പൂമുഖം LITERATUREകഥ ചുവപ്പ് വരയിട്ട ഏടുകൾ…

ചുവപ്പ് വരയിട്ട ഏടുകൾ…

“മാനോം നോക്കി മണ്ണിലൊറച്ച് നിൽക്കണതിന്റെ വെഷമം പറഞ്ഞാൽ , നിനക്ക് മനസ്സിലാവൂല്ല..”

വൻമരത്തിന്റെ തേങ്ങൽ കേട്ടാണ് കാറ്റൊന്നു തിരിഞ്ഞു നോക്കിയത്. കാടിനു മാത്രമവകാശപ്പെടാവുന്ന നിശ്ശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് മരം പിന്നെയുമെന്തൊക്കെയോ ചൊല്ലിപ്പെറുക്കുന്നുണ്ടായിരുന്നു. അവന്റെ കൊച്ചു കൈകൾക്ക് തോക്കെടുക്കാൻ തക്ക ഉറപ്പായിട്ടില്ലെന്നും നിലത്തുരഞ്ഞ് കാൽമുട്ടുകളിൽ രക്തം പൊടിയുമെന്നും വീട്ടിലേക്ക് മടങ്ങിപ്പോകണമെന്നും പറയാൻ മരം വല്ലാതെ കൊതിച്ചിരുന്നുവത്രേ. പോലീസുകാരെക്കണ്ടവൻ ഓടിയകന്നപ്പോൾ ആകുലപ്പെട്ട് ഉള്ള് നൊന്തുപോലും ! ഒന്നന്വേഷിച്ചു വരാൻ അന്നവൾ കാറ്റിനോട് കെഞ്ചിയിരുന്നു. അവഗണിച്ചതിന്റെ പരിഭവം, ദീർഘനിശ്വാസത്തോടൊപ്പം ഉതിർന്നു വീഴുന്നതും നോക്കി കാറ്റവിടെത്തന്നെ നിന്നു. അങ്ങനെ നിൽക്കുന്നത് അത്യധികം ക്ലേശകരമായിരുന്നിട്ടു കൂടി.

കാട്ടിനുള്ളിൽ കൂട്ടം കൂടിയ സംഘത്തിലെ ഏറ്റവും ഇളയവനെ കാറ്റും പല തവണ കണ്ടിട്ടുണ്ട്. കാഠിന്യമേറിയ പരിശീലനങ്ങൾക്കു ശേഷമവൻ തളർന്നിരിക്കുമ്പോൾ വിയർത്തൊഴുകുന്ന ദേഹത്തെ തൊട്ടുതലോടി വിയർപ്പാറ്റിക്കൊടുത്തിട്ടുണ്ട്. നെറ്റിയിലേക്കു വീണു കിടന്ന ചുരുൾമുടിയിഴകളെ വാത്സല്യത്തോടെ മാടിയൊതുക്കിയിട്ടുമുണ്ട്. സംഘത്തിലുൾപ്പെട്ട മുതിർന്നവരാരും അവനെയങ്ങനെ പരിഗണിക്കുന്നില്ലെന്ന് കാറ്റിന് തോന്നിയിട്ടുണ്ട്. അവരുടെ മുഖത്തെ മുറുക്കവും ശബ്ദത്തിലെ ഗാംഭീര്യവും അവൻ സ്വായത്തമാക്കാൻ ശ്രമിക്കുന്നതിൽ കാറ്റ് വേവലാതിപ്പെട്ടിരുന്നു.

വൻമരത്തിന്റെ തണലിലിരുന്ന് അവനെന്തോ കുത്തിക്കുറിക്കാറുണ്ടായിരുന്ന കാര്യം ഓർമിപ്പിച്ചു കൊണ്ട് , മരച്ചില്ലയിലെയിടുക്കിൽ ഒളിപ്പിച്ച പുസ്തകത്തിലേക്ക് ഒരില വന്നു വീണു. മനുഷ്യരെഴുതുന്നത് വായിക്കാനൊന്നും നമുക്കാവില്ലല്ലോയെന്ന് വൻമരം സങ്കടപ്പെട്ടപ്പോൾ അവരെ ഞെട്ടിച്ചു കൊണ്ട് പുസ്തകമതിന്റെ താളുകൾ മറിച്ച് വായന തുടങ്ങി.

