പൂമുഖം നോവൽ പത്ത് പെൺമരണങ്ങൾ, അതിലൊന്ന് ഒരാണും!

പത്ത് പെൺമരണങ്ങൾ, അതിലൊന്ന് ഒരാണും!

ഇതൾ 4

“എന്ന മാതിരി കൂന്തൽ, എന്നാ ഒര് സിരിപ്പ്… എവളവ് അഴക്…

ചിന്നയ്യാ കൊടുത്തുവച്ചോര് !”

അന്നുവരെയുള്ള ജീവിതത്തിൽ “വാദ്ധ്യാരോടെ പെരിയ പൊണ്ണ്”, ” പഠിച്ച പൊണ്ണ്” എന്നതിലൊക്കെയായിരുന്നു ഞാൻ അഭിമാനിച്ചിരുന്നത്. ഇവിടെ, മരുമകളായ് ഞാൻ വന്നുകയറിയ ഈ കുടുംബത്തിൽ എന്റെ സൗന്ദര്യം,മുടിയഴക്, അവയൊക്കെ എന്റെ പുരുഷന്റെ സൗഭാഗ്യങ്ങളെന്ന് വാഴ്ത്തപ്പെടുമ്പോൾ, എനിക്ക് ഞാനൊരു സുന്ദരിയായ സ്ത്രീയെന്ന നിലയിൽ അഭിമാനം തോന്നി.

“ഏയ് അമുദം..

എന്ന യോസിക്കിറേൻ?

“ഉം… എതുവുമിലൈയ്… ശൊല്ലുങ്കോ…

ഒണ്ണ് കേക്കട്ടുമാ? ഏൻ അപ്പാക്കിട്ടെയും, പെരിയണ്ണാക്കിട്ടെയും നാൻ ന്നാ തിരുമണത്ത്ക്ക് ഓക്കെ ണ്ട്ര് സൊന്നോം? നാൻ ഉൺകിട്ടെയ് ഒരു വാട്ടികൂടി അന്തമാതിരി പഴകിനത് കിടയാതേ… അപ്രം ഏൻ മ്മാ?

നാൻ ഒത്ത്ക്കാമ ഇര്ന്ത്ന്നാ… എന്ന പൺട്രിയിരുപ്പോം ?

നോക്ക് തെരിയാത്! അന്തനേരം അപ്പിടി സൊല്ലത്ക്ക് താൻ തോൺട്രിനോം… ഏൻട്ര് തെരിയാത്…

പെരിയണ്ണാമാതിരി, പെരിയോരെ മാതിരിയെല്ലാം നാൻ പെരിയ ദൊരൈയ് കടയാത്. ചിന്നതാ ഒരു വേലയിരുക്ക്.. അതിലെ കിടയ്ക്കിറത് താൻ നമ്മോടെ വരുമാനം. ഒരു വേളെയ് പെരിയണ്ണാ അണ്ണി രൊംഭ അഴകാന, ജാസ്തിയാന പൊരുൾകളെല്ലാം വാങ്കുവോം.. അതെയ് പാത്ത് നമ്മോ ആസൈയ്പ്പെടക്കൂടാത്.എങ്കിട്ടൈ ഇരിക്ക്രതെല്ലാമേ ഉന്നോടത് താൻ… ആനാ….. മത്തവങ്കളോടെ ഏതും നമ്മോടത് കിടയാത്….. ഏത് …

നാൻ സൊൽകിറത് പുരിഞ്ചിതാ? തപ്പാ എടുത്ത്ക്കാതെയ്മ്മാ…

” ഉം…. നോക്ക് പുരികിറത്! കവലപ്പെടവേണ്ടാം…”

ഒരു പുരുഷനും സ്ത്രീയും സമൂഹത്തിന്റെ പിന്തുണയോടെ ഒരു കുടുംബജീവിതം തുടങ്ങുകയാണ്. എന്തെന്ത് സ്വപ്നങ്ങളെന്നോ… എത്ര സന്തോഷമെന്നോ… പരസ്പരം മനസ്സിലാക്കുക, കുറ്റങ്ങളെയും, കുറവുകളെയും, നന്മകളെയും അംഗീകരിക്കുക, ഉൾക്കൊള്ളുക, പരസ്പരം വഞ്ചിക്കാതെ സ്നേഹിക്കുക..

