പൂമുഖം LITERATUREനിരൂപണം കഥാവാരം – 20

കഥാവാരം – 20

ചില കഥകളെക്കുറിച്ചുള്ള നിരൂപണങ്ങളിൽ അല്ലെങ്കിൽ ആസ്വാദനങ്ങളിൽ, വായനക്കാരുടെ സംതൃപ്തിയെ കുറിക്കുന്ന പദമായി കാണാറുണ്ട് ‘കാലികപ്രസക്തം’ എന്ന വാക്ക്. ജീവിക്കുന്ന സമൂഹത്തിന്റെ നേർക്ക് കണ്ണു തുറന്നു വച്ചിരിക്കുന്ന, തന്റെ സഹജീവികളോട് അനുതാപം പ്രകടിപ്പിക്കുന്ന മനസ്സോടുകൂടിയുള്ള, എഴുത്തുകാരനെ നമ്മളവിടെ കാണുന്നു. പക്ഷേ, കാലികപ്രസക്തം എന്ന പദം ചിലപ്പോൾ നിഷേധാത്മകവുമാണ് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. കഥ ഇടപെടുന്ന കാലഘട്ടത്തിനപ്പുറം ആ സൃഷ്ടിക്കുള്ള നിലനിൽപ്പാണ് ചോദ്യചിഹ്നമാകുന്നത്. ഏതൊരു സാഹിത്യവും ഉദാത്തമാകുന്നത് അത് സാർവ്വ കാലികവും സാർവ്വ ദേശീയവും ആകുമ്പോഴാണ്. എഴുത്തുകാരനും വായനക്കാരനും ഇടപെടുന്ന രാഷ്ട്രീയം, സാഹിത്യം സൃഷ്ടിക്കപ്പെടുന്ന കാലഘട്ടത്തിന്റെ സാമൂഹികാവസ്ഥ, ഇതൊക്കെ ആ സൃഷ്ടി വഴി പ്രതിപാദിക്കുന്ന ആശയത്തോട് ചേർന്ന് നിൽക്കാം. എങ്കിലും സാഹിത്യപരമായ സൗന്ദര്യം കാലത്തിനും ദേശത്തിനും അതീതമായിരിക്കണം. കോളറാകാലത്തെ പ്രണയം, തകഴിയുടെ വെള്ളപ്പൊക്കത്തിൽ തുടങ്ങിയവ ഏതു കാലഘട്ടത്തിലും അനുഭൂതിദായകമാണ്. കാരണം അവ പറയുന്നത് ജീവിതമാണ്. ‘വെള്ളപ്പൊക്കത്തി’ലെ നായ ഒരു പ്രതിരൂപം മാത്രമാണ്. മാനുഷിക ജീവിതത്തിന്റെ അനിശ്ചിതത്വവും നിസ്സഹായതയുമെല്ലാം നമുക്കതിൽ കാണാൻ കഴിയും. സമീപകാല കഥകളിൽ ദൃശ്യമാകുന്ന വേറൊന്ന്, എഴുത്തുകാർ വായനക്കാരുടെ ഗൃഹാതുരത്വത്തെ ചൂഷണം ചെയ്യുന്നതാണ്. അവരുടെ ബാല്യകൗമാര കാലഘട്ടങ്ങളിൽ അനുഭവിച്ചവയെ, എന്നാൽ മറവിയിലേക്ക് മടക്കപ്പെട്ടവയെ, ഒന്നുകൂടി തേച്ചുമിനുക്കി അവരിലേക്ക് എത്തിക്കുമ്പോൾ, മേൽപ്പറഞ്ഞ നൊസ്റ്റാൾജിയ അനുവാചകനിൽ പ്രവർത്തിക്കാൻ തുടങ്ങുന്നു. നഷ്ട ബോധത്തിന്റെ ലൗകീക വിഷാദം, കഥ കൊണ്ട് മറികടക്കാൻ വായനക്കാർ ശ്രമിക്കുന്നു. ആ സമയത്തിനപ്പുറം നിലനിൽപ്പില്ലാത്ത ഇത്തരം കഥകൾ ഉൽകൃഷ്ടമാണെന്ന് എഴുത്തുകാരും വായനക്കാരും ധരിച്ചുപോകുന്നു. അനന്തമായ കാലപ്രവാഹത്തിൽ സാംഗത്യം നഷ്ടപ്പെട്ടുപോകുന്ന ക്ഷുദ്രങ്ങളായ കൃതികളായി മാത്രമേ പിൽക്കാലത്ത് അവ അടയാളപ്പെടുകയുള്ളൂ.

