പൂമുഖം LITERATUREലേഖനം ജാതിക്കുള്ളിലെ വർഗ്ഗവും വർഗ്ഗബോധവും : അംബേദ്കർ ചിന്തകളും മാർക്സിയൻ വർഗ്ഗസമര സിദ്ധാന്തവും

ജാതിക്കുള്ളിലെ വർഗ്ഗവും വർഗ്ഗബോധവും : അംബേദ്കർ ചിന്തകളും മാർക്സിയൻ വർഗ്ഗസമര സിദ്ധാന്തവും

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ടി ടി ശ്രീകുമാറിന്റെ ‘പുനർവായനകളിലെ മാർക്സിസം’ എന്ന പുതിയ പുസ്തകത്തിലെ മാർക്സ്-അംബേദ്‌കർ ചാപ്റ്റർ, ദി ക്രിട്ടിക് മാഗസിൻ “ജാതിയും വർഗ്ഗവും : അംബേദ്കറിസ്റ് മാർക്സിസം സാധ്യമാണോ” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിക്കുകയും പ്രസ്തുത ലേഖനം വ്യാപകമായ വായിക്കപ്പെടുകയും ചെയ്തിരുന്നു. അംബേദ്കറൈറ്റ്‌ പ്രമോദ് ശങ്കരൻ ടി ടി ശ്രീകുമാറിന്റെ നിരീക്ഷണങ്ങളെ ഖണ്ഡിക്കുകയാണ് ഈ ലേഖനത്തിലൂടെ…

ടി ടി ശ്രീകുമാർ

അംബേദ്കറിസ്റ്റ് മാർക്സിസം സാദ്ധ്യമാണെന്ന തരത്തിൽ ടി. ടി. ശ്രീകുമാർ ‘ദി ക്രിറ്റിക്കി’ൽ എഴുതിയ ലേഖനം കേവലം ദുർബലമായ അടിത്തറപോലുമില്ലാത്തതാണ്. ഇത്തരമൊരു വാദം മുന്നോട്ടുവയ്ക്കാൻ അദ്ദേഹം ആശ്രയിക്കുന്നത് ജാതിയുടെ ഉല്പത്തിക്കുമുൻപ് വർണ്ണവ്യവസ്ഥയിൽ വർഗ്ഗസമൂഹങ്ങൾ ഉണ്ടായിരുന്നതിനെക്കുറിച്ചും ജാതിവ്യവസ്ഥക്കുള്ളിൽ പ്രവർത്തിക്കുന്ന വർഗ്ഗബോധത്തെക്കുറിച്ചുമൊക്കെയുള്ള അംബേദ്കറുടെ പഠനങ്ങളെത്തന്നെയാണ്.

ടി. ടി. ശ്രീകുമാർ എഴുതുന്നു: “വർണ്ണവ്യവസ്ഥയുടെ തുടർച്ചയല്ല ജാതിവ്യവസ്ഥ. വർണ്ണവ്യവസ്ഥ വർഗ്ഗവൽക്കരണത്തിലൂടെ കടന്നുപോകുകയും അത് ജാതിയായി പരിണമിക്കുകയുമാണ് ചെയ്തതെന്ന് ആ പഠനത്തിൽ അദ്ദേഹം (അംബേദ്കർ) ഊന്നിപ്പറയുന്നു. വർണ്ണവ്യവസ്ഥയ്ക്കുള്ളിൽ നിന്നിരുന്ന വർഗ്ഗവ്യവസ്ഥയെയാണ് ജാതി കടം കൊള്ളുന്നതെന്ന് അദ്ദേഹം എടുത്തുപറയുന്നുണ്ട്. വർഗ്ഗബോധവും ജാതിബോധവും കെട്ടുപിണയുകയും തന്ത്രപരമായി സാമൂഹിക സംഘർഷങ്ങളിൽ പരസ്പരം മാറിക്കൊടുക്കുകയും ചെയ്യുന്ന ഒരു ദ്രവാവസ്ഥ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ജാതിയെ വർഗ്ഗവുമായി ബന്ധിപ്പിക്കുന്ന ഒരു ചരിത്ര-സമകാലഭൂമിക അദ്ദേഹം നിർമ്മിക്കുകയാണ്.” ഇവിടെ ഹൈന്ദവ സാമൂഹ്യഘടനയുടെ മൂന്ന് സവിശേഷ സ്വഭാവം അംബേദ്കർ വിശദികരിക്കുന്നത് അദ്ദേഹത്തിന് മനസ്സിലായിട്ടില്ല എന്ന് ഉറപ്പാണ്. അത് കൊണ്ടാണ് ഇത്തരം ഒരു വാദം ഉയർത്തിക്കൊണ്ട് വരുന്നത്. അംബേദ്കർ എഴുതുന്നുണ്ട് “ഹൈന്ദവ സാമൂഹ്യ സംവിധാനത്തിന് മൂന്ന് സവിശേഷതകളുണ്ട്. ഒന്ന് ജാതി, രണ്ട് ജാതികളുടെ ശ്രേണീകൃത സമ്പ്രദായം, മൂന്ന് ജാതി സമ്പ്രദായത്തിലേക്ക് കടന്ന് ചെല്ലുന്ന വർഗസമ്പ്രദായം. ഇത് വളരെ കുഴഞ്ഞു മറിഞ്ഞ ഘടനയാണ്. അതുമായി നാഭീനാള ബന്ധമില്ലാത്ത ഒരാൾക്ക് അതിന്റെ യഥാർത്ഥത്തിലുള്ള ചിത്രം മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടാവും” (untouchble or the chlidren of indian ghetto). ജാതിയും ജാതിയുടെ ശ്രേ ണികൃത സ്വഭാവവും മനസ്സിലായ അദ്ദേഹത്തിന് അംബേദ്കർ പറഞ്ഞ ജാതിയിലേക്ക് കടന്ന് ചെല്ലുന്ന വർഗ സമ്പ്രദായമെന്ന ആശയം പിടികിട്ടിയിട്ടില്ല. ജാതിയുടെ സവിശേഷമായ സാമൂഹ്യ ഘടനയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന വർഗബോധത്തെ തെറ്റായി മനസിലാക്കുന്ന ആർക്കും സംഭവിക്കുന്ന പിഴവാണിത്. അതുകൊണ്ടാണ് ജാതിയുടെ ഉല്പത്തിയും, നിലനിൽപ്പും നിർണയിക്കുന്ന വർഗങ്ങളെയും, വർഗബോധത്തെയും കുറിച്ചുള്ള അംബേദ്കറുടെ നിരീക്ഷണം മാർക്സിയൻ വർഗ സിദ്ധാന്തത്തിൽ കൂട്ടികലർത്താൻ ടി ടി ശ്രീകുമാർ തയ്യാറാവുന്നത്.

