പൂമുഖം LITERATUREനിരൂപണം കഥാവാരം – 17

കഥാവാരം – 17

‘ ക്രൈസ്റ്റ് മോക്ക്ഡ്’ എന്ന പേരില്‍ വിഖ്യാതമായ ഒരു പെയിന്റിംഗ് ഉണ്ട്. ചിത്രകലാ രംഗത്തുള്ളവര്‍ക്ക് മാത്രമല്ല, കൌതുക വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നവര്‍ക്കും കലാതത്പരര്‍ക്കും സവിശേഷമായ ഓര്‍മ്മ കാണും ഈ ചിത്രത്തെ കുറിച്ച്. രണ്ടു മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് വാര്‍ത്തകളില്‍ ഇടം നേടിയ ഒരു പെയിന്റിംഗ് ആയിരുന്നു അത്. ഇറ്റാലിയന്‍ പെയിന്റര്‍ ചിമാബുവേയുടെ മാസ്റ്റർപീസ് പെയിന്റിംഗ് ആയ ഈ സൃഷ്ടി, 2019 വരെ, ആരാലും അറിയപ്പെടാതെ, തൊണ്ണൂറു കഴിഞ്ഞ വൃദ്ധയുടെ അടുക്കളച്ചുമരിലായിരുന്നു. പതിമൂന്നാം നൂറ്റാണ്ടിലെ വിഖ്യാതമായ ഒരു പാനൽ പെയിന്റിംഗ് വീണ്ടെടുത്തു എന്നത് കൊണ്ടു മാത്രമല്ല അത് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. വീട് മാറിയ വൃദ്ധ അത് ലേലത്തില്‍ വെച്ചപ്പോള്‍ അതിനു കിട്ടിയ റെക്കോഡ് ലേലത്തുക കൊണ്ട് കൂടിയാണ്. 24 മില്യന്‍ യൂറോ! അതായത് ഇരുനൂറു കോടി രൂപ.!!

കലയില്‍, തന്റെ പ്രതിഭയില്‍, ആത്മാഭിമാനത്തിന്റെ ആള്‍രൂപമായിരുന്നു ചിമാബുവേ. അത് കൊണ്ട് തന്നെ, എത്രതന്നെ അമൂല്യമാണെങ്കിലും,തന്റെ സൃഷ്ടികളില്‍ മറ്റാരെങ്കിലുമോ സ്വയം തന്നെയോ ഒരു പോരായ്മ കണ്ടെത്തിയാല്‍ ആ പെയിന്റിംഗ് അദ്ദേഹം പൂര്‍ണമായും നശിപ്പിക്കുമായിരുന്നുവത്രേ.

മുകളില്‍ പറഞ്ഞ കാര്യങ്ങളൊക്കെ ആര്‍ക്കും വികിപീഡിയയില്‍ നിന്നും ശേഖരിക്കാവുന്ന വിവരങ്ങളാണ്. പക്ഷേ ഇത് ഒരു കഥയാവുമോ? ഇല്ല. ഈ വിവരങ്ങളെ ആസ്പദിച്ചു കൊണ്ട് ഒരു കഥ എഴുതാമോ? എഴുതാം. പക്ഷേ, വായന കൊണ്ടോ അനുഭവം കൊണ്ടോ ആർജി ച്ചെടുക്കുന്ന അറിവിനാല്‍ മാത്രം ഒരു കഥ എഴുതാന്‍ കഴിയില്ല. നല്ല വായനക്കാരന്‍ ആയതു കൊണ്ട് മാത്രം നല്ല കഥാകൃത്തുമാകില്ല. അതിനു ഭാവന വേണം. ആ ഭാവനയെ പരിപോഷിപ്പിച്ച്, വാക്കുകള്‍ കൊണ്ട് ചലനാത്മകമായ രൂപമുണ്ടാക്കി അനുവാചകനിലേക്ക് എത്തിക്കണം.

