പൂമുഖം LITERATUREലേഖനം കെന്നഡി, ക്യൂബ, സി ഐ എ

കെന്നഡി, ക്യൂബ, സി ഐ എ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.
ജോൺ എഫ് കെന്നഡി കൊലപാതകത്തിന്റെ നിഗൂഢതയിലേയ്ക്ക്

അമേരിക്കയുടെ മുപ്പത്തിയഞ്ചാമത്തെ പ്രസിഡൻറ് ജോൺ എഫ് കെന്നഡിയുടെ കൊലപാതകം , തീരാത്ത നിഗൂഢതകളുടെ ചരിത്രമാണ്. ശീതയുദ്ധത്തിന്റെ ദുരിതകാലത്ത്, വ്യത്യസ്തമായ വീക്ഷണങ്ങളോടെ സമൂഹത്തേയും രാഷ്ട്രീയത്തേയും ഏകോപിപ്പിക്കാൻ തീവ്രശ്രമങ്ങളുമായെത്തിയ കെന്നഡി കുടുംബത്തിലെ തീപ്പൊരി. തെരഞ്ഞെടുപ്പിലൂടെ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ തലവനായി അമേരിക്കൻ രാഷ്ട്രീയത്തെ നേർവഴിക്ക് നടത്താനൊരുങ്ങിയ ചുരുക്കം ചിലരിൽ ഒരാൾ. 1963ൽ പ്രസിഡൻസിയുടെ മൂന്നാമത്തെ വർഷം തെക്കൻ സംസ്ഥാനമായ ടെക്‌സാസിലെ ഡാലസ് നഗരത്തിൽ, ജനമധ്യത്തിൽ വെടിയേറ്റ് വീണപ്പോൾ രാജ്യത്തിന് നഷ്ടപ്പെട്ടത് ജനകീയനായ ഒരു പ്രസിഡന്റ് എന്നതിനുപരി നാളെയുടെ ദിനങ്ങളിലേയ്ക്ക് കത്തിജ്വലിക്കേണ്ടിയിരുന്ന സൂര്യോദയത്തെയാണ്. അമേരിക്കയുടെ രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും നെറികെട്ടതും ദുരൂഹവുമായ തെളിയിക്കപ്പെടാത്ത കൊലപാതകമായി അതിന്നും നിലനിൽക്കുന്നു.

ഡാലസിലെ ജോൺ എഫ് കെന്നഡി സ്മാരകത്തിലേയ്ക്ക് ഇന്നും സന്ദർശകരുടെ തിരക്കാണ്. കൊല്ലപ്പെട്ട ദിവസം കെന്നഡി ധരിച്ച വസ്ത്രങ്ങളുടെയും ഷൂസിന്റെയുമൊക്കെ അവശിഷ്ടങ്ങളടക്കം, പ്രതികളുടേതെന്ന് സംശയിക്കപ്പെടുന്ന തോക്കും മറ്റും അവിടെ സൂക്ഷിക്കുന്നുണ്ട്. കെന്നഡിയുടെ ചരിത്രവും രാഷ്ട്രീയവും അന്വേഷണത്തിന്റെ വിവരങ്ങളുമടക്കമുള്ള ശബ്ദവിവരണം സന്ദർശകർക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. കൊലപാതകിയെന്ന് സംശയിക്കുന്നയാൾ ഒളിച്ചു നിന്ന പുസ്തകശേഖരത്തിന്റെ മുറിയും തോക്കിൻ കുഴൽ ഉന്നം പിടിച്ച ജനാലയും കഴിഞ്ഞുപോയ കാലത്തിന്റെ ആ അധ്യായത്തിൽ ഒരു ചോദ്യചിഹ്നം മാത്രം അവശേഷിപ്പിക്കുന്നു, കെന്നഡിയെ യഥാർത്ഥത്തിൽ കൊലപ്പെടുത്തിയത് ആരാണ്? കെന്നഡിയുടെ മരണത്തെക്കുറിച്ചന്വേഷിക്കുന്ന സ്വതന്ത്ര അന്വേഷകരും, ചരിത്രാന്വേഷകരുമെല്ലാം എത്തിനിൽക്കുന്നത്, രാഷ്ട്രീയകൊലപാതകം എന്നതിലുപരി അതൊരു വലിയ മാഫിയ ഗൂഢസംഘങ്ങളുടെ പ്രതികാരം കൂടിയായിരുന്നു എന്നതിലേക്കാണ്. അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയും ലഹരിമാഫിയയും ഏറെക്കുറെ ഒരുമിച്ച് പ്രവർത്തിച്ച കാലഘട്ടമായിരുന്നു കെന്നഡിക്ക് മുൻപേ ഉണ്ടായിരുന്നത്. ‘പുതിയ തലമുറ ഒരു നായകനെ നൽകുന്നു‘ എന്ന തലക്കെട്ടോടെ രാഷ്ട്രീയത്തിൽ സജീവമാവുകയും മത്സരിക്കുകയും വിജയിക്കുകയും ചെയ്ത പ്രസരിപ്പാർന്ന പ്രസിഡന്റിനെ ജനങ്ങൾ ഏറ്റെടുത്തു. ഈ രാജ്യം നിങ്ങൾക്കെന്തു നൽകിയെന്നല്ല ഈ രാജ്യത്തിന് നിങ്ങളെന്താണ് നൽകിയതെന്നതിനെക്കുറിച്ച് ചിന്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതിൽ, ശീതസമരത്തിന്റെ തീക്ഷണതയിലും പ്രസിഡന്റ് കെന്നഡിക്ക് കഴിഞ്ഞു.