അംബേദ്കർ തന്റെ കൃതികളിൽ ഇന്ത്യൻ സമൂഹത്തിന്റെ സവിശേഷതയായ ജാതിവ്യവസ്ഥയെ വിശദീകരിക്കുന്ന ഘട്ടങ്ങളിൽ വർണ്ണവ്യവസ്ഥയിലെ സാമൂഹ്യവർഗ്ഗങ്ങളെക്കുറിച്ചും, ജാതിസമ്പ്രദായത്തിനുള്ളിലെ വർഗ്ഗബോധത്തെക്കുറിച്ചും പറയുന്നുണ്ട്.

പ്രധാനമായും മൂന്ന് സന്ദർഭങ്ങളിലാണ് അംബേദ്കർ സാമൂഹ്യ വർഗ്ഗങ്ങളെ (social classes) ക്കുറിച്ചും വർഗ്ഗബോധത്തെക്കുറിച്ചും (class consciousness) മാർക്സിന്റെ വർഗ്ഗസിദ്ധാന്തമെന്ന ആശയത്തെക്കുറിച്ചുമൊക്കെ ചർച്ച ചെയ്യുന്നത്.

അദ്ദേഹം വർഗങ്ങളെ അഥവാ സാമൂഹ്യവർഗങ്ങളെക്കുറിച്ച് പറയുന്നത് ജാതിയുടെ ഉല്പത്തിയെ വിശദീകരിക്കുന്നതിനും വർഗ്ഗബോധത്തെപ്പറ്റി പറയുന്നത് ജാതിവ്യവസ്ഥയെ തകരാതെ താങ്ങിനിർത്തുന്ന ഒരു സവിശേഷ വർഗ്ഗബോധം ജാതിക്കുള്ളിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് വിശദീകരിക്കുന്നതിനുമാണ്. മാർക്സിന്റെ വർഗ സമര സിദ്ധാന്തം ജാതിവ്യവസ്ഥ നിലനിൽക്കുന്ന ഇന്ത്യൻ സാമൂഹ്യഘടനയ്ക്കുളിൽ എങ്ങനെയാണ് പരാജയപ്പെടുന്നതെന്ന് വിശദമാക്കാനാണ് അംബേദ്കർ മാർക്സിന്റ വർഗ സമര സിദ്ധാന്തത്തെ വിമർശനപരമായി പരിശോധിക്കുന്നത്. അതായത് ജാതിക്കുള്ളിലെ വർഗവും വർഗ ബോധവുമെന്ന ആശായവും മാർക്സിന്റെ വർഗ സിദ്ധാന്തവും രണ്ടും രണ്ട് കാര്യങ്ങളാണ്.

ഇവിടെ പ്രാഥമികമായിത്തന്നെ മനസ്സിലാക്കേണ്ട ഒരു വസ്തുത ജാതിയുടെ ഉല്പത്തി ചുരുളഴിക്കാൻ അംബേദ്കർ വിശദീകരിക്കുന്നത് സാമൂഹ്യ വർഗ്ഗത്തെക്കുറിച്ചാണ് (social class). അത് മാർക്സിന്റെ സാമ്പത്തിക വർഗ്ഗമല്ല. ജാതിക്കുള്ളിൽ പ്രവർത്തിക്കുന്ന വർഗ്ഗബോധമെന്നതും (class consciousness) മാർക്സിന്റെ വർഗ്ഗസമരം എന്ന ആശയത്തിൽ ഉൾച്ചേർന്നിരിക്കുന്ന വർഗ്ഗബോധമല്ല. ഈ പ്രാഥമികമായ ധാരണ ഇല്ലാത്തതുകൊണ്ടാണ് ജാതിയെ വർഗ്ഗവുമായി ബന്ധിപ്പിക്കുന്ന ചരിത്ര-സമകാല ഭൂമിക അംബേദ്കർ നിർമ്മിക്കുന്നതായി ടി. ടി. ശ്രീകുമാറിന് തോന്നുന്നത്. അംബേദ്കർ പറയുന്ന സാമൂഹ്യവർഗ്ഗങ്ങൾ, വർഗ്ഗബോധം എന്നീ ആശയങ്ങളെക്കുറിച്ചൊന്നും അക്കാദമികമായതോ അല്ലാത്തതോ ആയ പഠനമോ വായനയോ ഇന്നേവരെ നടന്നിട്ടില്ല എന്നത് ഒരു വസ്തുതയാണ്. അതുകൊണ്ടുതന്നെ അംബേദ്കർ പറയുന്ന വർഗ്ഗം, വർഗ്ഗബോധം എന്നീ ആശയങ്ങളുടെ ഒരു പ്രാഥമിക വിശദീകരണം ആവശ്യമാണ്.

