പൂമുഖം LITERATUREകഥ വെറോണിക്കയുടെ വീഞ്ഞ്

വെറോണിക്കയുടെ വീഞ്ഞ്


“എന്നോടൊപ്പം പോരുന്നോ പെണ്ണേ നീ മലമുകളിലേക്ക്?” എന്ന് സായിപ്പ് ഇംഗ്ലീഷിൽ ചോദിച്ചപ്പോൾ വെപ്പുകാരി വെറോണിക്കയുടെ കവിളു രണ്ടും ചുകന്നുകാണുമെന്നും അവൾ, കാൽവിരൽ കൊണ്ടൊരു ലൗസിംബൽ നിലത്തു വരച്ചിരിക്കാമെന്നും നമ്മൾ ചിന്തിക്കും. സത്യമാണ്. വെറോണിക്കയുടെ കവിളു തുടുക്കുകയും, ചുണ്ടിൻ്റെ തിളക്കം കൂടുകയും, കൈകൾ കൂട്ടിപ്പിടിച്ചു തലതാഴ്ത്തി കാൽവിരൽ കൊണ്ടവൾ വൃത്തം വരയ്ക്കുകയും ചെയ്തു. പക്ഷേ മനസ്സിൽ അവൾ കണക്കുകൂട്ടിയതെന്തെന്ന് അന്നു സ്‌കറിയക്കു മാത്രമേ അറിയുമായിരുന്നുള്ളൂ.

ആഴ്ച്ചപ്പതിപ്പിലെ തുടരനെപ്പോലെ, തുടർന്നു വായിക്കുവാൻ ഇത്തിരി പുരാണം അറിയണം. അതു ദാ താഴെയുണ്ട്. വായിക്കാം.

കഥ ഇതുവരെ.

കരിമ്പിൻതണ്ടുപോൽ മധുരിക്കുന്ന പതിനേഴാം പിറന്നാളിനാണ് വെറോണിക്ക സ്‌കറിയയുടെ മണവാട്ടിയായി കുരിശുംകുന്നത്തു വീട്ടിൽ ചെന്നുകേറിയത്. അന്നേരം സ്‌കറിയക്കു പ്രായം, തുടിക്കുന്ന ഇരുപത്തൊന്ന്! കുരിശുംകുന്നത്ത് എന്ന വീട്ടുപേരുകേട്ട് വലിയ തറവാടാണ് എന്നൊന്നും കരുതണ്ട. മൂന്നു നേരം ചോറുതിന്നാൻ പാകത്തിനു വരുമാനമില്ലാത്ത വീട്. ഓടും ഓലയും കൊണ്ടു മേഞ്ഞെടുത്ത ആ വീട്ടിൽ ഏട്ടംഗങ്ങൾ. അപ്പനും, അമ്മച്ചിയും, കെട്ടിക്കാത്ത ചേടത്തിയും കെട്ടിച്ചിട്ടും കെട്ടുംപൊട്ടിച്ചുപോന്ന ഇളയ പെങ്ങളും അവളുടെ കൊച്ചും, ശ്വാസം വലിച്ചു നെഞ്ചത്തോട്ടുകേറ്റാൻ ഒരു സഹായിയെ കൊടുത്താലോ എന്ന് കണ്ടു നിൽക്കുന്നവർ മനസ്സാ ചിന്തിച്ചുപോകുന്ന ഒരു വലിയമ്മച്ചിയും ഒക്കെച്ചേർന്ന് കന്നാലിക്കൂടു പോലൊരു വീട്. അതുകൊണ്ടുതന്നെ സ്‌കറിയായും പെണ്ണും ഏഴരവെളുപ്പിനുണർന്നു പള്ളീടെ മഠത്തിൽ ചെല്ലും.അവടെ കന്നാലിയെ കുളിപ്പിച്ചും, കറന്നും, ചാണകംകോരിയും, പാതാളക്കിണറിൽ നിന്നും വെള്ളം വലിച്ചുകയറ്റി കന്യാസ്ത്രീ അമ്മമാർക്ക് കുളിക്കാൻ അനത്തിക്കൊടുത്തും കഴിയുമ്പോ ചട്ടേൽ പറ്റിയ ചാണകം ലൈഫ്ബോയിക്കട്ടകൊണ്ട് ഒന്ന് ഒരച്ചു കഴുകി പാറപ്പുറത്ത് വിടർത്തിയിട്ട്, അതൊരു അര മുക്കാൽ ഒണങ്ങലിൽ വീണ്ടും എടുത്തുചുറ്റി, അടുപ്പിൻചോട്ടിലേക്കു കേറും വെറോണിക്ക. അവൾ കൊന്ത ജപച്ചില്ല, കർത്താവേ എന്ന് നീട്ടിവിളിച്ചില്ല, ഒരു അച്ചനു മുന്നിലും കുമ്പസാരിച്ചുമില്ല. എന്നിരുന്നാലും അവൾ സ്വപ്നം കണ്ടു. ഒരിക്കൽ മാത്രം അവൾടെ അപ്പൻ്റെയൊപ്പം ഇടുക്കിയിലെ ആൻറണിപാപ്പൻ്റെ വീട്ടിൽ കല്യാണം കൂടാൻ പോയപ്പോ കണ്ടൊരു വീടുണ്ട്. വലിയ വരാന്തയും അതിലെ ചാരുകസേരയിൽ കൈനിറയെ സ്വർണ്ണവളയും കഴുത്തിൽ വലിയൊരു സ്വർണ്ണജപമണിമാലയും കുരിശും, തോടയുമിട്ട ഒരമ്മച്ചിയുള്ള വീട്. ആ അമ്മച്ചിയായിരുന്നു ആ കുടുംബത്തിൻ്റെ കാരണവത്തി. അവരുടെ പ്രതാപം കണ്ടേപ്പിന്നെ അവൾക്ക് എന്നും ഒരു സ്വപ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഹൈറേഞ്ചിൽ ഒരു തോട്ടം, അതിലൊരു വീട്, നിറഞ്ഞ പണപ്പെട്ടി, അതിൻറെകൂടെ നെഞ്ചുറപ്പുള്ള ഒരാൺ തുണയും വേണം. അങ്ങനെ കുടിയേറ്റക്കാരൻ്റെ കൈക്കരുത്തും മെയ്ക്കരുത്തുമുള്ള ഒരാൺപിറന്നോനെ അവൾ സ്വപ്നം കണ്ടു തുടങ്ങി. പക്ഷേ വന്നു കെട്ടിയത് പശൂനെ മേയ്ക്കാനും ചാണകം വാരാനും വേണമെങ്കിൽ പ്ലാവേൽക്കേറി നാല് ചക്കയടത്താനും മാത്രം അറിയുന്ന സ്‌കറിയയെ!