ഭാവന ഇല്ലാത്ത പക്ഷം, വായിച്ചറിഞ്ഞ വസ്തുതകളെ കഥ ആയി എഴുതാന്‍ ശ്രമിച്ചാല്‍ എന്ത് പറ്റും? അതറിയണമെങ്കില്‍ ഇപ്രാവശ്യം മാതൃഭൂമി വിഷുപ്പതിപ്പ് കഥാമത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയ ‘ചിമാബുവേ’ വായിക്കണം.
ചിമാബുവേയെ പോലെതന്നെ എന്തെങ്കിലും കാരണം കണ്ടെത്തി തന്റെ പെയിന്റിങ്ങുകൾ നശിപ്പിക്കുവാൻ താൽപര്യപ്പെട്ട വ്യക്തിയായിരുന്നു ജ്യോതി ഗുപ്ത. പ്രതിഭാധനനും പ്രശസ്തനുമായ തന്റെ ശിഷ്യൻ – സ്റ്റീഫന്‍- സോബോൺ സർവകലാശാലയിൽ പ്രവേശിക്കുമ്പോൾ ഗുപ്ത ചിത്തരോഗാശുപത്രിയിൽ ചികിത്സയിലായിരുന്നു. അവസാനം അവിടെ വച്ച് തന്നെ മരിക്കുകയും ചെയ്തു.
ചിമാബുവേയുടെ മാസ്റ്റർപീസ് പെയിന്റിംഗ് കുറെ കാലം ആരും അറിയപ്പെടാതെ ഒരു അടുക്കളച്ചുമരിലായിരുന്നു. ജ്യോതി ഗുപ്തയുടെ പ്രധാനപ്പെട്ടൊരു പെയിന്റിംഗും അയാളാൽ തിരസ്കരിക്കപ്പെട്ട് സംഭരണ മുറിക്കകത്ത് ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നു. പാരീസില്‍ നിന്നും തിരിച്ചുവന്ന സ്റ്റീഫന്‍ അത് കണ്ടെടുക്കുന്നതാണ് കഥ. പിന്നെ അയാള്‍ ഭൂതകാലത്തെ ഓർമിക്കുന്നതും. പൂര്‍ത്തിയായ പെയിന്റിംഗുകള്‍ തീയിലെക്കെറിഞ്ഞുകൊണ്ട്, തന്റെ ഇരട്ടപ്പേര് ശിഷ്യന്മാരോട് ചോദിച്ച്, ചിമാബുവേ എന്ന പദത്തിന് കാളത്തലയൻ എന്നാണ് അർത്ഥം എന്ന് പറയുന്ന ജ്യോതി ഗുപ്തയില്‍ കഥ തീരുന്നു.

ഇതാണ് കഥയുടെ ചുരുക്കം . ഇതിനെക്കാൾ അപ്പുറം ഒന്നുമില്ല. ഇതാണത്രേ ഇനിവരുന്ന തലമുറയുടെ ഭാവുകത്വം. ഇതാണ് പോലും ഭാവന. സുഭദ്രമായ രൂപശില്പമോ ഭാവശില്പമോ നിര്‍മിക്കുന്നതില്‍ പരാജയപ്പെട്ട വിവരണം മാത്രമാണത്. ഇതിനെ പുതു തലമുറ എഴുത്തുകാരുടെ പുതുഭാവുകത്വമെന്നോ, പുതിയ രീതിയിലുള്ള കഥന രീതിയെന്നോ പറയാന്‍ തോന്നുന്നുവെങ്കില്‍, നമ്മുടെ സാഹിത്യ ആസ്വാദനത്തിനു കാര്യമായ എന്തോ തകരാറ് സംഭവിച്ചിട്ടുണ്ട് എന്ന് വേണം അനുമാനിക്കാന്‍.
വർത്തമാനകാലത്തിൽ തുടങ്ങുന്ന കഥ അവസാനിക്കുന്നത് കഥാനായകന്‍ ഫ്ലാഷ് ബാക്ക് ഓർമിച്ചുകൊണ്ടുള്ള ഭൂതകാലത്തില്‍. തുടക്കത്തെയും ഒടുക്കത്തെയും ബന്ധിപ്പിക്കുന്ന വല്ലതുമുണ്ടോ ആഖ്യാനത്തില്‍? അതുമില്ല. കാലത്തെയും സമയത്തെയും വിദഗ്ധമായി അവതരിപ്പിച്ച, അത്ഭുതപ്പെടുത്തിയ കഥകൾ നമ്മൾ കണ്ടിട്ടുണ്ട്. ഈ കഥയിൽ ആ അത്ഭുതം കാണാനേ ഇല്ല. അപൂർണമായ കഥ. ഔട്ട്ലൈൻ പോലുമില്ലാത്ത വെറും പുക.
എഴുതിത്തുടങ്ങുന്ന കുട്ടികളാണ്. അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. അതിനാൽ ട്രാഷ് എന്ന പദം ഉപയോഗിക്കുന്നില്ല. പക്ഷേ, എഴുതിത്തുടങ്ങുന്നവരെയും, എഴുതാന്‍ ശ്രമിക്കുന്നവരെയും വഴിതെറ്റിക്കുംവിധം , ഇത്തരം കഥകളെ, മാതൃഭൂമിപോലെ, എഴുത്തുകാരും വായനക്കാരും ഉറ്റുനോക്കുന്ന ഒരു ഭൂമികയില്‍ വെച്ച് ഉത്കൃഷ്ടം എന്ന നിലയില്‍ വ്യാഖ്യാനിക്കുന്നത് ശരിയല്ല എന്നേ പറയുന്നുള്ളൂ. ജൂറി അംഗങ്ങള്‍ ചന്ദ്രമതി, വി.ജെ.ജെയിംസ്, ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് എന്നിവര്‍. കഥാകൃത്തുക്കള്‍ എന്ന നിലയില്‍ അവരുടെ പ്രതിഭയില്‍ ആര്‍ക്കുണ്ട് സംശയം!

