പൂമുഖം LITERATUREകഥ വില്ലൻ വേഷങ്ങൾക്കൊടുവിൽ

വില്ലൻ വേഷങ്ങൾക്കൊടുവിൽ

ഹൃദയവേദനയോടെ പ്രാർത്ഥിച്ചാൽ, അപ്രാപ്യമായിട്ടൊന്നുമില്ലെന്നു പഠിപ്പിച്ച നീ… വേണ്ട; ഒരു ചോദ്യം ചെയ്യലിനുമില്ല. വീണ്ടും ഒരടങ്ങാത്ത ആവശ്യവുമായി മണിക്കൂറുകളോളം നിൽക്കെ, എല്ലാം പറന്നകലുന്നു. എങ്കിലും പറയട്ടെ; എനിക്കു പഴയ അവസ്ഥയിലേക്കു മടങ്ങണം. എണ്ണവറ്റി കുമിഞ്ഞുകൂടുന്ന കരിന്തിരിയായി, വയ്യ…

വളരെക്കുറച്ചു ചിത്രങ്ങൾകൊണ്ടുതന്നെ ഇരുത്തംവന്ന ഒരു നല്ല നടനായി മാറി. അഭിനയിക്കുകയല്ല, ശരിക്കും ജീവിക്കുകയാണെന്ന് എന്നെ ഇടിച്ചു കാട്ടിയിരുന്ന നെറികെട്ട നിരൂപകർ പോലുമെഴുതി. എന്നെത്തേടി അംഗീകാരങ്ങൾ അനവധിയെത്തി. വിവിധ രൂപങ്ങളും ഭാവങ്ങളും ജ്വലിക്കുന്ന അനേകം കഥാപാത്രങ്ങളെ അനശ്വരമാക്കി. തികച്ചും ആത്മാവിലലിഞ്ഞ അഭിനയചാതുരിയെ ഏവരും വാനോളം പുകഴ്ത്തി. എല്ലാം ഇത്രത്തോളമാവുമെന്ന് ആരും അറിഞ്ഞതേയില്ല.

ഈട്ടിത്തടിയുടെ ശില്പത്തികവിൽത്തീർത്ത ചില്ലലമാരയിൽനിന്നും തിളക്കമാർന്ന അവാർഡുകളെല്ലാം, എന്നെ നോക്കി പല്ലിളിച്ചു. സംസ്ഥാന അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ്, നാനാ ഗാലപ് പോൾ അവാർഡ്. ഫലകങ്ങളുടേയും മൊമെന്റോകളുടേയും നീണ്ട നിരകൾ. എല്ലാം ഞാൻ നിമിഷങ്ങൾക്കകം തച്ചുടച്ചു; തീർത്താലും തീരാത്ത പകയോടെ. എനിക്കു മുമ്പിൽ അവ ചില്ലുടയുംപോൽ ചിതറിത്തെറിച്ചത് അങ്ങു കണ്ടതല്ലേ?

വങ്കത്തം വിളമ്പുന്ന ഒരു വില്ലന്റെ വിലക്ഷണനീക്കത്തെ, അഭിനയശേഷം വിലങ്ങിടാൻ പെടുന്നപാട്. ദു:ഖഭാരത്താൽ വീണ്ടും തറയിലേക്ക്. നിമിഷങ്ങളോളം പ്രാണവായു ലഭിക്കാതുഴറിയ ഞാൻ, ഇടവേളകളില്ലാത്ത ദീർഘനിശ്വാസങ്ങളിൽപ്പെട്ടു.

ഭയപ്പാടോടെ ഓർമ്മകളുടെ ഭാണ്ഡത്തിൽ, ഒന്നുകൂടി പരതട്ടെ. ഉണ്ട്; അവയ്ക്കിടയിൽ തെളിയുന്നു, എയ്റോനോട്ടിക്കൽ എൻജിനിയറിംഗിനു പഠിച്ചിരുന്ന മകന്റെ പ്രസരിപ്പാർന്ന മുഖം. ഒപ്പം ആ നിലയിലേക്കവനെ ഉയർത്താനൊഴുക്കിയ വിയർപ്പും ഉൽക്കണ്ഠകളും.

