പൂമുഖം LITERATUREലേഖനം മലയാള സിനിമയിലെ പെൺ പ്രതിസന്ധികൾ

മലയാള സിനിമയിലെ പെൺ പ്രതിസന്ധികൾ

മലയാള സിനിമയിലെ ആദ്യ നായിക പി.കെ. റോസിയിൽ നിന്നു തുടങ്ങുന്നതാണ് സിനിമയിലെ സ്ത്രീകളുടെ ദുരിത പർവ്വം. അന്ന് അത് ജാതിവെറിയായിരുന്നുവെങ്കിൽ പിന്നീടത് പല പ്രതിസന്ധികളായി മാറുകയായിരുന്നു. സിനിമ സ്റ്റ്യുഡിയോയിൽ നിന്നു പുറത്തിറങ്ങിയ കാലം മുതൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ശരിയായ സംവിധാനങ്ങളില്ലാതെ, സുരക്ഷിതമായ താമസ സൗകര്യങ്ങളില്ലാതെ, ശാരീരിക ആക്രമണങ്ങളിൽ നിന്ന് ചെറുത്ത് നിൽക്കാൻ കഴിയാതെ,ഉള്ള സ്ത്രീകളുടെ തൊഴിലിടത്തെ അരക്ഷിതാവസ്ഥയ്ക്ക് കൂടി അത് തുടക്കമിടുകയായിരുന്നു. അക്കാലത്ത് സമൂഹത്തിന്റെ ആട്ടും തുപ്പും കൊണ്ടാണ് സ്ത്രീകൾ തൊഴിൽ ചെയ്യാനെത്തിയിരുന്നത്.

കല എന്നതിലുപരി പട്ടിണി മാറ്റാനും കുടുംബം പുലർത്താനുള്ള വരുമാനത്തിനും വേണ്ടിയായിരുന്നു എന്തും സഹിക്കാൻ തയ്യാറായി കുറച്ചു സ്ത്രീകൾ ഈ രംഗത്ത് പ്രവർത്തിച്ചിരുന്നത്. ഔട്ട് ഡോർ ചിത്രീകരണ വേളയിൽ ആർത്തവ കാലത്ത് പോലും ബാത്ത് റൂമിൽ പോകാൻ കഴിയാതെ, സുരക്ഷിതമായി വസ്ത്രം മാറാൻ കഴിയാതെ, ചിത്രീകരണമില്ലാത്ത സമയങ്ങളിൽ വിശ്രമിക്കാൻ കഴിയാതെ അവർ ഇന്നും കഷ്ടപ്പെടുകയാണ്.

