പൂമുഖം LITERATUREനിരൂപണം കഥാവാരം – 24

കഥാവാരം – 24

‘ഭൂതകാലത്തിന്റെ ഹൃദയത്തിൽനിന്നെന്നോണം അവൾ വിളികേട്ടു, “ഓ” ‘

ഈ വാചകത്തിന്റെ സൗന്ദര്യം നോക്കുക. സർവ സാധാരണമായി ഉപയോഗിക്കുന്ന പദങ്ങൾ കൊണ്ടുണ്ടാക്കിയ നൂതനമായ പ്രയോഗം! ആ വ്യത്യസ്തത കണ്ടു വായനക്കാർക്ക് ആഹ്ലാദമുണ്ടാകുന്നു. ആ ആഹ്ലാദം, അത്യാഹ്ലാദമായി മാറുന്നത്, സുഹറയുടെയും മജീദിന്റെയും ഭൂതകാലം ആസ്വാദകൻ അറിയുമ്പോഴാണ്. അത് മനസ്സിലേക്ക് കടന്നു വരുമ്പോൾ സുഹറയുടെ “ഓ”എന്ന വിളി കേൾക്കലിനുള്ള അർത്ഥവും തലവും വായനക്കാർക്ക് സമ്മാനിക്കുന്നത് അത്ഭുതം. എത്ര മനോഹരമായാണ് ഒരു പ്രണയത്തിന്റെ തീവ്രത, പ്രണയ നൈരാശ്യത്തിന്റെ അല്ലെങ്കിൽ നഷ്ടപ്പെടലിന്റെ വിരുദ്ധ വികാരത്തിലേക്ക് ബഷീർ എത്തിക്കുന്നത് എന്ന് നോക്കൂ.

വാക്കുകൾ, ഭാഷ ഇവകൊണ്ടുള്ള വെറും സൂത്രപ്പണി ആയിട്ടല്ല നമുക്കത് അനുഭവപ്പെടുക. ഏറ്റവും സ്വാഭാവികമായ രീതിയിൽ കഥയുടെ വികാരം അനുവാചകനിലേക്ക് എത്തിക്കുന്ന മന്ത്രികതയാണ് നമ്മളതിൽ അറിയുന്നത്.

അസാമാന്യമായ കഴിവുള്ളവർക്ക് ഭാഷാസ്വാധീനം അനുഗ്രഹമാണ്. പക്ഷേ നല്ല നല്ല പദങ്ങളും വാചകങ്ങളും ഉണ്ടാക്കി, ഇതിനെ അടുത്ത കഥയിൽ എവിടെയെങ്കിലും തിരുകാം എന്ന് കരുതിയാൽ, ആ രചന മൊത്തത്തിൽ അസംബന്ധമായി പോകും. വാക്കുകളും പ്രയോഗങ്ങളും കഥകളിലേക്ക് അതീവ സ്വാഭാവികമായി വരട്ടെ. എഴുതിവച്ച ഒരുപാട് പ്രയോഗങ്ങൾ ഓരോരോ കഥകളിലേക്ക് ഉപയോഗിക്കുക എന്ന ശീലം കഥാകൃത്തുക്കൾ മാറ്റി വെക്കട്ടെ.

സക്കറിയ

കുറേ കാലങ്ങളായി ചെറുകഥകൾ ഒന്നും എഴുതാതിരുന്ന സക്കറിയ ‘ഭക്തി ഗായകൻ’ എന്ന പേരിൽ ഒരു കഥ എഴുതിയിരുന്നു ജനുവരിയിൽ. കഥ എന്ന നിലയിൽ പുതുമയോ അസാധാരണത്വമോ ഒന്നുമില്ലാത്ത ഒരു ശരാശരിക്കഥ. ഒന്നരമാസം കഴിഞ്ഞ് മാർച്ചിലെ ഭാഷാപോഷിണിയിൽ ‘രാജേഷും മറിയയും’ എന്ന ഭേദപ്പെട്ട കഥ കൂടി കണ്ടു. ഇതാ, രണ്ടര മാസത്തിനുശേഷം വീണ്ടുമൊരു കഥയുമായി സക്കറിയ എത്തുന്നു മാതൃഭൂമിയിൽ; ‘പറക്കും സ്ത്രീ’ എന്ന പേരിൽ. പാപികളായ മനുഷ്യരെ പാഠം പഠിപ്പിക്കാൻ വേണ്ടി രാത്രികളിൽ ഇറങ്ങുന്ന പറക്കും സ്ത്രീ. അവസാനമാണ് മനസ്സിലാകുന്നത് ഇത് കഥാനായകന്റെ ഭാര്യയായിരുന്നു എന്ന്!