കെന്നഡിയ്ക്ക് വെടിയേറ്റ പാത

ഫോട്ടോ : ലേഖിക

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ മൂന്നാംമാസം തന്നെ അതിരൂക്ഷമായ പല മിഷനുകൾക്കും കെന്നഡിക്ക് നിർദ്ദേശം നൽകേണ്ടിവന്നു. അതുവരെ നിലനിന്നിരുന്ന സിസ്റ്റത്തെ പെട്ടെന്ന് ഇല്ലാതാക്കുക എന്നതും മുന്‍പുണ്ടായിരുന്നവരുടെ തീരുമാനങ്ങളെ ചെറിയ സമയത്തിനുള്ളിൽ നിര്‍ത്തിവെയ്ക്കുകയെന്നതും തീര്‍ത്തും അസാധ്യമായിരുന്നു. ലഹരി മാഫിയയുടെ നിയന്ത്രണത്തിലായിരുന്ന അന്നത്തെ പല സംസ്ഥാനങ്ങളെയും തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ കെന്നഡി സഹോദരന്മാർ നോട്ടമിട്ടിരുന്നു. സഹോദരനായ റോബർട്ട് കെന്നഡി മയക്കുമരുന്ന് ലോബിയ്ക്കെതിരെ നിയമപരമായിത്തന്നെ നിലകൊണ്ടിരുന്നു. അമേരിക്കയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളും നിയന്ത്രണത്തിലാക്കിയ ലഹരി മാഫിയയുടെ അടുത്ത ലക്‌ഷ്യം തൊട്ടടുത്തുള്ള ക്യൂബയായിരുന്നു. ക്യൂബയില്‍ നിന്നും പുറത്താക്കപ്പെട്ട ബാറ്റിസ്റ്റയുടെ അനുചരന്മാരും അനുഭാവികളും അതിനോടൊപ്പം ചേര്‍ന്നു. എന്നാൽ കാസ്ട്രോ ഭരണകൂടം, നാടിന്റെ തലപ്പത്തേയ്ക്ക് ലഹരിമാഫിയ എത്തുന്നതിനെ പൂർണ്ണമായും എതിര്‍ത്തു. ക്യൂബയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചത് അഴിമതിയുടെ തണലിൽ നിന്നിരുന്ന സിഐഎ ആണെന്നാണ് ചരിത്രാന്വേഷകർ പറയുന്നത്. അനുഭവസമ്പത്ത് തീരെ കുറവുള്ള ഒരു പ്രസിഡന്റിനെ എളുപ്പത്തിൽ കബളിപ്പിക്കാൻ പറ്റുമെന്ന് അവരുറപ്പിച്ചതും തുടർന്ന് ബേ ഓഫ് പിഗ്സ് നടപ്പിലാക്കാൻ ശ്രമിച്ചതും പെട്ടെന്നായിരുന്നു. പ്രസിഡന്റ് പദവി ഏറ്റെടുത്ത് മൂന്നു മാസങ്ങള്‍ക്കു ശേഷമായപ്പോഴേയ്ക്കും, ക്യൂബയിലെ സാമൂഹികാന്തരീക്ഷത്തെ സ്ഥിരപ്പെടുത്താനെന്ന തെറ്റിദ്ധാരണയില്‍ ക്യൂബന്‍ ഇന്‍വേഷന് അനുമതി നല്‍കാന്‍ കെന്നഡി പ്രേരിതനായി. സൈനിക അട്ടിമറി തിരിച്ചറിഞ്ഞതോടെ ക്യൂബയ്ക്ക് മേൽ നിശ്ചയിച്ച ആകാശയുദ്ധം കെന്നഡി പൊടുന്നനെ നിർത്തിവെയ്ക്കുകയും തുടര്‍ന്ന് അമേരിക്കന്‍ സേന പിന്‍വാങ്ങുകയും ചെയ്തു. എന്നാല്‍ ഒരുവിഭാഗം ഔദ്യോഗിക വൃത്തം കെന്നഡിക്കെതിരെ തിരിയുകയും തോല്‍വിക്ക് കാരണം പ്രസിഡന്റിന്റെ പിടിപ്പുകേടാണെന്നു പറയുകയും ചെയ്തു .വിജയം കൊണ്ടാടാന്‍ ഒരുപാട് പേരുണ്ടാകും, പക്ഷേ തോല്‍വിയെന്നും അനാഥനാണെന്ന് പറഞ്ഞ കെന്നഡി അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു.

