പൂമുഖം LITERATUREനിരൂപണം കഥാവാരം – 18

കഥാവാരം – 18

കഥകൾ വായിക്കുകയും അവയ്ക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്ന നല്ല വായനക്കാരാൽ അനുഗ്രഹിക്കപ്പെട്ടവരാണ് ഇന്നത്തെ എഴുത്തുകാരിൽ ബഹുഭൂരിഭാഗവും. അതുകൊണ്ടുതന്നെ എഴുത്തുകാർക്ക് പ്രോത്സാഹനത്തിന് യാതൊരുവിധ പഞ്ഞവുമില്ല. പക്ഷേ അതിനേക്കാൾ ഗൗരവതരമായ കാര്യം പൾപ്പ് എഴുത്തുകളെ പ്രഘോഷിക്കുന്ന ആസ്വാദനങ്ങൾ ഉണ്ടാകുന്നു എന്നുള്ളതാണ്. ഒരു ശരാശരി വായനക്കാരനെ പോലും തൃപ്തിപ്പെടുത്താത്ത നിലവാരം കുറഞ്ഞ സൃഷ്ടികളെ മഹത്തരമെന്ന് ആഘോഷിക്കുന്നത് വ്യാപകമായി കാണുന്ന കാഴ്ചയാണിന്ന്. അത്തരം വിലയിരുത്തലുകൾ, അല്ലെങ്കിൽ ആസ്വാദനക്കുറിപ്പുകൾ രണ്ടുതരം കാര്യങ്ങളിലേക്ക് വിരൽചൂണ്ടുന്നു. ഒന്ന്, ഹിപോക്രിസി അഥവാ കാപട്യം. രണ്ട്, സാഹിത്യം ആസ്വദിക്കുവാനുള്ള സഹൃദയത്വത്തിന്റെ അഭാവം. രണ്ടാമത് പറഞ്ഞവർ നിഷ്കളങ്കരാണ്. പക്ഷേ ആദ്യം പറഞ്ഞ കൂട്ടർ, സാഹിത്യത്തോട് ചെയ്യുന്ന ദ്രോഹം ചെറുതല്ല. അതിനാൽ ഈ കോളത്തിൽ പ്രസ്താവിക്കുന്ന കാര്യങ്ങൾ, സത്യസന്ധമായി കഥയെക്കുറിച്ച് പറയുക എന്നതല്ലാതെ, എഴുത്തുകാരെ പ്രോത്സാഹിപ്പിച്ചു കളയാം എന്ന ഉദ്ദേശത്തോടുകൂടിയുള്ളതേ അല്ല.

എഴുത്തുകാരിൽ ചിലരുണ്ട്. വ്യക്തമായി പറഞ്ഞു കൊടുക്കാൻ പറ്റുന്ന ഒരു ആശയം അവരുടെ മനസ്സിൽ ഉണ്ടാവുകയില്ല. എങ്കിലും ഒരു കഥ എഴുതിക്കളയാം എന്ന് പറഞ്ഞു പേപ്പറും പേനയും എടുത്തിരിക്കും. ഒന്നിൽ തുടങ്ങും. വേറൊന്നിൽ കയറി ഇനിയൊമേതോ ഒന്നിൽ എത്തിച്ചേരും. അവസാനം ധൃതിപിടിച്ച് എവിടെയൊക്കെയോ അവസാനിപ്പിക്കും. താൻ പറഞ്ഞു വന്നത് എന്താണെന്നോ താൻ നിർത്തുന്നത് എവിടെയാണെന്നോ കഥാകൃത്തിന് ധാരണ ഉണ്ടാവില്ല. വായനക്കാരൻ അത് വായിച്ച് അന്തം വിടും.

വായിക്കാൻ ഇഷ്ടപ്പെടുന്ന ഒട്ടുമിക്ക പേർക്കും കഥകൾ എഴുതാനും ഇഷ്ടമാണ്. പറയാനും എഴുതാനുമായി അനവധി കഥകളുടെ നാമ്പ് അവരുടെ മനസ്സിൽ കാണും. എന്നിട്ടും എല്ലാവരും കഥയെഴുതാത്തതെന്തേ എന്ന് ചോദിച്ചാൽ, അതിനുള്ള പ്രതിഭ ഇല്ലാത്തത് കൊണ്ട് എന്ന് വേണമെങ്കിൽ പറയാം. ഏറ്റവും പരമപ്രധാനമായ കാര്യം കഥയെഴുത്ത് സ്വാഭാവികമായ ഒരു പ്രക്രിയയാകണം. അല്ലെങ്കിൽ കഥയ്ക്ക് കൃത്രിമത്വം അനുഭവപ്പെടും. അപ്പോൾ കഥ സർഗ്ഗസൃഷ്ടി എന്നതിൽനിന്നും നിർമ്മിക്കപ്പെട്ട വസ്തുവായി മാറും. ക്രിയേഷൻ എന്നത് മാനുഫാക്ചറിങ് എന്ന രീതിയിൽ അധപതിക്കപ്പെടും. ഈയാഴ്ച ഇത്തരമൊരു കഥയും കണ്ടു എന്ന് പ്രസ്താവിച്ചു കൊണ്ട് കഥാവാരം തുടങ്ങട്ടെ.