അന്നും വൈകിട്ടു മഠത്തിലെ അമ്മമാർ ജപമണി ചൊല്ലുമ്പോൾ അവൾ സ്‌കറിയ ചൂണ്ടലിട്ടുപിടിച്ച കരിമീൻ കഴുകി വരഞ്ഞ്, മഞ്ഞളും മുളകും അരച്ചത് തേച്ച്പിടിപ്പിച്ച് വറുത്തുകോരാൻ തുടങ്ങുമ്പോൾ അവൾ സ്വന്തം ഗതിയോർത്ത് പതം പറഞ്ഞ് നാലുകൊള്ളിവിറക് അധികം കേറ്റി അടുപ്പിൽ തീ കൂട്ടി.

രാത്രി, വീട്ടിൽ എല്ലാ റാന്തലും അണഞ്ഞശേഷം, സ്‌കറിയയുടെ ആവേശം, ഒരു ഞരക്കം പോലുമില്ലാതെ ഏറ്റുവാങ്ങി തിരിഞ്ഞു കിടക്കുമ്പോഴും അവൾ സ്വപ്നം കണ്ടു. ഏക്കറുകണക്കിനു കാടു വെട്ടിത്തളിച്ചു കാപ്പിയും ഏലവും നട്ടുപിടിപ്പിച്ചു, കാട്ടാനയെ പടക്കം പൊട്ടിച്ച് ഓടിച്ച്, കാട്ടുപന്നിയേയും മ്ലാവിനേയും വെടിവച്ചു വീഴ്ത്തി, അത് ഉണക്കി, ക്രിസ്മസ് രാത്രിയിൽ ചുവന്ന വീഞ്ഞിനൊപ്പം നൊട്ടി നുണയുന്ന ദിവസം! അത്രയുമാകുമ്പോൾ അവൾ ഉറങ്ങും.

വെറോണിക്കയുടെ സ്വപ്നങ്ങളെക്കുറിച്ച് സ്‌കറിയക്കു നന്നായി അറിയാം. കുറ്റിപ്പറമ്പേൽ ചെന്ന് പെണ്ണുകാണുമ്പോ ഒരു ചക്കരക്കുടത്തിനെ കെട്ടി കുടുബത്ത് അകത്തമ്മയായി വാഴിക്കാൻ തനിക്ക് പറ്റില്ല എന്ന് നല്ല ബോധ്യമുണ്ടായിരുന്നതുമാണ്. കൈമെയ് മറന്ന് പണിയെടുക്കുന്ന ഒരുത്തിയാവണം, പറമ്പിലും അടുക്കളയിലും നല്ലതുപോലെ പണിയണം. തനിക്ക് പിമ്പേയല്ല, വേണമെങ്കിലിത്തിരി മുമ്പേ നടന്നാലും തരക്കേടില്ല. സാമർത്ഥ്യക്കാരിയാവണം. വന്നുകേറുന്ന പെണ്ണിൻ്റെ ഉശിരാണ് ആണിൻ്റെ ഭാഗ്യം. അത് എല്ലാം ഒത്തുവന്ന പെണ്ണായിരുന്നു വെറോണിക്ക. ഒറ്റാലുകൊണ്ടു തെറ്റിപ്പിടിച്ച വലിയ വരാല് ഒന്നിനെ ചാമ്പലിലിട്ടു ഉരുട്ടിപ്പെരട്ടി വെട്ടിക്കഴുകി മുളകിട്ടുവച്ചതും, ഉണക്കക്കപ്പ അവിച്ചതും കഴിച്ച സ്‌കറിയ, അധികം താമസിയാതെ മറ്റാരും തട്ടിയെടുക്കും മുൻപ് വെറൊണിക്കയെ സ്വന്തമാക്കുകയായിരുന്നു.

