കോയമ്പത്തൂർ എയർപോർട്ടിലെ ലഗേജ് ചെക്ക് ഇൻ ചെയ്യാനുള്ള ക്യു വളഞ്ഞു പുളഞ്ഞങ്ങനെ പോകുന്നു.
അതിന്റെ പുറകെ വളഞ്ഞു പുളഞ്ഞു പോയി അറ്റം കണ്ടു പിടിച്ചു ട്രോളി മെല്ലെ മെല്ലെ ഉന്തിക്കൊണ്ട് പോകുമ്പോഴാണ് പുറകിൽ നിന്നും ഒരു തൊണ്ടയനക്കം കേട്ടത്.
ആരോ പുറകിൽ നിന്നും എന്തോ പറയാൻ ശ്രമിക്കുന്നത് പോലെ
“ശ് ശ്,നിങ്ങളുടെ പിറകിൽ…”
“പുറകിൽ…?
പുറകിലെന്താ “ഞാൻ ചോദിച്ചു
പുറകിലെന്തോ ഉണ്ട്
“എന്റെ പുറകിൽ നിങ്ങൾ അല്ലേ”
ഞാൻ അയാളോട് ചോദിച്ചു
“അതല്ല, നിങ്ങടെ ഡ്രെസ്സിന്റെ പുറകിൽ..”
പതുമുപ്പത്തഞ്ചു വയസ്സ് മതിക്കുന്ന, ഒരു സദാചാര ലുക്കുള്ള മനുഷ്യൻ.
ഇംഗ്ലീഷ് കേൾക്കുമ്പോൾ മലയാളി ആണോ എന്നൊരു സംശയം ആർക്കും തോന്നിപ്പോകും.
“Something behind your back..”
He repeats, in hushed tones.
ഓ അതോ
ഓഹോ
ആഹാ
അപ്പോ അതാണ് കാര്യം
രക്തക്കറ.
“വല്ലാത്ത പാടാ പെണ്ണായാൽ.
ഇത് എല്ലാ. മാസവും വരും.
ചിലപ്പോൾ അപ്രതീക്ഷിതമായും.”
അയാളോട് ഞാൻ
“നിങ്ങൾ പേടിക്കണ്ട, ഞാനിതാരോടും പറയില്ല “സദാചാരൻ സുരക്ഷാപട്ടാളക്കാരനായി
“അയ്യോ എനിക്കൊരു പേടിയുമില്ല നിങ്ങൾ ഒരു സഹായം ചെയ്‌താൽ മതി.
ആ കാണുന്ന കടയിൽ പോയി സാനിറ്ററി നാപ്കിൻ ഒന്ന് വാങ്ങിച്ചു തരണം ” എന്ന് ഞാൻ.
“അയ്യോ ഞാനോ?”
മിഷ്ടർ സദാചാരൻ സൺ ഓഫ് സ്ത്രീ സുരക്ഷകന് അടി മുടി അമ്പരപ്പ്
“നിങ്ങൾ നോട്ട് ബുക്ക് എന്ന സിനിമ കണ്ടിട്ടില്ലേ?”
ഇല്ല
അതങ്ങനെയാ.
കാണേണ്ട സിനിമകൾ ഒന്നും ലവന്മാർ കാണത്തില്ല.
“അതിൽ ഒരു പെൺകുട്ടിക്ക് ആർത്തവം സംഭവിച്ചപ്പോൾ ആദ്യം കണ്ട ആൺകുട്ടിയാണ് അവൾക്ക് നാപ്കിൻ മേടിച്ചു കൊടുത്തത്.
ഇപ്പോ അതാ ട്രെൻഡിങ്.”
ഞാൻ അദ്ദേഹത്തിന് സമകാലിക ലോകത്തെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് കൊടുത്തു.
“അയ്യോ അപ്പോ എനിക്ക് ലഗേജ് ചെക് ഇൻ ചെയ്യണ്ടേ?”
തഥാസ്തു, ഇവിടെ നിർത്താതെ അടപടലം രക്തചൊരിച്ചിൽ നടക്കുമ്പോഴാണ് അയാളുടെ ഒരു ഒലക്കമ്മൽത്തെ ലഗേജ്!
“ചെക്ക് ഇൻ കഴിഞ്ഞിട്ട് മതി.”
മധുരമായ പുഞ്ചിരിയോടെ ഈ വിശാലമനസ്ക മൊഴിഞ്ഞു.