ഭാഷ കൊണ്ടോ പ്രയോഗങ്ങൾ കൊണ്ടോ സുന്ദരമായ അന്തരീക്ഷ നിർമ്മിതി കൊണ്ടോ വായനക്കാരെ പിടിച്ചിരുത്തുന്ന ഒന്നും ഇക്കഥയിൽ ഇല്ലാത്തതിനാൽ ഞാൻ പഴയ ഒരു ബാലമംഗളം എടുത്ത് വായിക്കാൻ ഇരുന്നു. നല്ല നല്ല ഒരുപാട് സാഹിത്യകൃതികൾ മലയാളത്തിനു സംഭാവന ചെയ്ത സക്കറിയയുടെ ഒരു കഥയെ ‘ട്രാഷ്’ എന്ന് പറയുന്ന ഗുരുത്വദോഷം അങ്ങനെ ഞാൻ ഇല്ലാതാക്കിയിരിക്കുന്നു!

“പണ്ടുപണ്ട്, സ്വാശ്രയ കോളേജുകൾക്കും സ്വയംഭരണ കോളേജുകൾക്കും മുൻപ്, കേന്ദ്ര സർവകലാശാലകൾക്കും കൽപ്പിത സർവകലാശാലകൾക്കും മുൻപ്, വലിയൊരു തെങ്ങിൻ പറമ്പിന്റെ ഒരറ്റത്ത് ശ്രീനാരായണ ഗുരുകുലം നിന്നിരുന്നു.”
ഇങ്ങനെയാണ് ഒരു കഥ തുടങ്ങുന്നതെങ്കിൽ വായനക്കാർ മാറി നിൽക്കുമോ? ഒ വി വിജയനെ അത്രത്തോളം ബഹുമാനിക്കുന്നവരാണ് എങ്കിൽ ഒരു ആക്ഷേപ ഹാസ്യം വായിക്കുന്ന പുഞ്ചിരി അവരിൽ ഉണ്ടാകാതിരിക്കില്ല. അതിനാൽ സമകാലിക മലയാളം വാരികയിൽ രാജേഷ് ആർ വർമ്മ എഴുതിയ ‘ശ്രീ നാരായണ ഗുരുകുലം’ എന്ന കഥ ചിരിയോടെ ആണ് തുടങ്ങിയതും.

രാജേഷ് ആർ വർമ്മ


പക്ഷേ, തുടക്കത്തിൽ പ്രതീക്ഷിച്ച രസം പോകെപ്പോകെ ഇല്ലാതാവുന്നു എന്നത് മാത്രമല്ല, കഥ എന്ന നിലയ്ക്ക് അസ്തിത്വം ഉണ്ടെന്ന് പറയാനും വയ്യ. ഒരു ഓർമക്കുറിപ്പ് വായിക്കുന്ന ലാഘവത്വത്തോടെ കഥ തീർക്കാം, അത്രതന്നെ.

തുടക്കം മുതലുള്ള ഓരോ വാക്യവും തീരുന്നത് ‘രുന്നു’ എന്ന അക്ഷരങ്ങൾ കൊണ്ട്. സാ മാന്യഭൂതകാലത്തിലെ വാക്യങ്ങൾ. സർഗാത്മക സാഹിത്യത്തിന് ചേരുന്ന വിധം ഭംഗിയുള്ളതല്ല ഇവ. ഫലം, കഥയ്ക്ക് കുറിപ്പിന്റെയോ ലേഖനത്തിന്റെയോ സ്വഭാവം കൈവരുന്നു.