എങ്കിലും, പ്രോത്സാഹന സമ്മാനം നൽ കപ്പെട്ട കഥകളിൽ പലതിലും പ്രതിഭയുടെ തിളക്കം കാണാം; ചിലതിൽ അവ്യക്തമായിട്ടെങ്കിലും. അവയിൽ ആദ്യത്തേത് ദീപേന്ദു പി. എസ് എഴുതിയ ‘മരണത്തിന്റെ കവിത അഥവാ കവിതയുടെ മരണം’ എന്ന ചെറിയ കഥയാണ്. ഡൽഹി നഗരത്തിലെ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്യാൻ തയ്യാറായി നിൽക്കുന്നതാണ് കഥ. കാവ്യാത്മകമാണ് ഭാഷയും അവതരണവും. ആത്മഭാഷണമായി എഴുതപ്പെട്ട കഥയിൽ, നഗര ജീവിതത്തിൽ ഇന്നത്തെ യുവത എത്തിപ്പെടുന്ന അസ്തിത്വ ദുഃഖം കാണിച്ചു തരുന്നുണ്ട്. പ്രഫഷണൽ ഉയർച്ച എന്നതിൽ കവിഞ്ഞ്, ജീവിതത്തോട് ആസക്തി നഷ്ടപ്പെട്ടുപോകുന്ന പുതു തലമുറയുടെ ചിത്രം. ഒരു ചായക്കും സിഗരറ്റിനും പുറത്തുള്ള അയഥാർത്ഥമായ അഞ്ചു നിമിഷങ്ങളിൽ മാത്രമായി ജീവിച്ചിരിപ്പുള്ളവർ! ഭാവനയും സ്വപ്നങ്ങളും പ്രണയവും നഷ്ടപ്പെട്ടവരുടെ കഥ അടിത്തട്ടിൽ സൂചകങ്ങളായി പറയുന്നുണ്ട് ഇതിൽ.
ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കുന്നതിലെ അശ്രദ്ധയും, കഥാപാത്ര നിർമ്മിതിയിലെ ചെറിയ പാളിച്ചയും ഒഴിവാക്കിയാൽ
പുതുഭാവുകത്വം എന്ന് പറയാവുന്ന കഥ തന്നെയാണിത്.

