പൂമുഖം LITERATUREകവിത മഴ ദംശിക്കുമ്പോൾ

മഴ ദംശിക്കുമ്പോൾ

മഴ, നിൻ നനവോർമ്മകൾ
നിറുകയിൽ പ്രണയ ചുംബനം
ഉടലുരുക്കുന്ന സ്പർശനം
ചുഴികളായ് മധുഞെട്ടുകൾ
നിറവിന്‍റെ പൊക്കിൾ പൊയ്കകൾ
നീർ ഞൊറിയിട്ട ചാരുകഞ്ചുകം
നീല നിർദ്ദരനിതംബഭംഗികൾ
കാൽ പിണച്ചു മീട്ടിയ തംബുരു
പൊൻ ചിലമ്പൊലി നർത്തനം

ഇണ മീനുകളാം മിഴിപ്പീലികൾ
പിടഞ്ഞിടയവേ
ഘനഹിമമുരുകുംപോലധരം
തേനിറ്റവേ
വേരോളം നീണ്ട ഹർഷങ്ങൾ
ആത്മാവിൽ പൂത്ത മുല്ലകൾ
നിന്നോളം തൊട്ടതില്ലാരുമേ
നീയാവാൻ ആയില്ലാർക്കുമേ

മൃതി പോൽ പൊള്ളുമോർമ്മകൾ
മഴ, നിൻ മേഘദംശനം
മരുഭൂമി തീർത്ത വർഷങ്ങൾ
തനിയെ നനഞ്ഞ നോവുകൾ

മഴയുരുൾ ചീന്തിയ കാട്ടു ചേലാഞ്ചലം
മഴ, നീ പായിച്ച മൃത്യു വഞ്ചികൾ
മണൽതിരകൾ തല്ലിയ തീരതല്പങ്ങൾ
മഴയുറഞ്ഞ വെൺകച്ചകൾ

നിർത്തു മാരീചമായകൾ
വരിക പൂർവ്വപ്രണയിയായ്
നൂലിഴ പോൽ നിന്നു പെയ്ക നീ
മെല്ലെ നിറയട്ടെ ഹൃത്തടം.

കവർ : ആദിത്യ സായീഷ്

Comments
Print Friendly, PDF & Email

You may also like