പൂമുഖം LITERATUREനിരൂപണം കഥാവാരം – 23

കഥാവാരം – 23

ചീകി ഒതുക്കാത്ത, എണ്ണ തേക്കാത്ത പാറിപ്പറക്കുന്ന മുടി. ചുമലോളമുണ്ടാകും മിക്കവാറും. നെരിയാണിക്ക് മേലെയുള്ള മുണ്ട്. അലക്കണമെന്നില്ല. മുട്ടോളമെത്തുന്ന ജുബ്ബ. അസ്തിത്വദുഃഖം എന്ന് വേണമെങ്കിൽ കൂടെക്കൂടെ പറയാം. കയ്യിൽ തടിച്ച ഇഗ്ളീഷ് പുസ്തകങ്ങൾ. ഡിവൈൻ കോമഡിയോ അല്ലെങ്കിൽ യൂലിസസോ ആയാൽ നല്ലത്. രാവിലെ ദറീദാ, ഫുക്കോ എന്നും ഉച്ചക്ക് കാഫ്‌കാ – കമ്യൂ എന്നും സന്ധ്യക്ക് സിമോൻ ദ് ബുവ്വാ എന്നുമുള്ള പറച്ചിൽ. തോളിൽ ഒരു തുണി സഞ്ചി. വേണമെങ്കിൽ, അതിനകത്ത് ഒരു കെട്ട് ബീഡി ആകാം. വി. കെ. എൻ ഭാഷയിൽ ഒരു മുദ്രാവാക്യവും. എൺപതുകളുടെ അവസാനം വരെ, ഒരു ടിപ്പിക്കൽ ബുദ്ധിജീവിയുടെ വാർപ്പുമാതൃക ആണ് മേല്പറഞ്ഞ രൂപം. കാഴ്ച്ചക്ക് ഒരു സാഹിത്യകാരനോ ബുദ്ധിജീവിയോ ആയി സ്വയം പ്രതിഷ്ഠിക്കുന്ന ഇക്കൂട്ടർ പക്ഷേ, അകത്തൊന്നുമില്ലാത്ത മിമിക്രിക്കൂ ട്ടമായിരിക്കും. വ്യക്തികൾ മാത്രമല്ല. സൃഷ്ടികളുമുണ്ട് ഇങ്ങനെ. ഉള്ളകം പൊള്ളയായ, എന്നാൽ വാക്യ ഘടനയിലും രൂപത്തിലും, ധൈഷണികം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം കൃതികളെ നമുക്ക് കപട ബുദ്ധി ജീവി സാഹിത്യം എന്ന് വിളിക്കാം.

ജീവിതമെന്നാൽ നിർമ്മിച്ചെടുക്കലാണ് എന്ന് സിദ്ധാന്തിക്കുന്ന മകനും, ജീവിതമെന്നാൽ വന്നു ചേരലുകളാണ് എന്ന് വിശ്വസിക്കുന്ന പിതാവും- ഇവർ തമ്മിലുള്ള സംഘട്ടനമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സുസ്മേഷ് ചന്ദ്രോത്ത് എഴുതിയ “നീ പ്രതിയോഗി” എന്ന കഥ. സംഘട്ടനം എന്നതിൽ എല്ലാ തരത്തിലുള്ള സംഘട്ടനങ്ങളും ഉൾപ്പെടും; അഭിപ്രായ സംഘട്ടനവും, കായികമായി ഒരാൾ മറ്റൊരാളെ നേരിടുന്നതും. വിസ്താരമേറിയ കഥയാണിത്. എല്ലാം വിധിപോലെ വരും എന്ന് പഴയ ആൾക്കാർ പറയുമ്പോൾ, ഭാവി തീരുമാനിക്കുന്നത് ഓരോരുത്തരുടെയും പ്രയത്നഫലം മാത്രമാണ് എന്ന പുതുതലമുറയുടെ വീക്ഷണത്തെ കഥാകാരൻ പറയുന്നു. വാക്കുകൾ കൊണ്ട് ആ ആശയത്തെ ധൈഷണികമായ, നവീനമായ ഒരു സിദ്ധാന്തമെന്ന മട്ടിൽ പറയുന്ന ഒരു കഥ.

സുസ്മേഷ് ചന്ദ്രോത്ത്

വിരുദ്ധ ധ്രുവങ്ങളിലെ അഭിപ്രായങ്ങൾ സമർത്ഥിക്കുമ്പോൾ ഉലക നാഥനിലും അവന്റെ പിതാവിലും രൂപപ്പെട്ടുവരുന്ന പക, മകനെ വധിക്കാൻ കാത്തു നിൽക്കുന്നിടത്തോളം എത്തുന്നു. അതിനിടയ്ക്ക്, പല പല കാര്യങ്ങളും പറയുന്നു കഥാകൃത്ത്. ചാരായ ഷാപ്പിൽ ഒന്നിച്ചിരുന്ന് ലഹരി നുണയുന്നതും തർക്കത്തിൽ ഏർപ്പെടുന്നതും എല്ലാം. പിന്നെ വിചിത്രമായ ഏതോ ഒരു കുന്നിൻ മുകളിലേക്ക് കൊണ്ടുപോയി നമ്മോട് പറയുന്നു, അച്ഛനും മകനും അവിടെയുള്ള ഏതൊക്കെയോ സ്ത്രീകളെ പ്രാപിക്കാൻ ആഗ്രഹിക്കുന്നുവെന്ന്. അപ്പോഴും മകന്റെ പൗരുഷത്തിൽ അച്ഛന് അസൂയ. താൻ പ്രാപിക്കുന്ന സ്ത്രീകൾ മകനോടൊപ്പം ശയിച്ചവരാണെങ്കിൽ, രതിയിൽ താൻ പരാജയപ്പെട്ടുപോകുമോ എന്ന ആശങ്ക! എന്ത് കഥയാണിത് എന്നാണ് വായനക്കാർ പറയുക. ഇതൊരു മഹാസംഭവം എന്ന് കഥാകൃത്ത് വേണമെങ്കിൽ പറഞ്ഞോട്ടെ, പക്ഷെ ഒന്നുമില്ല ഇതിൽ. വെറും ഒരു കപട ബുദ്ധിജീവി കഥ മാത്രം!