ഗോകുൽ ഗോപൻ എഴുതിയ ‘മഗ്ദലന’ എന്ന കഥയാണ് രണ്ടാമത്തേത്. കഥയിൽ ഏറ്റവും ആവശ്യമുള്ളത് ഒഴികെ ബാക്കിയെല്ലാം വെട്ടിക്കളയേണ്ടതുണ്ട് എന്ന് കഥാകൃത്തിന് അറിയാമായിരുന്നെങ്കിൽ കുറച്ച് കൂടി ഭേദപ്പെട്ട കഥയാവുമായിരുന്നു ഇത്. ഒരു രചനയുടെ സൗന്ദര്യവും അനുഭൂതിയും ആവർത്തിച്ച് അനുഭവിക്കാൻ വായനക്കാരൻ രണ്ടാമതും ആ കഥ വായിക്കുന്നുവെങ്കിൽ അത് സൃഷ്ടിയുടെ വിജയമാണ്. അതേ സമയം ഈ രണ്ടാം വായന സൃഷ്ടിയെ മനസ്സിലാക്കാൻ വേണ്ടിയാണെങ്കിൽ കഥയുടെ പോരായ്മയാണത്.

ഓസ്റ്റീൻ സാജൻ എഴുതിയ ‘ഗാഗുൽത്താമലയിലെ വഴിയാത്രക്കാരൻ’എന്ന കഥ ഘടനാപരമായി ഏറെക്കുറെ പൂർണമാണെന്ന് പറയാം. സ്വാഭാവികമായ ഒഴുക്കുണ്ട് കഥക്ക്. പാരമ്പര്യമായി കള്ളനായിപ്പോയ ആംബ്രോസ്, കുർബാന വാഴ്ത്തുന്നേരം ഒരു മോഷണം നടത്താൻ ശ്രമിക്കുന്നതും അതിൽ പരാജയപ്പെടുന്നതുമാണ് കഥയുടെ തുടക്കം. ഈയടുത്തായി കക്കാൻ ശ്രമിക്കുമ്പോഴൊക്കെ തന്റെ അപ്പനെ കാണുന്നതും, അന്നേരം ഏകാഗ്രത നഷ്ടപ്പെടുന്നതും ആംബ്രോസിന് പതിവാണ്. തുടർന്ന് ഭൂതകാല ഓർമ്മകളാണ് കഥാകൃത്ത് പറയുന്നത്. ഇതൊക്കെ മനസ്സിലാക്കിയ “യാത്രക്കാരനോട്” തന്റെ ജീവിതം പറയുന്നു അയാൾ. ജീവിതത്തിന്റെ സ്വാഭാവിക ചലനങ്ങളുണ്ട് കഥയിൽ. വിശ്വസനീയമാണ് കഥാപാത്രങ്ങൾ. ദൈവത്തിന്റെ ദൃശ്യ സാന്നിദ്ധ്യവും, കുഞ്ഞിനെയും അയാളെയും ഉപേക്ഷിച്ചുപോകുന്ന ബിൻസിയും, അവസാനത്തിൽ ഒരു കുട്ടിയെപോലെ ചെറുതായിപ്പോവുന്ന ആംബ്രോസും. നവീനത അവകാശപ്പെടാൻ പറ്റില്ലെങ്കിലും വായിച്ചു പോകാവുന്ന കഥ തന്നെ.

ആദ്യ ഖണ്ഡികയിൽ പറഞ്ഞ കാര്യം ഒന്ന് കൂടി പ്രസ്താവിക്കട്ടെ. കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ ഒരു കാര്യത്തെ ഭാവനയാൽ പരിപോഷിപ്പിച്ചു കഥയാക്കാൻ കഴിയുമെന്ന് കാണിച്ചുതരുന്നു അഖിൽ പി ഡേവിഡ് എഴുതിയ ‘ഡോഡോ’ എന്ന കഥ. കേന്ദ്ര കഥാപാത്രവും ആഖ്യാതാവായ ടീച്ചറും സുശക്തമായി നിർമ്മിക്കപ്പെട്ട കഥാപാത്രങ്ങളാണ്. കഥയുടെ വികസ്വര സ്വഭാവം എന്ന അടിസ്ഥാന സവിശേഷതയ്ക്ക് ഉദാഹരണമാണ് ഇക്കഥ.

