നിശാഹൃദയം ഇരുണ്ടപ്പോൾ മുഖം മിനുക്കാനെത്തിയ
താരകങ്ങളെ ഓട്ടുരുളിയിൽ കമഴ്ത്തി നിരത്തിവച്ചു…
നിലാവ് അന്തംവിട്ട് പാരിജാതച്ചെടിയുടെ ചില്ലകളിൽ
കുന്തിച്ചിരുന്നു..
നെറികേടു കാട്ടാത്ത രാപ്പാടി ഇനിയും പൂക്കാത്ത
തേൻമാവിന്റെ ഉണങ്ങിയ കൊമ്പിലെച്ചെറുപൊത്തിൽ
സാധകം ചെയ്തു…
വഴിതെറ്റിവന്ന ചന്ദ്രൻ കിണറിലെ വെയിലെടുക്കാതെ
ബാക്കിവന്നജലത്തിൽ വീണൂറിച്ചിരിച്ചു…
അതു കണ്ടിട്ടാവാം കുറെ ഈയാം പാറ്റകൾ അവയുടെ
ചിറകുകൾ വെള്ളത്തിൽ കൊഴിച്ചിട്ടു..
ജനാലച്ചില്ലിനിപ്പുറം സമാന്തരമായി
സ്വപ്നപ്പൂമൊട്ടുകൾ
വിരിഞ്ഞ് വികസിച്ച് കരിഞ്ഞ് കൊഴിഞ്ഞുവീണു
നിഴലിന്റെ പേടിയിൽ വിറയ്ക്കുന്ന മങ്ങിയ പ്രകാശം
കെട്ടുതുടങ്ങി..
ഇരുട്ടിന്റെയാഴക്കടലുകളിൽ പ്രതിദ്ധ്വനിയുടെ ഒച്ച
മാത്രം ബാക്കിയായി..
ശ്വാസം കിട്ടാതെ പിടഞ്ഞ
കിഴക്കും പടിഞ്ഞാറും തെക്കും വടക്കും
കേവലബിന്ദുക്കളായി ഒടുങ്ങിയൊതുങ്ങുന്നു…
ഒഴുകുന്ന നദി ഇടയ്ക്കുവച്ച് തിരിഞ്ഞൊഴുകുക
സാദ്ധ്യമോയെന്നചോദ്യം ഡെമോക്ലീസിൻറെ
വാളുപോലെ മുന്നിൽ തൂങ്ങി നിന്നു…
വഴി അവസാനിച്ചുവെന്ന് കരുതി തിരിച്ചു നടന്നു
തുടങ്ങിയതാണ്…
പെട്ടെന്നായിരുന്നു സ്വർഗ്ഗരാജ്യത്തിൽനിന്നുള്ള
സൂചനപോലെയിച്ഛാശക്തിയുടെ
അപരിമിതമായൊരു പച്ച വെളിച്ചം
ചൂണ്ടുപലകയിൽ തെളിഞ്ഞത്…..
കവർ : ആദിത്യ സായീഷ്