പൂമുഖം ഓർമ്മ അരിയോട്ടുകോണത്തെ പെണ്ണുങ്ങളുടെ നവോത്ഥാനപാഠങ്ങൾ!

അരിയോട്ടുകോണത്തെ പെണ്ണുങ്ങളുടെ നവോത്ഥാനപാഠങ്ങൾ!

ആ നെടുനീളൻ കടത്തിണ്ണയിലാണ് അരിയോട്ടുകോണത്തിന്റെ ചരിത്രമെല്ലാം അടയാളപ്പെടുത്തിയിരിക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കാലമെത്ര പുരോഗമിച്ചിട്ടും അശേഷം മാറാൻ തയ്യാറാകാതെ നീണ്ടു നിവർന്ന് കിടക്കുന്ന ആ സിമന്റ് തറകളിൽ തിണ്ണമിടുക്കിന്റെ ആരാധകരായി ചടഞ്ഞിരിക്കുന്നവരുടെ കാഴ്ച്ചയ്ക്ക് മാത്രമേ മാറ്റമില്ലാതുള്ളൂ.

ചാരായ നിരോധനം വരുന്നതിന് മുൻപ് പ്രദേശത്തെ പ്രധാന ആകർഷണമായിരുന്ന ഷാപ്പിന്റെ ഉപഭോക്താക്കളായിരുന്നു ആദ്യകാലത്ത് ആ കടത്തിണ്ണയെ കൂടുതൽ ആശ്രയിച്ചിരുന്നത്. പഴയകാലത്തെ തികച്ചും മാന്യന്മാരായ മദ്യപർ ചില്ലറ ഒളിവ് മറവുകളോടെ മാത്രം ഷാപ്പിലെത്തി മടങ്ങിയിരുന്നെങ്കിലും, കൂട്ടത്തിൽ ചില കലാകാരന്മാർ മാത്രം ചില്ലറ അഭ്യാസമുറകൾക്കൊടുവിൽ കടത്തിണ്ണയിൽ അഭയം പ്രാപിക്കുകയും ലഹരിയുടെ പിടി വിടുന്നതുവരെ അവിടെ കിടക്കുകയും ചെയ്തിരുന്നു. അക്കാലത്ത് നൂറുരൂപ നോട്ടിന് ചില്ലറ വേണമെങ്കിൽ ചാരായഷാപ്പിൽ തന്നെ കയറണമായിരുന്നുവെങ്കിലും ചില്ലറ വാങ്ങാൻ കയറിയതിന്റെ പേരിൽ മദ്യപാനികളായി പേരുകേട്ടവർ ഉണ്ടായിരിന്നുവോ എന്നറിയില്ല.

കടത്തിണ്ണയിൽ തുടങ്ങി കടത്തിണ്ണയിൽ അവസാനിക്കുന്ന ചർച്ചകളും രാഷ്ട്രീയവുമാണ് അരിയോട്ടുകോണത്തെ വ്യത്യസ്തമാക്കുന്നത്. സ്മാരകങ്ങളോ കാണിക്കവഞ്ചികളോ കൊടിമരങ്ങളോ വേർതിരിക്കാത്തവർ ആ കടത്തിണ്ണ വിട്ട് പഞ്ചായത്ത് കിണറിന്റെ കൈവരിയിലേക്കോ അരശ് മരത്തിന്റെ തണലിലേക്കോ കുടിയേറാൻ തയ്യാറാകാത്തതിന്റെ കാരണമിന്നും അജ്ഞാതമാണ്.

കൊച്ചുപാർവ്വതി അമ്മൂമ്മയിലും ഭവാനി അമ്മച്ചിയിലും പങ്കജം അപ്പച്ചിയിലും ഒക്കെയായി കൈമാറി വരുന്ന ഒരു സ്ത്രീപക്ഷ സാമൂഹ്യ വ്യവസ്ഥയാണ് അരിയോട്ടുകോണമെന്ന് പറയാം. പഴയ കാലത്തെ ജീവിത സാഹചര്യങ്ങളിൽ അടുക്കളകളിൽ മാത്രം ഒതുങ്ങി കഴിയേണ്ടിയിരുന്നവർ ജീവിത പ്രാരാബ്ധ ങ്ങളോട് പൊരുതിയതും സമൂഹമദ്ധ്യ ത്തിൽ പ്രതികരിച്ചതുമൊക്കെ ചർച്ച ചെയ്യാൻ പുതിയ തലമുറ ഇപ്പോഴും സന്നദ്ധരായിട്ടില്ല. ശക്തരായ സ്ത്രീകളുടെ അടയാളങ്ങൾ സമൂഹത്തിന്റെ ഓർമ്മകളിൽ നിന്നു പോലും മാഞ്ഞു പോകുന്നത് അത്തരം ജീവിതങ്ങളോടുള്ള അനാദരവായി കണ്ട് തുടങ്ങേണ്ടിയിരിക്കുന്നു.