ഏതായാലും കഥ മാറി. മാറിയതു പെട്ടന്നാണ്. ഒരു ദിവസം പതിവില്ലാതെ മഠത്തിൽ രണ്ടു വിരുന്നുകാർ വന്നു. ഒരു സായിപ്പ്, മെത്രാനച്ചനൊപ്പം കാറിൽ വന്നിറങ്ങുകയായിരുന്നു. അങ്ങ് കിഴക്ക് മലയിൽ ഏക്കറുകണക്കിന് തോട്ടവും, വലിയ ബംഗ്ലാവും ഉള്ള സായിപ്പ് താഴെയൊരു പള്ളിക്കൂടം പണിയാൻ കാശ് കൊടുക്കാമെന്നു അച്ചനോട് സമ്മതിച്ചത്രേ. എന്നാപ്പിനെ ആ സായിപ്പിനെ സൽക്കരിക്കാതെങ്ങനെ? അച്ചൻ സായിപ്പിനെ മഠത്തിലേക്ക് കൂട്ടി. വെറോണിക്കയുടെ കൈപ്പുണ്യം മെത്രാനച്ചൻ വരെ അറിഞ്ഞെന്ന് കൂട്ടിയാ മതി. നല്ല എരിവുള്ള കരിമീൻചാറുകൂട്ടി സായിപ്പ് ചോറു തിന്നുമ്പോൾ രണ്ടു പപ്പടം വെളിച്ചെണ്ണയിൽ മൂപ്പിച്ച് ആരോടും ചോദിക്കാതെ അങ്ങേരുടെ പ്ലേറ്റിൽ കൊണ്ടുക്കൊടുക്കുമ്പോഴാണ് സായിപ്പ് ശരിക്കും വെറോണിക്കയെ കണ്ടത്! പ്രായവും ആകാരവടിവുംകൊണ്ടു മത്തുപിടിപ്പിക്കുന്ന, കൈപ്പുണ്യം കൊണ്ട് അത്ഭുതപ്പെടുത്തുന്ന, വെറോണിക്കയോട് രണ്ടുംകല്പിച്ചാണ് സായിപ്പ് കൂടെപ്പോരുന്നോ എന്ന് ചോദിച്ചത്. അതും മെത്രാനച്ചൻ്റേയും മഠത്തിലമ്മമാരുടേയും കണ്ണുവെട്ടിച്ച്. കാര്യം വെറോണിക്കക്ക് ഇംഗ്ലീഷ് അറിയില്ലെങ്കിലും ആണിൻ്റെ ചിരിയും കണ്ണിലെ തിളക്കവും കണ്ടാൽ അത് എന്താണെന്ന് അവർക്കാരും ക്ലാസ്സെടുത്തു കൊടുക്കണ്ട. അങ്ങനെ മഠത്തിലമ്മമാരുടെ മുഖത്തെ കനമോ, പോകാൻ പറ്റുകേലെന്ന് പറഞ്ഞു കൂടായിരുന്നോ എന്ന മെത്രാനച്ചൻ്റെ പറയാതെ പറച്ചിലോ, എൻ്റെ ചെറുക്കനെ നീ കൊടുങ്കാടുകേറ്റി മലമ്പനി പിടിപ്പിച്ചു കൊല്ലാൻ തീരുമാനിച്ചോടീ എന്ന അമ്മച്ചിയുടെ അട്ടഹാസമോ അവളെ തളർത്തിയില്ല. ഒരു നൂറേക്കർ മിനിമം കിട്ടണം. അതിനുള്ള വഴി അവളെ ആരും പഠിപ്പിക്കണ്ട. എന്നിട്ട് നക്ഷത്രം പൂത്തിറങ്ങുന്ന ഒരു രാത്രിയിൽ പതുപതുപ്പുള്ള മെത്തയിൽ ചാണകം നാറാതെ, നല്ല അത്തറുമണം പൂശി, സായിപ്പിനൊപ്പം.

കഥ തുടരുന്നു.

