എഴുത്തിൻ്റെ ലോകം അടിമുടി മാറിയിരിക്കുന്നു. പ്രാദേശിക ചിന്തകൾക്കപ്പുറം അന്തർദേശീയമാണ് ഇന്നു പല പുസ്തകങ്ങളുടേയും പരിസരം. അത്തരത്തിൽ ഒരു പുസ്തകത്തെക്കുറിച്ചാണ് ഈ എഴുത്ത്.
ആഫ്രിക്കയെക്കുറിച്ച്, അവിടത്തെ സംസ്ക്കാരത്തെക്കുറിച്ച്, അവരുടെ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ചൊക്കെ വാർത്തകൾ ഇന്നു നമ്മുടെ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അതുപോലെ ധാരാളം ഇന്ത്യൻ വ്യവസായികൾ ആഫ്രിക്കൻ രാജ്യങ്ങളിൽ അവരുടെ ബിസിനസ് എക്സ്പാൻഷൻ നടത്തുന്നുണ്ട് എന്നതും നമുക്കറിയാം. ആ ഭൂഖണ്ഡത്തിലെ പല രാജ്യങ്ങളിലും ഉപജീവനത്തിനായി പോകുന്നവരേയും നമുക്കറിയാം. പക്ഷേ, അത്തരം ചില അറിവുകൾക്കപ്പുറം ആ ഭൂഖണ്ഡവും അവിടുത്തെ മനുഷ്യരും നമ്മുടെ ജീവിതത്തിൽ കടന്നുവരാറില്ല. അവരെ ഓർക്കേണ്ടതുമില്ല. അങ്ങനെ പട്ടിണിപ്പാവങ്ങളുടെ, സഫാരികളുടെ, കിളിമഞ്ചാരോയുടെ, ഇന്നും ആധുനികത എത്തി നോക്കാത്ത ഗോത്രാചാരങ്ങളുടെ ഒക്കെ നാടായി നാം ആഫ്രിക്കയെ വിലയിരുത്തുന്നു.
മലയാള സാഹിത്യത്തിൽ ആഫ്രിക്കൻ പശ്ചാത്തലത്തിൽ എഴുതപ്പെട്ടിരിക്കുന്ന നോവലുകളും കഥകളും തുലോം കുറവാണ്. അപ്പോഴാണ് ആഫ്രിക്കയിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ ഒന്നായ സോമാലിയയെ, അവിടുത്തെ കടൽക്കൊള്ളക്കാരെ കേന്ദ്രീകരിച്ച്, അവരുടെ സമാനതകൾ ഇല്ലാത്ത സാമ്പത്തിക രംഗത്തെക്കുറിച്ച് ഒരു നോവൽ പിറക്കുന്നത്. ഗ്ലോബ് എടുത്ത് കേരളത്തിൽ നിന്നും പടിഞ്ഞാറേക്ക് ഒരു വരവരച്ചാൽ നേരെ ചെന്നു തൊടുക സോമാലിയയിൽ ആണ്. ആ സോമാലിയ ആണ്, ഇ. പി. ശ്രീകുമാർ എഴുതിയ ദ്രവ്യം എന്ന നോവലിൻ്റെ പശ്ചാത്തലം. കരീബിയൻ പൈറേറ്റുകളെക്കുറിച്ച് നമുക്കു കേട്ടുകേൾവിയുണ്ട്. അതുപോലെ പത്രത്തിൽ ചെറുകോളത്തിൽ കപ്പൽ, കടൽകൊള്ളക്കാർ തട്ടിയെടുത്തു, നാവികരെ ബന്ദികളാക്കി എന്ന വാർത്തയും നാം വായിക്കാറുണ്ട്. എന്നാൽ പിന്നിട് അവർക്കെന്ത് സംഭവിച്ചു എന്നു നമുക്കറിയാൻ സാധിക്കില്ല. ഇവിടെ ഒരു കപ്പൽ തട്ടിയെടുക്കപ്പെടുന്നതിൻ്റെ പശ്ചാത്തലവും, അപ്രകാരം തട്ടിയെടുക്കപ്പെട്ട കപ്പലിലെ ബന്ദികളാക്കപ്പെടുന്ന നാവികരുടെ ജീവിതവും, ഉദ്വേഗഭരിതമായ അവരുടെ ബന്ദിജീവിതത്തിൻ്റെ അവസാനവുമാണ് നോവലിനാധാരം.
