പൂമുഖം LITERATUREകഥ പഴുത്ത പ്ലാവിലകൾ

പഴുത്ത പ്ലാവിലകൾ

ഓര്‍മ്മകളുടെ പ്രധാനപാതയില്‍നിന്ന് അമ്മ ചിലപ്പോഴൊക്കെ ചില ഊടുവഴികളിലേയ്ക്ക് ഇറങ്ങിപ്പോകുന്നുണ്ടായിരുന്നു. പശുക്കളും കോഴികളും നായ്ക്കളും പൂച്ചകളും അടുക്കളത്തോട്ടവുമൊക്കെ ക്രമേണ യാത്രപറഞ്ഞുപോയി. അപ്പോഴും അയല്‍‌പക്കത്തുനിന്ന് ആരെങ്കിലുമൊക്കെ അമ്മയെ സഹായിക്കാന്‍ കൂടും. തിരിച്ച് അവര്‍ക്കും അമ്മ എല്ലാം പങ്കിട്ടു. അങ്ങനെ ഒറ്റയ്ക്കാവുന്നത് ശരിയല്ലെന്നും മക്കളെന്ന രീതിയില്‍ മാതൃപൂജയുടെ ചില കര്‍മ്മങ്ങള്‍ ബാക്കിയുണ്ടെന്നും മക്കള്‍ക്ക് തോന്നിത്തുടങ്ങി. അവ അനുഷ്ഠിക്കാഞ്ഞാല്‍ സമൂഹത്തില്‍ തങ്ങളുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിയേക്കാം എന്നും മക്കള്‍ക്ക് വെളിപാടുണ്ടായി. അങ്ങനെയാണ്‌ അമ്മയെ മുമ്മൂന്നു മാസം കൃത്യമായി പങ്കിട്ടെടുക്കാന്‍ നാലുമക്കളും കൂടി തീരുമാനിക്കുന്നത്.

അങ്ങനെ ഒരു വട്ടം മുമ്മൂന്നൊമ്പതു കഴിഞ്ഞ് വീണ്ടും മൂത്തയാളുടെ ഊഴത്തിലേയ്ക്ക് തിരിച്ചെത്തുമ്പോള്‍ മുതല്‍ അമ്മയില്‍ ഒരു പ്രത്യേക സന്തോഷം പ്രകടമായിട്ടുണ്ടെന്ന്, കുഞ്ഞുലക്ഷ്മി. ആദ്യമൊക്കെ ഞാന്‍ അതിനു വലിയ വിലയൊന്നും കൊടുത്തില്ലെങ്കിലും ചിലതൊക്കെ അസാധാരണമാണല്ലോ എന്നെനിക്ക് തോന്നിത്തുടങ്ങിയപ്പോള്‍ ഞാനും അതിലേയ്ക്ക് കൂടുതലായി ശ്രദ്ധതിരിക്കാന്‍ തുടങ്ങി. അതെ. ശരിയാണ്‌. അമ്മയില്‍ ഏതോ ഒരു സന്തോഷത്തിന്‍റെ സൂക്ഷ്മഭൂതം കയറിക്കൂടിയിട്ടുണ്ട്. കുഞ്ഞുലക്ഷ്മിയുടെ നിഗമനങ്ങളില്‍ നിന്ന് ഞാന്‍ കുറച്ചുകൂടി മുമ്പോട്ടുപോയി വേറേ ചില കണ്ടെത്തലുകള്‍ കൂടി നടത്തി.

ഈ ഭൂതം വിഴുങ്ങിയിരിക്കുന്നത് അമ്മയുടെ വായനയെ ആണ്‌. ഒഴിവുസമയത്തെല്ലാം എന്‍റെ വായനമുറിയില്‍ നിന്ന് ചില പുസ്തകങ്ങള്‍ തെരഞ്ഞുപിടിച്ച് വായിച്ചിരുന്ന അമ്മയില്‍ നിന്ന് ആ കഥാപാത്രങ്ങളൊക്കെ ഇറങ്ങിയോടിയിരുന്നെങ്കിലും അമ്മ വായന മുടക്കിയിരുന്നില്ല. വീട്ടില്‍ നിന്നു പോകുമ്പോള്‍ എടുത്തിരുന്ന പുസ്തകങ്ങളുടെ പേരുകള്‍ പറയുകയും തിരിച്ചുള്ള യാത്രകളില്‍ അവ കൃത്യമായി വരവുവച്ചിരിക്കുന്നതായി പറയുകയും ചെയ്തിരുന്നു. ആ കൃത്യത എല്ലാ കാര്യങ്ങളിലും അമ്മ പുലര്‍ത്തിയിരുന്നു. അവിടേയ്ക്കാണ്‌ പുതിയ അജ്ഞാതഭൂതം കയറിയിരിക്കുന്നത്.