ചിന്തയുടെ രസച്ചരടു പൊട്ടിയപ്പോൾ, മുറിയിൽ വെറോണിക്ക മാത്രം.
ചുമരിലെ ചില്ലിട്ട ഫോട്ടോയിൽ ചിരിക്കുന്ന സായിപ്പ്, തൊട്ടടുത്ത് സ്‌കറിയ. കാലം കടന്നുപോയിരിക്കുന്നു. നല്ല വെടിയിറച്ചി ഉപ്പുകൂട്ടി ഉണക്കിയത് തേങ്ങാപ്പാലൊഴിച്ച് വേവിച്ച് പറ്റിച്ചതും നല്ല ചുമന്ന മുന്തിരിവീഞ്ഞും നുണഞ്ഞിരുന്ന സായിപ്പിനോട് വെറോണിക്ക ചോദിച്ചത് വെറും നൂറേക്കർ വെട്ടിത്തെളിക്കാത്ത കാട്. എന്നാൽ വെടിയിറച്ചിയുടെ രുചി നാവിൽ ത്രസിച്ചപ്പോൾ സായിപ്പ് കൊടുത്തത് ഇരുന്നേറേക്കർ തോട്ടവും അതിന്നതിരായി ഒരു മലയും ഒരു ചുമന്നുതുടുത്ത പുത്രനും. എല്ലാമറിയുന്ന സ്‌കറിയക്ക് പരാതിയില്ല. ഇത്ര നല്ലൊരു ഓഫർ മേലനങ്ങാതെ കിട്ടിയാലെന്താ പുളിക്കുമോ? സായിപ്പ് നാടുവിട്ടപ്പോൾ സ്‌കറിയ ആ മലയ്ക്ക് സ്‌കറിയ മലയെന്നും അതിലെ വമ്പൻപാറയ്ക്ക് സ്‌കറിയ പാറയെന്നും പേരുകൊടുത്തു. നാട്ടിൽ നിന്നും കൊത്താനും കെളയ്ക്കാനും രാത്രിപാറാവിനും വന്നവർക്ക് വീടും, പിള്ളേരെ പഠിപ്പിക്കാൻ സ്‌കൂളും, ഒരു ജൗളിക്കടയും പിന്നെ പ്രാർത്ഥനയ്ക്ക് ഒരു ചാപ്പലും പണിതുകൊടുത്തു. അതോടെ ആ ചെമ്മൺ വഴിയും അതിനു ചുറ്റുമുള്ള ഓലക്കെട്ടിടങ്ങളും ചേർന്ന സ്ഥലം സ്‌കറിയാസിറ്റി എന്നറിയപ്പെടാൻ തുടങ്ങി. അക്കാലത്താണ് ഇടനാട്ടിൽ നിന്നും കേശുനായരും ഭാര്യ സാവിത്രിയും അവിടെ വന്നുപെട്ടത്. എന്നാപ്പിന്നെ ഒരു ചായക്കട തന്നെയാകട്ടെ അവിടെന്ന് കേശുനായര് തീരുമാനിച്ചു. ഈറ മേഞ്ഞ വീടും അതിനോട് ചേർന്ന് ഒരു ചായക്കടയും അങ്ങനെ സ്‌കറിയാസിറ്റിയിൽ ഇടം പിടിച്ചു. ഒരു കന്യാസ്ത്രീ അമ്മയും, അടിവാരത്തു നിന്നും വരുന്ന രണ്ടു ടീച്ചർമാരും അവിടെ സ്‌കൂളിൽ പഠിപ്പിച്ചു. അവർക്ക് ഉച്ചക്ക് ഇത്തിരി ചോറും ഒഴിക്കാനിത്തിരി മീൻചാറോ ഇറച്ചിക്കറിയോ വച്ചുകൊടുക്കാൻ തുടങ്ങിയതോടെ ചായക്കട ഹോട്ടലായി പുരോഗമിച്ചു. ഈറമേഞ്ഞ വീടുകൾ ഓടുമേഞ്ഞതായി മാറി. കാലം കടന്നു പോയി. സ്‌കറിയ മെല്ലെ സ്വന്തം ഇരട്ടക്കുഴൽ തോക്ക് വീടിൻ്റെ ഉമ്മറത്തെ ചുമരിൽ അവശേഷിപ്പിച്ച് കടന്നുപോയി.സ്‌കറിയയുടെ പുത്രൻ അപ്പനോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് സ്‌കറിയ ജൂനിയർ എന്ന പേര് വെട്ടിച്ചെറുതാക്കി അപ്പൻ്റെ പേരിൽ തന്നെ അറിയപ്പെടാൻ തുടങ്ങി. അങ്ങനെ രണ്ടാം സ്‌കറിയയുടെ നാളുകൾ ആരംഭിച്ചു.

ഒരു ഉപകഥ

അപ്പൻ സ്‌കറിയയുടെ പ്രതാപകാലത്താണ് അവിടേക്ക് ഒരു കറുത്ത അമ്പാസിഡർ കാർ ചുരം കയറിയെത്തിയത്. മലയടിവാരം നനഞ്ഞുകുളിച്ച ഒരു മഴക്കാലമായിരുന്നു അപ്പോൾ. കാറു വന്നുനിന്നത് സ്ക്കൂൾ മുറ്റത്തേയ്ക്കാണ്. കാറിൽ നിന്നും മുടി രണ്ടു വശവും പിന്നിയിട്ട് സാരിയുടുത്ത ഒരു യുവതിയും വെളുത്ത ഷർട്ടും മുണ്ടും ധരിച്ചു, ചുമലിൽ ചുട്ടിത്തോർത്തും മടക്കിയിട്ട മധ്യവയസ്ക്കനും പുറത്തിറങ്ങി. അയാൾ നേരെ ഓഫീസ് മുറിയിൽ കടന്ന് മാനേജർ സ്‌കറിയയോട് കുശുകുശുത്തു. പുറത്തുനിന്ന യുവതിയുടെ കണ്ണിലൊരു സങ്കടക്കടൽ പെയ്തൊഴിയാൻ വെമ്പുന്ന കാർമേഘം പോലെ ഘനീഭവിച്ചു കിടന്നു. അവൾ രാധിക. സ്‌കറിയയുടെ സെൻ്റ് ആൻ്റണീസ് യു പി സ്ക്കൂളിലേക്കു വന്ന പുതിയ അധ്യാപിക. ടി.ടി.സി പാസ്സായ മകൾക്ക് ഒരു അന്യമതസ്ഥനുമായി പ്രണയമുണ്ടെന്നു കണ്ടെത്തിയാൽ അഭിമാനിയായ അച്ഛൻ എന്തൊക്കെ ചെയ്യുമെന്ന് ചിന്തിച്ചാൽ, അതിൽപ്പെട്ട ഒരു ചിന്തയും ചെയ്ത്തുമാണ് രാധികയുടെ അച്ഛനും ചെയ്തത്. മകളെ ആ പ്രണയത്തിൽ നിന്നും അടർത്തിമാറ്റി അകലേക്കു മാറ്റി പാർപ്പിക്കുക. രാധികയുടെ അച്ഛൻ ഒരു സാദാ അച്ഛനായി മാത്രം ചിന്തിച്ചപ്പോൾ രാധിക അല്പം കടന്നു ചിന്തിച്ചു. കണ്ടാൽ മാന്തളിരു പോലെ നനുനനുത്തൊരു പെണ്ണായി തോന്നാമെങ്കിലും ഉള്ളിലൊരു ജ്വാല എരിയുന്നത് ആരും കണ്ടില്ല. ഒരാളൊഴികെ. ആ ആളാണ് സച്ചി മാഷ്. സച്ചിദാനന്ദൻ കളപ്പുരയിൽ എന്നാണ് മുഴുവൻ പേര്.പക്ഷേ, അത്രയൊക്കെ നീട്ടിവിളിക്കാൻ ആർക്കു നേരം? എല്ലാരുടേയും സച്ചി മാഷ്. അത്ര ഡെക്കറേഷൻ മതിയെന്ന് നാട്ടുകാരും തീരുമാനിച്ചു. ഏഴാം ക്ലാസ് അധ്യാപകൻ. അടുത്ത കാലത്തുമാത്രം അവിടെ ജോലിയിൽ പ്രവേശിച്ചയാൾ. സുന്ദരൻ, സുസ്മിത വദനൻ എന്നൊക്കെ നീട്ടിയാലും അധികമാകില്ല. അതവിടെ നിൽക്കട്ടെ, മഴയത്ത് കുടചൂടി വന്ന പെൺകൊടിയെ അയാൾ കണ്ടത് സ്കൂൾവരാന്തയിൽ വച്ചാണ്. അപ്പോൾത്തന്നെ നിശ്ചയിച്ചു, ഇവൾ എൻ്റേത് മാത്രം! മനുഷ്യൻ ചിലത് നിശ്ചയിക്കും, പാവം ദൈവം ഒന്നുമറിയില്ല . പക്ഷേ, മറ്റു ചില മനുഷ്യർ മറ്റു ചിലത് നിശ്ചയിക്കും. ദൈവത്തിന് പഴിയും. ഇതാണ് മാഷ്ടേയും രാധികട്ടീച്ചറുടേയും ജീവിതം.