ജാതിയുടെ ഉല്പത്തിക്ക് കാരണമായ സാമൂഹിക വർഗ്ഗങ്ങൾ (social classes)

ജാതി ഒരു വലയിതമായ വർഗ്ഗമാണെന്ന് (A Caste is an enclosed class) അംബേദ്കർ എഴുതുന്നത് ‘Caste in India : Mechanism Genesis and Development’ എന്ന പ്രബന്ധത്തിലാണ്. ഈ പ്രബന്ധത്തിൽ അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന നീരിക്ഷണങ്ങൾ ശ്രദ്ധേയമാണ്. ഇന്ത്യൻ സമൂഹം ജാതികളായി മാറുന്നതിന് മുൻപുണ്ടായിരുന്ന വർണ്ണവ്യവസ്ഥാ സമൂഹത്തിൽ വ്യത്യസത വർഗ്ഗങ്ങൾ രൂപം കൊണ്ടിരുന്നു. സമൂഹത്തിന്റെ സ്വാഭാവിക വികാസ പ്രക്രിയയിൽ പുരോഹിതർ, സൈനികർ, കച്ചവടക്കാർ, കൈവേലത്തൊഴിലുകൾ ചെയ്യുന്നവർ എന്നിങ്ങനെ വർണ്ണസമൂഹത്തിൽ സാമൂഹിക വർഗ്ഗങ്ങൾ ഉയർന്നു വന്നിരുന്നു. നിലനിന്നിരുന്ന ഒരു ജനസമൂഹങ്ങളിൽ നിന്നുതന്നെയാണ് പുരോഹിതരും മറ്റുവർഗ്ഗങ്ങളും തെരെഞ്ഞെടുക്കപ്പെട്ടിരുന്നത്. (ഒരോ ജാതികളും വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും ജാതികളായി തന്നെ വന്ന് കുടിയേറിയതാണെന്ന തെറ്റിദ്ധാരണയാണ് പൊതുവിലുള്ളത് )

വർഗ്ഗങ്ങളായി തരം തിരിക്കപ്പെട്ട വർണ്ണസമൂഹത്തിൽ വർഗ്ഗമാറ്റവും അതുപോലെത്തന്നെ വർഗ്ഗങ്ങൾക്കിടയിലുള്ള വിവാഹബന്ധങ്ങളും സ്വഭാവികമായിരുന്നുവെന്നത് സവിശേഷമായി ഓർക്കപ്പെടേണ്ടതാണ്. എന്നാൽ ഇങ്ങനെ രൂപപ്പെട്ട വർഗ്ഗസമൂഹങ്ങൾ കാലക്രമേണ സമൂഹത്തിൽ മേൽക്കോയ്‌മ സ്ഥാപിക്കുന്നതോടെ അവരുടെ ആധിപത്യം നിലനിർത്താനും ശ്രമിക്കുന്നുണ്ട്. സാമൂഹ്യമായി മേൽക്കൈ നേടിയ പുരോഹിതവർഗ്ഗമായി സ്ഥാനപ്പെട്ടവർ വർണ്ണസമൂഹത്തിൽ അന്നേവരെ നിലനിന്ന വ്യത്യസ്ത വർഗ്ഗങ്ങൾ തമ്മിലുള്ള വിവാഹരീതിക്ക് മാറ്റം വരുത്തിക്കൊണ്ട് പുരോഹിതർ വിവാഹബന്ധങ്ങൾ അവർക്കുള്ളിൽ മാത്രമാക്കിത്തീർക്കുന്ന സമ്പ്രദായം ആരംഭിച്ചു. പുരോഹിതവർഗം സ്വീകരിച്ച ഈ പുതിയ വിവാഹ സമ്പ്രദായമാണ് ഇന്ത്യയിൽ ജാതിയുടെ ഉല്പത്തിക്ക് കാരണമായി അംബേദ്കർ ചൂണ്ടിക്കാട്ടുന്നത്. പുരോഹിതവർഗ്ഗം വിവാഹ ബന്ധങ്ങൾ അവർക്കുള്ളിൽ ചുരുക്കി സ്വയം വലയിതമായിത്തീരുന്നതോടു കൂടി വർഗ്ഗസമൂഹം ജാതിയിലേക്ക് പരിവർത്തനപ്പെടുന്ന പ്രക്രിയയെക്കുറിച്ചാണ്‌ ജാതി ഒരു വലയിതമായ വർഗ്ഗമാണ് (a caste is an enclosed class) എന്ന് അംബേദ്കർ വിശേഷിപ്പിക്കുന്നത്. ഇവിടെ പുരോഹിതരെന്ന സാമൂഹ്യ വർഗ്ഗമാണ് വിവാഹം അവർക്കുള്ളിലേക്ക് ചുരുക്കി മറ്റുള്ളവരിൽ നിന്നും വേറിട്ട്‌ സ്വയം വലയം ചെയ്യുന്നത്. ഈ വർഗ്ഗം മാർക്സിന്റെ വർഗ്ഗസിദ്ധാന്തത്തിൽ സങ്കൽപ്പിക്കപ്പെട്ടിട്ടുള്ള തൊഴിലാളി-മുതലാളിയെന്ന സാമ്പത്തികവർഗ്ഗമല്ല (economic class), മറിച്ച് സമൂഹത്തിൽ മറ്റു പലനിലയ്ക്ക് അസ്തിത്വമുള്ള സാമൂഹികവർഗ്ഗമാണ് (social class). സമൂഹത്തിലെ വ്യത്യസ്ത വർഗ്ഗങ്ങളുടെ അസ്തിത്വത്തെക്കുറിച്ച് അംബേദ്കർ എഴുതുന്നുണ്ട്: “വ്യക്തികൾ ചേർന്ന് സമൂഹം ഉണ്ടാവുന്നു എന്ന് പറയുന്നതിൽ കഴമ്പില്ല, സമൂഹം രൂപംകൊള്ളുന്നത് വർഗ്ഗങ്ങൾകൊണ്ടാണ്, സമൂഹത്തിൽ നിശ്ചിത വർഗ്ഗങ്ങളുടെ അസ്തിത്വം ഒരു യാഥാർത്ഥ്യമാണ്. അവയുടെ അടിസ്ഥാനം സാമൂഹികമോ സാമ്പത്തികമോ ബുദ്ധിപരമോ ആയിരിക്കും.” സമൂഹത്തിലെ വ്യത്യസ്ത വർഗ്ഗങ്ങളെക്കുറിച്ച് പറയുമ്പോൾത്തന്നെ വർഗ്ഗസംഘട്ടനം എന്ന ആശയം അതിശയോക്തിപരം മാത്രമാണെന്നുകൂടി അംബേദ്കർ എഴുതുന്നുണ്ട്. ജാതിയുടെ ഉൽത്ഭവചരിത്രവുമായി ബന്ധപ്പെടുത്തി അംബേദ്കർ നിരീക്ഷിക്കുന്ന വർഗ്ഗമെന്നത് മാർക്സ് മുന്നോട്ട് വയ്ക്കുന്ന സാമ്പത്തിക വർഗ്ഗമെന്ന സങ്കല്പമല്ല; മറിച്ച് സമൂഹത്തിലെ സാമൂഹ്യവർഗ്ഗങ്ങളെക്കുറിച്ചാണ് എന്നത് സുവ്യക്തമാണ്.

