പൂമുഖം LITERATUREനിരൂപണം കഥാവാരം – 21

കഥാവാരം – 21

കലയിലെ ലൈംഗികത കണ്ട് നെറ്റി ചുളിക്കുന്നവരുടെ കാലം ദശാബ്ദങ്ങൾക്ക് മുൻപേ കഴിഞ്ഞതാണ്. മറ്റേതൊരു വികാരത്തെയും പോലെ, തീക്ഷ്ണമായി രതിയെയും കലയിൽ അവതരിപ്പിക്കുന്നത് യാതൊരു ബുദ്ധിമുട്ടുമില്ലാതെ സഹൃദയർ ആസ്വദിക്കുന്നു. പക്ഷേ, കലാപരമായ സൗന്ദര്യം വഴി അനുവാചകനെ ഹർഷോന്മാദനാക്കുക എന്നതിന് പകരം, രതിവർണ്ണനകൾ കൊണ്ട് വായനക്കാരിലെ മൃദുല വികാരങ്ങളെ ഉണർത്തുക എന്നത് സാഹിത്യമോ കലയോ ആകുന്നില്ല. ‘ലൊലീത’, ‘ലേഡിചാറ്റർളിയുടെ കാമുകൻ’ എന്നിവയെ ഗംഭീരം എന്ന് നിരൂപകർ വിശേഷിപ്പിക്കുന്നു. അതേ സ്ഥാനത്ത് ഹാരോൾഡ് റോബിൻസിന്‍റെ കൃതികളെ ഇറോട്ടിക് എന്നും. കഥയിൽ പ്രധാന പ്രതിപാദന വിഷയം തന്നെ രതി ആണെങ്കിൽ പോലും, കഴിവുറ്റവർ അത് ചെയ്യുമ്പോൾ വായനക്കാരന് ഹർഷം. പ്രാഗത്ഭ്യമില്ലാത്തവർ എന്ത് വർണിച്ചാലും വൈരൂപ്യത്തിന്നാസ്പദം.

രതിവർണനയാണെങ്കിൽ ഒരു പടികൂടി കടന്ന് അത് വൾഗർ ആയി മാറുന്നു. ഇതിവിടെ പറയാൻ കാരണം, ചില വാരികകളുടെ പത്രാധിപൻമാർ കരുതുന്നു, കഥ ആകണമെങ്കിൽ അതിൽ സെക്സ് അത്യന്താപേക്ഷിതമാണെന്ന്. രതി, ലെസ്ബിയനിസം, ഗെയിസം, ഇവ മാത്രമേ ചുറ്റുവട്ടത്തുള്ളൂ എന്ന വികല്പമാണിവർക്ക്. ആ ഒബ്സെഷൻ ചൂഷണം ചെയ്യുന്നു എഴുത്തുകാർ. വെറും പുക മാത്രമായ കഥകളിൽ മേൽപറഞ്ഞ എന്തെങ്കിലുമൊന്ന് തിരുകിക്കയറ്റി വാരികകൾക്ക് അയക്കുന്നു. അത് മഹാ സംഭവമാണെന്ന് കരുതി പ്രസിദ്ധീകരിക്കപ്പെടുന്നു.

ആനന്ദ് മാതൃഭൂമി വാരികയിൽ എഴുതിയ ‘കർണ്ണനും വികർണ്ണനും’ എന്ന കഥ, അത് വായനക്കാരിലേക്ക് എത്തിക്കുന്ന സവിശേഷമായ രാഷ്ട്രീയ ബോധവും ദർശനങ്ങളും കൊണ്ട് ശ്രദ്ധേയമാണ്. ശക്തിയുടെ, അധികാരത്തിന്‍റെ, പ്രതീകമായ കർണനും സാധാരണ പൗരനായ വികർണനും ജീവിതത്തിൽ പരസ്പരം ഇടപെടുന്ന മൂന്ന് സന്ദർഭങ്ങൾ പറയുന്നു ആനന്ദ്. കഥയെന്ന നിലയ്ക്ക് സാഹിത്യത്തിൽ ഈ സൃഷ്ടിക്ക് എന്ത് സ്ഥാനം എന്ന ചോദ്യം അപ്രസക്തമാണ്. പക്ഷേ, സുദീർഘമായ ഇടവേളയ്ക്ക് ശേഷം ഒരു പ്രതിഭാധനനായ സാഹിത്യകാരന്‍റെ എഴുത്ത് വായിക്കുക എന്ന സന്തോഷമുണ്ട് ഇവിടെ.കാല്പനികമോ കപടമോ ആയ ദേശീയത, ആപേക്ഷികമാണെന്ന് പറയുന്നു ആദ്യത്തെ കഥയിൽ. അടിത്തട്ടിൽ സ്ത്രീ / വ്യക്തി സ്വാതന്ത്ര്യങ്ങളെക്കുറിച്ചുള്ള ചില സൂചകങ്ങളും.