അതായത് അച്ഛനോടുള്ള വൈരാഗ്യവും, കാല്പനിക പ്രണയത്തിൻ്റെ തലയ്ക്കുപിടിച്ച നിർബന്ധബുദ്ധിയും ടീച്ചറെ, കാമുകനെ കാത്തിരിക്കുന്ന ഒരു കാമുകിയാക്കി മാറ്റി. എന്നാൽ സച്ചിമാഷാകട്ടെ തൻ്റെ പ്രാണപ്രിയ ഇന്നു മാറും നാളെ മാറുമെന്ന് ചിന്തിച്ച് മറ്റൊരു വിവാഹത്തിൽ നിന്നും ടീച്ചറെ രക്ഷിക്കാൻ സ്വന്തം ജീവിതം ത്യജിക്കുവാൻ തീരുമാനിക്കുന്നു. ”എൻ്റെ കൊച്ചുങ്ങളേ ഇതു മണ്ടത്തരമാണെന്ന് ” പറഞ്ഞുകൊടുക്കാൻ പറ്റിയ വെറോണിക്ക ചേടത്തി അപ്പോഴേക്കും പുറത്തൊന്നുമിറങ്ങാതെ അകത്തമ്മയായി മാറുകയും ചെയ്തുകഴിഞ്ഞല്ലോ. അതിനാൽത്തന്നെ അധ്യാപക ദമ്പതികൾ മാതൃകാ ദമ്പതികളായി നാട്ടുകാർക്കു മുന്നിലും, വിരഹികളായി സ്വന്തം വീട്ടിൽ രണ്ടു മുറികളിലും പാർത്തുവന്നു. വിരഹം എരിക്കാൻ വേണ്ടി സച്ചിമാഷ് പരിസ്ഥിതി പ്രവർത്തകനായി സ്വയം തിരക്കുള്ള വ്യക്തിയായി മാറി. ടീച്ചർ ഒരുപടി കൂടിക്കടന്ന് സാഹിത്യകാരിയായി.

അതവിടെ നിൽക്കട്ടെ. ഏതൊരു കഥയേയും ഭ്രമിപ്പിക്കുന്നതാക്കുന്നത് ഉപകഥകളാണ്. എരിവും പുളിയും ഇല്ലാത്ത മീൻ കറി ആർക്കാണിഷ്ടം? അതിനാൽ ഒരു ഉപകഥ കൂടി.

ജോമോൻ ചക്കരപറമ്പൻ്റെ ലീലാവിലാസങ്ങൾ.