ടി പി വേണുഗോപാലൻ

ടി പി വേണുഗോപാലൻ മാതൃഭൂമിയിൽ എഴുതിയ കഥയാണ് ‘മുഖസ്തുതികൾ.’ സിനിമാഭ്രമം കൊണ്ട് ഷൊർണ്ണൂറിലേക്ക് വണ്ടി കയറിയ തട്ടാൻ തമ്പാന്റെ കഥയാണിത്. പത്രങ്ങളിലേക്ക് ചരമവാർത്ത എഴുതിക്കൊടുക്കുന്ന ആഖ്യാതാവിന് ഇക്കാര്യമറിയുന്നത് അദ്ദേഹം മരിച്ചുപോയതോടുകൂടിയാണ്. ചരമവാർത്തയിൽ, ഇദ്ദേഹം സിനിമയിൽ അഭിനയിച്ച കാര്യം പറഞ്ഞിരിക്കണമെന്ന് ആവശ്യപ്പെടുന്നു അനന്തിരവൻ സുരേന്ദ്രൻ. കരിപുരണ്ട ജീവിതങ്ങൾ ഉൾപ്പെടെ പല സിനിമകളിലും അഭിനയിച്ചു, പക്ഷേ ഒന്നിലും മുഖം കാണിച്ചില്ല തമ്പാൻ സറാപ്പ്. ഇക്കാര്യമാണ് മുഖസ്തുതികൾ എന്ന കഥ നമ്മളോട് പറയുന്നത്. ‘അഞ്ചാമത്തെ ദിക്ക്’ എന്ന മനോഹരമായ കഥ എഴുതിയ ടി പി വേണുഗോപാലന്റെ ഈ കഥയെക്കുറിച്ച് ശരാശരി എന്ന് പറയാനേ എനിക്ക് പറ്റുന്നുള്ളൂ. കാരണം കഥയുടെ ആശയം നമുക്ക് പുതിയതല്ല. സിനിമാ ഭ്രാന്ത് മൂത്ത് തന്റെ തൊഴിലിനോട് പോലും നീതിപുലർത്താൻ പറ്റാതായിപ്പോകുന്ന, അഭിനയിച്ച സിനിമകളിൽ ഒന്നുംതന്നെ തന്റെ മുഖം ആൾക്കാർ കാണാത്തതിനാൽ, പിൽക്കാല ജീവിതത്തിലും അന്തർമുഖരായിപ്പോകുന്ന, തമ്പാൻ സറാപ്പുമാർ നമ്മൾ കണ്ടുമുട്ടാത്തവരല്ല. പക്ഷേ, പ്രായം നാല്പതുകളിലുള്ളവരിൽ ലഘുവായ ഒരുതരം ഗൃഹാതുരത്വം ഉളവാക്കുന്നതിലുപരി, കഥാപാത്രത്തോടോ കഥാസന്ദർഭത്തോടോ അത്യധികമായ അടുപ്പം ഉളവാക്കുന്ന തരത്തിൽ ഒന്നും തന്നെ കഥയിലില്ല. എക്സ്ട്രാ ആർട്ടിസ്റ്റ് എന്ന് വിളിക്കപ്പെടുന്ന, ആരാലും ശ്രദ്ധിക്കപ്പെടാത്ത, മുഖമില്ലാത്ത സിനിമാ അഭിനേതാക്കളുടെ, പറഞ്ഞു പഴകിയ കഥ. ഒരു പുതുമുഖം സിനിമയിൽ അവസരം തേടുന്ന വിധം പറഞ്ഞു വെച്ച രീതിയെ, ക്ലിഷേ എന്നല്ലാതെ വേറെയൊന്നും പറയാനില്ല. കുറച്ച് സിനിമകളിൽ മുഖം കാണിക്കാതെ അഭിനയിച്ച ഒരാൾ മരിച്ചു പോയി എന്ന് വിചാരിച്ച് കഥ തീർക്കും വിധം, ദുർബലമായി അവതരിപ്പിക്കപ്പെട്ട സൃഷ്ടിയാണിത്. ജീവിതത്തെക്കുറിച്ചോ, മനുഷ്യാവസ്ഥയെക്കുറിച്ചോ, വായനക്കാരന് ഉൾക്കാഴ്ച്ച നൽകുന്ന യാതൊന്നും തന്നെ ഇതിലില്ല. കഥയുടെ കേന്ദ്രം അത്തരമൊരു നിരീക്ഷണം നൽകാൻ ഉതകുന്നതായിട്ട് പോലും.