കുന്നുംവിള മുക്കിൽ മുറുക്കാൻ കട നടത്തി ജീവിതത്തെ നേരിട്ട കൊച്ചുപാർവ്വതി അമ്മൂമ്മ പഠിപ്പിച്ച കച്ചവടത്തിന്റെ ബാലപാഠങ്ങൾ പിന്തുടർന്ന് രണ്ട് തലമുറ ജീവിതം നേടിയെടുത്തെങ്കിലും അരിയോട്ടുകോണത്ത് ആദ്യമായി കച്ചവടം നടത്തി വിജയിച്ച സ്ത്രീയുടെ ഓർമ്മകൾ മാത്രമാരും പങ്കുവെയ്ക്കുന്നില്ല. ചക്കയും ചക്കക്കുരുവും മരച്ചീനിയും അടയ്ക്കയും മോരും നാരങ്ങാവെള്ളവും മുറുക്കാനും സോപ്പും ചീപ്പുമൊക്കെ വിറ്റ് ജീവിക്കാനും കുടുംബം പുലർത്താനുമിറങ്ങിയ സ്ത്രീയുടെ അന്നത്തെ സാമൂഹ്യ സാഹചര്യവും അത്തരം സാഹചര്യങ്ങളോട് കലഹിക്കാൻ അവർ കാണിച്ച ആർജ്ജവവുമൊക്കെ ചരിത്രമാണെന്ന് തിരിച്ചറിയാൻ പുതിയ തലമുറ ഇതുവരെ തയ്യാറായിട്ടുമില്ല. അവരെയൊക്കെ അടയാളപ്പെടുത്താതെ പോയാൽ സാമൂഹ്യമായി കൈവരിച്ചുവെന്ന് പറയുന്ന നേട്ടങ്ങളൊക്കെ പുറംപൂച്ചുകൾ മാത്രമാകും.

പതിനാറ് മക്കളുടെ അമ്മയായിരുന്ന ഭവാനി അമ്മച്ചിയുടെ രൂപം തന്നെ ആ നാടിന്റെ അടയാളമായിരുന്നു. മുക്കിലെ കടത്തിണ്ണയിൽ നിവർന്നിരിക്കാൻ ധൈര്യം കാട്ടിയിരുന്ന ഒരേയൊരു സ്ത്രീ അവരായിരുന്നു. വെള്ളികെട്ടിയ തലമുടി ഉച്ചിയിൽ പൊക്കിക്കെട്ടി മുഴക്കമുള്ള ശബ്ദവുമായി കടന്നു വരുന്ന സ്ത്രീയുടെ മുന്നിൽ നിശബ്ദരായി കടന്നു പോയിരുന്ന മദ്യപരുടെ ചിത്രങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സ്ത്രീകളുടെ ശബ്ദം വാതിലിന് പുറത്ത് കേൾക്കാൻ പാടില്ലായെന്നത് ആചാരം പോലെ പറഞ്ഞും പഠിപ്പിച്ചും ജീവിച്ച സമൂഹത്തിൽ, ആദ്യമായി പ്രതികരിച്ചു ശബ്ദമുയർത്തിയ സ്ത്രീയെ അഹങ്കാരിയാക്കി മുദ്ര കുത്താനും അപമാനിക്കാനുമൊക്കെ ശ്രമങ്ങളുണ്ടായി കാണണം. ശബ്ദമെന്ന ആയുധം ഫലപ്രദമായി വിനിയോഗിച്ച സ്ത്രീയുടെ ശേഷിപ്പുകളിൽ ശബ്ദമോ രൂപമോ ബാക്കിയില്ലയെന്നതാണ് സങ്കടകരം.

എന്തിലും ഏതിലും അഭിപ്രായമായും സാന്നിധ്യമായും നിറഞ്ഞു നിന്നിരുന്ന പങ്കജം അപ്പച്ചി രണ്ടു മൂന്നു തലമുറകളിൽ ആഘോഷങ്ങളുടെ ആവേശം നിറച്ച സ്ത്രീയായിരുന്നു. ക്ഷേത്രങ്ങളിലെ ഉത്സവങ്ങളോ ഓണാഘോഷങ്ങളോ തിരഞ്ഞെടുപ്പുകളോ എന്തായാലും നിർദ്ദേശങ്ങളുമായി കൂടെ നിന്നിരുന്ന, തല്ലുണ്ടായാൽ തടസ്സവുമായി ഇടയ്ക്ക് കയറി കയർത്തിരുന്ന, വേണ്ടി വന്നാൽ ചെറുപ്പകാർക്കൊപ്പം മത്സരിക്കുവാൻ വരെ തയ്യാറായിരുന്ന സ്ത്രീയേയും സാവധാനം നാട് മറന്നു തുടങ്ങിയിരിക്കുന്നു. എന്തിനോടും പ്രതികരിക്കും കലഹിക്കും തീരുമാനങ്ങളിൽ ഉറച്ചു നിൽക്കും. അങ്ങനെയൊക്കെ നോക്കിയാൽ ഇന്നത്തെ ഒട്ടുമുക്കാൽ നേതാക്കളിലും കാണാത്ത ഒരുപാട് ഗുണങ്ങളുടെ ആകെത്തുകയായിരുന്ന സ്ത്രീയായിരുന്നു അവർ.സ്വന്തം വിശ്വാസം മാറ്റിവെച്ചു മറ്റൊന്ന് സ്വീകരിച്ചപ്പോഴും നാട്ടുകാരിൽ ചിലരെങ്കിലും ഒറ്റപ്പെടുത്താൻ ശ്രമിച്ചപ്പോഴും തരിമ്പും വിട്ടുകൊടുക്കാതെ നാടിന്റെ ആൾക്കൂട്ടത്തിനിടയിലെല്ലാം കയറി നിന്ന ശക്തയായ സ്ത്രീയുടെ ഓർമ്മകൾ അനായാസമായി മായ്ച്ചു കളയാതിരിക്കാനെങ്കിലും ശ്രമിക്കണം.