ജോമോൻ ചക്കരപ്പറമ്പൻ സ്‌കറിയയുടെ വകയിലെ ഏതോ ഒരു ബന്ധുവിൻ്റെ സ്വന്തക്കാരനാണ്. ചെറുപ്പക്കാരൻ. എന്നു വച്ചാ മുപ്പതുകളിൽ തന്നെ ദിശകിട്ടാത്ത വഞ്ചിപോലെയായ ജീവിതം. അങ്ങനെ ഒന്നു ദിശപിടിക്കാൻ സ്‌കറിയ ജൂനിയറിൻ്റെ അടുത്ത് എത്തിപ്പെട്ടതാണ്. സ്‌കറിയസിറ്റിയിലേക്കു പുറപ്പെടുമ്പോൾതന്നെ വിയർപ്പിൻ്റെ അസ്കിത ഉള്ളതിനാലും, കുനിഞ്ഞു നിവർന്നു ജോലി ചെയ്യാൻ പ്രയാസമുള്ളതിനാലും അദ്ദേഹം അടിവാരത്തിലെ ബുക്ക് ഷോപ്പിൽ നിന്നും ഒരു കറുത്ത ഡയറി സംഘടിപ്പിക്കുകയും അതിൽ വിലകൂടിയ പത്തുരൂപയുടെ പേന കുത്തിവയ്ക്കുകയും ചെയ്തു. പിന്നെ സ്റ്റിഫ് ആൻ്റ് ഷൈൻ മുക്കി വടിയാക്കിയ വെള്ളഷർട്ടും മുണ്ടും, ഒരു കറുത്ത ഹാഫ് ഷൂവും വാങ്ങി ധരിക്കുകയും ചെയ്തു. ബലേ ബേഷ് ! ഇതു കണ്ടാ സ്‌കറിയ ജൂനിയർ മാത്രമല്ല സീനിയർ വരെ ഞെട്ടും. ജോമോൻ മലകയറി സ്കറിയയുടെ വീട്ടുമുറ്റത്ത് എത്തുംവരേയും മാത്രമല്ല സ്‌കറിയ ജൂനിയറെ കണ്ട്, ‘ഞാൻ കേരള കോൺഗ്രസ് ജോ യുടെ അഖിലേന്ത്യാ സെക്രട്ടറിയാണ്’ എന്നു തള്ളുംവരേയും അതു കറകറക്ട് തന്നായിരുന്നു. പക്ഷേ, നല്ല കാട്ടുപന്നിയെ കെണിവച്ചുപിടിച്ചത്, ഇരുചെവിയറിയാതെ വരട്ടിക്കോരിയതിൻ്റെ നെയ്കഷണം വായിലോട്ട് ഇട്ട് ചവയ്ക്കും വരെ, അല്ല, വെറോണിക്ക അമ്മച്ചി, “എന്തിയേടി ഇത്തിരി പന്നി വരട്ടിയത്?” എന്നുംപറഞ്ഞ് ക്ടോം ക്ടോം എന്നു ചെരുപ്പിൻ്റെ ഒച്ച കേൾപ്പിച്ച് ഊണുമുറിയിലേക്ക് വന്നപ്പോഴാണ് ജൂനിയറിൻ്റെ ഞെട്ടൽ മാറിയതും ജോമോൻ ശരിക്കൊന്നു ഞെട്ടിയതും.

‘ഡാ ചെർക്കാ നീയേതാ?’ എന്ന ചോദ്യത്തിന് കേരളാ കോൺഗ്രസ് എന്ന് പറഞ്ഞ് മുഴുപ്പിക്കാൻ ഏതായാലും വെറോണിക്ക വിട്ടില്ല. ‘ഡാ വന്നതൊക്കെ കൊള്ളാം ഈ മരത്തലയനെ പറ്റിക്കാൻ എളുപ്പമാണെന്ന് കണ്ട് നനഞ്ഞിടം കുഴിക്കാൻ നോക്കിയാൽ, പന്നീടെ മോനെ എൻ്റെ എരട്ടബാരൽ തോക്കിൽ ഇപ്പഴും ഉണ്ടയുള്ളതാണെന്ന് മറക്കണ്ട’ എന്ന പറച്ചിലിൽ ജോമോൻ ശരിക്കും ഞെട്ടി. തിരിഞ്ഞുനോക്കുമ്പോൾ കണ്ട അമ്മച്ചിയുടെ മുറിയിലെ ഭിത്തിയിൽ തൂക്കിയ തോക്ക്, അമ്മച്ചിയുടെ വാക്കിന് സാക്ഷ്യം പറഞ്ഞു.

കാര്യം അമ്മച്ചി കേറി മൂപ്പിച്ചെങ്കിലും ഒരു കേരളാ കോൺഗ്രസുകാരൻ, വീടിനൊരു ഐശ്വര്യമാണെന്നു സ്‌കറിയയെ ബോധിപ്പിച്ചത് സ്‌കറിയയുടെ സ്വന്തം ഡ്രൈവർ സുനിക്കുട്ടനാണ്. അങ്ങനെ സ്‌കറിയയുടെ ജീവിതത്തിലേക്ക് ഒരു രാഷ്ട്രീയക്കാരനും ഒപ്പം ചില കല്ലുമോഹങ്ങളും കുടികിടപ്പാരംഭിച്ചു.

കല്ലു മോഹം. ഒരു ഉപകഥ

സ്‌കറിയയുടെ അപ്പൻ സ്‌കറിയ ദേശത്തെ മലയ്ക്കും പാറയ്ക്കും സ്വന്തം പേരിട്ടത് അറിയാമല്ലോ. അപ്പൻ വീടു വച്ചാ അത് മക്കൾക്ക്. അപ്പൻ ഏലം നട്ടാൽ ഏലം മക്കൾക്ക്. അപ്പൻ ആഞ്ഞിലി നട്ടാ തടി കൊച്ചുമോളുടെ കെട്ടിന് സ്ത്രീധനത്തിന് എന്നൊക്കെ നാട്ടുനടപ്പുള്ളപ്പോൾ ഒരു വലിയ ഘടാഘടിയൻ പാറയുടെ അവകാശി ജൂനിയർ സ്‌കറിയ തന്നല്ലേ? എന്നാപ്പിന്നെ ആ പാറയങ്ങ് പൊട്ടിച്ച് എം സാൻ്റ് ആക്കിയാലെന്താ? ആർക്കാ ചേതം വേണ്ട, വിഴിഞ്ഞത്ത് ഹാർബറിൽ നാലു കല്ല് നമ്മുടേതായി പേര് കൊത്തിയിട്ടാൽ എന്താ അദാനിക്ക് നോവുമോ? ജോമോൻ ചെറുക്കൻ എല്ലാം ശരിയാക്കും.നാലുകുപ്പി ഫോറിനും ഇത്തിരി പന്നിവരട്ടിയതും ബസുകാശും ചിലവ്. പാറയുടെ കാശ് വരവ്. പിന്നെന്താ?