നല്ല കഥകൾ എഴുതാൻ ഇല്ലെങ്കിൽ, കഴിവും പ്രതിഭയുമുള്ള പുതുതലമുറ എഴുത്തുകാരുടെ അവസരത്തെ കളയുന്ന തരത്തിൽ മാതൃഭൂമിയുടെ കഥക്ക് വേണ്ടി നീക്കിവെച്ച ഈ സ്ഥലം, ലബ്ധ പ്രതിഷ്ഠരായ എഴുത്തുകാർ ഇതുപോലെയെഴുതി നശിപ്പിക്കുന്നതെന്തിന്!

സമകാലിക മലയാളത്തിൽ ഇപ്രാവശ്യം വത്സലൻ വാതുശ്ശേരിയുടെ ‘പ്രപഞ്ചവും മനുഷ്യനും’ എന്ന കഥയുണ്ട്. ഏതൊരു കൃതി വായിക്കുമ്പോഴും അതിൽ ഒന്നുകിൽ പുതിയ ആശയമോ പുതിയ ആവിഷ്കാരമോ വായനക്കാരൻ പ്രതീക്ഷിക്കും. ചുരുങ്ങിയപക്ഷം പുതിയ രീതിയിലുള്ള വാചക ഘടനയെങ്കിലും. ഇതൊന്നുമില്ലെങ്കിൽ ആ കഥ വായിച്ച സമയത്തെ പഴിക്കും.

വത്സലൻ വാതുശ്ശേരി

യൗവനകാലത്ത് നക്സൽ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ രമേശ് ബാബുവിന്റെ സ്വാധീനത്താൽ, ചെറിയ രീതിയിലുള്ള നക്സലൈറ്റ് ആയിപ്പോയ രാജീവൻറെ കഥയാണിത്. നന്നായി പഠിക്കുകയും കവിത എഴുതുകയും ചെയ്യുന്ന കോളേജ് പയ്യനായിരുന്നു രാജീവൻ. ഒരു എൻജിനീയറായിത്തീരാൻ ആഗ്രഹിച്ചു അവനും അച്ഛനും.രമേശ്‌ ബാബു എന്ന നക്സലൈറ്റിന്റെ സ്വാധീനത്താൽ തീർച്ചയായും അത് സംഭവിക്കില്ല എന്ന് നമുക്കറിയുന്നു. സ്റ്റേറ്റിന്റെ ഇടപെടൽ കൊണ്ട് ഭാവി ജീവിതം തന്നെ പ്രശ്നത്തിലാകുന്നു രാജീവന്. പക്ഷേ, രമേശ്‌ ബാബു, ഹൈദരാബാദിൽ കേന്ദ്ര ഗവൺമെന്റ് ഉദ്യോഗസ്ഥനായ തന്റെ പിതാവിന്റെ സമയോചിത ഇടപെടൽ കൊണ്ട്, പോലീസുകാർ പിടിക്കുന്നതിന് മുൻപ് രായ്ക്കുരാമാനം ഹൈദരാബാദിൽ എത്തിപ്പെടുന്നു . വിപ്ലവവും നക്സലിസവും കേരളീയ ബന്ധവും എല്ലാം മായ്ച്ചുകളഞ്ഞ്, വളരെ ഉയർന്ന വിദ്യാഭ്യാസവും പൂർത്തിയാക്കി, അറിയപ്പെടുന്ന പ്രൊഫസർ ആയിത്തീരുന്നു ഇയാൾ. ഒരിക്കൽ, കേരളത്തിലെ ഒരു കോളേജിൽ പ്രഭാഷണത്തിനായി വരുന്നു രമേശൻ. പക്ഷേ ആ കോളേജിൽ, താൽക്കാലിക ജോലി ചെയ്യുന്ന അറ്റൻഡർ ആണ് രാജീവൻ. ഇതാണ് കഥ. ഇടക്ക് കുറച്ച് കെ വേണു ഉണ്ടാകും. കെ കരുണാകരനും കാണും. ഏഡ്ഡ് കുട്ടൻപിള്ളമാർ കാണും. പോസ്റ്റർ ഒട്ടിപ്പ് കാണും. ഭാഗ്യത്തിന് ഈ കഥയിൽ പോലീസ് സ്റ്റേഷൻ ആക്രമണമോ, കൊലയോ ഒളിവോ ഒന്നുമില്ല. ഇങ്ങനെയുള്ള കഥകൾ എത്രവട്ടം വായിച്ചു കാണും നമ്മൾ? നൂറ് എന്നൊക്കെ പറഞ്ഞാൽ ചെറിയ സംഖ്യ ആയിരിക്കും എന്നെനിക്ക് തോന്നുന്നു. കഥാപാത്രങ്ങളോട് സവിശേഷമായ അടുപ്പമുണ്ടാക്കാൻ പറ്റാത്തവണ്ണം, വസ്തുതകൾ പറയുന്നതുപോലെ എഴുതപ്പെട്ട ഈ കഥയിൽ, വികാരത്തെ വായനക്കാരനിൽ എത്തിക്കാൻ ഉതകും വിധമുള്ള രചനാ കൗശലം ഇല്ലെന്നേ പറയാൻ പറ്റൂ. ഓർത്തു വെക്കാവുന്ന ഏതെങ്കിലും പ്രയോഗമോ വാക്യമോ പോലും ഇക്കഥയിലില്ല.