രമേശൻ ബ്ലാത്തൂർ

ജാപ്പനീസ് ഭാഷയിലുള്ള പദമാണ് ‘വത്താസിവാ.’ രമേശൻ ബ്ലാത്തൂര് സമകാലിക മലയാളം വാരികയിൽ എഴുതിയ കഥയുടെ തലക്കെട്ടാണിത്. തെറ്റുപറയാനില്ലാത്ത തുടക്കമായിരുന്നു കഥയ്ക്ക്. ഉപയോഗിച്ചിരിക്കുന്ന അലങ്കാര പ്രയോഗങ്ങളിൽ ഭാഷാസൗന്ദര്യവും ഒതുക്കവുമുണ്ട്. അതു കൊണ്ടു തന്നെ മെച്യുവേഡ് ആയ ആഖ്യാനം എന്ന് കരുതി താൽപര്യത്തോടെ കൂടി കഥ വായിച്ചു പോകുമ്പോൾ, തുടക്കത്തിലെ സന്തോഷം നിലനിൽക്കുന്നില്ല. തെയ്യത്തെക്കുറിച്ചും കോലങ്ങളെ കുറിച്ചും പഠിക്കാൻ കേരളത്തിലേക്ക് വന്ന ഒരു ജപ്പാനീസ് പെൺകുട്ടിയും കഥാനായകനും തമ്മിലുള്ള ബന്ധത്തിൽ കൂടിയാണ് കഥ വികസിക്കുന്നത്. കഥയ്ക്ക് ആവശ്യമില്ലാത്ത കുറെ കഥാപാത്രങ്ങളെ നമ്മൾ കാണുന്നുണ്ട്. ഏതെങ്കിലും ഒരു സംഭാഷണത്തിന് വേണ്ടിയോ, അല്ലെങ്കിൽ കഥാപാത്രങ്ങളുടെ എന്തെങ്കിലും പ്രത്യേകതയെക്കുറിച്ച് വായനക്കാരെ അറിയിക്കാൻ വേണ്ടിയോ ഒരു പുതിയ കഥാപാത്രത്തെ സൃഷ്ടിക്കേണ്ട കാര്യമില്ല. കഥയുടെ കേന്ദ്ര ആശയത്തെ കുറിച്ച് പറയുമ്പോൾ വടക്കൻ കേരളത്തിലെ തെയ്യത്തെയും കോലങ്ങളെയും കുറിച്ച് പറയേണ്ടിവരും. അംബികാസുതൻ മാങ്ങാട് നമുക്ക് മുമ്പിൽ ഒരുപാട് പ്രാവശ്യം പറഞ്ഞ അതേ കാര്യം. ഒരു ഫോക്‌ലോർ കലാരൂപവും ഒരു കഥാകൃത്തിന്റെയും കുത്തകയല്ലല്ലോ. എങ്കിലും കഥാവസാനം എന്ത് നവ്യാനുഭൂതിയാണ് വായനക്കാരന് ലഭിക്കുന്നത് എന്ന് സൂക്ഷിച്ചുനോക്കേണ്ടിയിരിക്കുന്നു. ഇതിന് മുൻപ് എത്രയോ സിനിമകളിൽ, വായിച്ച കഥകളിൽ കണ്ട അതേ കാര്യമല്ലേ രമേശൻ ബ്ലാത്തൂരും പറയുന്നത്? ക‌ളൈമാക്സിൽ, വിദേശവനിതയുടെ ക്യാമറ തട്ടിപ്പറിക്കുന്നതും, തെയ്യക്കോലം കെട്ടിയ കഥാനായകൻ പ്രതികരിക്കുന്നതുമൊക്കെ എന്തുമാത്രം പഴകിയ ആവിഷ്കാരമാണ്! കൂടാതെ, നിർമൽ എന്ന കഥാപാത്രത്തെ കുറിച്ച് പറയുന്നുണ്ട് കഥാവസാനത്തോടെ. ബിടെക്ക് ഒക്കെ പൂർത്തിയാക്കിയെങ്കിലും ഇപ്പോൾ വേറെ പണിയൊന്നുമില്ലാതെ അച്ഛന്റെ മിനി സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്നു. കഥയ്ക്ക് സവിശേഷമായ വല്ലതും ഇത് സംഭാവന ചെയ്യുന്നുണ്ടോ എന്നത് ഒരു ചോദ്യം തന്നെ. കഥയുടെ സ്വാഭാവികമായ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്നത് ജാപ്പനീസ് പെൺകുട്ടിയും കഥാനായകനും തമ്മിലുള്ള സംഭാഷണത്തിലെ കൃത്രിമത്വം ആണ്. അച്ചടി ഭാഷ എന്നല്ല, ഏതോ കോൺഫറൻസിൽ പങ്കെടുക്കുമ്പോളുള്ള രണ്ടു പേരുടെ സംസാരം പോലെയാണത്.
“വിനീഷ്, താങ്കൾ ഈ പ്രസ്താവനയിലൂടെ താങ്കളെത്തന്നെ നിരാകരിക്കുകയാണ് ചെയ്തത്” പ്രണയത്തിലുള്ള, അല്ലെങ്കിൽ പ്രണയത്തോളം അടുത്ത ബന്ധമുള്ള രണ്ടുപേരുടെ സംഭാഷണമാണിതെന്ന് വായനക്കാർ മറന്നുപോകണം. അതിനാടകീയത, അസ്വാഭാവികത!
മാത്രവുമല്ല ഇത്ര മനോഹരമായി മലയാളം സംസാരിക്കുന്ന ജാപ്പനീസ് പെൺകുട്ടിയെ കൊണ്ട് അനവസരത്തിൽ നമുക്കറിയാത്ത ഭാഷയിൽ പറയിക്കുകയും, അതിന്റെയൊക്കെ അർത്ഥം ഒരു കുറിപ്പായി അവസാനം കൊടുക്കുകയും ചെയ്യുന്നു എഴുത്തുകാരൻ. ഒഴുക്കില്ലാത്ത കഥയ്ക്ക് ഇടയ്ക്കിടെ ടിപ്പണി വായിച്ചുനോക്കുക എന്നത് വായനക്കാരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയതാണ് എന്ന് മാത്രമേ പറയാനുള്ളൂ.