ജാതിക്കുള്ളിലെ വർഗ്ഗബോധം

അംബേദ്കർ ചൂണ്ടിക്കാണിച്ചതും ജാതിവ്യവസ്ഥയെ നിലനിർത്തുന്നതുമായ വർഗ്ഗബോധമെന്ന ആശയം തീർത്തും അവഗണിക്കപ്പെട്ട ഒന്നാണ്. അതുകൊണ്ടുതന്നെ ഹിന്ദുക്കൾക്കിടയിൽ സവിശേഷ സാമൂഹ്യസന്ദർഭങ്ങളിൽ മാത്രം പ്രവർത്തിക്കുന്ന വർഗ്ഗബോധത്തെക്കുറിച്ച് അംബേദ്കർ വിശദീകരിച്ചതെന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്.

Untouchable or the children of Indian ghetto എന്ന കൃതിയിൽ അംബേദ്കർ എഴുതുന്നുണ്ട് ” ജാതി വർഗ്ഗമെന്ന ആശയത്തിൽനിന്ന് വ്യത്യസ്തവും വിരുദ്ധവുമാണെങ്കിലും ജാതിസമ്പ്രദായം (caste system) ജാതിയിൽ നിന്ന് വ്യത്യസ്തമെന്നത് പോലെ ഒരു വർഗ്ഗസമ്പ്രദായത്തെ അംഗീകരിക്കുന്നുമുണ്ട്. ഈ വർഗ്ഗസമ്പ്രദായം നേരത്തെ പരാമർശിച്ച തരംതിരിക്കപ്പെട്ട പദവിയിൽ നിന്ന് വ്യത്യസ്തമാണ്. ഹിന്ദുക്കൾ നിരവധി ജാതികളായി വിഭജിക്കപ്പെട്ടതുപോലെ ജാതികളും ജാതികളുടെ വിവിധ വർഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ജാതി ചിന്തയുള്ളയാളാണ് ഹിന്ദു. അതുപോലെ വർഗ്ഗബോധവും അയാൾക്കുണ്ട്. അയാൾ ജാതിചിന്തയുള്ളയാളാണോ അതോ വർഗ്ഗബോധമുള്ളയാളാണോ എന്നത് അയാൾ ഏത് ജാതിയുമായാണോ ഏറ്റുമുട്ടുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അയാൾക്ക് കലഹിക്കേണ്ടിവരുന്ന ജാതി അയാൾ ഉൾക്കൊള്ളുന്ന വർഗ്ഗത്തിലെ ജാതിയാണങ്കിൽ അയാൾ ജാതിബോധമുള്ളവനാകുന്നു. അയാൾ ഏറ്റുമുട്ടുന്ന ജാതി അയാളുടെ വർഗ്ഗത്തിന് പുറത്താണെങ്കിൽ അയാൾ വർഗ്ഗബോധമുള്ളവനാകുന്നു.”(AWS V 10)

ഇവിടെ അംബേദ്കർ വ്യക്തമാക്കുന്ന ഒരു കാര്യം ഹിന്ദുക്കൾക്കു ജാതിബോധം പോലെത്തന്നെ വർഗ്ഗബോധവുമുണ്ട് എന്നതാണ്. ഈ വർഗ്ഗബോധം ജാതിബോധം പോലെ സ്ഥിരമായ ഒന്നല്ല. ചില സാമൂഹ്യസന്ദർഭങ്ങളിൽ കൈവരിക്കുകയും അടുത്ത നിമിഷം കൈവിടുന്നതുമായ സവിശേഷ സ്വഭാവമുള്ളതാണ്.

ജാതിവ്യവസ്ഥയ്ക്കുള്ളിൽ സാമൂഹ്യപദവികളുടെ അടിസ്ഥാനത്തിലാണ് ജാതികളുടെ സവിശേഷവർഗ്ഗങ്ങളും വർഗ്ഗബോധവും രൂപപ്പെടുന്നത്. ഉദാഹരണമായി, ചാതുർവർണ്ണ്യജാതികൾ ജാതികളായിരിക്കുമ്പോൾത്തന്നെ വർഗ്ഗബോധവും കൈവരിക്കുന്നത് അംബേദ്കർ വിശദീകരിക്കുന്നു. ചാതുർവർണ്ണ്യജാതികൾ നാലാണ്: ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ. അവയെയെല്ലാം ചേർത്ത് സവർണർ (caste hindus) എന്ന വർഗ്ഗമുണ്ടാകുന്നുണ്ട് . എന്നാൽ ഇവർക്കിടയിൽ ഒരു വർഗ്ഗവിഭജനവുമുണ്ട്. ആദ്യത്തെ മൂന്ന് ജാതികളെയും ചേർത്ത് ദ്വിജന്മാർ എന്ന വർഗബോധം രൂപപ്പെടുന്നു. ഈ വിഭജന രേഖ നാലാമത്തെ ജാതിയായ ശൂദ്രരെ വേർതിരിക്കുന്നു. ദ്വിജൻമാരായ (രണ്ട് ജന്മമുള്ളവർ) ത്രൈവർണ്ണികർക്ക് പൂണൂൽ ധരിക്കാനും വേദം പഠിക്കാനും അവകാശമുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ വിഭജനം. ശൂദ്രർ എന്നത് തന്നെ പല ജാതികളുടെ കൂട്ടമാണ്. ഇതിൽ നിന്നും ഏതെങ്കിലും ജാതികൾ മുകളിലുള്ള ജാതിക്കെതിരെ വിപ്ലവമുണ്ടാക്കിയാൽ ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യർക്കിടയിൽ ത്രൈവർണ്ണികയെന്ന വർഗ്ഗബോധമുണ്ടയിവരുകയും അവർ ശൂദ്രരെ നേരിടുകയും ചെയ്യും.

