പൂമുഖം LITERATUREകവിത ഭൂപടത്തിൽ നിന്നും പുറത്താക്കിയൊരുവളെ വരയ്ക്കുന്നത്

ഭൂപടത്തിൽ നിന്നും പുറത്താക്കിയൊരുവളെ വരയ്ക്കുന്നത്

ഭൂപടത്തിൽ നിന്നും
പുറത്തതാക്കിയൊരുവളെ
വരയ്ക്കുന്നത്
അത്രമേൽ എളുപ്പമല്ല
അറുത്തുകളഞ്ഞ അവളുടെ
ചിറകുകൾ
താനെ മുളയ്ക്കും പോലെ
കൂടിന്റെ വാതിൽ പതിയെ
തുറക്കും പോലെ വരയണം
ചുണ്ടുകൾക്ക് ചുവപ്പും
കണ്ണുകൾക്ക് തിളക്കവും
നൽകണം

പുഴതീർത്ത മിഴിയോരോന്നിനും
താഴെ
വസന്തത്തെ പടർത്തണം
മാഞ്ഞുപോയ ചിരിക്കുപകരം
മുല്ലപ്പൂമൊട്ടുകൾ നിരത്തണം
ചിന്തകളിൽ നിറഞ്ഞുനിന്ന
തേനീച്ചകളെ
ദൂരെ ദൂരെക്ക് പറത്തണം
ശൂന്യമായൊരിടത്തുനിന്ന്
അവളിലെ നന്മയെ പതിയെ
ഉണർത്തണം
നിലാവു കോരിയൊഴിച്ച
സ്നേഹത്തെ
തൂവലിൽ മഷി നനച്ചു
രേഖപ്പെടുത്തണം

അവൾക്കുമാത്രമായുള്ളയാകാശത്തെ
ഇളംനീലവർണ്ണത്തിൽ
വിരിച്ചിടണം
ഒഴുകിവരുന്ന
കാറ്റിന്റെയീണത്തെ
ഇലകളാൽ രേഖപ്പെടുത്തണം
അത്രമേൽ തരളിതമായി
ചെറു ചില്ലകളോരോന്നും
നൃത്തമാടണം

അവൾ പറക്കും വഴിയത്രയും
വെളിച്ചത്തെ തൂവണം
മഴ നനഞ്ഞ
കിനാക്കളെയൊക്കെ
വെയിലിൽ ഉണക്കിയെടുക്കണം
അത്രമേൽ എളുപ്പത്തിൽ നിങ്ങൾക്കവളെ
വരയ്ക്കാനാകില്ല.

കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺ

Comments

You may also like