അയാളുടെ പണിയും നടക്കണ്ടേ?
ചെക്കിനും സെക്യൂരിറ്റിയും കഴിഞ്ഞു, ട്രെയിലുള്ള ലാപ്ടോപ് തിരിച്ചു പെട്ടിയിൽ വെക്കവേ ഞാൻ അയാളെ വീണ്ടും കണ്ടു പിടിച്ചു.
“വേഗം വേണം”
“എന്ത്?”
ഈ മാരണം ഒഴിഞ്ഞില്ലേ എന്നൊരു നോട്ടം അയാളുടെ കണ്ണുകളിൽ ഉണ്ടോ? ഏയ് ഉണ്ടാവാൻ വഴിയില്ല , എനിക്ക് തോന്നിയതായിരിക്കും.
“നേരത്തേ പറഞ്ഞ സാധനം”
ചെറിയൊരു നാണത്തോടെ ഞാൻ.
“അത് നിങ്ങക്ക് സ്വയം അങ്ങ് വാങ്ങിച്ചാൽ പോരെ?”
“അയ്യോ ചേട്ടാ,അങ്ങനെ പറയരുത്.
കരഞ്ഞു കൊണ്ടിരിക്കുന്ന ഒരാളോട് നിങ്ങൾ tissue സ്വയം കണ്ട് പിടിക്കാൻ പറയുമോ?
ഇല്ല.
എടുത്തു കൊടുക്കും അല്ലെങ്കിൽ വാങ്ങിച്ചു കൊടുക്കും.
ഇതും ഒരു തരം കരച്ചിലായി കണ്ടാൽ മതി.
മാത്രമല്ല, നോട്ട്ബുക് സിനിമ ഇറങ്ങിയതിനു ശേഷമുള്ള ട്രെൻഡ്, കണ്ടു പിടിക്കുന്ന ആളാണ് വാങ്ങിച്ചു കൊടുക്കേണ്ടത്.
നിങ്ങൾ അല്ലേ എന്റെ ശ്രദ്ധ ഇതിലേക്ക് തിരിച്ചത്?
ശ്രദ്ധ മാത്രം തിരിച്ചിട്ട് കാര്യമുണ്ടോ ?
പ്രതിവിധി വേണ്ടേ പ്രതിവിധി?”
മനസ്സിലാമനസ്സോടെ പ്രതിവിധിക്കായി അയാൾ നാപ്കിൻ വാങ്ങാനുള്ള ക്യുവിൽ.
നിറഞ്ഞ ചിരിയോടെ ഞാൻ പുറത്ത്.
ഇനിയങ്ങോട്ട് ഒരൊറ്റ സ്ത്രീയോടും ഈ രമണൻ രക്തക്കറയുടെ കാര്യം മിണ്ടില്ല, ഉരിയാടില്ല.
അത് മിണ്ടാനും ഉരിയാടാതിരിക്കാനുമുള്ള മന്ത്രിച്ച അരഞ്ഞാണം അരയ്ക്ക് കെട്ടിക്കൊടുത്താണ് അയാളെ മുംബയിലേക്കുള്ള സ്‌പൈസ് ജെറ്റ് 420 ആം ഫ്ലൈറ്റിൽ കയറ്റി വിട്ടത്.
വർത്തമാന കാലത്ത് അറിഞ്ഞിരിക്കേണ്ട ചില അത്യാവശ്യ കാര്യങ്ങളെക്കുറിച്ചുള്ള അപ്ഡേറ്റും ഇപ്പോൾ അദ്ദേഹത്തിന്റെ ക്യാബിൻ ബാഗ്ഗെജിൽ സുരക്ഷിതമായി നിക്ഷിപ്തമാണ്.
ആർത്തവം നാണക്കേടാണെങ്കിൽ പ്രസവം ഒരു വൃത്തികേട് ആണെന്നുള്ള അപ്ഡേറ്റ്.
വിശേഷിച്ച് ആർത്തവം നാണക്കേടാണ് എന്ന് കരുതുന്ന പുരുഷന്മാരെ പ്രസവിക്കുന്നതാണ് സ്ത്രീയുടെ ഏറ്റവും വലിയ നാണക്കേട് എന്ന അപ്ഡേറ്റും.
കവർ ഡിസൈൻ : ആദിത്യ സായീഷ്