നവീനത എന്നോ പുതുഭാവുകത്വമെന്നോ പറയുന്നതിന് മുൻപ്, ഒരു സൃഷ്ടി ‘കഥ’ എന്ന് പറയിപ്പിക്കുന്നില്ലെങ്കിൽ ആ രണ്ട് പ്രയോഗങ്ങളും സ്വയം റദ്ദ് ചെയ്യപ്പെടുമെന്ന് മുകളിൽ സൂചിപ്പിച്ചല്ലോ. സമകാലിക കഥകളിൽ നിന്നും ഒരു മാറ്റം എന്ന് പറയാവാതല്ലെങ്കിലും ഏറെക്കുറെ ഭദ്രമായ കഥയാണ് ആർദ്ര കെ എസ് എഴുതിയ ‘വാറ്റ്.’ മനുഷ്യാവസ്ഥകളെക്കുറിച്ച് നന്നായി പറയുന്നുണ്ട് കഥ. അതു കൊണ്ട് തന്നെ കഥയ്ക്ക് ജീവനുണ്ട്. കഥയിൽ ജീവിതവും

റീന പി ജി

മാധ്യമം വാരികയിൽ റീന പി ജി എഴുതിയ കഥയാണത്രേ ‘രമേശൻ റെ വിശപ്പ്.’ ആദ്യം ഒരു സ്ഥലത്തെക്കുറിച്ചുള്ള ഭൂമിശാസ്ത്രപരമായ വിശദീകരണം. അവിടെയുള്ള ഒരു റേഷൻകട, ഒരു വായനശാല. ആ റേഷൻ കടയിൽ സാധനം എടുത്തുകൊടുക്കാൻ വരുന്ന ഒരു പയ്യനെ കുറിച്ച് പറയുന്നു. പിന്നെ കഥാകൃത്ത് പറയുന്നത് തന്റെ വായനാശീലത്തെയും വായിച്ച കുറച്ച് പുസ്തകങ്ങളെയും കുറിച്ചാണ്. ഭുജംഗയ്യന്റെ ദശാവതാരങ്ങളുടെ ആദ്യ അദ്ധ്യായം. പാശ്ചാത്യ സാഹിത്യത്തിലെ കുറച്ച് കൃതികളും എഴുത്തുകാരും. പിന്നീട് എഴുത്തുകാരി പറയുന്നു. “ആൽബർട്ട് കാമുസിന്റെ ഔട്ട് സൈഡർ എന്ന പുസ്തകത്തിൽനിന്നും മെർസാൾട്ട് എന്ന കഥാപാത്രം ഇറങ്ങിവന്നു.” ഇതാരാണ് ഈ ആൽബർട്ട് കാമുസ് എന്ന കൺഫ്യൂഷൻറെ പടുകുഴിയിലേക്ക് വീണുപോയ ഞാൻ ‘ഔട്ട്സൈഡർ’ എന്ന് കണ്ടതുകൊണ്ട് മാത്രം എഴുത്തുകാരൻ ആരാണെന്ന് മനസ്സിലാക്കി. സർവ്വ കാലത്തും സർവ്വ ദേശത്തും സാഹിത്യത്തിന്റെ കുലപതികളിലൊരാളായ ‘അൽബേർ കമ്യു’ ആണത്. അമേരിക്കക്കാരൻ അദ്ദേഹത്തെ കാമു എന്ന് വിളിക്കുന്നത് മനസ്സിലാക്കാം. പക്ഷേ എഴുത്തുകാരി, ഫ്രാൻസിൽ ചെന്ന് ആൽബർട്ട് കാമുസ് എന്ന് പറഞ്ഞാൽ അവർ ഓടിക്കും. വേറൊരു കാര്യം ഔട്ട്സൈഡർ എന്ന പുസ്തകത്തിൽ മെർസാൾട്ട് എന്ന കഥാപാത്രം ഇല്ല. Meursault – മ്ഏഴ്സോ ആണ് ഉള്ളത്.

