ഐരാണിമുട്ടം സിദ്ധാർത്ഥ ശങ്കർ എന്ന യുവ ചെറുകഥാകൃത്ത് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് യാത്ര പുറപ്പെട്ടു. തിങ്കളാഴ്ച്ച നടക്കുന്ന ആധുനികോത്തര സാഹിത്യകാരന്മാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു അത്. ഞായറാഴ്ച്ച രാവിലെ യാത്രതുടങ്ങിയ പരശുരാം എക്സ്പ്രസ്സിൽ ഇരുന്നുകൊണ്ട് കഥാകൃത്ത് ഓരോരോ മനോരാജ്യങ്ങളിൽ മുഴുകി. ഇടയ്ക്ക് തന്നെ ആരെങ്കിലും തിരിച്ചറിയുന്നുണ്ടോ എന്ന് ഇടംകണ്ണിട്ടു ചുറ്റിലും നോക്കി.
കഴിഞ്ഞ രണ്ടുമാസത്തിനകം കോട്ടയത്തുനിന്നും കോഴിക്കോടുനിന്നും പ്രസിദ്ധീകരിക്കുന്ന രണ്ട് പ്രമുഖ ആഴ്ചപ്പതിപ്പുകളിൽ തന്റെ കഥയും കൂടെ ഫോട്ടോയും അച്ചടിച്ചുവന്നത് അയാൾ ഒരു നറും പുഞ്ചിരിയോടെ ഓർത്തു. കൂടാതെ തൃശ്ശുരിലെ പുതിയ എഴുത്തുകാർ ചേർന്ന് ആരംഭിച്ച ‘ആധുനികം’ എന്ന മാസികയിൽ താനുമായി ഒരു അഭിമുഖവും പ്രസിദ്ധീകരിച്ചിരുന്നു. കൂടെ രണ്ട് കോളം ഫോട്ടോയും.
ആരെങ്കിലും തന്നെ തിരിച്ചറിയാതിരിക്കില്ല. ഏതെങ്കിലും ഒരു സാഹിത്യതൽപരനോ എഴുതിത്തുടങ്ങുന്ന യുവാക്കളോ പരിചയപ്പെടാൻ വന്നുകൂടായ്കയില്ല.. അല്ലെങ്കിൽ മലയാളം എം.എ ക്കോ മറ്റോ പഠിക്കുന്ന അതിസുന്ദരിയായ ഒരു പെൺകുട്ടി യാദൃശ്ചികമായി വന്ന് പരിചയപ്പെടുകയും പിന്നീടതൊരു പിരിയാബന്ധമായി തീരുകയുമാകാം. കഴിഞ്ഞയാഴ്ച വായിച്ച ഇംഗ്ലീഷ് നോവലിൽ അങ്ങിനെയൊരു രംഗമുണ്ടല്ലോ…! നോവലിലെ എഴുത്തുകാരനായ നായകൻ പക്ഷെ, യാത്ര പകുതിവെച്ച് അവസാനിപ്പിച്ച്, ആരാധികയെയും കൊണ്ട്, അടുത്ത സ്റ്റേഷനിൽ ഇറങ്ങി നഗരത്തിലെ ഒരു ഹോട്ടലിൽ മുറിയെടുത്ത് പെൺകുട്ടിയുമായി അന്തിയുറങ്ങുകയാണ് ചെയ്തത്. നമ്മുടെ നാട്ടിൽ അത്രയൊന്നും നടക്കില്ലെങ്കിലും യാത്രകഴിയുമ്പോൾ കക്ഷി നല്ലൊരു സുഹൃത്തായി തീരും എന്ന കാര്യം തീർച്ചയാണ്. പിന്നെ മൊബൈൽ നമ്പർ ചോദിക്കാതിരിക്കില്ല, സ്വന്തം നമ്പർ തരാതിരിക്കില്ല….സിദ്ധാർത്ഥ ശങ്കർ തന്റെ സ്വപ്നങ്ങളുടെ മാധുര്യത്തിൽ ചാഞ്ഞിരുന്നുകൊണ്ട് സഹയാത്രികരെ ഒന്നുകൂടി നോക്കി.