സ്‌കറിയ ജൂനിയർ പാറയിൽ മലർന്നുകിടന്ന് സ്വപ്നം കണ്ടു. സ്വയം ചോദിച്ചു, പിന്നെന്താ?
ആ ‘പിന്നെന്താ’ ഒരു കഥയാണ്.

ആ കഥ പറയുന്നത് സച്ചി മാഷാണ്. കേശുനായർ സാക്ഷിയും. ഭാര്യയുടെ ദിവ്യപ്രണയത്തിനു കാവലിരുന്ന്, മൂക്കിൽ പല്ലുവന്നുതുടങ്ങിയ നേരത്ത് സർക്കാർ മാഷെ പറ്റിച്ചു. സച്ചിമാഷേ, മതി പണിതത് ഇനി വീട്ടിൽ മാസാമാസം കൊണ്ടത്തരാം കാശ് എന്ന് പറയാതെ പറഞ്ഞ് പെൻഷൻ പറ്റിച്ച കാര്യമാ. പക്ഷേ, സത്യമായും അതൊരു പറ്റിക്കലാണെന്ന് സച്ചിമാഷ് തിരിച്ചറിഞ്ഞത് രാവും പകലും ഒന്നുപോലെ വീട്ടിൽ കുത്തിയിരുന്നു തുടങ്ങിയപ്പോഴാണ്. എന്നാലാ കുത്തിയിരിപ്പിന് അവസാനമായി. സക്കറിയയുടെ കല്ലുമോഹം കേശുനായർ വഴി സച്ചിമാഷിലെത്തി. ലൂസിഫറിൽ ‘എൻ്റെ പിള്ളേരെ തൊടുന്നോടാ’ എന്നു മോഹൻലാല് പറഞ്ഞ അതേ താളത്തിൽ എൻ്റെ മലയെത്തൊടുന്നോടാ എന്ന് മാഷ്. പോരെ പൂരം?
മാഷിലെ പരിസ്ഥിതി പ്രവർത്തകൻ സടകുടഞ്ഞ് എഴുന്നേറ്റു. സ്‌കറിയ അപ്പോ എന്നാ ചെയ്യും? സ്‌കറിയയും കുടഞ്ഞു ഇച്ചിരി സട. അങ്ങനെയുദ്ധം തുടങ്ങി!

സച്ചി മാഷ് vs സ്‌കറിയ

ഇരുപക്ഷത്തും ആൾബലം കുറവല്ല. സ്‌കറിയസിറ്റി രണ്ടായി പിരിഞ്ഞു. മാഷ് പക്ഷം, സ്‌കറിയ പക്ഷം എന്നിങ്ങനെ. കല്ല് പൊട്ടിക്കും… എന്നാ തല പൊട്ടിക്കും, എന്നാക്കാണാം… പിന്നെക്കാണാം എന്നമട്ടിൽ വാശിനിറഞ്ഞു. സ്‌കറിയയെ നോക്കി നീ സ്ക്കറിയ അല്ലെടാ കറിയയാണ്, വെറോണിക്ക കറി വെച്ചുണ്ടാക്കിയ കറിയയാണെന്ന് കേശുനായര് വപ്പുപല്ലും വച്ചുവിളിച്ചു പറഞ്ഞതും സ്‌കറിയയുടെ തോക്ക് മാനത്തോട്ട് രണ്ടു വട്ടം തീതുപ്പിയതും എല്ലാവരും കണ്ടു. നായര് നെഞ്ചുംപൊത്തി വീണു. ഉണ്ട കേറിയിട്ടില്ലെന്നും മരിച്ചിട്ടില്ലെന്നും നായർക്ക് ഉറപ്പുവരാൻ വേണ്ടി സാവിത്രി തലേന്ന് ഉണ്ടാക്കിവച്ച പഴംപൊരി മിച്ചംവന്നത്, കാടിവെളളത്തിലിടാൻ വച്ചത് അതിയാൻ്റ മൂക്കിൻ്റെ കീഴിൽ പിടിച്ചു. നായർക്ക് ജീവിതം തിരികെക്കിട്ടി. പക്ഷേ സ്‌കറിയസിറ്റി ആകെ കുരുക്ഷേത്രഭൂമിയായി.

കുരുക്ഷേത്രം ഒരു യുദ്ധഭൂമി

യുദ്ധമാണ്. കല്ലുവെട്ടുമെന്നും, വെട്ടിക്കില്ലെന്നും രണ്ടു പക്ഷം. യുദ്ധത്തിൽ തന്ത്രം മുഖ്യം .ജോമോൻ കുരുട്ടുബുദ്ധി പുറത്തെടുത്തു. ശിവകാശിയിൽ ചെന്ന് വെടിമരുന്ന് വാങ്ങിവരാം. രണ്ട് തമിഴന്മാരെ കൂടെക്കൂട്ടാം. സച്ചിമാഷിനെ തട്ടാം, നായരെ പഞ്ഞിക്കിടാം. ടീച്ചറെ കണ്ണുരുട്ടി പേടിപ്പിക്കാം.