അതേസമയം കലഹം നേരിടേണ്ടിവരുന്നത് ശൂദ്രനു താഴെയുള്ള ഏതെങ്കിലും ജാതിയിൽ നിന്നാണെങ്കിൽ അവർക്കെതിരെ ത്രൈവർണികർക്കും ശൂദ്രർക്കും ഇടയിൽ പ്രവർത്തിക്കുന്നത് ‘സവർണൻ’എന്ന വർഗബോധമായിരിക്കും. ശൂദ്രൻ ഉൾപ്പെടുന്ന സവർണ ‘വർഗം’ രൂപംകൊള്ളുകയും കീഴ്ജാതി വിപ്ലവത്തെ തോൽപ്പിക്കുകയും ചെയ്യും.

ജാതിവ്യവസ്ഥയിൽ സവർണർക്ക് താഴെ രണ്ടു പ്രധാന വിഭാഗങ്ങളുണ്ട്.

പ്രാകൃത- ക്രിമിനൽ ജാതികളെന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച ഓബിസി ജാതികളും അതിനു താഴെ അയിത്തജാതികളും ഇവർക്കിടയിലൂടെയും ഒരു വർഗ വിഭജനരേഖ കടന്നുപോകുന്നതായി അംബേദ്കർ പറയുന്നു. ഇത് അയിത്തജാതികൾക്കു മുകളിൽ മറ്റെല്ലാ ജാതികളും ഉൾചേരുന്ന മറ്റൊരു വർഗബോധത്തിന്റെ രൂപീകരണത്തിന് കാരണമാകുന്നു. ‘സ്പൃശ്യർ’ എന്നാണ് അദ്ദേഹം ഈ വർഗത്തെ വിശേഷിപ്പിക്കുന്നത്. കാരണം സവർണരും അവർണ വിഭാഗത്തിലെ പ്രാകൃത -ക്രിമിനൽ ജാതികളും തമ്മിലുള്ള വ്യത്യാസം വളരെ ലോലമാണ്. രണ്ട് കൂട്ടരും സ്പർശ്യരാണ്. വ്യവസ്ഥക്ക്കുള്ളിൽ കലഹമുണ്ടാക്കുന്നത് അസ്പ്രശ്യരായ അയിത്തജാതിയിൽപ്പെട്ട ഏതെങ്കിലും ജാതിയാണെങ്കിൽ അയിത്ത ജാതിയല്ലാത്തവരുടെ ഈ വർഗ്ഗബോധം ഉണരുകയും അത് അയിത്ത ജാതിക്കെതിരേ പ്രവർത്തിക്കുകയും ചെയ്യും.

മേൽപറഞ്ഞ സാമൂഹ്യക വർഗ്ഗങ്ങളുടെ അസ്തിത്വം തൊഴിലാളി മുതലാളി വർഗങ്ങളെ പോലെ തിരിച്ചറിയുക പ്രയാസമാണെങ്കിലും ജാതിവ്യവഹാരങ്ങളിൽ ഈ വർഗബോധത്തെ വേർതിരിച്ചറിയാൻ എളുപ്പത്തിൽ സാധിക്കും.

ജാതി സമൂഹത്തിൽ സാന്ദർഭികമായി രൂപപ്പെടുന്ന ഈ വർഗബോധമാണ് ജാതിവ്യവസ്ഥയെ തളരാതെ നിലനിർത്തുന്നതിന്റെ പ്രധാന ഘടകമെന്ന് അംബേദ്കർ ചൂണ്ടിക്കാണിക്കുന്നു.