മിനി പി സി

അഞ്ചു കഥകളാൽ സമ്പന്നമായ മാധ്യമം കഥപ്പതിപ്പിൽ ആദ്യത്തെ കഥ മിനി പി സി യുടെ ‘ഹിമാലയൻ വയാഗ്ര’യാണ്. ബേബിയും ഭാര്യ മറിയയും. ബേബിയുടെ അനുജൻ പ്രവാസിയായ ബെന്നിയും ഭാര്യ കുഞ്ഞന്നവും. ഇവരാണ് കഥയിലെ പ്രധാന കഥാപാത്രങ്ങൾ. മറിയത്തിന്റെ മരണശേഷം ബേബി സോഫിയെ കെട്ടുന്നുണ്ട്. എങ്കിലും ശരി ബേബിയും കുഞ്ഞന്നവും തമ്മിലുള്ള അവിഹിതമാണ് ‘ഹിമാലയൻ വയാഗ്ര’യുടെ കാതൽ. രതിയും പ്രണയവും കാമവും എല്ലാം മനോഹരമായ സാഹിത്യത്തിൽ പറയാൻ പറ്റും. എന്നിരുന്നാലും പൈങ്കിളി ആകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഷയങ്ങളുമാണ് ഇവ മൂന്നും. പ്രാഗത്ഭ്യം ഇല്ലാത്തവർ കഥയ്ക്ക് ഈ വിഷയം സ്വീകരിക്കുമ്പോൾ, വൾഗർ എന്ന പദം കൊണ്ട് വിവക്ഷിക്കപ്പെടുന്ന രീതിയിലേക്ക് എത്തിയേക്കാം ആ സൃഷ്ടി. അതിനാൽ കഥാരചനക്കായി ഒരു ആശയം തിരഞ്ഞെടുക്കുമ്പോൾ ഫലവത്തായി തനിക്ക് പറയാൻ പറ്റുമെന്ന ആത്മവിശ്വാസവും കൂടി എഴുത്തുകാർക്ക് ഉണ്ടായേതീരൂ.

കഥയുടെ രൂപമോ ഘടനയോ ഇരുത്തി വായിപ്പിക്കുന്ന രീതിയിലുള്ളതല്ല.ചിത്രീകരണവും തലക്കെട്ടും ഒഴിവാക്കിയാൽ ഏകദേശം ഒരു പേജ് കാണും ആദ്യത്തെ ഖണ്ഡിക! ബേബിയുടെ രണ്ടാം ഭാര്യ സോഫിയെക്കുറിച്ചുള്ള സവിസ്തര പ്രതിപാദനം ആണ് അതിൽ സിംഹഭാഗവും. കഥയുടെ കേന്ദ്രത്തോട് ഇത് എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നത് വായനക്കാർ ഊഹിച്ചു കൊള്ളണം. ഏറ്റവും ചുരുക്കി, വളരെ പ്രധാനപ്പെട്ട സംഭവങ്ങളും സംഭാഷണങ്ങളും അന്തരീക്ഷവും പറയേണ്ടതാണ് ചെറുകഥ. എത്ര കഥാപാത്രങ്ങളാണ് ഇതിനകത്ത്! ഒരു വിക്കിപീഡിയയിൽ നൽകുന്ന വിവരങ്ങളാണ് വയാഗ്രയെകുറിച്ച് എഴുതാൻ എഴുത്തുകാരി ഉപയോഗിച്ചത്. നേപ്പാളി ഗൂർഖയെക്കുറിച്ച് പറയുമ്പോഴും അമിത വിവരണങ്ങൾ. കഥയിലേക്ക് യാതൊന്നും സംഭാവന നൽകാത്ത വിവരങ്ങൾ-കുറെ സ്വർണം കൊടുത്ത് സാന്ദ്രയെ കല്യാണം കഴിപ്പിച്ചയച്ചത്, ദിയയും കെട്ടിയോനും തിരക്കുള്ള ചർമ്മ രോഗ വിദഗ്ധരാണെന്നുള്ളത്. – കഥാകാരി പറയുന്നത് എന്തിനാണാവോ!

കഥ വായിക്കുമ്പോൾ അനുവാചകരിലേക്ക് എത്തേണ്ടുന്ന വികാരങ്ങൾ ദുർബലം ആവാനുള്ള കാരണം, ആഖ്യാനത്തിലെ വൈദഗ്ദ്ധ്യം ഇല്ലായ്മയാണ്. കമന്ററി പോലെ ഉള്ള പ്രസ്താവനകൾ കഥയ്ക്ക് അഭംഗിയാണ്.

‘ഹിമാലയൻ വയാഗ്ര’ എന്ന പേര് കേട്ട് ചില കുട്ടികൾ ആകാംക്ഷയോടെ ഈ കഥ വായിക്കാനിരുന്നേക്കാം. അവർക്കും നൈരാശ്യത്തിലപ്പുറം ഒന്നും സംഭാവന ചെയ്യാൻ പ്രാപ്തമല്ല ഈ കഥ..!