“അമ്മ ആദീയെന്നും അച്ഛൻ അച്ചൂ എന്നും വിളിച്ചിരുന്ന ആദിദേവാണ് ഞാൻ. ആയിരുന്നു എന്നു പറയുന്നതാവും ശരി. ഇപ്പോഴണിഞ്ഞിരിക്കുന്ന വേഷത്തിനു മുൻപേ ഊരിയെറിഞ്ഞ ഓർമകളാണെല്ലാം. ചില വേഷങ്ങളൊക്കെ പുറത്തു നിന്ന് നോക്കിക്കാണുമ്പോഴുള്ള ഭീകരത ഉണ്ടാവില്ല അതിനുള്ളിൽ കയറുമ്പോൾ. പ്രത്യേകിച്ചും നമുക്കേറെ ഇഷ്ടമുള്ള ആൾ അണിയിച്ച് തരുമ്പോൾ! പോലീസ് സ്‌റ്റേഷൻ പരിസരത്ത് തളർന്ന് വീണപ്പോൾ താങ്ങിയെടുത്ത് കൊണ്ടു പോയി ഭക്ഷണം വാങ്ങിത്തന്ന ജയരാമേട്ടനെയും അവരുടെ സംഘത്തെയും കുറിച്ച് പറയാൻ സമയമായിട്ടില്ല. കഥയുടെ തുടക്കം അതല്ല. ഇതാരെങ്കിലും വായിക്കുമോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. എന്നാലും കഥ ആദിമധ്യാന്തം കണ്ണി പൊട്ടാതെ ഇവിടെ ചേർത്തു വയ്ക്കാൻ ഞാൻ ശ്രമിക്കും.

ഞങ്ങളുടെ മുച്ചക്രവണ്ടിയിൽ നിന്ന് അമ്മ ഊരിപ്പോയതിൽ പിന്നീടാണ് കഥ തുടങ്ങുന്നതെന്ന് പറയാം. അതിന് ശേഷമാണല്ലോ പതിനഞ്ച് വർഷമായി ജോലി ചെയ്തു കൊണ്ടിരുന്ന സ്കൂളിൽ നിന്ന് ട്രാൻസ്ഫർ വേണമെന്ന് അച്ഛന് തോന്നിത്തുടങ്ങിയത്. സ്കൂളും നാടും അത്രമേൽ പ്രിയപ്പെട്ടതായിരുന്നിട്ടു കൂടി അച്ഛനവിടം വിട്ടു പോരണമായിരുന്നു. ഞങ്ങളുടെ ശീലങ്ങളും സ്വഭാവങ്ങളുമായി പൊരുത്തപ്പെടാൻ വിസമ്മതിച്ച വീടായിരുന്നു അതിന്റെ പ്രധാന കാരണം. വീടിന് അമ്മയെ മാത്രമേ പരിചയമുണ്ടായിരുന്നുള്ളൂ. അമ്മയ്ക്കു മാത്രം വഴങ്ങിക്കൊടുക്കുന്ന ഓടാമ്പലുകൾ മുതൽ ടാപ്പുകൾ വരെ വീടിന്റെ ദു:ശാഠ്യങ്ങളിൽ പെടുന്നു. ഞങ്ങളുടെ അടുക്കും ചിട്ടയുമില്ലായ്മയിൽ പ്രതിഷേധിച്ച് തുണികൾ പുറത്തേക്കു തന്നെ തള്ളിയിടുന്ന അലമാരയോട് ഞാനൊരിക്കൽ വല്ലാതെ ദേഷ്യപ്പെട്ടു.

“അമ്മേക്കൊണ്ടോയ പനി പേരുപോലും പറയാതെയാ വന്നത്. എനിക്കൂണ്ട് ദെണ്ണം. സഹിക്ക്യന്നെ അല്ലാണ്ടിപ്പെന്താ ചെയ്യാ ? “

അമർത്തിയടച്ചപ്പോൾ പിന്നെന്തോ അലമാര ശാഠ്യം വെടിഞ്ഞു.