ആദ്യകാല നടിമാരിൽ നായികമാർ വരെ ഇത്തരം അവസ്ഥകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട് സിനിമ വൻ വ്യവസായമായി വളരുകയും. നായികമാർക്ക് പദവികൾ ലഭിക്കുകയും ചെയ്തപ്പോഴും മറ്റു സഹ നടിമാർ, എക്സ്ട്രാ നടിമാർ ഇതെല്ലാം അനുഭവിക്കേണ്ടി വരുന്നുണ്ട്. സ്ത്രീകളുടെ ഇത്തരം ഒരു പ്രശ്നങ്ങൾക്കും പരാതിപ്പെടാനും, പരിഹരിക്കാനും യാതൊരു സംവിധാനവുമില്ലെന്നതാണ് മലയാള സിനിമയിലെ സ്ത്രീകളുടെ എപ്പോഴത്തേയും പ്രതിസന്ധി. ഇപ്പോൾ കാരവൻ സംവിധാനം ഒരു പരിധി വരെ ഇതിന് പരിഹാരമാകുമെങ്കിലും. ഉയർന്ന വാടക കൊടുത്ത് കൊണ്ടുവരുന്നത് നായികാ പ്രാധാന്യമുള്ളവർക്കല്ലാതെ കൊടുക്കാൻ പ്രൊഡ്യൂസർമാർ തയ്യാറാവാത്ത സ്ഥിതിയുമുണ്ട്! ഇന്റേണൽ കമ്മിറ്റി ഉണ്ടായാൽ പോലും പരിഹരിക്കാൻ പറ്റാത്തത്ര പ്രശ്നങ്ങൾ ഈ മേഖലയിൽ സ്ത്രീകളനുഭവിക്കുന്നുണ്ട്. സെക്ഷ്വൽ ഹരാസ്മെന്റിൽ വരുന്ന കാര്യങ്ങൾക്ക് പൊതു സമൂഹത്തിലുണ്ടാകുന്ന പ്രതികരണങ്ങളും പ്രതിഷേധങ്ങളും സിനിമാ സെറ്റുകളിൽ ഉയർത്താൻ സ്ത്രീകൾക്ക് കഴിയാറില്ല. ഒന്നാമത്തെ കാരണം അവർ അവിടെ വളരെ കുറഞ്ഞ ന്യൂനപക്ഷമാണെന്നത് തന്നെയാണ്. പ്രധാന കാരണം പ്രതികരണങ്ങൾ തൊഴിൽ നിഷേധത്തിലേക്കെത്തിക്കുകയും കരിയർ തന്നെ അവസാനിച്ചു പോവുകയും ചെയ്യും എന്ന ഭീതിയാണ്. ഔട്ട്ഡോർ ഷൂട്ടിംഗ് സമയത്തല്ലാതെ പുറത്തു നിന്നുള്ള യാതൊരു ഇടപെടലുമില്ലാതെ നടക്കുന്ന പ്രക്രിയയാണത്.

അത്തരം പ്രശ്നങ്ങൾ ഈ മേഖലയുമായി ബന്ധപ്പെട്ട ഒരു സദസ്സിൽ സിനിമാ വ്യവസായത്തിന്റെ ഭാഗം കൂടിയായ ഒരു നടി പറയുന്നത് അത്ര പ്രാധാന്യത്തോടെ സ്വീകരിക്കപ്പെട്ടില്ലെങ്കിൽപ്പിന്നെ എവിടെയാണതിന് പ്രസക്തിയുണ്ടാകുന്നത്? ഗുരുതരമായ ഒരു വിഷയത്തിനിടയ്ക്കും അവരുടെ പാവാടയും കാലുകളും മാത്രം വിഷയമാക്കുന്നവർ പുറത്തുണ്ട് എന്നതാണ് സിനിമയ്ക്കകത്തെ പുഴക്കുത്തുകൾക്ക് കൂടുതൽ വളമാകുന്നത്.

രാഷ്ട്രീയ, സിനിമാ, പൊതു പ്രവർത്തന രംഗത്തെ സ്ത്രീകൾ തന്നെ മുന്നിട്ടിറങ്ങിയാലെ മാറ്റങ്ങൾ പ്രതീക്ഷിക്കാൻ കഴിയൂ. കേരളത്തിലെ പ്രഗത്ഭരായ പല മനുഷ്യരുടെയും ഒരു വലിയ ന്യൂനതയായി തോന്നിയിട്ടുള്ളത് സമഗ്രതയില്ലായ്മയാണ്. ന്യൂനപക്ഷം, ദലിത്, വലതുപക്ഷ രാഷ്ട്രീയം, വിദ്യാഭ്യാസം, മതം എന്നീ പലതിലും ശക്തമായ നിലപാടുകളുള്ള ചിലർ സ്ത്രീ പ്രശ്നങ്ങൾ വരുമ്പോൾ നിലവാരം കുറഞ്ഞ, നിലപാടുകളില്ലാത്ത എഴുത്തുകളും കമന്റുകളും ഇടുകയും, അവരുടെ മുഴുവൻ പുരുഷ മേധാവിത്വവും, വിവരക്കേടുകളും പുറത്തെടുക്കുകയും ചെയ്യും.