കഥയുടെ ആശയം തന്നെ ചർവിതചർവണം ആയിരിക്കെ, വായനക്കാരെ ആകർഷിക്കുന്ന വാചകങ്ങളോ പ്രയോഗങ്ങളോ സന്ദർഭങ്ങളോ ഇല്ലെങ്കിൽ, കഥ വമ്പൻ പരാജയമാവും. അതിനാൽ കഥയെഴുതാൻ അത്രയ്ക്ക് ആഗ്രഹമുള്ളവർ കുറേ വായിക്കട്ടെ; കാരൂരിന്റെയും ബഷീറിന്റെയും കഥകളൊക്കെ. അല്ലെങ്കിൽ ചുരുങ്ങിയ പക്ഷം പദ്മരാജൻറെ മഹത്വവൽക്കരിക്കപ്പെട്ട പൈങ്കിളികളെങ്കിലും. എന്നിട്ടും മെച്ചമില്ലെങ്കിൽ അവയെല്ലാം കഷായം വെച്ച് കുടിച്ചാലും കൊള്ളാം…

വേളാങ്കണ്ണിയിലേക്ക് എന്നുപറഞ്ഞ് ഇടക്കിടക്ക് ഒരു നേഴ്സ് പെൺകുട്ടിയുമായി അവിഹിത ബന്ധത്തിൽ ഏർപ്പെടാൻ പോകുന്നു ടോമിച്ചൻ. അയാളുടെ ക്വാളിസ് വണ്ടിയുടെ ഡ്രൈവറായ ജോയിയുടെ ആത്മഭാഷണമാണ് മാധ്യമത്തിലെ രണ്ടാമത്തെ കഥ. ‘അവളുടെ പാദങ്ങൾ മരണത്തിലേക്ക് ഇറങ്ങി പോകുന്നു’ എന്ന ഈ കഥ എഴുതിയത് ജിസ ജോസ്. ജീവവൃക്ഷം എന്ന താരതമ്യേന ഭേദപ്പെട്ട കഥ എഴുതിയ കഥാകാരി, ഈ കഥയെ പ്രസിദ്ധീകരണയോഗ്യമെന്ന് കരുതാൻ മാത്രം അതിൽ കണ്ട സവിശേഷത എന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല.

ജിസ ജോസ്

എത്രയോ വട്ടം പറഞ്ഞു പഴകിയ ഒരു വിഷയത്തെ, നവീനതയോടെ ഇതിൽ അവതരിപ്പിച്ചിട്ടുണ്ടോ? പുതിയ അന്തരീക്ഷമോ നിരീക്ഷണങ്ങളോ, നമുക്ക് മുന്നിൽ വെക്കുന്നുണ്ടോ? ആവർത്തനങ്ങളില്ലാത്ത, ചുരുങ്ങിയ വാക്കുകളിൽ ഒരു കാര്യം പറയുന്നുണ്ടോ? പ്രതീക്ഷിക്കാത്ത ഒടുക്കമുണ്ടോ? ഇല്ല എന്നുത്തരം. തൊട്ടു മുന്നേ വായിച്ച കഥയുള്ളത് കൊണ്ട് മാത്രം കഷ്ടിച്ചു രക്ഷപ്പെട്ടു എന്ന് വേണമെങ്കിൽ പറയാം.

ജോയിക്ക് വണ്ടിയോടിക്കൽ വല്ലാത്ത ആവേശം ആണെന്ന് സ്ഥാപിക്കാൻ വേണ്ടി മാത്രം എത്രയെത്ര വാചകങ്ങളാണ് ഉപയോഗിക്കേണ്ടി വന്നിരിക്കുന്നത്! കഥാപാത്രത്തിന്റെ ഏതെങ്കിലും ഒരു സ്വഭാവത്തെ വായനക്കാർക്ക് കാണിച്ചു കൊടുക്കാൻ പ്രതിഭാധനരായ എഴുത്തുകാർക്ക് ഏതാനും വാക്കുകൾ മതി. ഇവിടെ ആവർത്തന ഭാഷണങ്ങൾ വെറും കമന്ററിയായി നമുക്ക് മുന്നിൽ നിൽക്കുന്നു.

പ്രവീൺ ചന്ദ്രൻ

‘ജ്വാലാ ലൈബ്രറിയിലെ തീപിടുത്തം’ ആണ് മാധ്യമത്തിലെ മറ്റൊരു കഥ. എഴുതിയത് പ്രവീൺ ചന്ദ്രൻ. മോശമല്ലാത്ത ഭാഷകൊണ്ട് ഏറെക്കുറെ നന്നായി നമ്മെ വായിപ്പിക്കുന്നുണ്ട് കഥാകൃത്ത്. തീരെ ചെറിയ സംഭവമെന്ന മട്ടിൽ ജ്വാലാ ലൈബ്രറിയിലെ തീപിടുത്തത്തെ വായനക്കാരൻ കാണുന്നു. വായനശാലകളോട് ഹൃദയം ചേർന്നിരിക്കുന്ന നാട്ടിൻപുറത്തുകാരുടെ നിഷ്കളങ്കതയെ ആയിരിക്കാം കാണാൻ പോകുന്നത് എന്ന ബോധത്തോടെ ആകും നമ്മൾ കഥ വായിക്കുക. അത് പക്ഷെ അപരിചിതനായ ഒരു യുവാവിന്റെ മരണത്തെ പ്രതിപാദിക്കുക വഴി ദുരൂഹമായ എന്തോ ഒന്ന് എന്ന തോന്നലിലേക്ക് വേഗം തന്നെ വഴി മാറിപ്പോവുന്നു. ഇടതുപക്ഷത്തിന്റെ, വിപ്ലവത്തിന്റെ, പ്രത്യയശാസ്ത്ര പരിസരങ്ങളിലേക്കും, സ്റ്റേറ്റ്, അല്ലെങ്കിൽ സ്റ്റേറ്റിനേക്കാളും മുകളിലുള്ള ഏതോ ശക്തിയാൽ ദുരൂഹമായി കൊല ചെയ്യപ്പെടുന്ന വിപ്ലവകാരിയിലേക്കും കഥ നീളുന്നു.