എനിക്കും അച്ഛനും ഞങ്ങളുടേതു മാത്രമായ ഒരിടം വേണമായിരുന്നു. പത്താം ക്ലാസിലേക്കു കടക്കുന്ന എന്റെ പഠനം താറുമാറാകുമെന്ന ഭയം മാറ്റി വച്ച് അച്ഛൻ ട്രാൻസ്ഫറിനപേക്ഷിച്ചു. അതെത്രയും പെട്ടെന്ന് സാധ്യമാവണമെന്നാഗ്രഹിച്ചു. അമ്മയെ ഓർത്തു കരയുന്ന എല്ലാമുപേക്ഷിച്ച് പോരണമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും , അമ്മ വേദപുസ്തകം പോലെ കരുതിയിരുന്ന പുസ്തകമെടുക്കാതിരിക്കാൻ എനിക്കായില്ല. വിക്തോർ യൂഗോയുടെ പാവങ്ങളായിരുന്നു അത് !

നീയിതെത്രാം തവണയാ വായിക്കുന്നതെന്ന് അച്ഛൻ കളിയാക്കുന്നതും എത്ര വായിച്ചിട്ടും എനിക്കിത് പൂർണമായി ഉൾക്കൊള്ളാൻ സാധിക്കുന്നില്ലല്ലോയെന്ന് അമ്മ സങ്കടപ്പെടുന്നതും ഞാൻ കേട്ടിട്ടുണ്ട്.. എന്താണാവോ ഈ പുസ്തകത്തിനിത്ര മേന്മയെന്നറിയാൻ അന്ന് ഞാനതൊന്ന് വായിക്കാനും ശ്രമിച്ചിരുന്നു. ദരിദ്രർക്ക് വേണ്ടി ജീവിതമുഴിഞ്ഞുവച്ച മെത്രാൻ മോൺസിഞ്ഞോർ മിറിയലിന്റെ ചില വാചകങ്ങൾ അമ്മ അടിവരയിട്ട് വച്ചതു കണ്ടു.

‘കൊലപാതകികളെയോ കൊള്ളക്കാരെയോ ഭയപ്പെടാതെ ജീവിക്കുക. അവരെല്ലാം ബാഹ്യമായ ആപത്തുകൾ മാത്രം. ഗൗരവമുള്ളവയല്ല. നാം നമ്മുടെ ആത്മാവിനെ ഭയപ്പെടണം. മുൻധാരണകളാണ് ശരിയായ കൊള്ളക്കാർ ദു:ശീലങ്ങളാണ് കൊലപാതകികൾ.’

‘ഇച്ചിരീം കൂടെ വളർന്നാലേ നിന്റെ കുഞ്ഞിത്തലേലത് കേറൂ’ എന്ന് പറഞ്ഞ് അമ്മ മാറ്റി വച്ച പുസ്തകം വീടുവിട്ട് പോന്നപ്പോൾ ഞാൻ കൈയിലെടുത്തു. പുറത്തിറങ്ങുമ്പോൾ മുൻവാതിൽ ചാരിയിടുക മാത്രം ചെയ്യാറുള്ള അമ്മയുടെ പതിവിനെ തെറ്റിച്ച് , ആദ്യമായി വാതിലും ഗേറ്റും ഞങ്ങൾ താഴിട്ടുപൂട്ടി. അമ്മയുടെ നിശ്വാസവായുവേറ്റുമുഷിഞ്ഞ പേജുകളെ കൂടെക്കൂടെ മൂക്കിനോട് ചേർത്ത് നടക്കുമ്പോൾ, കണ്ണുനീറിയത് പുസ്തകത്തിന്റെ പഴയ ഗന്ധം കൊണ്ടാണെന്ന് വെറുതെ ധരിച്ചു.

പുതിയ വീട് ഞങ്ങളുടെ ശീലങ്ങളെ ആദ്യം മുതൽക്കേ അംഗീകരിച്ചു തന്നിരുന്നു. വീട്ടിലങ്ങനെയൊക്കെയാണെങ്കിലും സ്കൂളിലെ അച്ചടക്കത്തിലും കൃത്യനിഷ്ഠയിലും വിട്ടുവീഴ്ചയില്ലാത്ത ആളായിരുന്നു അച്ഛൻ. പുതിയ സ്കൂൾ ഒരു തരത്തിലും അച്ഛന്റെ നയങ്ങളോട് യോജിച്ചു പോയില്ല. മാർക്കറ്റിനോട് ചേർന്നു കിടക്കുന്ന പ്രദേശത്തായിരുന്നു സ്കൂൾ. വിസ്താരമേറിയ ഗ്രൗണ്ടും ഗാലറികളും ! ചുറ്റുമതിൽ പലയിടത്തും ഇടിഞ്ഞ് പൊളിഞ്ഞിരുന്നു. രണ്ടു ദിവസം അവധി കഴിഞ്ഞ് ചെന്നാൽ കുപ്പികളും പായ്ക്കറ്റുകളും പെറുക്കി ഗ്രൗണ്ട് ശുചിയാക്കൽ തന്നെ മെനക്കെട്ട പണിയാണ്.