ഇടയ്ക്കിടെ കഴുത്തിലെ മാല കൈയിലെടുത്ത് അതിന്‍റെ ഭംഗിയാസ്വദിക്കുന്നു, അമ്മ. ആ സന്തോഷത്തിന്‍റെ നുരകള്‍ അഹമഹമികയാ അമ്മയുടെ മുഖത്ത് നിഴലിച്ചുകൊണ്ടിരുന്നു. ഇതിലെന്തോ പന്തികേടില്ലേ എന്നായിരുന്നു കുഞ്ഞുലക്ഷ്മിയുടെ കണ്ടുപിടിത്തം. നിന്‍റെ വെറും തോന്നലുകളാവും എന്നൊക്കെപ്പറഞ്ഞ് അവളുടെ സംശയങ്ങളുടെ ആദ്യകാലമുളകള്‍ ഞാന്‍ നുള്ളിക്കളഞ്ഞിരുന്നെങ്കിലും സംശയദൂരീകരണങ്ങള്‍ മുമ്പോട്ടുള്ള യാത്ര അനായാസമാക്കുമല്ലോ എന്നു കരുതി ഞാനും അമ്മയെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ തുടങ്ങി. വായനയുടെ വഴിയിലുടെ ഇക്കുറി അമ്മ പോകുന്നില്ലല്ലോ എന്നതായിരുന്നു, എന്നെയും അതിലേയ്ക്ക് ശ്രദ്ധിക്കാന്‍ പ്രേരിപ്പിച്ചത്.

ഉറങ്ങുന്നതിനുമുമ്പ്, ഒരു പതിവുവഴിപാടായി ഇ-മെയില്‍ സന്ദേശങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്നു നോക്കുന്നതിനിടയിലാണ്‌ കുഞ്ഞുലക്ഷ്‌മി എന്നോടു ചോദിക്കുന്നത്.

”അമ്മയുടെ പഴയമാല മാറ്റി പുതിയതെടുത്തു, അല്ലേ?”

”എനിക്കറിയില്ല”. ഞാന്‍ പറഞ്ഞു.

”നമുക്ക് അതൊന്ന് ഊരി വാങ്ങിനോക്കണം.”

”എന്തേ?” – എനിക്ക് ആകാംക്ഷയായി.

”അത് പഴയതല്ല, പുതിയതാണ്‌.”

”ആവില്ല, കുഞ്ഞീ. നിനക്കു തോന്നിയതായിരിക്കും. നീ കീടന്നുറങ്ങ്.”

”ഏയ്, അല്ല. അത് ബ്രാന്‍ഡ് ന്യൂവാ..” അവളുറപ്പിച്ചു.

”ആ.. നമുക്ക് നോക്കാം.” ഇതൊക്കെ ഇത്ര കാര്യമാണോ എന്നൊന്നു നെറ്റി ചുളിച്ച് ഞാന്‍ വീണ്ടും ഉഴപ്പി.

അമ്മ വായന പാടേ ഉപേക്ഷിച്ചതുപോലെയാണിപ്പോള്‍. കൂടുതല്‍ സമയവും മാലയില്‍ നോക്കി അതിന്‍റെ ഭംഗി ആസ്വദിച്ചിരിക്കും. എന്തോ ഓര്‍ത്തിട്ടെന്നതുപോലെ കണ്ണുകള്‍ നിറയും. അത് മേല്‍മുണ്ടിന്‍റെ അറ്റം കൊണ്ട് ഒപ്പിയെടുക്കും. പിന്നെ പുഞ്ചിരിക്കും.

”എന്തു ഭംഗി, അല്ലേ?” ഞാന്‍ അടുത്തിരിക്കുമ്പോള്‍ത്തന്നെ ഒരു ദിവസം മാലയില്‍ തടവിക്കൊണ്ട് അമ്മ ചോദിച്ചു.

”ഇപ്പോളെന്താ ഒരു പ്രത്യേകഭംഗി? അത് പഴയതല്ലേ?”