ഒരു സാഹിത്യ സൃഷ്ടി എന്ന നിലയിൽ, ചില സ്ഥലങ്ങളിലെ വിവരണങ്ങൾ കഥയ്ക്ക് അത്യാവശ്യമല്ലായിരുന്നു എന്നത് ഒഴിച്ചു നിർത്തിയാൽ തെറ്റു പറയാനില്ലാത്ത രചനയാണിത്. കോളേജ് വിദ്യാർത്ഥികൾ ആയ ആൺകുട്ടി, പെൺകുട്ടി , ആഖ്യാതാവ്, പഴയ ലൈബ്രേറിയൻ അബൂബക്കർ തുടങ്ങിയ കഥാപാത്രങ്ങളെ, കൊള്ളാവുന്ന രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. കഥയുടെ പറച്ചിൽ കൊണ്ട്, ലൈബ്രറിയിൽ ഡയറി സൂക്ഷിച്ചുവെച്ച വിപ്ലവകാരിയുടെ മരണത്തെ, അതാവശ്യപ്പെടുന്ന വികാരത്തോടെ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് കഥാകൃത്തിന്. വസ്തുതാ വിവരണങ്ങൾ അത്യാവശ്യമുള്ള കാര്യമല്ല എന്നത് ശ്രദ്ധിച്ചിരുന്നെങ്കിൽ കുറച്ചു കൂടി മുറുക്കമുണ്ടായേനെ കഥയ്ക്ക്. അപ്പോഴും, അഞ്ചു കഥകളിൽ വച്ച് വായിക്കാൻ പറ്റുന്ന കഥയാണിത് എന്ന് തന്നെ പറയാം.

ശ്രീജിത്ത്‌ കൊന്നോളി

ശ്രീജിത്ത് കൊന്നോളി എഴുതിയ ‘കളിപ്പന്തൽ’ എന്ന കഥയാണ് മാധ്യമത്തിലെ നാലാമത്തേത്. എട്ടും പത്തും പതിനൊന്നും വയസ്സായ മൂന്നു സഹോദരങ്ങൾ പറമ്പിൽ ഒരു കളിപ്പന്തൽ ഉണ്ടാക്കുന്നു. അവരിൽ ഏറ്റവും ഇളയ പെൺകുട്ടി പറയുന്നു പന്തൽ കാലിന്ന് ഉറപ്പു പോരാ എന്ന്. സഹോദരങ്ങൾ നല്ല കുറേ കാലുകൾ വെട്ടി പന്തൽ ഉറപ്പിക്കുന്നു. അതിനുശേഷം കഥ ഒരു പോക്കാണ്. ഇതിന് ഹനുമാൻ ചാട്ടം എന്ന് പറയാൻ പാടില്ല. അതിനെക്കാളും എത്രയോ ദൂരെക്കാണ് ഓരോ കഥയും ചാടിച്ചാടി പോകുന്നത്. കളിപ്പന്തലിൽ നിന്നും മുകളിലേക്ക് നോക്കുമ്പോൾ കുട്ടിക്ക് ആകാശം കാണുന്നു. കണ്ണാടിയിൽ ഒരു സുന്ദരിയുടെ രൂപം കാണുന്നു. അവളെ പൊട്ട് തൊടീക്കുന്നു. സൗന്ദര്യം ശ്രദ്ധിക്കുന്നു അങ്ങനെയങ്ങനെ…

ദൂരെ എവിടെയോ ഒരു പെൺപക്ഷിയോട് ആൺപക്ഷി കിന്നരിക്കുന്നത് കേൾക്കുന്നു. അവന്റെ കൂടെ പോയി വിശാലമായ ലോകം കണ്ടു വരാൻ ക്ഷണിക്കുന്നത് കേൾക്കുന്നു. അതിനുശേഷം ഈ പെൺകുട്ടി നടത്തുന്ന ആത്മഗതം ഒരു പ്രഭാഷണം എന്നപോലെ എഴുത്തുകാരൻ അവതരിപ്പിക്കുന്നുണ്ട്. എന്തൊരു കൃത്രിമത്വം! അതിനുശേഷം ഒരു ഗംഭീര നിരീക്ഷണവും. “എന്തിലെങ്കിലും ഉറച്ചു പോകുന്ന ആ നിമിഷം തൊട്ട് നമ്മൾ ഇല്ലാതാവുന്നു. ഉറപ്പ് ഒഴുകുന്ന ജീവിതത്തിന്റെ ശത്രുവാണ്.!”

അതിനുശേഷം കളിപ്പന്തലിൽ നിന്നും പുറത്തിറങ്ങിപ്പോകുന്നു പെൺകുട്ടി. കുട്ടികൾ കളിക്കുന്ന മൈതാനവും കടന്ന് അങ്ങ് ദൂരെ കടൽക്കരയിലേക്ക് എത്തിച്ചേരുന്നു. അവിടെ ഒരു ബുദ്ധസന്യാസിയെ കാണുന്നു. നാട്ടുകാർ അയാളെ കള്ളൻ എന്ന് സംശയിക്കുന്നു. താൻ ഒരു ബുദ്ധസന്യാസി ആണ് എന്നും വേണമെങ്കിൽ നാട്ടുകാർക്ക് തന്നെ കൊല്ലാം എന്നും, പക്ഷേ അതിനു മുൻപ് താൻ പറയുന്ന കഥ കേൾക്കണമെന്നും ഈ സന്യാസി പറയുന്നു.

