“വണ്ടിയെടുത്തു മാറ്റ്.”
പുകപിടിച്ച കണ്ണുകളുള്ള പോലീസുകാരൻ റാസിയോട് ആജ്ഞാപിച്ചു.
മണിയടിച്ചു കൊണ്ടു കടന്നുപോയ
ഒരു ഐസ്ക്രീം വണ്ടിക്കാരൻ
ആ അലർച്ച കേട്ടു തിരിഞ്ഞു നോക്കി.
തിരിച്ചു തെറി വിളിക്കാൻ തുടങ്ങിയ റാസിയുടെ നാവിനെ
തലച്ചോർ ഓർമ്മയുടെ
പാശത്താൽ വരിഞ്ഞുകെട്ടി.
പുറകിൽ നിന്നു കടലും മുമ്പിൽ നിന്ന്
വെട്ടുകാട് പള്ളിയും
മാടിവിളിച്ചു കൊണ്ടിരുന്ന
ഒരു വൈകുന്നേരത്തിൽ
എഴുതിയ ‘പ്രാർത്ഥന’ എന്ന കവിത.
അൾത്താരയിൽ നിന്നിറങ്ങി വരുന്ന രൂപത്തോട് കൊച്ചുകുട്ടി നിഷ്കളങ്കമായ് പറയുന്നു:
‘നിക്ക് ഒരു കാവൽമാലാഖേനെ വേണം. ആരും കട്ടോണ്ടു പോവാത്ത
ഒരു സൈക്കിളും’
റാസി അപ്പോൾ ദൈവത്തിൻറെ
ആ പ്രതിപുരുഷനായ് കണ്ണുതുടച്ചു.
അനന്തരം പോലീസുകാരനെ കെട്ടിപ്പിടിച്ചുകൊണ്ട് മൊഴിഞ്ഞു:
“ശരി കൂട്ടുകാരാ! ഞാൻ പോയിട്ടു വരാം.”
കഴുത്തിൽ അലസമായ്ഇട്ടിരുന്ന
ഉറുമാൽ അഴിച്ചു തലയിൽ കെട്ടിയ ശേഷം അവൻ വണ്ടി മുന്നോട്ടെടുത്തു.
കുറച്ചു ദൂരെ വെട്ടുകാട് പള്ളിയുടെ ഗോപുരം.
“വാ! മരണത്തെ കാണിച്ചുതരാം
എന്ന് എന്നെ ഒരിക്കൽ വഞ്ചിച്ച തീരമേ,
എൻറെ പഴങ്ങൾ ഇനി
നിൻറെ ഓളങ്ങൾ ഭക്ഷിക്കട്ടെ”
എന്നവൻ കണ്ണുകൾ അടച്ചു തുറന്നതും
പുറകിൽ ബൂട്ടിട്ട കാലുകൾ
ഓടി വരുന്ന ശബ്ദം കേട്ടു.
‘നീയെന്നെ നഗ്നനാക്കി’
പോലീസുകാരൻ വിതുമ്പി.
“നിൻറെ പഴക്കൂടകൾ
ആകട്ടെ ഇനിയെൻറെ തലച്ചുമടുകൾ”
വർഷങ്ങളുടെ ഉപ്പു കെട്ടിക്കിടന്ന അയാളുടെ കണ്ണിൽ നിന്നു വീണ തുള്ളി റാസിയുടെ വിരലുകളെ അക്ഷരാർത്ഥത്തിൽ പൊള്ളിച്ചു.
അയാളെ ചേർത്തുപിടിച്ചുകൊണ്ട്
റാസി അകലേക്കു നോക്കി.
വിപരീത ദിശകളിലേക്കു പോയ
രണ്ടു വിമാനങ്ങൾ
പള്ളിയാകാശത്തിന്മേലെ
ഒരു മേഘക്കുരിശടയാളം തീർത്തിരുന്നു.
കവർ ഡിസൈൻ : ജ്യോതിസ് പരവൂർ