സിനിമാ സെറ്റിലെ നിയമങ്ങളും രീതികളും ഭരണഘടനയനുസരിച്ചോ സാധാരണ നിയമങ്ങൾക്കനുസരിച്ചോ പ്രവർത്തിക്കുന്ന ഒന്നല്ല. സ്ത്രീകളുടെ പ്രശ്നങ്ങൾ ഒഴിച്ചു നിർത്തിയാൽ പോലും. അടിമ ഉടമ വ്യവസ്ഥിതിയുടെ, തൊട്ടുകൂടായ്മയുടെ, ആധുനിക പതിപ്പ് നമുക്കവിടെ കാണാൻ കഴിയും. അന്ധവിശ്വാസങ്ങളും, ആരാധനയും, സ്തുതി പാടലും, കാലുപിടുത്തവും, ചവിട്ടിത്താഴ്ത്തലും, കീഴ്പ്പെടുത്തലും അടിമത്വവും എന്നു വേണ്ട എല്ലാതരം അരുതായ്മകളുടെയും ഒരു വർണ്ണ സർക്കസ്സ് കൂടാരം! (ഒരിയ്ക്കൽ ഒരു യുവ നടൻ സെറ്റിൽ രണ്ടു തരം ഗ്ലാസ്സുകളിൽ ചായ കൊടുക്കുന്ന രീതിയെക്കുറിച്ച് പറഞ്ഞപ്പോൾത്തന്നെ വലിയ പ്രതികരണങ്ങളാണുണ്ടായത്. അതിന് ശേഷം അയാളെ സിനിമയിലൊന്നും കണ്ടിട്ടില്ല).

മധുര പലഹാരങ്ങൾ നിറച്ച ബേക്കറി പോലെ നമുക്കു മുന്നിലെത്തുന്ന പോപ്പുലർ സിനിമ പലരുടേയും കണ്ണീരും, ഗതികേടും, ശാപവും കൂട്ടിക്കുഴച്ച് ഉണ്ടാക്കിയതാണ്. കാലങ്ങളായി ചോദിക്കാനും പറയാനും ആളില്ലാത്ത, കുറച്ചുപേർ കൈവശാവകാശം വച്ചുപുലർത്തുന്ന ഒരിടം! പുറമേ കാണുന്ന ഗ്ലാമറും, നന്മയും, രാഷ്ട്രീയ പ്രവർത്തനവും ഒന്നും തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു ചുരുളിയാണ് സിനിമാ ലോകം. ഒന്നുമറിയാതെ വന്നുപെട്ടാൽ തിരിച്ചിറങ്ങാനാവാത്ത പത്മവ്യൂഹം! ചുരുളിയിലെ പാലം കേറി കഴിഞ്ഞാൽപ്പിന്നെ മട്ടും ഭാവവും മാറുകയായി. പുറകിൽ നിന്ന് ചാടി വീണാക്രമിക്കുന്നവരുണ്ട്, കെണിവച്ച് കുടുക്കുന്നവരുണ്ട്, ക്ഷമയോടെ കാത്തിരുന്ന് വീഴ്ത്തുന്നവരുണ്ട്. ചാൻസ് കിട്ടില്ലെന്ന് സമ്മർദ്ദത്തിലാക്കി പെടുത്തുന്നവരുണ്ട്, ഇതൊക്കെ ഇവിടെ സാധാരണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ചതിക്കുന്നവരുണ്ട്, പെട്ടു പോയവരെ വീണ്ടും വീണ്ടും മോഹന വാഗ്ദാനങ്ങൾ കൊടുത്തും ബ്ലാക് മെയിൽ ചെയ്തും അവിടെ തന്നെ നിർത്തുന്നവരുണ്ട്. ചുരുളിയിൽ പുറത്തു നിന്നുള്ള നിയമം ആർക്കും ബാധകമല്ല. അതൊരു കുപ്രസിദ്ധ സംസ്കാരമാണ്. രണ്ടോ മൂന്നോ സ്ത്രീകളും ബാക്കിയെല്ലാം പുരുഷന്മാരുമടങ്ങുന്ന ജല്ലിക്കട്ട്. അ രാഷ്ട്രീയത, പണക്കൊഴുപ്പ്, ചതി, വഞ്ചന, സ്ത്രീകളോട് ബഹുമാനമില്ലായ്മ, കൂടെ നിൽക്കുന്നവനായാലും അവസരം കിട്ടുമ്പോൾ കുതികാൽ വെട്ടുക എന്നീ മനുഷ്യത്വമില്ലായമകൾ തഴച്ചു വളരുന്ന മണ്ണാണ് സിനിമ.