അധികാരത്തിന്‍റെ ഓരം പറ്റി വിധിന്യായം പുറപ്പെടുവിക്കുന്നതിനാൽ ഉദ്യോഗത്തിൽ പെട്ടെന്ന് ഉയർച്ചയിലെത്തുന്ന കർണനും തഴയപ്പെടുന്ന വികർണനുമാണ് രണ്ടാമത്തെ കഥയിലുള്ളത്. സമകാലിക രാഷ്ട്രീയാവസ്ഥകൾ, സൂചകങ്ങൾ വഴി ആനന്ദ് പറയുന്നു ഈ രണ്ട് കഥകളിൽ കൂടിയും. അവസാന കഥയിൽ നാടക അഭിനേതാക്കളാണിവർ. അരങ്ങിൽ ഏറ്റവും നന്നായി അഭിനയിക്കുന്നു കർണൻ. നാടകരംഗത്തോട് അത്രക്കും സമർപ്പിച്ച്, താൻ ഒരു വ്യക്തി എന്നതറിയാതെ, കേവലം കഥാപാത്രം മാത്രമായിരിക്കുന്നതിനാൽ കൊല്ലപ്പെടുന്നു. എതിരാളിയായ നടന്‍റെ വാളേറ്റ് വീഴുക എന്നതിലപ്പുറം നിലനിൽപ്പില്ല അയാൾക്ക്. വികർണന് പക്ഷേ, സ്വന്തം വ്യക്തിത്വമാണ് പ്രധാനം. സംവിധായകന്‍റെ ആജ്ഞാനുസാരിയല്ല അയാൾ. അധികാര നിയന്ത്രണങ്ങൾക്കപ്പുറം ഇൻഡിവിജ്വാലിറ്റിയുള്ള ഈ പൗരൻ ആൾക്കൂട്ടത്താൽ കൊല്ലപ്പെടുന്നതോടെ കഥ തീരുന്നു.

രാഷ്ട്രീയ സ്വഭാവമുള്ള, സമകാലിക ഇന്ത്യയുടെ യഥാർത്ഥചിത്രങ്ങളാണിവ. ഇതാണ് ഇന്ന്, ഇതാണ് ലോകം എന്ന് സ്വാഭാവികമായി വായനക്കാർ അറിയുന്നു ഈ കഥ വഴി. അതിനപ്പുറത്തേക്ക്, സ്വയം ചിന്തിക്കാനും ആവശ്യപ്പെടുന്നുണ്ട് ഇക്കഥ. അപ്പോഴും, കഥയുടെ ‘സ്നിഗ്ദ്ധത’ എന്ന് പറയുന്ന സംഭവം ഇതിലില്ല. ധൈഷണികമായ എഴുത്ത്, വൈകാരികത കമ്മി. അതിനാൽ അത്തരത്തിലുള്ള അനുഭൂതിദായകമായ കഥ എന്ന് പറയുക വയ്യ. അപ്പോഴും, ധിഷണാശാലിയായ, ഏറ്റവും സീനിയർ ആയ എഴുത്തുകാരന്‍റെ സൃഷ്ടി വായിക്കാൻ പറ്റിയ സന്തോഷം എനിക്ക്.