” അച്ഛാ , ഇന്നെന്റെയടുത്തിരുന്ന രാഹുലിനെ കള്ള് മണക്കുന്നുണ്ടാര്ന്നു. യ്ക്ക് ശർദ്ദിക്കാൻ വന്നു. “

വീട്ടിലേക്ക് നടക്കുമ്പോൾ എന്റെ വെളിപ്പെടുത്തൽ കേട്ട് അച്ഛനൊന്ന് തിരിഞ്ഞു നിന്നു.

” അയ്ന് കള്ളിന്റെ മണം നെനക്കെങ്ങനറിയാം ? “

“മ്മളെ കൃഷ്ണമ്മാമ വരുമ്പണ്ടായിര്ന്ന മണം കള്ളുടിച്ചേന്റെയാന്ന് അച്ഛൻ തന്നല്ലേ അമ്മയോട് പറഞ്ഞീര്ന്നേ ! “

” അച്ചു ഇതാരോടും പറയണ്ട അച്ഛൻ നോക്കിക്കോളാം. “

കുട്ടികളിൽ ചിലർ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന് അച്ഛനാദ്യമേ സംശയം തോന്നിയിരുന്നത്രേ. എന്റെ സംസാരം കൂടി കേട്ടപ്പോൾ അന്വേഷിക്കാതിരിക്കാനായില്ല. ക്ലാസിൽ ‘കിറുങ്ങി’യിരുന്ന ചില പയ്യന്മാരെ സ്റ്റാഫ് റൂമിൽ കൊണ്ടുപോയി ചോദ്യം ചെയ്തെങ്കിലും വാതുറന്നൊരക്ഷരം മിണ്ടിയില്ല അവന്മാര്. സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പെന്നൊരു കൂട്ടായ്മ ഉണ്ടാക്കലായിരുന്നു അച്ഛന്റെ അടുത്ത നീക്കം. കുട്ടികൾക്കിടയിലെ ഏജന്റ്മാരെ കണ്ടെത്താൻ ചിലരെയൊക്കെ നിയോഗിച്ചു.

രഹസ്യപ്പോലീസാരൊക്കെയെന്ന് അച്ഛനും ആ കുട്ടികൾക്കും മാത്രമേ അറിയുമായിരുന്നുള്ളൂ. അതിനിടെ ഒരു ദിവസം വൈകുന്നേരം അച്ഛനെ കാണാഞ്ഞ് ഞാൻ സ്റ്റാഫ്റൂമിൽ ചെന്നു. നിരത്തിയിട്ട അലമാരകളുടെ മറവിൽ നിന്ന് സ്റ്റാൻലി മാഷും അച്ഛനും സംസാരിക്കുന്നത് കേട്ടു. അടക്കം പറയുമ്പോലെയായതിനാൽ എനിക്കൊന്നും വ്യക്തമായില്ല.

ഇറങ്ങിപ്പോരുമ്പോൾ വാതിൽക്കലെന്നെക്കണ്ട് സ്റ്റാൻലി മാഷ് തലമുടിയിലൂടൊന്ന് വിരലോടിച്ചു.

” തള്ളയില്ലാത്തക്കൊച്ചാ. പോരാത്തേന് പത്താം തരോം. ശ്രദ്ധിച്ചോണേ ശിവാനന്ദൻ മാഷേ “

വീട്ടിലേക്ക് നടക്കുമ്പോൾ അച്ഛന്റെ മുഖത്തെ ഗൗരവം കണ്ട് സ്റ്റാൻലി മാഷെന്താ പറഞ്ഞതെന്ന് ചോദിക്കാനും തോന്നിയില്ല.

അമ്മയുടെ വേദപുസ്തകം തുറന്ന് വായിക്കൽ പതിവാക്കിയ കാലം. അന്നത്തെ വായനയിൽ മോൺസിഞ്ഞോർ മിറിയലിന് അച്ഛന്റെ ഛായയുണ്ടെന്ന് തോന്നി. ചോദിക്കാൻ അമ്മയില്ലെന്ന ധൈര്യത്തോടെ ചില വരികൾക്ക് താഴെ ഞാൻ ചുവന്നമഷി കൊണ്ട് വരഞ്ഞു.