അംബികാസുതൻ മാങ്ങാട്

അംബികാസുതൻ മാങ്ങാട് മാതൃഭൂമിയിൽ എഴുതിയ കഥയാണ് ‘പനിയൻ.’ കാസർകോടിന്റെ തനിമയാർന്ന കലാരൂപമായ തെയ്യത്തെ കഥയിൽ സന്നിവേശിപ്പിക്കുന്നതിൽ ഏറെ താല്പര്യമുള്ള കഥാകൃത്താണ് അംബികാസുതൻ മാങ്ങാട്. അത്യാവശ്യം നല്ല ഒരു കഥയായിരുന്നു ഈയടുത്ത് മാതൃഭൂമിയിൽ വന്ന കാരക്കുളിയൻ. പക്ഷേ പനിയൻ എന്ന കഥയിൽ എന്താണ് ഉള്ളത് എന്ന് ഭൂതക്കണ്ണാടി വെച്ച് നോക്കേണ്ടിവരും. ഫോക്‌ലോർ കലാരൂപങ്ങളെ കുറിച്ച് ഡോക്യുമെന്ററി ആയി എഴുതേണ്ടുന്ന വസ്തുത ‘കഥ എന്നപോലെ’ നമുക്ക് തന്നിരിക്കുന്നു മാതൃഭൂമി. വീര ഭയങ്കര സ്വഭാവങ്ങളുള്ള തെയ്യങ്ങളുടെ ഇടയിൽ ഹാസ്യരസപ്രധാനമായ ഭാഗം ചെയ്യുന്ന പനിയനിൽ കൂടി സമകാലിക സാമൂഹ്യ അവസ്ഥകൾ പറയുന്നു എന്നതാണ് കഥയുടെ ആകെത്തുക. ബലാൽസംഗം ചെയ്യപ്പെട്ട, കൊന്ന് കെട്ടിത്തൂക്കിപ്പെടുന്ന കുഞ്ഞുങ്ങൾ. വിവരവും വിദ്യാഭ്യാസവും ഉണ്ടായിട്ടും അതിനെതിരെ ഒന്നും മിണ്ടാൻ പറ്റാതെപോകുന്ന മലയാളി സമൂഹം. ഇത് കഥയല്ല ലേഖനമാണ്. ഈ സൃഷ്ടി മൂലമുണ്ടാവുന്ന അനുഭൂതി അല്ലെങ്കിൽ വികാരം വർത്തമാനപത്രം വായിക്കുമ്പോൾ ഏതൊരാൾക്കും ലഭ്യമാകുന്നതേയുള്ളൂ. അനുഭവ സമ്പന്നനായ എഴുത്തുകാരിൽ നിന്നും വായനക്കാർ പ്രതീക്ഷിക്കുന്നത് കഥയുടെ, കലയുടെ നവ്യാനുഭൂതിയാണ്. ലേഖന സ്വഭാവമുള്ള സാമൂഹ്യ പരിഷ്കരണത്തിന് വേണ്ടിയുള്ള എഴുത്തുകൾ കഥയായി വായനക്കാരന് കൊടുക്കാതിരിക്കുക.