ഇനി കഥാകൃത്തിന്റെ അടുത്ത ചാട്ടമാണ്. കളിപ്പന്തലിലെ പെൺകുട്ടിയുടെ മനസ്സിൽ കുറേക്കാലമായി ഒരു ബുദ്ധസന്യാസി വളരുന്നു പോലും. എല്ലാ വികാരങ്ങളെയും നഷ്ടങ്ങളെയും അതുപോലെ കണ്ടു ജീവിക്കുക എന്ന് പറഞ്ഞ് കഴിഞ്ഞ രാത്രി അയാൾ തിരിഞ്ഞു കിടന്നു പോലും. ഇനി ആരാകും അവളുടെ മനസ്സിൽ വളർന്നു വരിക എന്ന് കാണണം! എന്റെ പ്രിയപ്പെട്ട വായനക്കാരേ ഇങ്ങനെയൊക്കെയാണ് ഈ കഥ. ഈ കുറിപ്പിന്റെ തുടക്കത്തിൽ പറഞ്ഞ കപട ബുദ്ധിജീവി ഇനം എന്ന് പോലും പറയാൻ പറ്റാത്ത ഒരു സൃഷ്ടി. കുട്ടികൾക്കുള്ള ഗുണപാഠ കഥ പോലെ തുടക്കത്തിൽ തോന്നിപ്പിച്ച് അവസാനം വെറും പുകയായി പോയ കഥ. ഒന്നുമില്ല ഇതിൽ.
ഒന്നും, ഒന്നും തന്നെയില്ല.

അനിൽ ദേവസി

മാധ്യമം വാരികയിൽ അവസാനത്തെ കഥ ‘ഡാർവിന്റെ ജ്ഞാനസ്നാനം’ എഴുതിയത് അനിൽ ദേവസിയാണ്. മരണ നാടകം കളിച്ച്, മകനെയും കുടുംബത്തെയും നാട്ടിൽ എത്തിക്കുന്നു തൊണ്ടിയിൽ കുര്യാച്ചൻ എന്ന ജോമോന്റെ അപ്പൻ. പേരക്കിടാവ് ഡാർവിനെ മാമോദീസ മുക്കാൻ വേണ്ടിയാണ് അയാൾ ഈ നാടകം കളിക്കുന്നത്. പക്ഷേ സിസിലിക്കും ജോമോനും മകനെ മാമോദിസ മുക്കാൻ യാതൊരു താൽപര്യവുമില്ലായിരുന്നു. കാട്ടുപന്നിയുടെ ഇറച്ചി ഉണക്കിയത് പൊതിഞ്ഞുകെട്ടി ജോമോൻ തങ്ങളുടെ ബാഗിലേക്ക് വെക്കുന്ന രാത്രിയിൽ അപ്പാപ്പന്റെ മുറിയിൽ ഡാർവിൻ കിടന്നുറങ്ങുകയാണ്. അതിരാവിലെ വീടിന്റെ തൊട്ടടുത്തുള്ള പുഴയിൽ ഡാർവിനെ മുക്കിയെടുത്ത്, മാമോദിസ ആഗ്രഹം സഫലീകരിക്കുന്നു കുര്യാച്ചൻ. അതുകഴിഞ്ഞ് ആകാശച്ചെരുവിൽ പ്രത്യക്ഷപ്പെട്ട പരിശുദ്ധാത്മാവിനെയും റാഫേൽ പുണ്യാളനെ യും നോക്കി ‘അർപുതം അർപുതം’ എന്ന് അത്ഭുതപ്പെടുന്നു ഇയാൾ. ശാസ്ത്രജ്ഞനാകാൻ ആഗ്രഹിച്ച ഡാർവിൻ പക്ഷേ കാണുന്നത് ഒരു ശുന്യാകാശ കപ്പലിനെയാണ് .ഇതാണ് കഥാസംഗ്രഹം. ഇത്ര മാത്രമേ പറയേണ്ടതുള്ളു.

ഇതിലുപരി നമ്മെ പിടിച്ചിരുത്തുന്നതോ സന്തോഷിപ്പിക്കുന്നതോ ആയ രംഗചിത്രീകരണമോ, ഭാവ ശില്പമോ ഒന്നുംതന്നെയില്ല കഥയിൽ. ആവശ്യമില്ലാത്തവ ഇഷ്ടംപോലെയുണ്ട് താനും. ആഫ്രിക്കയിൽ എവിടെയോ പ്രേഷിത പ്രവർത്തനങ്ങളുമായിരിക്കുന്ന അർദ്ധ സഹോദരൻ , ആ അച്ചന്റെ പ്രഭാഷണം, അവരുടെ ചെറുപ്പ കാലത്തിലെ കുറേ കാര്യങ്ങൾ, എന്നിങ്ങനെ തികച്ചും അനാവശ്യമായ ഒരുപാട് വിശദീകരണങ്ങൾ കഥയെ വിരസമാക്കിക്കളയുന്നു.

പക്ഷേ എട്ട് പേജുള്ള ഈ കഥയിലെ ഏഴാമത്തെ പേജ് വായിച്ച് അതീവ സന്തോഷവാനായി ഞാൻ. ഒരു കവിത പോലെ, അനന്തമായ ഒരനുഭൂതി എന്നെ തഴുകി. സുന്ദരങ്ങളായ വാക്യങ്ങളും അതിന്റെ ഘടനയും കണ്ട് ഞാൻ അത്ഭുതപ്പെട്ടു. പ്രിയപ്പെട്ട വായനക്കാരുടെ അറിവിലേക്കായി പറയട്ടെ, ആ ഒരു പേജ് മുഴുക്കെ ബൈബിൾ വചനങ്ങൾ പകർത്തി വെച്ചിരിക്കുകയാണ് കഥാകൃത്ത്!