സോമാലിയ എന്ന രാഷ്ട്രത്തിൻ്റെ സാമ്പത്തിക നിലനില്പു പ്രധാനമായും കടൽക്കൊള്ളയേയും അതിൽ നിന്നും ലഭിക്കുന്ന മോചനദ്രവ്യത്തിൻ്റേയും ബലത്തിലാണ്. അപ്പോൾ പൈറേറ്റുകളുടെ സാമ്പത്തിക നയങ്ങൾ ഒരു രാഷ്ട്രത്തിൻ്റേതുമായി മാറുന്നു. പൈറേറ്റുകളുടെ ചരിത്രമാണ് സോമാലിയയുടെ ചരിത്രത്തിൻ്റെ ഒരേടെങ്കിൽ, ഇതീ കാലഘട്ടത്തിൻ്റെ ചരിത്രം പറയുന്ന നോവൽ ആണ്. ഒപ്പം ഇതൊരു സാമ്പത്തികശാസ്ത്ര നോവലും ആണ്. പണം എന്ന വാക്കല്ല ഇതിൽ സമ്പത്തിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത് മറിച്ചു ദ്രവ്യം എന്ന വാക്കാണ്. പണം അല്ലെങ്കിൽ കാശ് എന്ന സമ്പത്തിൻ്റെ സൂചകം വളരെ വിശാലതലത്തിലേക്ക് ഉയരുന്നു ദ്രവ്യം എന്ന വാക്കിലേക്കു മാറുമ്പോൾ. ബന്ദിയാക്കപ്പെട്ട ഒരു നാവികൻ്റെ നേരറിവുകൾ ഒരു നോവൽ എന്ന നിലയിലേക്ക് ഉയരുമ്പോൾ അതിൽ യാഥാർത്ഥ്യവും കാല്പനികതയും തമ്മിൽ വേർതിരിച്ചെടുക്കാനാകാത്തവിധം യുക്തിഭദ്രമായി അവതരിപ്പിക്കാൻ സാധിച്ചിരിക്കുന്നു എന്നത് എഴുത്തുകാരൻ്റെ മിടുക്ക്.
ഒരു നോവൽ, അതിൻ്റെ പരിസരത്തെ എത്രമാത്രം കൃത്യതയോടെ അടയാളപ്പെടുത്തുന്നു എന്നു ദ്രവ്യം നമുക്കു കാട്ടിത്തരും. ഒരു രാജ്യത്തിൻ്റെ ചരിത്രം, പ്രത്യേകിച്ചും അധിനിവേശത്തിനിരയായ ഗതികെട്ട ജീവനുകളുടെ ചരിത്രം, ഒപ്പം ഏറ്റവും മികച്ച കടൽത്തീരവും തുറമുഖവും ഉണ്ടായതുകാരണം അയൽരാജ്യത്തിൻ്റെ ചതിപ്രയോഗങ്ങളിൽപ്പെട്ടുപോകാൻ ഇടയാക്കിയതിൻ്റെ ചരിത്രം ഈ നോവലിൽ കാണാം. വരണ്ട മരുഭൂമിയിൽ കൃഷി അന്യമായ, മീൻ പിടിത്തം മാത്രം ജീവനോപാധിയായ, വെള്ളം കിട്ടാക്കനിയായ മനുഷ്യരുടെ ജീവിതത്തിൻ്റെ നേർക്കാഴ്ച, ആഗോള ഭീമന്മാരുടെ ചതിയിൽപ്പെട്ട്, സ്വന്തം കടലുപോലും വിഷലിപ്തമായി ആയിരങ്ങൾ മരിച്ചു വീഴുമ്പോഴും, അവരെ മയക്കിയ മയക്കുമരുന്നു ലോബിയുടെ ക്രൂരഹസ്തങ്ങളുടെ സാമ്പത്തിക സിദ്ധാന്തം, വെള്ളത്തിനു പകരം മയക്കുമരുന്നു