”പഴയതന്നെ. ന്നാലും തിളക്കം കൂടിയിട്ടില്ലേ? ” അമ്മ അത് ഊരി കുഞ്ഞുലക്ഷ്മിയുടെ കൈയില്‍ കൊടുത്തു.

അവളാണ്‌ അത് നോക്കിയിട്ടു പറഞ്ഞത്.

”ഇത് പുതിയതാണ്‌. പഴയതല്ല. പഴയത് എനിക്കു കണ്ടാലറിയില്ലേ!”

അമ്മ പറഞ്ഞു, ” ഏയ്.. അല്ല കുട്ടീ. അത് കൊണ്ടോയി തിളക്കം കൂട്ടിയതാണ്‌.”

”അല്ലമ്മേ. ഇത് പുതീത് തന്ന്യാണ്‌.” കുഞ്ഞുലക്ഷ്മി ഉറപ്പിച്ചു.

അങ്ങനെയാണ്‌, ഞങ്ങള്‍ നഗരത്തിലെ ഏറ്റവും കൂടുതല്‍ പരസ്യം കൊടുക്കുന്ന ആഭരണശാലയില്‍ പോകേണ്ടിവന്നത്. വെറുതെ, ഇത് പരിശോധിക്കാന്‍ വേണ്ടി മാത്രം പോകുന്നത് നാണക്കേടല്ലേ എന്നു കരുതി കുഞ്ഞുലക്ഷ്മിക്ക്, പരസ്യങ്ങളില്‍ അക്കാലത്ത് കാണാന്‍ തുടങ്ങിയ, വലിയ ഒരു ജോഡി കമ്മലുകളും വാങ്ങി. കമ്മലുകള്‍ വാങ്ങിക്കഴിഞ്ഞതിനുശേഷം വേണം മാലയുടെ വിവരം ചോദിക്കാനെന്നും അല്ലാത്തപക്ഷം ആ കടക്കാര്‍ നമ്മെ പുച്ഛത്തോടെ നോക്കുമെന്നും ആ വലയത്തില്‍ നിന്നുകൊണ്ടാവും നമ്മളോടുള്ള ബാക്കി പെരുമാറ്റങ്ങളെല്ലാം എന്നും അവള്‍ തീരുമാനിച്ചു പറഞ്ഞിരുന്നു. ഇത്തരം കാര്യങ്ങളൊന്നും ഞങ്ങള്‍ ആണുങ്ങളുടെ തലയില്‍ അത്ര് പെട്ടെന്ന് ഉദിക്കില്ലല്ലോ എന്ന് ഞാനും ആശ്ചര്യപ്പെട്ടു.

അവര്‍ സ്ഥിരീകരിച്ചു : ”ഇത് മുക്കുപണ്ടമാണ്‌.”

അത് കേട്ട് ഞാനൊന്നു ഞെട്ടിയെങ്കിലും കുഞ്ഞുലക്ഷ്മിയുടെ മുഖത്ത് അവള്‍ അത് നേരത്തേ പ്രവചിച്ചിരുന്നതല്ലേ എന്ന തിളക്കമായിരുന്നു.

അവള്‍ അവരോടു പറഞ്ഞു, ”ഞങ്ങള്‍ പോരുമ്പോള്‍ വീട്ടില്‍ സഹായത്തിനു നില്‍ക്കുന്ന സ്ത്രീ ഊരി ചെക്ക് ചെയ്യാന്‍ തന്നുവിട്ടതാണ്‌. താങ്ക്സ്..ട്ടോ.”

എന്നിട്ടെന്‍റെ ചെവിയില്‍ പറഞ്ഞു.

‘അല്ലെങ്കില്‍ അവര്‍ വിചാരിക്കുകയില്ലേ, അത് നമ്മുടേതാണെന്ന്!”

ഒരിക്കല്‍ക്കൂടി, അവളുടെ ബുദ്ധി അപാരം തന്നെ എന്ന് എന്‍റെ മനസ്സ് ഉറപ്പിച്ചു. മാത്രമല്ല, ഒരു ജൂവല്ലറിയിലൊക്കെ പോകുമ്പോള്‍ സ്ത്രീകള്‍ കൂടെയില്ലെങ്കില്‍ നാം നമ്മളറിയാതെ ഒത്തിരി തരം താഴുന്നുണ്ടാവില്ലേ എന്നൊക്കെ എനിക്ക് തോന്നി.