എസ് എൻ ഗുരുകുലം എന്ന പാരലൽ കോളേജിലെ ട്യൂഷൻ ക്ലാസുകൾ, ആ സമയത്തുണ്ടായിരുന്ന രണ്ട് അധ്യാപകർ- ഇതാണ് കഥയിൽ മുഖ്യമായും പറയുന്നത്. ആ രണ്ടു പേരുടെ അഭിരുചികളെ കുറിച്ചും, അവർ തമ്മിലുള്ള വൈജാത്യങ്ങളെ കുറിച്ചും വിസ്തരിക്കുന്നു. അവരുടെ സംസാരങ്ങളെല്ലാം അവസാനം ചെന്ന് നിൽക്കുന്നത് ശ്രീ നാരായണ ഗുരുദേവൻ എന്ന ബിന്ദുവിലേക്കാവുന്നതും കഥ എന്ന ചട്ടക്കൂട് പരിപൂർണ്ണമായും മാറി ലേഖനം തന്നെ ആയി പോകുന്നു. പിന്നീട് കാലങ്ങൾക്ക് ശേഷം ഇദ്ദേഹം ഗൾഫിൽ ആയിരിക്കവേയാണ് അധ്യാപകരുടെ രോഗവാർത്തയെ കുറിച്ച് കേൾക്കുന്നത്. രണ്ടുപേരും ക്യാൻസർ ബാധിച്ച് മരിക്കുന്നു. തുടർച്ചയായ വാചകങ്ങൾ മാത്രമാണ് ഇവ. വായനക്ക് ശേഷം ബാക്കി വെക്കാൻ അനുഭൂതി ഒന്നുമില്ല ഈ കഥയിൽ. എഴുത്തുകാരന്റെ മുൻ കഥയായ ‘ലഡാക്കിൽ’ നിന്നും എത്രയോ പിറകെയാണ് ഇതിന്റെ സ്ഥാനം.

സച്ചിദാനന്ദൻ

അടുത്ത കാലത്ത് പ്രസിദ്ധീകരിക്കപ്പെടുന്ന, വെറ്ററൻ എഴുത്തുകാരുടെ കഥകൾ ചെറുതല്ലാത്ത നൈരാശ്യം നൽകിയ അനുഭവമുള്ളതിനാൽ, സച്ചിദാനന്ദൻ മാധ്യമത്തിലെഴുതിയ ‘യാത്ര’ വായിക്കാനെടുത്തത്, എഴുത്തുകാരനോടുള്ള ബഹുമാനം കൊണ്ട് മാത്രമായിരുന്നു. പക്ഷേ, തൊണ്ണൂറ് വയസ്സുള്ള, വിരമിച്ച അദ്ധ്യാ പകനോടൊപ്പം ടൈം മെഷീനിൽ യാത്ര ചെയ്തതു പോലെ തോന്നി എനിക്ക്. നന്ദഗോപൻ മാഷ് കണ്മുന്നിലെന്നത് പോലെ. അല്ലെങ്കിൽ എന്നോടൊത്ത് ട്രെയിനിൽ യാത്ര ചെയ്യുന്ന പോലെ.

അസംഭവ്യത, തോന്നലുകൾ, വികൽപങ്ങൾ ഇവയൊക്കെ വിശ്വസനീയമായി അവതരിപ്പിക്കപ്പെട്ട ഒരു കഥ. ഭൂതകാലം ഏതൊരാളിലും ഗൃഹാതുരത്വത്തിന്റെ ഊഷ്മള വികാരങ്ങൾ ഉളവാക്കുമെന്നതിനാൽ, അധികമായൊന്നും കഥയെക്കുറിച്ച് പറയാനില്ലെങ്കിലും അനുഭൂതിദായകമെന്ന് പറയാവുന്നതാണ് . ചരിത്രസംഭവങ്ങൾ പ്രതിപാദിക്കുന്നതോടൊപ്പം വർത്തമാനകാലത്തിൽ നിന്നും പിറകോട്ട് സഞ്ചരിക്കുന്ന ഒരു മനുഷ്യന്റെ ആധികൾ നമ്മൾ കാണുന്നു. വാർദ്ധക്യം ശൈശവത്തിന്റെ ആവർത്തനം എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്നതുപോലെ, കഥ അവസാനിക്കുമ്പോൾ, ജീവിതത്തിന്റെ ഭൂതകാലത്തിലെ അങ്ങേത്തലയിലേക്ക് എത്തുകയും, നിസ്സഹായനായി മകളുടെ ശ്രദ്ധയ്ക്ക് വേണ്ടി ഉച്ചത്തിൽ കരയുകയും ചെയ്യുന്നു കഥാനായകൻ.

