പൂമുഖം നോവൽ പത്തു പെൺമരണങ്ങൾ, അതിലൊന്ന് ഒരാണും

പത്തു പെൺമരണങ്ങൾ, അതിലൊന്ന് ഒരാണും

ഇതൾ – 3

അമുദം മരിച്ചു” എന്ന ഫോൺകാൾ വന്നതിന് ശേഷം ഇതുവരെയും സ്വസ്ഥതയില്ലാത്തതും എന്നാൽ എന്തെന്ന് തിരിച്ചറിയാനാവാത്തതുമായ ഏതൊക്കെയോ തരം ചിന്തകളാണുള്ളിൽ. ഞാൻ ഞാനല്ലാതാകുന്നതുപോലെ…

എനിക്കുള്ളിൽ മറ്റാരൊക്കെയോ സംസാരിക്കുന്നതുപോലെ…

മഴ പെയ്തുതോർന്നിരിക്കുന്നു. സമയം ഇപ്പോൾ എത്രയായിക്കാണും?. എപ്പോഴോ പോയ കറണ്ടും ഇതുവരെ വന്നിട്ടില്ല… വല്ലാതെ.. വല്ലാതുറക്കം വരുന്നു.

മരണത്തേക്കാളും ആഴമുള്ള മൗനത്തിൽ ഞാനൊരുവളെ പൊതിഞ്ഞുവെയ്ക്കുന്നു.. പലതായ് കീറിയ ഇന്നലെകളുടെ വാറോലകളിൽ ഞാനവളെ കൊരുത്തിടുന്നു..

പ്രാണന്റെ അവസാനത്തെ തുള്ളിയും ഊർന്നുവീഴും വരേയ്ക്കും

അദൃശ്യയായിരിക്കാൻ

വരമേകുന്നു!


എന്നെക്കുറിച്ച് ഒന്നുമറിയാത്ത ഒരുവളുടെ മനസ്സിലൂടെ ഞാൻ നിങ്ങൾക്ക് മുന്നിൽ വെളിപ്പെടുകയാണ്. അതെങ്ങനെയെന്ന്, അതിന്റെ കാരണമെന്തെന്ന് അവളെപ്പോലെ നിങ്ങളും ഇപ്പോൾ അറിയേണ്ടതില്ല, കാര്യകാരണങ്ങളെ കാലം തന്റെ കാവ്യനീതിയിലൂടെ വെളിപ്പെടുത്തട്ടെ!

തൊട്ടിലിൽ നിർത്താതെ കരഞ്ഞിരുന്ന കുഞ്ഞ്, ആ തൊട്ടിലിന്നവിടെയില്ല, അതിലെ കുഞ്ഞും. അമ്മ മരിച്ച് കൃത്യം പതിനാറാം നാൾ കുഞ്ഞും മണ്ണോട് ചേർന്നു. ഒരു ചെറു നെൽമണി എത്ര നിസ്സാരമായാണത് വലിയ കാര്യങ്ങൾ ചെയ്യുന്നത്!

കട്ടിലിൽ അച്ഛമ്മയോട് ചേർന്നുറങ്ങുന്ന ആൺകുട്ടി അവൻ എന്റെ മകനാണ്. അവനെ ഓർത്താണ് വെന്തെരിഞ്ഞ എന്നിലെ ഞാനിപ്പോൾ വേകുന്നത്. എനിക്ക് കിട്ടാത്ത നീതി അവനെങ്ങനെ കിട്ടാനാണ് ?