എനിക്കവൻ മകനോ ഞാനവന് അപ്പനോ ആവാതെ, തികച്ചും കളിക്കൂട്ടുകാരെപ്പോലെ പരസ്പരം അറിഞ്ഞ്, അത്രയ്ക്കും ഉള്ളിലേക്കിഴുകിച്ചേർന്ന്… എന്നിട്ടും അവനെന്റെ കരണത്തടിച്ചപോലെ പറഞ്ഞു;

“ഐ ഹെയ്റ്റ് യൂ ഡാഡ്, ഡോൺട് ബി സില്ലി…”

എന്താണുണ്ടായത്? അസ്വാസ്ഥ്യങ്ങൾക്കിടയിൽ അവനെന്റെ മുന്നിലേക്കെറിഞ്ഞ തുറിച്ച നോട്ടത്തിലേക്കിറങ്ങട്ടെ. മോൻ പറഞ്ഞു, അവൻ നായകനല്ലെന്നും ഞാൻ വില്ലനല്ലെന്നും, ഇതു നമ്മുടെ വീടാണെന്നുമൊക്കെ. ആ രീതിയിൽ ഞാനവനോട് പലവട്ടം പ്രതികരിച്ചിരുന്നു.

എനിക്കൊന്നും മനസ്സിലായില്ല. അവൻ പിന്നെയും പൊട്ടിത്തെറിച്ചു: “വില്ലൻ നായകനോടെന്നപോലെ ഡാഡിയെന്നോട് കയർത്തു. മുഷ്ടിചുരുട്ടി മുഖം കൂർപ്പി ഭീക്ഷണിപ്പെടുത്തി. മുറിക്കുള്ളിലങ്ങോട്ടുമിങ്ങോട്ടും നിർത്താതോടിച്ച് ശ്വാസം മുട്ടിച്ചു.”

“വേണ്ട; ഞാനവന്റെ വായ് മുഴുവനും പൊത്താൻ ശ്രമിച്ചു. ഇനിയൊന്നും പറയണ്ട. വേണ്ട.”

“വേണം! എല്ലാം പറയണം.” ഇടതൂർന്ന് കറുപ്പിലേക്കെത്തിയിരുന്ന ആ മേൽമീശയും തുടുത്ത കവിൾത്തടങ്ങളും, വിക്ഷുബ്ധമായ മാംസപേശികൾക്കൊപ്പം വല്ലാതെ ത്രസിച്ചു. അവന്റെ പിറവിക്കുശേഷം ഇത്തരമൊരവസ്ഥ ആദ്യമാ.

വീണ്ടും അവൻ എനിക്കു നേരേ. തരിച്ചുകയറിയ എന്റെ കൈത്തണ്ട അവനുമേൽ ശരിക്കുമൊരു വില്ലനെപ്പോലെ. ഒന്നു കണ്ണുചിമ്മി തുറക്കുംമുമ്പേ, തല ഭിത്തിയിലിടിച്ച് രക്തം ചിതറി, അബോധാവസ്ഥയിൽ തറയിൽ. പൊടുന്നനെ കോരിയെടുത്ത് ഹോസ്പിറ്റലിലേക്ക്. ദിവസങ്ങൾക്കകം അവന്റെ അവസാന ശ്വാസവും നിലച്ചു.

കുത്തിയിരുന്ന് മുഷ്ടികൾ ഏങ്ങലോടെ ചുരുട്ടി തുരുതുരെ ഞാൻ നെറ്റിത്തടത്തിലിടിച്ചു. ഒടുവിൽ തടുത്തു നിർത്താനാവാത്ത ഒരു മോങ്ങൽ എന്നിലുയർന്നു.

“ദൈവമേ, ആറ്റുനോറ്റ് വളർത്തിയ കുഞ്ഞ്… എന്റെ മോൻ…”

അവസ്ഥയറിഞ്ഞ്, സഹപ്രവർത്തകർ പലരും വന്നുപോയി. ഏറ്റവുമൊടുവിൽ ഞാനഭിനയിച്ച മെഗാഹിറ്റ് ചിത്രത്തിലെ നായിക. നിരവധി കഥാപാത്രങ്ങളെ ഉജ്ജലയാക്കിയ സിനിമയിലെ സൂപ്പർ താരം. മുഖം നിറയെ പുഞ്ചിരിയും മനസ്സു മുഴുവൻ സാന്ത്വനവുമായി അവൾ എനിക്കരികിലെത്തി. താരത്തിളക്കങ്ങളെല്ലാം അഴിച്ചു മാറ്റി, ദുഖത്തിൽ പങ്കുചേരുവാൻ, എന്നെത്തേടിവന്ന സ്ത്രീ.