‘ മോൺസിഞ്ഞോർ മിറിയലിനെ ദൈവം സൃഷ്ടിച്ചത് ഒരിക്കലും രാഷ്ട്രീയത്തിലിടപെടാനല്ല. അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നെപ്പോളിയനോട് നേർക്കുനേർ വെല്ലുവിളിച്ചതിന് നാം അദ്ദേഹത്തെ അഭിനന്ദിച്ചേ തീരൂ.. ‘

പത്താം ക്ലാസുകാരനെ നാലു ദിവസം കടയിൽ വേലയ്ക്കു നിർത്തിയെന്ന കേസും കൊണ്ട് ശിശുക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥർ സ്കൂളിലെത്തിയത് ആയിടയ്ക്കാണ്. പത്ത് ഡിയിലെ അഗസ്റ്റിന്റെ പപ്പയായിരുന്നു പ്രതിസ്ഥാനത്ത്. ലോഡെഡുക്കാൻ ദൂരെയെവിടെയോ പോകേണ്ടി വന്നപ്പോൾ ജോലിക്കാരൻ പയ്യന് അസുഖമായിരുന്നുവെന്നും തൽക്കാലം മകനെ ആ സ്ഥാനത്ത് നിർത്തേണ്ടി വന്നതാണെന്നും ആ പിതാവ് താണുകേണ് പറയുന്നത് കണ്ടപ്പോൾ അച്ഛന് ഇടപെടാതിരിക്കാനായില്ല.

” അഗസ്റ്റിൻ ജോലി ചെയ്തത് അവന്റപ്പന്റെ , അതായത് ഭാവിയിൽ അവനവകാശപ്പെട്ട കടയിൽ… അല്ലേ സാറേ ? അതിന് അവന് നഷ്ടപ്പെട്ട നാല് ദിവസം ഞങ്ങളദ്ധ്യാപകര് വിചാരിച്ചാൽ തീരാവുന്നതുമാണ്. ഇവിടെ ഒരു ജന്മം തന്നെ നഷ്ടമായിക്കൊണ്ടിരിക്കുന്ന മക്കളുണ്ട്. തെളിവ് ഞാൻ തരാം. അവർക്കു വേണ്ടിയെന്തേലും ചെയ്യാൻ നിങ്ങൾക്ക് പറ്റ്വോ? “

കാര്യം കേട്ടു കഴിഞ്ഞപ്പോൾ ഉദ്യോഗസ്ഥന്റെ മിണ്ടാട്ടം മുട്ടി. പിന്നെ വരാം അപ്പോൾ നോക്കാം എന്നൊക്കെ തട്ടിത്തടഞ്ഞ് സ്ഥലം വിട്ടു.

രണ്ടോ മൂന്നോ ദിവസങ്ങൾക്കു ശേഷമൊരു രാത്രിയിൽ , അച്ഛൻ കാണാതെ പാവങ്ങൾ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാൻ. പരീക്ഷ കഴിഞ്ഞിട്ട് വായിച്ചാൽ പോരേയെന്ന ചോദ്യം ഭയന്ന് വായന മാറ്റി വച്ചിരിക്കുകയായിരുന്നു. ഴാങ്ങ് വാൽ ഴാങ്ങ് എന്ന കഥാനായകൻ രംഗപ്രവേശം ചെയ്യുന്ന ഭാഗമാണ് ഞാനപ്പോൾ വായിച്ചു കൊണ്ടിരുന്നത്. ജയിലിൽ നിന്ന് തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അയാൾ ഹോട്ടലുകളിലൊന്നും അഭയം കിട്ടാതെ മെത്രാന്റെ വാതിലിൽ മുട്ടിയ അതേ സമയത്താണ് ഞങ്ങളുടെ വാതിലിലും ഉച്ചത്തിൽ മുട്ടുകേട്ടത്. കോളിംഗ് ബെല്ലിന്റെ സ്വിച്ച് തെരയാനുള്ള സാവകാശം പോലുമില്ലാത്ത ആരോ ആണ് പുറത്തെന്ന് മുട്ടുകേട്ടാൽ അറിയാമായിരുന്നു. ഞാനോടിച്ചെന്നപ്പോഴേക്കും അച്ഛൻ വാതിൽ തുറന്നിരുന്നു. ഇപ്പോൾ കരഞ്ഞേക്കുമെന്ന ഭാവത്തിൽ ഒരാൾ മുന്നിൽ നിൽക്കുന്നു.