സോവിയറ്റ് നേതാവ് കുര്‍ഷോവുമായുള്ള കെന്നഡിയുടെ സൌഹൃദം പലരേയും ചൊടിപ്പിച്ചു. ബെര്‍ലിനിലെ പ്രശ്നങ്ങള്‍ രൂക്ഷമാക്കി അവരെ തമ്മില്‍ തെറ്റിക്കാന്‍ ശക്തിയാര്‍ജ്ജിച്ച ഗൂഡസംഘം പരമാവധി ശ്രമിച്ചു. എന്നാല്‍ സന്ധിസംഭാഷണങളില്‍ കുറുഷോവ്, കെന്നഡിയെ അത്രയും വിശ്വസിച്ചിരുന്നു. യുദ്ധാന്തരീക്ഷം രൂക്ഷമായതോടെ, കഴിയുന്നത്ര ആഘാതങ്ങള്‍ കുറയ്ക്കുന്നതിലേയ്ക്കായി, തുര്‍ക്കിയില്‍ നിന്നും സേനയെ പിന്‍വലിക്കാന്‍ കെന്നഡി തയ്യാറായി. ആണവയുദ്ധത്തില്‍ നിന്നും ലോകത്തെ തിരിച്ചുപിടിക്കാന്‍ കുറുഷോവിനും കെന്നഡിക്കും സാധിച്ചു. ഇടതുപക്ഷരാജ്യങ്ങളുടെ രാഷ്ട്രീയം എതിര്‍ത്തോ ബലം പ്രയോഗിച്ചോ അടിച്ചമര്‍ത്തേണ്ടതല്ലെന്നും ക്യൂബയുടെ രാഷ്ട്രീയത്തിൽ അമേരിക്ക ഇടപെടേണ്ട ആവശ്യമില്ലെന്നും ലോകത്തെ മുഴുവന്‍ ജനതയേയും കുറിച്ചാണ് ചിന്തിക്കേണ്ടത്, അല്ലാതെ അമേരിക്കയുടെ രാഷ്ട്രീയ-സാമൂഹിക പുരോഗതിയെക്കുറിച്ച് മാത്രമല്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ക്യൂബൻ ഭരണാധികാരി കാസ്‌ട്രോയ്‌ക്കെതിരെ അമേരിക്കയിലെ ഡ്രാഗ് മാഫിയ തിരിയുകയും കാസ്‌ട്രോയെ കൊലപ്പെടുത്താൻ മാത്രമായി ആളുകളെ പരിശീലിപ്പിക്കാൻ തുടങ്ങുകയും ചെയ്തു . തുടർന്ന് ഇടതുപക്ഷ വിരുദ്ധത വ്യാപകമാക്കുന്നതിൽ അവർ മുൻകൈയെടുത്തു. കാസ്ട്രോയും കെന്നഡിയും തമ്മിൽ മാനസികമായി സൗഹൃദമുണ്ടായിരുന്നുവെന്ന് പലരും വിശ്വസിക്കുന്നു. ബേ ഓഫ് പിഗ്സ് പിടിച്ചെടുത്ത തടവുകാരെ വിട്ടയക്കുന്നതിന് പകരമായി കോടിക്കണക്കിന് രൂപയുടെ ബേബിഫുഡ്ഡുകളും മരുന്നുകളുമായിരുന്നു നൽകിയത്. കെന്നഡിയുടെ സഹോദരനും അന്നത്തെ അറ്റോർണി ജനറലുമായ റോബർട്ട് കെന്നഡിയാണ് അതിന് മുൻകൈയെടുത്തത്. അതുവരേയും ആർക്കും കേട്ടുപരിചയം പോലുമില്ലാത്ത മാനുഷികപരമായ ഡീൽ. ബേ ഓഫ് പിഗ്‌സിനുശേഷം സിഐഎ ഉദ്യോഗസ്ഥരെ മാറ്റുകയും പുതിയ ആളുകളെ നിയമിക്കുകയും ചെയ്തത് ഡ്രഗ് മാഫിയയെ ചൊടിപ്പിച്ചു. ഇന്റലിജൻസ് വിഭാഗത്തെ അടിമുടി മാറ്റുകയെന്ന കെന്നഡിയുടെ ലക്ഷ്യത്തെ പരമാവധി എതിർക്കാൻ അവർ തീരുമാനിക്കുകയും ചെയ്തു. കെന്നഡിയുടെ ശക്തമായ നിലപാടിൽ പതുക്കെ മാഫിയാ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങൾ നിയമത്തിനു കീഴിൽ വരാൻ തുടങ്ങി.