സമകാലിക മലയാളം വാരികയിൽ രവി എഴുതിയ ‘കള്ളം’ എന്ന കഥ ആവശ്യമുള്ളവർക്ക് വായിക്കാം. നാട്ടിൽ മോഷണത്തിനിറങ്ങിയവരെക്കുറിച്ചുള്ള ടിവി വാർത്ത കേട്ട മായ, ഒറ്റക്ക് ഒരു വീട്ടിൽ താമസിക്കുന്നതിനാൽ ചെറുതായി ഭയക്കുന്നു. അതിന് ശേഷം മായയുടെ ഭൂതകാലക്കുളിർ ഓർമ്മയിൽ നിന്നും നമുക്ക് കാണിച്ചു തരുന്നു. ഉണ്യേട്ടനും മായയും തമ്മിലുള്ള രതിയെക്കുറിച്ചുള്ള ഓർമ. ഇഗ്ളീഷിൽ ‘പഥെറ്റിക്’ എന്ന പദം ഇല്ലായിരുന്നുവെങ്കിൽ, മായയും ഉണ്യേട്ടനും തമ്മിലുള്ള രതിയെ കുറിച്ചുള്ള സംഭാഷണം വിശദീകരിക്കാൻ ഞാൻ പ്രയാസപ്പെട്ടേനെ! പ്രണയമോ രതിയോ സാഹിത്യത്തിൽ സുന്ദരമായി വിശദീകരിച്ച എത്രയെത്ര കഥകളുണ്ട്! പ്രണയവും കാമവും സംഭാഷണത്തിൽ സുന്ദരമായി എഴുതിച്ചേർത്ത എത്രയെത്ര അവസരങ്ങൾ കഥയിൽ നമ്മൾ കണ്ടിട്ടുണ്ട്! മായയും ഉണ്യേട്ടനും തമ്മിലെ സംഭാഷണം വായിച്ചാൽ, കഴിച്ച ഭക്ഷണത്തെ പുറംതള്ളും വിധം ഓക്കാനമുണ്ടാക്കും. സ്കൂൾ കുട്ടികളുടെ കഥന രീതി സമകാലിക മലയാളം വാരികയിൽ കണ്ടു എന്ന് മാത്രം കരുതാം. സെക്സിനെ കുറിച്ചുള്ള ആ ചർച്ചയെ കുറിച്ച് ഓർത്തെടുക്കുന്ന മായയുടെ ആത്മഗതം നോക്കൂ. “എന്തൊരു രസികൻ തർക്കം!” സത്യസന്ധമായി പറഞ്ഞാൽ, ആ കുട്ടിയെ അടിയന്തിരമായി ഒരു ഷോക്ക് ട്രീറ്റ്‌മെൻറിനു വിധേയമാക്കണമായിരുന്നു കഥാകൃത്ത്.

നമ്മളൊക്കെ പൊതുവേ അവിഹിതബന്ധം എന്ന് പറയാവുന്ന തരത്തിലുള്ള രതിയിലേർപ്പെടുന്നതിനായി എയറോഡ്രോമിനടുത്തുള്ള ഒരു വീട്ടിൽ എത്തിച്ചേരുന്നു ഉണ്യേട്ടനും മായയും. തികഞ്ഞ വള്ളുവനാടൻ ഭാഷയിൽ രതി മാത്രം സംസാരിച്ചുകൊണ്ടിരിക്കുന്നു. എല്ലാ വാക്യത്തിനു ശേഷവും മോളൂ എന്ന് കേൾക്കുന്നതോടുകൂടി ഉണ്യേട്ടൻ എന്ന കഥാപാത്രത്തെ കുറിച്ച് നമുക്ക് ഒരു ധാരണ കിട്ടുന്നു. ദോഷം പറയരുതല്ലോ സെക്സ് മാത്രമല്ല അവർ സംസാരിക്കുന്നത്. “മണി വിളക്ക് വേണ്ട…” എന്ന ആ സിനിമാ ഗാനവും പാടുന്നുണ്ട് ഇയാൾ. ഒന്നിച്ചൊന്ന് കുളിക്കാൻ പൂതി. അതു വേണ്ട, കുളി കഴിഞ്ഞ് നമുക്ക് ചെയ്യാമെന്ന് കഥാനായികയും!