നേരെ എതിർവശത്തെ സീറ്റിൽ ജനവാതിലിനടുത്തായി ഒരു മദ്ധ്യവയസ്കനാണ്. അൽപം നരച്ച മുടിയും അയഞ്ഞ പാൻറും വെള്ള ഷർട്ടും ധരിച്ച് ഒരു അടിമയുടെ മുഖഭാവത്തോടെ ഉറങ്ങുകയാണ്. തൊട്ടടുത്തായി അയാളുടെ ഭാര്യ ഒരു പത്രം വായിച്ചുകൊണ്ട് ഇരിക്കുന്നു. ഇരുനിറത്തിൽ ഇത്തിരി തടിച്ച്, കഴുത്തിൽ അവിടവിടെ പാലുണ്ണിയുമായി ഒരു സ്ത്രി. കനമുള്ള ഒരു സ്വർണ്ണച്ചെയിനും താലിമാലയും ധരിച്ചിട്ടുണ്ട്. കണ്ടാൽ ഒരു ഹെഡ്മിസ്ട്രസിന്റെ മുഖഛായ. കണ്ണുകൾ പരസ്പരം ഇടഞ്ഞപ്പോൾ അവർ അയാളെ രൂക്ഷമായി ഒന്നുനോക്കി. ഒരു ഞെട്ടലോടെ സിദ്ധാർത്ഥ ശങ്കർ മുഖം കുനിച്ചിരുന്നു.
അവർക്കടുത്തായി സാമാന്യം സൗന്ദര്യമുള്ള ഒരു യുവതിയാണ്. ഇളം നിറങ്ങൾ കൂടിക്കുഴഞ്ഞ കോട്ടൺ സാരിയാണ് വേഷം. വിദ്യാഭ്യാസം കഴിഞ്ഞു എന്നുതോന്നും. പി.എസ്.സി ചോദ്യോത്തരങ്ങൾ എന്ന് പേരുള്ള തടിച്ച ഒരു പുസ്തകം കൈയിൽ പിടിച്ച് പുറത്തേക്ക് നോക്കിയിരിക്കുകയാണ്. എതെങ്കിലും പി.എസ്.സി ടെസ്റ്റ് എഴുതാൻ പോകുകയാവാം. കോഴിക്കോട്ടേയ്ക്കാണെങ്കിൽ തനിക്കവിടെ ഇഷ്ടംപോലെ പരിചയമുള്ള കാര്യം ആ കുട്ടിക്ക് അറിയുമോ ആവോ. എന്ത് സഹായം വേണമെങ്കിലും ചെയ്ത് കൊടുക്കാമായിരുന്നു. കണ്ടപ്പോൾതന്നെ ഉള്ളിൽ ഒരു പരിചയഭാവം തോന്നി. മുമ്പ് എവിടെയോവെച്ച് കണ്ടിട്ടുള്ളത് പോലെ.
യുവതിയിപ്പോൾ കൈയിലെ പുസ്തകം ശ്രദ്ധിച്ച് വായിക്കുകയാണ്. ഒരു നിമിഷം അവളുടെ കൈയിലെ പുസ്തകം തന്റെ കഥാസമാഹാരം ആയിരുന്നുവെങ്കിൽ എന്ന് അയാൾ ആശിച്ചുപോയി. താനിനിയും ഇതുവരെ ഒരു പുസ്തകം പുറത്തിറക്കിയിട്ടില്ല. കോഴിക്കോട്ടേക്കുള്ള യാത്രയിൽ ചെറുപ്പക്കാരനായ ആ പ്രസാധകനെ കണ്ട് ഒന്ന് സംസാരിക്കണം. അച്ചടി ചിലവുകൾ വഹിക്കുകയാണെങ്കിൽ അദ്ദേഹം പരിഗണിക്കുമായിരിക്കും.