”ഞാന്‍ കണ്ട അന്നു തന്നെ പറഞ്ഞില്ലേ, അത് സ്വര്‍ണ്ണമല്ലെന്ന്.” – അവള്‍ അതു പറയുന്നതിനൊപ്പം ഒരു ദീര്‍ഘനിശ്വാസത്തിനുടമയായെങ്കിലും അതിനു മാറ്റു കുറവായിരുന്നു.

മാല പുതിയതാണ്‌. മുക്കുപണ്ടവുമാണ്‌, അതെങ്ങനെ സംഭവിക്കും? പഴയത് എവിടെപ്പോയി? ഞാന്‍ ആലോചിക്കാന്‍ തുടങ്ങി. ഇത് അന്വേഷണവിധേയമാക്കണമല്ലോ.

അമ്മ ഇങ്ങോട്ടുപോരുന്നത് അനിയത്തിയുടെ വീട്ടില്‍ നിന്നാണ്‌. വീട്ടിലെത്തിയ ഉടനെ ഞാന്‍ അവളെ വിളിച്ചു. വിശേഷങ്ങളൊക്കെ പറഞ്ഞ് അവസാനം ഞാന്‍ മാലയുടെ കാര്യം എടുത്തിട്ടു.

”അമ്മയുടെ പുതിയ മാല നന്നായിട്ടുണ്ട്. പഴയതിനേക്കാള്‍ നല്ല തിളക്കം.”

അവള്‍ പറഞ്ഞു.

”അത് പുതിയതല്ലേട്ടാ..പഴയതൊന്ന് തിളക്കിയെടുത്തതാ. പുതിയതൊന്ന് വാങ്ങിക്കൊടുക്കണമെന്നുണ്ടായിരുന്നു. അതിനൊക്കെ ഇപ്പോള്‍ ഞങ്ങള്‍ക്കെവിടെയാ കാശ്? ഇവിടെ പിള്ളേര്‍ക്കു കൂടി കാര്യമായി സ്വര്‍ണ്ണം ഒന്നും വാങ്ങിയിട്ടില്ല.”

ഞാന്‍ പറഞ്ഞു, ”അമ്മയുടെ കഴുത്തില്‍ ഇപ്പോള്‍ കിടക്കുന്ന മാല പുതിയതാണ്‌.”

അനിയത്തി : ”അല്ലേട്ടാ … പുതിയതല്ല. അമ്മ പറഞ്ഞില്ലേ?”

”ഉവ്വ്. അമ്മ പറഞ്ഞു, പഴയതുതന്നെയാണെന്നും തിളക്കിയതാണെന്നുമൊക്കെ. പക്ഷേ, ഞാന്‍ പറയുന്നു, ഇത് പുതിയതാണെന്ന്.”

അല്ലെന്നവള്‍ ആണയിട്ടു പറഞ്ഞു.

ഞാന്‍ സംസാരിക്കുന്ന സമയം കുഞ്ഞുലക്ഷ്മി മുറിയില്‍ത്തന്നെയുണ്ടായിരുന്നു. അവള്‍ അലമാര തുറക്കുന്നതും തുണികള്‍ ഇളക്കിപ്രതിഷ്ഠിക്കുന്നതും വെറുതെയാണെന്നും, ഈ സംഭാഷണത്തിനിടയില്‍ നിന്ന് വീണുകിട്ടുന്ന തരികള്‍ അവള്‍ പെറുക്കിക്കൂട്ടുകയായിരുന്നെന്നും എനിക്കു മനസ്സിലായി.

ഞാന്‍ ഫോണില്‍ തുടര്‍ന്നു : ”എന്നാലിത് അന്വേഷിക്കണമല്ലോ.”

അനിയത്തി വീണ്ടും പറഞ്ഞു, ഏയ് അന്വേഷിക്കാനൊന്നുമില്ല. മാല പഴയതുതന്നെയാണേ”

ഞാന്‍ പറഞ്ഞു. ”എന്നാല്‍ കേട്ടോളൂ, അമ്മയുടെ കഴുത്തില്‍ ഇപ്പോഴുള്ള മാല മുക്കുപണ്ടമാണ്‌. അതായത്, ഞാന്‍ പണ്ട് അമ്മയ്ക്ക് വാങ്ങിക്കൊടുത്ത നാലുപവന്‍ മാലയുടെ അതേതൂക്കത്തിലുള്ള കള്ളസ്വര്‍ണ്ണം.”

അവള്‍ ചോദിച്ചു, ”അതെങ്ങനെ?”

”അതാണ്‌ അന്വേഷിക്കേണ്ടത്. നിനക്കറിയില്ലല്ലോ?”

