാൾഡ് ഹിൽ റോഡിലെ Hullet Rise എന്ന ബഹുനിലക്കെട്ടിടത്തിൽ 11th floor ൽ ആണ് ചാരുവിന്റെ ഒതുക്കമുള്ള മൂന്ന് മുറി ഫ്ലാറ്റ്. ഈ 11th floor ന് ഒരു പ്രത്യേകതയുണ്ട്. നാട്ടിലാണെങ്കിൽ ഇതിനെ 10 th floor എന്നാണ് നാം വിളിച്ചിട്ടുണ്ടാവുക. ഇതൊരു അമേരിക്കൻ രീതിയാണെന്ന് കാണുന്നു. Ground floor, first floor എന്ന് പൊതുവെ പറയാറുണ്ടെങ്കിലും നമ്മൾ മലയാളികൾക്കും താഴത്തെ വീട് ഒന്നാം നിലയും 1st floor രണ്ടാം നിലയുമല്ലേ? താഴെക്കിറങ്ങുമ്പോൾ ലിഫ്റ്റിൽ 1 ആണ് അമർത്തുന്നത് – 0 മോ G യോ പട്ടികയിലില്ല!

Shop houses എന്ന പേരിൽ സംരക്ഷിക്കപ്പെടുന്ന നിരവീടുകളുടെ ഇടങ്ങളിൽ ഒന്നാണ് ഓർച്ചാഡ് റോഡിനോട് ചേർന്നുകിടക്കുന്ന ഇവിടവും (ഞങ്ങളുടേത് പോലുള്ള ഫ്ലാറ്റ് സമുച്ചയങ്ങൾ അവയുടെ ഭാഗമല്ലെങ്കിലും).അകത്ത് ആലങ്കാരികമായ വെച്ചുകെട്ടലുകൾ ഒഴിവാക്കിക്കൊണ്ടുള്ള ഗൃഹനിർമ്മാണം പുറംനാടുകളിലെ പൊതുസ്വഭാവമാണെ ന്ന വിശ്വാസം ഇവിടെയും എനിക്ക് തിരുത്തേണ്ടി വന്നില്ല.

ആദ്യകാല കുടിയേറ്റക്കാർക്ക് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നിർമ്മിച്ച് വാടകയ്‌ക്ക് കൊടുത്ത ഇരുനില ക്കെട്ടിടങ്ങളാണ് shop houses . 1800 കളുടെ ഒന്നാം പാതിയിൽ ആദ്യമായി താമസത്തിന് കൊടുത്തപ്പോൾ, മിക്കവാറും താഴെ കടയും മുകളിൽ താമസവുമായിരുന്നു പോലും. ആ പേര് വരുന്നത് അങ്ങനെയാണ്. അന്നൊക്കെ, നമ്മുടെ നാട്ടിൽ കാണാറുള്ളതുപോലെ, കടയുടെ പുറത്തേയ്‌ക്കും വിൽപ്പനയ്ക്കുള്ള ഉരുപ്പടികൾ നിരത്തിയും പരസ്യങ്ങൾ പ്രദർശിപ്പിച്ചും പശ്ചാത്തലത്തിൽ സംഗീതമൊരുക്കിയും ആയിരുന്നു ഇവ നിലനിന്നിരുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടുതുടങ്ങിയപ്പോൾ കടവീടുകളുടെ സ്ഥാനത്ത് ആധുനിക സൗകര്യങ്ങളോട് കൂടിയ അംബരചുംബികൾ ഉയർന്നു. ചരിത്രസ്മാരകങ്ങളായി കട വീടുകൾ സംരക്ഷിക്കപ്പെടണം എന്ന ആശയം പൊങ്ങിവന്നത് പിന്നീടാണ്. അകത്ത് മാത്രം ആവശ്യമായ മാറ്റങ്ങൾ വരുത്തി ബാക്കി ഷോപ്പ് ഹൗസുകൾ നിലനിന്നു. ചിലവ വീടുകളായും ചിലവ കച്ചവടസ്ഥാപനങ്ങളായും തുടരുന്നു.

വീടുകൾക്ക് പുറത്ത് ഒരറ്റം മുതൽ മറ്റേയറ്റം വരെ നീണ്ടുകിടക്കുന്ന മൂടിയ അഥവാ ഓട് മേഞ്ഞ ‘അഞ്ചടി(നട )പ്പാത’യാണ് സന്ദർശകരുടെ കാഴ്ചയിൽ കടവീടുകളെ ആകർഷകമാക്കുന്ന ഒരു ഘടകം. വീട്ടുകാരുടെ സ്വകാര്യതയെ അലോസരപ്പെടുത്താതെ, മഴയും വെയിലുമേൽക്കാതെ പൊതുജനത്തിന് ഉപയോഗിക്കാവുന്ന ഈ പൊതുവഴി ഒരു വലിയ ആശയമാണ് – വലിയ സൗകര്യവും . ഒരു കൗതുകത്തിന്, കുട്ടിക്കാലം ചെലവഴിച്ച ഒലവക്കോട് റെയിൽവേ കോളനിയിലെ നിര വീടുകൾക്കും ഇടച്ചുമരുകൾ പങ്കു വെയ്ക്കുന്ന കൽപ്പാത്തി അഗ്രഹാരത്തിലെ വീടുകൾക്കും അങ്ങനെയൊരു പൊതുവരാന്ത സങ്കൽപ്പിച്ചുനോക്കി…