ജ്യോതി ശങ്കർ

ആശയത്തിലോ ആവിഷ്കരണത്തിലോ യാതൊരുവിധ പുതുമയുമില്ലാത്ത എത്രയോ കഥകൾ ആഴ്ചതോറും നമ്മൾ വായിച്ചുകൊണ്ടേയിരിക്കുന്നു. അതിലൊരു വ്യത്യസ്തത കാണുമ്പോൾ നമുക്ക് സന്തോഷം. ആ സന്തോഷം തരുന്നു ഇക്കുറി മാധ്യമം വാരിക. കഥ ‘കാഞ്ചനസീത.’ കഥാകൃത്ത് ജ്യോതി ശങ്കർ. കുടുംബജീവിതം പരാജയമായിത്തീർന്ന സച്ചിയുടെ കഥയാണിത്. സമകാലിക അവസ്ഥയിൽ, ഇന്റർനെറ്റിന്റെ ഭാവനാലോകത്ത് അഭിരമിക്കുന്നവരുടെ ജീവിതത്തിന്റെ നേർക്കാഴ്ച. അത് പറഞ്ഞു പ്രതിഫലിപ്പിക്കാൻ കഥാകൃത്ത് ഉപയോഗിച്ചിരിക്കുന്ന ഭാഷയും ശബ്ദവും നല്ലതുതന്നെ. സ്വാഭാവികമായി വായിച്ചുപോവുന്ന കഥയുടെ അവസാനമാണ് സച്ചിയുടെ മനോരഥ ലോകത്തെ കാമുകി മജ്ജയും മാംസവുമുള്ള മനുഷ്യജീവി അല്ല എന്ന് വായനക്കാരൻ അറിയുന്നത്. ഒടുക്കം, പക്ഷേ, ധൃതി പിടിച്ചതായിപ്പോയതിനാൽ ആ രംഗത്തെ വിശ്വസനീയമായി അനുവാചകനിൽ പടർത്തുന്നതിൽ പൂർണ വിജയം പ്രാപിച്ചു എന്ന് പറയാൻ പറ്റില്ല. സയൻസ് ഫിക്ഷൻ യഥാതഥത്വം മലയാളി വായനക്കാർ ഉൾക്കൊള്ളുന്ന സമയം ആയിട്ടില്ലെന്ന് വേണമെങ്കിൽ അനുമാനിക്കാം. അപ്പോഴും പറയുന്നു, ആ പോരായ്മ മാറ്റി വെച്ചാൽ സൂക്ഷ്മമായി എഴുതപ്പെട്ട കഥയാണിത് എന്ന്. പെൺ സൗഹൃദം, അതിന്റെ ആവശ്യകത സച്ചിക്ക് ഒരു പരിധിവരെ രതി മാത്രമായിരുന്നു. ഒരർത്ഥത്തിൽ രതി വൈകൃതം. സ്പർശവും ഗന്ധവുമില്ലാത്ത പെണ്ണുടലിൽ കാമം തീർക്കുന്ന സച്ചിയെ നമ്മൾ കാണുന്നു. അപ്പോഴും, അയാളോട് ഒരു അനുതാപമുണ്ട് വായനക്കാർക്ക്. പെർവേട്ട് എന്ന് വിളിക്കപ്പെടാൻ തക്ക വിധം മാനസികാവസ്ഥയുള്ള സച്ചിയുടെ ബാല്യകൗമാരങ്ങളെക്കുറിച്ചുള്ള സൂചനകൾ കൊണ്ട് തന്നെ നമ്മൾ അയാളെ അറിയുന്നു. നിഷിദ്ധ സംഗമം – ഇൻസെസ്റ്റ് – എന്ന വൈകൃതം അയാളിലുള്ളതായി വായനക്കാരൻ ഊഹിക്കുന്നു, അമ്മയുടെ മതിൽ ചിത്രത്തെ കുറിച്ച് പറയുമ്പോൾ. എന്തു കൊണ്ട് പാർവതി സച്ചിയെ ഉപേക്ഷിച്ചു എന്നും, മകളെ അയാളിൽ നിന്നും അകറ്റി എന്നതിനുമൊക്കെ വ്യക്തമായ ഉത്തരമുണ്ട് കഥയിൽ. അത് പറയുന്ന രീതിയോ, വളരെ മനോഹരമായി ഒളിപ്പിച്ചു കൊണ്ടും…!

