ഒന്ന് പറയട്ടെ? ചിലതിൽ അസാദ്ധ്യഭാഗ്യമുള്ള ഒരുവളാണ് ഞാൻ. ചിലതിൽ തീരേയുമില്ല കേട്ടോ. ഇല്ലാത്തവയെ ഉള്ളവയിൽ കുടുക്കി നാടുകാണാൻ വിടുകയാണ് ഇഷ്ടവിനോദം. അതിങ്ങനെ തുടർന്നുകൊണ്ടേയിരിക്കുന്നു. അച്ഛൻ പ്രസവിച്ച പെൺമക്കൾ ഒരേസമയം ഭാഗ്യവതികളും നിർഭാഗ്യവതികളുമാണെന്ന് തോന്നുന്നു. അപ്പൂപ്പൻതാടികൊണ്ടാണ് അവരുടെ ഹൃദയം പണിതിരിക്കുന്നത്. എന്തേ? ഇത്രടം കേട്ടിട്ട് ഇവളൊരു വട്ടത്തിയാണെന്നാണോ ചിന്തിക്കുന്നത്? അപ്പോൾ മുഴുവനും കേട്ടാലോ…. ചങ്ങല എടുത്തിട്ട് വരുമായിരിക്കും അല്ലേ?
വേണ്ട വേണ്ട … ആ കളിക്ക് ഞാനില്ല കേട്ടോ…അതീവ ഗൗരവമുള്ളൊരു വിശേഷം പറയുവാനാണ് ഞാൻ ഈ വിധം വളഞ്ഞു മൂക്കിൽപ്പിടിക്കുന്നത്… കേട്ടതിനു ശേഷം നിങ്ങൾ പൊട്ടിച്ചിരിച്ച് പറയുമായിരിക്കും, ഇതാണോ ഇത്ര ഗൗരവമുള്ള കാര്യമെന്ന്… എങ്കിലും പറയുകയാണ്…….. ഒരു കഥയെന്ന് കരുതിക്കോളൂ. ജീവിതമെന്ന് കരുതിയാൽ നിലയില്ലാത്ത കയത്തിൽ അകപ്പെട്ട ആ ആളെയോർത്ത് എന്നെപ്പോലെ നിങ്ങളും പിടഞ്ഞുപോയാലോ!
ഇന്നലത്തേതുപോലെ ഇടിച്ചുകുത്തിപ്പെയ്ത മഴയുള്ളൊരു ദിവസമായിരുന്നു അന്നും. കാറ്റും മഴയും ഒരുമിച്ചെത്തിയാൽ കെ എസ് ഇ ബി ക്ക് അവരുടെ സ്ഥിരംപണി ചെയ്യാതെ പറ്റില്ലല്ലോ… കറണ്ടു പോയി. ആ നേരത്താണ് ഫോൺ ബെല്ലടിച്ചത് ആരാ എന്താ എന്നൊക്കെ തിരക്കുന്നതിന് മുൻപേ “അമുദം” മരിച്ചു. എന്ന് മാത്രം ധൃതിയിൽ പറഞ്ഞ് വിളിച്ച ആൾ ഫോൺ കട്ട് ചെയ്തു. അതൊരു സ്ത്രീ ശബ്ദമായിരുന്നോ ,അതോ പുരുഷശബ്ദമോ ഒന്നും തിരിഞ്ഞില്ലല്ലോ..
ആര് മരിച്ചൂന്നാണ് പറഞ്ഞത്?”അമുദം” അങ്ങനെതന്നെയല്ലേ ഞാൻ കേട്ടത്…അതാരാണ് അമുദം?ആരാവും ഫോൺ ചെയ്തത്…. എങ്ങനെയാവും മരിച്ചത്?ഒരു വല്ലാത്ത ദിവസംതന്നെ… മഴയും,ഇരുട്ടും, കൂടെയിപ്പോൾ ഇതും..
“അമുദം” ഏറ്റവും ഇഷ്ടമുള്ള പേരുകളിലൊന്നാണ്.പേരു സൂചിപ്പിക്കുംപോലെ അമൃത് തന്നെയായിരുന്നിരിക്കുമോ ആത്മഹത്യ ചെയ്ത ആ സ്ത്രീ?ചെറുപ്പമായിരിക്കും. വയസ്സിയായിരുന്നെങ്കിൽ വിളിച്ചയാൾ പേര് മാത്രമായി പറയില്ലായിരുന്നു, അതുറപ്പ്. അമുദം….
ആത്മഹത്യ ഒന്നിനുമൊരു പരിഹാരമല്ലെന്ന് ഞാനിടക്കിടെ എന്നോടുതന്നെ പറയാറുണ്ട്. എന്നിട്ടും ചിലനേരം ഒരു കൊതി തോന്നും. സ്വച്ഛന്ദ മൃത്യു എന്ന വരം നേടിയവളാണ് താൻ. അപ്പോൾ പിന്നെവിജയിച്ച യോദ്ധാവിനെപ്പോലെ മരണത്തിലേക്ക് ഇറങ്ങിച്ചെല്ലുകയല്ലേ വേണ്ടത്. അമുദത്തെപ്പോലെ…. പതിനാറ് ദിവസം വാഴയിലയിൽ കിടത്തിയ തന്റെ പൊള്ളിയടർന്ന ശരീരത്തിലേക്ക് വീഴുന്ന തേനിൽ കൊടിയ നീറ്റലിനെ മുക്കിക്കളയാൻ സാധിക്കാതിരുന്നിട്ടും ചുണ്ടുകൾ ചേർത്തടച്ച് ഉച്ചത്തിലൊന്ന് കരയാതെ മരണത്തിലേക്കിറങ്ങിപ്പോയവൾ..
അപ്പോഴും അവളുടെ മാറിടം ചുരത്തുന്നുണ്ടായിരുന്നു…. മണ്ണിനപ്പോൾ പുതുമഴയുടെ ഗന്ധമായിരുന്നു. ചുരത്തുന്ന മാറുമായ് അവൾ കിടന്ന ആ പതിനാറുദിവസങ്ങൾക്കും മുൻപുള്ള ഇരുപത് ദിവസങ്ങൾ മാത്രമാണ് അവകാശിയുടെ വിശപ്പടക്കാൻ അവളുടെ മുലകൾക്ക് സാധിച്ചത്. ഭൂമിയിൽ മുപ്പത്തിയാറ് ദിവസത്തെ പരിചയം മാത്രമുള്ള പാൽമണം മാറാത്ത പൈതൽ ആ വലിയ വീടിനകത്ത് എവിടെയോ കരഞ്ഞുറങ്ങുന്നുണ്ട്. അമ്മയുടേയും വാവയുടേയും അരികിലേക്ക് ചെല്ലാൻ അനുവാദം ലഭിക്കാത്ത ഒരു മൂന്നു വയസ്സുകാരൻ ജോലിക്കാരാരോ വാരിക്കൊടുത്ത ചോറുരുള ഏങ്ങലിനൊപ്പം വിഴുങ്ങുകയും. മരണത്തിലേക്ക് ഇറങ്ങിപ്പോകുന്ന നേരം അവനെ ഓർത്താകുമോ അവൾ അവസാനമായ് പെയ്തിട്ടുണ്ടാവുക!എന്തൊരു മഴയാണിത് !
(തുടരും)
കവര്‍: സി പി ജോണ്‍സണ്‍
വര: പ്രസാദ് കാനത്തുകാല്‍