കെന്നഡിയെ വരവേൽക്കാനെത്തിയ യുവജനത

ഫോട്ടോ : ലേഖിക

സമരസപ്പെടാനുള്ള ഉപായങ്ങളുമായി കെന്നഡി വിയറ്റ്നാമിലേക്കയച്ച സേനയേയും ആ തീരുമാനത്തേയും മറികടന്ന് ഇടതുപക്ഷ വിരുദ്ധരും ദുരാഗ്രഹികളുമായ സൈനികോദ്യോഗസ്ഥർ അട്ടിമറി നടത്തുകയായിരുന്നു. ഏറ്റവുമടുത്ത സൗഹൃദങ്ങളോട് കെന്നഡി സൂചിപ്പിച്ചിരുന്നത് താനേറ്റവും ഭയക്കുന്നത് രാജ്യത്തെ സൈന്യത്തെത്തന്നെ ആ ണെന്നായിരുന്നു. വിയറ്റ്‌നാമിൽ നടന്ന സൈനിക അട്ടിമറിയോടെ, വരുന്ന തെരെഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ എല്ലാ സൈന്യങ്ങളെയും പിൻവലിക്കാനെടുത്ത തീരുമാനത്തെ അനുകൂലിക്കാത്തവർ ഏറെയുണ്ടായിരുന്നു. വിയറ്റ്നാമും ക്യൂബയും അമേരിക്കയുടെ എക്കാലത്തേയും തോൽവിയാണെന്നും അനാവശ്യമായ ഇടപെടലുകളായിരുന്നുവെന്നും ഇന്നും ഇവിടുത്തെ വലിയൊരു വിഭാഗം ജനതയും ഉറപ്പിച്ച് പറയുന്നു. ആ രണ്ടിടത്തും വിജയത്തെ മാറ്റി നിർത്തുന്നതിൽ കെന്നഡിയുടെ പങ്ക് വളരെ വലുതായിരുന്നു. ഇടതുപക്ഷ രാഷ്ട്രീയത്തെ ഒരു രാജ്യത്തിന്റെ രാഷ്ട്രീയ സമീപനമായി കാണണമെന്ന് കെന്നഡി ആഗ്രഹിച്ചിരുന്നു.