(റോഡിന്റെ എതിർവശങ്ങളിലായി രണ്ട് വീടുകളിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ടൈലുകളും സിമന്റും മണലും അടങ്ങുന്ന നിർമ്മാണ സാമഗ്രികൾ അയൽവാസികൾക്കോ വഴിയാത്രക്കാർക്കോ ബുദ്ധിമുട്ടാവാത്ത മട്ടിൽ അടുക്കിയും മറച്ചുമാണ് വെച്ചിരിച്ചിരിക്കുന്നത് . ഈ പൗരബോധം മറ്റു വിദേശരാജ്യങ്ങളിലും കണ്ടറിഞ്ഞിട്ടുണ്ട്. ദിവസവും ക്രൂരമായി പരിണമിച്ചുകൊണ്ടിരിക്കുന്ന ബെങ്ഗളൂരുവിൽ നിന്നാണ് ഞാൻ വരുന്നത്. ഇഷ്ടികയും കൂട്ടിയിട്ട മണലും ഇരുമ്പ് കമ്പികളും ചുറ്റിയും വളഞ്ഞുമുള്ള സാഹസികയാത്രകളാണ് ഞങ്ങൾക്ക് അവിടെ ഓരോ ചെറിയ നടത്തയും. ടാറിടുന്നതുമായോ കുഴികൾ നികത്തുന്നതുമായോ ബന്ധപ്പെട്ടുള്ള ജോലികൾ കാരണം ഒരു വഴിക്കുള്ള യാത്ര മുടക്കിയിരിക്കുന്നു എന്നറിയുന്നത് പലപ്പോഴും മൂന്നോ നാലോ കിലോമീറ്റർ സഞ്ചരിച്ച് ജോലി നടക്കുന്നിടത്ത് എത്തുമ്പോഴായിരിക്കും. നമുക്ക് പകർത്തേണ്ടതായി പലതുമുണ്ട് വെളിനാടുകളിൽ എന്ന് രാഷ്ട്രീയ നേതൃത്വത്തിന് തോന്നണം. അപ്പോഴേ അതൊരു സാമൂഹ്യപാഠമായി ജനത്തിന് മുന്നിലെത്തിക്കാനാവു .)

സിംഗപ്പൂരിൽ വണ്ടികളിലും കടകളിലും മാളുകളിലുമൊഴികെ പൊതുസ്ഥലങ്ങളിൽ ഇപ്പോൾ മാസ്ക് നിർബന്ധമല്ല. ഞങ്ങൾക്കാകട്ടെ ഇപ്പോൾ മാസ്ക് ഇല്ലാതെ പുറത്തിറങ്ങുമ്പോൾ ചെറിയ അളവിൽ നഗ്നത അനുഭവപ്പെടും. ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാവുന്ന തരത്തിൽ കൈത്തണ്ടയിൽ മാസ്ക് കെട്ടിക്കൊണ്ടുനടക്കുന്നവരെ വഴിനീളെ കാണാം. അവർ നിയമലംഘകരല്ല. തൊണ്ണൂറ്റൊമ്പത് ശതമാനം പേരും പക്ഷേ മറുനാടൻമാരാണ്. ഇവിടത്തുകാരെ മാസ്ക്കില്ലാതെ പൊതുസ്ഥലങ്ങളിൽ കാണാനായില്ല എന്നുതന്നെ പറയാം.
കോവിഡിനെ സാധാരണ ജലദോഷപ്പനിയുടെ അപകടകാരിയായ പുതിയ രൂപമായി കണ്ട്, ഓരോരുത്തരും സ്വന്തം ഉത്തരവാദിത്വത്തിൽ മുന്നോട്ട് പോകുക എന്നതാണ് ഇന്നത്തെ സിംഗപ്പൂർ നയം. കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ പോകുന്നു എന്ന് ഇന്നലത്തെ വാർത്തയിലും ഉണ്ടായിരുന്നു .

വീട്ടുജോലികളിൽ സഹായിക്കുന്ന ജെയ്ൻ ഫിലിപ്പീൻകാരിയാണ്. ബോബ് ചെയ്ത തലമുടിയിൽ ചായം തേച്ച്, ചിരിച്ച് പ്രസരിപ്പോടെ ജോലി ചെയ്യുന്ന ജെയ്നിന്റെ ഭർത്താവും മുതിർന്ന മക്കളും നാട്ടിലാണ്. ചെറിയ മുറിക്കാലുറയും ഷർട്ടുമാണ് വേഷം. പരിചയപ്പെടുത്തിയപ്പോൾ തന്നെ ‘ഇത്രയും വലിയ മകളുണ്ടെന്ന് തോന്നില്ല’ എന്ന് കണ്ണുകൾ വലുതാക്കി . ‘മോം ഈസ്‌ പ്രെട്ടി ! ‘ എന്ന് സുശീലയ്ക്കും ‘യു ആർ ഹാൻസോം! ‘ എന്ന് എനിക്കും ‘സർട്ടീറ്റ്’ തന്നു!

കവർ ഡിസൈൻ : ആദിത്യ സായീഷ്

Comments

You may also like