നല്ല കഥ, നല്ല ദർശനം.

മാധ്യമം വാരികയിൽ അൻവർ അബ്ദുല്ല എഴുതിയ കഥയാണു ‘സ്വൈരിണി.’
കഥാകൃത്ത് ജയചന്ദ്രനുമായുള്ള സമാഗമത്തിന് പോകുന്ന അമ്പിളിയെ പരിചയപ്പെടുത്തിക്കൊണ്ടാണ് കഥയുടെ തുടക്കം. ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോട് കൂടിയാണ് ചിലയിടത്ത് കഥാകാരൻ കാര്യങ്ങൾ വിവരിക്കുന്നത്. എഴുത്തുകാരനോട്‌ ഒരു വല്ലാത്ത ഇഷ്ടം തോന്നിയ അമ്പിളി എങ്ങനെയോ അയാളുടെ നമ്പർ നേടിയെടുക്കുന്നു. അയാളുടെ സ്വൈരസഞ്ചാരിണികൾ എന്ന കഥ നൂറിൽപരം പ്രാവശ്യം താൻ വായിച്ചിട്ടുണ്ട് എന്നാണ് അവൾ പറയുന്നത്. പക്ഷേ ആ കഥയ്ക്ക് അനുയോജ്യമായ തലക്കെട്ട് സ്വൈരിണികൾ ആണെന്ന് അമ്പിളി അഭിപ്രായപ്പെടുകയാണ്. ഇതിനുശേഷം ജയചന്ദ്രൻ അമ്പിളിയുടെ സന്ദേശങ്ങൾക്ക് മറുപടി അയക്കാതാവുന്നു. താൻ പറഞ്ഞ അഭിപ്രായം കടന്ന കൈയായിപ്പോയോ എന്ന ദുഃഖത്തിൽ കഥാനായിക. ഉന്നതനായ ഒരു കഥാകൃത്തുമായുള്ള സൗഹൃദം നഷ്ടപ്പെട്ടു പോയി എന്ന വേവലാതിയുണ്ടാവുന്നു അമ്പിളിയിൽ. എല്ലാം കൈവിട്ടുപോയ നൈരാശ്യത്തിലിരിക്കവേ, അവളെ ഞെട്ടിച്ചുകൊണ്ട് കഥാകൃത്ത് ഒരു കാര്യം അറിയിക്കുന്നു; തന്റെ വിലയേറിയ വായനക്കാരിയുടെ അഭിപ്രായം പരിഗണിച്ചുകൊണ്ട്, താൻ എഴുതിയ കഥയുടെയും കഥാസമാഹാരത്തിന്റെയും പേര് സ്വൈരിണി എന്നാക്കി മാറ്റിയിരിക്കുന്നു.

അൻവർ അബ്ദുള്ള

പിന്നീട് നമ്മൾ കാണുന്നത് അസമയത്ത് കഥാകൃത്തിനെ കാണാൻ പോകുന്ന അമ്പിളിയെയാണ്. വഴിതെറ്റിപ്പോയ ഈ പെൺകുട്ടിക്ക് വഴി കാണിക്കാനായി ഒരു വിടൻ വരുന്നു. തന്നെ പ്രാപിക്കാൻ തുനിയുന്ന അയാളെ ഒന്നും ചെയ്യാനാവാതെ കൈകൂപ്പുന്നു പെൺകുട്ടി. അയാൾ അമ്പിളിയെ മാറോടണയ്ക്കുമ്പോൾ ചർദ്ദിക്കാൻ വരുന്ന തോന്നലുണ്ടാവുന്നു അവൾക്ക്. അമ്പിളിയുടെ കരച്ചിൽ കണ്ടപ്പോൾ ആ ഉദ്യമത്തിൽ നിന്നും അവസാനം വിടൻ പിന്മാറുന്നു.