അഖില കെ എസ്

ദേശാഭിമാനി വാരികയിൽ അഖില കെ എസ് എഴുതിയ കഥയാണ് ‘ക്ഷുദ്രക്കാരത്തി.’
പത്ത് വ്യത്യസ്തരായ പുരുഷന്മാരിൽ ഒരു ഇന്ത്യൻ അഭിസാരികയുടെ വികാര വിചാരങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന വിഷയത്തിൽ ഗവേഷണം ചെയ്യേണ്ടി വരുന്നു കഥാനായികക്ക്. മനോഹരവും വ്യത്യസ്തവുമായ ആശയമാണ് കഥക്ക്. സായിപ്പ് ആവശ്യപ്പെട്ടതനുസരിച്ച് ഈ പ്രൊജക്ട് ചെയ്യാൻ വേണ്ടിയാണ് അവൾ നാട്ടിലെത്തുന്നത്. സഹോദരിയുടെ സുഹൃത്ത് വഴി ദീപ്തി എന്ന സൈക്കോളജിസ്റ്റിനെ പരിചയപ്പെടുന്നു. അറിയപ്പെടുന്ന ഒരു പ്രൊഫഷണൽ സൈക്കോളജിസ്റ്റ് ആയിട്ട് കൂടി, വേശ്യാവൃത്തി ആണ് അവരുടെ പാഷൻ. പത്ത് പുരുഷന്മാരോടൊപ്പം ഇവർ രമിക്കുന്നത് കാണാനും അതിനെ കുറിച്ച് വിശദമായ കുറിപ്പുകൾ രേഖപ്പെടുത്താനും കഥാനായിക വരുന്നു. ഒൻപത് പേരുമായി നടന്ന രതി കഥാനായിക എഴുതി എടുക്കുന്നു, മനസ്സിലാക്കുന്നു. പത്താമത്തെയാൾ വരുന്നതിനു മുമ്പായി കഥയിലെ അതിഭീകരമായ ട്വിസ്റ്റുകൾ നമ്മൾ മനസ്സിലാക്കുന്നു. അതിനു മുൻപേ പറയട്ടെ, തുടക്കത്തിൽ സൂചിപ്പിച്ച ആ വ്യത്യസ്തത, കേവലം ഒളിഞ്ഞു നോട്ടം എന്ന ദുർബലാവസ്ഥയിലേക്ക് വീണുപോകുന്നു എന്നത് ഒഴിവാക്കാൻ വേണ്ടി എന്തൊക്കെയോ നമുക്കുമുമ്പിൽ അവതരിപ്പിക്കുന്നുണ്ട്. ആഭിചാരക്രിയയും അമ്മൂമ്മയും തൂവലും അങ്ങനെ എന്തൊക്കെയോ. ദീപ്തിയുടെ താമസസ്ഥലത്ത് കഥാനായികയ്ക്ക് വിലക്കപ്പെട്ട മുറിക്കുള്ളിൽ ദുരൂഹതകളെമ്പാടുമുണ്ട് എന്ന് നമ്മെ ബോധിപ്പിക്കുന്നു എഴുത്തുകാരി. ദീപ്തിയുടെ പൂർവ്വകാലം പറയുമ്പോൾ അതിൽ കുറുഞ്ചാത്തനും മാടനും പൂജയും അപ്പൂപ്പനും അമ്മൂമ്മയും ഒക്കെ കടന്നു വരുന്നു. പഴയ ഏറ്റുമാനൂർ ശിവകുമാർ രീതിയിലുള്ള മാന്ത്രിക നോവലിന്റെ ഒരന്തരീക്ഷം. സംഭവം, മംഗളം- മനോരമ വാരികയിൽ വന്ന പൈങ്കിളി എന്ന് വിലയിരുത്തപ്പെട്ട സൃഷ്ടിയായിരുന്നു. ഏറ്റുമാനൂർ ശിവകുമാറിന്റെ നോവലാണ് എങ്കിലും, ദുർബല മനസ്സുകളിൽ യാഥാർത്ഥ്യമാണ് എന്നു തോന്നിപ്പിക്കും വിധം ഫാന്റസിയെ ഉൾപ്പെടുത്തി, വായനക്കാരനെ കഥയിൽ മുഴുകിപ്പിക്കുന്ന പ്രതിഭ ഉണ്ടായിരുന്നു അദ്ദേഹത്തിന്. ഇവിടെ അതൊട്ട് ഇല്ലതാനും!

ഇതിനു തൊട്ടുമുമ്പ് അഖിലയുടേതായി പ്രസിദ്ധീകരിച്ചുവന്ന കഥയിൽ, സ്വാഭാവികത ഉണ്ടായിരുന്നു. പക്ഷേ ഈ കഥയുടെ ഭാഷ, ചില സ്ഥലങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന അലങ്കാരങ്ങൾ കഥാകാരി ഒന്നുകൂടി നോക്കുന്നത് നന്നായിരിക്കും.
“ഒരു ജനലിന് കീഴിലായിരുന്ന ചെറിയൊരു കട്ടിലിലേക്ക് ഞാൻ എന്നെ വലിച്ചെറിഞ്ഞു. എന്നിട്ട് ഒരു പഴന്തുണിക്കെട്ട് പോലെ ചുരുണ്ടു. “
ഇത്തരം പ്രയോഗങ്ങളെ നമുക്ക് അമെച്വറിഷ് എന്ന് പറയാം.

അനിത ശ്രീജിത്ത്

ദേശാഭിമാനിയിലെ രണ്ടാമത്തെ കഥയാണ് അനിതാ ശ്രീജിത്ത് എഴുതിയ ‘രണ്ടാമത്തെ വഴി.’ അച്ഛൻ പുതുതായി പണിതുയർത്തിയ വീട്ടിലേക്ക് രണ്ട് സുഹൃത്തുക്കളെയും വിളിച്ചുകൊണ്ട് ആദ്യമായി കാണാൻ പുറപ്പെടുന്ന അനിതയുടെ കഥയാണിത്. ജിഷയും അനീഷയും ആണ് മറ്റ് രണ്ടുപേർ. കഥയുടെ തുടക്കത്തിൽ സംഭാഷണങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും, പൈങ്കിളിച്ചുവയിൽ നിന്നും ഈ കഥ മുന്നോട്ട് പോവുകയില്ല എന്ന്. വായനക്കാരെ ബുദ്ധിമുട്ടിക്കുന്ന വിധം ഘടനാപരമായി അപൂർണമാണ് വാക്യങ്ങൾ.
“…സാരിത്തുമ്പിലെ ചുളുക്ക് നിവർത്താൻ ശ്രമിക്കുകയും ദേഷ്യത്തിൽ ഒരു കാൽ അമർത്തിച്ചവിട്ടിക്കൊണ്ടും പറഞ്ഞു. ” ഇതാണ് തുടക്കത്തിൽ തന്നെ വായനയിൽ ചെടിപ്പുണ്ടാക്കുന്ന വാചകം.