ആധുനിക സമൂഹത്തിലെ ജാതിബന്ധങ്ങൾക്കിടയിൽ എങ്ങനെയാണ് വർഗ്ഗബോധം പ്രവർത്തിക്കുന്നതെന്നുകൂടി പരിശോധിക്കാം. കേരളത്തിലെ ശൂദ്രസമുദായമായ നായർജാതികൾക്കിടയിൽ നിരവധി ജാതിവൈരുദ്ധ്യങ്ങളുണ്ട്. അതിൽ മേനോനും പിള്ളയും സാദാനായരും സാദാനായരിൽത്തന്നെ വിളക്കിത്തല, വെളുത്തേടത്ത് പോലുള്ള പിന്നോക്കനായൻമാരുമുണ്ട്. പരസ്പരം ജാതികൾ തമ്മിലുള്ള എല്ലാവിധ അകലവും നായൻമാരിൽ തമ്മിൽത്തമ്മിലുണ്ടെങ്കിലും അവർ നായർ എന്ന വർഗ്ഗബോധത്തിന്റെ അടിസ്ഥാനത്തിൽ ഒരുമിച്ചുനിൽക്കുന്ന സാമൂഹ്യ സന്ദർഭങ്ങളുണ്ടാവും. നായരിലെ പിന്നോക്ക നായൻമാരായ വിളക്കിത്തലയും മേനോനും തമ്മിൽ ഒരു പ്രശ്നമുണ്ടായാൽ അതിന്റെ അടിസ്ഥാനം ജാതിബോധമാവും. എന്നാൽ പിന്നോക്കനായന്മാരും ഈഴവരും തമ്മിൽ ഒരു പ്രശ്നമുണ്ടായാൽ പിന്നോക്കനായന്മാരും മേനോന്മാരും സാദാനായന്മാരുമെല്ലാം ചേർന്ന് സവർണ്ണർ എന്ന വർഗ്ഗബോധത്തിന്റെ അടിസ്ഥാനത്തിൽ ഈഴവർക്കെതിരെ രംഗത്തുവരും. അതുകൊണ്ടാണ് അംബേദ്കർ പറയുന്നത് ഒരാൾ ഏറ്റുമുട്ടുന്ന ജാതി അയാളുടെ വർഗ്ഗത്തിനുള്ളിലാണെങ്കിൽ അയാൾ ജാതിബോധമുള്ളവനും അയാളുടെ വർഗ്ഗത്തിന് വെളിയിലുള്ള ജാതിയാണെങ്കിൽ അയാൾ വർഗ്ഗബോധമുള്ളവനുമാകുമെന്ന്. വിളക്കിത്തലനായരും മേനോനും ഏറ്റുമുട്ടുന്നത് സവർണ്ണർ എന്ന വർഗ്ഗത്തിന്റെ യുള്ളിലായതുകൊണ്ട് അവിടെ ജാതിബോധമാണ് പ്രവർത്തിക്കുന്നത്. എന്നാൽ സവർണ്ണർക്ക് വെളിയിലുള്ള ഈഴവരുമായി വിളക്കിത്തലനായർ ഏറ്റുമുട്ടുമ്പോൾ ഈഴവർക്കെതിരായി ജാതിക്കുപരിയായി നായന്മാർക്കിടയിൽ സവർണ്ണർ എന്ന വർഗ്ഗബോധം രൂപപ്പെടും. ഹിന്ദുക്കൾ തമ്മിൽത്തമ്മിൽ ജാതികളായിരിക്കുമ്പോൾത്തന്നെ കൈവരിക്കുന്ന വർഗ്ഗബോധമെന്നത് ജാതിനിയമങ്ങൾ മറികടക്കുന്ന തൊട്ടുതാഴെയുള്ള ജാതികളെ അടിച്ചമർത്താനും നിലയ്ക്കുനിർത്താനും വേണ്ടിയാണ്. ജാതിക്കുള്ളിലെ ഈ വർഗ്ഗബോധമാണ് ജാതിവ്യവസ്‌ഥയെ തകരാതെ താങ്ങി നിർത്തുന്ന ഒരു ഘടകമെന്ന് അംബേദ്കർ ചൂണ്ടിക്കാട്ടുന്നു. (Untouchable or the children of Indian ghetto )