ഇതോടു കൂടി ഒന്നാം കഥക്ക് ഇടവേള. അതിനു ശേഷം മധുവിന്‍റെയും വിധുവിന്‍റെയും കഥയാണ്. കഥയുടെ ഭാഷ, വാചകങ്ങൾ, എഡിറ്റിംഗ് ഇവ സുന്ദരമാണോ? ഒരു ഉദാഹരണം. “അപ്പോൾ ഒരു കല്ല് പെറുക്കി എറിയുന്നതായി ആംഗ്യം കാണിച്ചപ്പോൾ നായ ദൂരേക്ക് ഓടി മാറി.”” പിന്നെ മുറിയിലേക്ക് മടങ്ങാം എന്ന് തോന്നിയപ്പോൾ അവർ ഉരുമ്മിയുരുമ്മി തിരികെ നടക്കാൻ തുടങ്ങി. വഴിയിൽ പടർന്നുപന്തലിച്ച ഒരു വലിയ മരം കണ്ടപ്പോൾ അവർ നിന്നു.” അപ്പോൾ എന്ന പദം ഉപയോഗിച്ചു കൊണ്ട് ഈ രണ്ട് വാക്യങ്ങൾ വീതം ചേർത്ത്, സങ്കീർണ വാക്യങ്ങൾ ആക്കിയിരിക്കുന്നു. അതും തുടരെത്തുടരെ! വാചകത്തിന് എങ്ങനെ സൗന്ദര്യം ഉണ്ടാക്കാം എന്നതിനെക്കുറിച്ച് ധാരണ ഇല്ലെങ്കിൽ വായന വളരെ വിരസമാകും.തൊട്ട് ശേഷമുള്ള വാചകം കൂടി നോക്കൂ. “അതിന്‍റെ തണലിൽ നിന്നുകൊണ്ട് അവർ അന്യോന്യം ആശ്ലേഷിച്ചു കൊണ്ട് ചുംബനത്തിൽ മുഴുകി.” ക്രാഫ്റ്റിങ് മാത്രമല്ല, വാക്യഘടനയും അമേച്വറിഷ്!

അതിനുശേഷം ഇവർ വീട്ടിലെത്തുമ്പോൾ ഒരു കള്ളൻ അവിടെ കിടന്നുറങ്ങുന്നു. വേറാരുമല്ല അത്. ഭാവിയിലെ മധു തന്നെ! ഇനി പറയുന്നത് ഒന്നാം കഥയുടെ ബാക്കി. കാമപരവശയായ മായ സ്വയംഭോഗത്തിന് ശേഷം കിടന്നുറങ്ങുന്നു. അവിടെ ഒരു കള്ളൻ വരുന്നു. അതിസുന്ദരിയായ അവളെ കണ്ട് വല്ലാത്ത അവസ്ഥയിലാവുന്നു. അവിടെ നിന്നും എന്തൊക്കെയോ കഴിച്ച് വിശപ്പ് മാറുന്നു. കഥാവസാനം കള്ളൻ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കുന്നു. ഇതാണ് കഥ. നേരത്തെ പറഞ്ഞ ‘പഥെറ്റിക്’ എന്ന പദം മൂന്നുവട്ടം ആവർത്തിക്കുന്നു ഞാൻ.

ഭാര്യയെ വളരെയേറെ സ്നേഹിക്കുകയും അവളുടെ ഇഷ്ടങ്ങൾ പരിഗണിക്കുകയും ചെയ്ത ഒരാളുടെ ഭാര്യ ‘സ്വാതന്ത്ര്യ രോഗം’ കാരണം അയാളെ ഉപേക്ഷിച്ചു പോകുന്നതും, അവളെ സംരക്ഷിക്കാൻ ഭർത്താവ് ശ്രമിക്കുന്നതുമാണ് ‘ദൈവത്തിന്‍റെ ഏകാന്തത’ എന്ന കഥ. മാധ്യമം വാരികയിലെ ഇക്കഥ എഴുതിയത് ഉണ്ണികൃഷ്ണൻ കിടങ്ങൂർ. ഒരു സിനിമാസംവിധായകനും ഇദ്ദേഹവും തമ്മിലുള്ള സംഭാഷണമാണ് കഥ. കഥാപാത്രങ്ങളെ, വിശ്വസനീയമായി നിർമിച്ചു കഴിഞ്ഞാൽ, കഥയിലെ സംഭാഷണങ്ങളിലോ, കഥാപാത്രം പറയുന്ന വസ്തുതകളിലോ ഉള്ള രാഷ്ട്രീയ ശരിയും ശരികേടുകളും കഥാകൃത്തിനെ ബാധിക്കുന്നതേ അല്ലായെന്ന് നമുക്കറിയാം.