അമ്മയുടെ ഒരകന്ന ബന്ധത്തിലുള്ള ശിവശങ്കരേട്ടൻ എന്ന വിവാഹ ദല്ലാളിന്റെ മുഖഛായയുള്ള, ചന്ദ്രശേഖരൻ തെക്കേപ്പാട്ട് എന്ന യുവനിരൂപകൻ ഒരു അവതാരികയോ പഠനമോ എഴുതിത്തരാം എന്ന് കഴിഞ്ഞയാഴ്ച വൈലോപ്പിള്ളി സ്മാരക മന്ദിരത്തിൽ വെച്ച് നടന്ന ചെറുകഥാ ക്യാമ്പിനിടെ പറഞ്ഞിരുന്നു. അതൊരാശ്വാസമായി. ഇനി അവതാരികയ്ക്കും മറ്റും ഓടി നടക്കേണ്ടല്ലോ. ആദ്യ പുസ്തകമായതിനാൽ നല്ല ക്വാളിറ്റി പ്രൊഡക്ഷൻ ആയിരിക്കണമെന്ന് നിരൂപകൻ പറയുകയും ചെയ്തു. ഇപ്പോൾ ചില പുസ്തകങ്ങൾ കണ്ടാൽ കൈകൊണ്ട് തൊടാൻ തോന്നില്ലത്രെ. അതിന് ഇംഗ്ലീഷ് പുസ്തകങ്ങളെ കണ്ട് പഠിക്കണം. പുസ്തകങ്ങളുടെ മുഖചിത്രമായി എഴുത്തുകാരുടെ ഫോട്ടോ കൊടുക്കാമെങ്കിൽ ബാക്ക് കവറിൽ അവതാരിക എഴുതുന്ന ആളുടെ ചെറിയ ഫോട്ടോയെങ്കിലും കൊടുക്കേണ്ടതാണെന്ന് അയാൾ പകുതി കാര്യമായും പകുതി തമാശയായും പറഞ്ഞു. ഫോട്ടോ വേണമെങ്കിൽ കൊടുക്കാം. ഒരുഗ്രൻ അവതാരിക എഴുതിക്കിട്ടണം. അതിൽനിന്ന് നാല് വരിയെടുത്ത് ബാക്ക് കവറിൽ കൊടുക്കാനുള്ളതാണ്.
അതിനിടയിൽ കഴിഞ്ഞ ഞായറാഴ്ച ടി.വിയിൽ വന്ന അഭിമുഖത്തിൽ കോഴിക്കോട്ടുകാരനായ ആ ചെറുകഥാ കൃത്ത് പുതിയ എഴുത്തുകാരെക്കുറിച്ച് പറഞ്ഞതുകേട്ട് കലി വന്ന കാര്യം അയാൾ ഓർത്തു പി. കുഞ്ഞിരാമൻ നായർ കഴിഞ്ഞാൽ കേരളത്തിൽ കൂടുതൽ ആരാധികമാർ തനിക്കാണെന്ന, സദസ്സുകളിൽ കള്ളുകുടിച്ച് ചർദ്ദിക്കുന്ന ആ കോളജ് ലക്ചറർ കഥാകൃത്തിന്റെ അഭിമുഖം സത്യം പറഞ്ഞാൽ ഒരു തോന്നിവാസമായിരുന്നു. അതിന് മുമ്പിലെ ആഴ്ചത്തെ ചാനൽ അഭിമുഖത്തിൽ എറണാകുളത്തുകാരനായ ഒരു കഥാകൃത്തായിരുന്നു. തന്റെ സൃഷ്ടികൾ മാത്രമാണ് മികച്ചത് എന്ന് പറയാതെ പറയുന്ന എഴുത്തുകാരൻ. സമുദ്രം പോലെ ഇളകിമറിയുന്ന തന്റെ ഭാവനയിൽ മനുഷ്യനെക്കുറിച്ചാണ് ആകുലതയെന്നാണ് അയാൾ പറഞ്ഞത്.
താനിതുവരെ പതിനാല് കഥകളേ എഴുതിയിട്ടുള്ളു. ആദ്യത്തെ അഞ്ചാറെണ്ണം പ്രാദേശിക പ്രസിദ്ധീകരണങ്ങളിൽ വന്നതാണ്. തുടക്കകാലത്ത്. അവ ഒഴിവാക്കി പുതിയ രണ്ടുമൂന്നെണ്ണം ചേർത്ത് ഒരു പുസ്തകമാക്കണം. പേര് പണ്ടേ കണ്ടുവെച്ചിട്ടുണ്ട്. ‘പൂ ചൂടുന്ന പ്രതീക്ഷകൾ’. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന കഥയുടെ പേരാണത്. ഒരുപാടാളുകൾ പ്രശംസിച്ച കഥ. അന്ന് മെസേജുകൾകൊണ്ട് വാട്സ് ആപ്പ് നിറഞ്ഞു കവിഞ്ഞു. ഫേസ് ബുക്കിൽ ആയിരത്തിലധികം ലൈക്കും കിട്ടി. സാഹിത്യ വാരഫലം എഴുതിയിരുന്ന കൃഷ്ണൻ നായരുടെ മരണം ഒരു നഷ്ടം തന്നെ. അദ്ദേഹം ഇന്നുണ്ടായിരുന്നുവെങ്കിൽ ആ കഥയെക്കുറിച്ച് എഴുതാതിരിക്കില്ല. ആ കഥയെക്കുറിച്ചോർത്തപ്പോൾ തന്റെ കൂടെ കോളജിൽ പഠിച്ചിരുന്ന സുഷമയെ ഓർമ്മ വന്നു. സിദ്ധാർത്ഥ ശങ്കറിന്റെ നെഞ്ചിൽനിന്ന് അറിയാതെ ഒരു നെടുവീർപ്പുയർന്നു.