ആ മുഖത്ത് ഒരിക്കൽപ്പോലും നോക്കാതെ കടന്നുപോകാൻ കല്പിച്ചതിപ്പോഴും ഓർമ്മയുണ്ട്. ഇടിവെട്ടേറ്റവളെപ്പോലെ മടങ്ങിപ്പോയ ആ മനസ്സ്, എത്രമാത്രം ഉലഞ്ഞിട്ടുണ്ടാവുമെന്നു് ഊഹിക്കാനാവും.

കുളിർക്കാറ്റിലെ പടർപ്പുപോലെ എനിക്കരികിലണയുന്ന, സുഖത്തിലും ദുഖത്തിലും ഒപ്പമുള്ള, എല്ലാം തുറന്നു പറയുന്ന പ്രിയപ്പെട്ടവൾ. അവളെന്നോടാവർത്തിച്ചു പറഞ്ഞു, വയ്യാതിരുന്നിട്ടുകൂടി പല രാത്രികളിലും ഞാനവൾക്കു നേരേ… കുറേയേറെ ദിവസങ്ങളായി ഇതു തുടരുന്നുവെന്ന്. പലകുറി ഇക്കാര്യമെന്നെ ഓർമ്മിപ്പിച്ചിരുന്നു.

എല്ലാംമറന്ന് പിന്നെയും വലിഞ്ഞുമുറുകുന്ന ഭാവവൈചിത്ര്യങ്ങളിലേക്ക് പ്രേക്ഷകരെ വലിച്ചിഴക്കുന്ന വില്ലനെപ്പോലെ, അതിക്രൂരമായി ഞാനവളെ… ഛെ! കഷ്ടമായി. ഒരു ഭാര്യയോട് എങ്ങനെ പെരുമാറണമെന്ന് ഞാനിനിയും പഠിച്ചിട്ടില്ലെന്നും ഇതിനിയും സഹിക്കാൻ ശക്തയല്ലെന്നും അവളെന്നോട് തീർത്തു പറഞ്ഞു.

ദൈവമേ! ഒന്നും വിശ്വസിക്കാനാവുന്നില്ലല്ലോ. എന്റെ ഈ അസാമാന്യ ഉയർച്ചയിൽ ഏറെ സന്തോഷിച്ചതു് സ്നേഹവതിയും നിഷ്ക്കളങ്കയുമായ അവളാണ്. എന്നെ എല്ലാവിധ ശാരീരിക മാനസിക സമൃദ്ധികളാൽ സമ്പന്നമാക്കിയതും അവൾ തന്നെ. എന്നിട്ടുമിതാ ഈ നിലയിലേക്ക് തള്ളിയിട്ടിട്ട് എവിടേക്കെന്നറിയാതെ അവൾ…

നിർമ്മാതാക്കളും സംവിധായകരുമെല്ലാം കനത്ത ഓഫറുകളും കടുത്ത കഥാപാത്രങ്ങളും പുതിയ വെല്ലുവിളിയുമായി പിന്നെയും എനിക്കരികിലെത്തി.

“സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ സംഭവമാവും ഈ പുതിയ ചിത്രം. ദേശീയ തലത്തിനുമപ്പുറം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം. വളരെ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തീരുന്ന ഷെഡ്യൂൾ. നിങ്ങളിലെ നടനവൈഭവം മാറ്റുരക്കാനുള്ള അത്യപൂർവ്വാവസരം.”

വിശദാംശങ്ങളിലേക്കു കടക്കുംമുമ്പേ എന്നെത്തേടിയെത്തിയവരെയെല്ലാം നിഷ്ക്കരുണം ഞാൻ ആട്ടിപ്പായിച്ചു. എല്ലാ ദൃശ്യങ്ങൾക്കുംമീതെ തെളിഞ്ഞുവന്ന വ്യക്തമായ ചില അവിസ്മരണീയ രംഗങ്ങളിലേക്ക് ദൃഷ്ടികൾ നീണ്ടു.

അതെ; ഫാഷൻ ഡിസൈനിംഗ് പഠിക്കുന്ന എന്റെ മോൾ. ഡാഡിയെന്നു വിളിച്ചാൽ മുഴുവൻ വിളിക്കില്ല. ഷൂട്ടിംഗിലായാലും അല്ലാതെ പുറത്തെവിടെയായാലും, എപ്പോഴും എന്നെപ്പറ്റി മമ്മിയോടന്വേഷിക്കുന്ന, ഞങ്ങളുടെ ഒരേയൊരു മോൾ. ജീവിതത്തിൽ എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും എല്ലാം ഞങ്ങളുമായി അപ്പപ്പോൾ കൃത്യമായി പങ്കുവയ്ക്കുന്നവൾ.