വർഗ്ഗബോധം അംബേദ്കറിലും മാർക്സിലും

ഈ വിശദാംശങ്ങളിൽനിന്ന് ജാതിക്കുള്ളിൽ പ്രവർത്തിക്കുന്ന വർഗ്ഗബോധത്തെക്കുറിച്ച് അംബേദ്കർ പറയുന്നത്, മാർക്സിന്റെ വർഗ്ഗസങ്കല്പമായി ടി. ടി. ശ്രീകുമാർ തെറ്റിദ്ധരിക്കുകയാണെന്ന് വ്യക്തമായി മനസ്സിലാവും. അതിന്റെ അടിസ്ഥാനപരമായ കാരണം ജാതിക്കുള്ളിലെ വർഗ്ഗമെന്താണെന്നും ആ വർഗ്ഗബോധത്തിന്റെ സാമൂഹ്യവിരുദ്ധ സ്വഭാവമെന്താണെന്നും അദ്ദേഹത്തിന് പിടികിട്ടിയില്ല എന്നതാണ്. മാർക്സിന്റെ സാമ്പത്തികവർഗ്ഗസിദ്ധാന്തത്തിൽ രണ്ട് വർഗ്ഗമുണ്ട്: തൊഴിലാളിയും മുതലാളിയും. ഇതിൽ താഴേത്തട്ടിലുള്ള തൊഴിലാളികൾ കൈവരിക്കുന്ന വർഗ്ഗബോധം മുതലാളി വർഗ്ഗത്തെ അട്ടിമറിച്ച് ചൂഷണ വ്യവസ്ഥതന്നെ മാറ്റി മറിക്കുക എന്ന ലക്‌ഷ്യം കൈവരിക്കാനുള്ളതാണ്. ഒരു നവ സാമൂഹ്യ സൃഷ്ടിയാണ് അത് ലക്ഷ്യം വെക്കുന്നത്. അംബേദ്കർ ജാതിയുമായി ബന്ധപെട്ടു വിവരിക്കുന്ന വർഗ്ഗമെന്നത് വിവിധ തരം സാമൂഹിക വിഭാഗങ്ങളെയാണ്; അതായത് സാമൂഹ്യ വർഗ്ഗങ്ങൾ (social classes). ഈ സാമൂഹികവർഗ്ഗങ്ങളുടെ സ്ഥാനം ജാതിക്കുള്ളിലെ സാമൂഹിക പദവിയാണ്. മാർക്സിന്റെ വർഗ്ഗം സാമ്പത്തിക ബന്ധങ്ങളുടെ (economic class) അടിസ്ഥാനത്തിലാണെങ്കിൽ അംബേദ്കർ ചൂണ്ടിക്കാട്ടുന്നത് സാമൂഹ്യപദവികളുടെ അടിസ്ഥാനത്തിൽ നിലനിൽക്കുന്ന സാമൂഹ്യവർഗ്ഗങ്ങളെ (social classes)യാണ്. മാർക്സിന്റെ വർഗ്ഗത്തിൽ രണ്ട് വർഗ്ഗങ്ങളുണ്ട്, അവ തമ്മിൽ അനിവാര്യമായ വർഗ്ഗസംഘട്ടനവുമുണ്ട്. എന്നാൽ അംബേദ്കർ ചൂണ്ടിക്കാട്ടുന്നത് ജാതിക്കുള്ളിൽ നേർക്കുനേർ നിൽക്കുന്ന രണ്ട് വർഗ്ഗങ്ങൾ ഇല്ലയെന്നാണ്. മാത്രമല്ല ഈ വർഗ്ഗരൂപീകരണം മുകളിൽ നിന്ന് താഴേയ്ക്കാണ് പ്രവർത്തിക്കുക. തൊട്ടുതഴെയുള്ള ജാതി, ജാതിനിയമങ്ങൾ മറികടക്കുമ്പോൾ അതിനെ തടഞ്ഞു ജാതിവ്യവസ്‌ഥയെ സംരക്ഷിക്കലാണ് ഈ വർഗ്ഗബോധത്തിന്റെ ധർമ്മം. അതായത് മുകൾതട്ടിലെ ജാതികൾക്ക് ഇടയിൽ രൂപം കൊള്ളുന്ന വർഗബോധം കീഴ്ത്തട്ടിലെ ജാതിയെ അടിച്ചമർത്തുമ്പോൾ മഹാഭൂരിപക്ഷം വരുന്ന കീഴ്ത്തട്ടു ജാതികളിൽ സമാനമായ ഒരു വർഗ ബോധം രൂപപ്പെടുകയോ മുകൾ തട്ട് ജാതികൾക്ക് നേരെ ജാതി വിരുദ്ധകലാപം ഉണ്ടാവുകയോ ചെയ്യുന്നില്ല . അതിന് കാരണം ജാതിയുടെ സാമൂഹ്യ പദവിയാണ് . അതുകൊണ്ട് തന്നെ ജാതി വ്യവസ്ഥയിൽ മുകളിലാണ് വർഗ ബോധത്തിന്റെ അടിസ്ഥാനത്തിൽ ഐക്യമുണ്ടാവുക. അതിന്റെ താല്പര്യമാവട്ടെ ജാതി നിയമങ്ങൾ മറികടക്കുന്നവരെ നിലക്ക് നിർത്തുകയെന്ന് മാത്രമാണ്. മാർക്സിന്റെ വർഗ്ഗബോധം വ്യവസ്ഥയെ മാറ്റിമറിക്കാനാണെങ്കിൽ, ജാതിക്കുള്ളിൽ പ്രവർത്തിക്കുന്ന വർഗ്ഗബോധം വ്യവസ്ഥയെ സംരക്ഷിക്കുന്നു എന്നാണ് അംബേദ്കർ നിരീക്ഷിക്കുന്നത്. ഫലത്തിൽ മാർക്സിന്റെ തൊഴിലാളിവർഗ്ഗബോധം സാമൂഹ്യപിന്തുണ അർഹിക്കുന്നതാണെങ്കിൽ അംബേദ്കർ ചൂണ്ടിക്കാട്ടുന്ന വർഗ്ഗബോധം സാമൂഹ്യവിരുദ്ധമായതും തടയപ്പെടേണ്ടതും തകർക്കപ്പെടേണ്ടതുമാണ്. അംബേദ്കർ ജാതിക്കുള്ളിൽ പരിശോധിച്ച വർഗ്ഗ/വർഗ്ഗബോധത്തെക്കുറിച്ച് ഇത്തരം പ്രാഥമികമായ ധാരണ ഇല്ലാതെ പോയതാണ് ടി. ടി. ശ്രീകുമാറിനെ വർഗ്ഗസമര സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ അംബേദ്കറിസ്റ്റ് മാർക്സിസം സാധ്യമാണ് എന്ന ഏച്ചുകെട്ടൽ നടത്താൻ പ്രേരിപ്പിച്ചത്.