വീട്ടിലേക്കെത്താനുള്ള രണ്ട് വഴികളിൽ, അച്ഛൻ പറഞ്ഞതനുസരിച്ച് രസകരമായ വഴിയാണ് ഇവർ തെരഞ്ഞെടുക്കുന്നത്. ആ വഴി, പക്ഷേ അപകടം പിടിച്ചതും എത്തിച്ചേരാൻ പ്രയാസമുള്ളതുമാണ് എന്ന് മനസ്സിലാകുന്നത് അവസാനമാണ്. യാത്രയ്ക്കിടയിൽ വച്ച് മറ്റ് രണ്ടു സുഹൃത്തുക്കളെയും അനിതയ്ക്ക് നഷ്ടപ്പെടുന്നു. ചെങ്കുത്തായ വഴി. അഗാധമായ താഴ്ച. അനിത ഒഴികെ ബാക്കിയെല്ലാവരും ഒരു പ്രശ്നവുമില്ലാതെ ഓടിച്ചാടി നടക്കുന്നു അവിടം. കുറച്ചുനേരം കൂടി കഴിഞ്ഞപ്പോൾ, നടക്കാനുള്ള ആയാസം ഒഴിവാക്കുന്നതിനായി കഥാപാത്രം പട്ടുസാരി അഴിച്ചു മാറ്റുന്നു. അവസാനമാകുമ്പോൾ യാത്ര പൂർണ്ണ നഗ്നയായിക്കൊണ്ട്!! ആ നാടിന്റെ പേര് എഴുത്തുകാരി പറഞ്ഞില്ലെങ്കിലും ഞാൻ മനസ്സിലാക്കുന്നു ‘വെള്ളരിക്കാപട്ടണം’ എന്നായിരിക്കുമെന്ന്. യാഥാർത്ഥ്യബോധത്തോടെ കൂടി എഴുതപ്പെടുന്ന കഥ ഭ്രമകൽപ്പനയിലേക്ക് വിളക്കിച്ചേർത്ത് സുന്ദരമാക്കാറുണ്ട് ചില എഴുത്തുകാർ. യുക്തിബോധത്തെ തൽക്കാലത്തേക്ക് മയക്കികിടത്തി അങ്ങനെ ഒരു കഥ പറയണമെങ്കിൽ, വായനക്കാരൻ എഴുത്തുകാരന്റെ പിന്നാലെ വന്നിരിക്കണം. ഒരു തരത്തിലുള്ള സംശയങ്ങൾക്കും ഇടയില്ലാത്ത വണ്ണം, കഥയ്ക്കപ്പുറം വേറെ ഒന്നും ചിന്തിക്കാൻ സാവകാശം നൽകാത്ത വണ്ണം കഥയ്ക്ക് വേഗത വേണം. കഥയും കഥാപാത്രങ്ങളും കഥയുടെ അന്തരീക്ഷങ്ങളും വായനക്കാരുടെ മനസ്സിൽ പരിപൂർണ്ണമായും പതിഞ്ഞിരിക്കണം. ദുർബലാഖ്യാനങ്ങൾക്കൊടുവിൽ ഫാന്റസിയിലേക്ക് കഥയെ ഇറക്കുന്നുവെങ്കിൽ ആ കഥ നടക്കുന്നത് നേരത്തെ പറഞ്ഞ പട്ടണത്തിലായിരിക്കുമെന്ന് വായനക്കാർ അനുമാനിക്കും.

കെ എസ് രതീഷ്‌

ഭാഷാപോഷിണി മാസികയിൽ രണ്ട് കഥകളാണുള്ളത്. കെ എസ് രതീഷ് എഴുതിയ ‘എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്’ ആണ് ആദ്യത്തേത്. മാർത്തയും മയിലമ്മയും അവരുടെ മകൻ സെൽവനും, മാർത്തയെ പ്രണയിക്കുന്ന കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയും കഥാപാത്രങ്ങൾ. വായനക്കാരുടെ മനസ്സിൽ എളുപ്പത്തിൽ ഇവർ എത്തിച്ചേരുന്നു എന്നത് കഥയുടെ പ്രത്യേകതയായി പറയാം. “എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്” എന്ന പാട്ടോടുകൂടി പ്രണയത്തിന്റെയും പരിഭവത്തിന്റെ യും അന്തരീക്ഷത്തിൽ കഥ ആരംഭിക്കുന്നു. വളരെ പെട്ടെന്ന് മാർത്തയുടെ ഫോണിലേക്ക് മയിലമ്മയുടെ മകൻ സെൽവൻ കുത്തേറ്റു മരിച്ച വാർത്ത വരുന്നു. മകന്റെ മരണവാർത്ത അമ്മയെ അറിയിക്കാതെ, സെക്രട്ടറിയുടെ പ്രവൃത്തിയിൽ ദേഷ്യം തോന്നിയിട്ട് എന്നവണ്ണം മയിലമ്മയെയും കൊണ്ട് മാർത്ത ബാങ്കിൽ നിന്നും പെട്ടെന്ന് തിരിച്ചു പോകുന്നു. ഏറ്റവും അടുപ്പമുള്ള ഒരാളോട്, അവർ അറിയേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു വാർത്ത – സ്വന്തം മകന്റെ മരണവാർത്ത – പറയാൻ പറ്റാതായി പോകുന്ന നിസ്സഹായത കഥാപാത്രത്തിൽ പ്രകടിപ്പിക്കാൻ കഴിയുന്നുണ്ട് എഴുത്തുകാരന്. രാഷ്ട്രീയ കാരണങ്ങളാൽ കൊല്ലപ്പെട്ടത് സെൽവൻ ആണെങ്കിൽ അതുപോലുള്ള ഒരു ഭൂതകാലമുണ്ട് ഈ രണ്ട് സ്ത്രീകൾക്കും. മാർത്തയുടെ അച്ഛനും മയിലമ്മയുടെ ഭർത്താവും ഇതുപോലെ കൊലചെയ്യപ്പെട്ടവരായിരുന്നു. അവരുടെ രക്തസാക്ഷിമണ്ഡപത്തിനടുത്തേക്കാണ് അവർ പോകുന്നത്. ഇത്രയും സമയം വരെ കഥയും കഥപറച്ചിലും ഭദ്രം.