”ഇല്ല. എനിക്കറിയില്ല.”

”ശരി. ഓക്കെ. ഞാന്‍ നോക്കട്ടെ എന്തു ചെയ്യണമെന്ന്.” ഞാന്‍ ഫോണ്‍ വച്ചു.

അനിയത്തി ഇനി ഫോണ്‍ വിളിക്കുകയാണെങ്കില്‍ കുഞ്ഞുലക്ഷ്മിയോട് എടുക്കാന്‍ പറഞ്ഞു. എന്തു പറയണമെന്നും പറഞ്ഞുകൊടുത്തു.

അരമണിക്കൂര്‍. അവള്‍ ഫോണില്‍ തിരിച്ചുവിളിച്ചപ്പോള്‍ കുഞ്ഞുലക്ഷ്മി ഫോണെടുത്തു.

”ഏട്ടത്തീ… ഏട്ടന്‍ എവിടെ?”

” പുറത്തേയ്ക്ക് പോയതേയുള്ളു, ഇപ്പോള്‍.” കുഞ്ഞുലക്ഷ്മി പറഞ്ഞു.

” അതേയ്… ആ മാലയുടെ കാര്യം എന്തായി?”

”എന്താവാനാ? അതും ഊരിവാങ്ങിയാണ്‌ പുറത്തേയ്ക്കുപോയിരിക്കുന്നത്. നമുക്കൊന്നറിയണ്ടേ എന്തു പറ്റീന്ന്?”

ആ സംഭാഷണം പെട്ടെന്ന് അവസാനിച്ചെങ്കിലും, അടുത്ത നിമിഷം അവള്‍ എന്‍റെ സെല്‍ഫോണില്‍ വിളിച്ചു.

”ഏട്ടനെവിടെയാ?”

”ഞാന്‍ പൊലീസില്‍ ഒരു പരാതി കൊടുക്കാനിറങ്ങിയതാ. നമുക്കൊന്നറിയണ്ടേ ഇതില്‍ എന്താണ്‌ സംഭവിച്ചതെന്നും ആരാണിത് ചെയ്തതെന്നും?”

അവളുടെ ഭാഷ്യം ഒരു തേങ്ങലിന്‍റെ വഴിയിലേയ്ക്ക് തിരിഞ്ഞിരുന്നു.

”എന്നോടു ദേഷ്യം തോന്നരുത്. ആ മാല…”

”മാല….?”

”അത് ഞാനാണ്‌ മാറ്റിയത്.” അപ്പുറത്തെ തേങ്ങല്‍ കരച്ചിലിലേയ്ക്ക് ഒഴുകിച്ചേര്‍ന്നിരുന്നു.

”നീ കരയാതെ കാര്യം പറയൂ…”

”ഞാനതെടുത്ത് കിങ്ങിണിമോളുടെ കഴുത്തിലേയ്ക്കിട്ടു. അമ്മയ്ക്ക് അതേരൂപത്തില്‍ പുതിയതൊന്നു വാങ്ങി. ചെറിയ വിലയ്ക്ക് കിട്ടി. അമ്മയ്ക്കിനിയെന്തിനാ ഇത്ര വലിയ മാല? മാത്രമല്ല, ഇപ്പോള്‍ ഡെയിലി വാര്‍ത്തകള്‍ കേള്‍ക്കുന്നില്ലേ, ബൈക്കില്‍ ഹെല്‍മെറ്റ് വച്ചുവന്ന് മാലപൊട്ടിച്ചൂന്നൊക്കെ?”

”അപ്പോള്‍ നീ അമ്മയുടെ സുരക്ഷയെക്കരുതി ചെയ്തതാ ഇതൊക്കെ?” എനിക്ക് ദേഷ്യം വന്നു.

”മക്കള്‍ക്കാണെങ്കില്‍ ഇവിടെ കാര്യമായിട്ടൊന്നും കരുതീട്ടുമില്ലല്ലോ! ഇത് ഏട്ടനോടും അമ്മയോടും പറയാമെന്നു കരുതീതാ ഞാന്‍. ഇവിടെ ചേട്ടനപ്പ പറഞ്ഞു ഇത് നീ ഇപ്പോ പറയാനൊന്നും പോണ്ട പിന്നീടു വേണ്ടിവന്നാല്‍ നമുക്ക് സൗകര്യം പോലെ പറയാമെന്ന്.”

എന്‍റെയുള്ളിലെ ദേഷ്യം തിളച്ചുമറിഞ്ഞു.