കുഞ്ഞേ; മരണം അമ്മയെ അസംഖ്യം നോവുകളിൽനിന്നും അപമാനങ്ങളിൽ നിന്നും രക്ഷപ്പെടുത്തിയിരിക്കുന്നു. പക്ഷേ സത്യമായും എനിക്ക് ഇതൊരു രക്ഷപ്പെടലല്ല.. യുഗങ്ങളോളം വെന്തുരുക്കുന്ന ശിക്ഷയാണ്. സ്വന്തം രക്തത്തെപ്പോലും ശത്രുവായ് കാണുന്ന, സമ്പത്തിനുപിന്നാലെ പാഞ്ഞ് ഉറ്റവർക്ക് മുകളിൽ കഴുകനായ് വട്ടമിടുന്ന അധർമ്മികളായ മനുഷ്യരുള്ളിടത്ത് നീ എങ്ങനെ വാഴാനാണ്? നിന്റെ മുന്നോട്ടുള്ള ജീവിതം, അത് നിനക്ക് നൽകുന്ന ഓരോ മുറിവിനും അമ്മയാണ് കുറ്റക്കാരി. നിന്നെ പൊതിഞ്ഞുപിടിക്കേണ്ട ഞാൻ എന്റെ രക്ഷ നോക്കി? അമ്മക്കുമുന്നിൽ മറ്റുവഴികളില്ലായിരുന്നു.. തോറ്റുകൊടുക്കുകയല്ലാതെ…..!

അമ്മയുടെയും അനുജത്തിയുടെയും മരണം നല്കിയ, ഒരിക്കലും ഉണങ്ങാത്ത കൊടും വേദനയുടെ ചവർപ്പ് രുചിച്ച് നീ വളരാൻ തുടങ്ങുന്നു. ഒന്ന് മാത്രം ഞാൻ നിനക്ക് ഉറപ്പുതരുന്നു. ഈ ഭൂമിയിലെ ആയുസ്സറ്റ് നീ എന്റടുക്കൽ തിരിച്ചെത്തുന്ന നാൾവരേക്കും ഞൊടിയിട മാറാതെ ഞാൻ നിനക്കൊപ്പമുണ്ടാകും. നിന്റെയുള്ളിൽ നീ എന്നെ അറിയും!

ഞാൻ അമുദം!

എല്ലാത്തരത്തിലും ഉന്നതമായ ഒരു വലിയ കൂട്ടുകുടുംബത്തിലെ യാതൊന്നും വെട്ടിപ്പിടിക്കാൻ കാര്യപ്രാപ്തിയില്ലാതിരുന്ന ഭാരതിയാരെ പിൻതുടരുന്ന ഒരദ്ധ്യാപകന്റെ മൂത്ത മകൾ. എനിക്ക് താഴെ മൂന്ന് പെൺകുട്ടികളും,ഒരാൺകുട്ടിയും. എന്റെ അപ്പാ ഞങ്ങൾക്ക് വിദ്യാഭ്യാസവും ഉൾക്കരുത്തും നേർമ്മയുള്ള ജീവിതവുമാണ് സ്വത്തായ് നൽകിയത്. തമിഴ് മണക്കുന്ന ഈ ഗ്രാമം എന്റെ ഹൃദയമാണ്.

ഞാനിവിടുന്ന് അധികം വൈകാതെ യാത്രയാകും. അങ്ങ് ദൂരെ കേരളത്തിലേക്ക്. സമ്പന്നതയിലേക്ക് മരുമകളായ്.. എനിക്കിഷ്ടമുണ്ടായിട്ടല്ല, പക്ഷേ വേണ്ടി വരുന്നൂ.. അല്ലെങ്കിലും മുമ്പേ ആരോ എഴുതിവെച്ച കഥയിൽ വേഷം അറിയാതെ ആടേണ്ടിവരുന്നവരല്ലേ നമ്മൾ ഓരോരുത്തരും!

എന്റെ അപ്പാ എന്നെ വിറ്റഴിച്ചതല്ല. എന്റെ ഭാവിക്കായ് ഏറ്റവും നല്ല തീരുമാനം എന്റെ സമ്മതത്തോടെ എടുത്തതാണ്.

അപ്പായുടെ മച്ചുനന്റെ മൂത്ത മകന് വധുവായി അവരെന്നെ ആഗ്രഹിച്ച് വന്നതാണ് ,

എന്തൊക്കെയെന്നോ എന്നെ മോഹിച്ച് വന്നവന്റെ യോഗ്യതകൾ?