പക്ഷേ കാറ്റിനോടും പുഴയോടും സ്മാരകത്തോടും പാറയോടുമൊക്കെ മയിലമ്മയും മാർത്തയും സംസാരിക്കുന്ന രീതി പറയുന്നത്, അതുവരെ കഥപറഞ്ഞ ശൈലിയുമായി ചേരാത്തതും കഥയുടെ രസത്തെ കെടുത്തിക്കളയുന്നതുമാണ്. സ്വാഭാവികമായ കഥപറച്ചിൽ രീതിയിൽനിന്നും കൃത്രിമത്വത്തിലേക്കുള്ള പോക്കാണത്. കഥ സർഗ്ഗസൃഷ്ടിയാണ്. അതിൽ പരമപ്രധാനമായി ഉളവാക്കേണ്ടുന്നത് അനുഭൂതിയാണ്. അതിനാൽ പൊതുവേ പലരും പറയും പോലെ പൊളിറ്റിക്കൽ കറക്റ്റ്നസ്സ് എന്നത് സർഗ്ഗസൃഷ്ടിയിൽ ചുഴിഞ്ഞു നോക്കേണ്ടുന്ന ഒന്നല്ല. അതിനാൽ തന്നെ മയിലമ്മയുടെ
“കെട്ടാൻ ആയാലും വെട്ടാൻ ആയാലും ഇപ്പോഴും നമ്മുടെ ജാതിയിൽ നിന്ന് തന്നെയല്ലേ അവർക്ക് ആളുകളെ കിട്ടുന്നത്” എന്ന ഒന്നാന്തരം രാഷ്ട്രീയ പിന്തിരിപ്പൻ വാചകത്തെ നമുക്ക് മറന്നു കളയാം. മനസ്സിനെ അടിമുടി മഥിച്ചുകളയുന്ന ദുഃഖത്തെ ഇറക്കി വെക്കാൻ പറ്റാതിരുന്ന മാർത്ത, കഥയുടെ അവസാനം സെക്രട്ടറിയെ ശ്രദ്ധിക്കുന്ന രംഗമുണ്ട്. സെൽവൻറെ മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളെല്ലാം പൂർത്തിയാക്കി, രണ്ട് പെണ്ണുങ്ങൾ മാത്രമുള്ള ആ വീട്ടിൽ തുണയായി നിന്ന്, ഒന്നും പറയാതെ സെക്രട്ടറി കടന്നുപോകുമ്പോൾ മാർത്തയിൽ ഉളവാകുന്ന പ്രണയം മനോഹരമായി കാണിച്ചുതരുന്നു കഥാകൃത്ത്. പക്ഷേ, ആവശ്യമായ സ്ഥലത്ത് ആവശ്യമായ വാചകങ്ങൾ മാത്രം ഉപയോഗിക്കുക. അഥവാ അനാവശ്യമായ വാചകങ്ങൾ, കഥയുടെ മൊത്തത്തിലുള്ള വികാരത്തെ ഹനിച്ച് കളയും എന്ന കാര്യത്തിൽ സൂക്ഷ്മത ഉണ്ടായിരുന്നെങ്കിൽ, വായനക്കാർ വൈകാരികമായി ഏറ്റവുമധികം ചലിപ്പിക്കപ്പെട്ട കഥാന്ത്യത്തിൽ, ആ അന്തരീക്ഷത്തിനോട് ചേരാത്ത വിധമുള്ള പാട്ട് സന്നിവേശിപ്പിക്കാൻ എഴുത്തുകാരൻ മെനക്കെടില്ലായിരുന്നു.

അതു പോലെയാണ് അഭംഗി വെളിവാക്കുന്ന ചില വരികൾ.
‘…മാർത്തയോട് ചിരിച്ചുള്ള സെക്രട്ടറിയുടെ പാട്ട്…’ കഥയുടെ തുടക്കത്തിലുള്ളതാണ് ഇത്.
എന്തുമാത്രം അഭംഗിയുള്ള വാക്യഘടനയാണിത്! പിന്നീടുള്ള ‘നിരത്തിന്റെ അലറിക്കരഞ്ഞുള്ള പോക്ക്..’ ഇതിനെ വികലപ്രയോഗമെന്ന് തന്നെ പറയാം. കഥയിൽ ഇത്തരം തെറ്റുകൾ കടന്നു കൂടിയത് നിസ്സാരമെന്ന് കരുതാൻ വയ്യ. അപ്പോഴും, സാങ്കേതികപരമായും ഘടനാപരമായും, വായനക്കാർക്ക് ഫീൽ നൽകുന്ന ഭേദപ്പെട്ട കഥ തന്നെയാണിത്.