അവൾ കുറച്ചു ദിവസം മുമ്പിവിടുന്നിറങ്ങിപ്പോവുമ്പോൾ എന്റെ ഈ കണ്ണിലേക്കെറിഞ്ഞ നോട്ടം. വേണ്ട; തുറക്കാനാവാതെ ഈ കണ്ണ് അടഞ്ഞുതന്നെയിരിക്കട്ടെ. അത്രയ്ക്കും ദുഷ്ടനായല്ലോ ഞാൻ; മഹാ ദുഷ്ടൻ.

ഒറ്റശ്വാസത്തിന് അവളന്ന് പറഞ്ഞു നിർത്തിയതെല്ലാം ഓർമ്മയില്ല. ഇലപ്പടർപ്പുകൾക്കിടയിലൂടെ തെറിച്ചുവന്ന ഇടിമിന്നൽച്ചീളുകൾപോലെ ചെടുമ്പിച്ച ചില വാക്കുകൾ.

“ഡാഡിയെന്നെ അനാവശ്യമായി പിന്തുടരുന്നു. ഒരുതരം വല്ലാത്ത നോട്ടമെറിഞ്ഞെന്നെ ഭയപ്പെടുത്തുന്നു. ചെന്നായ്ക്കരികിൽ ചെന്നുപെട്ട മാൻപേടയെപ്പോലെ ഞാൻ… എത്ര ശ്രമിച്ചിട്ടും ഈ ഭയമെന്നെ വിടാതെ തുടരുന്നു. വയ്യ; വല്ലാതെ മടുത്തു. ഇനിയും ഡാഡിയുടെ കൺവെട്ടത്തു പെടാതിരിക്കേണ്ടതെങ്ങനെയെന്നെനിക്കറിയാം.”

പരിഭ്രമവും കരച്ചിലുമായി അവൾ ഓടുകയായിരുന്നു. അകലേക്ക്; വളരെ ദൂരേക്ക്. ഭ്രൂണസ്ഥാനംപോലെ ഭദ്രമായ ഒരിടംതേടി. മോളേ; നീ ഈ കാട്ടിക്കൂട്ടിയതെല്ലാം എന്തായിരുന്നു. കൺകുളിർക്കെ ഒന്നുകണ്ട് കൊതി തീർന്നില്ല. ഇത്രത്തോളമെത്തിക്കാൻ അഭിനയിച്ചും അല്ലാതെയും പെട്ട പാട്…

ശാന്തശീലം, പ്രസന്നഭാവം ഇവ രണ്ടും എന്നിൽ ഹൃദ്യമായി സമ്മേളിച്ചിരുന്നതിൽ സുഹൃത്തുക്കൾപോലും അസൂയാലുക്കളായിരുന്നു. ഭവ്യമായ ഈ മുഖഭാവം വഞ്ചനയിലേക്കും ചതിയിലേക്കും വഴുക്കുന്നതറിഞ്ഞതേയില്ല. കനിവിന്റെ തെളിനീരിലാവേണ്ട എന്നിൽ ഇത്രമാത്രം കാഠിന്യമോ? വെറുക്കപ്പെട്ട ഏകാന്തതയ്ക്കും ശൂന്യതയ്ക്കും മദ്ധ്യേ ഞാൻ.

ഒരു നല്ല നടനാക്കി മാറ്റണമെന്ന് എന്നും മുട്ടിപ്പായി പ്രാർത്ഥിച്ചിരുന്നു. അതിലേക്കു വർഷിച്ച കരുണയിൽ കുതിച്ചുയരുകയും ചെയ്തു. പക്ഷെ എനിക്കിപ്പോൾ പഴയ മനുഷ്യനിലേക്കു മടങ്ങണം. അവിടുത്തെ അനന്തമായ കാരുണ്യം ഒരിക്കൽക്കൂടി എന്നിലേക്കു ചൊരിയണം. നഷ്ടപ്പെട്ടതെല്ലാം മടക്കിത്തരണം. അരൂപിയുടെ അസ്തമിക്കാത്ത ആശ്വാസത്തിനായി വീണ്ടുമിതാ വിതുമ്പുന്നു.