” ന്റെ കുട്ടീനെ പോലീസ് കൊണ്ടോയി മാഷേ. മയക്കുമര്ന്ന് കൂട്ടാർക്ക് കൊടുത്തുന്നും പറഞ്ഞ്. അവനങ്ങനെ ചെയ്യൂല്ല മാഷേ. രക്ഷിക്കണം…”

” ആരുടെ ഫാദറാന്ന് എനിക്കങ്ങോട്ട് …”

” പത്ത് സി ക്ലാസിലെ മെഹറൂഫിന്റുപ്പയാ ഞാൻ.”

” മെഹറൂഫൊന്നും ആ ഗാങ്ങിലില്ലല്ലോ .. പിന്നെന്തിനാ ? “

” അതെന്ന്യാന്നും ന്റേം പേടി. ങ്ങളൊന്ന് ബരീം മാഷേ…”

കേട്ടതും ഷർട്ടും മൊബൈലുമെടുത്ത് അച്ഛനിറങ്ങി.

” വാതിലകത്തൂന്ന് പൂട്ടിക്കോ. ഞാൻ വന്നിട്ട് കിടക്കാം.”

വഴിയരികിൽ നിർത്തിയിട്ട കാറിലേക്ക് അച്ഛനും അയാളും കയറിയതും കാർ സ്റ്റാർട്ടായി. ഡ്രൈവിംഗ് സീറ്റിൽ സ്റ്റാൻലി മാഷെ കണ്ടപ്പോൾ ആശ്വാസത്തോടെ ഞാൻ ഴാങ്ങ് വാൽഴാങ്ങിന്റെ കഥയിലേക്ക് തിരിച്ചു കയറി. രാത്രിയേറെ വൈകിയിട്ടും അച്ഛനെത്തിയില്ല. രണ്ടു മൂന്നു തവണ ശ്രമിച്ചിട്ടും മൊബൈൽ സ്വിച്ച് ഓഫ് ആണെന്നറിഞ്ഞപ്പോൾ വായന തുടരാനായില്ല ; ഉറങ്ങാനും. നേരം വെളുത്തതും മെഹറൂഫിന്റെ വീടന്വേഷിച്ച് പുറപ്പെട്ടു. സിറ്റൗട്ടിൽ കസേരയിലിരുന്ന് പത്രം വായിക്കുകയായിരുന്ന കഷണ്ടിത്തലയൻ എന്നെക്കണ്ട് മുഖമുയർത്തി.

” ഞാൻ മെഹറൂഫിന്റെ ക്ലാസിലുള്ളതാ.. എനിക്കവന്റെ ഉപ്പയെയൊന്നു കാണണം.”

അയാൾ വെപ്രാളപ്പെട്ടെഴുന്നേറ്റു.

” ഞാനാ ഓന്റുപ്പ. ന്താ കാര്യം ? “

കൈകാലുകൾ കുഴയുന്നതായി തോന്നിയപ്പോൾ ഞാൻ ഭിത്തിയോടു ചാരി നിന്നു. തലേ രാത്രിയിലെ സംഭവങ്ങൾ കേട്ടപ്പോൾ എന്നെയും കൂട്ടി പോലീസ് സ്‌റ്റേഷനിലേക്ക് നടന്നതും പെറ്റീഷൻ കൊടുപ്പിച്ചതും അങ്ങേരു തന്നെയാണ്. തന്റെ പേരിൽ ആൾമാറാട്ടം നടത്തി ശിവാനന്ദൻ മാഷെ കൂട്ടിക്കൊണ്ടുപോയ ആളെ കണ്ടെത്തൽ അദ്ദേഹത്തിന്റെ ആവശ്യമായിത്തീർന്നിരുന്നു. സ്റ്റാൻലി മാഷും ഉച്ചയോടെ സ്റ്റേഷനിലേക്ക് വിളിപ്പിക്കപ്പെട്ടു.

” ദെന്തുവാ സാറേ പറയുന്നേ ? ഇന്നലെ കട്ടപ്പനേലെ പെങ്ങടെ വീട്ടീ കല്യാണം കൂടാൻ പോയിട്ട് മടങ്ങിവരുന്ന വഴിയാ. അടിച്ചു ഫിറ്റായി കാറോടിക്കാൻ പറ്റാണ്ട് അവിടെ കെടന്നൊറങ്ങുവാര്ന്നു. ഇക്കൊച്ചന് ആളുമാറീതാവും.”