പ്രമോദ് രാമൻ

ദേശാഭിമാനി വാരികയിൽ പ്രമോദ് രാമൻ എഴുതിയ ‘കന്യാലാലി’ വിശദമായ കുറിപ്പ് അർഹിക്കുന്ന കഥ തന്നെയാണ്. ഭാഷ, അതിലെ കഥാപാത്രങ്ങൾ എന്നിവ കഥയോട് വളരെയേറെ നീതി പുലർത്തുന്നു എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. കഥാപാത്രത്തിന്റെ സൂക്ഷ്മ വിചാരങ്ങൾ വായനക്കാരന്റെ യുക്തിക്ക് വിട്ടുകൊടുത്ത്, മാറിനിൽക്കുന്ന എഴുത്തുകാരനെയാണ് കഥാന്ത്യത്തിൽ നാം കാണുന്നത്.

ഗ്രാമ്യഭാഷയിൽ പൗരുഷം എന്ന സംഭവം തീരെ ഇല്ലാത്ത ഒരു അമ്പത്തിയഞ്ചുകാരൻ മകളുടെ പത്തൊമ്പതാമത്തെ പിറന്നാളിന് ശേഷം അവളോട് ഒരു കാര്യം ആവശ്യപ്പെടുന്നു. കുടുംബനാഥൻ എന്ന നിലയിൽ അത്രക്കൊന്നും പരിഗണിക്കപ്പെടാത്ത ബെന്നിച്ചൻ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നത് എന്ത് എന്ന് കണ്ടെത്തേണ്ടത് വായനക്കാരനാണ്‌. അത് ഏറ്റവും മ്ലേച്ഛമായ രീതിയിൽ വേണമെങ്കിൽ കാണാം. അല്ലെങ്കിൽ ഏറ്റവും ഉദാത്തമായ നിഷ്കളങ്കതയിലും.

സ്വന്തം മകളോടും, അതേ പ്രായമുള്ള പേര മരത്തോടും പറഞ്ഞറിയിക്കാൻ വയ്യാത്ത വിധം ആത്മബന്ധവും വാത്സല്യവും ഉള്ള ബെന്നിച്ചനെ കഥാകൃത്ത് പരിചയപ്പെടുത്തുന്നത് തന്നെ വിചിത്രമായ രീതിയിലാണ്. പേരമരത്തിൽ രണ്ട് വിരുദ്ധ ദിശകളിലേക്ക് പോകുന്ന ശാഖകളെ കാണുമ്പോൾ അവയുടെ സംഗമസ്ഥാനത്തു നനവ് നോക്കുന്ന ബെന്നിച്ചനും, ഇളം ചൂട് വെള്ളം വീഴുമ്പോൾ രണ്ടു തുള്ളി മൂത്രമിറ്റിപ്പോകുന്ന ബെന്നിച്ചനും ഒന്ന് തന്നെ. ചിത്രത്തിലെ കന്യാമറിയത്തെ പോലെ കുഞ്ഞുലാലിയെ ദുപ്പട്ടയുടുപ്പിച്ച് സ്വയം യേശു ആകുന്ന ബെന്നിച്ചന്റെ മനസ്സിൽ, ഹോസ് കൊണ്ട് വെള്ളമൊഴിച്ചു കുളിപ്പിക്കുന്ന ലാലിക്കൊച്ചാണ്. അതിനാൽ അവളുടെ കുഞ്ഞു മാറിൽ അന്ന് താൻ കണ്ട സ്വർണ്ണ ച്ചെമ്പോത്തിനെ വീണ്ടും കാണണം എന്ന് പറയുമ്പോൾ, ദൈവികതയിലേക്ക് ഉയർന്ന നിഷ്കളങ്കതയാണോ, ഒരു പിശാചിന്റെ ആഗ്രഹം എന്നതുപോലെ, മകളോട് തോന്നുന്ന കാമമാണോ എന്നറിയാതെ പോകുന്നു വായനക്കാരന്. കഥ എന്ന നിലക്ക് ഈയാഴ്ച വായിച്ചതിൽ കൊള്ളാവുന്നത് ഇത് മാത്രം. കഥാപാത്രങ്ങളുടെ നിർമ്മാണത്തിലും അവരുടെ സംഭാഷണത്തിലും ബെന്നിച്ചന്റെ മനോവ്യാപാരങ്ങളെ നിഗൂഢമായി വെക്കുന്നതിലും കഥാകൃത്ത് പ്രാഗത്ഭ്യം പുലർത്തുമ്പോഴും, കഥാവസാനത്തിലെ വിഷക്കുപ്പി ഗംഭീരൻ ക്ലിഷേ ആണെന്ന കാര്യം പറയാതെ വയ്യ.

അനിൽ കാഞ്ഞിരശ്ശേരി എഴുതിയ ‘ഹൊസ്സന ഹള്ളിയിലെ വേനൽമഴ’ ആണ് ദേശാഭിമാനിയിലെ രണ്ടാമത്തെ കഥ. കഥയുടെ തുടക്കത്തിൽ തന്നെ സവിശേഷമായ അലങ്കാര പ്രയോഗം എന്ന മട്ടിൽ കഥാകൃത്ത് ചേർക്കുന്ന വാചകത്തിൽ കൃത്രിമത്വം കാണുന്നു വായനക്കാരൻ. “അവസാനിക്കില്ല എന്ന് തോന്നിച്ചിരുന്ന വയൽ വനാതിർത്തിയോട് ചേർന്നുള്ള പുഴയുടെ കരയിൽ ലയിച്ചു.” ഇത്തരം പ്രസ്താവനകൾ, സ്വാഭാവികമായി ഒഴുകേണ്ടുന്ന കഥാ പറച്ചിലിൽ ഏച്ചുകെട്ട് തോന്നിപ്പിക്കുന്ന കൃത്രിമത്വം തന്നെയാണ്.