ഒരു നിമിഷം ഓർമ്മകളിൽ നിന്ന് മോചിതനായെങ്കിലും സിദ്ധാർത്ഥ ശങ്കറിന്റെ മനസ്സ് വീണ്ടും ഓർമ്മകളിലേക്ക് തന്നെ വീണുപോയി. പണ്ട് കോളജിൽ പഠിച്ചുമറന്ന ഒരു പാഠ ഭാഗമാണ് ഇത്തവണ ചിന്തകളിലേക്ക് തെന്നിവന്നത്. പ്രിഡിഗ്രിക്കോ മറ്റോ പഠിച്ചതാണ്. എ.ജി. ഗാർഡ്നർ എന്ന വിഖ്യാത ഇംഗ്ലീഷ് എഴുത്തുകാരന്റെ അനുഭവം- “കൺവർസേഷൻ വിത്ത് എ റീഡർ.” അതേക്കുറിച്ച് ആലോചിച്ചപ്പോൾ സിദ്ധാർത്ഥ ശങ്കറിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. എഴുത്തുകാരൻ തന്നെപ്പോലെ ട്രെയിനിൽ യാത്രചെയ്യുന്നു. ഗാർഡ്നർ നോക്കുമ്പോൾ സീറ്റിന് മുന്നിലിരിക്കുന്നയാൾ അദ്ദേഹത്തിന്റെ ഒരു പുസ്തകം വായിക്കുകയാണ്. താൻ ആരാണെന്ന് വെളിപ്പെടുത്താതെ എഴുത്തുകാരൻ വായനക്കാരനുമായി സംഭാഷണത്തിൽ ഏർപ്പെടുന്നു. പിന്നീട് ആ സംഭവം ഒരു ലേഖനമായി എഴുതുകയായിരുന്നു. അങ്ങിനെയാണ് പാശ്ചാത്യ നിരൂപകൾ പുകഴ്ത്തിയ ‘കൺവർസേഷൻ വിത്ത് എ റീഡർ’ എന്ന ലേഖനം പിറന്നുവീണത്.
തനിക്കും അങ്ങിനെയൊന്ന് എഴുതാനാവുമോ….? സിദ്ധാർത്ഥ ശങ്കർ ഓർത്തു. ആരെങ്കിലും പരിചയപ്പെടാൻ വന്നാൽ സ്വന്തം പേര് വെളിപ്പെടുത്താതെ ആധുനിക ചെറുകഥയെക്കുറിച്ചും പുതിയ കഥകളിലെ ആധുനികോത്തര പ്രവണതകളെക്കുറിച്ചുമൊക്കെ സംസാരിക്കാം. വായനക്കാർക്കിടയിൽ താൻ എത്രമാത്രം സുപരിചിതനാണെന്നും, മലയാള സാഹിത്യത്തിൽ തന്റെ കഥകളുടെ സ്ഥാനം എവിടെയാണെന്നുമൊക്കെ അറിയുകയും ചെയ്യാം. ഈ അനുഭവം വെച്ച് ഒരു ലേഖനമെഴുതാം. വേണമെങ്കിൽ ഒരു ചെറുകഥതന്നെ എഴുതാം.
തൊട്ട് ഇടതുവശത്തിരിക്കുന്ന മറ്റ് രണ്ട് യാത്രക്കാർ സർക്കാർ ഉദ്യോഗസ്ഥരാണ്. കോട്ടയത്തോ മറ്റോ ഇറങ്ങേണ്ടവർ. ശമ്പള പരിഷ്കരണത്തെക്കുറിച്ചും ഡി.എ വർദ്ധനയെക്കുറിച്ചുമൊക്കെയാണ് സംസാരം. അക്കങ്ങളുടെ ഭാഷയിലാണ് വാദപ്രതിവാദങ്ങൾ. എതെങ്കിലും ഒരു സാഹിത്യകൃതി അവർ ഇക്കണ്ട ജീവിതകാലത്തിനിടയിൽ വായിച്ചതിന്റെ ലക്ഷണമില്ല.