വ്യാപകമാക്കാൻ കരുനീക്കിയ ഭരണകൂടത്തിൻ്റെ അവിശ്വസനീയമായ ക്രൂരത, ജനങ്ങൾ വിശ്വസിച്ച ആചാരങ്ങളും ആ ആചാരങ്ങളുടെ ക്രൂരതയിൽ പിടിഞ്ഞുചത്ത പെൺകുഞ്ഞുങ്ങളുടെ ആത്മാക്കളുടെ ദീനരോദനം, ജീവിക്കാൻ വ്യഭിചാരം ഒരു ജോലിയായി ഏറ്റെടുക്കേണ്ടിവരുന്ന കൗമാര കുസുമങ്ങൾ, ഇതിനിടയിൽ ചാട്ടും, തോക്കും, ബ്ലാക്ക് മണിയും അതിൻ്റെ വമ്പൻ ഡീലിങ്ങ്സും നിയന്ത്രിക്കുന്ന കുറേ പുരുഷന്മാർ, ദയയും കാരുണ്യവും എന്തിനു പ്രണയം പോലും ഉള്ളിൽ നാമ്പിട്ടാലും ദ്രവ്യത്തിൻ്റെ ഇല്ലായ്മയിൽ ഈ പറയുന്നതൊന്നും വികാരമേ അല്ലെന്നു തിരിച്ചറിയുന്ന യുവാക്കൾ, എന്നാൽ മറുവശത്തു ദ്രവ്യം നിറഞ്ഞുകുമിഞ്ഞ്, ഒടുവിൽ ഏത്, എവിടെയെന്നു തിരിച്ചറിയാനാകാതെ ചിത്തഭ്രമത്തിലെത്തുന്ന നിസ്സഹായത… ഇതൊക്കെയും ജീബൂട്ടിയിലെ, സോമാലിയയിലെ കാഴ്ചകളാണ്, ഈ നോവലിൻ്റെ കാതലാണ്.
ഒരാൾക്ക് എത്രകാലം നമ്മുടെ രാജ്യത്ത് അജ്ഞാതനായി ജീവിക്കാം? നിയമപ്രകാരം അത് ഏഴു വർഷമാണ്. ഏഴുവർഷം കഴിഞ്ഞാൽ അയാൾ മരിച്ചതായി രേഖപ്പെടുത്തും. ഇവിടെ ആറു മനുഷ്യർ സ്വന്തം ക്യാപ്റ്റൻ്റെ ദ്രവ്യമോഹത്തിൻ്റെ ഇരയായി ഏഴു വർത്തിലധികം നീണ്ട ബന്ദിജീവിതത്തിനിരയാവുകയാണ്. അച്ഛൻ ബന്ദിയാക്കപ്പെടുമ്പോൾ കുടുംബത്തിൽ എന്തു സംഭവിക്കും? ഇന്നത്തെ ലോകത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത ഒരു സ്ത്രീയാണു ഭാര്യയെങ്കിൽ പ്രത്യേകിച്ചും എന്താവും സംഭവിക്കുക? അതാണ് ആലീസിനും സംഭവിച്ചത്. അച്ഛനെ തിരയാൻ അമ്മയ്ക്കൊപ്പം നിൽക്കേണ്ട മക്കൾ കൗമാരത്തിൽത്തന്നെ വഴിതെറ്റി സഞ്ചരിച്ചു തുടങ്ങി. ആലീസ് നിസ്സഹായ ആയിരുന്നു. ഒന്നുപറഞ്ഞാൽ ഈ ലോകം എല്ലാറ്റിനും കണക്കു സൂക്ഷിക്കുന്നു. ഒരു നിമിഷത്തെ ജാഗ്രതക്കുറവ്, അതുമല്ലെങ്കിൽ പരാജയം ഇതൊക്കെ മനുഷ്യരുടെ ജീവിതഗതി മാറ്റിമറിക്കുന്നു. അവരെ കാത്തു പ്രകൃതിയുടെ കാരുണ്യം കടന്നു വരില്ല, അനിവാര്യമായ വിധി ഒഴികെ.