സ്ത്രീകൾ പരാതിപ്പെടാൻ എന്തിന് വൈകുന്നു എന്ന ചോദ്യത്തിന് നിരവധി ഉത്തരങ്ങൾ അവിടെ നിന്ന് കിട്ടും. കാരണം അത് കണ്ണു മഞ്ഞളിക്കുന്ന ഗ്ലാമറിന്റെ ലോകമാണ്. എന്നെങ്കിലും അടിക്കുമെന്ന പ്രതീക്ഷ മാത്രം ബാക്കിയാവുന്ന ലോട്ടറി. പൊതു സമൂഹത്തിൽ നിന്ന് ഇതുപോലെ പേരും പ്രശസ്തിയും പണവും ആരാധനയും സ്നേഹവും വേറെ ഏത് ജോലിക്കാണ് കിട്ടുന്നത്?

പുതിയ ചെറുപ്പക്കാർ മാറ്റങ്ങൾ കൊണ്ടുവരുന്നില്ലെന്നല്ല. അവരിൽ പ്രതീക്ഷയുമുണ്ട്. അവർ കുടുംബ സമേതം പോലും സിനിമകൾ നിർമ്മിക്കുകയും സൗഹൃദങ്ങൾ നിലനിർത്തുകയും ചെയ്യുന്നു. ഒറ്റയും തെറ്റയുമായാണെങ്കിലും നിലപാടുകൾ തുറന്നു പറയാൻ ധൈര്യം കാണിക്കുന്നുമുണ്ട്. സ്വാഗതം ചെയ്യേണ്ടതാണ്. മീടുവിനെ, WCC യെ തള്ളിപ്പറഞ്ഞ്, ഇന്റേണൽ കമ്മിറ്റിയെ എതിർത്ത് ഇപ്പോഴും പഴയ ഒരു കൂട്ടം ആളുകൾ തടസ്സങ്ങൾ സൃഷ്ടിക്കുകയാണ്. ഇന്റേണൽ കമ്മിറ്റിയെ സംരക്ഷിക്കാൻ പോലീസ് സംരക്ഷണം വേണ്ട സ്ഥിതിയുണ്ടാവരുത്. മയക്കുമരുന്നു ലോബിയ്ക്കും കള്ളപ്പണം വെളുപ്പിക്കാൻ ഇറങ്ങിയവർക്കും പലപ്പോഴും സുരക്ഷിതമായ ഒരിടമാകുന്നു സിനിമ. ഇത്തരക്കാരുടെ കയ്യിൽ നിന്ന് മോചിപ്പിച്ച് സ്ത്രീകൾക്ക് മാന്യമായി തൊഴിൽ ചെയ്യാൻ കഴിയുന്ന ഒരു മാതൃകാ വ്യവസായമായി സിനിമയെ മാറ്റിയെടുക്കേണ്ടതുണ്ട്. പലപ്പോഴും പുറം ലോകവുമായി ബന്ധമില്ലാതെ ദിവസം പതിനെട്ടും ഇരുപതും മണിക്കൂർ തുടർച്ചയായി ജോലി ചെയ്ത് വട്ടു പിടിക്കുന്ന ക്രൂവിന്റെ മനോനിലയും പരിഗണിക്കപ്പെടേണ്ടതാണ്.