വി സുരേഷ് കുമാർ

വി സുരേഷ് കുമാർ സമകാലിക മലയാളം വാരികയിൽ ‘ദർശനമാല’ എന്ന കഥ എഴുതിയിട്ടുണ്ട്. കഥയുടെ ആശയം എന്താണ് എന്ന് ചോദിച്ചാൽ, ഏറ്റവും അവസാനം ഉള്ള രണ്ട് ഖണ്ഡികകൾ നോക്കൂ എന്ന് ചിലർ പറഞ്ഞേക്കാം. രണ്ടു മലകൾ തുരന്നു റോഡ് ഉണ്ടാക്കുന്നതിനാൽ അതിനു സമീപം കിടക്കുന്ന തങ്ങളുടെ വീട് തകർന്നുവീഴും എന്ന് ഭയപ്പെടുന്നു കഥാനായകനായ സാനുവിന്റെ അമ്മ. ആ ദുരന്തം പറയാൻ പലപ്രാവശ്യം അവർ പഞ്ചായത്ത് പ്രസിഡണ്ടിനെ കാണാൻ പോകുന്നു. പക്ഷേ അയാൾ ആവശ്യം അവഗണിക്കുകയാണ് ചെയ്യുന്നത്. അതോടുകൂടി സാനു നക്സലൈറ്റ് ആവാൻ പുറപ്പെടുന്നു. അതിനേക്കാൾ നല്ലത് ബോംബെ അധോലോകം ആണെന്ന് അയാളുടെ പഴയ ഹിസ്റ്ററി മാഷ് പറഞ്ഞു കൊടുക്കുന്നു. അതിനാൽ ബോംബെയ്ക്ക് വണ്ടി കയറാൻ ആയി അടുത്ത ശ്രമം. എന്തുകൊണ്ടോ, ബോംബെ യാത്ര ഉപേക്ഷിച്ച് അയാൾ നഗരത്തിലെ പുസ്തകക്കടയിലേക്ക് ചെല്ലുന്നു. ഈയൊരു പൂർവ പീഠിക പറഞ്ഞാൽ തന്നെ കഥ എത്രത്തോളം ബാലിശമാണ് എന്ന് വായനക്കാർക്ക് മനസിലായിക്കാണും എന്ന് ഞാൻ കരുതുന്നു. കഥാവസാനം നമ്മൾ മനസ്സിലാക്കുന്നു, യശശരീരരായ എഴുത്തുകാരോട്, പ്രശസ്തരായ സാഹിത്യകാരോട് സംവദിക്കുന്നു എന്ന ഭ്രമകൽപ്പനയിൽ ജീവിക്കുന്ന വ്യക്തിയാണ് അദ്ദേഹം എന്ന്. ടി വി കൊച്ചു ബാവ, ചങ്ങമ്പുഴയ തുടങ്ങിയവരെയൊക്കെ അവിചാരിതമായി കണ്ടുമുട്ടുന്ന വ്യക്തി. എൻ പ്രഭാകരനോട് സംവദിക്കുന്നതായി സ്വയം വിചാരിക്കുന്ന പുസ്തകക്കടയിലെ ജോലിക്കാരൻ. ഇത്രയും കഥയുടെ ഉള്ളടക്കം.

ഇനി കഥാരചനയുടെ സാങ്കേതികവശം പരിശോധിച്ചാൽ, എഡിറ്റിങ്ങും ക്രാഫ്റ്റിങ്ങും ദുർബലമായ ഈ കഥ, ഒരു മുഖ്യധാരാ വാരികയിൽ പ്രസിദ്ധീകരിക്കപ്പെട്ടതിൽ അത്ഭുതം തോന്നിയേക്കാം. ഇതൊരു സ്വാഭാവികമായ എഴുത്തല്ല. കൃത്രിമ സൃഷ്ടിയാണ്. ഇംഗ്ലീഷിൽ, മാനുഫാക്ചേഡ് എന്ന് വിളിക്കാൻ പറ്റുന്ന എഴുത്ത്. അലങ്കാര പ്രയോഗങ്ങൾ ചെറുകഥകളിൽ അത്യാവശ്യമാണെങ്കിൽ മാത്രമേ ഉപയോഗിക്കേണ്ടതുള്ളൂ. ഭാഷയിലും പ്രയോഗങ്ങളിലും അത്രത്തോളം പ്രാഗൽഭ്യം ഇല്ലാത്തവർ, അനവസരത്തിൽ ഉപമകൾ ഉപയോഗിച്ചാൽ എത്രത്തോളം വിരസമാകുമെന്ന് ഈ കഥ നമുക്ക് കാണിച്ചു തരുന്നു.
ഈ കഥ തുടങ്ങുന്നത് തന്നെ ഉപമ കൊണ്ടാണ്. ആദ്യത്തെ രണ്ടുമൂന്നു പേജുകൾ വായിക്കുമ്പോൾ അതിലെ ഉപമകൾ കണ്ടു നമ്മൾ ബോധം കെട്ടു പോകും. ‘പോലെ’ എന്ന വാക്കിന്റെ അനന്തമായ ആവർത്തനം. എഫ് ബി കുറിപ്പുകൾ എഴുതുന്നപോലെ, അതേ തരത്തിലുള്ള വരികളുടെ അലൈൻമെന്റ്. മൊത്തത്തിൽ പറയാം; കഥാകൃത്തിന്റെ മനസ്സിൽ സ്വാഭാവികമായി രൂപംകൊണ്ടതല്ലാത്ത, ഒരു കൃത്രിമ സൃഷ്ടി മാത്രമാണ് ഇത്.