വർഗ സമര സിദ്ധാന്തം

ജാതിയുടെ ഉല്പത്തിക്ക് കാരണമായ വർഗ്ഗത്തേയും (social class) ജാതി വ്യവസ്ഥയെ നിലനിർത്തുന്ന വർഗ്ഗബോധത്തെയും (class consciousness)പരിശോധിക്കുന്ന അംബേദ്കർ മാർക്സിന്റെ വർഗ്ഗസിദ്ധാന്തത്തിന്റെ പരിമിതികൂടി പരിശോധിക്കുന്നുണ്ട്. ജാതിവ്യവസ്ഥ നിലനിൽക്കുന്ന ഇന്ത്യൻ സമൂഹത്തിൽ മാർക്സിന്റെ വർഗ്ഗസിദ്ധാന്തത്തിന് പ്രവർത്തനക്ഷമമായിരിക്കാൻ സാധ്യമല്ല എന്നുതന്നെയാണ് അംബേദ്കർ നിരീക്ഷിക്കുന്നത്. ‘ജാതിനിർമ്മൂലന‘ (The Caste Annihilation) ത്തിൽ അംബേദ്കർ എഴുതുന്നുണ്ട്, ഇന്ത്യയിൽ ജാതി തൊഴിൽവിഭജനമല്ല, തൊഴിലാളികളുടെ വിഭജനമാണെന്ന്. തൊഴിൽ വിഭജനത്തിൽനിന്ന് വ്യത്യസ്തമായ തൊഴിലാളികളുടെ വിഭജനം മാത്രമല്ല ജാതിവ്യവസ്ഥ; അതൊരു അധികാരശ്രേണികൂടിയാണ്. അതിൽ തൊഴിലാളികളെ പ്രത്യേക സമൂഹങ്ങളായി തരംതിരിച്ച് ഒന്നിനുമേൽ മറ്റൊന്നായ് സ്ഥാപിച്ചിരിക്കുകയാണ്. തുടർന്ന് അംബേദ്കർ എഴുതുന്നുണ്ട്: “എല്ലാവരും ജാതിവ്യവസ്ഥയുടെ അടിമകളാണെങ്കിലും എല്ലാ അടിമകളും പദവിയിൽ തുല്യരല്ല. ഒരു സാമ്പത്തികവിപ്ലവം സംഘടിപ്പിക്കാൻ കാൾ മാർക്സ് തൊ ഴിലാളികളോട് പറഞ്ഞു, ‘സർവ്വരാജ്യത്തൊഴിലാളികളെ സംഘടിക്കുവിൻ, നിങ്ങൾക്ക് നഷ്ടപ്പെടാൻ കൈവിലങ്ങുകൾ മാത്ര‘മെന്ന്. എന്നാൽ സാമൂഹികവും മതപരവുമായ അവകാശങ്ങൾ കൗശലപൂർവ്വം വിതരണം ചെയ്യപ്പെട്ടിരിക്കുന്നതിനാൽ ചില ജാതികൾക്ക് അധികാരം കൂടുതലും ചില ജാതികൾക്ക് കുറവുമാണ്. അതിനാൽ ജാതി വ്യവസ്ഥക്കെതിരെ ഹിന്ദുക്കളെ പ്രക്ഷോഭത്തിലേക്കു നയിക്കാൻ മാർക്സിന്റെ മുദ്രാവാക്യം ഫലപ്രദമല്ല.” ഈ വിധത്തിൽ മാർക്സിന്റെ വർഗ സിദ്ധാന്തത്തെ അതിന്റെ പരിമിതികൾ ചൂണ്ടികാട്ടിയാണ് അംബേദ്കർ വിമർശനപരമായി വിലയിരുത്തുന്നത്.ജാതിയെന്നത് ഉയർന്നതും താഴ്ന്നതുമായ അധികാരത്തിന്റെ ഒരു ശ്രേ ണിയാണ്. തുല്യതക്കുള്ള ഒരു വിപ്ലവം നടത്തുകയെന്നാൽ കുറെ പേർക്ക് കൂടുതൽ അധികാരവും അന്തസ്സും നഷ്ടപ്പെടുമെന്ന് ഓരോ ജാതികൾക്കും അറിയാം. അതുകൊണ്ട് ജാതിവ്യവസ്ഥക്ക് എതിരെ ഒരു ആക്രമണം നടത്താൻ ഒരു സൈനീക സംഘാടനം നടത്താൻ ആവില്ലയെന്നാണ് അംബേദ്കർ പറഞ്ഞു വെക്കുന്നത്.

സാമ്പത്തിക വിപ്ലവം നടത്താൻ ഇന്ത്യയിലെ തൊഴിലാളികൾക്ക് മാർക്സ് പറയുന്നത് പോലെ ചങ്ങലകൾ മാത്രമല്ല സാമൂഹ്യപദവി കൂടി നഷ്ടപ്പെടാനുണ്ട്. ഇന്ത്യയിലെ മാർക്സിസ്റ്റുകൾ അംബേദ്കറുടെ ഈ നിരീക്ഷണത്തെ മുഖവിലക്ക് എടുത്ത് കൊണ്ട് ഇന്ത്യയിലെ പ്രധാന വൈരുദ്ധ്യം സാമൂഹ്യ പദവികളിൽ ഉറച്ചു നിൽക്കുന്ന ജാതിവ്യവസ്ഥയാണെന്ന് അംഗീകരിക്കാൻ തയ്യറാവുമോ..!

അംബേദ്കർ ചൂണ്ടി കാണിച്ച ജാതിക്കുള്ളിലെ വർഗ്ഗങ്ങളും വർഗബോധവും എന്ന ആശയത്തെ ശരിയായ രീതിയിൽ മനസിലാക്കാൻ കഴിയാത്തത് കൊണ്ടാണ് അംബേദ്കറും മാർക്സും പറഞ്ഞത് ഒന്നാണെന്ന് തോന്നുന്ന വിധത്തിൽ സിദ്ധാന്തങ്ങൾ ഉണ്ടാവുന്നത്. അംബേദ്കർ ജാതിയുമായി ബന്ധപ്പെടുത്തി വിശദികരിക്കുന്ന വർഗം- വർഗബോധമെന്ന സങ്കല്പത്തെ കുറിച്ച്അക്കാദമികമായോ അല്ലാതെയോ ഉള്ള യാതൊരു പഠനങ്ങളും ചർച്ചകളും ഇതുവരെ നടന്നിട്ടില്ലയെന്നത് ഒരു വസ്തുതയാണ്. അത് കൊണ്ട് തന്നെ അംബേദ്കർ പറയുന്ന വർഗവും മാർക്സ് പറയുന്ന വർഗ സിദ്ധാന്തവും ഒന്നാണെന്ന സമീകരണങ്ങളെ അംബേദ്കറൈറ്റുകൾ തന്നെ നേരിടാറുള്ളത് അംബേദ്കറിന്റെ സാമൂഹ്യ ജനാധിപത്യ ചിന്തകൾ കൊണ്ടാണ്. അതിന് പകരം അംബേദ്കർ പറയുന്ന വർഗങ്ങളെയും വർഗബോധമെന്ന ആശയത്തെയും അതിന്റെ സമഗ്രതയിൽ തന്നെ സംവാദാത്മകമായി ഉയർത്തി കൊണ്ട് വരുകയാണ് ഇനിയുള്ള കാലത്ത് ചെയേണ്ടത്.

Ref. 1. Caste In India: Their Mechanism Genesis and Development
2. Revolution counter Revolution
3. Caste Annihilation
4. Untouchble the chlidren of indian ghetto

ടി ടി ശ്രീ കുമാറിന്റെ ലേഖനം ഇവിടെ വായിക്കാം:

കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺ

Comments
Print Friendly, PDF & Email

You may also like