WCC യിലെ പ്രധാന അംഗങ്ങൾ

ഹേമാ കമ്മീഷൻ റിപ്പോർട്ട് മുഴുവനായി പരസ്യപ്പെടുത്തുന്നതിന് പകരം അതിൽ കുറ്റാരോപിതരായവരെ വെളിപ്പെടുത്തുകയും, അവർക്കെതിരെ സ്വമേധയാ മുഖം നോക്കാതെ കേസെടുത്ത് ശിക്ഷ വാങ്ങിക്കൊടുക്കുകയുമാണ് വേണ്ടത്. അല്ലാതെ സോഷ്യൽ മീഡിയയ്ക്കും ചാനലുകൾക്കും ഇക്കിളിക്കഥകളാക്കി വിചാരണ ചെയ്തു, അതിലകപ്പെട്ടു പോയ സ്ത്രീകളെ തെറി വിളിക്കാനുള്ള അവസരമല്ല നൽകേണ്ടത്. കാരണം ഇലയനങ്ങിയാൽ ഇല്ലാക്കഥ പോലും പ്രകാശവേഗത്തിൽ പ്രചരിക്കുന്ന ഇടം കൂടിയാണ് സിനിമ. ഇരയാക്ക പ്പെട്ടവരുടെ ആത്മാഭിമാനത്തിനും വിലയുണ്ട്.തുറന്നു പറയണമെന്നുള്ളവർക്ക് ഇന്നും അതിനുള്ള പൊതുവിടങ്ങളുണ്ട്. സോഷ്യൽ മീഡിയകളിലും ഒരളവുവരെ ചാനൽ സംസ്കാരത്തിലും പ്രശ്നപരിഹാരം എന്നതിലുപരി ഇത്തരം വിഷയങ്ങൾ ലൈംഗികതയുടെ തെറ്റും ശരിയുമായി മസാല ചർച്ചകളാക്കി ചെളി വാരിയെറിയാനാണ് താൽപര്യപ്പെടുന്നത്. അടുത്ത പ്രശ്നം വരുമ്പോൾ ഇത് വിട്ട് അതിന്റെ പുറകേ പോകുന്ന രീതിയാണ്. അതുകൊണ്ട് സാമൂഹ്യമായി യാതൊരു മാറ്റവും, പുരോഗതിയുമുണ്ടാവുന്നില്ല. വിചാരണ യഥാർത്ഥ കോടതികളിൽ യഥാവിധി നടക്കേണ്ടതാണ്. കേസിന്റെ അന്വേഷണം പക്ഷപാതം കാണിക്കാത്ത സത്യസന്ധരായ പോലീസുദ്യോഗസ്ഥരെ ഏൽപ്പിക്കുകയാണ് വേണ്ടത്. ഒരു ഇച്ഛാശക്തിയുള്ള സർക്കാർ വിചാരിച്ചാൽ ഈ മേഖല കുറ്റമറ്റതാക്കി മാറ്റാൻ പറ്റും. ആശങ്കകളില്ലാതെ കൂടുതൽ സ്ത്രീകൾക്ക് ഈ തൊഴിലിലേക്ക് കടന്നുവരാനും വരുമാനമുണ്ടാക്കാനും കഴിയും. മിനിമം വേതനം നിശ്ഛയിക്കുകയും അതിൽ തന്നെ തുല്യത പുലത്തുകയും വേണം.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറുന്നു