ലീല അപ്പച്ചിയുടെ കടയിലെ മുളങ്കുറ്റിയിൽ വേകുന്ന പുട്ടും ചെറുപയർ പുഴുങ്ങിയതും പർപ്പടകവും കൂട്ടിക്കുഴച്ച് കഴിക്കുന്നതിനിടയിൽ സമോവറിൽ തിളച്ച വെള്ളത്തിൽ തേയിലയും പഞ്ചസാരയുമിട്ട് വിറകടുപ്പിൽ തിളച്ചു കുറുകുന്ന പശുവിൻ പാൽ ചേർത്ത ചായ ഊതിയാറ്റി കുടിക്കും. അവിടിന്നിറങ്ങി ഇന്ദിര അപ്പച്ചിയുടെ കടയിൽ നിന്നും തേങ്ങയും ജീരകവും രുചിക്കുന്ന അരി ഒറട്ടിയും പൊതിഞ്ഞുവാങ്ങിയിട്ട്, അമ്പിളി ചേച്ചിയുടെ കടയിൽ കയറി ചെറിയുള്ളിയും കായവും വെള്ളഅരിയും വാങ്ങും. പിന്നെ സ്വർണ്ണമ്മ ചേച്ചിയുടെ കടയുടെ അരികിലൂടെ നടന്ന് അപ്പിയമ്മ അമ്മച്ചിയുടെ കടയുടെ മുന്നിലുള്ള വഴിയിലൂടെ കയറി കോവിൽവിളാകത്ത് പോകും.

അരിയോട്ടുകോണത്തെ ജീവിതങ്ങളിൽ തോറ്റുപോയ പുരുഷന്മാരുടെ ചരിത്രങ്ങളുണ്ടാകും എന്നാൽ പരാജയം സമ്മതിച്ചു പിന്മാറിയ ഒരൊറ്റ സ്ത്രീയെപ്പോലും അവിടെങ്ങും കാണാൻ കഴിയില്ല. തെമ്മാടിമുക്കെന്ന് പേരുണ്ടാക്കി കൊടുത്ത പുരുഷകേസരികളുടെ വീട്ടിലെ പെണ്ണുങ്ങൾ പ്രാരാബ്ധങ്ങളോട് കലഹിച്ച് ജീവിതം കൈയ്യെത്തിപ്പിടിച്ച കഥകളാണ് ചരിത്രമാകേണ്ടത്. പരാതികളോ പരിഭവങ്ങളോ പറയാതെ നിരന്തരം അദ്ധ്വാനിച്ചുകൊണ്ടേയിരിക്കുന്ന സ്ത്രീകളിൽ പാറ കൂടത്തിനടിച്ച് പൊട്ടിക്കുന്നവരും, മണലും ഇഷ്ടികയും ചുമക്കുന്നവരും, ചക്കയും മാങ്ങയും തേങ്ങയും കച്ചവടം നടത്തുന്നവരും, മുറുക്കാൻ കടയും ചായക്കടയും പലവ്യജ്ഞനക്കടയും തുണിക്കടയുമൊക്കെ നടത്തുന്നവരുണ്ട്, ഈ പെണ്ണുങ്ങളുടെ ആർജ്ജവവും അതിജീവന പാടവവുമൊക്കെയാണ് പഠനവിഷയമാക്കേണ്ടതും അനുകരിക്കേണ്ടതും.

ഉന്നത വിദ്യാഭ്യാസമോ സാംസ്‌കാരിക ചരിത്രമോയൊന്നും അവകാശപ്പെടാനില്ലാത്ത ഈ സ്ത്രീകളുടെ തുടർച്ചകൾ സൃഷ്ടിച്ചതും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതുമാണ് യഥാർത്ഥ സ്ത്രീശാക്തീകരണം!.

വര : പ്രസാദ് കാനത്തുങ്കൽ

കവർ ഡിസൈൻ : സി പി ജോൺസൺ

Comments
Print Friendly, PDF & Email

You may also like