ക്യൂബയുടെ രാഷ്ട്രീയത്തിൽ അമേരിക്കയ്ക്ക് താത്പര്യമില്ലെന്ന് പ്രഖ്യാപിക്കാൻ കെന്നഡി മടിച്ചില്ല. മാത്രമല്ല, സ്വന്തം സൈനികരെയോ ഉദ്യോഗസ്ഥരെയോ പരിശീലിപ്പിച്ച് സ്വയം പരിക്കേൽപ്പിച്ച് ആ കുറ്റം ക്യൂബയുടെ മേൽ ചാർത്താനൊരുങ്ങിയ പദ്ധതിയെ കെന്നഡി പൂർണ്ണമായും നിരാകരിച്ചു. അമേരിക്കയിലെ ഭൂരിപക്ഷ ജനതയ്ക്കും ക്യൂബയ്ക്ക് മേലുള്ള അമേരിക്കൻ സിഐഎ നിയന്ത്രണത്തോട് താത്പര്യമുണ്ടായിരുന്നില്ല. തങ്ങളുടെ ഏറ്റവും വലിയ ശത്രു കാസ്ട്രോ അല്ല കെന്നഡിയാണെന്ന ബോധ്യത്തിൽ മാഫിയാസംഘം സിഐഎ സഹായത്തോടെ കെന്നഡിക്കെതിരെ കരുക്കൾ നീക്കിയെന്ന വാദത്തിൽ കെന്നഡി കൊലപാതകത്തിന്റെ അന്വേഷകർ ഉറച്ചുനിൽക്കുന്നു. ക്യൂബയിലെ ഇടപെടലിനുശേഷം ഇന്റലിജൻസ് വിഭാഗത്തിന് സൈന്യത്തിന്മേലുള്ള സ്വാധീനത്തെ ഇല്ലാതാക്കാൻ കെന്നഡി തീരുമാനിച്ചതോടെ അവരുടെ ഏറ്റവും വലിയ ശത്രുവായി രാജ്യത്തിന്റെ തലവൻ മാറി. കെന്നഡിയുടെ സന്ദർശനത്തിന് തലേദിവസം ഡാലസ് നഗരത്തിൽ പലയിടത്തും ‘ ഇടതുപക്ഷ രാജ്യങ്ങളുമായി സൗഹൃദമുള്ള ചതിയനായ നായകൻ’ എന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ സന്ദർശനത്തിൽനിന്നും പിൻമാറാൻ കെന്നഡി തയ്യാറായില്ല. തുറന്ന കാറിൽ കുടുംബസമേതം ജനങ്ങൾക്കിടയിലൂടെ സന്ദർശനം നടത്തുന്നതിനായി ഹോട്ടൽമുറിയിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് അദ്ദേഹം പറഞ്ഞു ‘ഇപ്പോൾ, അമേരിക്കൻ പ്രസിഡന്റിനെ കൊലപ്പെടുത്തുകയെന്നത് വളരെ ലളിതമായൊരു കാര്യമാണ്’. അതുതന്നെ സംഭവിച്ചു. ഓട്ടോപ്സി റിപ്പോർട്ടുകൾ പലതും ഇപ്പോഴും രഹസ്യമാക്കി വെച്ചിരിക്കുന്നു. അന്വേഷണാത്മക റിപ്പോർട്ടുകൾ പ്രകാരം, കെന്നഡിയുടെ ശരീരത്തിലേക്കിറക്കിയ വെടിയുണ്ടകൾ കേസ് റിപ്പോർട്ടുകൾ രേഖപ്പെടുത്തിയതുപോലെ ഒരു തോക്കിൽ നിന്നുള്ളതല്ല. പ്രതി ഉപയോഗിച്ചെന്ന് കരുതുന്ന തോക്കു കൊണ്ട് അത്രയും ചെറിയ ഇടവേള സമയത്തിൽ ട്രിഗർ ഉപയോഗിക്കുക സാധ്യവുമല്ലായിരുന്നു.