വർഷങ്ങൾക്ക് മുമ്പ് ആകാശവാണിയുടെ ഒരു ദീർഘമായ പ്രോഗ്രാമിന് വേണ്ടി പഴയ കാല സിനിമയിലെ പല സ്ത്രീകളെയും ഇന്റർവ്യൂ ചെയ്തിട്ടുണ്ടായിരുന്നു. അവർക്കൊക്കെ ഒരു പാട് കഥകൾ പറയാനുണ്ടായിരുന്നു. അവരിൽ ജീവിച്ചിരിക്കുന്നവരിൽ പലരും ഇന്ന് ദാരിദ്ര്യത്തിന്റെയും രോഗങ്ങളുടെയും പടുകുഴിയിൽ പെട്ടു കിടക്കുന്നവരാണ്. ചിലർക്കൊക്കെ ഫിലിം അക്കാഡമിയുടെ തുച്ഛമായ പെൻഷൻ കിട്ടുന്നുണ്ട്. ആ കാലത്തേക്കാളൊക്കെ ഭീകരമായി ബലാൽസംഗത്തിന് ക്വൊട്ടേഷൻ കൊടുക്കുന്നത്ര അധ:പതനത്തിലേക്ക് ഈ രംഗം മാറിപ്പോയിരിക്കുന്നു! അതുകൊണ്ടാണല്ലൊ ദിലീപ് പ്രതിയായ ബലാൽസംഗ ക്വൊട്ടേഷൻ കേസ് ഒരു വലിയ കാര്യമായി തോന്നുന്നത് പുറത്തു നിൽക്കുന്നവർക്ക് മാത്രമാണ് എന്ന് ഫിയോക്കിന്റെ സെക്രട്ടറിയ്ക്ക് യാതൊരു മറയുമില്ലാതെ തുറന്നു പറയാൻ കഴിഞ്ഞത്.

ഔദ്യോഗിക ജീവിതത്തിനിടയിലും അല്ലാതെയും സിനിമ സീരിയൽ തുടങ്ങി പല വിധ തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളുമായും, ബലാൽസംഗത്തിനിരയായ സ്ത്രീകളും പ്രായപൂർത്തിയാവാത്ത കുട്ടികളുമായും ഇടപെടേണ്ടി വരികയും അവരെ ചിത്രീകരിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. അവരോടൊക്കെ ഒരുപാട് സംസാരിച്ചിട്ടുണ്ട്. അതിൽ വിവാദമായ പല കേസുകളിലും പെട്ടു പോയവരുമുണ്ട്. വെള്ളി വെളിച്ചത്തിന് ചുറ്റും പറന്ന ഇയ്യലുകളായ അവരെ ആരും അറിയുകയില്ല. സർക്കാർ സംരക്ഷണ കേന്ദ്രങ്ങളിലും മറ്റുമായി അവരുടെ ജീവിതം എരിഞ്ഞടങ്ങി തീർന്നു പോവുകയാണ്. ചിലരൊക്കെ അവിടെയും ഇതിന്റെ പേരിൽ വീണ്ടും വീണ്ടും ചൂഷണം ചെയ്യപ്പെടുന്നു. ഇവരെ പീഡിപ്പിക്കുന്ന പ്രമുഖർ സ്വാധീനവും പണവുമുപയോഗിച്ച് ക്ലീൻചിറ്റ് നേടി ഊരിപ്പോകുന്നത് സ്ഥിരമാണ്. ഇവിടെയാണ് ഭാവനയുടെ അതിജീവനത്തിന് പകരം വയ്ക്കാനില്ലാത്ത പ്രസക്തിയുണ്ടാകുന്നത്. അവർക്ക് ഒപ്പം നിൽക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമായി മാറുന്നതും.

ഒരിയ്ക്കൽ സിനിമയിൽ നിന്ന് പിച്ചിച്ചീന്തപ്പെട്ട ഒരു ചെറിയ പെൺകുട്ടി “എനിക്ക് പഠിയ്ക്കണം. എന്നിട്ട് നിങ്ങളേപ്പോലെയൊക്കെ ജീവിക്കണം” എന്ന് പറഞ്ഞ് കരഞ്ഞത് ഇപ്പോഴും മനസ്സിൽ മാറാത്ത നീറ്റലായുണ്ട്. സ്വന്തം പിതാവാണ് അവളെയും സിനിമയിൽ വലിയ നടിയാക്കാമെന്ന് പറഞ്ഞ് പിമ്പു കൾക്ക് കൊണ്ടുപോയിക്കൊടുത്തത്.