” അല്ല ഞാൻ കണ്ടതാ സ്റ്റാൻലി മാഷാ കാറോടിച്ചിരുന്നത്.”

” ദേ ചെർക്കാ തന്ത എങ്ങോട്ടേലും വണ്ടി കയറിപ്പോയേന് നാട്ടുകാരെന്നാ പെഴച്ചു ? വല്ല കേസുകെട്ടുമാരിക്കും കൂടെ. കൊച്ചു ചെർക്കനേം കെട്ടിപ്പിടിച്ചെത്ര നാളാന്നു വെച്ചാ ? “

പറഞ്ഞു തീർന്നശേഷമുള്ള ആ വഷള് ചിരി ! ഇരുന്ന കസേരയോടെ ചവിട്ടിമറിച്ചിട്ടയാളെ അടിച്ചപ്പോൾ മെഹറൂഫിന്റുപ്പയും പോലീസും ചേർന്നെന്നെ പിടിച്ചു മാറ്റി.
എന്റെ അപ്പോഴത്തെ മാനസികാവസ്ഥയും മെഹറൂഫിൻറുപ്പയുടെ അപേക്ഷയും കണക്കിലെടുത്ത് അവരെന്നെപ്പിടിച്ച് അകത്തിട്ടില്ല.

തിരിച്ചു പോരുമ്പോൾ മെഹറൂഫിൻറുപ്പയെന്നെ ചേർത്തു പിടിച്ചാശ്വസിപ്പിച്ചു.

” അച്ഛനിങ്ങു വരും. എവിടെപ്പോവാനാ ? മോൻ വെഷമിക്കണ്ട. മ്മക്ക് ശക്തമായ നിയമോം കാര്യോം ണ്ട്. അത് മറികടന്ന് ആർക്കും ഒന്നും ചെയ്യാമ്പറ്റൂല്ല.”

നിയമം ശക്തമാണെന്നത് എനിക്കും അറിയാവുന്ന കാര്യമായിരുന്നു. പക്ഷേ… അതാരുടെ കൂടെ നിൽക്കുമെന്നതായിരുന്നു സംശയം. ദിനംപ്രതി ശോഷിച്ചു വരുന്ന പ്രതീക്ഷയോടെ ഞാനച്ഛനെ കാത്തിരുന്നു. പോലീസുകാരുടെ അന്വേഷണവും ഏതാണ്ടതേപോലെത്തന്നെയായിരുന്നു.

പെട്ടെന്ന് വായന നിർത്തിവെച്ച് പുസ്തകം താളുകൾ മടക്കി.

” ങ്ഹേ, കഥ കഴിഞ്ഞോ ? “

കേൾവിക്കാർ ഒരുമിച്ചായിരുന്നു ചോദ്യം.

” അവന്റെ അച്ഛൻ മടങ്ങി വന്നിട്ടുണ്ടാവുമോ ? “

” അവനെങ്ങനെ ഈ കാട്ടിലെത്തി എന്ന് പറഞ്ഞില്ലല്ലോ ! “

മടങ്ങി വന്ന് അവൻ ബാക്കി കൂടി എഴുതുമായിരിക്കുമെന്ന വൻമരത്തിന്റെ ആത്മഗതം കാറ്റിനെ വേദനിപ്പിച്ചു. പോലീസിന്റെ വെടിയേറ്റു വീണ ആദിയുടെ ശരീരം ആരൊക്കെയോ ചേർന്ന് താങ്ങിയെടുത്തു കൊണ്ടുപോയതും , അവർ സഞ്ചരിച്ച വാഹനത്തിനു പിറകെ ഏറെ ദൂരമോടിയ ശേഷം താൻ തിരിച്ചു പോരുകയാണുണ്ടായതെന്നും കാറ്റ് മരത്തിനോട് പറഞ്ഞിരുന്നില്ല. ഇപ്പോഴും അവനതിന് തുനിയാതെ പിൻവാങ്ങുകയാണുണ്ടായത്; ‘മരമായിരുന്നെങ്കിൽ… ‘ എന്ന് പിറുപിറുത്തു കൊണ്ട്.

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

വര : പ്രസാദ് കാനത്തുങ്കൽ

Comments
Print Friendly, PDF & Email

You may also like