മാനന്തവാടിയിൽ നിന്നും, തനിക്ക് പരിചയമില്ലാത്ത ഹൊസ്സന ഹള്ളിയിലേക്ക് പോകുന്ന നളിനാക്ഷൻ എന്ന ശാന്തിക്കാരന്റെ കഥ. അയാൾ കണ്ടുമുട്ടുന്ന വേലായുധൻ എന്ന വിടൻ. ബസ്സ് കാത്തു നിൽക്കുന്ന അവരുടെ മുമ്പിൽ വന്നു നിൽക്കുന്ന ജീപ്പിൽ ബോബിച്ചനും ജോണിയും പിന്നെ ഒരു പെൺകുട്ടിയും. നഴ്സിംഗ് പഠിക്കുന്ന കുട്ടിയെ അസമയത്ത് രണ്ടു പുരുഷന്മാർക്കൊപ്പം ജീപ്പിൽ കണ്ട് വായനക്കാർ ഞെട്ടണ്ട. പഠനാവശ്യങ്ങൾക്ക് കാശുണ്ടാക്കാൻ തന്റെ ശരീരം വിൽക്കുന്നവളാണത്രേ ഈ റോസി. ഇവരെല്ലാവരും വേലായുധന്റെ വീട്ടിൽ അന്നേ ദിവസം രാത്രി മദ്യപിക്കാൻ നിൽക്കുമ്പോൾ അവർക്ക് ഓംലറ്റ് ഉണ്ടാക്കി കൊടുക്കുന്നു ഈ പെൺകുട്ടി. പിന്നെ നമ്മുടെ നളിനാക്ഷൻ എന്ന നന്മ നിറഞ്ഞ കഥാപാത്രവുമായുള്ള റോസിയുടെ സംഭാഷണം. കവിത ചൊല്ലൽ. കവിതയെഴുതുക എന്ന ഭ്രാന്ത് കൂടെയുണ്ടത്രേ ആ കുട്ടിക്ക്! എങ്ങനെയുണ്ട് കഥ? അതിഗംഭീരൻ പൈങ്കിളി എന്ന വിശേഷിപ്പിക്കാവുന്ന ഈ കഥക്കിടയിൽ ഉന്നതവിദ്യാഭ്യാസം നേടിയിട്ടും ശാന്തിക്കാരനാവേണ്ടിവന്ന നളിനാക്ഷന്റെ സങ്കടമുണ്ട്. കർഷകരെ കുറിച്ചും രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുമുള്ള നേഴ്സ് പെൺകുട്ടിയുടെ ഗിരിപ്രഭാഷണം ഉണ്ട്. കഥ വന്നത് ദേശാഭിമാനി വാരികയിൽ ആണല്ലോ. ഇതിനേക്കാൾ ഭീകര കഥകളും വാരികയിൽ സമീപകാലത്ത് വന്നിട്ടുണ്ടല്ലോ എന്ന് വായനക്കാർക്ക് ആശ്വസിക്കാം.

മാധ്യമത്തിലെ അഞ്ചു കഥകളുൾപ്പെടെ ഇത്രയും കഥകൾ വായനക്കാരന് ഈയാഴ്ച വായിക്കാൻ ലഭിച്ചു. കൂട്ടത്തിൽ എത്രയെണ്ണമുണ്ട് കഥ എന്ന് പറയാവുന്നതായിട്ട്? ചെറിയ ന്യൂനതകൾ ഒഴിച്ചുനിർത്തിയാൽ അത്യാവശ്യം നല്ല കഥയായിരുന്നു കന്യാലാലി എന്ന് പറയാം. അതുകഴിഞ്ഞാൽ മാധ്യമം വാരികയിലെ പ്രവീൺ ചന്ദ്രന്റെ ജ്വാലാ ലൈബ്രറിയിലെ തീപിടുത്തം. ബാക്കിയുള്ള കഥകൾ വായനക്കാരനെ ഒരുതരത്തിലും സ്വാധീനിക്കാത്ത ചർവിതചർവണമോ ശുദ്ധപൈങ്കിളിയോ, സൃഷ്ടാക്കളായ എഴുത്തുകാർക്ക് മാത്രം ധൈഷണികം എന്ന് തോന്നുന്ന കഥാ ശൂന്യതയോ ആണ്. അതിനാൽ ഒരു കുഞ്ഞു ക്ഷമാപണം ആവശ്യമാണ്. മേൽപ്പറഞ്ഞ രണ്ട് ‘ഇന്റലക്ച്വൽ’ കഥകൾ വായിച്ചതിനു ശേഷം ഞാൻ ഒന്നുകൂടി കർണനും വികർണനും വായിച്ചു. കഴിഞ്ഞ ആഴ്ച ആ കഥയെക്കുറിച്ച് മോശം പറഞ്ഞുവല്ലോ എന്ന് ദുഃഖിച്ചു. ഇത്രക്കും ക്ഷുദ്രങ്ങളായ കൃതികൾ വായിക്കാൻ ഇവിടെ ആളുണ്ടായിരിക്കെ, കർണനും വികർണനും എന്ന കഥയെക്കുറിച്ച് മോശം പറഞ്ഞുവല്ലോ എന്ന സങ്കടം എനിക്ക്.

അതിനാൽ പ്രിയപ്പെട്ട ആനന്ദ് എന്നോട് പൊറുക്കുക.

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like