ഇംഗ്ലീഷ് വിദ്യാഭ്യാസം, ബ്രിട്ടീഷുകാരുമായുള്ള ചങ്ങാത്തം, തന്റെ സമ്പത്തിലും കുലമഹിമയിലുമുള്ള ദുരഭിമാനം, ഏതൊരു സുന്ദരിയും തനിക്ക് പ്രാപ്യമാണെന്ന അഹങ്കാരം.

നെല്ലുമണമുള്ള വരണ്ടകാറ്റേറ്റ് ഈ മുറ്റത്തിരുന്ന് എന്നെ വധുവായിവേണം എന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു, അതിൽ വർദ്ധിച്ച സന്തോഷത്തോടെ മാമാ അപ്പായോട് സമ്മതമാണല്ലോ എന്ന് തിരക്കി.. അന്നേരമാണ് തികച്ചും അപ്രതീക്ഷിതമായ്

അപ്പാ എന്നെ അങ്ങോട്ടേക്ക് ,അവരുടെ മുന്നിലേക്ക് വിളിച്ചത്..

“അമുദം, ഉന്നോടെ മാമാവും പെരിയത്താനും അപ്പാക്കിട്ടെ പേസിനത്

നീ കേട്ടയാ?

ആമാപ്പാ നാൻ കേട്ടോം

നീ എന്ന ശൊൽറേൻ? ഉനക്ക് സമ്മതമാ? ഏതാക്കുന്നാലും ശൊല്ല്.. നീ ശൊൽകറത് താൻ എന്നോടെ മുടിവ്.

അപ്പാ.. നോക്ക് പുരുഷനാ പെരിയത്താനെ വേണ്ടാം.. ആനാ ചിന്നത്താൻന്നാ നോക്ക് സമ്മതം.”

തലയുയർത്തിയാണ് പറഞ്ഞത്. തല താഴ്ത്തിനിൽക്കാൻ അപ്പാ പഠിപ്പിച്ചിരുന്നില്ല…

ചിന്നത്താൻ! എന്റെ അപ്പായെപ്പോലെ ഒരു സാധു. ബ്രിട്ടീഷ് സർക്കാരിൽ മൂന്നാണ്ട് മുമ്പ് തുടങ്ങിയ ന്യൂ ഇന്ത്യാ അഷ്വറൻസിൽ അക്കൗണ്ടന്റ്. പുസ്തകവായനയാണ് ആകെയുള്ള ദുശ്ശീലം.

പിന്നീടെല്ലാം വളരെപ്പെട്ടെoന്നായിരുന്നു. പെരിയത്താനുവേണ്ടി തെങ്കാശിയിലെ ഒരു വലിയജന്മിയുടെ മകൾ വധുവായൊരുങ്ങി. വെളുവെളുത്ത് പൂസനിക്കാമാതിരി അഴകി. അവളുടെ പല്ല് ഒരൽപ്പം പൊങ്ങി മുഖസൗന്ദര്യം കുറയുന്നു എന്ന് പെരിയത്താൻ പറഞ്ഞതിന് അങ്ങ് ദൂരെ തഞ്ചാവൂരിൽ നിന്ന് മിടുക്കന്മാരെ വരുത്തി ദിവസങ്ങളെടുത്താണ് അവളുടെ പല്ല് രാകി ചന്തം നൽകിയത്.

പെരിയത്താന്റെയും സാവിത്രിയുടെയും നിശ്ചയതാംബൂലം കഴിഞ്ഞ് മാമായും അത്തയും ആ വഴി എന്നെ കാണാനും വന്നിരുന്നു. മൂത്ത മരുമകളുടെ മുന്നിൽ ഞാൻ കുറഞ്ഞുപോകാതിരിക്കാൻ എന്റെ പഠിപ്പും അഴകും തന്നെ ധാരാളം എന്നായിരുന്നു അത്തയുടെ കണ്ടെത്തൽ, കൂടെ അത്ത ഒന്നുകൂടി പറഞ്ഞു

” ആനാലും അമുദത്തെ മാതിരി അമുദം മട്ടും താൻ” ന്ന് നിശ്ചയാംബലത്ത്ക്ക് വന്ത നമ്മോടെ പെരിയപാട്ടിവരെയും സൊന്നേൻ, അതെക്കേട്ട് ചിന്നവൻ എന്നാ വെക്കം….”