കഥയെപ്പറ്റിയും. അതിന്റെ പോരായ്മയെ പറ്റിയുമാണ് ഈ കോളത്തിൽ പൊതുവേ പറയാറുള്ളത്. ഇക്കഥയെ കുറിച്ച് എന്താണ് പറയുക. സത്യത്തിൽ എഴുത്തുകാരി എന്താണ് ഇതിന്റെ ആശയമായി കണ്ടിരിക്കുന്നത്?
കഥ എഴുതാനും അത് പ്രസിദ്ധീകരിച്ച് കാണാനുമുള്ള ആഗ്രഹം എഴുത്തിനോടും വായനയോടും താല്പര്യമുള്ള ഒട്ടുമിക്കവർക്കും ഉണ്ടാകുന്നതാണ്. പക്ഷേ ഏതെങ്കിലും ഒരു പ്രസാധകന് അക്കഥ അയക്കുന്നതിനു മുൻപ് ഒരാവർത്തികൂടി വായിച്ചു നോക്കുക. താൻ അല്ലാതെ വേറെ ഒരാൾ കൂടി അത് വായിക്കട്ടെ. അത് കഥ തന്നെയാണെന്ന് ഉറപ്പ് വരുത്തട്ടെ.
റഫ് പുസ്തകങ്ങളിൽ തുടർച്ചയായി എഴുതിക്കൊണ്ടിരിക്കുക. എഴുതിയത് വീണ്ടും വീണ്ടും വായിക്കുക. അങ്ങനെ വരുമ്പോൾ ഇത്തരം കഥകൾ പ്രസിദ്ധീകരണത്തിന് അയച്ചു കൊടുക്കാൻ തോന്നുകയില്ല.

മിഥുൻ കൃഷ്ണ

‘അരിവാൾ കൊക്കൻ’ എന്ന പേരിൽ ഒരു കഥയുണ്ട് ദേശാഭിമാനിയിൽ. മിഥുൻ കൃഷ്ണയാണ് എഴുത്തുകാരൻ. പുറമേക്ക് തെമ്മാടിയും ദുർവൃത്തനുമായ കഥാനായകൻ രതീശൻ. എന്നിട്ടും അയാളെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ. ഇഷ്ടംപോലെ പോലീസ് കേസുകളുണ്ട് രതീശന്. അതിലുമേറെ പെണ്ണുങ്ങൾക്കൊപ്പം ശയിച്ചിട്ടുമുണ്ട്. ജീവിതാന്ത്യത്തിൽ കാൻസർ. ഭാര്യയാണെങ്കിൽ അതിജീവിത. സർവ്വംസഹ. ഉത്തരേന്ത്യയിലെ ഠാക്കൂർമാരുടെ പീഡനങ്ങൾ കൗമാരത്തിന്റെ തുടക്കത്തിൽ തന്നെ ഏറ്റുവാങ്ങേണ്ടിവന്ന പെൺകുട്ടി. തന്റെ മാനം കവരാൻ വന്നവന്റെ ലിംഗം ഛേദിച്ചു രക്ഷപ്പെടാൻ നോക്കിയപ്പോൾ, കൂർത്ത കമ്പി ജനനേന്ദ്രിയത്തിൽ കുത്തിയിറക്കി മൃതപ്രായയാക്കപ്പെട്ടവൾ. ഇത് ആദ്യഭാഗം. അവസാനം ജീവിതാന്ത്യത്തിൽ, ഒരിക്കൽ തന്റെ സന്തതസഹചാരിയും, തന്റെ ഉടമയും എല്ലാമായിരുന്ന ഠാക്കൂറിനെ തന്ത്രത്തിൽ കൊണ്ടുവന്നു തീർത്ത് കളയുന്നു രതീശൻ. ഇക്കഥയെ രണ്ടാംതരം പൈങ്കിളി എന്ന് ആരും തെറ്റിദ്ധരിക്കരുത്. ഒന്നാംതരം പൈങ്കിളി തന്നെയാണിത്.