ആഷ് അഷിത

ഇപ്രാവശ്യം മാധ്യമം വാരികയിലെ കഥ ആഷ അഷിതയുടെ ‘അടക്കം’ ആണ്. തലക്കെട്ട് പോലെ തന്നെ ഒരു മൃതശരീരത്തെ അടക്കുന്നതാണ് കഥ. ഇക്കാര്യം വായനക്കാരൻ ഏറ്റവുമൊടുവിൽ മാത്രം അറിഞ്ഞാൽ മതി എന്നുണ്ട് കഥാകാരിക്ക്. അതാണ് കഥയിലെ ട്വിസ്റ്റ്. ഫ്യൂഡൽ മാടമ്പി സ്വഭാവമുള്ള ധനാഢ്യൻ പിള്ളയുടെ ആശ്രിതനായിരുന്ന അപ്പയെക്കുറിച്ച് പറഞ്ഞു തരുന്നു ആഖ്യാതാവ്- പിള്ളയുടെ ആജ്ഞയനുസരിച്ച് കക്കൂസ് കുഴിയിൽ ഇറങ്ങിയ അപ്പ നേരത്തോട് നേരം കഴിഞ്ഞിട്ടും തിരിച്ചു കയറാത്തത്. അറിഞ്ഞോ അറിയാതെയോ പിള്ളയാൽ കൊല്ലപ്പെട്ടയാളുടെ വിധവയാണ് അവസാന നാളുകളിൽ പിള്ളയുടെ അടുക്കളക്കാരി ആയി നമ്മൾ കാണുന്ന അമ്മാമ. ഈ നാല് കഥാപാത്രങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം തരുന്നുണ്ട് കഥാകൃത്ത്. പറമ്പിൽ എവിടെയോ കുഴിച്ചിട്ട നിധിയെ കാത്തിരിക്കുന്നവരാണ് എല്ലാവരും. എലികളെ മൂടാൻ ഉള്ള കുഴിയെടുത്തു കൊണ്ടിരിക്കുന്ന ആഖ്യാതാവിൽ കൂടിയാണ് കഥ വികസിക്കുന്നത്. സ്വന്തം ഭർത്താവിന്റെ മരണത്തിന് കാരണക്കാരനായ പിള്ളയെ, ഈ വയസ്സാൻ കാലത്തും ശുശ്രൂഷിക്കുന്ന അമ്മാമ്മയെ അവിശ്വസനീയതയോടെ ആണ് കഥാനായകൻ കാണുന്നത്. കഥാവസാനം നമ്മൾ മനസ്സിലാക്കുന്നു, അമ്മാമ്മ എലിവിഷം കൊടുത്ത് പിള്ളയെ കൊന്നിരിക്കുന്നു എന്ന്.