സിദ്ധാർത്ഥ ശങ്കർ വീണ്ടും ഒരു ചെറിയ പ്രതീക്ഷയോടെ മുന്നിലിരിക്കുന്ന യുവതിയുടെ മുഖത്തേക്ക് നോക്കി. അവിടെ ഒരു പരിചയഭാവം നാമ്പിടുന്നുണ്ടോ…? സിദ്ധാർത്ഥ ശങ്കറിന് അത്ഭുതമായി. അയാളുടെ ഹൃദയം അൽപം വേഗത്തിൽ മിടിക്കാൻ തുടങ്ങി. അങ്ങോട്ടുകയറി പരിചയപ്പെട്ടാലോ? വേണ്ട. ഒരു മാന്യനാണെന്ന ഇമേജ് നഷ്ടമാവും. എന്തുചെയ്യണമെന്നറിയാതെ അയാൾ ഇത്തിരിനേരം പുറത്തേക്ക് നോക്കി ആലോചിച്ചിരുന്നു.
ഇങ്ങോട്ട് പരിചയപ്പെടാൻ വന്നാൽതന്നെ തന്റെ ശരിയായ പേര് വെളിപ്പെടുത്തണമോ…? എ.ജി. ഗാർഡ്നറെപ്പോലെ കള്ളപ്പേരിൽ പരിചയപ്പെട്ട് ഒരു കഥയ്ക്ക് കൂടിയുള്ള ആശയം രൂപപ്പെടുത്തിയാലോ? അയാൾക്കുള്ളിൽ ആശയക്കുഴപ്പങ്ങൾ പലതായി ഉയർന്നുവന്നു. യുവതി പതുക്കെ ഒന്ന് മന്ദഹസിച്ചുവോ….? അതോ തോന്നലോ? പെട്ടെന്ന് അയാളെ ഞെട്ടിച്ചുകൊണ്ട് അവൾ ചോദിച്ചു. സിദ്ധാർത്ഥ ശങ്കർ എന്നല്ലേ പേര്? എന്തുപറയണം എന്നറിയാതെ അയാൾ ഒരു നിമിഷം കുഴങ്ങി. എ.ജി. ഗാർഡ്നർ അയാളെ വീണ്ടും ആവേശിച്ചു. പെട്ടെന്നയാൾ പറഞ്ഞു. ‘അല്ല. ഞാൻ സുരേഷ് കുമാറാണ്’. പിന്നീട് എവിടെനിന്നോ കിട്ടിയ ധൈര്യം സംഭരിച്ചുകൊണ്ട് അയാൾ ചോദിച്ചു. എന്താ ചോദിച്ചത്.?
‘സോറി. ആളുതെറ്റിയതാണ്’, അവൾ പറഞ്ഞു. എൻ്റെ കൂടെ ഐരാണിമുട്ടം സ്കൂളിൽ താങ്കളുടെ ഛായയുള്ള ഒരു സിദ്ധാർത്ഥ ശങ്കർ പഠിച്ചിരുന്നു. അതാവുമെന്ന് തോന്നി. സോറി. യുവതി വീണ്ടും പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തി.
പെട്ടെന്ന് അയാളുടെ ഉള്ളിലേക്ക് ഐരാണിമുട്ടം സ്കൂളും അതിനുമുന്നിലെ വലിയ മാവും മുടി മുഴുവൻ നരച്ച പത്മാവതി ടീച്ചറും കടന്നുവന്നു. കൂടെ ബെഞ്ചിന്റെ ഒരറ്റത്ത് മാത്രം ഇരിക്കുന്ന, ഇല്ലായ്മയുടെ മുഖഛായയുള്ള അനിതയും. ഇപ്പോൾ തന്റെ മുന്നിലിരിക്കുന്ന യുവതിയുടെ അതേ മുഖഛായയുള്ള അനിത…!.
കവർ ഡിസൈൻ : മനു
വര : രാധാകൃഷ്ണൻ തിരൂർ (കഥാകൃത്ത്)