ജയചന്ദ്രൻ എന്ന കഥാകൃത്ത് പകൽ മാന്യന്മാരായ പുരുഷന്മാരുടെ പ്രതീകമാണ്. ആരുമല്ലാത്ത ഒരു പെൺകുട്ടിക്ക് വേണ്ടി താൻ ഇത്രയൊക്കെ മഹാസംഭവം ചെയ്തു എന്ന് തോന്നിപ്പിച്ചതിനുശേഷം, സമയമില്ലാത്തതിനാൽ പെട്ടെന്ന് തന്റെ കൂടെ കിടക്കാൻ ആജ്ഞാപിക്കുന്നു ഇയാൾ. കടുത്ത പ്രതിഷേധം വകവെക്കാതെ അവളെ ആലിംഗനം ചെയ്യുമ്പോൾ, അമ്പിളിക്ക് ഛർദിക്കാനുള്ള തോന്നൽ ഉണ്ടാകുകയല്ല ചെയ്യുന്നത്, അവൾ ശരിക്കും അയാളുടെ ശരീരത്തിലേക്ക് ഛർദ്ദിക്കുക തന്നെയാണ്.

അറിയാത്ത വഴികളിൽ കൂടി തിരിച്ചുവരുമ്പോൾ മുൻപേ കണ്ട വിടനെ കണ്ടുമുട്ടുന്നു അമ്പിളി. ആ സമാഗമത്തെക്കുറിച്ച് കഥാകൃത്ത് പറയുന്ന വാക്കുകൾ നോക്കുക.

“പൊടുന്നനെ അങ്ങേയറ്റത്തെ തിടുക്കത്തോടെ അവൾ അയാളെ അണച്ചുപിടിച്ച് തന്റെ മാറിടത്തിലേക്ക് ചേർത്തു. അയാൾ ഒരു കുഞ്ഞിനെപ്പോലെ അവിടെ താണു നിന്നു. അവൾ അയാളുടെ മൂർദ്ധാവിൽ ആഞ്ഞു ചുംബിച്ചു. അവിടെനിന്ന് അവൾ ചുണ്ടുകൾ പിൻവലിച്ചില്ല. അയാൾ അനങ്ങാതെ അവളുടെ പിടിയിൽ അമർന്നു നിന്നു. അല്പനിമിഷങ്ങൾക്കകം അവളുടെ കാലടികൾ അയാളുടെ കണ്ണുനീർ വീണ് നനയുന്നത് അവളറിഞ്ഞു.. “

പൈങ്കിളി സ്വഭാവമുള്ള കഥാതന്തുവിനെ ഉന്നതമായ സാഹിത്യമാക്കുന്നതെങ്ങനെ എന്നറിയണമെങ്കിൽ, നിങ്ങൾ സ്വൈരിണി എന്ന ഈ കഥ വായിക്കൂ. അതിൽ തന്നെ, മേല്പറഞ്ഞ അവസാന ഖണ്ഡിക നോക്കൂ; ഒരു കഥയുടെ ഒടുക്കം എങ്ങനെ മനോഹരമാക്കാം എന്ന് കണ്ടറിയൂ.

( അപ്പോഴും, എഡിറ്റിങ്ങിൽ കഥാകൃത്ത് കാര്യമായി ശ്രദ്ധിച്ചതായിട്ട് തോന്നിയില്ല. പദങ്ങളും സർവ്വനാമങ്ങളും ഒരു ഖണ്ഡികയിൽ എത്ര തവണയാണ് ആവർത്തിക്കുന്നത്! കഥ വായിച്ചു കൊണ്ടിരിക്കുമ്പോൾ തുടർച്ചയായി വരുന്നുണ്ട് ‘അവൾ’ എന്ന സർവ്വനാമം. എഴുത്തിന്റെ സൗന്ദര്യം കെടുത്തുന്ന ഘടകങ്ങളിൽ ഒന്നാണ് ഇത്.)

മോബിൻ മോഹൻ

ദേശാഭിമാനി വാരികയിൽ മോബിൻ മോഹൻ എഴുതിയ കഥയാണ് ‘ഏക്താര.’ പക്ഷേ അതിൽ പറയുന്ന കാര്യങ്ങൾ മുഴുവൻ ബാവുൽ ഗാനങ്ങളെക്കുറിച്ചും ഗായകൻമാരെക്കുറിച്ചുമാണ്. സവിശേഷമായൊരു കാര്യത്തിലേക്ക് ഫോക്കസ് ചെയ്തുകൊണ്ടുള്ള കഥപറച്ചിൽ അല്ല ഇത്. സെബാൻ അച്ചനെക്കുറിച്ച് പറഞ്ഞുകൊണ്ട് കഥ തുടങ്ങുന്നു. അദ്ദേഹത്തിന്റെ അപാരമായ ശ്രവണശക്തിയെക്കുറിച്ചും പറയുന്നുണ്ട്. വായനക്കാർ വിചാരിക്കും, ആ ശ്രവണശക്തി കഥയിൽ കാര്യമായ എന്തോ നിഗൂഢതയോ മറ്റോ ഇപ്പോൾ ഉണ്ടാക്കിയേക്കും എന്ന്!

