ശോണിമയിലാളുന്ന സൂര്യൻ്റെ ശാന്ത ഗംഭീരതയിൽ ലയിച്ച് ഹേമ ഈ ഇരിപ്പ് തുടങ്ങിയിട്ട് കുറച്ചധികം സമയമായി.
ഇതിനിടയിൽ തിരകൾ അലറിക്കുതിച്ചും ശാന്തമായും അവളിലേക്കെത്തിത്തിരിച്ചു പോയി. മനുഷ്യമനസ്സുകളിലെ ശീതയുദ്ധങ്ങൾ എങ്ങനെയെല്ലാമാണ് മനുഷ്യരെ ഉലച്ചു കളയുന്നത്! തക്കതായ കാരണങ്ങൾ കൊണ്ടാണോ ശരിക്കും ലോകത്ത് യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്? ഇന്നിപ്പോൾ കലഹങ്ങളേക്കാൾ യുദ്ധങ്ങളല്ലേ. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള പിടിച്ചടക്കൽ യുദ്ധങ്ങൾ. ദാമ്പത്യ കലഹം ഇപ്പോൾ യുദ്ധമായി പരിണമിച്ചിരിക്കുന്നു.
ഭക്ഷണം തീർന്നു പോയതിൻ്റെ പേരിൽ, ഭക്ഷണത്തിന് രുചി പോരാത്തതിൻ്റെ പേരിൽ, എന്നിങ്ങനെ എവിടെയും ആയുധം വിരൽത്തുമ്പിലായിക്കഴിഞ്ഞു.ഒരേ പ്ലേറ്റിലുണ്ട് ഒരേ പായയിൽ ഉറങ്ങിയ സഹോദരങ്ങൾ തമ്മിൽ, അയൽക്കാരനുമായുള്ള വേലിത്തർക്കത്തിൽ, ഒരു പിടി മണ്ണിൻ്റെയോ, ഒരു സെൻറ് ഭൂമിയുടെയോ അതിൻ്റെ പതിനായിരത്തിലൊരംശം, അല്ലെങ്കിൽ ലക്ഷത്തിലൊരംശം വരുന്ന ലാഭത്തിൻ്റെയോ നഷ്ടത്തിൻ്റെയോ പേരിൽ.. കണക്കുകൂട്ടലുകളിലല്ല, ആ നിമിഷം കേവലം ഒരു മനുഷ്യനെ ഭരിക്കുന്ന വാശിയിലാണ് കാര്യം.
ആ നിമിഷം തന്നെത്തന്നെ പൊതിഞ്ഞിരുന്ന മനുഷ്യനെന്ന കവചം അഴിഞ്ഞു വീഴുന്നു. അതുപോലെയാണ് ഏത് യുദ്ധങ്ങളും എന്ന് പറയാമോ? എന്തായാലും ഓർക്കാപ്പുറത്താണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. യാതൊരു മുൻധാരണകളോ തയ്യാറെടുപ്പുകളോ ഇല്ലാതെ.
ശീതസമരത്തിലാണ് തുടങ്ങിയത്. കൊട്ടാര ഗോപുരങ്ങളോ കമാനങ്ങളോ തകർത്തില്ല. ഭീതി വിതച്ചു കൊണ്ട് യുദ്ധവിമാനങ്ങൾ ചീറിപ്പാഞ്ഞില്ല. പടക്കോപ്പുകളുമായി യുദ്ധക്കപ്പലുകൾ യുദ്ധ സജ്ജരായില്ല.
അതിർത്തികൾപിടിച്ചെടുക്കാനുള്ള യാതൊരു ഉദ്ദേശ്യവുമില്ലതന്നെ.
തൻ്റെ വികാരവിചാരങ്ങളെ ഒരു യന്ത്രത്തെപ്പോലെ നിർവികാരമായി നിയന്ത്രിക്കാൻ കഴിയുന്ന ഒരാളായിരുന്നുശത്രു.
എങ്കിലും രണ്ടു മനസ്സുകളിൽ അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട ശീതയുദ്ധത്തിൻ്റെ മഹാസ്ഫോടനത്തിൽ ലോകം രണ്ടായി പിളർന്നു. ആ രണ്ട് അർദ്ധഗോളങ്ങളിലായി രണ്ടു ജീവികൾ ഇരുട്ടിലും ശിശിരത്തിലും ഉഴന്നു. ഇഷ്ടമനുഷ്യർ തമ്മിലുള്ള മനോ യുദ്ധത്തിൽ മുറിവുകൾക്ക് ആഴം കൂടും.ഏതാനും ദിവസങ്ങൾക്ക് മുൻപ് വരെ അതങ്ങനെയായിരുന്നില്ല.
ഉണർന്ന് നോക്കുമ്പോൾ ആദ്യം ഉണരുന്നയാൾ മറ്റേയാളുടെ ഉമ്മറക്കോലായിൽ കൊളുത്തി വയ്ക്കുന്ന തെളിഞ്ഞു കത്തുന്ന ഒരു മൺചിരാത്.അല്ലെങ്കിൽ ഹൃദയത്തിൽ ഏറെ സന്തോഷം അനുഭവിക്കുന്ന ചില പ്രത്യേക നിമിഷങ്ങളിൽ തേച്ചുമിനുക്കിത്തിളങ്ങുന്ന ഏഴു തിരിയിട്ട നിറ നിലവിളക്കായി മാറുന്ന ആ ദിവ്യജ്യോതിസ്സ്.
