പൂമുഖം LITERATUREകവിത കുതിർന്ന കാലൊച്ചകൾ

കുതിർന്ന കാലൊച്ചകൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

പച്ചപിടിച്ചൊരാകാശത്തെ ഡൗൺലോഡ് ചെയ്തെടുത്ത് സൂക്ഷിക്കുന്നു.
ഇടക്കൊന്ന് ഓർമ്മകളിലേക്ക് തട്ടി മറിച്ചിടാൻ..

പൊന്നാമച്ചെതുമ്പലുകളെ ഉണങ്ങിയ സ്ഫടിക കുപ്പിയിലാക്കി,
തുറന്ന ജനലരികിൽ
വെളിച്ചം കുടിക്കാനായ് കാത്ത് വെക്കുന്നു.
നമ്മുടെ,
രാത്രികാല നിറങ്ങൾക്കിരുപുറവും വെളിച്ചപ്പൊട്ടുകളെ വലിച്ച് വേലി കെട്ടാൻ..

സൂര്യന്റെ മഞ്ഞളിച്ച വെട്ടത്തെ തുവർത്തിയുണക്കി, മടക്കി, ഒഴിഞ്ഞ ചന്ദനത്തിരിക്കൂട് ചേർത്ത്
പെട്ടിയിൽ അടുക്കി വെക്കുന്നു.
എല്ലാരും വിരുന്ന് പോയി, വീട്ടിൽ ഞാനൊറ്റക്കാവുമ്പൊ,
കണ്ണെഴുതി, പൊട്ട് തൊട്ട്, മുടി ചീകി വിടർത്തിയിട്ട്,
കത്തുന്നൊരു ചെന്തീപ്പൂത്തിരി കണ്ണിൽ പാകി,
കണ്ണാടിയിൽ വെറുതെ ചന്തം നോക്കുമ്പോൾ,
ഇടത്തെ തോളിലേക്ക് വീതിയിൽ ഞൊറിഞ്ഞ് മടക്കിയിട്ട്
പഴയ മണങ്ങളിലേക്കെന്റെ
വീടിനെ തള്ളിയിടാൻ ..

നിന്റെ കണ്ണിലെ നക്ഷത്രങ്ങളെ വശീകരിച്ച്, പകലൊക്കെയും ഞാനെന്റെ കുഞ്ഞിപ്പഴ്സിൽ
തടവിലിടുന്നു..
രാത്രിയിൽ ഉരച്ച്, തിളക്കിയെടുത്ത്
ഒരൊറ്റ അച്ചിൽ പൂക്കുന്ന നിന്റെ കവിതകൾക്ക് തീ കൊണ്ടൊരു ചട്ട പിടിപ്പിക്കാൻ..

ഇതൊക്കെ കഴിഞ്ഞു പോയിട്ടും
കല്ലറക്കുള്ളിൽ
ഉണങ്ങി/ക്കിയ പൂങ്കുലകളുടെ
ചുരുണ്ട ചില ചുവർ ദൃശ്യങ്ങൾ..
നീ പറയുന്നു, അതിന് പഴയൊരു വീടിന്റെ കടുംപച്ച നിറമാണെന്ന്..
തലച്ചോറിന്റെ സ്പന്ദനം ചിന്തകൾക്കിടയിൽ മറന്നു വെക്കുന്നവർക്ക് അത് വെറുമൊരു രാത്രി സത്രം മാത്രമാണ്..

കവർ : വിത്സൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like