ഉള്ളിൽ പൊട്ടിവിടർന്ന ഒരു ചിരിയെ ചുണ്ടുകൾ കൂട്ടിപ്പിടിച്ച് ഞാൻ നുണഞ്ഞിറക്കി.

പുറത്ത് പ്രകടിപ്പിക്കാനാവാത്ത പലതിനെയും ചുണ്ടുകൾ കൂട്ടിപ്പിടിച്ച് പുറത്തറിയാതെ ഞാൻ പ്രതിരോധിക്കേണ്ടിവരുമെന്ന് അന്നേരങ്ങളിൽ എനിക്ക് അറിയുമായിരുന്നില്ല!


ചപ്പുചവറുകൾ കൂട്ടിയിട്ട് തീ കത്തിക്കുമ്പോൾ അതിലെ കനലുകൾ കണ്ടിരിക്കാൻ കൗതുകമായിരുന്നു. ഒരിക്കൽ മായാക്കായാണ് അത് ചൂണ്ടി

” ദോ അതെ പാര് ശങ്കരീ, അത്ക്കുള്ളെ തിരുമണം നടക്ക്റ മാതിരിയില്ലയാ?” എന്ന് പറഞ്ഞത്

“ആമാല്ലാ.. അടടാ രൊംഭ അഴകാര്ക്കേ..

മാക്കാ നീങ്കോ പെരിയ ആള് മാക്കാ.. ഇതക്കൂടെയെല്ലാം തെരിയുമാ” എന്നന്നേരം ഞാൻ അത്ഭുതപ്പെട്ടു. ഞങ്ങൾ കുറേ ചിരിച്ചു.

മായാക്കാ എനിക്ക് മാക്കാ ആയിരുന്നു.

കാമാക്ഷി വിളക്കിൽ നിന്നും എന്നിലേക്കെത്താൻ “തീ”ക്ക് ഇത്ര താമസമോ? വരുന്ന വഴികളിലെവിടെയും അത് കെട്ട്പോയ് ഒരു തിരുമണക്കാഴ്ച ഒരുക്കണമെന്ന് ഞാനാഗ്രഹിക്കുന്നില്ലല്ലോ..

ഇതാ ഇവിടെ ഈ വിളക്കുതിരിയിലെ ചെറു തീനാളം എന്നോട് വാക്ക് പാലിച്ചിരിക്കുന്നു. കണ്ണുകൾ ഇറുക്കിയടച്ച് ഞാൻ ഈ

ആലിംഗനം സ്വീകരിക്കുന്നു. പുറപ്പെട്ടുപോകുമ്പോൾ ഒന്ന് മാത്രം അറിയൂ.. ഈ തീ എന്നെ തെല്ലും പൊള്ളിക്കുന്നില്ല. ഞാൻ വാവിട്ട് നിലവിളിക്കുന്നത് എനിക്കിതിനായ് ഇത്രകാലം വേണ്ടിവന്നല്ലോ എന്നതോർത്ത് മാത്രമാണ്. അഗ്നി എന്നെ വിഴുങ്ങുന്ന ഈ നേരവും എന്റെ പ്രാർത്ഥനയിൽ രണ്ടുകാര്യങ്ങളുണ്ട്..

അഴുകിയ ജീവിതം ജീവിക്കാൻ എന്റെ കുലത്തിൽ ഇനിയൊരുവളുണ്ടാകാതിരിക്കട്ടെ…!

നിന്റെ വംശത്തിൽ പെണ്ണറ്റുപോകട്ടെ!

വര : പ്രസാദ് കാനത്തുങ്കൽ

കവർ : സി പി ജോൺസൺ

Comments
Print Friendly, PDF & Email

You may also like