അതിനാൽ, കഥാരചനയുടെ സാങ്കേതിക വശങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുള്ള കഥാകൃത്ത്, പ്രതിലോമപരം എന്ന് ചിലർ വ്യാഖ്യാനിച്ചേക്കാവുന്ന നിരീക്ഷണങ്ങളെ, സമർത്ഥമായി, കഥാപാത്രങ്ങളെക്കൊണ്ട് പറയിക്കുന്നുണ്ട്. ഭാര്യയെ ചതിയിൽ കൂടി പ്രാപിക്കാൻ ശ്രമിക്കുന്ന സംവിധായകനെ നമ്മൾ കഥാന്ത്യത്തിൽ കാണുന്നു. ഇത്ര നേരവും, ഇക്കാര്യം അറിഞ്ഞിട്ടും അത് പുറമേ പ്രകടിപ്പിക്കാതെ കഥ പറയുന്ന ഭർത്താവ്, അവസാനം അയാളെ വെടിവെച്ചു കൊന്നു കളയാൻ തീരുമാനിച്ചു വന്നതാണെന്നും, എങ്കിലും, കഥയിൽ പിന്നെയും ട്വിസ്റ്റ്‌ വരുന്നുണ്ടെന്നും വായനക്കാർ കഥാന്ത്യത്തോടെ അറിയുന്നു.

ആകസ്മികതകളുടെ സമാഹാരമാണ് ജീവിതം” എന്നിങ്ങനെയുള്ള ക്ലിഷേ പ്രയോഗങ്ങൾ ചില സ്ഥലങ്ങളിൽ വിരസമാക്കുന്നുണ്ടെങ്കിലും, വായിച്ചുപോകാവുന്ന കഥ തന്നെയാണ് ഇത്. (അപ്പോഴും, അനാവശ്യമായ പറച്ചിലുകൾ, ദൈർഘ്യം എന്നിവ ഒഴിവാക്കാമായിരുന്നു എന്ന് കൂട്ടിച്ചേർക്കുന്നു).

ബീനാ സജീവ് ദേശാഭിമാനി വാരികയിൽ എഴുതിയ കഥയാണ് കാഞ്ഞിരമരം. കഥയുടെ പോരായ്മ എന്താണെന്ന് ചോദിച്ചാൽ, പ്രൈമറി വിദ്യാർത്ഥികൾക്കുള്ള പുസ്തകം അല്ലല്ലോ ഇത് എന്ന് മാത്രമേ പറയാനുള്ളൂ. വാരികകൾക്ക് കഥ അയച്ചു കൊടുക്കുക എന്നത് എഴുത്തും വായനയും ഇഷ്ടപ്പെടുന്ന ഒട്ടു മിക്കവരും ചെയ്യുന്ന കാര്യമാണ്. ഇങ്ങനെയുള്ള ബാലിശമായ കഥകൾ, ആശയപരമായി പുതുമ ഇല്ലാത്തതും, ക്രാഫ്റ്റിംഗ് അവിദദ്ധമായതും. എഴുതാൻ തുടങ്ങുന്നവരെ പ്രസാധകർ വഴി തെറ്റിക്കുന്നതെന്തിന്?ഭാഷയും വാചകങ്ങളുമെല്ലാം ഏറെ മെച്ചപ്പെട്ടാൽ മാത്രമേ വാരികകളിൽ ഇത്തരം കഥകൾ പ്രസിദ്ധീകരിക്കപ്പെടുകയുള്ളൂ. എഡിറ്റർമാരെങ്കിലും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നന്ന്. സാഹിത്യവുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുള്ളവരാകട്ടെ എഡിറ്റർമാർ!

കവര്‍: ആദിത്യ സായീഷ്

Comments
Print Friendly, PDF & Email

കാസറഗോഡ് സ്വദേശി, ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്.

You may also like