ഇപ്പോഴത്തെ വിവാദങ്ങൾ സിനിമാ മേഖലയിൽ സ്ത്രീകളെ മാക്സിമം കുറയ്ക്കുക എന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചിരിക്കുകയാണ്. പുരുഷ കേന്ദ്രീകൃതമായ ഒരു ലോകത്തെ പുരുഷന്മാരുടെ സംവിധാനത്തിലേക്ക്, അവരുടെ നേരമ്പോക്കുകളിലേക്ക് ആവശ്യമായ ഒരു പ്രോപ്പർട്ടി മാത്രമായി മാറ്റപ്പെടുകയാണ് സ്ത്രീകൾ. നിയമവ്യവസ്ഥ നടപ്പിലാക്കുന്നതിന് പകരം മറികടക്കാനാണ് ശ്രമിക്കുന്നത്.

“ഒരുത്തീ” സിനിമയുടെ പ്രമോഷൻ പ്രസ്സ് മീറ്റിൽ വിനായകനുമായി ബന്ധപ്പെട്ടുണ്ടായ വിവാദം പിന്നീട് അയാളുടെ ജാതിയിലേക്കും നിറത്തിലേക്കും മറ്റും പടർന്നു കേറുകയായിരുന്നു. എങ്കിലും സെലിബ്രിറ്റി എന്ന ആ ഒരു പ്രിവിലേജിലിരുന്ന് അയാൾക്ക് ആണഹന്തയുടെ ശരീര ഭാഷയിലൂടെ മുന്നിൽ ഇരിയ്ക്കുന്ന പെണ്ണിനോടും, ഏത് പെണ്ണിനോടും ഇനിയും താനത് ചോദിക്കുമെന്നുള്ള ധാർഷ്ട്യം കാണിക്കാൻ കഴിയുന്നുണ്ട്. അവിടെ പ്രവർത്തിച്ചത് ജാതിയോ നിറമോ പത്രക്കാരുടെ ചോദ്യമോ ഒന്നുമല്ല. സിനിമാക്കാരനെന്ന പ്രിവിലേജിലിരിക്കുന്നയാളുടെ ആണഹന്ത മാത്രമാണ്. കുറച്ചു നാൾ മുമ്പ് ഏതോ പരിപാടിക്ക് അയാളെ ക്ഷണിച്ച സ്ത്രീയോട് അയാൾ ചോദിച്ചതാണ് പലരും മഹത്വരമാക്കിയ അയാളുടെ “കൺസെന്റ്” ആ സംസാരത്തിന്റെ അവസാനം “നിന്നെക്കിട്ടില്ലെങ്കിൽ നിന്റമ്മയെ കിട്ടുമോ” എന്നാണ് അയാൾ ചോദിക്കുന്നത്!(അത് തിരിച്ചറിയപ്പെടാതെ പോയ സ്ത്രീകളുമുണ്ട്.) തൊഴിൽ സ്ഥലത്തെ സെക്ഷ്വൽ ഹരാസ്മെന്റിനെതിരെ 2013ൽ സുപ്രീം കോടതിയുടെ വിധിപ്രകാരം കേന്ദ്ര സർക്കാർ പാസ്സാക്കിയ നിയമമുണ്ട്. അതിൽ വ്യക്തമായി കാര്യങ്ങൾ പറയുന്നുണ്ട്. അതറിയാവുന്നത് കൊണ്ടു തന്നെയാണ് ഇടയ്ക്ക് വിനായകൻ ‘ജോലിസ്ഥലത്താണോ’ എന്ന് എടുത്ത് ചോദിക്കുന്നത്. വിനായകനെന്നല്ല മറ്റേത് നടനായാലും മനുഷ്യരായാലും അതിനെതിരെ പ്രതികരിക്കേണ്ടതുണ്ട്. ആ കാര്യത്തിൽ സ്ത്രീയോട് മാന്യതയുടെ ആവശ്യമില്ലെന്നും മിക്ക സ്ത്രീകളും കേൾക്കുമ്പോഴേക്കും തരളിതരായി വീണു പോകുമെന്നും അല്ലാത്തവർക്ക് എന്തോ കുഴപ്പമുണ്ടെന്നും കരുതുന്നവരുമുണ്ട്!