അരേ വാഹ്. സ്‌കറിയ പദ്ധതികേട്ട് കോരിത്തരിച്ചു. കുപ്പികൾ ഒഴിഞ്ഞുതുടങ്ങി, പന്നിയെ വരട്ടിവരട്ടി അടുക്കളക്കാരികൾ തളർന്നു. ഈ യുദ്ധകാഹളം വെറോണിക്കച്ചേടത്തിയും അറിയാതിരുന്നില്ല. വെറോണിക്ക പുലമ്പി, ‘ഒരാവശ്യവുമില്ലായിരുന്നു. ഈ പാഴിന് പകരം ഒരേക്കർ കാപ്പിത്തോട്ടമായിരുന്നേൽ.’

അതുകേട്ട സീനിയർ സ്‌കറിയ ചില്ലുകൂട്ടിലിരുന്ന് തലതല്ലിച്ചിരിച്ചു. അതുകണ്ട് സായിപ്പ് കണ്ണുരുട്ടി. പാവം സീനിയർ ഭവ്യതയോടെ അന്തരിച്ച മനുഷ്യൻ്റെ ഫോട്ടോഭാവം തിരിച്ചുപിടിച്ചു. പുറത്തു മഴ പെയ്തുതുടങ്ങി. മെല്ലെ മഴ കനത്തു. ഇനിയും കനക്കട്ടെ. വെറോണിക്ക ജപമാല കൈയിലെടുത്തു. മഴ കനത്തു. തുള്ളിക്കൊരായിരം കൊടം! വെറോണിക്ക മുറുമുറുത്തു. തുറന്നുകിടന്ന ജനാലയിലൂടെ വെള്ളത്തുള്ളികൾ വെറോണിക്കയുടെ മുഖത്തും വീണു. വെറോണിക്ക മഴയത്ത് ഒറ്റാലുകൊണ്ട് മീൻ പിടിച്ചത് ഓർത്തു. ഫുൾപ്പാവാട മുട്ടുറ്റം കയറ്റിക്കുത്തി മീൻപിടിക്കാനിറങ്ങിയതും ഊക്കനൊരു വരാല് ദേഹത്തോട്ട് ചാടിയതും ഓർത്തു. ഹെൻ്റെ കർത്താവേ…അങ്ങനെ വെറോണിക്ക കർത്താവേ എന്നും പറഞ്ഞ് കർത്താവിന് കുടംപുളിയിട്ട് മീൻകറി വയ്ക്കാൻ തയ്യാറായി ആ കൊടും മഴയത്ത് ഒറ്റപ്പോക്ക് പോയി!

ശവമടക്ക് നടക്കുന്നതിനിടയിൽ ജോമോൻ വെടിമരുന്നുമായി എത്തി. കൂടെ മൂന്നുപേരും. മഴ ആയതിനാൽ വെറോണിക്കയെ അടക്കാൻ കുഴിവെട്ടുകാർ കുറേ പാടുപെട്ടു. വെട്ടുന്ന കുഴിയിൽ വെള്ളം നിറയുന്നത് നിമിഷം കൊണ്ട്. ടാർപായ വലിച്ചുകെട്ടിയതും മഴയത്ത് ഒടിഞ്ഞുകുത്തി വീണു. ഒടുവിൽ, എൻ്റെ പൊന്നമ്മച്ചീ ഒന്ന് സ്ഥലം കഴിച്ചിലാക്ക് എന്ന് പള്ളീലച്ചൻ വരെ പ്രാർത്ഥിച്ചശേഷമാണ് മഴയൊന്ന് കുറഞ്ഞതും പിറ്റേന്ന് വൈകുന്നേരത്തോടെ അടക്ക് നടന്നതും.

ഈനേരംകൊണ്ട് പാറകേറാൻ പോയ ജോമോനും തമിഴന്മാരും രാത്രി തന്നെ പാറപൊട്ടിക്കുമെന്നു ശപഥം ചെയ്തു. ഒരൊറ്റ മനുഷ്യനും പുറത്തില്ല. മഴയ്ക്കിടയിൽ പാറതുരന്ന്, മഴ ശമിച്ചാൽ വെടിമരുന്ന് നിറച്ച് തീകൊളുത്തുക. എന്തെളുപ്പം പറയാൻ! അവർ പാറ തുരന്നുതുടങ്ങി. ഒരു ശബ്ദം കേട്ടു. കേട്ടതുമാത്രം ജോമോൻ ഓർത്തു. അതു പറയാൻ അവനില്ല.

പിറ്റേന്ന് രാവിലെ മലയാള മനോരമ ഇങ്ങനെ എഴുതി.
മലയോര മേഖലയിൽ ഉരുൾപൊട്ടൽ: ഒരു ഗ്രാമം ഒലിച്ചുപോയി. അപകടത്തിൽപ്പെട്ടവർക്കായ് തിരച്ചിൽ തുടരുന്നു

വര : പ്രസാദ് കാനത്തുങ്കൽ

കവർ ഡിസൈൻ : മനു

Comments
Print Friendly, PDF & Email

You may also like