സാമാന്യം ഭേദപ്പെട്ട കഥ തന്നെയാണ് ഇത് എന്ന് പറയുമ്പോഴും ചില കാര്യങൾ പ്രസ്താവിക്കാതിരിക്കാനാവില്ല; മുൻപ് പലവട്ടം പറഞ്ഞതാണെങ്കിലും. കഥയുടെ മൊത്തത്തിലുള്ള ഘടനയ്ക്കും സ്വഭാവത്തിനും അനുരൂപമായ ഭാഷ അല്ലെങ്കിൽ വാക്യഘടന കഥയിൽ ഉപയോഗിക്കുമ്പോഴാണ് അത് സുന്ദരമാകുന്നത്. വൈകാരികത ഉളവാക്കുവാൻ ചെറു വാക്യങ്ങൾ ആണ് നല്ലത്. വീര സ്വഭാവം ഉള്ളവ, ചരിത്രാഖ്യായികകൾ, കുറേയേറെ പഴക്കമുള്ള അന്തരീക്ഷത്തിൽ നിന്നുകൊണ്ട് പറയുന്നവ, ഇവയ്ക്കൊക്കെ സുദീർഘമായ വാക്യങ്ങൾ സുന്ദരമായി നമുക്ക് അനുഭവപ്പെടും. അതുപോലെ ഹാസ്യ രസപ്രധാനമായ എഴുത്തുകളും. ധർമ്മരാജ, രാമരാജബഹദൂർ തുടങ്ങിയ കൃതികളിലെ വാക്യങ്ങൾ ചില സ്ഥലങ്ങളിൽ സുദീർഘങ്ങളാണ്. പക്ഷേ ഒറ്റശ്വാസത്തിൽ വായനക്കാരനത് വായിക്കും. അതുപോലെ സഞ്ജയന്റെ ചില കഥകളിലെ വാക്കുകൾ ശ്രദ്ധിക്കുക. സറ്റയർ സ്വഭാവമുള്ള അത്തരം കഥകളിലെ വാചകങ്ങൾ ദൈർഘ്യമേറിയതാകുമ്പോൾ അതിനുമുണ്ട് സൗന്ദര്യം. പക്ഷേ, ‘അടക്കം’ ആവശ്യപ്പെടുന്നില്ല ദൈർഘ്യമേറിയ വാചകങ്ങൾ. ഈ കഥയിലെ ഒരു പാരഗ്രാഫ് ഒറ്റ വാചകമാണ്! അപ്പോഴും ഘടനാപരമായി, ഭേദപ്പെട്ട കഥ തന്നെയാണ് എന്ന് പറയാം.

ഇ കെ ഷീബ

ഇരുപത് വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്ന കാമുകീകാമുകന്മാരെക്കുറിച്ചാണ് അതേപേരിൽ ദേശാഭിമാനി വാരികയിൽ എഴുതിയ കഥ വഴി ഷീബ ഇ കെ പറയുന്നത്. പ്രതിപാദ്യവിഷയം നഷ്ട പ്രണയമാണ്. പതിവുപോലെ പുരുഷനാണ് പ്രതി. പ്രണയത്തിന്റെ ആരംഭകാലത്ത് തന്നെ വേറൊരു പെൺകുട്ടിയെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു പുരുഷൻ. കുറേ കാലങ്ങൾക്ക് ശേഷം അവർ തമ്മിൽ വാട്സാപ്പ് ബന്ധം ഉണ്ടാകുന്നു. പിന്നീട് നാട്ടിൽ വരുമ്പോൾ, മുൻകൂട്ടി തീരുമാനിച്ചതിൻ പ്രകാരം ഒരു കോഫീ ഷോപ്പിൽ വെച്ച് കാണുന്നു. നഷ്ട പ്രണയത്തിന്റെ വിഷമങ്ങൾ, ഇന്നും അവിവാഹിതയായി തുടരുന്ന പെൺകുട്ടിയിൽ ബാക്കിയാക്കി അദ്ദേഹം പോകുന്നു. ഇത്രയുമാണ് ഈ ചെറിയ കഥയിൽ പറയുന്നത്. പ്രണയത്തെ കുറിച്ച് കഥ പറയുമ്പോഴുള്ള പ്രശ്നം അതിന്റെ പൈങ്കിളി സ്വഭാവത്തിൽ നിന്നും പുറത്ത് കടക്കുകയെങ്ങനെ എന്നുള്ളതാണ്. ഷീബ ഇ കെ യുടെ കഥയിലെ ആശയമോ അവതരണ രീതിയോ നൂതനത്വം അവകാശപ്പെടാവുന്നതല്ല. പക്ഷേ സാധാരണഗതിയിൽ പ്രണയത്തെ മാത്രം ഫോക്കസ് ചെയ്തുകൊണ്ട് പറയുന്ന കഥകളിൽ കണ്ടുവരുന്ന അതിഭാവുകത്വം ഒഴിവാക്കാൻ എഴുത്തുകാരിക്ക് സാധിച്ചിട്ടുണ്ട് എന്ന് കാണാം. എങ്കിലും, അനുഭവസമ്പന്നയായ എഴുത്തുകാരിയിൽ നിന്നും വായനക്കാർ ഇതൊന്നുമല്ല പ്രതീക്ഷിക്കുന്നത്. വിഷയ സ്വീകരണത്തിലും പ്രതിപാദ്യ രീതിയിലും പുതുമ തേടാത്ത പക്ഷം എഴുതപ്പെടുന്ന കഥകൾ ഹ്രസ്വായുസ്സ് മാത്രമുള്ളവയായി ഒടുങ്ങും.

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like