കെന്നഡി സെന്ററിലെ ബോർഡ്

ഫോട്ടോ : ലേഖിക

കെന്നഡിയുടെ കൊലപാതകത്തിനുശേഷം, അടുത്തുള്ള ബിൽഡിങ്ങിൽ ഒളിച്ചിരുന്ന പ്രതിയെ പിടിക്കുകയും ആ പ്രതിയെ മറ്റൊരാൾ വെടിവെച്ച് കൊല്ലുകയും ചെയ്തു. അയാളാകട്ടെ മറ്റൊരു സംസ്ഥാനത്തെ മാഫിയാ സംഘത്തിലെ സുപ്രധാനവ്യക്തിയും. താൻ ഇരയാക്കപ്പെടുകയായിരുന്നുവെന്ന്, കൊലയാളിയെന്ന് പറയപ്പെടുന്ന ലീ ഹാർവി ഓസ്‌വാൾഡ്‌ പത്രക്കാരുടെ ചോദ്യത്തിന് മറുപടിയായി പൊതുമധ്യത്തിൽ പറഞ്ഞിട്ടുണ്ട്. മണിക്കൂറുകൾക്കുള്ളിലാണ് ആ കേസ് അടച്ചുപൂട്ടിയത്. കെന്നഡിയുടെ കൊലപാതകം ഏറ്റവുമുലച്ചത് സോവിയറ്റിനെയായിരുന്നു. അവർ ഭയപ്പെട്ടതുപോലെത്തന്നെ കൊലപാതകിയെ ഒരു ക്യൂബനോ മാർക്സിസ്റ്റോ ആയി പ്രഖ്യാപിക്കാൻ സിഐഎ തിടുക്കം കൂട്ടി, പക്ഷെ അത് നടന്നില്ല. ചരിത്രവാദികളുടെ സിദ്ധാന്തങ്ങളെ തള്ളിക്കളയാൻ ഒരിക്കലും കഴിയില്ല, കാരണം അവർ മുന്നോട്ട് വെയ്ക്കുന്നതിനെല്ലാം വ്യക്തമായ തെളിവുകളുണ്ട്. കെന്നഡിയുടെ കൊലപാതകമന്വേഷിക്കാൻ പിന്നീട് തീരുമാനിക്കപ്പെട്ട അന്വേഷണകമ്മീഷന് നേതൃത്വം വഹിച്ചത്, മുൻപ് കെന്നഡി ഔദ്യോഗികസ്ഥാനത്തുനിന്നും നീക്കം ചെയ്തയാൾ ആയിരുന്നു എന്നത് വലിയ വിമർശനത്തിന് വഴിയൊരുക്കി.

കാസ്‌ട്രോയെ വധിക്കാൻ ഗൂഡാലോചനയൊരുക്കിയവർ തന്നെയാണ് കെന്നഡിയ്ക്ക് വേണ്ടി ഒരുങ്ങിപ്പുറപ്പെട്ടതെന്ന് പലരും വാദിക്കുന്നു. അതിനെ തിരസ്കരിക്കാനാവില്ല. നാടിനെ വരുതിയിലാക്കാൻ ഒരു മാഫിയയെയും സമ്മതിക്കില്ലെന്ന കാര്യത്തിൽ ഇരുവരും ഉറച്ചുനിന്നിരുന്നു. അതോ, കാസ്ട്രോ ജീവിച്ചിരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കെന്നഡിയ്ക്ക് പൂർണ്ണ ബോധ്യമുണ്ടായിരുന്നോ? കാരണം കാസ്‌ട്രോയെ വധിക്കാൻ സിഐഎ ഒരുങ്ങുന്നതിനെക്കുറിച്ച് കെന്നഡിയ്ക്ക് മുൻകൂട്ടി വിവരം ലഭിച്ചിരുന്നുവെന്നും അതേത്തുടർന്നാണ് ക്യൂബയുടെ രാഷ്ട്രീയത്തിൽ അമേരിക്ക ഇടപെടേണ്ടതില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചതെന്നും കണക്കാക്കാം. ലഹരിസംഘത്തിന് കെന്നഡി സഹോദരന്മാരോടുള്ള അടങ്ങാത്ത പകയും, സിഐഎ യുടെ അധികാരസ്വാധീനം കുറച്ചതിന്റെ പ്രതികാരവും കെന്നഡിക്ക് ശത്രുക്കളെ വർദ്ധിപ്പിച്ചിരുന്നു. വിയറ്റ്നാമിന്റെയും ക്യൂബയുടെയും മേലുള്ള ഇടപെടലിൽ സൈന്യത്തെയും രഹസ്യവിഭാഗത്തെയും രൂക്ഷമായി ശാസിക്കുകയും നടപടിയെടുക്കുകയും ചെയ്തത് അതുവരെയുള്ള സിസ്റ്റത്തെ ചോദ്യംചെയ്യലായിരുന്നു.

