അരിപ്പൂങ്കാടുകൾ വകഞ്ഞു മാറ്റിയിഴഞ്ഞു വരുന്നൂ
ഒരടി നടപ്പാത..
നോക്കിയിരിക്കെ അതിൽ മാത്രം മഴ ചാറുന്നു.
അതു മാത്രം നിറയുന്നു.
ജലം നെടുനീളത്തിൽ
വൻമതിൽ പോൽ അലയടക്കി വഴിമുടക്കി
മുന്നിൽ നിന്നു.
സുതാര്യമായ
ജലഭിത്തിയ്ക്കപ്പുറം
ഇലകൾ മുഖമുരുമ്മുന്നു.
പൂക്കൾ
ചെടികളിലെ കെട്ടു വിടുവിച്ച് കൊണ്ട്
പൈക്കുട്ടികളെപ്പോലെ
തുള്ളിച്ചാടി ഓടുന്നു.
ഇളംചുവപ്പല്ലികൾ ചിതറിച്ചു കൊണ്ട്
കണ്ണാടിയിലൂടെന്ന പോലെ,
മറുതലയ്ക്കൽ
ഒരു ബബ്ലൂസ് നാരങ്ങയുടെ
മധുരവിസ്ഫോടനം..
വെള്ളത്തിനുള്ളിൽ പ്രവേശിക്കുമ്പോൾ
ഷവറിനടിയിൽ
നിൽക്കുമ്പോലെ
ശ്വാസം മുട്ടി ..
അമ്മയെ ഓർമ്മ വന്നു.
ഉറക്കെയുറക്കെ കരഞ്ഞു.
കവർ ഡിസൈൻ : മനു
Comments