അതു വരെയുണ്ടായിരുന്ന മനസ്സിലെ വെളിച്ചം ഒരു മാത്ര അണഞ്ഞ്, എല്ലാം മറന്ന്, ഹേമയുടെ ഉള്ളിലെ ബഹുസ്വരങ്ങൾ പെട്ടെന്നാണ് പടക്കോപ്പുകളേന്തി യുദ്ധത്തിലേക്ക് പാഞ്ഞടുത്തത്. സത്യത്തിൽ അതിൽ ഏത് സ്വരമാണ് തന്നോട് ആ നിമിഷത്തിൽ യുദ്ധത്തിന് വേണ്ടി ആയുധമെടുക്കാനായി ആജ്ഞാപിച്ചത് എന്ന് ഓർത്തെടുക്കാനാവുന്നില്ല.
ഹൃദയമപ്പോൾ ചിറകുകൾ ഒതുക്കി തളിരുകളെയും പൂക്കളെയും തലോടിക്കൊണ്ട് സായാഹ്ന സവാരിക്കിറങ്ങിയിറങ്ങിയതായിരുന്നു.തിരിച്ചു വന്ന ഹൃദയം യുദ്ധത്തിൽ രണ്ടായി പിളർന്ന് ചോര ചീറ്റുന്ന പാതി ശരീരത്തെക്കണ്ട് വിറങ്ങലിച്ചു.സ്നേഹസ്വരങ്ങൾ പുറപ്പെടുവിക്കാനാഞ്ഞ ഹൃദയത്തിൻ്റെ വാ മൂടിക്കൊണ്ട് ഒരു ബുള്ളറ്റ് ഒരു കുഞ്ഞു വാക്കായി പാഞ്ഞുതറയ്ക്കുകയായിരുന്നു.
ഹേമ മറിഞ്ഞു വീണു. മണിക്കൂറുകൾക്ക് ശേഷം പുലരിയിലേക്കാണുണർന്നത്. കൈ കുത്തി എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ മണൽത്തരികൾ ഉരഞ്ഞ ശരീരം. പെട്ടെന്ന് നെഞ്ചിൽ തടവി നോക്കി. ഒരിറ്റ് രക്തം പോലും വമിപ്പിക്കാതെ കാര്യം സാധിച്ചിരിക്കുന്നു. അടുത്ത് ആരോ ഇരിക്കുന്നുണ്ട് എന്ന തോന്നൽ അബോധത്തിലായിരുന്നു.
ഹേമ പതിയെ എഴുന്നേറ്റു. നടന്നിട്ടും നടന്നിട്ടും വീട് കണ്ടെത്താനാവുന്നില്ല. കഴിഞ്ഞ ജന്മത്തിൽ തനിക്ക് ഉണ്ടായിരുന്ന ആ വീട് തേടി നടപ്പാരംഭിച്ചു. അവൾക്ക് വഴികൾ തെറ്റി. ഇലകൾ താഴ്ത്തി മഞ്ഞുകണങ്ങൾ ഇററിച്ച് തന്നെ തലോടാനാഞ്ഞ ശിഖരങ്ങളെ വകഞ്ഞു മാറ്റി ആ കൊടും കാട്ടിലൂടെ അവൾ നടന്നെത്തിയത് ഒരു തെളിനീരുറവയിലേക്കാണ്. സമൃദ്ധമായ തെളിഞ്ഞ തണുപ്പാർന്ന ജലം. വിയർത്ത്, ക്ഷീണിച്ച് തളർന്ന ഹേമ ആ തെളിനീരുറവയിലേക്ക് സൂക്ഷിച്ചു നോക്കി.ചെറിയ പരൽ മീനുകൾ ഓടിക്കളിക്കുന്നു.കൺമഷി പുല്ലുകൾ അറ്റത്ത് സ്ഫടികത്തുള്ളികളുമായി ഇളവെയിലിൽ തിളങ്ങുന്നു. പല വലിപ്പത്തിലുള്ള വെള്ളാരങ്കല്ലുകൾ. ജല സ്പർശത്തിൽ രൂപമാറ്റം വന്നവ.ഒരു കൈക്കുടന്ന നിറയെ വെള്ളം കോരി അവൾ മുഖത്തൊഴിച്ചു.
പിന്നെ മതിയാവോളം കോരിക്കുടിച്ചു. മുറിവുകളിൽ ഒരു ശാന്തത. അവൾ മെല്ലെ മെല്ലെ ഒരു വിശ്രാന്തിയിലേക്ക് വഴുതുന്നതറിഞ്ഞു.
തൻ്റെ ആക്രമണോത്സുകത ആപത്കരമായി മണ്ണിലേക്കും ധാതുവിലേക്കും പടരാതിരിക്കാൻ കിണഞ്ഞു പരിശ്രമിച്ചു കൊണ്ട്, ഹേമ തൻ്റെ വ്യാമോഹത്തിൻ്റെ, സന്ദേഹത്തിൻ്റെ, ഭയത്തിൻ്റെ സങ്കടങ്ങളുടെ ആ പുറന്തോട് പതുക്കെ ഉപേക്ഷിച്ച് പുറത്തിറങ്ങി.
ഭൂമിയുടെ ഇളം ചതുപ്പിലേക്ക്, പശിമയിലേക്ക്,മററ് ജീവബിന്ദുക്കളോടൊപ്പം പതിയെ പതിയെ ഊർന്നിറങ്ങി. മണ്ണിൻ്റെ തനുവും ജലത്തിൻ്റെ തണുപ്പും വിലോലയായ ഒരു പെണ്ണിനെ ഏറ്റുവാങ്ങി.
നാളെ വീണ്ടും ഒരു തളിർപ്പായി
കുഞ്ഞുമരമായിവന്മരമായി
ഇലകൾ പൊഴിച്ച്
ധ്യാനത്തിലമരുന്നത് എത്ര ജന്മങ്ങൾക്ക് ശേഷമാവും.
കവര്‍: ആദിത്യ സായീഷ്
ചിത്രം: വർഷ മേനോൻ