കെന്നഡിയുടെ ആഗ്രഹപ്രകാരം വിയറ്റ്‌നാമിൽ നിന്നും സൈന്യം പിൻവലിക്കപ്പെട്ടിരുന്നെങ്കിൽ, ക്യൂബയ്‌ക്കെതിരെയുള്ള ആക്രമണങ്ങൾ നിർത്തലാക്കപ്പെട്ടിരുന്നെങ്കിൽ ലോകം മറ്റൊരു വൈവിധ്യത്തിലേയ്ക്ക് തീർച്ചയായും വളരുമായിരുന്നു. കെന്നഡിയ്ക്ക് ശേഷം റോബർട്ട് കെന്നഡിയും കൊല്ലപ്പെട്ടു. കെന്നഡി കുടുംബത്തിലെ സ്വാഭാവികമെന്ന് പറയുന്ന അസ്വാഭാവിക മരണങ്ങൾ ഇന്നും തുടരുന്നു, ആ കുടുംബത്തിലെ ഇളംതലമുറകളേയും ലഹരിസംഘം ഇന്നും പിന്തുടരുന്നു. അമേരിക്കൻ ഭരണകൂടത്തെ മാറ്റിയെടുക്കാൻ തുനിഞ്ഞിറങ്ങിയ ജോൺ എഫ് കെന്നഡിയെന്ന ഊർജ്ജസ്വലനായ പ്രസിഡനന്റിനെ എത്രയെളുപ്പത്തിലാണവർ കൊന്നുകളഞ്ഞത്! ഇടതുപക്ഷ അനുഭാവികളായ ഒരു നേതാവും അതിനുശേഷം അമേരിക്കയിൽ ഉന്നതമായ നേതൃ പദവിയിലേക്കെത്തിയിട്ടില്ല. കെന്നഡിയുടെ കൊലപാതകത്തിന്റെ രേഖകളും ഓട്ടോപ്സി റിപ്പോർട്ടുകളും പുറത്തുവിടുമെന്ന് പിന്നീട് വന്ന ഓരോ പ്രസിഡന്റുമാരും പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയ്ക്കും അത് നടന്നിട്ടില്ല, ഇപ്പോഴത്തെ പ്രസിഡണ്ട് ബൈഡനും മൗനം പാലിക്കുന്നു. ആ നീണ്ടമൗനം തന്നെയാണ്, കെന്നഡിയുടെ കൊലപാതകത്തെ അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ചതിയായി രേഖപ്പെടുത്തുന്നതും. രാജ്യത്തിന്റെ രാഷ്ട്രീയത്തകർച്ചയ്ക്കും സാമൂഹിക കലാപത്തിനും വഴിവെക്കുമെന്നതിനാൽ, 2039 വരെ കെന്നഡി കൊലപാതകത്തെക്കുറിച്ചുള്ള പൂർണ്ണവിവരങ്ങൾ പുറത്തുവിടരുതെന്നാണ് തീരുമാനം. കെന്നഡിയും കാസ്ട്രോയും തമ്മിലുള്ള സംഭാഷണങ്ങൾ ഇന്നും രഹസ്യമായി വെച്ചിരിക്കുകയാണെന്ന് സ്വാതന്ത്രാന്വേഷകർ പറയുന്നു. കുറുഷോവുമായുള്ള സൗഹൃദം, ഇടതുപക്ഷരാജ്യങ്ങളോടുള്ള മാനുഷികമനോഭാവം, കാസ്‌ട്രോയുമായുള്ള ഇനിയും വെളിപ്പെടുത്താത്ത സമാധാനസന്ദേശം, ലഹരിമാഫിയയ്‌ക്കെതിരെയുള്ള പോരാട്ടം- കെന്നഡിയുടെ കൊലപാതകത്തിലേയ്ക്ക് വഴിവെച്ചത് ഇതെല്ലാമാണെന്നുതന്നെ പറയാം.

*കെന്നഡി കൊലപാതകത്തെക്കുറിച്ചുള്ള പഠനങ്ങൾ, പൊതുവായ വിവരണങ്ങൾ എന്നിവയെ ആസ്പദമാക്കിയുള്ള സ്വതന്ത്ര വിശകലനം.

കവർ ഡിസൈൻ : നിയ മേതിലാജ്

Comments
Print Friendly, PDF & Email

You may also like