”അമ്മയോടു നീ ഇത് ഒരിക്കലും ചെയ്യാന്‍ പാടില്ലായിരുന്നു. എന്നോടും. നിനക്ക് കാര്യങ്ങളൊക്കെ അറിയാമായിരുന്നല്ലോ. മോള്‍ക്ക് സ്വര്‍ണ്ണം വേണ്ടിവരുന്ന കാലത്ത് ഞങ്ങളൊക്കെ സഹായിക്കില്ലായിരുന്നോ? ഇതിലും നല്ലത് ഇരുട്ടില്‍ നിങ്ങള്‍ രണ്ടാളും കൂടി അമ്മയുടെ കഴുത്തില്‍ നിന്ന് അത് പൊട്ടിച്ചെടുക്കുന്നതായിരുന്നു. അപ്പോള്‍ ഞങ്ങളും അമ്മയും അത് ഏതെങ്കിലും മോഷണമായി കരുതുമായിരുന്നല്ലോ!

ഒരു ഉത്തരത്തിനായി കാത്തുനില്‍ക്കാതെ ഞാന്‍ ഫോണ്‍ വച്ചു.

ഭാരം ചുമന്നു ദുര്‍ബ്ബലനാകുന്ന അച്ഛനു പ്രായവും കൂടുകയായിരുന്നു. ഭൂമി പണയപ്പെടുത്തുന്നതും രഹസ്യമായി വില്‍ക്കുന്നതുമൊന്നും കുട്ടികള്‍ അറിഞ്ഞിരുന്നില്ല. നെല്ലും തേങ്ങയും അടയ്ക്കയും കുരുമുളകുമൊക്കെ വിറ്റുകിട്ടുന്ന പണം മുഴുവന്‍ കടം വിഴുങ്ങി. കുട്ടികളില്‍ മൂത്തയാള്‍ ഒരു ജോലികിട്ടി നാടുവിടുമ്പോള്‍ പോയതൊക്കെ തിരിച്ചുപിടിക്കണമെന്നും ബാക്കിയുള്ളവരുടെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കണമെന്നുമുള്ളതായിരുന്നു പ്രാഥമികലക്ഷ്യം. എല്ലാവരേയും ഒരു സുരക്ഷിതതീരത്തേയ്ക്ക് അടുപ്പിക്കാനായിരുന്നു അയാളുടെ ശ്രമം. അതിനായി കണക്കുകളൊന്നും സൂക്ഷിച്ചുമില്ല. എല്ലാ തീരങ്ങളും സമൃദ്ധമാകണമെന്നുമില്ലല്ലോ.

എല്ലാ അമ്മമാരേയും പോലെ ആണ്‍കുട്ടികളൊക്കെ സുരക്ഷിതരായെന്നും പെണ്‍കുട്ടികളുള്ള പെണ്‍‌മക്കളുടെ പ്രാരബ്ധങ്ങള്‍ തീരുന്നില്ലെന്നും ഞങ്ങളുടെ അമ്മയും വിശ്വസിച്ചു. അതുകൊണ്ടുതന്നെ ആണ്‍‌മക്കള്‍ അമ്മയുടെ ചെലവിലേയ്ക്കയയ്ക്കുന്ന പണത്തില്‍ നിന്ന് പിശുക്കിവയ്ക്കുന്ന ഒരു തുക എപ്പോഴും തന്നെ കാണാന്‍ വന്നുമടങ്ങുമ്പോള്‍ അമ്മ അവരെ ഏല്പിക്കുമായിരുന്നു. അതൊക്കെ ആണ്‍മക്കള്‍ അറിഞ്ഞിരുന്നെങ്കിലും അതിലൊന്നും തലയിടാന്‍ പോയില്ല.

അങ്ങനെയുള്ളവരിലൊരാളാണിപ്പോള്‍, അമ്മയുടെ ഓര്‍മ്മകള്‍ മങ്ങിത്തുടങ്ങിയല്ലോ, ഇനിയെത്രകാലം… എന്നൊക്കെ കണക്കാക്കി….

“ആരാ ഫോണിൽ?

മുറിയിലെത്തിയ ഭാര്യ ഉത്തരം ഏതാണ്ടുറപ്പായതു പോലെ ചോദിച്ചു.

അയാൾ മുറ്റത്തേക്കിറങ്ങി നടന്നു…

വര : പ്രസാദ് കാനത്തുങ്കൽ

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like