സിനിമയിലെ സ്ത്രീകളെക്കുറിച്ച് കേട്ടാലറയ്ക്കുന്ന ഭാഷയിൽ സംസാരിക്കുന്നവരുണ്ട്. തുനിഞ്ഞിറങ്ങിയ സ്ത്രീകളല്ലെ അവർക്ക് കാശ് കൊടുത്തില്ലെങ്കിലും അവർ പണം ഉണ്ടാക്കിക്കോളുമെന്ന് ഒരിക്കൽ ഒരു സംവിധായകനും, സംഗീത സംവിധായകനും കൂടി ചിരിച്ചട്ടഹസിച്ച് പറഞ്ഞത് കേട്ടതാണ്. പരാതി പറയാൻ തുനിഞ്ഞാൽ പിന്നെ അവിഹിത കഥകൾ പ്രചരിപ്പിച്ചും, ഒളിക്യാമറ വച്ച് ബ്ലാക് മെയിൽ ചെയ്തും വായടപ്പിക്കും. ഒരിക്കൽ വേതനം കൂട്ടിച്ചോദിച്ചതിന് ഒരു സീരിയൽ നടിയോട് പ്രൊഡ്യൂസർ പറഞ്ഞത്, സീരിയലിൽ നിന്നെ കൊന്ന് ഫോട്ടോയാക്കി ചുമരിൽ തൂക്കും. കഥ ആ വഴിക്ക് തിരിച്ചു വിടും. പിന്നെ ആ പരമ്പര നോക്കി വീട്ടിലിരിക്കാം’ എന്നായിരുന്നു. ഇതിനേക്കാൾ എത്രയോ ഭീകരവും മലിനവുമാണ് യാഥാർത്ഥ്യം. ചില ചെറിയ ചെറുത്തു നില്പുകൾ പോലും പുറം ലോകം അറിയാത്ത വിധത്തിൽ എല്ലാം അതിനുള്ളിൽത്തന്നെ ഒതുങ്ങിപ്പോകുകയായിരുന്നു ഇത്രയും കാലം.

WCC യുടെ പത്രസമ്മേളനം

പൊരുതാനുറച്ച് ഒരു പെണ്ണ് ധൈര്യത്തോടെ ഇറങ്ങിയപ്പോൾ കാര്യങ്ങൾ ചെറുതായെങ്കിലും മാറാൻ തുടങ്ങി. WCC രൂപീകരിക്കപ്പെട്ടു, അവർക്കൊരു കോടതി വിധി നേടിയെടുക്കാൻ കഴിഞ്ഞു, ഒരുപാട് സ്ത്രീകൾ തങ്ങളുടെ പ്രശ്നങ്ങൾ പറയാൻ മുമ്പോട്ടു വന്നു തുടങ്ങി. പലരുടേയും തൊഴിൽ മരവിപ്പിക്കപ്പെട്ട ത്യാഗം അതിനു പിന്നിലുണ്ടെങ്കിലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. എല്ലാ കാലത്തും ഒരു കൂട്ടം ആളുകൾക്ക് കയ്യടക്കി വയ്ക്കാനുള്ളതല്ല മലയാള സിനിമ എന്ന തിരിച്ചറിവിലേക്ക് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുകയാണ്. പൊതു സമൂഹവും കൂടെ ഒറ്റക്കെട്ടായി നീങ്ങിയാൽ എല്ലാം ശുഭമാകുമെന്ന് പ്രതീക്ഷിക്കാം.

കവർ ഡിസൈൻ : ജ്യോത്സ്ന വിൽസൺ

ഫോട്ടോ കടപ്പാട് : ഗൂഗ്‌ൾ

Comments
Print Friendly, PDF & Email

You may also like