ധാരാളം മതി. ഒരു നല്ല കുടുംബ ജീവിതത്തിന്. അപ്പായും അമ്മയും ജീവിതംകൊണ്ട് കാട്ടിത്തന്നത്.അതുതന്നെയായിരുന്നു എന്റെയും വഴി….

എന്റെ പുരുഷൻ! എല്ലാ അർത്ഥത്തിലും എന്റേത് മാത്രമായിരുന്നു. അപ്പായെയും പെരിയണ്ണായെയും ബഹുമാനിക്കുന്ന, അമ്മയ്ക്ക് കരുതലും സ്നേഹവും നൽകുന്ന, ഇളയ സഹോദരങ്ങളെ സ്നേഹിക്കുന്ന, ഭാര്യയെ അംഗീകരിക്കുന്ന പുരുഷൻ.

എന്റെ ജീവിതം തട്ടും തടയുമില്ലാതെ ആ കൂട്ടുകുടുംബത്തിൽ സ്വച്ഛം ഒഴുകാൻ തുടങ്ങി.

പക്ഷേ……… നമ്മൾ എന്ന ഒരു ചെറു വഴി മാത്രമല്ലല്ലോ…. എത്രയോ വഴികളാണ് നമ്മുടെ മുകളിൽക്കൂടി കയറിയിറങ്ങുന്നത്.

നമ്മളുടെ ആ ചെറുവഴി മാഞ്ഞ് പോവുകയാണ്…. മായ്ക്കപ്പെടുകയാണ്. മറ്റാരൊക്കെയോ നമ്മളിലൂടെ പുതുവഴികൾ വെട്ടുകയാണ്. നാം പോലും അറിയാതെ

നമ്മൾ വഴിയില്ലാത്തവരാകുകയാണ്!

കുടുംബത്തിൽ പുറംപണിക്ക് മൂപ്പത്തികളാണ് അധികവും. അവർ അത്തയോട് അവരുടെ ഭാഷയ്ക്കൊപ്പം മലയാളവും തമിഴും കൂട്ടിക്കലർത്തി സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമാണ്. ഞാനവർക്ക് ചിന്നണ്ണായുടെ ഭാര്യയാണ് ചിന്നണ്ണി.

പെരിയണ്ണായുടെ ഭാര്യ സാവിത്രി മുറിക്ക് പുറത്ത് അധികം ഇറങ്ങാറില്ല. അവൾക്ക് വേണ്ടതൊക്കെയും ആ മുറിയിൽ ഒരുക്കിയിട്ടുണ്ട്. അവളെ നന്നായ് പരിചരിക്കാൻ അവൾക്കൊപ്പം നാട്ടിൽ നിന്ന് ഒരു ജോലിക്കാരിയുംകൂടി വന്നിട്ടുണ്ട്.

മാളികയുടെ പിന്നാമ്പുറത്തെ വിശാലമായ തൊടിയുടെ ഒരു ഭാഗത്താണ് മലവിസർജ്ജനം നടത്താനുള്ള കെട്ടിമറ. മലം നിറയുമ്പോൾ എടുത്തുമാറ്റാൻ “തോട്ടികൾ” വരും. സാവിത്രിക്ക് എല്ലാത്തരം മാലിന്യങ്ങളും അറപ്പാണ്. മലമൂത്രവിസർജ്ജനം ചെയ്തശേഷം അവൾ സ്വയം തന്റെ ശരീരം വൃത്തിയാക്കുകയില്ല, പകരം നാട്ടിൽ നിന്നും കൂട്ടിക്കൊണ്ട് വന്ന കനകം എന്ന് പേരുള്ള അവളുടെ ആശ്രിതയാണ് അവൾക്ക് ശരീരം വൃത്തിയാക്കിക്കൊടുക്കുന്നത്.കുടുംബത്തിലെ ജോലിക്കാർക്കിടയിൽ അതൊരു ചർച്ചയായി.