ഏഴോ എട്ടോ പേജുള്ള കഥയിൽ എത്ര കഥാപാത്രങ്ങളാണ്! സത്യത്തിൽ ഇങ്ങനെ വിശദീകരിച്ച് പറയാൻ മാത്രം എന്താണ് കഥയ്ക്ക് അവർ സംഭാവന ചെയ്യുന്നത്? പള്ളിപ്പറമ്പിൽ ബാവുൽ ഗാനം നടക്കുന്ന സ്ഥലത്തേക്ക് പോകുന്ന സെബാൻ അച്ചൻ ഉത്തരേന്ത്യയിൽ ആയിരുന്നപ്പോൾ ബാവുൽഗാനം കേൾക്കുമായിരുന്നു എന്ന കാര്യം പറയുന്നതിന് മുൻപ്, കഥയിൽ ഒരു പ്രാധാന്യവും ഇല്ലാത്ത ഇയ്യോബിനെക്കുറിച്ചും തപൻ ദാസ് ബാവുലിനെക്കുറിച്ചും ബിജുവിനെക്കുറിച്ചും ഒക്കെ പറയുന്നു. ഇയ്യോബിനെക്കുറിച്ച് സവിസ്തരമായ വിശദീകരണം തന്നെയുണ്ട്. അതിനുശേഷം വരുന്നത് ബാവുൽ ഗാനത്തെയും ഗായകരേയും കുറിച്ചുള്ള വിക്കിപീഡിയ. എഴുത്തുകാരന്ന് വളരെ ഇഷ്ടപ്പെട്ട ഒരു പദമാണ് അവധൂതൻ എന്ന് ഞാൻ ഊഹിക്കുന്നു. അതിനാൽ ആ പദം ഉപയോഗിച്ചിട്ടുണ്ട്; ഒരുപാടുതവണ. കുറേ വിരസമായ വിവരണങ്ങൾ വായിച്ചുകൊണ്ടിരുന്നത്, കഥാവസാനം വല്ലതും ഉണ്ടായേക്കാം എന്ന് കരുതിയാണ്.

പള്ളിപ്പറമ്പിലെ മാവിൽ കയറി മാങ്ങ പറിക്കുന്ന തപൻ ദാസിനോടും ഇന്ദ്രാണിയോടും ക്രുദ്ധനാകുന്നു അച്ചൻ. അവസാനം ഇദ്ദേഹം ഒരു ബാവുൽ ഗാനം പാടുമ്പോൾ അതിൽ അച്ചൻ അലിഞ്ഞുപോകുന്നു. ബീഭത്സം എന്ന പദം മാത്രമേ പറയുന്നുള്ളൂ. വായനക്കാരിൽ ഒരുതരത്തിലുള്ള വികാരവും ഉളവാക്കാൻ പറ്റാത്ത, കുറേയേറെ വാചകങ്ങളുടെ ഒരു സമാഹാരം എന്നതിലപ്പുറം ഒരു വാരികയുടെയും ഏഴോളം പുറങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടേണ്ടുന്ന കഥയല്ല ഇത്.