“അഭിനയത്തിന്റെ ആഴങ്ങളിലേക്കൂർന്നപ്പോൾ പരിധികൾ പടികടന്നു. പിടിയിലൊതുങ്ങാത്ത പിരിമുറുക്കങ്ങൾ. എൻസൈമിൽ, സെറാറ്റോണിൽ, എല്ലാം വന്ന രാസമാറ്റം. ഇലാസ്റ്റിസിറ്റി യീൽഡ് പോയന്റും കടന്നാലെന്നപോലെ. ചിന്തകളിൽ, ബ്രെയിനിൽ, ശരീരത്തിൽ, മനസ്സിൽ അങ്ങനെ പലതും. മനസ്സിലായോ?”

മനോരോഗ വിദഗ്ദ്ധൻ എന്നിലേക്കു നോട്ടം തറച്ചു. ചിത്രങ്ങളൊന്നും വ്യക്തമാവാതെ ഞാനയാളിലേക്കും.

“ഒരു കഥാപാത്രത്തെ എത്രത്തോളം വിദഗ്ദ്ധമായി അവതരിപ്പിക്കുന്നോ, അത്രത്തോളം അതു നിങ്ങളെ വൈകാരികമായി വേട്ടയാടുന്നു. കഥാപാത്രത്തെ വിട്ട് നിങ്ങളിലേക്ക് മടങ്ങിയെത്തുമ്പോഴും ആ ഭാവമത്രയും എമ്പാടും സംക്രമിപ്പിക്കുകയാണ്, സ്വയമറിയാതെ. നല്ല കലാകാരന്മാർ പലരും എക്സെൻട്രിക് ആവുന്നതും ഇക്കാരണത്താലാണ്. മകൾ വീടുവിട്ടു പോയതും ഭാര്യ നിങ്ങളെ വെറുത്തതും മകന്റെ ദുരന്തം വെളിപ്പെടുത്തുന്നതുമെല്ലാം മറ്റൊന്നല്ല.”

അയാൾ എന്നിലേക്കെറിഞ്ഞ നോട്ടം ഇപ്പോഴും ഉള്ളിലെവിടെയോ തുരുതുരെ മിന്നുന്നു. സിരകളെ സുതാര്യമായി എവിടേക്കോ വലിച്ചിഴക്കുംപോലെ. ധമനികളിൽ നിലക്കാതെ ധൂർത്തടിക്കുന്ന വ്രണിതതാളം.

“അഭിനയിച്ചു തീർത്തതിൽ എല്ലാംതന്നെ വ്യത്യസ്ഥ വില്ലൻ വേഷങ്ങൾ. എല്ലാ വില്ലന്റെയും ഭാവം ഒന്നാണ്. സ്വാർത്ഥത, അക്രമവാസന, പൈശാചികമായ നീചത്വം അങ്ങനെയെല്ലാം.”

നിമിഷ നേരത്തേ ഇടവേളക്കുശേഷം അയാൾ. “അതു നിങ്ങളിലേക്കു ഒരു സാംക്രമിക രോഗമായി പടർന്നിരിക്കുന്നു. ചികിത്സിച്ചു മാറ്റാനാവാത്തവണ്ണം രക്തത്തിൽ, സിരകളിൽ, ആത്മാവിൽ എല്ലാം ഇഴുകിച്ചേർന്നിരിക്കുന്നു.”

അയാൾ പറഞ്ഞു നിർത്തവേ ഞാൻ പൊട്ടിത്തെറിച്ചു: “തികച്ചും വളരെ ആത്മാർത്ഥതയോടെ, സ്വാഭാവികമായി, അഭിനയിക്കുകയായിരുന്നു; കഥാപാത്രത്തിനു മിഴിവു പകരാൻ.”

“അവിടെയാണ് പറ്റിയ തെറ്റ്. നിങ്ങൾ കഥാപാത്രത്തിലേക്കിഴുകിയപ്പോൾ അതു നിങ്ങളിലെ മനുഷ്യനെ, ഭർത്താവിനെ, അപ്പനെ എല്ലാം കാർന്നുതിന്നുകയായിരു ന്നു; വൈറസ് പോലെ. സാരമില്ല. ഇനി അഭിനയം നിർത്തണം. വിശ്രമിക്കണം. പഴയ മനുഷ്യനിലേക്കു മടങ്ങണം.”

“ഡോക്ടർ, എനിക്കെല്ലാം നഷ്ടായി. ഈയൊരവസ്ഥയിൽ ഇനിയെന്തിനൊരു മടക്കയാത്ര?”