ജോലിക്കാരുടെയോ, യജമാനത്തിയുടെയോ രണ്ടിടത്തും ഇടമില്ലാത്ത ഒരുവളായ് അവളാവലിയ വീടിന്റെ ഒഴിഞ്ഞ കോണിൽ കാൽമുട്ടുകളിൽ മുഖം പൂഴ്ത്തിയിരുന്നിരുന്നു.

സാവിത്രി വീട്ടിലും പരിസരത്തും എവിടെയുണ്ടെന്നറിയിച്ച് ‘കനകം കനകം’ എന്ന വിളിയൊച്ച ഇടയ്ക്കിടെ വീടിന്റെ പല കോണിൽ നിന്നും ഉയരുക പതിവായി.ആ വിളിയൊച്ചക്ക് പിന്നാലെ ഓടിച്ചെല്ലുന്ന മെലിഞ്ഞ് കറുത്ത പതിമൂന്ന്കാരിയായ ആ പെണ്‍കുട്ടിയും.

പിന്നാലെ ഉയരുന്ന ജോലിക്കാരിപ്പെണ്ണുങ്ങളുടെ അടക്കിയ ചിരിയൊച്ചകളും എന്റെ ഇടനേരങ്ങളെ അസ്വസ്ഥതപ്പെടുത്താൻ തുടങ്ങിയിരുന്നു.

മെല്ലെമെല്ലെ എന്നിലേക്ക് വീഴുന്ന അവളുടെ നനുത്ത പുഞ്ചിരിയിൽ, ഒരു പൂച്ചക്കുഞ്ഞിന് അതിനെ ഉപദ്രവിക്കില്ലെന്ന ഉറപ്പിൽനിന്നും രൂപപ്പെടുന്നതായ സ്നേഹമെന്നോ വിശ്വാസമെന്നോ നന്ദിയെന്നോ ഒക്കെയും വേർതിരിച്ചുപറയാനാവാത്ത അർത്ഥങ്ങളുമടങ്ങിയിരുന്നു!


ചില മരണങ്ങൾ ആരിലും യാതൊന്നും അവശേഷിപ്പിക്കാതെ കടന്നുപോകും. ഇവിടെ കേവലം പതിനേഴ് വയസ്സ് മാത്രം പ്രായമുള്ളൊരു പെൺകുട്ടി അഗ്നിയെ ആലിംഗനം ചെയ്ത് കെട്ടുപോയിരിക്കുന്നു. എന്തിന്? ആരുമാരും എന്തേ അതിൽ ഒന്നുമേ സംസാരിക്കാതെ മറ്റു കാര്യങ്ങളിൽ മുഴുകുന്നു?

പുറപ്പെട്ടുപോകുമ്പോൾ അവൾ ഉരുവിട്ട പ്രാർത്ഥന എവിടെയൊക്കെയാണ് തട്ടി പ്രതിധ്വനിക്കുന്നത്? കുപ്പയിൽ ഉപേക്ഷിക്കപ്പെട്ട ആ കാമാക്ഷിവിളക്കിൽ ആരേയുമറിയിക്കാതെ ഒരു തീനാളം കത്തി നിൽക്കുന്നത് ഏതേതു ജന്മങ്ങളിലേക്കാണ് പടരുന്നത്? ശങ്കരി; നീ തന്നെ പറയൂ, പൊള്ളിയടരുവാനായ് ആരാണിനി…..!


കണ്ണെത്താദൂരത്ത് പരന്നുകിടക്കുന്ന നെൽവയലുകളും വാഴത്തോപ്പുകളും, അവിടവിടെ കള്ളിമുൾച്ചെടികളും.