ബന്ദികൾ ആക്കപ്പെടുന്ന പോൾ ജോർജ്, ജെയ്സൺ, ദിനേശ് കാർത്തിക്, പളനി സ്വാമി, പ്രതീക് കൗശിക്, ചീഫ് എഞ്ചിനീയർ തുടങ്ങിയ രണ്ടു മലയാളികൾ ഉൾപ്പെട്ട സംഘം, അതിജീവനത്തിനായി നടത്തിയ നരകതുല്യ ജീവിതം വിവരിക്കുന്ന ഈ നോവലിൽ, പോൾ ജോർജ് എന്ന മലയാളിയായ, എന്നാൽ പിന്നീടു സോമാലിയായി മാറിയ, പൈറേറ്റ്സ് സാമ്പത്തിക ശാസ്ത്രത്തിലെ മികച്ച ഗെയിം പ്ലേയറായ, ആധുനിക ലോകത്തിൻ്റെ സാമ്പത്തിക കളികളുടെ മികച്ച പ്രായോക്താവായ ഒരു അസാധാരണ കഥാപാത്രം നോവലിൻ്റെ നെടുനായകത്വം വഹിക്കുന്നു. പോൾ ജോർജ് ഒരു പ്രഹേളികയാണ്, ഒപ്പം ഒരു ആവേശവും. ആ കഥാപാത്രസൃഷ്ടി വളരെ സൂക്ഷ്മതയോടെ നിർവ്വഹിച്ചിരിക്കുന്നു എഴുത്തുകാരൻ.
ഡിസാസ്റ്റർ ടൂറിസം! അങ്ങനെയും ഒരു ടൂറിസം സാധ്യതയുണ്ടെന്നു കാട്ടിത്തരുന്നു ദ്രവ്യം. ഒരിക്കലും ഒരു നാട്ടിലും സംഭവിക്കരുതേ എന്നു നമുക്കു പ്രാർത്ഥിക്കാൻ മാത്രം സാധിക്കുന്ന ഒരു വാക്കാണത്. പക്ഷേ, അതും സത്യമാണ്. പട്ടിണി കൊണ്ടു വയറൊട്ടി ജീവൻ്റെ നേർത്ത വരമ്പു മുറിഞ്ഞു മരണത്തിൻ്റെ നിത്യശാന്തതയിലേക്കു കടക്കുന്ന മനുഷ്യരെ ക്യാമറക്കണ്ണിലൂടെ ലോകത്തിനു മുന്നിലെത്തിക്കുന്നതിലും, അതുവഴി അത്തരം കാഴ്ചകൾ കാണാൻ എത്തുന്നവരുടെ മനസ്സും, അവർക്കായ് ഒരുക്കപ്പെടുന്ന ഹോട്ടൽ മുറികളും, ഭക്ഷണ വസ്തുക്കളും ചേർന്ന ടൂറിസം!
ഭയാനകമാംവിധം മനുഷ്യർ ദ്രവ്യത്തിന് അടിപ്പെട്ടിരിക്കുന്നു. ഒരു മെഗാ ക്യാൻവാസ് ആണീ നോവൽ. വായിച്ചുതന്നെ തിരിച്ചറിയേണ്ട ഒന്നാണിത്. എത്ര ആസ്വാദനങ്ങൾ എഴുതപ്പെട്ടാലും, ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത് എന്നേ പറയാനുള്ളൂ.
കൃത്യമായ ഗവേഷണം, പാത്രസൃഷ്ടിയിലെ ശ്രദ്ധ, സംഭവങ്ങൾ വിവരിക്കുന്നതിലെ മിതത്വം, ഒക്കെച്ചേർത്ത് ഒറ്റയിരിപ്പിന് ആവേശത്തോടെ വായിച്ചു തീർക്കാനുള്ള ഒരു പുസ്തകമായും, അതേസമയം, സ്വന്തം ജീവിതത്തിലും പ്രയോഗത്തിൽ വരുത്തേണ്ടതായ ദ്രവ്യത്തെ സംബന്ധിച്ച ചില ആശയങ്ങൾ പിന്നീടു മറിച്ചുനോക്കുവാൻ തക്കവിധം സ്വന്തം പുസ്തക ശേഖരത്തിനൊപ്പം സൂക്ഷിക്കുവാനുമുള്ള രചനയാണിത്. അതിതീവ്രമായ ഒരു വായന സമ്മാനിച്ച ദ്രവ്യത്തിൻ്റെ എഴുത്തുകാരൻ ഇ. പി. ശ്രീകുമാറിന് അഭിനന്ദനങ്ങൾ. ഇതൊരു റഫറൻസ് ഗ്രന്ഥമാകട്ടെ, പെറേറ്റ്സ് ഇക്കോണമിയുടെ കാണാച്ചരടുകൾ ഇഴപിരിച്ചെടുക്കുന്ന മികച്ച കൃതിയാണു ദ്രവ്യമെന്നു നിസ്സംശയം പറയാം.
ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിൻ്റെ വില 340/- രൂപ.
കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്