അപ്പോൾ അദ്ദേഹം നിർദ്ദയം ചൊരിഞ്ഞ നിസ്സഹായത, എന്നിലിപ്പോഴും നീളുന്നു. അത്ഭുതങ്ങൾ വർഷിക്കുന്ന അങ്ങയുടെ കരുണയ്ക്കായി, തിരുമുമ്പിൽ കേഴുന്നു. ശൂന്യതയുടെ കൂർത്തശൂലങ്ങളിൽ ഞാനിതാ തൂങ്ങിക്കിടക്കുന്നു.

എനിക്കു പഴയ ഞാനാവണം. താലികെട്ടിയ ഭാര്യ; എനിക്കവളുടെ സാമീപ്യം വേണം. ഞാനോമനിച്ച മക്കൾ; എനിക്കവരുടെ സ്നേഹം വേണം. കാഴ്ചയുടെ ഇത്തിരിവട്ടത്തിൽ ആ മുഖങ്ങൾ മതിവരുവോളം നിറക്കണം, മനസ്സിന്റെ മായാത്ത ഫ്രെയിമിൽ പതിക്കണം. നോവുകളുടെ ഈ കുന്തമുനയിൽ ചുവടുറപ്പിക്കാനാവാതെ, ഇനിയും ഇങ്ങനെ വിങ്ങുക വയ്യ.

‘എല്ലാറ്റിനും സമയപരിധികളുണ്ട്. മാറ്റങ്ങൾക്ക് പരിമിതിയും. മകനെ, നിന്റെ അവസ്ഥ അതിനും അപ്പുറമാണ്.’

“അവിടുന്നു സംസാരിച്ചോ? ഞാനീ കേട്ടത് സത്യമോ?”

പെട്ടെന്ന് ക്രൂശിത രൂപത്തിന്റെ ചലനം നിശ്ചലമായെന്നും സംസാരം നിലച്ചെന്നും തോന്നി. അതോടെ എന്റെ ശബ്ദം കനത്തു. “ഈ അഭയസ്ഥാനം അവസാനത്തേതാണ്. മുട്ടാൻ വാതിലുകളൊന്നും ശേഷിക്കുന്നില്ല; സഹിക്കാൻ കരുത്തും.”

ആരോരുമില്ലാത്തവന്റെ അവസാന അസ്ത്രമായി വാക്കുകളെങ്ങും അലഞ്ഞു. എന്റെ കൺതടത്തിൽ പിന്നെയും കുമിളകൾ ഉരുണ്ടുകൂടി. നിറകുടത്തിന്നടിയിലെ സുഷിരത്തിൽ നിന്നെന്നവണ്ണം അവ പുറത്തേക്ക്. നിയന്ത്രിക്കാൻ കിണഞ്ഞു ശ്രമിച്ചിട്ടും പിടിയിൽനിന്നും നിരന്തരം വഴുതി; തുലാവർഷത്തിന് തുടക്കമിട്ടതുള്ളികൾ പോലെ.

“അടക്കാൻ ശ്രമിക്കുന്തോറും ഇറ്റിറ്റു വീണ ഈ ആത്മസ്രാവം അവിടുന്ന് കാണുന്നില്ലേ?”

വന്ധ്യമായ വിധിവായനക്കൊടുവിൽ കൈയ്യിൽത്തടഞ്ഞ അവാർഡ് തുണ്ടുകളെല്ലാമെടുത്ത് ഞാനാ ക്രൂശിതരൂപത്തിലേക്കെറിഞ്ഞു. അതിന്റെ ആഘാതത്തിൽ പൊട്ടിത്തകർന്ന ചില്ലുകളോടെ രൂപം ആടിത്തുടങ്ങി. ആ നിസ്സഹായത എനിക്കസഹ്യമായി.

നീറ്റലുകൾക്കും പരിഭ്രാന്തികൾക്കുമിടയിൽ ഞാനെന്നെ ആർത്തിയോടെ അന്വേഷിച്ചു. ക്രമേണ, തിരച്ചിൽ ആ രൂപത്തിന്റെ കേന്ദ്രത്തിലേക്കിറങ്ങി.

ഭിത്തിയിൽ ആടിക്കൊണ്ടിരുന്ന ചിത്രത്തിൽ അപ്പോൾ എന്റെ മുഖംപോലെ ഒന്ന് കണെക്കാണെ രൂപംകൊള്ളുകയായിരുന്നു.

കവർ ഡിസൈൻ : സി പി ജോൺസൺ

വര: പ്രസാദ് കാനത്തുങ്കൽ

Comments
Print Friendly, PDF & Email

You may also like