“ഇവിടെ എവിടെയോ ആണ്, എനിക്കുറപ്പുണ്ട്.”

“ഉവ്വുവ്വ്! നിന്റെ വാക്കും വിശ്വസിച്ച് യാത്രക്കിറങ്ങിയ എന്റെ ബുദ്ധിയെ പറഞ്ഞാൽ മതി. വഴി ചോദിക്കാൻ ഒരു മനുഷ്യക്കുഞ്ഞ് പോലുമില്ല”

” മനുഷ്യക്കുഞ്ഞൊക്കെ വരും. എന്റെ അമ്മൻ കൊണ്ടുവരും, ധൃതി കൂട്ടാതെ നിൽക്കു ഭർത്താവേ… ഈ പ്രകൃതിഭംഗിയൊക്കെ ഒന്നാസ്വദിച്ചാട്ടെ. ഒന്നൂല്ലേലും ഇത് നമ്മുടെ ഹണിമൂൺട്രിപ്പല്ലേ”

” നോക്ക് ലച്ചൂ ഒരു വയസായ പുള്ളിക്കാരി വരുന്നു നമ്മൾക്ക് അവരോട് ചോദിക്കാം”

” എവിടെ?, ഓ ഞാൻ കണ്ടു. ‘വയസായപുള്ളിക്കാരി’ അങ്ങനൊന്നും പറയരുത്. പാട്ടീ ന്ന് വിളിക്കണം.

നല്ല രസമുണ്ടല്ലേ കാണാൻ? ഇവിടെവല്ലതും ആയിരുന്നെങ്കിൽ ഞാനും ഇതുപോലെ ചേലയൊക്കെ ഉടുത്ത് , കയ്യിൽ മുഴുവൻ പച്ചകുത്തി ഈ നെൽവയലുകൾക്കിടയിലൂടെ…”

“അയ്യോ മതിയേ.. സ്വപ്നം കാണൽ നിർത്തി പാണ്ടിക്കാരി അവരോട് വഴി തിരക്കൂ”

” പാണ്ടിക്കാരി പാണ്ടി ദേശത്തുള്ളോരാണ്. ഞാനേ നല്ല തിരുനെൽവേലിക്കാരിയാണ്… കേട്ടോ..

ബാക്കി പിന്നെപ്പറയാമേ.. ഇപ്പോൾ വഴി തിരക്കട്ടെ”

” പാട്ടീ കൊഞ്ചം നില്ലെ, ഒരു ഉതൈവി തേവപ്പെടുത്”

“എന്നാത്താ; എന്ന ഉതൈവി? ഇന്ത കിഴവിക്കിട്ടേന്ത്? ശൊല്ലാത്താ”

പാട്ടി, ഇങ്കെ പക്കത്തിലെ ഒരു കോവിലിരുക്കാ? അമ്മനോടത്? നെറയെ കണ്ണാടിവളയലും, മഞ്ചളും, കുങ്കുമവും പോട്ട് ഒരമ്മൻ ?”

അടടാ.. ഇര്ക്കിതേ.. അമ്മാവെ പാക്കപ്പോറയാ…

അങ്കൈയ് പാര്, ആ കിടക്കിറ വയൽ പക്കത്തിലെ ചിന്നതാ ഒരു വീഥിയിരുക്ക്, അത് മുടിയത് അമ്മാവോടെ കോവിൽ വാസല്…

പോയി കുമ്പിട് തായേ.. മഹാരാസിയാ വാഴ്”

കിലുകിലെ വർത്തമാനം പറഞ്ഞും, അവന്റെ കയ്യോട് തന്റെ കൈകോർത്തും ഉല്ലാസത്തോടെ കടന്നുപോകുന്ന ആ പെൺകുട്ടി….?


വര : പ്രസാദ് കാനത്തുങ്കൽ

കവർ : സി പി ജോൺസൺ

Comments
Print Friendly, PDF & Email

You may also like