ദേശാഭിമാനിയിലെ രണ്ടാമത്തെ കഥ ‘അഗസ്ത്യകൂടം.’ എഴുതിയത് രാഘവ വർമ്മ. ആളില്ലാ പറമ്പിലെ വെട്ടുകുഴിയിൽ നിന്നും പുറത്തെടുക്കുന്ന അസ്ഥികൂടം ആണ് കഥയുടെ തുടക്കത്തിൽ നമ്മൾ കാണുന്നത്. കഥ പറഞ്ഞ് പറഞ്ഞ് കഥാകൃത്ത് പറയുന്നു അസ്ഥികൂടം അഗസ്തിയുടേതാണെന്ന്. വനം കയ്യേറി കയ്യേറി, അവിടെയുള്ള പരിസ്ഥിതിക്ക് കോട്ടം തട്ടുമ്പോൾ, ചെറുപ്പത്തിൽ തങ്ങൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആനയുടെ മണം നഷ്ടപ്പെടുന്നതും, വരത്തൻ ആയി വന്ന് അവിടെ വീട് വച്ച് പരിസ്ഥിതിയുടെ മേൽ കയ്യേറ്റം നടത്തുന്ന ചന്ദ്രപ്പൻ വന്യജീവികളെ കെണിവെച്ച് പിടിക്കുന്നതും സഹിക്കവയ്യാതായപ്പോൾ അഗസ്തിക്കും ചന്ദ്രനും ഇടയിൽ ഒരുതരം ശത്രുത ഉണ്ടാകുന്നു. ഫലം, ആരുമറിയാതെ ചന്ദ്രപ്പൻ അഗസ്തിയെ തീർത്തു കളയുന്നു. ദുരൂഹ സാഹചര്യത്തിൽ കാണാതായ അഗസ്തിയുടേതാണ് ഒരുപാട് ഒരുപാട് വർഷങ്ങൾക്കുശേഷം ഇപ്പോൾ കിട്ടിയ ഈ അസ്ഥികൂടം എന്ന് ബാല്യകാല സുഹൃത്തുക്കൾ ഉറപ്പിക്കുന്നു. ഇതാണ് കഥ. പരിസ്ഥിതി കയ്യേറ്റം, പരിസ്ഥിതി സ്നേഹം, പ്രതികാരം, കൊല ഇത്തരം പതിവ് പരീക്ഷകളിൽ നിന്നും ഒട്ടും വിഭിന്നമല്ല കഥയുടെ ആശയം. അത്യാവശ്യം ഒഴുക്കോടെ വായിച്ചു പോകാവുന്ന ഒന്ന് എന്ന് വേണമെങ്കിൽ പറയാം.

സി സന്തോഷ് കുമാർ

സി സന്തോഷ്‌ കുമാർ സമകാലിക മലയാളം വാരികയിൽ എഴുതിയ കഥയാണ് ‘കോഴിക്കരളൻ കല്ലുകൾ’. സമൂഹത്തിന്റെ സവിശേഷമായ ബഹുമാനം ഏറ്റുവാങ്ങി, പൊതുജനങ്ങളുടെ മുന്നിൽ ഏറ്റവും മാന്യരായ ജീവിക്കുന്നവർ, ഭൂതകാലത്തിൽ ചെയ്തുപോയ തെറ്റിനെ മറച്ചുവെക്കാൻ ഏറ്റവും മോശമായ കാര്യവും ചെയ്യും എന്നുള്ളതാണ് കഥയുടെ കേന്ദ്ര ആശയം. ആഖ്യാതാവിന്റെ വറ്റിപ്പോയ കിണറു കൊണ്ടാണ് കഥ ആരംഭിക്കുന്നത്. ഇതിൽ വെള്ളമുള്ള സ്ഥലം കണ്ടുപിടിക്കുന്നതും അവിടെ കിണർ കുത്താൻ രണ്ടു ജോലിക്കാർ വരുന്നതും സവിസ്തരം പ്രതിപാദിക്കുന്നുണ്ട് എഴുത്തുകാരൻ. പക്ഷേ അവസാനമാണ് നമ്മൾ അറിയുന്നത്, കഥാനായകൻ അന്യരെ ദ്രോഹിച്ചിട്ടുള്ള ആളാണെന്ന്. പത്താം ക്ലാസിൽ വച്ച് തനിക്ക് ട്യൂഷൻ നൽകിയ അയൽവക്കത്തെ പെൺകുട്ടിയെ പ്രാപിച്ചവൻ ആണ്. അതുകാരണമാണ് അവൾ ഈ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. ഇക്കാര്യങ്ങളൊക്കെ നമ്മൾ അറിയുന്നത് കിണർ കുത്താൻ വന്ന വക്കച്ചൻ കഥാനായകനെ കിണറിലേക്ക് ഇറക്കി ഇക്കാര്യം പറയുമ്പോഴാണ്. ഇതിനു പ്രതികാരമായി, ഇക്കാര്യം അറിയുന്ന ഒരേയൊരാൾ ആയ വക്കച്ചനെ, കിണർ കുത്തിന് അവസാനം മുകളിലേക്ക് കയറിൽ പിടിച്ചു അയാൾ വലിഞ്ഞു കയറുമ്പോൾ, ആ കയറു മുറിച്ച് ഇരുപത്തി മൂന്നു കോൽ ആഴത്തിലേക്ക് വീഴ്ത്തി കൊന്നു കളയുന്നു. ഒഴുക്കോടെ വായിച്ചുപോകാൻ പറ്റുന്ന കഥയാണിത്. പക്ഷേ നാലോ അഞ്ചോ പേജുകളിൽ ഒതുക്കാൻ പറ്റുന്ന കഥയെ പത്ത് പേജിൽ പരത്തി പറഞ്ഞിരിക്കുന്നു എന്ന വമ്പൻ ദൂഷ്യം ഉണ്ട്. കഥാനായകൻ സർവ്വഗുണ സമ്പന്നനാണ് എന്നകാര്യം വായനക്കാരെ മനസ്സിലാക്കുവാൻ വേണ്ടി എത്രയോ പാരഗ്രാഫുകളിൽ അദ്ദേഹത്തിന്റെ ഭൂതകാലം പറയുന്നു. പിന്നെ കിണർ കുഴിക്കുന്നതിന്റെ ടെക്നിക്കൽ വശങ്ങൾ ഒക്കെ എന്തിനാണാവോ ഇങ്ങനെ വിസ്തരിക്കുന്നത്! ഇതിനു മുമ്പും ഇത്തരം വിശദീകരണങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ഓർഹാൻ പാമുകിന്റെ The Red-Haired Woman’ എന്ന നോവൽ. അതിൽ കിണർ കുഴിക്കുന്നതിന്റെ അതിവിശാലമായ വ്യാഖ്യാനം കാണാം. ഈ കഥയുടെ ക്ലൈമാക്സിലെത്തുമ്പോൾ ചിലർക്കെങ്കിലും ആ നോവൽ ഓർമ്മ വന്നിട്ടുണ്ടാകാം. എങ്കിലും പ്ലേജിയറിസം ആണെന്നോ പാമുക്കിന്റെ കൃതിയുടെ അനുകരണം ആണെന്നോ ഞാൻ പറയുന്നില്ല.