അനീഷ് ഫ്രാൻസിസ്

ഭാഷാപോഷിണിയിലെ രണ്ടാമത്തെ കഥയാണ് അനീഷ് ഫ്രാൻസിസിന്റെ ‘ദേവദാരു മരങ്ങൾക്കിടയിലെ രഹസ്യം.’ കഥയെക്കാളും വിവരണങ്ങളാണ് ഇതിൽ കൂടുതൽ. കഥാനായകന്റെ മരിച്ചുപോയ അമ്മാവന്റെ വീടും ദേവദാരു തോട്ടവുമാണ് തുടക്കത്തിൽ നമ്മൾ കാണുന്നത്. ആഖ്യാതാവിന് കുറേ ദിവസങ്ങളായി ഉറക്കമില്ല. ആ വാചകത്തിൽ നിന്നും കഥ ചാടിച്ചാടി പോകുന്നു. ഒരു കഥ പ്രസിദ്ധീകരിക്കപ്പെടുന്ന പ്രതലം ഏതാണ് എന്ന് എഴുത്തുകാരും വായനക്കാരും മനസ്സിലാക്കിയാൽ നന്ന്. കുട്ടികൾക്കുള്ള ഗുണപാഠ കഥയെക്കാൾ ഒരിഞ്ചുപോലും മുന്നോട്ടു പോവാത്ത ആശയവും ആഖ്യാനവും ആണിത്. ആഖ്യാതാവിന് കുറേക്കാലമായി ഉറക്കമില്ല എന്ന് പറഞ്ഞു കൊണ്ട് കഥ ആരംഭിക്കുന്നു. എല്ലാ പ്രഭാതങ്ങളിലും കേട്ടുകൊണ്ടിരുന്ന പക്ഷിയുടെ പാട്ട് കുറേ സമയമായി കേൾക്കാത്തതാണ് പോലും കാരണം. അതുകൂടാതെ അടുക്കളയുടെ പുറത്ത് ഈയടുത്തായി രൂപപ്പെട്ടുവരുന്ന, ഉയരം പ്രതിദിനം കൂടി വരുന്ന ഒരു കുന്നും. പാട്ടുപാടുന്ന പക്ഷിയെ അന്വേഷിച്ചുകൊണ്ട് ദേവദാരു മരങ്ങൾക്കിടയിലൂടെ പോകുന്ന കഥാനായകൻ ഒരിക്കൽ മാർട്ടിൻ എന്ന് പേരുള്ള പയ്യനെ കണ്ടുമുട്ടുന്നു. അവനോടൊന്നിച്ച് അവന്റെ വീട്ടിൽ പോയപ്പോൾ അവിടെ കന്യാസ്ത്രീകളെയും മാർട്ടിന്റെ സഹോദരിയെയും കാണുന്നു. ആ വീടും അന്തരീക്ഷവും വിശദമായി പ്രതിപാദിക്കുന്നു കഥാകൃത്ത്. ഇത്തരം പ്രതിപാദനങ്ങളാൽ – പറച്ചിലുകളാൽ- സമൃദ്ധമാണ് കഥ. കന്യാസ്ത്രീ ഡോക്ടറാണെന്ന് പറയുന്നു. കഥാനായകന്റെ അമ്മാവനോട് ഇവർക്ക് പ്രണയമായിരുന്നു എന്ന് പറയുന്നു. സിറിയയിൽ വച്ചാണ് പരിചയപ്പെട്ടതെന്ന് പറയുന്നു. ഇതൊക്കെ വായിക്കുമ്പോൾ നമ്മൾ “വാട്ടീസ് ദിസ്” എന്ന് ചോദിക്കുന്നു. “ഏകാന്തതയാണ് ഏറ്റവും വലിയ വിഷം” എന്നത് ‘മഹാസത്യമായി’ നമുക്കു മുമ്പിൽ അവതരിപ്പിക്കപ്പെടുന്നു. ആഖ്യാതാവിന്റെ കടുത്ത തലവേദനക്ക് കാരണം ഭയം ആണെന്ന് പറയുന്നു ഡോക്ടർ ആയ കന്യാസ്ത്രീ. അതിനെ സ്നേഹം കൊണ്ടാണ് കീഴ്പ്പെടുത്തേണ്ടത് എന്ന് ഉപദേശിച്ചുവിടുന്നു. അതോടുകൂടി കഥാനായകന്റെ തലവേദന മാറുന്നു. നഷ്ടപ്പെട്ട ഉറക്കം തിരിച്ചു കിട്ടുന്നു. ഇടക്കാലത്ത് നിന്നുപോയ പക്ഷിയുടെ പാട്ട് വീണ്ടും കേൾക്കുന്നു. കഥാപാത്രങ്ങളുടെയും രംഗങ്ങളുടെയും വിശദമായ വിശദീകരണം എന്നതിൽ കവിഞ്ഞു മറ്റെന്തെങ്കിലും ഉണ്ടെന്ന് പറയാൻ പറ്റാത്ത സൃഷ്ടി മാത്രമാണിത്

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like