ഷബ്‌ന മറിയം

ദേശാഭിമാനിയിലെ രണ്ടാമത്തെ കഥ എഴുതിയത് ഷബ്നാ മറിയമാണ്. ‘ലൈല മജ്നു വിൻ നാട്ടില്… മൈലാഞ്ചി പൂവിട്ട നാട്ടില്…’ എന്നാണ് കഥയുടെ പേര്. അനേകം വർഷങ്ങളായി കുടുംബസമേതം പ്രവാസിയായി കഴിയുന്ന ബൽകീസ്, കുട്ടികളോടൊപ്പം ജന്മനാട്ടിലേക്ക് എത്തുന്നതാണ് കഥയുടെ ആരംഭം. ചെറുപ്പകാലത്ത്, ഒരുഗതിയും പരഗതിയുമില്ലാതെ അനാഥത്വത്തിന്റെ അങ്ങേത്തലയിൽ കൊടിയ ദാരിദ്ര്യം അനുഭവിച്ചിരുന്ന രണ്ടുപേർ കാൻസർ ബാധിച്ച ഉമ്മ മരിക്കുന്നതോട് കൂടി അനാഥാലയത്തിലേക്ക് ചെന്നുചേരുന്നു. ബാല്യവും കൗമാരവും അതീവ ദുർഘടമായിരുന്നു എന്ന് നമ്മൾ പിന്നീട് അറിയുന്നുണ്ട്. ആ ബൽക്കീസ് ഇന്ന് ഒരുപാടൊരുപാട് സംരംഭങ്ങളുടെ ഉടമയാണ്. അതാണ് കഥയുടെ ഒരു വശം.

പിന്നെ ഒന്നുള്ളത്, ഉമ്മ മരിക്കുന്ന സമയത്ത് ഒരിക്കലും ഉപേക്ഷിക്കരുത് എന്ന് പറഞ്ഞുകൊണ്ട് അവളെ ഏൽപ്പിക്കുന്ന കുട്ടിയാണ്. ആ കുട്ടി ബൽക്കീസിന്റെ മകനായിരുന്നു. കഥപറയുന്ന രീതികൊണ്ട്, താരതമ്യേന ദേശാഭിമാനിയിൽ നമ്മൾ കാണുന്ന മറ്റേതു കഥകളെക്കാളും ഭേദപ്പെട്ട ഒന്നാണിതെന്ന് ഞാൻ പറയുന്നു.

ബൽക്കീസ് എന്ന കഥാപാത്രത്തോട് പ്രത്യേകമായ ഇഷ്ടം ചിലപ്പോൾ വായനക്കാർക്ക് തോന്നിയേക്കാം. അതാണ് കഥാപാത്രത്തിന്റെ സൃഷ്ടിയിൽ ഉള്ള കരുത്ത്. വിഷയവൈവിധ്യം ഉള്ള സൃഷ്ടിയല്ല പക്ഷേ. കഥയുടെ അവസാനത്തിലേക്ക് എത്തുന്നതിനുമുൻപ് ആരെങ്കിലും വായന ഉപേക്ഷിക്കുകയാണെങ്കിൽ അവരെ കുറ്റം പറയാൻ പറ്റില്ല.
അമിതഭാഷണം കൊണ്ടുണ്ടാവുന്ന വൃഥാസ്ഥൂലത ഉണ്ട് കഥയ്ക്ക്. പുതുമയുള്ളത് എന്ന് കഥാകൃത്ത് നിനച്ചുപോകുന്ന ചില അലങ്കാര പ്രയോഗങ്ങളും വാക്യങ്ങളും, കഥാ സന്ദർഭത്തിനു ചേരാത്തവണ്ണം വിരസമായവയാണ്.

‘ആദ്യരതിയുടെ പൂർണ്ണമാവാത്തതും എന്നാൽ അങ്ങേയറ്റം മത്തുപിടിപ്പിക്കുന്നതുമായ തേങ്ങലുപോലെ എന്തോ ഒന്ന് അവളിലപ്പോൾ മുമ്പിലേക്ക് തെറിച്ചു നിന്നു.’

ഈ വാചകം മാത്രം വായിക്കുമ്പോൾ – അതും വാചകത്തിന്റെ ആദ്യഭാഗം – അനുവാചകർ അതിൽ കാണുന്ന സൗന്ദര്യം, അനവസരത്തിലുള്ള പ്രയോഗം ആയതിനാൽ വായനക്കാരുടെ നെറ്റി ചുളിപ്പിക്കാനേ ഉപകരിക്കുന്നുള്ളു. മാത്രവുമല്ല, മുൻപിലേക്ക് തെറിച്ചു നിന്നു എന്ന പ്രയോഗത്താൽ എന്താണ് കഥാകാരി ഉദ്ദേശിക്കുന്നതെന്നും അറിഞ്ഞു കൂടാ.

കവർ ഡിസൈൻ : മനു

Comments
Print Friendly, PDF & Email

You may also like