മലയാളനാട് വെബ് പോർട്ടലിൽ പ്രിയ സുനിൽ എഴുതിയ കഥയാണ് ‘ചുവപ്പ് വരയിട്ട ഏടുകൾ’. കാറ്റിന്റെയും മരത്തിന്റെയും ഭാഷണമായി പറയുന്ന കഥ. നിയമത്താൽ ചതിക്കപ്പെടുന്ന അവർ സ്വന്തം നീതി നടപ്പാക്കുവാൻ സ്വസാമ്രാജ്യത്തിൽ നീതിപാലകർ ആകുന്ന കഥ. പറയുന്നു. എങ്ങനെ ഒരാൾ തീവ്രവാദി ആകുന്നു, എങ്ങനെ ചെറിയ കുട്ടികൾപോലും നക്സലുകൾ ആകുന്നു എന്നു ആവിഷ്കരിക്കുന്നതാണ് കഥ. താരതമ്യേന പഴക്കമുള്ള ഒരു ആശയത്തെ കഥയായി വീണ്ടും അവതരിപ്പിക്കുമ്പോൾ അവതരണ രീതിയിൽ പുതുമ വേണമെന്നത് എഴുത്തുകാരിക്ക് അറിയാം എന്ന് തോന്നുന്നു. പക്ഷേ ക്രാഫ്റ്റിംഗ്, എഡിറ്റിംഗ് എന്നിവ മെച്ചപ്പെടുത്തിയാൽ മാത്രമേ കഥാപാത്രത്തോട് വായനക്കാരന് സവിശേഷമായ അടുപ്പും ഉണ്ടാക്കാനാവുകയുള്ളു. നല്ല വരണ്ടതല്ല ( Dry ) കഥ അതുകൊണ്ടുതന്നെ. വായിച്ചു പോകാൻ പറ്റും. ഭേദപ്പെട്ട എഴുത്ത് എന്ന് വേണമെങ്കിൽ പറയാം.

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like